ഡെങ്കിപ്പനി

ഇന്ന് ലോകത്ത് പ്രതിവർഷം 50,100 ദശലക്ഷം ആളുകൾക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ ഒറ്റപ്പെട്ട ഡെങ്കിപ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുങ്കെിലും 1996-ലാണ് വ്യാപകമായത്. 2024-ൽ കേരളത്തിൽ 18,000-ലേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നു പറയുമ്പോൾ ഇതിന്റെ ഗൗരവം മനസ്സിലാക്കാ മല്ലോ- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബാബു വി.കെ എഴുതിയ ലേഖനം.

കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്​ഥാനങ്ങളിലും സുപരിചിതമായ ഒരു രോഗമാണ് ഡെങ്കിപ്പനി. ഇതിനെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയാൻ പാടില്ല. ഡെങ്കിപ്പനിക്ക് ‘ബ്രേക്ക് ബോൺ’ (Break bone fever) പനിയെന്നും ഒരു ചെല്ലപ്പേരുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ, എല്ലുകൾ പൊട്ടിപ്പോകുന്ന തരത്തിൽ വേദനകൾ തോന്നിപ്പിക്കുന്ന പനിയെന്നും വേണമെങ്കിൽ പറയാം. ഡെങ്കിയെന്ന പേര് ആഫ്രിക്കൻ ഭാഷയായ സ്വാഹിലിഭാഷയിൽ നിന്നും സ്​പാനിഷ് ഭാഷയിൽനിന്നും രൂപപ്പെട്ടതായി കരുതുന്നു.

ഇന്ന് ലോകത്ത് പ്രതിവർഷം 50,100 ദശലക്ഷം ആളുകൾക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ പലപ്പോഴായി ഒറ്റപ്പെട്ട ഡെങ്കിപ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുങ്കെിലും 1996-ലാണ് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലും, പിന്നീട് മറ്റ് സംസ്​ഥാനങ്ങളിലും തുടർവർഷങ്ങളിൽ ഇത് വ്യാപകമായി. 2024-ൽ കേരളത്തിൽ 18,000-ലേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നു പറയുമ്പോൾ ഇതിന്റെ ഗൗരവം മനസ്സിലാക്കാ മല്ലോ.

രോഗകാരണം

ഡെങ്കിപ്പനി വൈറസ്​ പകർത്തുന്ന രോഗമാണ്. ഡെങ്കി വൈറസ്​ പ്രധാനമായി നാല് തരത്തിലുണ്ട് (Serotype).
(DENV-1, DENV-2, DENV-3, DEN-4).

ഡെങ്കിപ്പനി നേരത്തെ വന്ന ഒരാൾക്ക് (ഉദാഹരണം, ടൈപ്പ് 1 ഡെംഗി) മറ്റൊരിക്കൽ വേറൊരു ടൈപ്പ് (type II) വൈറസ്​ ബാധയുണ്ടായാൽ ഡെങ്കിപ്പനിയുടെ മാരകരൂപമായ ഡെങ്കി ഹെമറേജിക്ക് ഫീവർ പിടിപെടാൻ സാധ്യത കൂടുതലാണ്.

ഈഡിസ്​ ഈജിപ്റ്റി (Aedes aegypti) എന്ന കൊതുകുവഴിയാണ് ഡെങ്കി വൈറസ്​ രോഗബാധിതനായ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൊതുകുകടി മൂലം പകരുന്നത്.

ഈഡിസ്​ ഈജിപ്റ്റി  എന്ന കൊതുകുവഴിയാണ് ഡെങ്കി വൈറസ്​ രോഗബാധിതനായ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൊതുകുകടി മൂലം പകരുന്നത്.
ഈഡിസ്​ ഈജിപ്റ്റി എന്ന കൊതുകുവഴിയാണ് ഡെങ്കി വൈറസ്​ രോഗബാധിതനായ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൊതുകുകടി മൂലം പകരുന്നത്.

ഡെങ്കിവൈറസിന് സ്വന്തമായി ജീവിക്കാൻ സാധ്യമല്ല. അതിനാൽ അതിന്റെ ജീവിതചക്രത്തിന് (life cycle) കൊതുകിന്റെയും മനുഷ്യന്റെയും സാന്നിധ്യം ആവശ്യമാണ്. രോഗബാധിതനായ ഒരാളുടെ രക്തം കൊതുകു കുടിക്കുമ്പോൾ, രക്തത്തോടൊപ്പം വൈറസും കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുകയും അവിടെ വൈറസുകൾ പെരുകുകയും ചെയ്യുന്നു. തുടർന്ന് ഈ കൊതുക് മറ്റൊരാളെ കടിക്കു മ്പോൾ കൊതുകിൽനിന്ന് മനുഷ്യരിലേക്ക് ഈ വൈറസുകൾ വ്യാപിക്കുന്നു. മനുഷ്യരിൽ വെളുത്ത രക്താണുക്കളിലാണ് ഇത് വളരുന്നത്.

മനുഷ്യരക്തത്തിൽ 4 മുതൽ 7 ദിവസം വരെ വൈറസ്​ നിലനിൽക്കുന്നു. ഈ കാലഘട്ടത്തിൽ, ഈഡിസ്​ കൊതുക് കടിച്ചാൽ മനുഷ്യനിൽനിന്ന് കൊതുകിലേക്ക് വൈറസ്​ കയറുകയും ഈ സൈക്കിൾ തുടരുകയും ചെയ്യുന്നു.

ഈഡിസ്​ കൊതുകിന്റെ പ്രത്യേകതകൾ

1) പെൺകൊതുക് വഴിയാണ് dengue virus പകരുന്നത്.!
2) പകൽസമയത്താണ് കൂടുതലും കടിക്കുന്നത്. പ്രത്യേകിച്ച് പുലർച്ചയിലും വൈകുന്നേരങ്ങളിലും.
3) ഇത് മുട്ടയിടുന്നത് മലിനജലത്തിലല്ല, മറിച്ച് ശുദ്ധജലത്തിലാണ്.
4) മറ്റ് കൊതുകുകളെപ്പോലെ മൂളലും പാട്ടുമില്ല, നിശ്ശബ്ദമായിട്ടാണ് കടിക്കുന്നത്.

എന്തുകൊണ്ട് ഡെങ്കിപ്പനി വ്യാപകമാകുന്നു?

കേരളത്തിന്റെ സവിശേഷമായ കാലാവസ്​ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഡെങ്കിവൈറസിന്റെയും അതിനോടൊപ്പം കൊതുകുകളുടെ വളർച്ചയ്ക്കും കാരണമാകുന്നുണ്ട്. ഇവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1) കേരളത്തിൽ ഇടിയോടു കൂടിയുള്ള മഴയും ഉയർന്ന താപനിലയും ഈ കൊതുകുകളുടെ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണ്. ശരാശരി 27 Degree യിൽ കൂടുതൽ താപനിലയുാകുമ്പോൾ, ഡെങ്കിപ്പനി കൂടുന്നതായി പഠനങ്ങൾ കാണിക്കുന്നു.
2) നമ്മുടെ വീട്ടിലും പരിസരങ്ങളിലും അലങ്കാരത്തിനായി വെയ്ക്കുന്ന വെള്ളം നിറച്ച പാത്രങ്ങൾ, അലക്ഷ്യമായി പരിസരങ്ങളിൽ എറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, വീടിന്റെ ടെറസിലും സൺഷെയ്ഡുകളിലും കിടക്കുന്ന വെള്ളം, റബർതോട്ടങ്ങളിലെ ചിരട്ടകൾ ഇവയിലെല്ലാം നമ്മുടെ ജാഗ്രതക്കുറവുമൂലം വെള്ളം കെട്ടിക്കിടക്കുകയും അത് കൊതുകുകളുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
3) പെരുകുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും പ്ലാനിങ്ങില്ലാതെയുള്ള മാലിന്യനിർമ്മാർജ്ജനവും വെള്ളം കെട്ടിക്കിടക്കുന്നതിനും തുടർന്ന് കൊതുകുകളുടെ വളർച്ചയ്ക്കും സഹായകമാകുന്നുണ്ട്.
4) കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതമൂലം കൊതുകുകൾക്ക് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാൻ എളുപ്പമാണ്.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

സാധാരണനിലയിൽ ഡെങ്കിവൈറസ്​ ബാധിച്ച കൊതുക് കടിച്ചാൽ 4 മുതൽ 10 ദിവസത്തിനുള്ളിലാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്. എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഒരുമിച്ചുണ്ടാകണമെന്നില്ല. ഇവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1) ശക്തമായ പനി (Temp - 100 F).
2) ശരീരം മുഴുവൻ ഇടിച്ച് നുറുക്കിയതുപോലുള്ള വേദനകൾ, പ്രത്യേകിച്ച് സന്ധികൾക്കും പേശികൾക്കും.
3) ശക്തമായ തലവേദന, കണ്ണിന്റെ പുറകിൽ ശക്തമായ വേദന.
4) ശരീരത്തിൽ ചുവന്ന പാടുകൾ.
5) ഛർദ്ദി, ഓക്കാനം, വയറിലുള്ള അസ്വസ്​ഥതകൾ.
6) തലകറക്കം, തലക്ക് മന്ദത.
7) പ്രഷർ കുറഞ്ഞുപോകൽ.
8) മോണകളിൽനിന്നും വയറ്റിൽനിന്നും രക്തസ്രാവം.

ഡെങ്കി എങ്ങനെ കണ്ടുപിടിക്കാം?

ഇപ്പോൾ ഡെങ്കിപ്പനിയുടെ കാർഡ് ടെസ്റ്റുകൾ ലഭ്യമാണ്. അതിൽ Dengue NS1 positive വന്നാൽ ഡെങ്കി ബാധിച്ചുവെന്ന് കരുതാം. (ഇത് ഗർഭിണികളുടെ pregnancy test പോലെയാണ്).

ഡെങ്കിപ്പനി തടയാനുള്ള മാർഗ്ഗങ്ങൾ

ഒറ്റവാക്കിൽ പറഞ്ഞാൽ ഈഡിസ്​ കൊതുകുകളെ തടഞ്ഞാൽ ഡെങ്കിപ്പനി ഒഴിവാക്കാം. ഇതിന് ശക്തമായ ജനപങ്കാളിത്തവും പഞ്ചായത്തുകളുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണവും ആവശ്യമാണ്.

1) ചെടിച്ചട്ടികൾ, പാത്രങ്ങൾ, ഒഴിഞ്ഞ ചിരട്ടകൾ, ടയറുകൾ, സൺ ഷെയ്ഡുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക.
2) പുറത്ത് സൂക്ഷിക്കുന്ന ജലസംഭരണികൾ, ബക്കറ്റുകൾ ഇവ മൂടികൾവെച്ച് കവർ ചെയ്യുക.
3) കൊതുകുകടി തടയാനാവുന്ന വസ്​ത്രങ്ങൾ ധരിക്കുക.
4) ജനാലകളും വാതിലുകളും കൊതുകു സ്​ക്രീനുകൾ ഉപയോഗിച്ച് അടയ്ക്കുക.
5) ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോഗിക്കുക.
6) കൊതുകുകളെ ഓടിക്കാൻ mosquito repellents (റിപലൻ്റുകൾ) ഉപയോഗിക്കുക.
7) വീടും പരിസരവും വൃത്തിയാക്കുക. വെള്ളക്കെട്ടുകൾ ഇല്ലാതാക്കുക.
8) സ്​കൂളുകൾ, പാർക്കുകൾ, ബസ്​ സ്റ്റാൻ്റുകൾ, പൊതുസ്​ഥലങ്ങൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുവാൻ സഹകരിക്കുക.
9) ആരോഗ്യവകുപ്പുകൾ നടത്തുന്ന ഫോഗിങ്, സ്പ്രേ തുടങ്ങിയ പ്രവർത്തനങ്ങൾ പരിപൂർണ്ണമായ പിന്തുണ നൽകുക.

ഡെങ്കിപ്പനിയും രോഗപ്രതിരോധ സംവിധാനങ്ങളും

നമ്മുടെ ശരീരം വളരെ ശക്തമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ള ഒരു കോട്ടയായി കരുതാം. ഇതിനെ ഇമ്മ്യൂൺ സിസ്റ്റമെന്ന് ((immune system) വിളിക്കുന്നു. നമ്മുടെ ശരീരത്തിൽ പുറത്തുനിന്നുള്ള ഏതൊരു അണുബാധകളെയും ചെറുക്കേണ്ടത് ഈ പ്രതിരോധ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. അങ്ങനെ നമ്മുടെ ശരീരത്തിൽ പരദേശിയായി ഡെങ്കി വൈറസ്​ എത്തുമ്പോൾ, നമ്മുടെ ശരീരത്തിൽ ചെറുത്തുനിൽപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നു. അതിൽ പ്രധാനമായ ഒരു പടയാളിയാണ് നമ്മുടെ രക്തത്തിലെ വെളുത്ത രക്താണുക്കൾ. അവ ആൻ്റിബോഡിയെന്ന (Antibody) പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ആൻ്റിബോഡിസ്​ വൈറസിനെ ചെറുത്ത് തോല്പിക്കുന്നു. ഇവയോടൊപ്പം സൈറ്റോകൈൻ (cytokine) എന്ന് അറിയപ്പെട്ട ഒരു പദാർത്ഥവും ഉണ്ടാകുന്നുണ്ട്. സൈറ്റോകൈനിന്റെ ജോലി ഒരു സന്ദേശവാഹകരായിട്ടാണ്.

ചില സന്ദർഭങ്ങളിൽ ഇവ അമിതമായി ഉത്പാദിപ്പിക്കുകയും നമ്മുടെ തന്നെ ശരീരത്തിൽ ദോഷം സംഭവിക്കുകയും ചെയ്യുന്നു. ഈ സൈറ്റോകൈൻസ്​ (cytokine) രക്തക്കുഴലുകൾക്ക് വീക്കം വരുത്തുകയും രക്തക്കുഴലുകളുടെ ഭിത്തികളിൽനിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് ലീക്ക് ഉണ്ടാകുകയും തുടർന്ന് രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു. ഇതിനെ സൈറ്റോകൈൻ സ്​ടോം (cytokine storm) എന്നറിയപ്പെടുന്നു. നല്ല പ്രതിരോധശക്തിയുള്ളവരിൽ ഈ അപകടാവസ്​ഥ സാധാരണ വരാറില്ല. ഡെങ്കിപ്പനിയുടെ മരണകാരണങ്ങളിലെ ഒരു പ്രധാനകാരണം ഈ അവസ്​ഥയാണ്.

ഡെങ്കിപ്പനിയും പ്ലേറ്റ്ലെറ്റ് കൗണ്ടും

നമ്മുടെ ശരീരത്തിലെ രക്തത്തിലുള്ള ഒരു ഘടകമാണ് platelets. ഇതിന്റെ നോർമൽ കൗണ്ട് 1.5 ലക്ഷത്തിനും 4.50 ലക്ഷത്തിനുമിടയിലാണ് (1.5 4.5 lakhs). നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഒരു ഘടകമാണിത്. പ്ലേറ്റ്ലെറ്റുകൾ ശരീരത്തിലെ എല്ലുകളുടെ മജ്ജയിൽ ((bone marrow) നിന്നാണുണ്ടാകുന്നത്. ഡെങ്കി വൈറസ്​ മജ്ജകളിലെ പ്ലേറ്റ്ലെറ്റുകളുടെ ഉത്പാദനം കുറയ്ക്കുന്നു. അങ്ങനെ പ്ലേറ്റ്ലെറ്റ് കൗണ്ട് താഴുകയും 50,000 ന് താഴെ വരുമ്പോൾ രക്തസ്രാവങ്ങൾക്ക് സാധ്യത കൂടുകയും ചെയ്യുന്നു. ഡെങ്കിപ്പനി തുടങ്ങി 45 ദിവസം കഴിയുമ്പോഴാണ് സാധാരണഗതിയിൽ പ്ലേറ്റ്ലെറ്റ് താഴുന്നത്.

ഡെങ്കി ഷോക്ക് സിൻേഡ്രാം

ശരീരത്തിലെ രക്തക്കുഴലു കൾക്ക് നാശം സംഭവിക്കുമ്പോൾ രക്തത്തിലെ പ്ലാസ്​മ എന്ന ഘടകം കോശങ്ങളിലേക്ക് ലീക്ക് ചെയ്യുകയും തുടർന്ന് ശരീരത്തിലെ രക്തത്തിന്റെ വോള്യം കുറയുകയും ചെയ്യുന്നു. ഇത് പ്രഷർ വളരെ അപകടകരമായ അവസ്​ഥയിലേക്ക് താഴ്ത്തുന്നു. BP കുറയുമ്പോൾ ശരീരത്തിലെ അവയവങ്ങളിലെ ഓക്സിജൻ കുറയുകയും കിഡ്നി, ലിവർ, തലച്ചോർ, ഹൃദയം എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ‘ഡെംഗി ഷോക്ക് സിൻേഡ്രാം’ എന്നറിയപ്പെടുന്ന ഈ രോഗാവസ്​ഥ രോഗികളിൽ അപകടാവസ്​ഥ വരുത്തുന്നു.

ഡെങ്കി ഹെമറേജിക്ക് ഫീവർ

ഡെങ്കി വൈറസ്​ നാലു തരമുണ്ടെന്നു പറഞ്ഞല്ലോ. ഒരു type Virus ബാധിച്ച ഒരാൾക്ക് പിന്നീട് മറ്റൊരു ടൈപ്പ് വൈറസ്​ ബാധിച്ചാൽ ഈ രോഗാവസ്​ഥയ്ക്ക് സാധ്യത കൂടുന്നു. ഈ രോഗികളിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വളരെയേറെ താഴുകയും രകതസ്രാവം ഉണ്ടാകുകയും ചെയ്യുന്നു.

ഡെങ്കിപ്പനിയുടെ ചികിത്സ

ഡെങ്കി വൈറസിന് ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകൾ ഉണ്ടെങ്കിലും അവയൊന്നും വിജയിച്ചിട്ടില്ല. ഡെങ്കിപ്പനി വരാതെ നോക്കുകയെന്നതാണ് ഇതിന്റെ മുഖ്യചികിത്സ.

ഡെങ്കിപ്പനിക്ക് മറ്റ് വൈറൽ പനികളെപ്പോലെതന്നെ കൃത്യമായ ചികിത്സകളില്ല. രോഗിയുടെ ലക്ഷണങ്ങൾക്ക് അനുയോജ്യമായ മരുന്നുകൾ മാത്രമേയുള്ളൂ. ഭൂരിപക്ഷം രോഗികൾക്കും ഹോസ്​പിറ്റൽ അഡ്മിഷൻ ആവശ്യമില്ല. ഒ.പി. ചികിത്സ തേടിയാൽ മതിയാകും. നമ്മുടെ പഴയ കൊറോണക്കാലം ഓർത്താൽമതി. അക്കാലത്ത് എല്ലാ കൊറോണ രോഗികളെയും ഹോസ്​പിറ്റലുകളിൽ അഡ്മിറ്റാക്കാറി ല്ലായിരുന്നുവല്ലോ.

സാധാരണനിലയിൽ പനി തുടങ്ങിക്കഴിഞ്ഞ് 34 ദിവസം കഴിഞ്ഞാൽ മാത്രമേ രക്തത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങുകയുള്ളൂ. അതിനാൽ 23 ദിവസം കൂടുമ്പോൾ പ്ലേറ്റ്ലെറ്റ് കൗണ്ട്, ലിവർ ഫംഗ്ഷൻ, കിഡ്നി ഫംഗ്ഷൻ എന്നീ ടെസ്റ്റുകൾ ചെയ്തുനോക്കുന്നത് നല്ലതാണ്.

പ്ലേറ്റ്ലെറ്റ് കൗണ്ട് ഒരു ലക്ഷത്തിൽ താഴെ വരുമ്പോൾ അപകടം മണക്കുകയും തുടർന്നുവരുന്ന ദിവസങ്ങളിൽ ദിവസവും കൗണ്ട് പരിശോധിക്കുകയും വേണം. അങ്ങനെയുള്ള രോഗികളെ ആശുപത്രി യിൽ അഡ്മിറ്റ് ചെയ്യേതാണ്.

രോഗികളിൽ രക്തസ്രാവമോ പ്ലേറ്റ്ലെറ്റ് കൗണ്ട് 20,000ൽ താഴെ വരുമ്പോഴോ രക്തം കയറ്റുകയും (Platelet transfusion) വേണം. കൗണ്ട് കുറയാതിരിക്കാൻ നേരത്തെ രക്തം സ്വീകരിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല.

ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മരുന്നുകൾ കഴിക്കുകയും ധാരാളം വെള്ളം, പഴവർഗ്ഗങ്ങൾ, വിശ്രമം ഇവ ചെയ്യുകയും ചെയ്താൽ സാധാരണരീതിയിൽ വീട്ടിലിരുന്ന് ചികിത്സിക്കാവുന്നതാണ്. പേടിയല്ല, കരുതലാണ് ചികിത്സയുടെ മുഖ്യം.

ഡെങ്കി രോഗികളിലെ ഭക്ഷണക്രമങ്ങൾ

സാധാരണ പനികളെപ്പോലെ, ധാരാളം വെള്ളം കുടിക്കുകയും ദഹനത്തിന് പറ്റിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഡെങ്കിപ്പനിയെന്നു കേൾക്കുമ്പോൾ, മനസ്സിലേക്ക് ഓടിവരുന്ന രണ്ടു വസ്​തുക്കളാണ് പാഷൻ ഫ്രൂട്ടും കിവി പഴവും. ആശുപത്രികളിലെ കിടപ്പുരോഗികളുടെ മുറികളിൽ കാണുന്ന ഒരു അവിഭാജ്യ ഘടകമാണ് ഈ രണ്ട് പഴവർഗ്ഗങ്ങളും. പ്ലേറ്റ്ലെറ്റ് കൂട്ടാൻ കഴിക്കുന്ന ഈ പഴവർഗ്ഗങ്ങൾക്ക്, അതിനുള്ള കഴിവുണ്ട് എന്ന് ശാസ്​ത്രീയമായ ഒരു പഠനവും തെളിയിച്ചിട്ടില്ല. കിവി പഴവും പാഷൻ ഫ്രൂട്ടും തീർച്ചയായും നല്ല രീതിയിൽ വിറ്റാമിനുകളും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുള്ളതാണ്. പക്ഷെ അത് മറ്റ് പഴവർഗ്ഗങ്ങളിലും ലഭ്യമാണ്. അതിനാൽ കിവി പഴവും പാഷൻ ഫ്രൂട്ടും അമിതാവേശത്തോടെ കഴിക്കുന്നവർ പ്ലേറ്റ്ലെറ്റുകൾ കൂട്ടുന്നത് ഈ പഴവർഗ്ഗങ്ങളുടെ ഗുണമേന്മയല്ലെന്ന് ഓർക്കുക.

ഡെങ്കിപ്പനി ഒരു ആരോഗ്യപ്രശ്നം മാത്രമല്ല. ഇതു നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഒരു പരീക്ഷണഘട്ടം കൂടെയാണ്. ഡെങ്കിപ്പനിക്ക് ശാശ്വതമായ പരിഹാരമില്ലെങ്കിലും വരാതെ നോക്കുന്നതിലുള്ള ഉത്തരവാദിത്വം നമ്മുടെ കയ്യിൽ മാത്രമാണ്. ഓരോ കുടുംബത്തിനെയും സുരക്ഷിതമാക്കുമ്പോഴും, ഓരോ വീടും വൃത്തിയാക്കുമ്പോഴും നമ്മുടെ കേരളം ആരോഗ്യത്തിന്റെ പാതയിലേക്ക് മുമ്പോട്ട് നീങ്ങുകയാണ് ചെയ്യുന്നത്. അതിനാൽ ജനങ്ങളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, കൊതുകുകളേയും അതുവഴി ഡെങ്കിപ്പനിയേയും തടയാം എന്നുറപ്പാണ്. ഭയത്തിന്റെ ചങ്ങലകൾ തകർത്ത് നമുക്ക് ഡെങ്കിപ്പനിയെ നേരിടാം.

READ: മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments