ലീല, എന്റെ പ്രിയ സ്‌നേഹിത

വളരെ ‘ഡാർക്ക്’ എന്നു പറയാവുന്ന ഈ ഓർമ്മ, എഴുതണോ എന്ന് ഞാൻ പല തവണ ആലോചിച്ചു. പക്ഷെ, മറക്കാനാവാത്ത രോഗികളെ ഓർത്തെടുക്കുമ്പോൾ, ലീലയെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയുന്നതെങ്ങിനെ? ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ മറക്കാനാകാത്ത രോഗിയെക്കുറിച്ച് ഡോ. നവ്യ ജെ. തൈക്കാട്ടിൽ എഴുതിയ ലേഖനം.

വൾ ഇത്തിരി തടിച്ചിരുണ്ടിട്ടാണ്. നീളം കുറച്ച് വെട്ടിയ മുടി, ഒഴിഞ്ഞ കാതുകളുടെ പുറകിൽ തിരുകി വെച്ചാണ് ലീല എല്ലാ മാസവും ഒ.പിയിൽ വരിക. എപ്പോൾ കാണുമ്പോഴും, മുടിയിലെ എണ്ണ നെറ്റിയിലൂടെ കിനിഞ്ഞിറങ്ങുന്നുണ്ടാവും.

നാൽപ്പത് കഴിഞ്ഞ പ്രായം, മുഖത്ത് എപ്പോഴും ചിരി. കൗൺസലിങ് സെഷൻ കഴിഞ്ഞാണ് എന്റെ ഒ.പി മുറിയിലേക്ക് കയറിവരിക. HIV-യുടെ മരുന്നുകൾ കൃത്യമായി കഴിക്കുന്നതുകൊണ്ട്, പ്രത്യേകിച്ച് ഇപ്പോൾ അസുഖങ്ങളോ ലക്ഷണങ്ങളോ ഒന്നുമില്ല. എന്നാലും മാസം തോറും മരുന്നുവാങ്ങാൻ വരുമ്പോൾ എന്നെ വന്നു കാണും, വിശേഷങ്ങൾ പറയും. പരിസരബോധമില്ലാതെ ചിരിക്കും. അയൽ ജില്ലയിൽ നിന്ന് രാവിലെ നേരത്തേ ബസ്​ പിടിച്ചു മെഡിക്കൽ കോളേജിൽ എത്തുന്നതുവരെയുള്ള വിശേഷവും, വരുന്നവഴി കഴിച്ച ഭക്ഷണത്തെ കുറിച്ചും, പുറത്തെ വെയിലിന്റെ ചൂടിനെക്കുറിച്ചും സന്തോഷത്തോടെ പറഞ്ഞിട്ട് പോകും. ബുദ്ധിമുട്ടാണെങ്കിൽ എല്ലാ മാസവും വരേണ്ട, രണ്ടു മാസത്തേക്ക് ഒരുമിച്ച് മരുന്ന് തരാമെന്ന് പറഞ്ഞാലും പറയും; വേണ്ട, എത്ര ദൂരം വന്നാലും കുഴപ്പമില്ല, ഇവിടെ വന്ന് ഡോക്ടറെ കാണുമ്പോ എന്നോട് വിശേഷം ഒക്കെ ചോദിക്കൂലോ, അതൊരു സന്തോഷമാണ്, അതുകൊണ്ട് എല്ലാ മാസവും വരും. ഇതും പറഞ്ഞ് സ്റ്റൂളിലിരുന്ന് കുലുങ്ങിക്കുലുങ്ങി ചിരിക്കും.

മരുന്ന് മുടക്കരുത്, സമയം തെറ്റിക്കരുത് എന്നൊക്കെ പറഞ്ഞാലും, അതൊന്നും ഗൗരവമായി എടുക്കാതെ ഇരുന്ന് നിഷ്കളങ്കമായി ചിരിക്കും.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്

മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം

ഡോക്ടർ അമ്മയാവുമ്പോൾ

ലീലയെ സംബന്ധിച്ച്, മാസം തോറുമുള്ള ഈ വരവ്, ഒരു ഒളിച്ചോട്ടമായിരിക്കണം. യാഥാർത്ഥ്യത്തിൽ നിന്നും, ജീവിതത്തിൽ നിന്നും ഒരു ദിവസത്തേക്ക് ഒന്നു മാറിനിൽക്കുക. ഒരു സാധാരണ സ്​ത്രീയോട് എന്ന പോലെ HIV ട്രീറ്റ്മെൻ്റ് സെൻ്ററിലെ എല്ലാവരും സ്​നേഹത്തോടെ പെരുമാറുന്ന, അവർ പറയുന്ന വിശേഷങ്ങൾ കേൾക്കുകയും, അവർ ചിരിക്കുമ്പോൾ, അനുകമ്പയോടെയും സൗഹൃദത്തോടെയും കൂടെ ചിരിക്കുന്നൊരിടം.

ലൈംഗിക തൊഴിലാളികൾക്കുള്ള സ്​ക്രീനിംഗിലാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് ലീലയ്ക്ക് HIV കണ്ടെത്തിയത്. ചികിത്സ തുടങ്ങിയിട്ട് വർഷങ്ങളായിട്ടുണ്ടായിരുന്നു. പൊതുവിൽ ഒന്നും ഗൗരവത്തിൽ എടുക്കാത്ത അവരെ, മറ്റു പലരെയും പോലെ ഈ രോഗം കാര്യമായി അലട്ടുന്നതായി തോന്നിയിരുന്നില്ല.

അവിടെ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷമാണ് എനിക്കുചുറ്റും ഒരു സമാന്തര ലോകമുണ്ടെന്നുപോലും തിരിച്ചറിയുന്നത്. ആൾത്തിരക്കിലും, നിറഞ്ഞ വീഥികളിലും ഒക്കെ, ജീവിതം പല വഴിക്കെത്തിച്ച മുഖങ്ങളുണ്ടായിരുന്നു. എന്നാൽ അവരെ ആൾക്കൂട്ടത്തിൽ എനിക്ക് തിരിച്ചറിയാമെന്നായി. ലൈംഗിക തൊഴിലാളികൾക്ക് ആറ് മാസം കൂടുമ്പോൾ, HIV ഉണ്ടോ എന്നും, മറ്റു ലൈംഗിക രോഗങ്ങളുണ്ടോ എന്നുമൊക്കെ സ്​ക്രീൻ ചെയ്യാൻ സർക്കാർ ഫണ്ടിംഗോടെ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത് ഒരു സന്നദ്ധ സംഘടനയായിരുന്നു. അത്തരം സ്​ക്രീനിംഗിൽ മെഡിക്കൽ ഓഫീസറായി പങ്കെടുത്തു ഒരിക്കൽ തിരിച്ചുവരുമ്പോൾ, ഓട്ടോ കിട്ടാതെ ഞാൻ റോഡരികിൽ കാത്തുനിൽക്കുകയാണ്. കൂടെ സ്​ക്രീനിംഗിന് വന്ന ഒരു സ്​ത്രീയുമുണ്ട്. ഓട്ടോകൾ കുറവായതിനാൽ ഒരു ഓട്ടോയിൽ ഞങ്ങൾ രണ്ടുപേരും കയറി. പോകുന്ന വഴി അവരെ സ്റ്റാൻഡിൽ ഇറക്കി. അവർ ഇറങ്ങിയതും ഓട്ടോക്കാരൻ എന്നെ ശാസിച്ചു, നിങ്ങൾക്ക് ഇവരെയൊക്കെ അറിയാഞ്ഞിട്ടാണ്. ഇങ്ങനെയുള്ളവരോട് എന്തിനാ സംസാരിക്കുന്നതും കൂടെ ഓട്ടോയിൽ കയറ്റുന്നതുമൊക്കെയെന്ന് അയാൾ. ഞാൻ അയാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

വൈകുന്നേരങ്ങളിലെ നടത്തങ്ങളിൽ, നിറമുള്ള വസ്​ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന മിഠായിത്തെരുവ് വീഥികളിൽ, പച്ചക്കറിയും പഴങ്ങളും തിരയുന്നതിന്നിടയിൽ പാളയം മാർക്കറ്റിനടുത്തും, സ്റ്റാൻഡിലുമൊക്കെ, പിന്നീട് എനിക്ക് അവരെ തിരിച്ചറിയാമെന്നായി. പലർക്കും കാണുമ്പോൾ മുഖത്ത് ഒരു തിളക്കമുണ്ടാകും, കണ്ണിൽ പരിചിതഭാവവും. കൂടെയുള്ളവർ കാണാതെ, കണ്ണുകൾ കൊണ്ട് തിരിച്ച് ചിരിച്ചുകൊണ്ട് ഞാനും മുന്നോട്ട് നീങ്ങും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ജയിൽവാസം കഴിഞ്ഞവർ ഇങ്ങനെ സ്​ഥിരമായി ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്നിരുന്ന പലരെയും അങ്ങനെ കാണുമായിരുന്നു. അവിടെയുള്ള ജോലിയിൽ നിന്ന് പോന്നിട്ട് പന്ത്രണ്ടു വർഷത്തിലധികമായി.

പോരാറായ സമയത്ത് ലീല ART സെൻ്ററിൽ വരാതെയായിട്ട് മൂന്ന് മാസമായിരുന്നു. പൊതുവെ അങ്ങനെ വരാതിരിക്കാറില്ല. കൗൺസിലർമാർ രണ്ടു മാസമായി പല വഴിക്ക് വിളിച്ച് നോക്കിയിട്ട് കിട്ടുന്നുമില്ല. അവരുടെ നെറ്റ് വർക്ക് വഴിയും അന്വേഷിച്ചു, ആർക്കും അറിയില്ല. മുടങ്ങാതെ കഴിക്കേണ്ട മരുന്നാണ്, പോരാത്തതിന് ലീല അങ്ങനെ വാരാതിരിക്കാറില്ല, വരാതിരിക്കാൻ അവർക്ക് കഴിയുകയുമില്ല. ഒരു ദിവസം, ദൂരെ നിന്നുള്ള ഒരു സ്റ്റേഷനിൽ നിന്ന് പോലീസ്​ എത്തി, ലീലയെ കുറിച്ച് അന്വേഷിക്കാനാണ്. അന്നാട്ടിലെ ഒരു വിജനമായ കുറ്റിക്കാട്ടിൽ തലയറുത്ത നിലയിൽ ലീലയെ കിട്ടിയത്രേ. കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ആരോ കണ്ടെത്തിയത്. തിരിച്ചറിഞ്ഞത് വളരെ വൈകിയും.

ആ കേസിൽ വലിയ പുരോഗതിയൊന്നുമുണ്ടാവില്ലെന്നും, ആ ഫയൽ വൈകാതെ അടയും എന്നും തോന്നി. അങ്ങനെയും ചില ജീവിതങ്ങൾ...

വളരെ ‘ഡാർക്ക്’ എന്നു പറയാവുന്ന ഈ ഓർമ്മ, എഴുതണോ എന്ന് ഞാൻ പല തവണ ആലോചിച്ചു. പക്ഷെ, മറക്കാനാവാത്ത രോഗികളെ ഓർത്തെടുക്കുമ്പോൾ, നിറം മങ്ങിയ സാരി ചുറ്റി, ആ ചെറിയ സ്റ്റീൽ സ്റ്റൂളിൽ നിറഞ്ഞിരുന്ന്, പല്ലുകൾ മുഴുവൻ കാണിച്ചും ദേഹം മുഴുവൻ കുലുങ്ങിക്കൊണ്ടുമുള്ള ലീലയുടെ നിഷ്ക്കളങ്കമായ ആ ചിരിയാണ് എന്തോ ആദ്യം ഓടിയെത്തുക.

എഴുതാതിരിക്കാൻ കഴിയുന്നതെങ്ങിനെ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments