കേരളം ഇന്ത്യയിലെ ആരോഗ്യ സൂചികകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഉയർന്ന സാക്ഷരത, പൊതുജനാരോഗ്യബോധം, പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുടെ വ്യാപനം എന്നിവയാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ. സർക്കാർ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം മോഡേൺ മെഡിസിൻ ആരോഗ്യ സ്ഥാപനങ്ങളും ഈ ആരോഗ്യ നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ- അർദ്ധനഗര മേഖലകളിൽ, വലിയ കോർപ്പറേറ്റ് ആശുപത്രികൾ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ, ഈ സ്ഥാപനങ്ങളാണ് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമായ ആരോഗ്യസേവനങ്ങളുടെ അടിത്തറ.
എന്നാൽ 2018-ൽ നടപ്പിലാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (KCEA) 2018 നിലവിൽ വരുന്നതോടെ, ഈ ചെറുകിട, ഇടത്തരം ആശുപത്രികൾ നേരിടുന്ന വെല്ലുവിളികൾ ഗൗരവമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. രോഗികളുടെ സുരക്ഷയും സേവനനിലവാരവും ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം, പ്രായോഗികതയിൽ ചില ഘട്ടങ്ങളിൽ ഡോക്ടർമാർക്കും സ്ഥാപനങ്ങൾക്കും രോഗികൾക്കും ഒരുപോലെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി മാറുന്നതാണ് നാം കാണുന്നത്.
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018: ഉദ്ദേശ്യവും വ്യാപ്തിയും
KCEA 2018-ന്റെ പ്രധാന ലക്ഷ്യം, സംസ്ഥാനത്തെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളെയും - സർക്കാർ, സ്വകാര്യ, ആയുഷ്, മോഡേൺ മെഡിസിൻ -ഒരേ നിയമചട്ടക്കൂടിനുകീഴിൽ കൊണ്ടുവന്ന്, സേവനങ്ങളുടെ ഗുണനിലവാരവും രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ്.
ആശുപത്രികളുടെ രജിസ്ട്രേഷൻ, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാഫ് മാനദണ്ഡങ്ങൾ, ഉപകരണങ്ങൾ, ഡോക്യുമെന്റേഷൻ, നിരക്ക് സംബന്ധമായ കാര്യങ്ങൾ എന്നിവയെല്ലാം നിയമപരമായി നിർവ്വചിക്കപ്പെടുന്നു.
സൈദ്ധാന്തികമായി ഇത് സ്വാഗതാർഹമായ ഒരു നീക്കമാണെങ്കിലും, അടിസ്ഥാനയാഥാർത്ഥ്യത്തിൽ സ്മോൾ ആന്റ് മീഡിയം മോഡേൺ മെഡിസിൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത് എളുപ്പമല്ലെന്നതാണ് യാഥാർഥ്യം. കൺസൾട്ടേഷൻ സേവനങ്ങളെ KSCE നിയമത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ഇത് നടപ്പാക്കേണ്ട ഇടത്തട്ടിലെ ഉദ്യോഗസ്ഥർക്ക് വ്യക്തത വന്നിട്ടില്ലെന്നാണ് ചില ജില്ലകളിലെ അവരുടെ പ്രവൃത്തികൾ വ്യക്തമാക്കുന്നത്.
സ്മോൾ ആന്റ് മീഡിയം
ആരോഗ്യ സ്ഥാപനങ്ങൾ:
ഘടനയും പരിമിതികളും
കേരളത്തിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 5 മുതൽ 50 ബെഡ് വരെ ഉള്ള സ്മോൾ ആൻറ് മീഡിയം വിഭാഗത്തിലാണ് പെടുന്നത്. ഇവ പലപ്പോഴും ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു ഡോക്ടർകുടുംബം ആരംഭിച്ചതും വർഷങ്ങളായി പ്രദേശവാസികൾക്ക് വിശ്വസ്തമായ സേവനം നൽകുന്നതുമാണ്.
1) പരിമിതമായ സാമ്പത്തികശേഷി.
2) സ്ഥലപരിമിതി (പ്രത്യേകിച്ച് പഴയ കെട്ടിടങ്ങൾ).
3) കുറച്ച് സ്ഥിരം സ്റ്റാഫ്.
4) വളരെ ചെറിയ ചികിൽസാചെലവുകൾ.
5) പ്രദേശിക ജനതയെ ആശ്രയിച്ചുള്ള വരുമാനം.
ഇവയാണ് ഈ സ്ഥാപനങ്ങളുടെ സാധാരണ സവിശേഷതകൾ. ഈ പശ്ചാത്തലത്തിലാണ് KCEA 2018-ന്റെ കർശന മാനദണ്ഡങ്ങൾ വിലയിരുത്തേണ്ടത്.

ഡോക്ടർമാർ നേരിടുന്ന പ്രധാന പ്രതിസന്ധികൾ
1. സാമ്പത്തികഭാരം:
KCEA അനുസരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം, അഗ്നിസുരക്ഷാ നിയന്ത്രണങ്ങൾ, ബയോമെഡിക്കൽ മാലിന്യ സംസ്കരണം, പവർ ബാക്കപ്പ്, റാംപുകൾ, ലിഫ്റ്റ്, അധിക സ്റ്റാഫ് നിയമനം തുടങ്ങിയവയ്ക്ക് വലിയ രജിസ്ട്രേഷൻ ഫീ ആണ് ആവശ്യപ്പെടുന്നത്. ചെറുകിട, ഇടത്തരം ആശുപത്രികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ്. പലരും ലോൺ എടുത്ത് ആശുപത്രി നടത്തുന്നതിനിടയിൽ വീണ്ടും വലിയ നിക്ഷേപം നടത്തേണ്ടി വരുന്നത് ഡോക്ടർമാരെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു.
2.അഡ്മിനിസ്ട്രേറ്റീവ് ഭാരം
ഡോക്ടർമാർ ഇന്ന് ചികിത്സക്കൊപ്പം അതിന്റെ രേഖകളും മറ്റു പേപ്പർ വർക്കുകൾക്കുമായി വലിയ സമയം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. ചികിത്സയ്ക്കായി മാറ്റിവെക്കേണ്ട സമയം ഭരണപരമായ ജോലികൾ വിഴുങ്ങുന്നത് ഡോക്ടറെന്ന നിലയിൽ തൊഴിൽ സംതൃപ്തി കുറയാൻ കാരണമാകുന്നു.
3. നിയമഭീതിയും പരിശോധനകളും
ഇൻസ്പെക്ഷൻ, ഭീമമായ പിഴയീടാക്കലും ലൈസൻസ് വരെ റദ്ദാക്കലും തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ ഡോക്ടർമാരിൽ സ്ഥിരമായ ഒരു നിയമഭീതിയുണ്ടാക്കുന്നു. ഗുരുതരമല്ലാത്ത ചികിൽസാ പിഴവുകൾ പോലും വലിയ കുറ്റമായി കണക്കാക്കപ്പെടുമോ എന്ന ആശങ്ക പലരെയും ഡിഫൻസിവ് ചികിൽസയിലേക്ക് നയിക്കുന്നു.
4. തൊഴിൽസ്വാതന്ത്ര്യം നഷ്ടപ്പെടൽ
ഒരു ഡോക്ടറുടെ ക്ലിനിക്കൽ ജഡ്‌ജ്മെൻറിനെക്കാൾ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിൽസയ്ക്ക് അമിതപ്രാധാന്യം ഇന്നത്തെ കാലത്ത് കൊടുക്കേണ്ടിവരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് തൊഴിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നുവെന്നതും ചികിത്സയുടെ മാനുഷികത കുറയ്ക്കുന്നുവെന്നതും ഒരു സത്യമാണ്.
രോഗികൾ നേരിടുന്ന പ്രതിസന്ധികൾ
1. ചികിത്സാചെലവ് വർദ്ധിക്കൽ:
ആശുപത്രികൾക്ക് ഇത്തരം കാരണങ്ങളാൽ വരുന്ന അധിക ചെലവുകൾ ഒടുവിൽ രോഗികളിലേക്ക് തന്നെകൈമാറ്റപ്പെടുന്നു. കൺസൾട്ടേഷൻഫീസും മറ്റു ചികിൽസാ ചിലവുകളും വർദ്ധിക്കുന്നത് സാധാരണക്കാരന് ചികിത്സ അപ്രാപ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
2. സമീപസ്ഥ സേവനങ്ങളുടെ നഷ്ടം:
KCEA മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ പല ചെറുകിട ക്ലിനിക്കുകളും ചെറുകിട, ഇടത്തരം ആശുപത്രികളും അടച്ചുപൂട്ടുകയോ, സേവനങ്ങൾ ചുരുക്കുകയോ ചെയ്യുന്നു. ഇതോടെ രോഗികൾക്ക് അടുത്തുള്ള ആശുപത്രി ആശ്രയം നഷ്ടപ്പെടുകയും, ദൂരെയുള്ളവലിയ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ വരുകയും ചെയ്യുന്നു.
3. തിരക്ക് വർധിക്കുന്ന വലിയ ആശുപത്രികൾ:
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ പ്രവർത്തനം കുറച്ചാൽ രോഗികൾ നിർബ്ബന്ധമായി വലിയ ആശുപത്രികളിലേക്ക് പോകേണ്ടുന്ന അവസ്ഥ സംജാതമാകും. ഇതോടെ അവിടെയുള്ള ഓപി, അത്യാഹിതവിഭാഗം, വാർഡ് എന്നിവയിൽ തിരക്ക് വർധിക്കുകയും, വ്യക്തിഗത പരിചരണം കുറയുകയും ചെയ്യും.
4. അടിയന്തരസേവനങ്ങളിൽ താമസം:
ഗ്രാമീണ മേഖലകളിലെ ചെറിയ ആശുപത്രികൾ പലപ്പോഴും പ്രാഥമിക അടിയന്തര ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ്. അവ പ്രവർത്തനക്ഷമമല്ലാതാകുന്നത്, അടിയന്തര ഘട്ടത്തിൽ സുവർണ്ണ മണിക്കൂറിൽ (Golden hour) ലഭിക്കേണ്ട ചികിത്സ വൈകാൻ കാരണമാകാം.

ആരോഗ്യ സംവിധാനത്തിലുണ്ടാകുന്ന
വ്യാപക പ്രതിഫലനങ്ങൾ
ചെറുകിട, ഇടത്തരം ആരോഗ്യ സ്ഥാപനങ്ങൾ ദുർബലമാകുന്നത്, കേരളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ സംവിധാനത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇത് വലിയ ആരോഗ്യസ്ഥാപനങ്ങൾ അമിതഭാരത്തിലാകാൻ കാരണമാകും. ഇത് ആരോഗ്യ സേവനങ്ങളുടെ സുസ്ഥിരതയെ തന്നെ ബാധിക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ടാക്കുന്നു.
പ്രതിവിധി
KCEA 2018 പൂർണ്ണമായും നിരാകരിക്കേണ്ട നിയമമല്ല. രോഗികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിനൊപ്പം:
1) ആരോഗ്യസ്ഥാപനത്തിന്റെ വലിപ്പവും തരവും അനുസരിച്ചുള്ള മാനദണ്ഡങ്ങൾ.
2) ചെറുകിട ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇളവുകളും ഇടത്തരം ആശുപത്രികൾക്ക് ആവശ്യമായ പരിവർത്തന കാലയളവും നൽകുക.
3) ചെറുകിട ഇടത്തരം ആരോഗ്യസ്ഥാപനങ്ങൾക്ക് ലോൺ, നികുതിയിളവ് തുടങ്ങിയ സാമ്പത്തിക പിന്തുണ.
4) ശിക്ഷാനടപടികൾക്കു പകരം പ്രോൽസാഹനപരമായ പിന്തുണ.
5) തീരുമാനങ്ങളും നടത്തിപ്പും സുഗമമാക്കാൻ ഡോക്ടർ സംഘടനകളുമായുള്ള ചർച്ചകൾ.
ഇവയെല്ലാം നടപ്പിലാക്കിയാൽ മാത്രമേ നിയമം ലക്ഷ്യമിടുന്ന ഗുണഫലങ്ങൾ യാഥാർഥ്യമാകൂ.
കോർപ്പറേറ്റ്‍വൽക്കരണവും
വിദേശ നിക്ഷേപവും
കഴിഞ്ഞ ഒരു ദശകത്തിനിടെ കേരളത്തിലെ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വിദേശ കമ്പനികളുടെയും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും നിക്ഷേപം ആരോഗ്യമേഖലയിലേക്ക് ശക്തമായി ഒഴുകിയെത്തുകയാണ്. മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, കോർപ്പറേറ്റ് ആശുപത്രികൾ വലിയ മൂലധനവും ആധുനിക സാങ്കേതികവിദ്യകളും വിപണനതന്ത്രങ്ങളും ഉപയോഗിച്ച് ആരോഗ്യ സേവനങ്ങളെ ഒരു വ്യവസായമായി രൂപാന്തരപ്പെടുത്തുന്ന പ്രവണത ശക്തമാണ്. ഈ കോർപ്പറേറ്റൈസേഷൻ സ്വാഭാവികമായി ചെറുകിട, ഇടത്തരം ആരോഗ്യ സ്ഥാപനങ്ങൾക്ക് എത്തിപ്പെടാനാവാത്ത മത്സരാവസ്ഥ സൃഷ്ടിക്കുന്നു. വലിയ ആശുപത്രികൾക്ക് ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചുള്ള ചെലവുകൾ എളുപ്പത്തിൽ താങ്ങാൻ കഴിയുമ്പോൾ, അതേ മാനദണ്ഡങ്ങൾ ചെറുസ്ഥാപനങ്ങൾക്ക് നിലനിൽപ്പിനുള്ള പോരാട്ടമായി മാറുന്നു. ഇതോടെ KCEA 2018 പോലുള്ള നിയമങ്ങൾ, ഉദ്ദേശ്യപൂർവ്വമല്ലെങ്കിലും, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുകൂലവും സ്മോൾ & മീഡിയം ആരോഗ്യ സ്ഥാപനങ്ങൾക്ക് പ്രതികൂലവുമായി മാറുന്ന സാഹചര്യം ഉണ്ടാകുന്നു.

ആരോഗ്യ ഇൻഷുറൻസ്:
സംരക്ഷണമോ നിയന്ത്രണമോ?
സർക്കാർ പദ്ധതികളായ ആയുഷ്മാൻ ഭാരത്, കാരുണ്യ, KASP മുതലായവയും, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ വ്യാപനവും കേരളത്തിലെ ആരോഗ്യരംഗത്തെ മറ്റൊരു വലിയ മാറ്റമാണ്. ഇൻഷുറൻസ്, ചികിത്സാചെലവിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ ഉപാധിയാണ് എന്നു പറയാമെങ്കിലും പ്രായോഗികതയിൽ, ഇൻഷുറൻസ് സംവിധാനത്തിന്റെ അതിപ്രസരം പല പുതിയ പ്രതിസന്ധികളും സൃഷ്ടിക്കുന്നു.
സ്മോൾ & മീഡിയം ആശുപത്രികൾക്ക് ഇൻഷുറൻസ് എംപാനൽമെൻറ് നേടാനും നിലനിർത്താനും വലിയ സാമ്പത്തിക ഭാരമാണ് നേരിടേണ്ടിവരുന്നത്. പാക്കേജ് ചികിൽസാനിരക്കുകൾ പലപ്പോഴും യഥാർത്ഥ ചികിത്സാചെലവുകളെ പ്രതിഫലിപ്പിക്കാത്തതും ഇൻഷുറൻസ് കമ്പനികൾ പണംനൽകാൻ ഒരു പാട് കാലതാമസം വരുത്തുന്നതും ഈ സ്ഥാപനങ്ങളെ സാമ്പത്തികമായി ദുർബലമാക്കുന്നു. പൊതു ജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന ക്ലിനിക്കുകൾക്കാവട്ടെ എംപാനൽമെൻറ് സാധ്യവുമല്ല. ഇതിന് വിപരീതമായി, വലിയ കോർപ്പറേറ്റ് ആശുപത്രികൾക്ക് ഇതിനായുള്ള സ്റ്റാഫും സംവിധാനങ്ങളും ഉപയോഗിച്ച് ഇവ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയും.
ഇതിന്റെ ഫലമായി, ഇൻഷുറൻസ്, രോഗികളെ ചെറുകിട ആശുപത്രികളിൽ നിന്ന് അകറ്റി എംപാനൽമെൻറുള്ള വലിയ ആശുപത്രികളിലേക്ക് വഴിനടത്തുന്ന ഒരു പരോക്ഷസംവിധാനമായി രൂപപ്പെടുന്നു. രോഗിയുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കുറഞ്ഞ്, ക്യാഷ്‌ലെസ്സ് നെറ്റ് വർക്ക് (cashless network) നിർണ്ണയിക്കുന്ന ചികിത്സാപാതയാണ് പ്രബലമാകുന്നത്. ഇത് ഫലത്തിൽ ചികിൽസാ ചിലവു വർദ്ധനയ്ക്ക് കാരണമാകുന്നു.
ഡോക്ടർ- രോഗി ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങൾ
കോർപ്പറേറ്റ് ആശുപത്രിസംസ്കാരം ചികിത്സാ ചെലവ് വർദ്ധിപ്പിക്കുന്നു എന്ന വിമർശനം വ്യാപകമാണ്. സ്മോൾ & മീഡിയം ആരോഗ്യ സ്ഥാപനങ്ങളിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന, വിശ്വാസത്തിൽ അധിഷ്ഠിതമായ മിതമായ ചെലവിൽ മെച്ചപ്പെട്ട ചികിൽസ നൽകുന്ന കുടുംബഡോക്ടർ മോഡൽ ക്രമേണ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഡോക്ടർ ഒരു ഹീലർ (healer) എന്ന നിലയിൽ നിന്ന്, ഒരു സിസ്റ്റത്തിന്റെ ഭാഗമെന്ന നിലയിലേക്ക് മാറുന്ന അനുഭവം പലർക്കുമുണ്ട്.
ഇൻഷുറൻസ് ചികിൽസാപദ്ധതി അനുസരിച്ച് മുൻകൂർ അനുമതി നേടേണ്ടത് (pre authorisation), പാക്കേജ് ചികിൽസാനിരക്കുകൾ, ചികിൽസാ പ്രോട്ടോക്കോൾ എന്നിവ ഡോക്ടറുടെ ചികിൽസാ തീരുമാനങ്ങളിൽ പോലും പരോക്ഷമായി ഇടപെടുന്ന അവസ്ഥകൾ സൃഷ്ടിക്കുന്നു. ഇത് ഡിഫൻസിവ് ചികിൽസാ രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും, വ്യക്തി കേന്ദ്രീകൃത പരിചരണത്തിൽ നിന്ന് പ്രോട്ടോക്കോൾ കേന്ദ്രീകൃത പരിചരണത്തിലേക്ക് മാറാനും കാരണമാകുന്നു.

ചുരുക്കിപ്പറഞ്ഞാൽ, കോർപ്പറേറ്റ്- ഇൻഷുറൻസ് സംവിധാനത്തിന്റെ വളർച്ച രോഗികൾക്ക് ചില സൗകര്യങ്ങൾ നൽകിയെങ്കിലും, അതിനൊപ്പം തന്നെ:
1) അനാവശ്യ പരിശോധനകളും, ചികിൽസകളും മറ്റു നടപടിക്രമങ്ങളും എന്ന ആശങ്ക.
2) മാനുഷിക പരിഗണനയും വ്യക്തിഗത പരിഗണനയും കുറഞ്ഞുള്ള യാന്തിക ചികിൽസാ ക്രമങ്ങൾ.
3) ഇൻഷുറൻസ് ശൃംഖലയിൽ പെടാത്തകാരണം സമീപത്തെ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്ത അവസ്ഥ.
4) അഡ്മിഷൻ, ഡിസ്ചാർജ്ജ്ഘട്ടങ്ങളിൽ ഉള്ള നടപടി ക്രമങ്ങളുടെ സങ്കീർണ്ണത.
ഇവയെല്ലാം രോഗിയെ ബുദ്ധിമുട്ടിലാക്കുന്നു. പ്രത്യേകിച്ച് വയോധികർക്കും ഗ്രാമീണ മേഖലയിലെ രോഗികൾക്കും ഈ സംവിധാനങ്ങൾ പലപ്പോഴും അനുകൂലമല്ല.
KCEA 2018, ഇൻഷുറൻസ് നയങ്ങൾ, വിദേശ നിക്ഷേപനയം എന്നിവയെല്ലാം ഒറ്റയ്ക്കല്ല, ഒരുമിച്ച് ചേർന്നാണ് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്. ഇവയുടെ സംയുക്ത ഫലമായി, ആരോഗ്യ സേവനം ഒരു സാമൂഹ്യ ഉത്തരവാദിത്തത്തിൽ നിന്ന് വിപണി നിയന്ത്രിത വ്യവസായത്തിലേക്ക് മാറുന്നുണ്ടോ എന്ന ചോദ്യം ഗൗരവമായി തന്നെ ചിന്തിക്കേണ്ടതുണ്ട്.
സ്മോൾ & മീഡിയം ആരോഗ്യ സ്ഥാപനങ്ങളെ സംരക്ഷിക്കാതെ പോയാൽ മിതമായ ചിലവിൽ മെച്ചപ്പെട്ട ചികിൽസ എന്ന കേരള മോഡൽ ഹെൽത്ത് കെയർ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നല്ല, നാമാവശേഷമായി കൊണ്ടിരിക്കുകയാണ് എന്നു പറയേണ്ട ഒരു അവസ്ഥയാണുള്ളത്.
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

