അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

‘‘ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിച്ചേക്കാവുന്ന രോഗമാണ് അപ്പെൻഡിസൈറ്റിസ്. കൗമാരക്കാരിലും യുവതീയുവാക്കളിലുമാണ് കൂടുതലായി കാണുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാജൻ കുമാർ ടി. എഴുതിയ ലേഖനം.

മുക്ക് സുപരിചിതമായ അസുഖമാണ് അപ്പെൻഡിസൈറ്റിസ് (Appendicitis). ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിച്ചേക്കാം എന്നു മാത്രം. പ്രശസ്ത മാന്ത്രികനായിരുന്ന ഹാരി ഹൗഡിനി 52-ാം വയസ്സിൽ മരിച്ചത് അപ്പെൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്നുള്ള സങ്കീർണതകൾ മൂലമാണ്.

അപ്പെൻഡിസൈറ്റിസ്

അപ്പെൻഡിക്‌സിന്റെ മലയാളപദം വിരരൂപ പരിശോഷിക എന്നാണ്. അപ്പെൻഡിക്‌സ് എന്നത് ഒരു വിരൽപോലെ വൻകുടലിൽനിന്ന് തൂങ്ങിക്കിടക്കുന്ന അവയവമാണ്. അപ്പെൻഡിക്സ് നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശക്തിക്കായി ഉള്ള ലിംഫ് വ്യവസ്ഥയുടെ (lymphatic system) ഭാഗമാണ്. അപ്പെൻഡിക്‌സിലെ ലിംഫ് വ്യവസ്ഥ കൂടുതലായി കുട്ടികളിലും കൗമാരക്കാരിലുമാണ് കാണുന്നത്. അതുകൊണ്ട് ശരീരത്തിന്റെ ഏതുഭാഗത്ത് അണുബാധ വന്നാലും ലിംഫ് വ്യവസ്ഥ ഉത്തേജിപ്പിക്കപ്പെടുകയും ലിംഫ് വ്യവസ്ഥയുള്ള ഭാഗത്തെല്ലാം വീക്കം വരികയും ചെയ്യും. അതുകൊണ്ടുതന്നെ അപ്പെൻഡിസൈറ്റിസ് കൗമാരക്കാരിലും യുവതീയുവാക്കളിലുമാണ് കൂടുതലായി കാണുന്നത്.

പ്രായം കൂടുന്തോറും അപ്പെൻഡിക്‌സിലെ ലിംഫ് വ്യവസ്ഥ ചുരുങ്ങിപ്പോവുകയും അതുകൊണ്ട് അപ്പെൻഡിക്‌സിനുണ്ടാവുന്ന അണുബാധ പ്രായമായവരിൽ കുറവുമായിരിക്കും. പ്രായമായവരിൽ അപ്പെൻഡിസൈറ്റിസ് വരികയാണെങ്കിൽ കൂടുതൽ പരിശോധന നടത്തി വൻകുടലിലെ അർബുദം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അപ്പെൻഡിസൈറ്റിസിനുള്ള കാരണങ്ങൾ

ലിംഫ് വ്യവസ്ഥയ്ക്കുള്ള വീക്കം കാരണം അപ്പെൻഡിക്‌സിന്റെ ദ്വാരം അടഞ്ഞു പോവുകയും അപ്പെൻഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ലിംഫ് വ്യവസ്ഥയുടെ വീക്കം കൂടുന്തോറും അപ്പെൻഡിക്‌സിലെ മർദ്ദം കൂടിവരികയും ക്രമേണ രക്തക്കുഴലുകൾ അടഞ്ഞുപോവുകയും അപ്പെൻഡിക്‌സിന്റെ അഗ്രഭാഗത്തേക്കുള്ള രക്തചംക്രമണം നിലച്ചുപോവുകയും ചെയ്യുന്നു. തത്ഫലമായി അഗ്രഭാഗത്ത് ദ്വാരം വരികയും അണുബാധ വയറ്റിലേക്ക് പടരുകയും ചെയ്യുന്നു.

ലിംഫ് വ്യവസ്ഥയുടെ വീക്കം കൂടാതെ മറ്റു പല കാരണങ്ങൾ കൊണ്ടും അപ്പെൻഡിസൈറ്റിസ് എന്ന രോഗം വരാം. അവയിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ കുടലിൽ ധാരാളമായി കണ്ടുവരുന്ന കൃമി (pinworm). അവ അപ്പെൻഡിക്‌സിലേക്ക് പ്രവേശിക്കുകയും ഒന്നിച്ചുചേർന്ന് അപ്പെൻഡിക്‌സിന്റെ ദ്വാരത്തിന് തടസ്സം സൃഷ്ടിക്കുകയും അപ്പെൻഡിസൈറ്റിസിനുള്ള കാരണമാവുകയും ചെയ്യാം. അതുപോലെതന്നെ നാടവിര (Round worm) അപ്പെൻഡിക്‌സിലേക്ക് പ്രവേശിച്ചാലും അപ്പെൻഡിസൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ ഭക്ഷണപദാർത്ഥങ്ങളോ വിസർജ്ജ്യവസ്തുക്കളോ കെട്ടിക്കിടന്നും (fecolith) അണുബാധ ഉണ്ടാകുന്നു.

ലക്ഷണങ്ങൾ

പ്രധാന ലക്ഷണം അടിവയറ്റിലെ വലതുഭാഗത്തുള്ള വേദനയാണ്. തുടക്കത്തിൽ അപ്പെൻഡിക്‌സിന്റെ വീക്കം കാരണം ഉണ്ടാകുന്ന വേദന പൊക്കിളിനുചുറ്റും ആയിരിക്കും. അതിനുശേഷം അപ്പെൻഡിക്‌സിലെ മർദ്ദം കൂടുന്നതുകാരണം രക്തചംക്രമണത്തിനു കോട്ടം വരികയും അണുബാധ അപ്പെൻഡിക്‌സിന്റെ പുറത്തേക്ക് വ്യാപിച്ച് വേദനയുടെ കാഠിന്യം കൂടി അടിവയറിന്റെ വലതുഭാഗത്ത് കേന്ദ്രീകൃതമാവുകയും ചെയ്യുന്നു. ഛർദ്ദി, പനി, വിശപ്പില്ലായ്മ, വയറുവീർക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ചലിക്കുമ്പോഴും ചുമയ്ക്കുമ്പോഴും ആഴത്തിൽ ശ്വാസമെടുക്കുമ്പോഴും വയറുവേദന കൂടാറുണ്ട്. കൂടാതെ വലതു അടിവയറ്റിൽ അമർത്തുമ്പോൾ വേദന വളരെ കൂടിവരികയും ചെയ്യാറുണ്ട്.

ചില സന്ദർഭങ്ങളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാതെയും അപ്പെൻഡിസൈറ്റിസ് വരാം.

അപ്പെൻഡിക്‌സ് സാധാരണ വൻകുടലിന്റെ അടിഭാഗത്തായി വരികയാണെങ്കിൽ (Retrocecal appendix) അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണമായ അടിവയറിന്റെ വലതുഭാഗത്ത് അമർത്തുമ്പോൾ ഉണ്ടാവുന്ന വേദന കാണാറില്ല (silent appendix). ചില സന്ദർഭങ്ങളിൽ അപ്പെൻഡിക്‌സ് ചെറുകുടലിന്റെ മുന്നിലായോ (precileal) പിറകിലായോ (postileal) കാണപ്പെടുകയാണെങ്കിൽ വയറുവേദനയുടെ കൂടെ ഛർദ്ദിയും അതിസാരവും ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇതുകാരണം പലപ്പോഴും ഛർദ്ദി, അതിസാരം (gastro enteritis) എന്ന രോഗനിർണയം നടത്താനും സാധ്യത ഉണ്ട്. ഇതിനെ missed appendix എന്നു പറയപ്പെടുന്നു.

ഗർഭിണികളിൽ അപ്പെൻഡിസൈറ്റിസ് വരികയാണെങ്കിൽ ഭ്രൂണം വളരുന്നതനുസരിച്ച് ഗർഭപാത്രം വികസിക്കുകയും അപ്പെൻഡിക്‌സിന്റെ സ്ഥാനം മാറാനും അതുവഴി മേൽപ്പറഞ്ഞ പ്രത്യേക ലക്ഷണങ്ങൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.

രോഗനിർണയ പരിശോധനകൾ

രക്തത്തിലെ അളവിൽ ശ്വേതരക്താണുക്കൾ വളരെ കൂടും. Reactive protein എന്ന കോശജ്വലന മാർക്കറുകൾ (inflammatory markers) കൂടുതലാവുന്നു. അൾട്രാസൗണ്ട് സ്‌കാൻ ചെയ്താൽ മിക്കവാറും അപ്പെൻഡിസൈറ്റിസ് രോഗനിർണയം നടത്താവുന്നതാണ്. അൾട്രാസൗണ്ട് സ്‌കാനിങ്ങിൽ രോഗനിർണയം കഴിയുന്നില്ലെങ്കിൽ സി.ടി. സ്‌കാൻ (CT scan) ചെയ്യാവുന്നതാണ്.

അപ്പെൻഡിസൈറ്റിസിന്റെ ലക്ഷണങ്ങളോടുകൂടി വരാവുന്ന
മറ്റുള്ള രോഗങ്ങൾ:

പ്രധാനമായിട്ടുള്ളത് മെസെന്ററിയിലെ ലിംഫ് നോഡിന് വരുന്ന നീർക്കെട്ട്. (Mysenteric lymphadenitis). സ്ത്രീകളിൽ വലതുഭാഗത്തുള്ള അണ്ഡാശയത്തിനുള്ള നീർക്കെട്ടും അപ്പെൻഡിസൈറ്റിസിന്റെ ലക്ഷണത്തോടുകൂടി വരാവുന്നതാണ്.

ചികിത്സാരീതികൾ

അപ്പെൻഡിസൈറ്റിസ് തുടക്കത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ ആന്റിബയോട്ടിക്കുകൾകൊണ്ട് ചികിത്സിച്ചു മാറ്റാവുന്നതാണ്. ആന്റിബയോട്ടിക്കുകൾകൊണ്ട് മാറാത്ത അവസ്ഥയിലും ഇടയ്ക്കിടയ്ക്ക് അപ്പെൻഡിസൈറ്റിസ് വരുന്നുണ്ടെങ്കിലും അപ്പെൻഡിക്‌സ് പൊട്ടി വയറിൽ പഴുപ്പ് നിറഞ്ഞിട്ടുണ്ടെങ്കിലും സർജറി അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

സർജറി രണ്ടുതരത്തിലുണ്ട്. തുറന്ന ശസ്ത്രക്രിയയും താക്കോൽദ്വാര ശസ്ത്രക്രിയയും. തുറന്ന ശസ്ത്രക്രിയ വലിയ കീറലുണ്ടാക്കി ചെയ്യുന്നു. ഇത്തരം ശസ്ത്രക്രിയയ്ക്ക് വേദന കുടുതലായിരിക്കും. മുറിവുണങ്ങാൻ കൂടുതൽ സമയവും ആവശ്യമാണ്. താക്കോൽദ്വാര ശസ്ത്രക്രിയയിൽ വേദന കുറവായിരിക്കും. ചെറിയ മുറിവുമാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ചെലവ് വളരെ കൂടുതലായിരിക്കും.

READ: തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ

Comments