കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

‘‘മുട്ടിലെ തരുണാസ്ഥി ദ്രവിക്കുന്നത് മൂലം അസ്ഥികൾ തമ്മിൽ പരസ്പരം ഉരയുന്ന അവസ്ഥയാണ് മുട്ടുകൾക്കുണ്ടാകുന്ന തേയ്മാനം. പ്രായാധിക്യം മൂലമോ, വാതസംബന്ധമായ അസുഖങ്ങൾ മൂലമോ, അപകടം മൂലമോ മുട്ടുകൾക്കുണ്ടാകുന്ന തേയ്മാനം മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ടോണി കവലക്കാട്ട് എഴുതിയ ലേഖനം.

മുട്ടുകൾക്കുണ്ടാകുന്ന തേയ്മാനം ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ്. കാൽമുട്ടിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെയാണ് മുട്ട് തേയ്മാനം എന്ന് വിളിക്കുന്നത്. മുട്ടിലെ തരുണാസ്ഥി ദ്രവിക്കുന്നത് മൂലം അസ്ഥികൾ തമ്മിൽ പരസ്പരം ഉരയുന്ന അവസ്ഥയാണിത്. പ്രായാധിക്യം മൂലമോ, വാത സംബന്ധമായ അസുഖങ്ങൾ മൂലമോ, അപകടം മൂലമോ മുട്ടുകൾക്കുണ്ടാകുന്ന തേയ്മാനം മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

കേടു വന്ന കാൽമുട്ടുകളിലെ സന്ധികളുടെ ഉപരിതലഭാഗം നീക്കി ആ ഭാഗത്ത് കൃത്രിമ സന്ധികൾ വച്ചു പിടിപ്പിക്കുന്ന ഈ ശസ്ത്രക്രിയയിലൂടെ രോഗികൾ അനുഭവിച്ചുവരുന്ന വിഷമതകൾ പൂർണ്ണമായും ഇല്ലാതാക്കാം. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ രോഗാവസ്ഥക്ക് ശമനം കിട്ടുമെങ്കിലും ഉചിതമായ സമയത്ത് മുട്ടു മാറ്റിവെക്കുന്നത് രോഗികളിൽ കൂടുതൽ ഫലപ്രാപ്തി നൽകുന്നു.

പ്രായമായവരിൽ കാണുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന രോഗമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അമേരിക്കയിൽ 70 വയസ്സിന് മുകളിൽ ഉള്ള 20% - 30% ആളുകളും ഓസ്റ്റിയോ ആത്രൈറ്റിസ് പോലുള്ള വിഷമതകൾ അനുഭവിക്കുന്നവരാണ്. ഇന്ത്യൻ ജനതയുടെ ജീവിതരീതികൾ മൂലം ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന രോഗം ഇടുപ്പ് സന്ധിയെ ബാധിക്കുന്നതിലും കൂടുതൽ കാൽമുട്ടിലെ സന്ധിയെയാണ് ബാധിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള ഇന്ത്യൻ ജനതയിൽ 80% ആളുകളും കാൽമുട്ടിലെ ആർത്രൈറ്റിസ് മൂലം വിഷമതകൾ അനുഭവിക്കുന്നവരാണ്. അതിൽ തന്നെ സ്ത്രീകളിൽ രോഗം കൂടുതലായി കാണപ്പെടുന്നു. വാർദ്ധക്യം കാൽമുട്ട് സന്ധിവേദനക്കൊരു കാരണമാകുകയാണെങ്കിലും അമിത വണ്ണം, കാൽമുട്ടിലെ പരിക്ക് രോഗാണുബാധ, കാലിന് ആയാസകരമായ ജോലി എന്നിവ കാൽമുട്ടിലെ ആർത്രൈറ്റിസ് നേരത്തെ പിടിപെടുന്നതിന് കാരണമാകുന്നു. വേദന, നീർക്കെട്ട്, ചലന പരിമിതി, വൈകല്യം, സന്ധികൾ മടക്കുമ്പോൾ കേൾക്കുന്ന പൊട്ടുന്ന പോലെ ഉള്ള ശബ്ദം എന്നിവ ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ (സന്ധിവാതം) ലക്ഷണങ്ങളാണ്. മുട്ടുകളുടെ X-Ray എടുക്കുന്നതിലൂടെ മുട്ടുകൾക്കിടയിലുള്ള തരുണാസ്ഥികളുടെ തേയ്മാനം മനസ്സിലാക്കാനും കാൽമുട്ടിന്റെ എല്ലുകൾക്കിടയിലെ വിടവ് എത്രത്തോളം കുറഞ്ഞുവെന്ന് മനസ്സിലാക്കാനും സാധിക്കുന്നു. കൂടാതെ മുട്ടിലെ വൈകല്യം, അസ്ഥികളിൽ കാണുന്ന ചെറിയ വളർച്ച (Osteophytes) എന്നിവയിലൂടെ മുട്ടിലെ സന്ധിവേദനക്കുള്ള കാരണങ്ങളും വ്യാപ്തിയും കുറച്ചുകൂടി മനസ്സിലാക്കുവാൻ X-Ray യിലൂടെ സാധിക്കുന്നു.

മുട്ടിലെ സന്ധിവേദനയുമായി രോഗികൾ എത്തുമ്പോൾ അവരെ അസുഖത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും അസുഖത്തിന് കാരണമായ അമിതവണ്ണം നിയന്ത്രിക്കുകയും, വേദന മൂർച്ഛിക്കാത്ത സാഹചര്യങ്ങൾ ഒഴിവാക്കുകയും, ഫിസിയോതെറാപ്പി നിർദ്ദേശിക്കുകയും ചെയ്യുന്നു. വേദനയുടെ തീവ്രതയനുസരിച്ച് ഗ്ലൂക്കോസാമിൻ പോലുള്ള മരുന്നുകൾ, വേദനസംഹാരി, മുട്ടിനിടയിൽ എടുക്കുന്ന കുത്തിവെയ്പ്പ് എന്നിവയിലൂടെ രോഗികളുടെ കഠിനമായ വേദനക്ക് താൽക്കാലിക ശമനം കണ്ടെത്താൻ കഴിയുന്നു. എന്നാൽ ഇവയിലൂടെ രോഗികൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല.

രോഗത്തിന്റെ തീവ്രതയും, രോഗികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടും പരിഗണിച്ച് രോഗികളിൽ കാൽമുട്ട് സന്ധികൾ മാറ്റി വയ്ക്കുന്നതിന് നിർദ്ദേശിക്കുന്നു.

സമ്പൂർണ്ണ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയും, ഭാഗിക മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയും രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കണ്ടെത്താവുന്നതാണ്. ക്രോമിയം, കോബാൾട്ട് അലോയ്, ടൈറ്റാനിയം തുടങ്ങിയവ കൊണ്ട് ഇന്ത്യയിലും, വിദേശത്തും നിർമ്മിച്ച കൃത്രിമ മുട്ടുകൾ ഇന്ന് കേരളത്തിൽ സുലഭമാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വളരെ ചെറിയ മുറിവിലൂടെ മുട്ട് മാറ്റിവെക്കാൻ കഴിയുന്നതിലൂടെ ഇന്ന് ശസ്ത്രക്രിയാനന്തരം വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനും സാധിക്കുന്നു.

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ സന്ധിവാതം മൂലമുള്ള വേദന പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയുന്നതോടൊപ്പം, അത് സന്ധികൾക്കുണ്ടാക്കിയ വൈകല്യങ്ങൾ ഇല്ലാതാക്കാനും, സന്ധികളുടെ ചലനശേഷി പുന:സ്ഥാപിക്കാനും സാധിക്കുന്നു. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെ വൈദഗ്ധ്യം, ശസ്ത്രക്രിയ ചെയ്യുന്ന കൃത്രിമ സന്ധികളുടെ ഗുണനിലവാരം, ശസ്ത്രക്രിയാനന്തരമുള്ള ഫിസിയോതെറാപ്പിയുടെ സഹകരണം എന്നിവ കാൽമുട്ട് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഫലപ്രാപ്തിയെ സഹായിക്കുന്നു. ശസ്ത്രക്രിയ ചെയ്യുന്ന ദിവസം തന്നെ രോഗിക്ക് മുട്ടുകൾ മടക്കുവാനും, നിവർത്തുവാനും സാധിക്കുന്നു. ഒപ്പം സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കുവാനും സാധിക്കും. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ കഴിയുന്ന രോഗിക്ക്, ഒരു മാസത്തിന് ശേഷം സ്വന്തമായി വാഹനം ഓടിക്കുവാനും, ജോലിയുടെ പ്രത്യേകതകൾ പരിഗണിച്ച് ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്നു.

പല കാരണങ്ങൾ കൊണ്ട് കാൽമുട്ടിലെ സന്ധിവേദന അനുഭവിക്കുന്നവരാണ് നമ്മളിൽ പലരുമെങ്കിലും എപ്പോഴാണ് സമ്പൂർണ്ണ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന സംശയം നമ്മളിൽ പലർക്കും ഉണ്ടാകാം.

താഴെ പറയുന്ന ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെപ്പറ്റി ചിന്തിച്ചു തുടങ്ങാം.

  • അസഹനീയമായ വേദന മുട്ടിന്റെ ചലനശേഷിയെ കാര്യമായി ബാധിക്കുമ്പോൾ.

  • സന്ധിവേദന ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചു തുടങ്ങുമ്പോൾ.

  • സന്ധികളിലെ വൈകല്യം കൂടുതൽ വഷളാകുമ്പോൾ.

  • X-Ray പരിശോധനയിൽ മുട്ടിന്റെ പ്രശ്നം ഗുരുതരമാണെന്ന് തിരിച്ചറിയുമ്പോൾ.

പ്രായാധിക്യം മൂലമുള്ള ഗുരുതരമായ അസുഖങ്ങൾ ശരീരത്തെ ഗുരുതരമായി ബാധിച്ച് തുടങ്ങുന്നതിന് മുൻപുള്ള സമയമാണ് മുട്ട് മാറ്റിവെക്കലിന് ഏറ്റവും ഉചിതമായ സമയം. 60 നും 70 നും ഇടയിലുള്ള ഈ പ്രായമാണ് ഏറ്റവും അധികവും. മാത്രമല്ല 60 വയസ്സിന് ശേഷം മനുഷ്യായുസ്സിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. ജോലിയിൽ നിന്നും വിരമിച്ച്, കുട്ടികളെയൊക്കെ ഉത്തരവാദിത്തങ്ങളേൽപ്പിച്ച്, അവരുടെ വിവാഹമൊക്കെ കഴിഞ്ഞ് ആനന്ദകരമായ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മുട്ടിലെ സന്ധികൾക്കുണ്ടാകുന്ന അസഹ്യമായ വേദനയും, അനുബന്ധ അസുഖങ്ങളും പലരെയും മാനസികമായി തളർത്തുകയും ഒരു മുറിക്കുള്ളിലേക്ക് ജീവിതം ചുരുക്കേണ്ടിവരുമോ എന്ന് ഭയക്കുകയും ചെയ്യുന്ന സമയത്ത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശപ്രകാരം ആവശ്യമെങ്കിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലേക്ക് കടക്കാവുന്നതാണ്. ഇതാണ് ഏറ്റവും ഉചിതമായ സമയം. കാരണം മാറ്റിവെക്കുന്ന കൃത്രിമ കാൽമുട്ട് സന്ധികൾക്ക് 20 മുതൽ 25 വർഷം വരെ ആയുസ്സ് ഉള്ളതിനാൽ ശേഷം മുള്ള ആയുസ്സ് മുഴുവൻ ഈ കൃത്രിമ സന്ധിയുടെ ജീവിതം ആനന്ദകരമാക്കാം.

വായിക്കാം: നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Tony Kavalakkatt writes about Osteoarthritis in Indian Medical Association Nammude Arogyam Magazine.


ഡോ. ടോണി കവലക്കാട്ട്

സീനിയർ കൺസൾട്ടന്റ്, ഓർത്തോപീഡിക് സർജറി & ജോയിന്റ് റീ പ്ലെയ്സ്മെന്റ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കാട്, കണ്ണൂർ.

Comments