റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

സമീപകാലത്ത് നടന്ന ഒരു പഠനത്തിൽ പങ്കെടുത്ത 40 വയസ്സിന് മുകളിൽ പ്രായമുള്ള 19,000-ഓളം പേരിൽ 83 ശതമാനം പേർക്കും ഏതെങ്കിലും ഒരു ജീവിതശൈലീ രോഗമുണ്ടായിരുന്നു. തെറ്റായ ഭക്ഷണ രീതിയായിരുന്നു പ്രധാന കാരണം. എന്താണ് നല്ല ഭക്ഷണം എന്ന് കൃത്യമായി അറിയണം. ജീവിതത്തിൽ അത് പ്രാവർത്തികമാക്കണം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീജിത്ത് എൻ. കുമാർ എഴുതിയ ലേഖനം.

2017- ലെ ലോക പ്രമേഹ സമ്മേളനവേദി അബുദാബിയിലായിരുന്നു. ഡോ. റോയ് ടെയ്ലറുമായി ചേർന്ന് യു. കെയിൽ നടത്തിയ DIRECT എന്ന പഠനത്തിന്റെ ഫലം അവതരിപ്പിക്കാൻ ഡോ. മൈക് ലീൻ വേദിയിലെത്തി. പ്രമേഹ ചികിത്സാരീതിയെ മാറ്റിമറിച്ച നിഗമനങ്ങൾക്കാണ് അന്ന് ലോകം ദൃക്‌സാക്ഷിയായത്.

യു.കെയിലെ 46 പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ വച്ച് 300 പേരെയായിരുന്നു പഠനവിധേയരാക്കിയത്. ഒന്നു മുതൽ ആറ് വർഷംവരെ ഡയബറ്റിസ് ഉണ്ടായിരുന്ന ഇവരിൽ പകുതി പേർക്ക് ഏറ്റവും നല്ല മരുന്നുകൾ നൽകി. മറു പകുതിയുടെ എല്ലാ മരുന്നുകളും നിറുത്തിയ ശേഷം ഭാരം കുറയ്ക്കാനായി പ്രതിദിനം 800 കലോറി ഊർജ്ജം മാത്രം അടങ്ങുന്ന പ്രത്യേക ഭക്ഷണം നൽകി. ഒരു കൊല്ലം പിന്നിട്ടപ്പോൾ നല്ല ഭക്ഷണം വഴി ചികിത്സിച്ച 46 ശതമാനം പേർക്കും ഒരു മരുന്നുമില്ലാതെ രക്തത്തിലെ ഷുഗർ നോർമലായി തുടർന്നു. 15 കിലോയിലധികം ഭാരം കുറഞ്ഞവരിൽ 86 ശതമാനം പേർക്കും മരുന്ന് വേണ്ടിവന്നില്ല. ശരീരഭാരം, കൃത്യമായി പറഞ്ഞാൽ കൊഴുപ്പ്, നല്ല ഭക്ഷണം വഴി കുറയ്ക്കുവാൻ കഴിയുമെങ്കിൽ പ്രമേഹം മാറുമെന്ന് തെളിഞ്ഞു.

ശരീരഭാരം, കൃത്യമായി പറഞ്ഞാൽ കൊഴുപ്പ്, നല്ല ഭക്ഷണം വഴി കുറയ്ക്കുവാൻ കഴിയുമെങ്കിൽ പ്രമേഹം മാറുമെന്ന് തെളിഞ്ഞു.
ശരീരഭാരം, കൃത്യമായി പറഞ്ഞാൽ കൊഴുപ്പ്, നല്ല ഭക്ഷണം വഴി കുറയ്ക്കുവാൻ കഴിയുമെങ്കിൽ പ്രമേഹം മാറുമെന്ന് തെളിഞ്ഞു.

അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവ പ്രമേഹത്തൊടൊപ്പം സാധാരണയായി കാണുന്ന ജീവിതശൈലീരോഗങ്ങളാണ്. സമീപകാലത്ത് നമ്മുടെ രാജ്യത്ത് നടന്ന INDDIAB എന്ന പഠനത്തിൽ പങ്കെടുത്ത 40 വയസ്സിന് മുകളിൽ പ്രായമുള്ള 19,000-ഓളം പേരിൽ 83 ശതമാനം പേർക്കും ഏതെങ്കിലും ഒരു ജീവിതശൈലീ രോഗമുണ്ടായിരുന്നു. തെറ്റായ ഭക്ഷണ രീതിയായിരുന്നു പ്രധാന കാരണം. ഇതിനും പ്രതിവിധി നല്ല ഭക്ഷണം തന്നെ.

എന്താണ് നല്ല ഭക്ഷണം എന്ന് കൃത്യമായി അറിയണം. ജീവിതത്തിൽ അത് പ്രാവർത്തികമാക്കണം. അതുവഴി പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലീരോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.

നാം മനുഷ്യനാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. കൃത്യമായി പറഞ്ഞാൽ ഹോമോ സാപിയൻസ്. മറ്റെല്ലാ ജീവികളുടെയും പോലെ നമ്മുടെ ജീവിതശൈലിയും നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ജീവൻ നില നിറുത്തുവാൻ മൂന്ന് ഘടകങ്ങൾ കൂടിയേ തീരൂ - വായു, വെളളം, ഭക്ഷണം. ഇത് മൂന്നും പ്രകൃതിയിൽ നിന്നാണ് സാപിയൻസിന് (ഇന്നത്തെ മനുഷ്യൻ) ഭൂമിയിൽ വസിച്ച ഏതാണ്ട് മൂന്നു ലക്ഷത്തോളം വർഷം അവർക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ 10,000 വർഷത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വലിയ വ്യതിയാനം ഉണ്ടായി. കൃഷിയുടെ ആവിർഭാവത്തോടെ അതുവരെ അവർ വസിച്ചിരുന്ന വനങ്ങളിൽ നിന്ന് ലഭിച്ച വൈവിധ്യമാർന്ന ഭക്ഷണത്തിന് പകരം നിറയെ ധാന്യവും, മധുരവും, കൊഴുപ്പും അടങ്ങിയ പുതിയ ഭക്ഷണം കഴിച്ച് തുടങ്ങി. അവിടം മുതൽ ജീവിതശൈലി തെറ്റിയതിനാൽ ജീവിതശൈലീരോഗങ്ങളും തുടങ്ങി.

എന്താണ് നല്ല ഭക്ഷണം എന്ന് കൃത്യമായി അറിയണം.  ജീവിതത്തിൽ അത് പ്രാവർത്തികമാക്കണം. അതുവഴി പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലീരോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ  സാധിക്കും.
എന്താണ് നല്ല ഭക്ഷണം എന്ന് കൃത്യമായി അറിയണം. ജീവിതത്തിൽ അത് പ്രാവർത്തികമാക്കണം. അതുവഴി പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലീരോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.

നാം ഭക്ഷണം കഴിക്കുന്നത് പ്രധാനമായും ഊർജ്ജത്തിന് വേണ്ടിയാണ്. ഊർജ്ജത്തിന്റെ അളവാണ് കലോറി. ആവശ്യമുള്ള അളവിൽ മാത്രമേ ഊർജ്ജം ഉള്ളിൽ പോകാൻ പാടുള്ളൂ. അമിതമാകുന്ന ഊർജ്ജം ശരീരത്തിൽ കൊഴുപ്പായി മാറും. അധിക ആന്തരിക കൊഴുപ്പാണ് എല്ലാ ജീവിതശൈലീരോഗങ്ങളുടെയും അടിസ്ഥാന കാരണം. അതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി കൃത്യമായിരിക്കണം എന്നതാണ് നല്ല ഭക്ഷണ ശൈലിയുടെ ഒന്നാം നിയമം.

ഒരു ദിവസം ശരാശരി പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏതാണ്ട് 1800 കലോറി ഊർജ്ജം ആവശ്യമുണ്ട്. ഇത് അല്പം കുറയ്ക്കുന്നതാകും ശരീര കൊഴുപ്പ് കുറയ്ക്കുവാൻ നല്ലത്. ഇതിനർത്ഥം പട്ടിണിയിരിക്കണം എന്നല്ല. കലോറി കുറഞ്ഞ ഭക്ഷണം ധാരാളം കഴിക്കാമെന്നും, കലോറി കൂടിയവ കുറയ് ക്കണം എന്നുമാണ്.

നിയമം 1:
കലോറി ശാസ്ത്രീയമായി നിയന്ത്രിക്കണം.

ഭക്ഷണ ചേരുവകളെ രണ്ടായി തിരിക്കാം:

വലിയ അളവിൽ കഴിക്കേണ്ടവ (മാക്രോ ന്യൂ(ടിയന്റസ്).

ചെറിയ അളവിൽ (മൈക്രോ ന്യൂ(ടിയന്റസ്) വേണ്ടവ.

വലിയ ഭക്ഷണം മൂന്നു വിഭാഗങ്ങളാണ് - കാർബോഹൈഡ്റേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്) എന്നിവയാണവ. നാരുകൾ (ഫൈബർ) വലിയ അളവിൽ കഴിക്കുന്നവയാണെങ്കിലും അതിൽ കലോറി ഇല്ല. വിറ്റാമിൻ, ധാതുക്കൾ എന്നിവ ചെറിയ അളവിലെ ആവശ്യമുള്ളൂ.

ദിവസവും ആവശ്യമുളള ഊർജ്ജത്തിന്റെ 50 ശതമാനം മാത്രമെ അന്നജത്തിൽ നിന്ന് പാടുള്ളൂ.
ദിവസവും ആവശ്യമുളള ഊർജ്ജത്തിന്റെ 50 ശതമാനം മാത്രമെ അന്നജത്തിൽ നിന്ന് പാടുള്ളൂ.

കാർബോഹൈഡ്രേറ്റ് (അന്നജം) കുടലിൽ എത്തി ദഹിച്ചാൽ അത് ഷുഗർ ആകുന്നു. ഇത് രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. അന്നജത്തിന്റെ അളവ് ഭക്ഷണത്തിൽ കൂടിയാൽ രക്തത്തിലെ ഷുഗർ കൂടും. അതിനാൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. ദിവസവും ആവശ്യമുളള ഊർജ്ജത്തിന്റെ 50 ശതമാനം മാത്രമെ അന്നജത്തിൽ നിന്ന് പാടുള്ളൂ.

നിയമം 2:
ഭക്ഷണത്തിലെ കാർബോഹൈഡ്റേറ്റ് നിയന്ത്രിക്കുക:

അന്നജം കുറഞ്ഞ ഭക്ഷണം കഴിക്കുകയും, കൂടിയവ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് രണ്ടാം നിയമം. മാംസപേശികളുടെയും അവയവങ്ങളുടെയും വളർച്ചക്കായി പ്രോട്ടീൻ ആവശ്യമുണ്ട്. ദിവസവും ആവശ്യമുളള ഊർജ്ജത്തിന്റെ 20ശതമാനം പ്രോട്ടീൻ ഭക്ഷണത്തിൽ നിന്നാകണം.

നിയമം 3:
പ്രോട്ടീൻ ആവശ്യാനുസരണം കഴിയ്ക്കുക:

കോശങ്ങളുടെ ആവരണം, ഹോർമോൺ എന്നിവ നിർമ്മിക്കുവാനും, ശരീരത്തിന്റെ മറ്റ് പ്രവൃത്തികൾക്കും ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊഴുപ്പ് ആവശ്യമുണ്ട്. അപൂരിത കൊഴുപ്പാണ് നല്ലത്. പൂരിത കൊഴുപ്പ് നല്ലതായി കണക്കാക്കപ്പെടുന്നില്ല. കൊഴുപ്പിൽ ഊർജം അധികമുള്ളതിനാൽപരിമിതമായി വേണം കഴിയ്ക്കുവാൻ. ദിവസവും ആവശ്യമുളള ഊർജ്ജത്തിന്റെ 30ശതമാനം കൊഴുപ്പ് ഭക്ഷണത്തിൽ നിന്നുമാകാം.

നിയമം 4:
നല്ല കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അളവ് പരിമിതമാകണം:

സാധാരണ നാം കഴിക്കുന്ന ഭക്ഷണത്തെ ഗ്രൂപ്പുകളായി തിരിക്കാം. ഒരു ഗ്രൂപ്പിലെ പദാർത്ഥങ്ങൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാകും. ഓരോ ഗ്രൂപ്പിലെയും ഊർജ്ജവും, ഭക്ഷണ ചേരുവ കളും കൃത്യമായി അറിഞ്ഞുവേണം ഭക്ഷണം തെരഞ്ഞെടുക്കുവാൻ.

ഊർജ്ജവും, ഷുഗറും വളരെ കൂടിയ ഭക്ഷണ പദാർത്ഥങ്ങളാണ് മധുരവും, ധാന്യവും. അതിനാൽ ഇവ ഒഴിവാക്കേണ്ടതാണ്. ഫലവർഗ്ഗങ്ങളിൽ ഷുഗറിന്റെയും, ഊർജ്ജത്തിന്റെയും അളവ് കുറവാണ്, പച്ചറികളിൽ വളരെ കുറവും. നമുക്ക് ആവശ്യമുള്ള വിറ്റമിനും, ധാതുലവണങ്ങളും ഫലങ്ങളിലും, പച്ചക്കറികളിലും ധാരാളമുണ്ട്. അതിനാൽ ഇവ രണ്ടും നല്ല ഭക്ഷണമാണ്. ഫലങ്ങൾ മിതമായും, പച്ചക്കറികൾ ധാരാളമായും കഴിയ്ക്കാം. പയറ്, പരിപ്പ്, കടല തുടങ്ങിയ സസ്യ ഭക്ഷണത്തിൽ നിന്നും, മീൻ, മുട്ട, മാംസം തുടങ്ങിയ സസ്യേതര ഭക്ഷണത്തിൽ നിന്നും ആവശ്യമുള്ള പ്രോട്ടീൻ നമുക്ക് ലഭിയ്ക്കും. നട്സും, സീഡ്സും നല്ല പ്രോട്ടീന്റെയും, നല്ല കൊഴുപ്പിന്റെയും സ്രോതസുകളാണ്. എന്നാൽ ഇവയിൽ ഊർജ്ജം വളരെ അധികമാണ്. അതിനാൽ ഇവ നല്ല ഭക്ഷണമാണെങ്കിലും മിതമായി വേണം ഉപയോഗിക്കുവാൻ. മധുരവും, എണ്ണയും എത്ര കുറയ്ക്കുന്നുവോ അത്രയും നന്ന്. ഇവയാണ് പൊതുവിൽ നാം ശ്രദ്ധിക്കേണ്ട വസ്തുതകൾ.

ഈ വസ്തുതകളെ അടിസ്ഥാനമാക്കി ഭക്ഷണം കഴിക്കുവാനുള്ള എളുപ്പമാർഗ്ഗമാണ് ഫുഡ് പ്ലേറ്റ് രീതി. ഇത്തരത്തിൽ ഭക്ഷണം കഴിയ്ക്കുമ്പോൾ രക്തത്തിലെ ഷുഗർ നന്നെ കുറയുകയും, നിത്യേന ഭക്ഷണം ഇത്തരത്തിലാകുമ്പോൾ ശരീര കൊഴുപ്പ് കുറഞ്ഞ് എല്ലാ ജീവിതശൈലീരോഗങ്ങളും നന്നായി കുറയുകയോ, മാറുകയോ ചെയ്യുന്നു.

ഇതോടൊപ്പം നല്ല വ്യായാമവും ശീലമാക്കണം. നിത്യവും അര - മുക്കാൽ മണിക്കൂറെങ്കിലും വിയ൪ക്കുന്ന, കിതയ്ക്കുന്ന ഏറോബിക് വ്യായാമവും, ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാംസ പേശികൾക്ക് വേണ്ടിയുള്ള മസിൽ വ്യായാമവും ചെയ്യണം. ഇതുവഴി ശരീരത്തിന്റെ ആകാരം നല്ലതാക്കാൻ ഉദ്യമിക്കണം. സ്ത്രീകളിൽ ശരീര കൊഴുപ്പ് 32 ശതമാനം, ഉദര ചുറ്റളവ് 80 cm, പുരുഷൻമാരിൽ ശരീര കൊഴുപ്പ് 25 ശതമാനം, ഉദര ചുറ്റളവ് 90 cm എന്നതാണ് നല്ല അളവ്. ഇതിലേ ക്ക് എത്താനാകണം ശ്രമം.

ഈ രീതി അവലംബിക്കുമ്പോൾ പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങൾ പലരിലും മാറും, എല്ലാവരിലും നന്നായി കുറയും.

റിവേഴ്സ് ഡയബറ്റിസ് എന്നത് വെറും ഭാഷാ പ്രയോഗമല്ല, പ്രവർത്തികവും, ഫലപ്രദവുമാണ് എന്ന് നിശ്ചയമായും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

READ: ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments