സ്​ട്രോക്ക്;
രോഗമുക്തിയും
പുനരധിവാസവും

‘‘ലോകത്താകമാനം 1.3 കോടി ജനതയാണ് പ്രതിവർഷം സ്‌ട്രോക്കിന് വിധേയരാകുന്നത്. ഇതിൽ55 ലക്ഷത്തോളം പേർ മരിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നൗഫൽ ബഷീർ എഴുതിയ ലേഖനം.

നുഷ്യജീവന് ഹാനികരമാകുന്ന രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌ട്രോക്ക്. ലോകത്താകമാനം 1.3 കോടി ജനതയാണ് പ്രതിവർഷം സ്‌ട്രോക്കിന് വിധേയരാകുന്നത്. ഇതിൽ55 ലക്ഷത്തോളം പേർ മരിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഹൃസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങളാണ് സ്‌ട്രോക്കിന്റെ മറ്റൊരു സവിശേഷത. ഏത് ശരീരഭാഗത്തെയാണ് കീഴടക്കിയിരിക്കുന്നത്, ചികിത്സ എത്ര പെട്ടെന്ന് ആരംഭിച്ചു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അസുഖത്തിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയും ദൈർഘ്യവും നീണ്ടുനിൽക്കുന്നത്. ചലനത്തിനുള്ള തടസ്സം, സംസാരവൈകല്യം തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങൾ ഇതിന്റെ ഭാഗമാണ്.

ലക്ഷണങ്ങൾ

തളർച്ചയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. കൈയോ, കാലോ, അല്ലെങ്കിൽ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ പെട്ടെന്ന് തളർന്നു പോകുന്നു. ചിലരിൽ മുഖത്തിന് കോടൽ പ്രത്യക്ഷപ്പെടും. ചുണ്ട് അല്ലെങ്കിൽ മുഖം പൂർണ്ണമായി തന്നെ ഒരു വശത്തേക്ക് കോടിപ്പോകുക, തരിപ്പ്, മരവിപ്പ് പോലുള്ള അവസ്ഥകളും ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ സന്തുലനാവസ്ഥ (balance) നഷ്ടപ്പെട്ട് പോകുന്നതും സംസാരം കുഴയുന്നതുമെല്ലാം മറ്റ് ലക്ഷണങ്ങളാണ്.

ചികിത്സ തേടേണ്ടതെപ്പോൾ?

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം. ഹൃദയാഘാതത്തിനും മറ്റും നൽകുന്ന സി.പി.ആർ പോലുള്ള പ്രാഥമിക ചികിത്സയൊന്നും തന്നെ സ്‌ട്രോക്കിനില്ല എന്ന് ഓർമ്മിക്കുക. അത്തരം ചികിത്സകൾക്കായി സമയം നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുക. സ്‌ട്രോക്ക് ചികിത്സയിൽപരിചയ സമ്പന്നരായ ന്യൂറോളജിസ്റ്റുമാരും ന്യൂറോസർജന്മാരും സ്കാനിംഗ് സൗകര്യങ്ങളും ഉള്ള ആശുപത്രിയാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്.

ചികിത്സ

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കണം. ഇസ്‌കീമിക് സ്‌ട്രോക്ക്, ഹെമിറേജിക് സ്‌ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്‌ട്രോക്കുകളുള്ളത്. ഇതിൽ ഇസ്‌കീമിക് സ്‌ട്രോക്ക് ആണെങ്കിൽ സ്‌ട്രോക്കിന്റെ ആദ്യ മണിക്കൂറുകളിൽ (4 1/2 മണിക്കൂറിനുള്ളിൽ) ടി.പി.എ എന്ന വിഭാഗത്തിൽ പെട്ട മരുന്നുകൾ നൽകി ബ്ലോക്ക് അലിയിക്കാൻ സാധിക്കും. ചിലരിൽ എൻഡോവാസ്‌കുലർ ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.

ഹെമറേജിക് സ്‌ട്രോക്ക് ആണെങ്കിൽ തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്ക്കാനാവശ്യമായ മരുന്നുകൾ നൽകുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ശസ്ത്രക്രിയയാണ് പ്രധാനമായും ആവശ്യമായി വരാറുള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്തി രക്തക്കട്ട നീക്കം ചെയ്യാവുന്നതാണ്. അന്യൂറിസം പൊട്ടിയ അവസ്ഥയാണെങ്കിൽ അന്യൂറിസം ക്ലിപ്പ്‌ചെയ്യേണ്ടി വരും. ചിലരിൽ എൻഡോവാസ്‌കുലർ എംബോളൈസേഷൻ, കോയിലിംഗ് എന്നിവയും സ്വീകരിക്കാറുണ്ട്.

രോഗമുക്തിയും പുനരധിവാസവും

സ്ട്രോക്ക് വന്ന രോഗികളെ മേൽ പറഞ്ഞ അടിയന്തര ചികിത്സകൾക്ക് ശേഷം ഒന്നോ രണ്ടോ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുടേയും നഴ്സുമാരുടേയും മേൽനോട്ടത്തിൽ ആയിരിക്കും.

പക്ഷാഘാതത്തിന്റെ അനന്തര ഫലം ഇത് തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിച്ചു, എത്ര കോശങ്ങൾ നശിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ഇത്തരത്തിലുള്ള രോഗികൾ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം റീഹാബിലിറ്റേഷൻ വിഭാഗത്തിലേക്കാണ് മാറ്റുക. അവിടെ ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, നഴ്സുമാർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് എന്നിവരടക്കം വൈദഗ്ദ്ധ്യം നേടിയ ഒരു സംഘം രോഗിയെ പരിചരിക്കുന്നു.

പക്ഷാഘാതം വന്നവർ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു പ്രാവശ്യം പക്ഷാഘാതം വന്നാൽ വീണ്ടും വരാനുള്ള സാധ്യത സാധാരണ ആളുകളേക്കാൾ കൂടുതലാണ്. ആയതിനാൽ ഇത്തരക്കാർ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകൾ കഴിക്കുകയും വേണം. പ്രമേഹം, രക്തസമ്മർദ്ദം മുതലായവയെ നിയന്ത്രിക്കണം. പതിവ് ചെക്കപ്പുകൾ നിർബന്ധമായും നടത്തുക, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 20 മിനിറ്റ് വീതം വ്യായാമം ചെയ്യുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ജങ്ക് ഫുഡുകൾ ഒഴിവാക്കുക, ഡോക്ടറുടെ നിർദ്ദേശ പ്രകാരം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും മറ്റ് അനുബന്ധ മരുന്നുകളും കൃത്യമായി ശരിയായ ഇടവേളകളിൽ കഴിക്കുക. ഡോക്ടറുടെ നിർദ്ദശ പ്രകാരമല്ലാതെ തന്നിഷ്ടപ്രകാരം മരുന്നുകൾ കഴിക്കുകയോ നിർത്തുകയോ ചെയ്യരുത്.

READ: ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments