"എവിടെയെല്ലാമാണോ മനുഷ്യനോടും മനുഷ്യത്വത്തോടുമുള്ള സ്നേഹം നിലനിൽക്കുന്നത് അവിടെയെല്ലാം വൈദ്യശാസ്ത്രം എന്ന കലയോടുള്ള സ്നേഹവും നിലനിൽക്കുന്നു"- ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രചിച്ചത് എന്ന് കരുതപ്പെടുന്ന ‘ഹിപോക്രാറ്റിക് കോർപ്പസ് ടെക്സ്റ്റ് പെർസെപപ്റ്റ്’ എന്ന വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വശാസ്ത്രഗ്രന്ഥത്തിന്റെ ആറാം അധ്യായത്തിലുള്ള വരികളാണിത്.
മനുഷ്യത്വത്തോടുള്ള സ്നേഹവും (ഫിലാംത്രോപ്പിയ) വൈദ്യശാസ്ത്രം എന്ന കല അഥവാ നൈപുണ്യം ശീലിക്കാനുള്ള അദമ്യമായ ആവേശവും (ഫിലോടെക്നിയ) ഒത്തുചേർന്ന ആളായിരിക്കണം ഉത്തമ ചികിത്സകർ എന്നാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ പറഞ്ഞുവയ്ക്കുന്നത്.
ഉത്തമ ചികിത്സകർ ശരീരത്തിന്റെ രോഗം മാത്രം ചികിത്സിക്കുന്ന ആളല്ല, മറിച്ച്, അവർ രോഗി അനുഭവിക്കുന്ന മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാത്തരം സമ്മർദ്ദങ്ങളെയും ഉൾക്കൊള്ളാനും അതിനോട് അനുതപിക്കാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും രോഗിയായി തന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ സഹായിക്കാൻ സന്നദ്ധതയുള്ള ആൾ കൂടിയായിരിക്കണം എന്നാണ് ഇതിന്റെ അർത്ഥം. അതായത് രോഗീപരിചരണം എന്ന വാക്കും അനുകമ്പ എന്ന വാക്കും തമ്മിൽ വേർതിരിക്കുക അസാധ്യമാണ് .
എന്നാൽ പണം പരിചരണസംവിധാനങ്ങളെ വിലയ്ക്കെടുത്തു കഴിഞ്ഞ ആധുനികലോകത്തിൽ നൈപുണ്യം മനുഷ്യത്വത്തിൽനിന്ന് വേർതിരിയുന്ന കാഴ്ചയാണ് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവൻ ഒരു യുദ്ധക്കളമോ നിരാലംബരായ മനുഷ്യരുടെ ബലിപീഠങ്ങളോ ആയി മാറുന്ന ആധുനിക കാലഘട്ടത്തിൽ മാനവികത എന്ന വാക്ക് ഒരുവശത്ത് കടുത്ത തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. എന്നാൽ മാനവികതയുടെ ഈ തകർന്നടിയൽ മനുഷ്യവംശത്തിന്റെയും പ്രകൃതിയുടെയും ഉന്മൂലനത്തിൽ മാത്രമേ ചെന്നവസാനിക്കൂ എന്ന് തിരിച്ചറിയുന്ന ഒരു കൂട്ടം മനുഷ്യർ മാനവികതയുടെ കൊടി ഉയർത്തിപ്പിടിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവത്യാഗം ചെയ്യാൻ വരെ തയ്യാറാകുന്ന കാഴ്ചയും തെളിഞ്ഞുവരുന്നുണ്ട്. ഈയൊരു സമകാലിക സാഹചര്യത്തിൽ ദയ എന്ന വാക്കിന്റെ പൊരുൾ, പരിചരണം തൊഴിലായി സ്വീകരിച്ച വ്യക്തികളും പരിചരണ സംവിധാനങ്ങൾക്ക് മുൻപിൽ എത്തിച്ചേരുന്ന മനുഷ്യരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്.
അതിനായി ആദ്യമായി ആർദ്രത അഥവാ അനുകമ്പ എന്ന വാക്കിന്റെ നിർവചനം എന്തെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അപരരുടെ വേദനയിലും ക്ലേശത്തിലുമുള്ള സംവേദനക്ഷമതയും ആ ക്ലേശം കുറയ്ക്കാനുള്ള ആന്തരിക പ്രചോദനവും ചേർന്നതാണ് ആർദ്രത എന്ന് ഓക്സ്‌ഫോർഡ് ടെക്സ്റ്റ് ബുക്ക് ഓഫ് കമ്പാഷൻ പറഞ്ഞുവയ്ക്കുന്നു. ഈ നിർവചനത്തിന് രണ്ട് ഘടകങ്ങളുണ്ട്.
1. മറ്റൊരാളുടെ ക്ലേശത്തെ തിരിച്ചറിയാനുള്ള ബോധം.
2. അതിന് പരിഹാരം കാണാൻ അവരെ സഹായിക്കാനുള്ള മനസ്സ്.
സഹാനുഭൂതി അനുകമ്പയുടെ മുൻഗാമിയായ വികാരമാണ്. അത് ക്ലേശങ്ങളെ തിരിച്ചറിയാൻ ഒരാളെ പര്യാപ്തനാക്കുന്നു. തന്നിൽ നിന്ന് വ്യത്യസ്തനായ ഒരു വ്യക്തി ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതോ നാളെ അനുഭവിക്കാൻ ഇടയുള്ളതോ ആയ ബുദ്ധിമുട്ടുകളെ കുറിച്ച് ഒരാൾ ബോധവാനായാൽ മാത്രമേ അവരിൽ അനുകമ്പ ഉണരുകയുള്ളൂ. എത്ര ആർദ്രചിത്തനായ വ്യക്തിയായാലും ഈ അറിവ് ഇല്ലാത്തിടത്തോളം കാലം അവരിൽ അനുകമ്പ ഉണരുകയില്ല.
മറ്റു മനുഷ്യരെ വിലമതിക്കൽ, അവരുടെ ദുരിതഭാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കൽ, വേദനയിൽ ഒപ്പംനിൽക്കൽ, പരിഹാരശ്രമങ്ങളിൽ പങ്കാളിയാകൽ, അത്തരം ശ്രമങ്ങളെ തന്റെ സാമൂഹിക ഉത്തരവാദിത്തമായി വിലയിരുത്തൽ എന്നിവയെല്ലാം ഇത്തരം ആർദ്ര സമീപനങ്ങളുടെ ഭാഗം തന്നെയാണ്.

സഹതാപവും ആർദ്രതയും അപരരുടെ ദുഃഖത്തെ കുറിച്ചുള്ള ആശങ്കയിൽനിന്ന് ഉളവാകുന്നതാണെങ്കിലും സഹതാപം പലപ്പോഴും ക്ലേശപരിഹാരത്തിനുള്ള പ്രായോഗിക പ്രവർത്തിയായി പരിവർത്തനപ്പെടാറില്ല. എന്നാൽ ആർദ്രതയാകട്ടെ സ്നേഹം, കരുതൽ, ഊഷ്മളത എന്നീ വികാരങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒന്നായതിനാൽ തന്നെ അത് സഹായമനസ്കതയെ ഉത്തേജിപ്പിക്കുന്നു. ഇവയെല്ലാം സാമൂഹിക പരിമാറ്റങ്ങളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുമാണ്. എന്നാൽ ചിലപ്പോഴൊക്കെ മറ്റു മനുഷ്യരുടെ വേദനകളോടുള്ള തീവ്രമായ വൈകാരിക പ്രതികരണങ്ങൾ ചില മനുഷ്യരെ കടുത്ത വിഷാദത്തിലും മറ്റും കൊണ്ടെത്തിക്കുന്നത് കൊണ്ടു തന്നെ അവർ മറ്റുള്ളവരുടെ വേദനകളിൽ നിന്നും അകലം പാലിക്കാനും ചിലപ്പോൾ ശ്രമിക്കാറുണ്ട്.
രോഗി വേദനയിലാണ് എന്ന തിരിച്ചറിവ് അത് പരിഹരിക്കാനുള്ള അധ്വാനത്തിലേക്ക് ചികിത്സകരെ കൊണ്ടെത്തിക്കുന്നു. നമ്മുടെ ആരോഗ്യപരിപാലന സംവിധാനങ്ങൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. എങ്കിൽപോലും രോഗികളുടെ വേദനകളോടും ഉത്കണ്ഠകളോടും ആവശ്യങ്ങളോടും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും കുറച്ചുകൂടി മാനുഷികതയോടും ആർദ്രതയോടും പ്രതികരിച്ചാൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.
രോഗം ബാധിച്ച് ആശുപത്രിയിൽ എത്തുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കും. അവരുടെ ശരീരത്തിൻമേലുള്ള നിയന്ത്രണം പോലും ആശുപത്രി എന്ന ആവാസവ്യവസ്ഥയ്ക്കുള്ളിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും അയാളുടെ കൂട്ടിരിപ്പുകാരുമായ ഒരു സംഘം മനുഷ്യരുടെ കയ്യിൽ വന്നുചേരുന്നു. ഈയൊരു സാഹചര്യത്തിൽ ഏതൊരു വ്യക്തിക്കും ഭയം, ഉൽക്കൺഠ, ആത്മവിശ്വാസക്കുറവ് എന്നീ വികാരങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒരു നല്ല ചികിത്സകൻ അല്ലെങ്കിൽ ചികിത്സക ഇതെല്ലാം കണ്ടറിഞ്ഞ് രോഗത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള ശരിയായ അറിവുകൾ ലളിതമായ ഭാഷയിൽ പങ്കുവെക്കാനും രോഗിയുടെ ഭയങ്ങളും ഉൽക്കണ്ഠകളും അകറ്റി അദ്ദേഹത്തിന് ആത്മവിശ്വാസവും സന്തോഷവും പ്രദാനം ചെയ്യാനും ശ്രമിക്കേണ്ടതുണ്ട്.
2013- ൽ ബ്രിട്ടനിൽ നടന്ന ഒരു പഠന റിപ്പോർട്ട് (UK ഫ്രാൻസിസ് റിപ്പോർട്ട്, 2013) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ പലർക്കും മലവിസർജനം, ശുചിത്വം, പോഷകാഹാരം, മനുഷ്യാന്തസ്സ്, വേദനസംഹാരികളുടെ ലഭ്യത തുടങ്ങിയ പ്രാഥമികമായ പല ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഈ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും രോഗികളോടുള്ള ആരോഗ്യപ്രവർത്തകരുടെ സാധാരണഗതിയിലുള്ള പല പെരുമാറ്റങ്ങളിലും അടിമുടി മാറ്റം വരുത്തേണ്ടതുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ആശുപത്രികളിൽ വന്നുചേരുന്ന രോഗികൾ പലതരം സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുള്ളവരായിരിക്കും. തങ്ങളിൽനിന്ന് വ്യത്യസ്തമായ മതവിശ്വാസങ്ങളും മൂല്യവ്യവസ്ഥകളും പിന്തുടരുന്ന ആളുകളെയും സമഭാവനയോടെ ഉൾക്കൊള്ളാനും അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. നമ്മുടെ മുന്നിലിരിക്കുന്നവർ കുട്ടികളാണെങ്കിൽ പോലും അവരെ അന്തസ്സുള്ള വ്യക്തികളായി കാണാനും അതനുസരിച്ച് പെരുമാറാനും നാം ശീലിക്കേണ്ടതുണ്ട്. അതുപോലെ അങ്ങേയറ്റം ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് കിടപ്പാടം നഷ്ടപ്പെട്ടവരും തൊഴിൽരഹിതരും ഏതെങ്കിലും രീതിയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളോടുള്ള ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ. പലതരത്തിലുള്ള ഒന്നിലധികം വിളികളെ അഭിമുഖീകരിക്കുന്നവരായിരിക്കും അത്തരം സാഹചര്യങ്ങളിൽ നിന്നുള്ള മനുഷ്യർ. ഒരുപക്ഷേ മാനസിക തകർച്ചയെ നേരിടുന്നവരോ ലഹരിക്ക് അടിമകളോ ആയിരിക്കാം. വൈകാരിക നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലുള്ളവരും ഉണ്ടായിരിക്കാം. അങ്ങേയറ്റം ദുർബലമായ ശാരീരികാവസ്ഥയിലും അവർ ഏറ്റവും കടുത്ത സാമൂഹിക അവഗണനയും ഒറ്റപ്പെടലും നേരിടുന്നുണ്ടായിരിക്കാം. അത്തരം മനുഷ്യരുടെ മേൽ നാം നമ്മുടെ വിധി കൽപ്പിക്കാതിരിക്കുക എന്നതുതന്നെയായിരിക്കാം നമുക്ക് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കരുണയും. "നാം ചെയ്യേണ്ടത് ഒരു വ്യക്തിയുടെ വേദനയേയും കഷ്ടപ്പാടിനെയും വിലയിരുത്തുകയല്ല മറിച്ച് അവരുടെ അനുഭവങ്ങളെ വിശ്വസിക്കുകയും അംഗീകരിക്കുകയും ആണ്" എന്ന് കോൾ കിംഗ് ആൻഡ് ഗിൽബർട്ട് (2014) പറഞ്ഞുവെക്കുന്നുണ്ട്. കരുണയില്ലാത്ത ഒരു ചികിത്സകൻ ഓക്സിജൻ ഇല്ലാത്ത വായു പോലെയാണ് എന്ന് ടൈലർ (1997) അഭിപ്രായപ്പെടുന്നു.
ആശുപത്രി പരിചരണത്തിന്റെ കാര്യത്തിൽ അനുകമ്പാർദ്രമായ സമീപനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള മേഖലകൾ താഴെ പറയുന്നവയാണ്.
1. രോഗിയുടെ അന്തസ്സ് / സ്വകാര്യത എന്നിവയുടെ സംരക്ഷണം.
2. വസ്ത്രധാരണശൈലി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.
3. ഭക്ഷണം /ഭക്ഷണക്രമം.
4. വേദന ഇല്ലാതെയാക്കൽ.
5. ശുചിത്വം.
6. മാനസികമായ ആശ്വാസം പകരൽ.
7. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഉള്ള ശരിയായ ആശയവിനിമയം.
8. രോഗിക്ക് ആവശ്യമുള്ള വസ്തുക്കൾ കയ്യെത്തും ദൂരത്ത് കിട്ടുമെന്ന് ഉറപ്പുവരുത്തൽ.
9. സാന്ത്വന ചികിത്സ.
10. തീവ്ര പരിചരണവിഭാഗത്തിലെ രോഗികൾക്കുള്ള വൈകാരിക പിന്തുണ.
11. രോഗികേന്ദ്രീകൃതമായ പരിചരണം.
12. സാംസ്കാരികമായ ബോധവൽക്കരണം. (പലതരം സാംസ്കാരിക പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന രോഗികളെ ഉൾക്കൊള്ളാൻ ചികിത്സാരംഗത്ത് പ്രവർത്തിക്കു ന്നവർക്കുള്ള പരിശീലനം).
13. രോഗികളുടെ ആത്മീയമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടുക.

ക്യാൻസർ രോഗികളിലും കിടപ്പുരോഗികളിലും ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തിയ രോഗികളിലും രോഗലക്ഷണങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്ന സാന്ത്വന ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. അവർക്ക് മാനസികവും സാമൂഹികവും ആത്മീയവും ആയ പിന്തുണ നൽകാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. വേദന രഹിതവും ആശ്വാസകരവുമായ ഒരു മടക്കയാത്ര ഏതൊരു മനുഷ്യന്റെയും അവകാശമാണ്.
അതുപോലെ ചികിത്സാപരമായ തീരുമാനങ്ങൾ ചികിത്സകർ ഏകപക്ഷീയമായി നിശ്ചയിക്കാതെ അത്തരം തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ രോഗിയെയും ബന്ധുക്കളെയും കൂടി അതിൽ ഉൾപ്പെടുത്തുന്ന ഷെയർഡ് ഡിസിഷൻ മേക്കിങ് എന്ന രീതി പിന്തുടരുന്നതാണ് കൂടുതൽ അഭികാമ്യം. അതുപോലെ രോഗിക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവനും കേൾക്കാനുള്ള സഹിഷ്ണുത ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കേണ്ടതാണ്.
ഇത്തരത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ അനുകമ്പയോടും ബഹുമാനത്തോടും അന്തസ്സോടും കൂടി രോഗികളോട് ഇടപെടാൻ ആത്മാർത്ഥമായ ശ്രമം നടത്തിയാൽ രോഗികളുടെ ആരോഗ്യപ്രവർത്തകരുടെ നേർക്കുള്ള മനോഭാവത്തിൽ വളരെ പോസിറ്റീവായ ഒരു മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു രോഗി ഒരു ആശുപത്രിയുടെ റിസപ്ഷനിൽ എത്തുമ്പോൾ തന്നെ അവിടെയിരിക്കുന്ന ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഒരു മോശം പെരുമാറ്റമുണ്ടായാൽ പോലും രോഗിയുടെ ഉള്ളിൽ മൊത്തം സിസ്റ്റത്തിനോട് ഒരു പ്രതിരോധ മനോഭാവം ഉണർന്നുവരാൻ തുടങ്ങും. അത് രോഗിയും ഡോക്ടറും തമ്മിലുള്ള ഇടപെടലിനെയും ചികിത്സയോടുള്ള രോഗിയുടെ മനോഭാവത്തെയും എല്ലാം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. രോഗിയും ചികിത്സകരും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധം ചികിത്സയുടെ ഫലത്തെ പോലും സ്വാധീനിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അതിനാൽ മെഡിക്കൽ സ്കൂളുകളിൽ അനുകമ്പാർദ്രമായ രോഗിപരിചരണം ഒരു പ്രത്യേക വിഷയമായി തന്നെ പഠിപ്പിക്കേണ്ടതുണ്ട്. 'അനുകമ്പാർദ്രമായ പരിചരണം’ എന്നത് ആരോഗ്യ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളും പരിശീലനത്താൽ സ്വായത്തമാക്കേണ്ട ഒരു നൈപുണ്യം കൂടിയാണ്. എന്നാൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും അനുകമ്പ അർഹിക്കുന്നു എന്ന് പൊതുജനം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത കൂടി ഊന്നിപ്പറയേണ്ടതുണ്ട്.
വേണ്ടത്ര അനുകമ്പയോടു കൂടി രോഗികളോട് ഇടപെടാൻ രോഗീപരിചരണത്തിൽ ഏർപ്പെടുന്ന വ്യക്തികളെ തടയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
1. ആത്മാനുകമ്പയുടെ കുറവ്:
ചുറ്റുമുള്ള ആളുകളോട് കരുണയോടുകൂടി പെരുമാറാൻ നമുക്ക് സാധിക്കണം എന്നുണ്ടെങ്കിൽ ആദ്യം നാം നമ്മോടുതന്നെ കരുണയുള്ളവരാകണം. രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ഏതൊരാളുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ വേണ്ട രീതിയിൽ നിറവേറ്റപ്പെടാത്ത പക്ഷം അവർക്ക് ഒരിക്കലും അനുകമ്പയോട് കൂടി കാര്യക്ഷമമായും മറ്റൊരാളിനോട് ഇടപെടാൻ സാധിക്കുകയില്ല.

2. സമയക്കുറവ്:
അനുകമ്പയെ ഇല്ലാതാക്കുന്ന ഒരു പ്രധാന വില്ലനാണ് സമയക്കുറവ്. ഒരാൾ തിരക്കിട്ട് ഒരു ബസ് കയറാൻ പോകുന്നു എന്നിരിക്കട്ടെ. രണ്ടു മിനിറ്റ് വൈകിയാൽ ബസ് പോകും, പിന്നെ ബസ്സില്ല എന്ന അവസ്ഥ. ഈ അവസ്ഥയിൽ അയാളുടെ മുമ്പിൽ കാഴ്ചയില്ലാത്ത ഒരാൾ റോഡ് ക്രോസ് ചെയ്യാൻ സഹായം ആവശ്യപ്പെടുന്നു എന്ന് സങ്കൽപ്പിക്കുക. ബസ് പോകും എന്ന ഒറ്റ കാരണം കൊണ്ടുമാത്രം സാധാരണഗതിയിൽ സഹായിക്കാൻ ആഗ്രഹമുള്ള ഒരാൾ ആ മനുഷ്യന് സഹായഹസ്തം നീട്ടുന്നില്ല. സമയക്കുറവ് മനുഷ്യന്റെ ഉള്ളിലെ അനുകമ്പയെ എടുത്തുകളയുന്നത് ഈ രീതിയിലാണ്.
മറ്റൊരാളെ കേൾക്കാനും അവരുടെ വേദനകളും ഉത്കണ്ഠകളും മനസ്സിലാക്കാനും നമ്മുടെ പക്കൽ സമയമുണ്ടെങ്കിൽ മാത്രമേ അനുകമ്പാർദ്രമായ നിലപാട് സ്വീകരിക്കാൻ നമുക്ക് സാധിക്കൂ. പലപ്പോഴും വളരെയധികം തിരക്കുള്ള ചികിത്സകരിൽ അനുകമ്പ വറ്റിപ്പോകുന്നതിന്റെ ഒരു കാരണം ഇതാണ്.
3. മാനസികമായ എരിഞ്ഞടങ്ങൽ:
അമിത ജോലിഭാരം ഉണ്ടാക്കുന്ന ക്ഷീണം, തകർച്ച, ജോലിയിലുള്ള തൃപ്തിക്കുറവ്, പലതരം അരക്ഷിതാവസ്ഥകൾ, മാനസിക സമ്മർദ്ദങ്ങൾ, ഉൽക്കണ്ഠകൾ തുടങ്ങിയ അനേകം പ്രശ്നങ്ങൾ അനുകമ്പയുടെ അളവിനെ കുറയ്ക്കുന്നതായി കാണുന്നു. വിശ്രമമില്ലാത്ത തുടർച്ചയായ ജോലി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ പലപ്പോഴും മാനസികമായ ഒരുതരം എരിഞ്ഞടങ്ങലിൽ കൊണ്ട് ചെന്നെത്തിക്കുന്നു.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മനുഷ്യരും അസമത്വങ്ങൾ നിറഞ്ഞ ഈ സമൂഹത്തിൽ തന്നെ ജീവിക്കുന്ന മനുഷ്യരാണെന്നും അവരും പലതരം സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവും ലിംഗപരവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവരാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ അനുകമ്പാർദ്രമായ സമീപനം അവരുടെ നേർക്കു പൊതുസമൂഹവും പ്രകടിപ്പിക്കേണ്ടതുണ്ട്.
അസമത്വം, അത്യാഗ്രഹം, മുൻവിധി, നിസ്സംഗത എന്നീ പ്രവണതകൾ മേൽക്കൈ നേടുന്ന ഈ ഭൂമിയിൽ അനുകമ്പാർദ്രമായ സ്നേഹവും പരിചരണവും ഏറ്റവും അപൂർവ്വമായ ഒന്നാണെങ്കിൽ പോലും അത് ഏറ്റവും മൂല്യവത്തായതും മുഴുവൻ മനുഷ്യരാശിയുടെ അതിജീവനത്തെ നിർണയിക്കുന്നതുമായ വെളിച്ചത്തിന്റെ വഴി തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
Read: നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?
സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം
കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ
ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ
കൽപിതകഥയല്ല
ശാസ്ത്രം
ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

