‘കടുത്ത തലവേദന, കാഴ്ചയ്ക്ക് മങ്ങൽ, ഛർദ്ദി. നന്നായി ചർദ്ദിച്ചു കഴിഞ്ഞാൽ തലവേദനയ്ക്ക് അല്പം ആശ്വാസമായി’.
പല സ്ഥലങ്ങളിൽ കാണിച്ചു. പലപ്രാവശ്യം സി.ടി സ്കാനും എം.ആർ.ഐയും ചെയ്തു. എല്ലാം നോർ മൽ. വിദഗ്ദ്ധ ഡോക്ടർമാർ ഒരേ സ്വരത്തിൽ വിധിയെഴുതി. ഇത് മൈഗ്രെയ്ൻ ആണ്. ചികിത്സിക്കുമ്പോഴൊക്കെ ആശ്വാസം കിട്ടുന്നുണ്ട്. വീണ്ടും വരാതിരിക്കാനുള്ള ചികിത്സ ചെയ്തിട്ടും ഇടയ്ക്കിടെ മൈഗ്രെയ്ൻ തനി സ്വഭാവം കാണിക്കും. എന്താണ് ഈ രോഗം പൂർണ്ണമായി മാറ്റാൻ ഒരുവഴി എന്ന ചോദ്യവുമായി അലയുകയായിരുന്നു ആ മുപ്പ തുകാരൻ. അപ്പോഴാണ് അമ്മായിയുടെ രംഗപ്രവേശം. ഇത് അലർജിയുടെ പ്രശ്‌നമാണ്. അലർജി മാറ്റാനുള്ള ഒറ്റമൂലി പറഞ്ഞുതരാം. നന്നായി പഥ്യവും എടുക്കണം. മാത്രമല്ല നമ്മുടെ കുടുംബക്ഷേത്രത്തിലെ വെച്ചുപൂജയൊക്കെ മുടങ്ങി ക്കിടക്കുന്നതിന്റെ ദോഷവും കാണും. തന്റെ തലവേദന പ്രശ്‌നത്തിന്റെ 'യഥാർത്ഥ കാരണങ്ങൾ' മനസ്സിലായ ചെറുപ്പക്കാരന് വലിയ ആശ്വാസമായി. അമ്മായിയുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സകളും കർമ്മങ്ങളും ഒക്കെ ചെയ്തു.
''ദാ, പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. പക്ഷേ എന്റെ അനുഭവമാണ്. കഴിഞ്ഞ ഒരുവർഷമായി എനിക്ക് തലവേദനയേ ഇല്ല'', അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യമാണ്.
അൽഭുതരോഗശാന്തിയുടെ പിന്നിൽ, ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൊണ്ട് പൂർണ്ണമായും ഭേദപ്പെടാത്ത രോഗങ്ങൾക്ക് ശാസ്ത്രീയത ഒന്നും അവകാശപ്പെടാനില്ലാത്ത ചികിത്സാവിധികളിൽ കൂടിയോ, വിശ്വാസമാന്ത്രികമാർഗ്ഗങ്ങളിൽ കൂടിയോ ശമനമുണ്ടാകുന്ന അനുഭവസാക്ഷ്യങ്ങൾ നമ്മൾ ധാരാളം കേൾക്കാറുണ്ട്. എന്താണ് ഈ പ്രതിഭാസത്തിനു പിന്നിൽ എന്ന് മനസ്സിലാക്കുന്നത് വളരെ കൗതുകകരമായിരിക്കും.
ചില അടിസ്ഥാന വസ്തുതകൾ
അൽഭുത രോഗശാന്തി എന്നൊന്നില്ല. എല്ലാ രോഗ സൗഖ്യങ്ങൾക്കു പിന്നിലും ഒരു ശാസ്ത്രീയ തത്വം ഒളിഞ്ഞിരിപ്പുണ്ട്. പല ശാരീരിക രോഗങ്ങളുടെയും ഹേതു പ്രകടമായ ഒരു strutcural (ഘടനാപരമായ) തകരാറോ അണുബാധയോ പരിക്കോ വിഷബാധയോ ഒന്നും ആകണമെന്നില്ല. മനുഷ്യമസ്തിഷ്‌കം വിദൂരമായ അവയങ്ങളിലും കോശങ്ങളിലുമുണ്ടാക്കുന്ന സ്വാധീനം മൂലം ആ അവയവങ്ങളുടെ പ്രവർത്തനത്തിൽ വ്യതിയാനങ്ങളുണ്ടാകുകയും തന്മൂലം രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുകയും ചെയ്യാം. ഇത്തരം അവസ്ഥകളിൽ രോഗിക്ക് യഥാർത്ഥത്തിൽ തന്നെ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നു. പക്ഷേ ക്ലിനിക്കൽ പരിശോധനയിലോ രക്തപരിശോധനയിലോ സ്കാനിംഗിലോ ഒന്നും ഒരു കുഴപ്പവും കണ്ടു എന്നുവരില്ല. ഇത്തരം രോഗങ്ങളിൽ ആധുനിക വൈദ്യത്തിലെ മരുന്നുകൊണ്ട് രോഗശമനമുണ്ടാകും എങ്കിലും അവ ആവർത്തിക്കാൻ സാധ്യത ഏറെയാണ്. ഇത്തരം രോഗങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ കൊണ്ടോ വിശ്വാസ മാന്ത്രിക ചികിത്സ കൊണ്ടോ മെച്ചപ്പെട്ട ഫലം കിട്ടാൻ ചിലപ്പോഴെങ്കിലും സാധ്യതയുണ്ട്. ഫലസിദ്ധിയുള്ള മരുന്നാണ് എന്ന വിശ്വാസത്തിൽ ഔഷധഗുണമൊന്നുമില്ലാത്ത വസ്തുക്കൾ കഴിച്ചാൽ പോലും രോഗലക്ഷ ണങ്ങളുടെ ശമനം വളരെ സാധാരണയാണ്. ഇതിനെ placebo rseponse എന്ന് പറയുന്നു.

മനസ്സും ശരീരവും തമ്മിലുള്ള
ആശയവിനിമയ പ്രശ്‌നങ്ങൾ
മനസ്സിന്റെ ഇരിപ്പിടം മനുഷ്യന്റെ തലച്ചോറിലാണ്. മനുഷ്യ മസ്തിഷ്‌കത്തിലെ ശതകോടിക്കണക്കിനുള്ള കോശങ്ങളും (100 ബില്യൺ ന്യൂറോണുകൾ) അവയുടെ പരസ്പരബന്ധങ്ങളും (neural synapses - circuits) അവ തമ്മിൽ നടത്തുന്ന ആശയവിനിമയങ്ങളും ആണ് മനസ്സ് എന്ന പ്രതിഭാസത്തിന് നിദാനം. നമ്മുടെ ബോധാവസ്ഥയും ശ്രദ്ധയും ഓർമ്മയും വികാരങ്ങളും ചിന്തകളും പ്രതി കരണങ്ങളുമെല്ലാം മസ്തിഷ്‌കത്തിലെ കോശങ്ങൾക്കുള്ളിലും അവ തമ്മിലുള്ള രസതന്ത്രവും സിഗ്‌നലിംഗും കൂടി സൃഷ്ടിക്കുന്നവയാണ്. അതീവ സങ്കീർണവും വിസ്മയകരവുമായ ഈ പ്രവർത്തനങ്ങളെ ന്യൂറോ സയൻസ് മനസ്സിലാക്കി വരുന്നതേയുള്ളൂ.
മസ്തിഷ്‌കത്തിൽ നിന്നുള്ള
മൂന്ന് വലിയ സിഗ്‌നൽ പാതകൾ
മനുഷ്യ മസ്തിഷ്‌കത്തിലെ വികാരങ്ങളും ചിന്തകളും ഉൽപാദിപ്പിക്കുന്ന സിഗ്‌നലുകൾ പ്രധാനമായും മൂന്ന് പാതകളിലൂടെ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവ ങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഒന്ന്: സ്വതന്ത്ര നാഡീവ്യൂഹം (Atuonomic Nervous Sytem).
രണ്ട്: ഹോർമോൺ ശൃംഖല (Endocrine System).
മൂന്ന്: രോഗപ്രതിരോധ സംവിധാനം (Immune System).
ഭയവും ആശങ്കയും ഉണ്ടാകുന്ന അവസരങ്ങളിൽ അഡ്രിനാലിൻ, നോർഅഡ്രിനാലിൻ (Adrenaline & Noradrenaline) എന്നീ കെമിക്കലുകൾ ഹൈ പോതലാമസ് പിറ്റ്യൂട്ടറി ഗ്രന്ഥികളിൽ നിന്ന് ഉല്പാദിതമാകുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അവ ഹൃദയമിടിപ്പ് കൂട്ടുന്നു, രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. മിനിട്ടുകൾ കൊണ്ട് ദഹനപ്രക്രിയയും രക്തക്കുഴലുകളുടെ സ്വഭാവവും മാറുന്നു. പേശികൾ മുറുകുകയും ശരീരം ഒന്നാകെ ''ഓടി രക്ഷപ്പെടാനോ, പൊരുതി ജയിക്കാനോ'' വേണ്ട പ്രതികരണ മോഡിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
വ്യക്തിബന്ധങ്ങളിലോ ജോലിസ്ഥലത്തോ കുടുംബ ത്തിലോ ഒക്കെ ഒരു വ്യക്തിക്ക് സമ്മർദ്ദം നേരിടേണ്ടി വരുമ്പോൾ അയാളുടെ തലച്ചോർ ഈ രീതിയിൽ പ്രതികരിക്കുകയും അയാളുടെ ശരീരത്തിലാസകലം ഇത്തരം പ്രതികരണങ്ങളുണ്ടാകുകയും ചെയ്യുന്നത് അയാൾ പോലും അറിയുന്നില്ല. കാരണം ഈ മൂന്നു വിധ പ്രതികരണങ്ങളും അയാളുടെ ബോധപൂർവ്വമായ അറിവിലോ നിയന്ത്രണത്തിലോ ഉള്ളതല്ല എന്നതുതന്നെ. ഇത്തരം പ്രതികരണങ്ങൾ പ്രത്യക്ഷമാകുന്നത് അയവയങ്ങളോട് ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ആയിട്ടാണ്. ഈ അവസ്ഥയ്ക്കും പ്രതിഭാസത്തിനും പറയുന്ന പേരാണ് സൈക്കോ സൊമാറ്റിക് രോഗങ്ങൾ (Psychosomatic disorders).
ഉദാഹരണങ്ങൾ:
ഉദരസംബന്ധമായ Irritable Bowel Disorder, Peptic Ulcer, GERD എന്നിവ.
ഹൃദയസംബന്ധമായ രക്താതിമർദ്ദം (Hypertension), കൊറോണറി ധമനി രോഗങ്ങൾ.
വേദനാരോഗങ്ങളായ ഫൈബ്രോമയാൾജിയ, ടെൻ ഷൻ, തലവേദന, നടുവേദന, മൈഗ്രെയ്ൻ.
ത്വക്ക് രോഗങ്ങളായ എക്‌സിമ, സോറിയാസിസ്.
ശ്വാസകോശരോഗങ്ങളായ ആസ്ത്മ, ഹൈപ്പർ വെന്റിലേഷൻ.
ഇവയെല്ലാം യഥാർത്ഥ രോഗങ്ങൾ തന്നെയാണ്. ചികിത്സിക്കേണ്ടത് അതാത് മേഖലയിലുള്ള ഡോക്ടർമാർ തന്നെയുമാണ്. പക്ഷേ, രോഗാതുരതയും രോഗകാരണവും ലക്ഷണമുണ്ടാകുന്ന ശരീരഭാഗത്തോ, അവയവത്തിലോ ആയിരിക്കണ മെന്നില്ല എന്നും, അവയവങ്ങളുടെ പ്രവർത്തന വ്യതിയാനത്തിനും രോഗലക്ഷണങ്ങൾക്കും കാരണം തലച്ചോറിൽനിന്നുള്ള സിഗ്‌നൽ വ്യതിയാനമാണ് എന്നും, ഈ സിഗ്‌നൽ വ്യതിയാനത്തിനുകാരണം മാനസിക പിരിമുറുക്കം, സമ്മർദ്ദം, ഉത്കണ്ഠ, ഭയം, ആധി, വിശ്വാസങ്ങൾ, ചിന്താഗതികൾ എന്നി വയാണ് എന്നും മനസ്സിലാക്കുന്നിടത്താണ് ഇത്തരം രോഗങ്ങ ളുടെ ചികിത്സയും വിമുക്തിയും തുടങ്ങുന്നത്.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തു പറഞ്ഞ മൈഗ്രെയ്ൻ ഉള്ള ചെറുപ്പക്കാരന്റെ കാര്യം എടുക്കുക. മൈഗ്രെയ്ൻ എന്നത് യഥാർത്ഥത്തിലുള്ള രോഗവും അതിന്റെ ലക്ഷണങ്ങൾ യഥാർത്ഥത്തിൽ അയാൾക്ക് അനുഭവപ്പെടുന്നതുമാണ്. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ വികാസ- സങ്കോചങ്ങൾ, ട്രൈജെമിനൽ നെർവിന്റെ അഗ്രങ്ങളിലുള്ള വേദനാ സംവേദനികളുടെ പ്രവർത്തന വ്യതിയാനങ്ങൾ, സിറട്ടോണിൻ ഡോപമിൻ, കാൽസിട്ടോണിൻ ജീൻ പെപ്‌റ്റെഡ് എന്നീ രാസതന്മാത്രകളുടെ വ്യതിയാന ങ്ങൾ എന്നിവയാണ് വേദനയായും ഛർദ്ദിയായും കാഴ്ചയുടെ മങ്ങലായും അയാൾക്ക് അനുഭവപ്പെടുന്നത്. പക്ഷേ, ഒരു ന്യൂ ജനറേഷൻ ബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് ചിലപ്പോൾ തൊഴിൽ സംബന്ധമായി അനുഭവപ്പെടുന്ന സമ്മർദ്ദം, ജീവിതപങ്കാളിയുമായി ഉള്ള വൈകാരി കബന്ധങ്ങളിലെ വിള്ളൽ എന്നിവ അദ്ദേഹത്തിന്റെ തലച്ചോറിലുണ്ടാക്കുന്ന സിഗ്‌നൽ വ്യതിയാനങ്ങൾ Autonomic Nervous System- ലൂടെ സഞ്ചരിച്ചാണ് ഈ രോഗലക്ഷണങ്ങളുണ്ടാകുത് എന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന്റെ രോഗചരിത്രവും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധങ്ങൾ സൂക്ഷ്മമായി അറിയുമ്പോഴാണ്. അല്ലാതെ ഇ.സി.ജി യിലോ എം.ആർ.ഐ സ്കാനിലോ ഒന്നും ഇത്തരം സങ്കീർണ്ണ ബന്ധങ്ങൾ അറിയാൻ കഴിയില്ല.
ഒറ്റമൂലി പ്രയോഗത്തിന്റെ പ്ലാസിബോ പ്രതികരണവും മാന്ത്രിക വിശ്വാസകർമ്മങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന സംതൃപ്തിയും സമാധാനവും സമ്മർദ്ദ പ്രതികരണങ്ങളെ ലഘൂകരിക്കുകയും അങ്ങനെ തലച്ചോറിലെ സിഗ്‌നൽ കൊടുങ്കാറ്റുകളെ ശമിപ്പിക്കുകയും ചെയ്യുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിലെ 'Blind Spot'
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഏതെങ്കിലും ഒരു ശരീരഭാഗത്തിന്റെയോ അവയവത്തിന്റെയോ തകരാറായി മാത്രം കാണുന്ന 'ഇടുങ്ങിയ ചിന്ത' മൂലം വളരെ സാധാരണയായി കാണപ്പെടുന്ന സമ്മർദ്ദജന്യ രോഗങ്ങൾ (psychosomatic) രോഗിയും വൈദ്യനും കാണാതെപോകുന്നു. ഇല്ലാത്ത രോഗത്തിനുവേണ്ടിയുള്ള വല്ലാത്ത തിരച്ചി ലുകളിലേക്കും അനാവശ്യ ചികിത്സകളിലേക്കും ഒക്കെ പോകാൻ ഇടയാക്കുന്നു. ചികിത്സാ ചെലവുകളും അസംതൃപ്തിയും വർദ്ധിക്കുന്നു. ഡോക്ടർ- രോഗീബന്ധം തന്നെ ഉലയുന്നു.
എന്താണ് പരിഹാരമാർഗ്ഗം?
ശാരീരിക രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, അവയെ ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ, അവയവങ്ങളുടെ തകരാറുകളിലേക്ക് മാത്രം നമ്മുടെ അന്വേഷണങ്ങൾ ഒതുക്കരുത്. വൈകാരിക അവസ്ഥ, ജീവിതസാഹചര്യ ങ്ങൾ എന്നിവയെല്ലാം കണക്കിലെടുക്കുകയും അവയ്ക്ക് രോഗലക്ഷണങ്ങളുമായുള്ള ബന്ധം ശാസ്ത്രീയമായി വിലയിരുത്തുകയും വേണം. രോഗചികിത്സയിൽ ഔഷധങ്ങളോടൊപ്പം, സമ്മർദ്ദ ലഘൂകരണത്തിന് ആവശ്യമായ ഇടപെടലുകളും നടത്തണം.
രോഗവും ലക്ഷണങ്ങളും എങ്ങനെ ജീവിത സാഹചര്യങ്ങളും വികാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഡോക്ടറും രോഗിയും ചർച്ച ചെയ്യണം. സമ്മർദ്ദ ലഘൂകരണത്തിന് ആവശ്യമായ ജീവിതശൈലീ മാറ്റങ്ങൾ റിലാക്‌സേഷൻ, മൈൻഡ് ഫുൾനെസ്സ്, ചിന്താശൈലിയിലുള്ള മാറ്റങ്ങൾ (Cognitive therapy), നിദ്രാശുചിത്വം (Sleep hygiene) എന്നിവ പരിശീലിക്കണം. ആവശ്യമുങ്കെിൽ മാനസികാരോഗ്യ വിദഗ്ദ്ധനുമായി ഒരു ചർച്ച നടത്തി (Consultation - Liasoning) വേണ്ട ഇടപെടലുകൾ നടത്തണം.
മരുന്നും മന്ത്രവും അല്ല, മറിച്ച് മരുന്നും മനസ്സിലാക്കലുമാവണം 21-ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തിന്റെ മുഖമുദ്ര.
READ: മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ
തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ
ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

