മസ്‌തിഷ്ക ആഘാതം

പ്രതിവർഷം ഒരു ലക്ഷത്തോളം പേർക്ക് തലയിൽ പരുക്ക് സംഭവിക്കാറുണ്ട്. ഇതിൽ അറുപത് ശതമാനത്തോളം പരുക്കുകൾ റോഡപകടങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹാരൂൺ പിള്ള എഴുതിയ ലേഖനം.

കേരളത്തിലെ ഗുരുതര ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് തലയുടെ പരുക്കുകൾ. കണക്കുകളനുസരിച്ച് പ്രതിവർഷം ഒരു ലക്ഷത്തോളം പേർക്ക് തലയിൽ പരുക്ക് സംഭവിക്കാറുണ്ട്. ഇതിൽ അറുപത് ശതമാനത്തോളം പരുക്കുകൾ റോഡപകടങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.

തലക്കുള്ള പരുക്കുകൾ പ്രധാനമായും നാലായി തരംതിരിക്കാം.

1. തലയിലെ തൊലിയ്ക്കുണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ ചതവുകൾ.

2. തലയോട്ടിക്കുണ്ടാകുന്ന പൊട്ടലുകൾ.

3. തലയോട്ടിയ്ക്കകത്ത് ഉണ്ടാകുന്ന രക്തസ്രാവം.

4. തലച്ചോറിന് നേരിട്ട് ഉണ്ടാകുന്ന പരുക്കുകൾ.

തലയിലെ തൊലിയ്ക്കുണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ ചതവുകൾ:

ഇത് കാര്യമായ പ്രശ്‌നം ഉണ്ടാക്കുന്നതല്ല. മുറിവിന്റെ തുന്നലിന്റെ എണ്ണം അനുസരിച്ചല്ല മുറിവിന്റെ ആഘാതം. ഒരു തുന്നൽ മാത്രം വേണ്ടിവരുന്ന മുറിവും ഇരുപത് തുന്നൽ വേണ്ടിവരുന്ന മുറിവും ഉണങ്ങാൻ ഒരേസമയം തന്നെയാണ് വേണ്ടത്.

മുറിവുകൾ കൂടാതെ തല ഇടിച്ചുകഴിഞ്ഞാൽ തലയിൽ മുഴ വരുന്നത് കാണാറുണ്ട്. ഇത് ഭയപ്പെടേണ്ട കാര്യമല്ല. തൊലിയുടെ അടിയിൽ അൽപം രക്തം കട്ടപിടിക്കുന്നതുകൊണ്ടാണ് ഈ മുഴ ഉണ്ടാകുന്നത്. സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് ചികിത്സിച്ചാലും ഇല്ലെങ്കിലും ഈ തടിപ്പും മുഴയും തനിയെ മാറുന്നതാണ്.

കേരളത്തിലെ  ഗുരുതര ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് തലയുടെ പരുക്കുകൾ. കണക്കുകളനുസരിച്ച് പ്രതിവർഷം ഒരു ലക്ഷത്തോളം പേർക്ക് തലയിൽ പരുക്ക് സംഭവിക്കാറുണ്ട്.
കേരളത്തിലെ ഗുരുതര ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് തലയുടെ പരുക്കുകൾ. കണക്കുകളനുസരിച്ച് പ്രതിവർഷം ഒരു ലക്ഷത്തോളം പേർക്ക് തലയിൽ പരുക്ക് സംഭവിക്കാറുണ്ട്.

തലയോട്ടിയ്ക്കുണ്ടാകുന്ന പൊട്ടലുകൾ

തലയോട്ടിയ്ക്കുണ്ടാകുന്ന പൊട്ടലുകൾ രണ്ടുതരത്തിലാണുള്ളത്:

a) ഒരു വിള്ളൽപോലത്തെ പൊട്ടൽ.
b) പൊട്ടിയ എല്ലുകഷണങ്ങൾ ഉള്ളിലേക്ക് തള്ളിനിൽക്കുന്ന പൊട്ടലുകൾ.

ആദ്യം പറഞ്ഞ വിള്ളൽ മാത്രമാണെങ്കിൽ അതിനു പ്രത്യേക ചികിത്സ ആവശ്യമില്ല. ചികിത്സിച്ചാലും, ഇല്ലെങ്കിലും പൊട്ടൽ തനിയെ ഉണങ്ങും. മറിച്ച് പൊട്ടിയ എല്ലിൻകഷണങ്ങൾ അകത്തേക്ക് തള്ളിനിൽക്കുകയാണെങ്കിൽ, മുകളിലത്തെ തൊലിക്ക് മുറിവ് ഇല്ലെങ്കിൽ, മിക്കവാറും ഒന്നും ചെയ്യേണ്ടതില്ല. അങ്ങനെ ചെറിയ എല്ല് തള്ളി നിന്നതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാവുകയില്ല.

മറിച്ച്, ഇങ്ങനെയുള്ള പൊട്ടലുകളുടെ മുകളിലുള്ള തൊലിക്ക് മുറിവുണ്ടെങ്കിൽ, ഈ പൊട്ടിയ എല്ലിൻകഷണങ്ങൾക്കിടയിൽ അപകടസ്ഥലത്തുനിന്നു തന്നെയുള്ള അഴുക്കും പൊടിയുമെല്ലാം കയറിയിരിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള പൊട്ടലുകൾ ഓപ്പറേഷൻ തിയേ റ്ററിൽ കൊണ്ടുപോയി വൃത്തിയാക്കി മുറിവുകൾ തുന്നേണ്ടതുണ്ട്.

തലയോട്ടിക്കകത്തുള്ള രക്തസ്രാവം

ഇത് നിസ്സാരമാക്കി എടുക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള രക്തസ്രാവം തലയോട്ടിയ്ക്കകത്തുള്ള പല അറകളിലായിട്ടുണ്ടാകും. തലച്ചോറിനെ അനാവരണം ചെയ്യുന്ന രണ്ടു പാടകളാണുള്ളത്. ഈ പാടകളുടെ അകത്തോ പുറത്തോ ഉള്ള അറകളിൽ രക്തസ്രാവം സംഭവിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള രക്തസ്രാവം ചെറുതോ, വലുതോ ആയിരിക്കാം. ചെറുതാണെങ്കിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഏതാനും ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ഇത് തനിയെ വലിഞ്ഞുപോകും. എന്നാൽ ചില സന്ദർഭങ്ങളിൽ ഇവ വളരെ പെട്ടെന്നോ സാവധാനത്തിലോ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ തീർച്ചയായും ശസ്ത്രക്രിയയിലൂടെ ഈ രക്തസ്രാവം നിർത്തുകയും, കട്ടപിടിച്ച രക്തം എടുത്ത് മാറ്റുകയും ചെയ്യേണ്ടതുണ്ട്.

തലച്ചോറിന് നേരിട്ടുണ്ടാകുന്ന പരുക്കുകൾ

ഇത് നിസ്സാരമോ അതീവ ഗുരുതരമോ ആയിരിക്കാം. പരുക്കിന്റെ ആഘാതത്തിന്റെ അളവ്, അപകടസമയത്തുണ്ടാകുന്ന ആഘാതത്തിന്റെ വലുപ്പം അനുസരിച്ചാണ്. റോഡപകടങ്ങളിലാണ് ഇങ്ങനെ സാരമായ രീതിയിലുള്ള തലച്ചോറിന്റെ പരുക്കുകൾ കൂടുതലായി കാണുന്നത്. എന്തുകൊണ്ടെന്നാൽ റോഡപകടങ്ങളിൽ തല അമിതവേഗത്തിൽ പോയി ഇടിക്കുന്നതുകൊണ്ട് തലയോട്ടിക്ക് അകത്തുള്ള തലച്ചോറ് മുന്നോട്ടും പിന്നോട്ടും പൊടുന്നനെ ചലിക്കുന്നതുകൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്.

തലച്ചോറിലെ ചിലതരം പരുക്ക് വളരെ നിസ്സാരമാണ്. ഉദാഹരണത്തിന് കളിക്കുമ്പോൾ പന്ത് തലയിലിടിയ്ക്കുക, അല്ലെങ്കിൽ വാതിൽപടിയിൽ തല ഇടിയ്ക്കുക എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ തലച്ചോറിന് ഇളക്കം തട്ടാതിരിക്കുകയോ ചെറിയതോതിൽ ഇളക്കം തട്ടുകയോ ചെയ്യാം. ഇങ്ങനെ ചെറിയതോതിൽ ഇളക്കം തട്ടുകയാണെങ്കിൽ അൽപനേരത്തേക്ക് ബോധം നഷ്ടപ്പെടുകയോ സ്ഥലകാലബോധമില്ലാത്ത രീതിയിൽ പെരുമാറാനോ സാധ്യതയുണ്ട്. മറിച്ച് റോഡപകടങ്ങളിലുള്ളതുപോലെ അമിതവേഗത്തിലുള്ള ചലനംകൊണ്ടുള്ള പരുക്കാണെങ്കിൽ തലച്ചോറിന് ഏൽക്കുന്ന ക്ഷതത്തിന്റെ അളവനുസരിച്ച് ദീർഘകാലം അബോധാവസ്ഥയിൽ കിടക്കുകയോ മരണം സംഭവിക്കുകയോ ചെയ്യാം.

തലച്ചോറിന്റെ പരുക്കിന്റെ അളവ് മനസ്സിലാക്കുന്നത് രോഗിയുടെ ബോധത്തെ ആസ്പദിച്ചാണ്. സി.ടി. സ്‌കാൻ കൊണ്ടുമാത്രം തലച്ചോറിന് പറ്റിയ ക്ഷതത്തിന്റെ ആഘാതം എപ്പോഴും മനസ്സിലായിക്കൊള്ളണമെന്നില്ല. രോഗിയുടെ ബോധം അഥവാ ബോധമില്ലായ്മ, അബോധാവസ്ഥയുടെ വിവിധ തലങ്ങൾ എന്നിവ രോഗിയെ പരിശോധിച്ചാൽ മാത്രമെ വ്യക്തമായി മനസ്സിലാവുകയുള്ളു. ഇതോടൊപ്പം രോഗിയുടെ കൈകാലുകളുടെ ചലനശേഷി, രക്തസമ്മർദ്ദം, കൃഷ്ണമണിയുടെ ചലനങ്ങൾ എന്നിവയെല്ലാം പരിശോധിച്ചിട്ടാണ് രോഗിയുടെ തലച്ചോറിനു പറ്റിയ പരുക്കിന്റെ തീവ്രത മനസ്സിലാക്കുന്നത്. ഇതോടൊപ്പംതന്നെ സി.ടി. സ്‌കാനിൽ കാണുന്ന അപാകതകളും വെച്ചുകൊണ്ടാണ് രോഗിക്ക് ശസ്ത്രക്രിയ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

ശസ്ത്രക്രിയ ആവശ്യമില്ല എന്നുപറയുമ്പോൾ, പരുക്ക് നിസ്സാരമാണ് എന്നല്ല അർത്ഥം. പലപ്പോഴും ഗുരുതരമായ പരുക്കുകൾക്ക് ശസ്ത്രക്രിയ അല്ല ചികിത്സ. ശസ്ത്രക്രിയ വേണ്ടിവരുന്നത് തലയോട്ടിക്ക് അകത്തുള്ള രക്തസ്രാവം നിർത്തുന്നതിനും, രക്തകട്ട എടുത്ത് മാറ്റുന്നതിനും വേണ്ടിയാണ്. ഇങ്ങനെ എടുത്തുമാറ്റാൻ തക്കതായ വലിയ രക്തക്കട്ടയില്ലെങ്കിൽ പലപ്പോഴും ശസ്ത്രക്രിയ ആവശ്യമായി വരില്ല. എന്നിരുന്നാൽതന്നെയും തലയ്ക്കുള്ളിൽ തലച്ചോറ് അധികമായി വീക്കം വെയ്ക്കുകയാണെങ്കിൽ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി തലച്ചോറിന് വികസിക്കാനുള്ള സൗകര്യം പലപ്പോഴും ചെയ്തുകൊടുക്കാറുണ്ട്.

തലയുടെ ക്ഷതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ

തെറ്റിദ്ധാരണകൾ പലപ്പോഴും സിനിമകളിൽ നിന്നാണ് ഉണ്ടാകുന്നത്.

1. 24 അല്ലെങ്കിൽ 48 മണിക്കൂറിന്റെ പ്രാധാന്യം:

ഇങ്ങനെയൊരു സമയക്രമം തലച്ചോറിന്റെ പരുക്ക് പാലിക്കാറില്ല. രോഗിയുടെ അബോധാവസ്ഥയുടെ അളവും സി.ടി. സ്‌കാനിൽ കാണുന്ന അപാകങ്ങളും വെച്ചുകൊണ്ടാണ് രോഗിയെ എത്രദിവസം ICU-വിൽ കിടത്തണം, എപ്പോൾ ശസ്ത്രക്രിയ വേണം, രോഗി മെച്ചപ്പെടുന്നുണ്ടോ, അപായനില തരണംചെയ്‌തോ എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പറ്റുകയുള്ളു. തലച്ചോറിന്റെ പ്രവർത്തനം ഒരിക്കലും വാച്ച് നോക്കിയോ കലണ്ടർ നോക്കിയോ അല്ല.

തലച്ചോറിന് പരുക്കുപറ്റിയ ഒരാൾക്ക് പിന്നീട് വീണ്ടും പരുക്ക് പറ്റുകയാണെങ്കിൽ ഇന്നത്തെ സ്ഥിതിയിലും മോശമാകാനാണ് സാധ്യത കൂടുതൽ.
തലച്ചോറിന് പരുക്കുപറ്റിയ ഒരാൾക്ക് പിന്നീട് വീണ്ടും പരുക്ക് പറ്റുകയാണെങ്കിൽ ഇന്നത്തെ സ്ഥിതിയിലും മോശമാകാനാണ് സാധ്യത കൂടുതൽ.

2. തലയ്ക്ക് പരുക്കേറ്റാൽ പൂർവ്വകാലം
മറന്നുപോയി എന്ന കഥ:

പൂർണ്ണമായി സുഖംപ്രാപിച്ച രോഗിയിൽ ഇത് ഒരിക്കലും കാണാറില്ല. അപകടമുണ്ടായശേഷം രോഗിക്ക് പൂർണ്ണബോധം വരുന്നതുവരെയുള്ള കാര്യങ്ങൾ ഓർമ്മയിൽ നിന്നില്ലെന്നുവരാം. പക്ഷെ സിനിമകളിൽ (ഉദാ: മൂന്നാംപിറ) കാണുന്നതുപോലെ ഭാര്യയെ അല്ലെങ്കിൽ കാമുകിയെ മനസ്സിലാകാതിരിക്കുന്നത് യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യമല്ല.

3. അടുപ്പമുള്ളവരെ മറന്നുപോയ രോഗി തലയ്ക്ക് മറ്റൊരു ക്ഷതമേൽക്കുമ്പോൾ പെട്ടെന്ന് ഓർമ്മവരുന്നത് തികച്ചും അസംഭവ്യമാണ്. തലച്ചോറിന് പരുക്കുപറ്റിയ ഒരാൾക്ക് പിന്നീട് വീണ്ടും പരുക്ക് പറ്റുകയാണെങ്കിൽ ഇന്നത്തെ സ്ഥിതിയിലും മോശമാകാനാണ് സാധ്യത കൂടുതൽ.

4. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ഒരേയൊരു ഉദ്ദേശ്യം മാത്രമെയുള്ളൂ; ജീവൻ രക്ഷിക്കുക. അല്ലാതെ ഓർമ്മ പെട്ടെന്ന് വരുത്താനോ, കൈകാലുകളുടെ ബലം ശരിയാക്കുവാനോ അല്ല. ഓരോ രോഗിയുടേയും തലച്ചോറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ചിലർ പൂർണ്ണമായി സുഖം പ്രാപിക്കും, ചിലർ ഭാഗികമായി സുഖം പ്രാപിക്കും, മറ്റു ചിലർ അബോധാവസ്ഥയിൽ തന്നെ ജീവിതകാലം മുഴുവൻ കഴിയുന്നതായും കാണാറുണ്ട്. ഇതിനുകാരണം ഓരോ വ്യക്തിയുടേയും രോഗപ്രതിരോധശക്തിയും പരുക്കിൽനിന്ന് ഭേദമാകാനുള്ള തലച്ചോറിന്റെ കഴിവും വ്യത്യസ്തമാണ് എന്നതുകൊണ്ടാണ്.

റോഡപകടങ്ങൾ

മസ്തിഷ്‌കാഘാതം കൂടുതലായി റോഡപകടങ്ങളിൽ നിന്നാണുണ്ടാകുന്നത്. ഹെൽമറ്റ് ധരിക്കുന്നത് തലയോട്ടിയ്ക്കും തലച്ചോറിനും ഉണ്ടാകുന്ന പരുക്കിന്റെ തീവ്രത ഒരളവുവരെ കുറയ്ക്കുവാൻ സാധിക്കും, പക്ഷെ പൂർണ്ണമായി ഒഴിവാക്കാൻ സാധ്യമല്ല.

തിടുക്കം ഇല്ലാതേയും ധൃതി കൂട്ടാതെയും അഹങ്കാരമില്ലാതേയും വിനയത്തോടെയും ക്ഷമയോടെയും, റോഡ് മറ്റുള്ളവർക്കുകൂടി തുല്യമായി അവകാശപ്പെട്ടതാണെന്ന ബോധം മനസ്സിൽവെച്ചകൊണ്ടുവേണം വാഹനം ഓടിക്കാൻ. സിവിക് സെൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതാണ് കേരളത്തിലെ 90% റോഡപകടങ്ങൾക്കും കാരണം എന്നു കൂടി ഓർക്കേണ്ടതുണ്ട്.

READ: ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments