‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

‘‘ഇന്നത്തെ കാലത്ത് ആരോഗ്യപ്രവർത്തകർ മാത്രമല്ല, സാധാരണ ജനങ്ങളും ട്രയാജിനെക്കുറിച്ച് അടിസ്ഥാന അറിവ് നേടേണ്ടത് അത്യാവശ്യമാണ്. ഇത് തെറ്റിദ്ധാരണകൾ മാറ്റാനും ദുരന്തസാഹചര്യങ്ങളിൽ സമൂഹമായി ശക്തരാകാനും സഹായിക്കും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ മോഹൻ എം. എഴുതിയ ലേഖനം.

ദുരന്തസാഹചര്യങ്ങളിൽ കൂടുതൽ ജീവൻ രക്ഷിക്കാനുള്ള ലളിതമായ മാർഗമാണ് ട്രയാജ്. ഇന്നത്തെ കാലഘട്ടത്തിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും (വാഹനാപകടങ്ങൾ, സ്‌ഫോടനങ്ങൾ, തീപിടിത്തങ്ങൾ, കലാപങ്ങൾ തുടങ്ങിയവ) നിത്യസംഭവങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരേസമയം നിരവധി ആളുകൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. ശരിയായ സമയത്ത് ശരിയായ ആളിന് ശരിയായ ചികിത്സ ലഭിച്ചാൽ മരണവും ഗുരുതരമായ അവസ്ഥകളും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

ഇത്തരം സാഹചര്യങ്ങളിൽ രോഗികളെ അവരുടെ അവസ്ഥയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന പ്രക്രിയയെയാണ് “ട്രയാജ് (Triage)” എന്ന് പറയുന്നത്.

ട്രയാജ് എന്താണ്?

ട്രയാജ് എന്നത് അപകടത്തിൽപ്പെട്ടവരിൽ ആർക്കാണ് ഉടൻ ചികിത്സ വേണ്ടത്, ആർക്ക് കുറച്ച് സമയം കാത്തിരിക്കാം, ആർക്കാണ് ചെറിയ പരിക്കുകൾ മാത്രം, ആർക്കാണ് രക്ഷ ലഭ്യമല്ലാത്ത അവസ്ഥ എന്നിങ്ങനെ വേർതിരിക്കുന്ന രീതിയാണ്. ഈ രീതി ആദ്യം ഉപയോഗിച്ചത് ഫ്രഞ്ച് സൈനിക മെഡിക്കൽ സംവിധാനങ്ങളിലാണ്. പിന്നീട് ദുരന്തനിവാരണത്തിലും അത്യാഹിത ചികിത്സയിലും ഇത് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു.

ട്രയാജ് ആവശ്യമായ സാഹചര്യങ്ങൾ

  • പരിക്കേറ്റവരുടെ എണ്ണം കൂടുതലായിരിക്കുമ്പോൾ.

  • രക്ഷാപ്രവർത്തകരും ചികിത്സാസൗകര്യങ്ങളും കുറവായിരിക്കുമ്പോൾ.

  • സമയം വളരെ വിലപ്പെട്ടതായിരിക്കുമ്പോൾ.

ഇത്തരം ഘട്ടങ്ങളിൽ എല്ലാവർക്കും ഒരേസമയം ചികിത്സ നൽകാൻ സാധിക്കില്ല. അതിനാൽ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാൻ സാധ്യതയുള്ളവരെ ആദ്യം രക്ഷിക്കുക എന്നതാണ് ട്രയാജിന്റെ ലക്ഷ്യം.

അപകടത്തിലെ “സുവർണ്ണസമയം” (Golden Hour) അപകടത്തിനുശേഷം ആദ്യ ഒരു മണിക്കൂർ വളരെ നിർണായകമാണ്. ഈ സമയത്ത് ശ്വാസതടസ്സം, ശക്തമായ രക്തസ്രാവം, ഇവ നിയന്ത്രിക്കാനായാൽ നിരവധി ജീവനുകൾ രക്ഷിക്കാം. ശരിയായ പ്രഥമശുശ്രൂഷയും വേഗത്തിലുള്ള, യോജിച്ച ആശു പത്രി മാറ്റവും (Referal) ഈ ഘട്ടത്തിൽ നിർണായകമാണ്.

രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സ്ഥലം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പികൾ, തീപിടിത്തം, വാതക ചോർച്ച തുടങ്ങിയ അപകടങ്ങൾ ഉണ്ടോ എന്ന് നോക്കണം. കഴിയുന്നത്ര കയ്യുറ, മാസ്ക് പോലുള്ള സുരക്ഷാഉപകരണങ്ങൾ ഉപയോഗിക്കണം. രക്ഷാപ്രവർത്തകരുടെ സുരക്ഷയാണ് ആദ്യം.

ട്രയാജിലെ നാല് നിറങ്ങൾ
(Colour Coding)

സാധാരണയായി ട്രയാജിൽ നാല് നിറങ്ങളാണ് ഉപയോഗിക്കുന്നത്:

  • ചുവപ്പ് (Red):
    അടിയന്തര ചികിത്സ

ജീവൻ ഭീഷണിയായ അവസ്ഥകൾ, എന്നാൽ ഉടൻ ചികിത്സ നൽകിയാൽ രക്ഷിക്കാം.
ഉദാഹരണം: ശ്വാസതടസ്സം, ശക്തമായ രക്തസ്രാവം, നെഞ്ചിൽ വായു കുടുങ്ങുന്ന അവസ്ഥ, ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ---ആദ്യ മുൻഗണന.

  • മഞ്ഞ (Yellow):
    ചികിത്സ അല്പം വൈകി നൽകിയാലും മതി. ഗൗരവമായ പരിക്കുകളുണ്ട്, പക്ഷേ ഉടൻ ജീവൻ ഭീഷണിയില്ല.

ഉദാഹരണം: വലിയ എല്ലുകളുടെ പൊട്ടൽ, നടക്കാനോ സ്വയം പരിചരിക്കാനോ കഴിയാത്തവർ- രണ്ടാം മുൻഗണന.

  • പച്ച (Green):
    ചെറിയ പരിക്കുകൾ:

നടക്കാൻ കഴിയുന്നവരും സ്വയം പരിചരിക്കാനാകുന്നവരും- മൂന്നാം മുൻഗണന.

  • കറുപ്പ് (Black):
    മരിച്ചവർ / രക്ഷയില്ലാത്തവർ:

ശ്വാസോച്ഛ്വാസമില്ല, പ്രതികരണമില്ല, airway തുറന്നിട്ടും ജീവലക്ഷണമില്ല- ഇവർക്ക് കുറഞ്ഞ മുൻഗണന.

ട്രയാജ് എങ്ങനെ നടത്താം?

1. നിൽക്കുക – നോക്കുക – കേൾക്കുക – ചിന്തിക്കുക.
സ്ഥലം വിലയിരുത്തുക, നിങ്ങളുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കുക.

2. ശബ്ദട്രയാജ്
(Voice Triage):

“നടക്കാൻ കഴിയുന്നവർ എന്റെ സമീപത്തേക്ക് വരൂ” എന്ന് വിളിക്കുക. നടന്നു വരുന്നവരെ പച്ച (Green) വിഭാഗത്തിൽ ഉൾപ്പെടുത്തുക.

3. ഓരോ ആളെയും പരിശോധിക്കുക

ശ്വാസം ഉണ്ടോ?
രക്തസ്രാവമുണ്ടോ?
പ്രതികരണമുണ്ടോ?

4. അടിയന്തര ചികിത്സ:

ചുവപ്പ് വിഭാഗക്കാർക്ക്:
ശ്വാസപഥം (airway) തുറക്കുക, രക്തസ്രാവം നിർത്തുക, ഷോക്കിന് ചികിത്സ നൽകുക.

5. രേഖപ്പെടുത്തൽ:
എത്ര പേർ, ഏത് വിഭാഗം, എവിടേക്ക് മാറ്റി – എല്ലാം രേഖപ്പെടുത്തണം.

START / SALT ട്രയാജ് രീതികൾ

START: Simple Triage and Rapid Treatment.
SALT: Sort, Assess, Lifesaving Intervention, Treat/ Thanspor.

30 സെക്കന്റിനുള്ളിൽ ഒരാളെ തരംതിരിക്കാൻ സഹായിക്കുന്ന ലളിതമായ രീതികളാണിവ.

ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിലും ട്രയാജ് നടത്തും. ഇവിടെ:

നാഡിമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസഗതി, ചെറിയ രക്തക്കുഴലിൽ വീണ്ടും രക്തം നിറയാനെടുക്കുന്ന സമയം (Capillary refill), പ്രായം, പരിക്ക് എന്നിവയെ അടിസ്ഥാനമാക്കി രോഗികളെ വീണ്ടും വിലയിരുത്തും. ഒരാൾ ഒരു വിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാം.

ട്രയാജ്; ഒരു തെറ്റിദ്ധാരണ മാറ്റാം:
ട്രയാജ് എന്നത് “ചികിത്സ നിഷേധിക്കൽ” അല്ല. “അവഗണന” അല്ല, മറിച്ച് കൂടുതൽ ജീവൻ രക്ഷിക്കാനുള്ള ശാസ്ത്രീയമായ രീതിയാണ്. ദുരന്തങ്ങളിലും വലിയ അപകടങ്ങളിലും ശരിയായ ട്രയാജ് നടപ്പിലാക്കിയാൽ:
കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കാം, വിഭവങ്ങൾ ശരിയായി ഉപയോഗിക്കാം, ആശയക്കുഴപ്പം കുറയ്ക്കാം. ഇന്നത്തെ കാലത്ത് ആരോഗ്യപ്രവർത്തകർ മാത്രമല്ല, സാധാരണ ജനങ്ങളും ട്രയാജിനെക്കുറിച്ച് അടിസ്ഥാന അറിവ് നേടേണ്ടത് അത്യാവശ്യമാണ്. ഇത് തെറ്റിദ്ധാരണകൾ മാറ്റാനും ദുരന്തസാഹചര്യങ്ങളിൽ സമൂഹമായി ശക്തരാകാനും സഹായിക്കും.

READ: അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments