ഒരു പക്ഷെ ഡോ. മഹാദേവൻ പിള്ള എന്ന പേര് കേരളത്തിലെ വൈദ്യവൃത്തങ്ങളിൽ നടാടെയാവും കേൾക്കുന്നത്. മലയാളിയായ ഇദ്ദേഹമാണ് ന്യൂറോ റേഡിയോളജി എന്ന വൈദ്യശാഖ ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്നത് എന്നത് ഒരു ന്യൂസായിരിക്കും. എന്റെ ഹൗസ് സർജൻസി കാലത്ത് (1964–1965) ഡോ. മഹാദേവൻ പിള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോളജി പ്രൊഫസർ ആയിരുന്നു. അദ്ദേഹം ഡോ. കെ. എൻ. പൈയ്യുടെ അടുത്ത സുഹൃത്തായിരുന്ന കാരണം, പൈ സാറിന്റെ ഹൗസ് സർജനും, പിന്നെ സാറിന്റെ പി.ജിയുമായിരുന്ന എനിക്കും അദ്ദേഹത്തെ പരിചയമായി രുന്നു. പല സാദാ റേഡിയോളജി പരിശോധനകളും അന്നൊക്കെ വിസ്മയകരമായിരുന്നു. ബേരിയം മീലും, ഇന്റട്രാവീസസ് പൈലോഗ്രാഫിയുമൊക്കെ അപൂർവ്വ പരിശോധനകളായിരുന്നു എന്നു പറയുമ്പോൾ അന്നത്തെ റേഡിയോളജിയുടെ നില ഊഹിക്കാമല്ലോ? പൈ സാറിന്റെ ഒരു കേസിലെ റീനൽ ആർട്ടറി സ്റ്റിനോസിസ് (വൃക്കകളിലേക്കു പോകുന്ന രക്തക്കുഴലിന്റെ അടവ്- Renal Artery Stenosis) അദ്ദേഹം കണ്ടുപിടിച്ചു കൊടുത്തത് ഏതാണ്ട് അത്യൽഭുതമായിരുന്നു അന്ന്.
പൈ സാറിന്റെ കേസുകൾ ഡോ. മഹാദേവൻ പിള്ളയെ കൊണ്ടോൽപ്പിച്ചുകൊടുക്കേ ജോലി മാത്രമായിരുന്നു എന്റേത്. പക്ഷെ ഡോ. മഹാദേവൻ പിള്ള ചെയ്യുന്നതൊക്കെ നോക്കിനിൽക്കാനിഷ്ടമായിരുന്നു എനിക്ക്. അങ്ങനെയൊരാളെ ഡോ. മഹാദേവൻ പിള്ളയ്ക്കും വേണമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മറ്റു റേഡിയോളജിക്കാർക്കു ഡോ. മഹാദേവൻ പിള്ള ഒരു ‘വരത്തനായി’രുന്നു. അദ്ദേഹത്തിന്റെ മുഴങ്ങുന്ന ഒച്ചയിൽ അവരെ ചാടിക്കും, ശാസിക്കും, കളിയാക്കും. സീനിയർ റേഡിയോളജിക്കാരെല്ലാം റേഡിയോ തെറാപ്പിക്കാരായതു കൊണ്ട് ഒരു ശ്രീമതിയ്ക്കായിരുന്നു റേഡിയോ യഗ്നോസിസിന്റെ താൽക്കാലിക ചുമതല. അവരും സാറും വളരെ ‘അടുത്തവരായതുകൊണ്ടും’ അവർക്കു വേണ്ടതിലേറെ ചാടിക്കൽ കിട്ടിയിട്ടുള്ളതു കൊണ്ടും സാറിന്റെ അയലത്തുപോലും അവർ വരില്ലായിരുന്നു.
അങ്ങനെയൊരു ദിവസമാണ് സാറ് ഞങ്ങളുടെ ഒരു രോഗിക്കു ഒരു കരോട്ടിട് ആൻജിയോഗ്രാം (Carotid Angiogram) ചെയ്യുന്നതു കണ്ടത്. സാറ് ലെഡ് ഏപ്രണുമൊക്കെയിട്ട് റേഡിയോളജി ടേബിളിൽ കിടത്തിയിരുന്ന ഒരു രോഗിയുടെ ലോക്കൽ അനസ്തീഷ്യ കുത്തിയ കഴുത്തിൽ ഒരു കട്ടിസൂചി കുത്തിക്കയറ്റുന്നതും അയാൾ പ്രാണവേദനയോടെ നിലവിളിക്കുന്നതും കണ്ടും കേട്ടും കടന്നുകളയാൻ നോക്കിയപ്പോഴാണ് സാറിന്റെ വിളി; ‘താനന്തോടോ മാറി നിൽക്കുന്നത് വാ, വന്നു അസിസ്റ്റ് ചെയ്യ്. ഇയാളെ ഒന്നു പിടിക്ക്’.

സത്യത്തിൽ എനിക്കാ രോഗിയോട് വല്ലാത്ത സഹതാപമാണ് തോന്നിയത്. അയാളുടെ കഴുത്തിലെ കരോട്ടിട് രക്തക്കുഴലിൽ സാറിന്റെ സൂചി കയറ്റാൻ രണ്ടുമൂന്നു കുത്തു വേണ്ടിവന്നു. ആ സൂചിയുടെ ഉള്ളിലുള്ള അടവ് കമ്പി (സ്റ്റൈല്ലെറ്റ്, Stylet) മാറ്റിയപ്പോൾ രക്തം പമ്പിലൂടെ മാതിരി ചാടുന്നുണ്ടായിരുന്നു. അതിലൂടെ കയറ്റാനുള്ള കത്തീറരൊന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്നുണ്ടായിരുന്നില്ല. മരുന്നു കയറ്റിയ സിറിഞ്ച് നേരിട്ട് ഘടിപ്പിച്ച് കരോട്ടിട് രക്തക്കുഴലിലേക്കു മരുന്നു കയറ്റുന്ന നേരത്താണ് വലിയ ഉരുക്കുമറയിലുടെ പിറകിൽ ഒളിച്ചുനിന്ന റേഡിയോഗ്രാഫറോട് സാറിന്റെ ഗർജനം: ‘കണക്റ്റിങ്ങ്’, ‘ഇൻജെക്റ്റിങ്ങ്’, ‘ഷൂട്ട്’ എന്നൊക്കെ.
എക്സ്റേ മെഷീൻ ഓൺ ചെയ്ത ‘ക്ട്ക്’ എന്നൊരു ശബ്ദവും, ഉരുക്കുമറയുടെ പിന്നിലെ മായാവി ഓടി വന്ന് കാസെറ്റ് എടുത്തോടുന്നതും, പിന്നെയും അടുത്ത രണ്ടു ഇഞ്ചക്ഷനുകൾക്കും മായാവിയുടെ വരലും കാസറ്റ് മാറ്റലും, അവയെടുത്തോടുന്ന തുമൊക്കെ എനിക്കന്ന് അൽഭുതമായി തോന്നി. മായാവി പത്തുമിനിട്ടു കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്നത് എക്സ്റേ ചിത്രങ്ങളുടെ ഉണങ്ങാത്ത ഫിലിമുകളുമായിട്ടായിരുന്നു. മഹാദേവൻ പിള്ള സാറ് ആ ഫിലിമുകൾ നോക്കി തലകുലുക്കിയതല്ലാതെ വേറൊന്നും വിശദീകരിക്കാതെയാണ് പുറത്തേക്കുപോയത്. പോകുന്ന കൂട്ടത്തിൽ എന്നോട് ഒരു താങ്ക്സും പറഞ്ഞു.
ആദ്യത്തെ ചിത്രം തലച്ചോറിലുള്ള ആർട്ടറികളിലും പിന്നത്തേത് തീരെ ചെറിയ കാപ്പിലറികളിലും അവസാനത്തേത് തലച്ചോറിലെ വെയ്നുകളിലും മരുന്നു കയറിയത് എക്സ്റേയിൽ പതിഞ്ഞതിന്റെ ചിത്രങ്ങളാണെന്നും, എക്സ്റേ കാസെറ്റുകൾ മാറ്റിമാറ്റി വച്ചുകൊടുത്തത് അതിനാണെന്നും ഒക്കെ പറഞ്ഞുതന്നത് റേഡിയോഗ്രാഫറാണ്. അന്ന് എനിക്കറിഞ്ഞുകൂടായിരുന്നു, അധികം വൈകാതെ ഇതൊക്കെയാവും കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്റെയും തൊഴിലെന്ന്.
ഡോ. മഹാദേവൻ പിള്ളയെ കുറിച്ച് പിന്നെ കുറെയേറെ നാളത്തേക്ക് ഞാനൊന്നും കേട്ടില്ല. അദ്ദേഹം കുറച്ചുനാൾ ചിത്ര തിരുനാൾ സെൻററിൽ ആദ്യത്തെ റേഡിയോളജി പ്രൊഫസറായിരുന്നു എന്നും കേട്ടിരുന്നു. ഇംഗ്ലീഷിലെ പഴയൊരു ചൊല്ലുപോലെ, അദ്ദേഹം ആയുസ്സു മുഴുവൻ ഒരിടത്തും അടിയാതെ ഒഴുക്കിൽ ഉരുണ്ടുരുണ്ട് ഓടിപ്പോയ ഒരു ഉരുളൻ കല്ലായിരുന്നു, ഒരിടത്തും വേരുകളുറപ്പിച്ചില്ല. എന്റെ കേരള വൈദ്യചരിത്ര പുസ്തകം (Evolution of Modern Medicine in Kerala- 2001) എഴുതാൻ തുടങ്ങിയപ്പോഴാണ് (1998–1999) മഹാദേവൻ പിള്ള സാറിനെ കൂടി നിർബന്ധമായി ഉൾപ്പെടുത്തണമല്ലോ എന്നു നിശ്ചയിച്ചത്.
അദ്ദേഹത്തിന്റെ ഒരു ചിത്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോളജി ഡിപ്പാർട്ട്മെൻറിലുണ്ടായിരുന്നതു കണ്ടിട്ടുണ്ട്. അതുതൊട്ടു എന്റെ അന്വേഷണം തുടങ്ങാമെന്നു വച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആ ചിത്രം പോലും ആരോ എടുത്തുകളഞ്ഞെന്നും, അദ്ദേഹത്തെ കുറിച്ച് ഇവിടെയാർക്കും ഒരു വിവരവുമില്ല എന്നും മനസ്സിലായത്. അപ്പോഴാണ് ഓർത്തത്, അദ്ദേഹം ബാംഗ്ലൂരിലെ നിംഹാൻസിലെ (National Institute of Mental Health and Neurosciences) റേഡിയോളജി പ്രൊഫസറായിരുന്നല്ലോ എന്ന്.
‘നിംഹാൻസി’ലെ മുൻ ന്യൂറോളജി പ്രൊഫസർ ഡോ. കെ.എസ് മണി എന്റെ പഴയ ചങ്ങാതിയായിരുന്നു. ഫോണെടുത്തപ്പോൾ തന്നെ മണിയുടെ ഉത്തരം റെഡിയായിരുന്നു; ‘നിംഹാൻസി’ലെ ഡി.എം പരീക്ഷ നടത്താൻ താനിവിടെ അടുത്ത ആഴ്ച വരുന്നുണ്ടല്ലോ, പറയാനൊരു പാട് മഹാദേവൻ പിള്ള തമാശകൾ. നേരിട്ടുതന്നെ പറയാം’.
പിറ്റേ ആഴ്ച ചെന്ന് പരീക്ഷയെല്ലാം തീർത്തപ്പോൾ, ഡിന്നർ ഡോ. മണിയുടെ വീട്ടിലായിരുന്നു. എന്റെ എത്രയോ സീനിയർ ആയിരുന്നിട്ടും നല്ല ചങ്ങാതിയായിരുന്നു ഡോ മണി. മണിയുടെ ഭാര്യ ഡോ. ഗീത രംഗൻ ഡൽഹിയിലെ എന്റെ വിദ്യാർത്ഥിനിയും. മണി പറഞ്ഞു തുടങ്ങിയ കഥ രസമായിരുന്നു. മദ്രാസിലെ ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ഡോ. ബി. രാമമൂർത്തിയുടെ വത്സലശിഷ്യനായി മണി കഴിഞ്ഞിരുന്നപ്പോഴാണ് അവിടത്തെ ന്യൂറോളജി വകുപ്പിൽ മണിയുടെ സഹപാഠികളായ കെ. ജഗന്നാഥനും അർജുൻദാസും ബ്രിട്ടണിൽ നിന്നു ഔപചാരികമായ ന്യൂറോളജി ട്രെയിനിങ് കഴിഞ്ഞുവന്ന് അസിസ്റ്റൻറ് പ്രൊഫസർമാരാകുന്നത്. മണിക്ക് ഡോ. രാമമൂർത്തിയോടൊപ്പം നിന്നു പഠിച്ചെടുത്ത പ്രാക്ടിക്കൽ ന്യൂറോളജിയേ കൈയ്യിലുള്ളൂ. സ്പെഷ്യൽ ട്രെയിനിങ്ങൊന്നുമില്ലാതെ അവിടെ നിന്നാൽ തനിക്ക് ഒരു രക്ഷയുമില്ലെന്ന് മണിക്കു മനസ്സിലായി.
അപ്പോഴാണ് (1958) ബ്രിട്ടണിൽ നിന്ന് ന്യൂറോ സർജറി ട്രെയിനിങ്ങ് കഴിഞ്ഞ് ഡോ. ആർ.എം. വർമ്മ (Ravivarma Marthanda Varma 1921- 2005) ബാംഗ്ലൂരിലെ ആർക്കും വേണ്ടാതിട്ടിരുന്ന ഒരു മനോരോഗാശുപത്രിയിൽ ന്യൂറോ സർജനായി ചേരുന്നത്. മാവേലിക്കരയിലെ രാജകുടുംബാംഗമായ വർമ്മയുടെ പ്ലാൻ ആ ആശുപത്രിയെ ഒരു ന്യൂറോളജി ന്യൂറോ സർജറി സൈക്യാട്രി ആശുപത്രിയായി വികസിപ്പിക്കാനായിരുന്നു. കൂടെ നിൽക്കാനാളില്ലായിരുന്നു. മുമ്പേതന്നെ പരിചയമുണ്ടായിരുന്ന മണിയെയാണ് ആദ്യം സഹായത്തിനു വിളിച്ചത്. മണിയാകട്ടെ മദ്രാസിൽ നിന്നെങ്ങനെ കടക്കാമെന്നു കാത്തിരുന്ന സമയവും. അതുകൊണ്ട് വർമ്മയുടെ ക്ഷണം അപ്പോൾ തന്നെ സ്വീകരിച്ചു.
പക്ഷെ വർമ്മയ്ക്ക് വേറൊരാളെ കൂടി മദ്രാസ് ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കിട്ടണം. രാമമൂർത്തിയുടെ വലം കൈയ്യായ ഡോ. മഹാദേവൻ പിള്ളയെ. നടക്കുമോ എന്നറിയില്ല, ശ്രമിക്കാമെന്ന് മണിയുടെ വാഗ്ദാനം. മണിക്കും അറിഞ്ഞുകൂടായിരുന്നു രാമമൂർത്തി യെന്ന മഹാമേരുവിന്റെ നിഴലിൽ നിന്നു മാറാൻ ഒരുങ്ങിയിരിക്കുകയാണ് ഡോ. മഹാദേവൻ പിള്ളയും എന്ന്. അങ്ങനെ അവർ മൂന്നുപേരും കൂടെയാണ് നിംഹാൻസിലെ ന്യൂറോ സയൻസസ് വിഭാഗം തുടങ്ങുന്നത്. ആർക്കും വോതെ കിടന്ന മെൻറലാശുപത്രി അങ്ങനെ ദേശീയ അംഗീകാരം നേടിയ ‘നിംഹാൻസായി’ അവർക്കു മാറ്റാനായി. ഡോ. മഹാദേവൻ പിള്ള റിട്ടയർ ചെയ്യുന്നതുവരെ അവിടെയായിരുന്നു. എനിക്കറിയാമായിരുന്നു, നിംഹാൻസിൽ നിന്നു പിന്നെ അപമാന ശരങ്ങളേറ്റ് മണി നിഷ്ക്കാസിതനായതും.

മണിയാണ് പറഞ്ഞുതന്നത്, മഹാദേവൻ പിള്ളയെ കുറിച്ച് കൂടുതലറിയണമെങ്കിൽ മദ്രാസിലെ ഡോ. രാമമൂർത്തിയോടും ഡോ. കെ. ജഗന്നാഥനോടും, ഡോ. അർജുൻ ദാസിനോടും, മധുരയിലെ ഡോ. കെ. ശ്രീനിവാസനോടും കൂടി ചോദിക്കണമെന്ന്. ഭാഗ്യത്തിനു ആ യാത്രയിൽ തന്നെ എനിക്കു മദ്രാസിലും രുമൂന്നു ദിവസം തങ്ങേിയിരുന്നു അവിടത്തെ ഒരു ശ്രീമതിയുടെ ന്യൂറോ സൈക്കാളജി പിഎച്ച് ഡിയുടെ വൈവയും ഓപ്പൺ ഡിഫെൻസും കൂടി കഴിയണമായിരുന്നു.
മദ്രാസ് ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട് എനിക്കു ഒരു രണ്ടാം വീടായിരുന്നു. ഡോ. രാമമൂർത്തി മുതൽ മിക്കവാറും എല്ലാവരും അടുത്തവരും. അതുകൊണ്ട് കിട്ടിയത് അന്യഥാ ലഭിക്കാനിടയില്ലാത്ത ഡോ. മഹാദേവൻ പിള്ളയെ കുറിച്ചുള്ള മിക്കവാറും എല്ലാ കഥകളും. ഞാൻ ചെന്ന ദിവസം ഏതോ ഒരു ഊക്കൻ ക്ലബ്ബിൽ വച്ചുള്ള ഞങ്ങളുടെ ഡിന്നർ ഒരുക്കിയ ഡോ. രാമമൂർത്തിയാണ് ഡോ. മഹാദേവൻ പിള്ളയു മായി ചങ്ങാത്തമുണ്ടായിരുന്ന ഡോ. ജഗന്നാഥനേയും, ഡോ. അർജുൻ ദാസിനേയും. ഡോ. കെ. ശ്രീനിവാസനേയും (ന്യൂറോളജി പ്രൊഫസർ മധുര കാമരാജ് യൂണിവേഴ്സിറ്റി) ക്ഷണിച്ചത്.

ഡോ. മഹാദേവൻ പിള്ളയുടെ കഥ ഇവരൊക്കെ കൂടി പറഞ്ഞതിന്റെ കെ. ആർ നായർ ആകെത്തുകയായിരുന്നു. 1908- ൽ കായംകുളത്തെ പ്രശസ്തമായ പെരുമന കുടുംബത്തിലാണ് ജനനം. നാട്ടിലെ പഠനത്തിനുശേഷമാണ് മെഡിക്കൽ വിദ്യാഭ്യാസത്തിനു വിശാഖപട്ടണത്തിൽ പോയത്. അന്നൊക്കെ തിരുവിതാംകൂറിലെ വിദ്യാർത്ഥികൾക്കു വേണ്ടി മദ്രാസിലേയും, വിശാഖപട്ടണത്തിലേയും, കട്ടക്കിലേയും, വെല്ലൂരിലേയും മെഡിക്കൽ കോളേജുകളിൽ ഓരോ കൊല്ലവും രണ്ടു മൂന്നു സീറ്റുകൾ വീതം റിസർവ്വേഷനുകളുായിരുന്നു. 1934- ൽ ഡിഗ്രിയെടുത്ത ഡോ. മഹാദേവൻ പിള്ള കുറച്ചുനാൾ മിലിട്ടറി മെഡിക്കൽ സർവ്വീസിൽ ഉണ്ടായിരുന്നു. അതിനിടയിൽ കല്യാണവും നടന്നു. 1935- ലാണ് ഭാര്യവീട്ടുകാർ അദ്ദേഹത്തെ ശീമയ്ക്ക് പഠിക്കാൻ വിടുന്നത്. സഹപാഠികളായി മദ്രാസിലെ ഡോ. കെ. എസ്. മണിയും പഴയ ചങ്ങാതിമാർ പലരുമുണ്ടായിരുന്നു. അക്കാലത്ത് ശീമയ്ക്കു പോകുന്ന ഇന്ത്യൻ ഡോക്ടർമാർക്ക് എം.ആർ.സി.പിയോ (MRCP- Member of the Royal College of Physicians) എഫ്.ആർ.സി.എസ്സോ (FRCS- Fellow of the Royal College of Surgeons) ആയിരുന്നു വേണ്ടി യിരുന്നത്. ഇതിനൊക്കെ പല തവണ കുത്തിനോക്കും. മിക്കവരും ഇതിലേതെങ്കിലും ജയിക്കും. അല്ലാത്തവർ ഗ്ലാസ് ഗോയിൽ അന്നുണ്ടായിരുന്ന താരതമ്യേന എളുപ്പമായ എഫ്. ആർ.എഫ്.പി.എസ്സിനോ (Fellow of the Royal College of Physicians and Surgeons). ഈ ഡിപ്ലോമ 1967- 66 ഒക്കെയായപ്പോൾ നിറുത്തി, (അതെടുത്തവരെയെല്ലാം ഗ്ലാസ്ഗോ എം.ആർ.സി.പി കളാക്കി), അന്ന് ആരും പോകാത്ത ഐയർലിലെ എം.ആർ.സി.പിയ്ക്കോ ശ്രമിക്കും. അവയും കിട്ടാതെ വരുമ്പോളാണ് ഒന്നുമില്ലാതെ മടങ്ങുന്നത്.
1940 വരെ ആ പരീക്ഷകളുമായി മല്ലിട്ട ഡോ. മഹാദേവൻ പിള്ള സുല്ലിട്ടു തോറ്റാണ് ഇന്ത്യയിലേക്കു മടങ്ങിയത്. അതു കാരണം ബന്ധുക്കളുടേയും സഹപ്രവർത്തകന്മാരുടേയും കളിയാക്കലാണ് നേരിട്ടത്.
സർവ്വീസിൽ വീണ്ടും കയറിയ ഡോ. മഹാദേവൻ പിള്ളയ്ക്ക് മദ്രാസ് പ്രസിഡൻസിയുടെ പലയിടത്തുമാണ് പോസ്റ്റിങ്ങ് കിട്ടിയത്. പരിഹാസം സഹിക്കാനാവാതെ വീണ്ടുമൊരു ശീമശ്രമം നടത്തി. അപ്പോൾ വലിയ പരീക്ഷകൾക്കൊന്നും പോകാതെ അന്നാരും ചെന്നെടുക്കാത്ത ചില ഡിപ്ലോമകൾക്കാണ് ശ്രമിച്ചത്. ഭാഗ്യത്തിനു ആദ്യം നോക്കിയ റേഡിയോ ളജി ഡിപ്ലോമ (DMR- Diploma in Medical Radiology) തന്നെ കിട്ടി. ഇന്ന് റേഡിയോളജി മെഡിക്കൽ പി.ജി പഠനത്തിലേറ്റവും ആകർഷക മാണെങ്കിലും അന്നത് ആർക്കും വേണ്ടാത്ത വിഷയമായിരുന്നു.
കുറെ നാൾ കൂടി ഡോ. മഹാദേവൻ പിള്ള ശീമയിൽ തങ്ങി ഉന്നത റേഡിയോളജി പരിശോധകൾ കണ്ടു പഠിച്ചു. തിരികെ നാട്ടിലെത്തിയത് റേഡിയോളജി വിദഗ്ധനായാണ്. കുറെ ചരടുകൾ വലിക്കേണ്ടിവന്നു മദ്രാസിലെ പ്രസിദ്ധമായ റേഡിയോളജി സ്ഥാപനമായ ബെർണാർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ജൂനിയറായിട്ടെങ്കിലും കയറാൻ.

1949 അവസാനം ന്യൂറോ സർജറി ട്രെയിനിങ്ങും കഴിഞ്ഞു മടങ്ങിയ ഡോ. രാമമൂർത്തിക്ക് വെല്ലൂരിലെ ഡോ. ജേക്കബ് ചാണ്ടിയെപ്പോലെ തന്റെ സ്പെഷ്യാലിറ്റി വിഭാഗം തുടങ്ങാൻ കടമ്പകളേ ഉണ്ടായിരുന്നുള്ളു. സർജറി തീയേറ്റർ കിട്ടുന്നത് ബാക്കി ജനറൽ സർജന്മാരുടെ പണിയെല്ലാം കഴിഞ്ഞ് വൈകുന്നേരം അഞ്ചു കഴിഞ്ഞ്. ക്ഷീണിച്ചിറങ്ങി വരുന്ന ജൂനിയേഴ്സിന്റെ കാലു പിടിക്കണം തന്നെ അസിസ്റ്റ് ചെയ്യാൻ. കിട്ടുന്ന രോഗികൾ ഊർധശ്വാസംവരെ വലിക്കുന്ന നിലയിലുള്ള മരണത്തോടടുത്ത ആർക്കും വേണ്ടാത്തവർ. എന്നാലും അവസാനശ്രമമെന്ന മട്ടിൽ അവരേയും ഡോ. രാമമൂർത്തി എടുക്കും. അങ്ങനെയുള്ളവർ പോലും രക്ഷപ്പെട്ടത് ആരും അറിഞ്ഞില്ല. പക്ഷെ മരിച്ചുപോയവരുടെ കഥകൾ പൊടിപ്പും തൊങ്ങലുമായി പരക്കും.
ഇന്ത്യയിൽ അന്നു രണ്ടു പേർ മാത്രമേ ന്യൂറോ സർജറി ചെയ്യുന്നുണ്ടായിരുന്നുള്ളൂ. വെല്ലൂരിൽ ഡോ. ജേക്കബ് ചാണ്ടിയും മദ്രാസിൽ ഡോ. രാമമൂർത്തിയും. രണ്ടുപേർക്കും സഹപ്രവർത്തകരിൽ നിന്ന് പ്രശസ്തിയല്ല പരിഹാസമാണ് കിട്ടിയത്. ജേക്കബ് ചാണ്ടി ‘ആയിരം തലൈവാങ്ങിയ
അപൂർവ്വ മനിതനായി’
(‘ആയിരം തലൈവാങ്കിയ
അപൂർവ്വ ചിന്താമണി’ എന്നൊരു സിനിമാപ്പേരിന്റെ പാരഡിയായിരുന്നു അത്), തലയിൽ ‘തുള’ (Burr) ഇടുന്ന ബി. രാമമൂർത്തി ‘ബർഹോൾ രാമമൂർത്തിയും’.
ന്യൂറോ സർജറികൾക്കുവേണ്ട റേഡിയോളജി പരിശോധനകൾ ചെയ്തുകിട്ടാൻ അന്ന് ഡോ. രാമമൂർത്തിക്ക് ജനറൽ ആശുപത്രിയിൽ മാർഗ്ഗമൊന്നുമില്ലായിരുന്നു. ബെർനാർഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ മഹാദേവൻ പിള്ളയെ കൂട്ടുപിടിക്കുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ഡോ. മഹാദേവൻ പിള്ള ഒരു പ്രൈവറ്റ് റേഡിയോളജി ക്ലിനിക്കും തുടങ്ങിയിരുന്നു.
പക്ഷെ ഡോ. മഹാദേവൻ പിള്ളയ്ക്ക് ഡോ. രാമമൂർത്തിക്കു വേണ്ട ന്യൂറോ റേഡിയോളജി പരിശോധനകൾ ചെയ്തു പരിചയവുമുണ്ടായിരുന്നില്ല. കഴുത്തിൽ ഒരു കുത്തു കുത്തി കരോട്ടിട്ട് ആർട്ടറിയിൽ സൂചി കയറ്റാനുള്ള വൈദഗ്ധ്യമോ (Carotid Angiogram), രോഗിയെ റേഡിയോളജി ടേബിളിനടുത്ത് ഇരുത്തി നട്ടെല്ല് കിഴിച്ച് ലമ്പാർ പങ്ക്ചർ (Lumbar Puncture) ചെയ്ത് വായു മസ്തിഷ്കത്തി ലേക്കു കുത്തിവച്ച് എക്സ്റേകൾ എടുക്കാനോ (Pneumoencephalogram), തലയോട്ടി തുരന്ന് മസ്തിഷ്കത്തിലൂടെ സൂചി കയറ്റി അതിനുള്ളിലെ ജലഗുഹകളിൽ മയോഡിൽ / പാെൻറാപ്പേക്ക് (Myodil / Pantopaque) കുത്തിവയ്ക്കാനോ ഒന്നും മഹാദേവൻ പിള്ളയ്ക്ക് അറിഞ്ഞുകൂടായിരുന്നു. തന്റെ ആശുപത്രി പണിയൊക്കെ കഴിഞ്ഞ് വൈകുന്നേരമോ രാത്രിയോ, ഡോ. രാമമൂർത്തി ചെല്ലും, ആവശ്യം വരുകയാണെങ്കിൽ സർജറി ചെയ്യാനുള്ള ഉപകരണങ്ങളുമായി. രണ്ടുപേരും ഒരുമിച്ചാണ് ഈ വിദ്യകൾ സ്വായത്തമാക്കിയത്. ഒട്ടും വൈകാതെ തന്നെ ഡോ. മഹാദേവൻ പിള്ളയും ഈ ടെക്നിക്കുകളൊക്കെ സ്വയം ചെയ്യലായി. ഡോ. രാമമൂർത്തിയുടെ അതിവിപുലമായ പ്രൈവറ്റ് പ്രാക്ടീസിനു സമാനമായി ഡോ. മഹാദേവൻ പിള്ളയുടെ റേഡിയോളജി പ്രാക്ടീസും വളർന്നു. ഡോ. രാമമൂർത്തിയുടെ ഒരു അപ്പോയിൻറ്മെൻറ് കിട്ടാൻ അന്നൊരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ഡോ. മഹാദേവൻ പിള്ള വഴി പോകുക. ഡോ. രാമമൂർത്തിയുടെ രോഗികൾക്കൊക്കെ ഡോ. മഹാദേവൻ പിള്ളയുടെ റേഡിയോളജിയും വേണം. മദ്രാസ് പ്രസിഡൻസിയിൽ നിന്നു മാത്രമല്ല, ഇന്ത്യയൊട്ടാകെ നിന്നും ലങ്കയിൽ നിന്നുമൊക്കെ രോഗികൾ വന്നിരുന്നു.
ഇവരുടെ ഒരുമിച്ച വിജയം നാട്ടിലൊക്കെ പാട്ടായി, അസൂയ മൂത്ത് എതിർപ്പായി. ബെർണാർഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന്നത്തെ ചീഫായിരുന്ന ലഫ്റ്റനൻറ് കേണൽ ഡോ. പ്രസാദറാവു ആയിരുന്നു എതിരാളികളിൽ മുന്നിൽ. അദ്ദേഹത്തിന്റെ എതിർപ്പൊന്നും ഡോ. രാമമൂർത്തിക്ക് ഒന്നുമല്ലായിരുന്നു. ബ്രാഹ്മണവൈരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ്, കരുണാനിധി, ഡോ. രാമമൂർത്തിയുടെ രോഗിയും പിന്നെ നിതാന്ത സുഹൃത്തുമാകുന്നത്. അതിനുമുമ്പിൽ കാഴ്ചയ്ക്കു പ്രശ്നമുണ്ടായിരുന്ന പ്രസാദറാവു നിസ്സഹായനായിരുന്നു. ഡോ. മഹാദേവൻ പിള്ളയും, ഡോ. രാമമൂർത്തിയും റാവുവിനെ വിളിച്ചിരുന്നത് ‘ധൃതരാഷ്ട്രർ’ എന്നായിരുന്നു.
ഡോ. രാമമൂർത്തിയും ഡോ. മഹാദേവൻ പിള്ളയും ധനികരായി. പ്രമാണിമാരായി. മദ്രാസിലും മറ്റു പലയിടത്തും വീടുവച്ചു. ഡോ. രാമമൂർത്തിയുടെ കൊല്ലത്തിലൊരിക്കലുള്ള രണ്ടു മാസം സ്വൈരവാസത്തിനും, പഠനങ്ങൾക്കും കൊടൈക്കനാലിൽ ഒരു വിശ്രമഗേഹമായി.
ഡോ. മഹാദേവൻ പിള്ളയ്ക്ക് മദ്രാസിലൊരു സ്വന്തം വലിയ വീടായി, ‘സദാമംഗളം’ എന്ന പേരിൽ. തന്റെ പ്രൈവറ്റ് പ്രാക്ടീസിനായി അന്നു കിട്ടാൻ പ്രയാസമായിരുന്ന ഒരു 300-ാമത് എക്സ്റേ മെഷീനും വാങ്ങി. വെറും പ്രൈവറ്റ് പ്രാക്ടീസും പണവും മാത്രമായിരുന്നില്ല ഡോ. രാമമൂർത്തി- ഡോ. മഹാദേവൻ പിള്ള കൂട്ടുകെട്ടിലുണ്ടായത്. ലോകപ്രസിദ്ധി നേടിയ പത്തു- പന്ത്രണ്ട് ഗവേഷണ പ്രബന്ധങ്ങളുമുണ്ടായി.
പക്ഷെ കുറെ കൊല്ലം കഴിഞ്ഞപ്പോൾ ഡോ. മഹാദേവൻ പിള്ളയുടെ ‘പെരിപാറ്റെറ്റിക്’ സ്വഭാവം ഉണർന്നു. അലഞ്ഞുതിരിയൽ ഭ്രമം മൂത്തു വന്നപ്പോഴാണ് 1958–59 ൽ ബാംഗ്ലൂളിൽ നിന്ന് മണിയുടെ വിളി വരുന്നത്. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ടേക്കായി പ്രയാണം. ഡോ. രാമമൂർത്തിക്ക് അതൊരു വല്ലാത്ത അടിയായി.
ആർ. എം. വർമ്മയുടെ നേതൃത്വത്തിൽ നിംഹാൻസ് ദേശീയ പ്രാധാന്യം നേടിയ വൈദ്യസ്ഥാപനമായി. പക്ഷെ 1960- കളുടെ ആദ്യത്തിൽ തന്നെ ഡോ. മഹാദേവൻ പിള്ള അവിടെ നിന്ന് റിട്ടയർ ചെയ്തു മദ്രാസിൽ തിരികെ വന്നു പ്രാക്ടീസു തുടർന്നു. അതും മടുത്തപ്പോഴാണ് തിരുവിതാംകൂർ പ്രദേശത്തെ രാഷ്ട്രീയ ഭീഷ്മാചാര്യരായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള തന്റെ ചികിത്സയ്ക്കുവേണ്ടി ബാംഗ്ലൂരിൽ ചെന്നു ഡോ. മഹാദേവൻ പിള്ളയെ കാണുന്നത്. ശങ്കുപ്പിള്ളയാണ് ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ക്ഷണിക്കുന്നത്. നാട്ടിലേക്കു വരണമെന്നു പണ്ടേ ഒരു പ്ലാനുണ്ടായിരുന്നു ഡോ. മഹാദേവൻ പിള്ളയ്ക്ക്. കുമ്പളത്തിന് അന്നത്തെ ചീഫ് മിനിസ്റ്റർ ശങ്കറിനെ ഒന്നു വിളിച്ചു പറയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. മഹാദേവൻ പിള്ളയെ മൂന്നു കൊല്ലത്തെ (2.11.1962– 2.11.1965) കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ പ്രൊഫസറായി നിയമിക്കാൻ.
അതുവരെ ഉറക്കം തൂങ്ങി വിഭാഗമായിരുന്ന തിരുവനന്തപുരം റേഡിയോളജി സടകുടഞ്ഞെഴുന്നേറ്റ കാലമായിരുന്നു പിന്നെ. പ്രത്യേക പരിശോധനകൾ പലതും നടാടെ തുടങ്ങി. പിന്തുണയ്ക്കാൻ അധികം പേരില്ലായിരുന്നു. മെഡിസിനിലെ പൈ സാറും, സർജറിയിലെ രാഘവാചാരി സാറും മാത്രം മതിയായിരുന്നു സപ്പോർട്ടിന്. 1963- ലാണ് റേഡിയോളജിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ തുടങ്ങുന്നത്. എം.ഡി റേഡിയോളജി എടുത്ത രണ്ടുമൂന്നു പേരുണ്ടായിരുന്നു അന്നേ തന്നെ.
1965 നവംബറിൽ തന്റെ കോൺട്രാക്റ്റ് കാലം പൂർത്തിയാക്കിയശേഷം അടുത്ത ചാട്ടം സാംബിയയിലേക്കായിരുന്നു. അതും വിഖ്യാതമായ ലോകാരോഗ്യസംഘടനയുടെ ജോലി, 1975 വരെ. അതും കഴിഞ്ഞു മടങ്ങിയ ഡോ. മഹാദേവൻ പിള്ള പിന്നെ കൊച്ചിയിലേക്കാണ് കളം മാറ്റിയത്, ഒരു പ്രൈവറ്റ് എക്സ്റേ ലാബുമായി. അറുപത്തേഴു വയസ്സായി, ഇനി തന്റെ പ്രൊഫഷണൽ അക്കാദമിക് പോര് മതിയാക്കാമെന്നു കരുതിയ ഡോ. മഹാദേവൻ പിള്ള കായംകുളം തറവാട്ടിലേക്കാണ് പിന്നെ താമസം മാറ്റിയത്.

അപ്രതീക്ഷിതമായാണ് പിന്നുള്ള കാര്യങ്ങൾ നടന്നത്. ശ്രീചിത്ര തിരുനാൾ മെഡിക്കൽ സെൻററിന്റെ ആദ്യ കാലങ്ങൾ വളരെ ശോചനീയമായിരുന്നു. ഡോ. വലിയത്താൻ വന്നയുടൻ ആദ്യം അഭിമുഖീകരിക്കേിവന്നത് കുറുക്കനും, നായും മരപ്പട്ടിയും പൂച്ചയുമൊക്കെ പെറ്റു പെരുകിക്കിടന്ന, പശുക്കൾ മേഞ്ഞുനടന്ന ആ ക്യാമ്പസ് ഒന്നു വൃത്തിയാക്കാനായിരുന്നു. കാര്യമായി സ്റ്റാഫ് ആരുമില്ല. പ്രീ പാരാ ക്ലിനിക്കൽ മേഖലയിലായിരുന്നു കടുത്ത ക്ഷാമം. അതും പരിണതപ്രജ്ഞരായ സീനിയർ സ്റ്റാഫ്. അവിടത്തെ ഗവേണിങ്ങ് ബോഡി മീറ്റിങ്ങിനു ഒരിക്കൽ വന്ന ഡോ. രാമമൂർത്തിയാണ് ഡോ. വലിയത്താനോട് ഡോ. മഹാദേവൻ പിള്ളയുടെ കാര്യം പറഞ്ഞത്, ഇതെക്കാളും യോഗ്യനായ ഒരു റേഡിയോളജിസ്റ്റിനെ ഇന്ത്യയിൽ കിട്ടില്ല എന്നും. അന്നു രാത്രി തന്നെ ഡോ. രാമമൂർത്തിയും, ഡോ. വലിയത്താനും കായംകുളത്ത് ചെന്ന് മഹാദേവൻ പിള്ളയെ കണ്ട് കാര്യം പറയുന്നു. തന്നെ ഒഴിവാക്കാനാണ് ആദ്യത്തെ പ്രതികരണം. പക്ഷെ കുറച്ചു നാളത്തേങ്കിലും നിശ്ചയമായും വരണമെന്ന് ഡോ. രാമമൂർത്തിയും. തന്റെ പഴയ ചങ്ങാതിയുടെ വാക്കു തള്ളിക്കളയാനായില്ല മഹാദേവൻ പിള്ളയ്ക്കും. ചെന്നു, ഒന്നും രണ്ടും കൊല്ലമല്ല, നാലുകൊല്ലത്തിലധികം അവിടെ തങ്ങി (1.7.1975–31.12.1979). ഭാഗ്യത്തിന് സി.റ്റി.യും, എം. ആർ.ഐയും ഒക്കെ വരുന്നതിനു മുമ്പ് തന്റെ പഴയ പരിശോധനകൾവച്ച് അദ്ദേഹത്തിനു രക്ഷപ്പെടാനുമായി.
ചിത്രയിൽ നിന്നു പിരിയുന്നതിനു മുമ്പു അദ്ദേഹത്തിന്റെ സഹധർമ്മിണി നിര്യാതയായി. പിന്നെയും ഏകനായി ഏഴുകൊല്ലം കൂടി കഴിഞ്ഞാണ് 77ാം വയസ്സിൽ മരണം (24.10.1985).
ഇന്ന് ന്യൂറോറേഡിയോളജി പരിശോധനകൾ നിസ്സാരമായി ചെയ്യാമെങ്കിലും ഡോ. മഹാദേവൻ പിള്ളയുടേയും, ഡോ. രാമമൂർത്തിയുടേയും കാലത്ത് തലയോട്ടിയ്ക്കകത്തുള്ള കാര്യങ്ങളെല്ലാം സർവ്വസമസ്യകളായിരുന്നു. അന്നുണ്ടായിരുന്ന പരിശോധനകളെ ഇന്നു പുച്ഛിച്ചു തള്ളാമെങ്കിലും അവ കൊണ്ട് ജീവിതം തിരികെ കിട്ടിയത് പതിനായിരങ്ങൾക്കാണ്.
READ: നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

