മാതൃമരണം
എന്തുകൊണ്ട്?

മാതൃമരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുക എന്നത് അസംഭവ്യമാണ്, ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും അത് സാധ്യമല്ല. അത്തരം മരണങ്ങൾ ആധുനിക വൈദ്യ ശാസ്‌ത്ര പുരോഗതി കാരണം ഇക്കാലത്ത് വളരെ കുറവായേ സംഭവിക്കാറുള്ളൂ എന്നതുകൊണ്ടു മാത്രം, ഇത്തരം എല്ലാ മരണങ്ങളും ഡോക്ടർമാരുടെ അനാസ്ഥയായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്- ‘IMA നമ്മുടെ ആ​രോഗ്യം’ മാസികയിൽ ഡോ. കമ്മാപ്പ കെ.എ. എഴുതിയ ലേഖനം.

അത്യപൂർവ്വമായിട്ടാണെങ്കിലും നമ്മൾ ചിലപ്പോഴൊക്കെ വായിക്കാറുള്ള ഒരു വാർത്തയാണ്, അമ്മയും കുഞ്ഞും മരിച്ചു, അല്ലെങ്കിൽ പ്രസവത്തെ തുടർന്ന് ഗർഭിണി മരിച്ചു എന്നൊക്കെ. പ്രസവത്തിൽ ഗർഭിണി മരിക്കുക എന്നത് അത്യന്തം വൈകാരികമായ സംഭവമാണ്. ഒരു പുതുജീവനെ വരവേൽക്കാൻ കാത്തിരിക്കുന്ന വീട്ടിലേക്ക് വെള്ള പുതച്ച് അമ്മയുടെ ശരീരം എത്തുന്നത് എത്രയോ സങ്കടകരമായ അവസ്ഥയാണ്.

ഒരു നാട്ടിന്റെ സർവ്വതോമുഖമായ പുരോഗമനം അളക്കാൻ ഏറ്റവും ഉചിതമായ ആരോഗ്യ സൂചികയായാണ് MMR (Maternal Mortality Ratio) കണക്കാക്കപ്പെടുന്നത്. ഒരു ലക്ഷം കുട്ടികൾ ജനിക്കുമ്പോൾ എത്ര ഗർഭിണികൾ മരിക്കുന്നു എന്നതാണ് MMR സൂചിപ്പിക്കുന്ന വസ്തുത.

1947-ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, ഇന്ത്യയിലെ MMR 2000 ആയിരുന്നു. അത് പടിപടിയായി കുറഞ്ഞ് 2000-ാം ആണ്ടിൽ കേരളത്തിൽ 100-ൽ താഴെയായി. കേരളാ ഫെഡറേഷൻ ഓഫ് ഗൈനക്കോളജിക്കൽ സൊസൈറ്റി (KFOG) പ്രൊഫ. ഡോ. പൈലിയുടെ നേതൃത്വത്തിൽ സർക്കാരുമായി ചേർന്ന് നടത്തിപ്പോരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഈ കഴിഞ്ഞവർഷം MMR, 30-ലെത്തി നിൽക്കുകയാണ്. ഇന്ത്യയൊട്ടാകെ എടുത്താൽ ഇപ്പോൾ MMR നൂറിനടുത്താണ്. ഏറ്റവും പുറകിൽ നിൽക്കുന്ന ആസ്സാമിലാവട്ടെ, MMR 200-ന് മുകളിലാണ്.

കേരളത്തിൽ ഇപ്പോൾ മാതൃമരണം സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ പരിശോധിക്കാം:

1. പ്രസവാനന്തര അമിത രക്തസ്രാവം

പെട്ടെന്ന് രക്തം കിട്ടാനുള്ള സംവിധാനങ്ങൾ കൂടുകയും രക്തസ്രാവം നിയന്ത്രിക്കാൻ പുതിയ ചികിത്സാരീതികൾ വരികയും ചെയ്തതോടെ വളരെയധികം കുറഞ്ഞെങ്കിലും മരണ കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് രക്തസ്രാവം തന്നെയാണ്.

2. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന രക്താതിസമ്മർദ്ദം: (GESTATIONAL HYPERTENSION)

ആദ്യത്തെ ഗർഭം 30- വയസ്സിനു ശേഷമാകുന്നത് പ്രെഷർ കൂടുതലായി വരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. സാധാരണ പ്രായമാകുമ്പോൾ BP കൂടുതൽ കാണുന്നതു പോലെയല്ല ഗർഭാവസ്ഥയിലെ രക്താതിമർദ്ദം. അത് ചിലപ്പോഴൊക്കെ അപസ്മാരം, തലച്ചോറിലെ രക്തസ്രാവം, കരളിന്റെയും കിഡ്നിയുടേയും പ്രവർത്തനത്തെ ബാധിക്കുക തുടങ്ങി അത്യന്തം അപകടകരമായ സ്ഥിതിയിലേക്കും ചിലപ്പോൾ മരണത്തിലേക്കും വരെ എത്താറുണ്ട്.

3. അണുബാധ

പ്രസവശേഷവും, സിസേറിയൻ ഓപ്പറേഷനു ശേഷവും അതിതീവ്രമായ അണുബാധ ചിലപ്പോൾ മാതൃമരണങ്ങൾക്ക് കാരണമാകുന്നുണ്ട്.

4. അംനിയോട്ടിക് ഫ്ലൂയിഡ് എമ്പോളിസം

പ്രസവവേദന തുടങ്ങിയതിനുശേഷമോ പ്രസവം നടന്നതിനു തൊട്ടുടനെയോ ഗർഭപാത്രത്തിലെ അംനിയോട്ടിക് ഫ്ലൂയിഡ് അമ്മയുടെ രക്തചംക്രമണത്തിൽ കലരുന്ന അപൂർവമാണെങ്കിലും അത്യന്തം അപകടകരമായ ഒരവസ്ഥയാണിത്‌. അമ്മയുടെ BP താഴുന്നു, പൾസ് കിട്ടാതെ ആകുന്നു. കൃത്യമായ ചികിത്സ നൽകിയാലും ചിലപ്പോൾ അമ്മയ്ക്കും കുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടേക്കാം. പ്രസവശേഷം അമ്മയുടെ രക്തം സാധാരണപോലെ കട്ടപിടിക്കാതെ ഇരിക്കുന്നത് കൊണ്ട് ഭീകരമായ രക്തസ്രാവമാണ് ഉണ്ടാവുക. സർവ്വസൗകര്യവുമുള്ള ആശുപത്രികളിൽ പോലും മരണനിരക്ക് ഏതാണ്ട് 70% ആണ്.

5. ആത്മഹത്യ

ഗർഭിണികളിലും, പ്രസവാനന്തര കാലത്തെ അമ്മമാരിലും ആത്മഹത്യ കേരളത്തിൽ കൂടി വരുന്നുണ്ട്.

6. മറ്റ് അസുഖങ്ങൾ

സാധാരണ രീതിയിൽ ലഘുവായി മാറിപ്പോകുന്ന പല അസുഖങ്ങളും ഗർഭസമയത്ത് ജീവനെടുക്കാറുണ്ട്. ഉദാഹരണമാണ് H1N1 വൈറസ്, മഞ്ഞപ്പിത്തം (Hepatitis A), അതോടൊപ്പം ഹൃദയത്തിനു ഉണ്ടാകുന്ന അസുഖങ്ങൾ പൾമണറി എമ്പോളിസം തുടങ്ങിയവയും മരണകാരണം ആകാറുണ്ട്.

മാതൃമരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുക എന്നത് അസംഭവ്യമാണ്, ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും അത് സാധ്യമല്ല. മാതൃമരണം കുടുംബത്തെ സംബന്ധിച്ച് വളരെ വേദനാജനകമാണെന്നതിന് തർക്കമില്ല. എന്നാൽ അത്തരം മരണങ്ങൾ ആധുനിക വൈദ്യ ശാസ്‌ത്ര പുരോഗതി കാരണം ഇക്കാലത്ത് വളരെ കുറവായേ സംഭവിക്കാറുള്ളൂ എന്നതുകൊണ്ടു മാത്രം ഇത്തരം എല്ലാ മരണങ്ങളും ഡോക്ടർമാരുടെ അനാസ്ഥയായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.

ഒരു ഗർഭിണി മരിക്കുമ്പോൾ അവരുടെ വീട്ടുകാർ കഴിഞ്ഞാൽ ഏറ്റവും വേദനിക്കുന്നത് ഗൈനക്കോളജിസ്റ്റ് ആയിരിക്കും.

READ: ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments