കർഷക യുവാവിന്റെ മരണം
തലയ്ക്ക് വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പഞ്ചാബ് സ്വദേശിയായ ശുഭ്കരൺ സിങ്ങിന്റെ തലയുടെ പിൻവശത്ത് വെടിയേറ്റതായി കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു.

National Desk

01.03.2024 | 11.00 AM

  • ൽഹി ചലോ മാർച്ചിനുനേരെയുണ്ടായ ഹരിയാന പൊലീസ് നടപടിയിൽ പഞ്ചാബ് സ്വദേശിയായ ശുഭ്കരൺ സിങ് മരിച്ചത് തലക്ക് വെടിയേറ്റതിനെ തുടർന്നെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ തലയുടെ പിൻവശത്ത് വെടിയേറ്റതായി കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും പട്യാല പൊലീസിന് റിപ്പോർട്ട് കൈമാറിയതായും അവർ കൂട്ടിച്ചേർത്തു.

  • പോസ്റ്റുമോർട്ടത്തിനുമുമ്പ് നടത്തിയ സി.ടി സ്‌കാനിൽ, യുവാവിന്റെ തലയിൽ നിരവധി ലോഹ പെല്ലറ്റുകൾ കണ്ടെടുത്തു. തലയോട്ടിയുടെ പല ഭാഗത്തും മുറിവേറ്റ പാടുകളുമുണ്ട്.

  • ശുഭ്കരന്റെ തലയിൽ നിന്ന് കണ്ടെത്തിയ മെറ്റൽ പെല്ലറ്റുകൾ പൊലീസിന് കൈമാറി. എന്നാൽ ഏത് തോക്കാണ് ഉപയോഗിച്ചതെന്ന് മനസിലാകണമെങ്കിൽ പെല്ലറ്റുകൾ ബാലിസ്റ്റിക് വിദഗ്ധർക്ക് അയച്ച് പരിശോധിക്കണമെന്ന് അധികൃതർ.

  • ഫെബ്രുവരി 21-നാണ് ഖനൗരി അതിർത്തിയിൽ 21കാരനായ ശുഭ്കരൺ സിങ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് മടിച്ചിരുന്നെങ്കിലും കർഷകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ പൊലീസിന് വഴങ്ങി. മരണത്തിൽ ഉത്തരവാദികളായ ഹരിയാന പൊലീസിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി കർഷക നേതാക്കൾ യുവാവിന്റെ പോസ്റ്റ്‌മോർട്ടം അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഒരാഴ്ചയോളമായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തശേഷമാണ് മൃതദേഹം സ്വദേശമായ ഭട്ടിൻഡയിൽ സംസ്‌കരിച്ചത്.

  • ശുഭ്കരണിന്റെ മരണത്തിന് പിന്നാലെ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ നിർത്തിവെച്ചതായി കർഷക നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

  • പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്ക് നേരെ ഹരിയാന പൊലീസ് കടുത്ത നടപടി സീകരിച്ചുതുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പഞ്ചാബ്- ഹരിയാന അതിർത്തിയിൽ പൊതുമുതൽ നശിപ്പിക്കുന്നവരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കുമെന്നാണ് അംബാല പൊലീസ് അറിയിച്ചത്.

  • പ്രക്ഷോഭത്തിൽ മരിച്ച മറ്റു കർഷകരുടെയും ശരീരത്തിൽ പെല്ലറ്റുകൾ കൊണ്ട് മുറിവേറ്റ പാടുകളുണ്ടായിരുന്നു.


27.02.2024 | 3.00 PM

  • 'ഡൽഹി ചലോ' പ്രക്ഷോഭത്തിനെതിരായ കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ പഞ്ചാബ് സ്വദേശിയായ കർഷകൻ മരിച്ചു.

  • പാട്യാല ജില്ലയിലെ ആർനോ ഗ്രാമത്തിൽനിന്നുള്ള 62 കാരനായ കർണയിൽ സിങ്ങാണ് മരിച്ചത്.

  • ഫെബ്രുവരി 21ന് ഹരിയാന പൊലീസന്റെ ടിയർ ഗ്യാസ് ഷെൽ വർഷത്തിലാണ് കർണയിൽ സിങ്ങിന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയുണ്ടായത്. ശുഭ്കരൺ സിങ്ങ് എന്ന യുവ കർഷകൻ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ച ദിവസമാണ്, ഖനൗരി അതിർത്തിയിൽ കൺണയിൽ സിങ്ങിനും അസ്വസ്ഥതയുണ്ടായത്.

  • ഭാരതീയ കിസാൻ യൂണിയൻ- ക്രാന്തികാരി വിഭാഗം അംഗമാണ്. ഒന്നര ഏക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന അദ്ദേഹത്തിന് എട്ടു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇപ്പോൾ ഭൂമിയും അദ്ദേഹത്തിന്റെ പേരിലല്ല.

  • പ്രക്ഷോഭം തുടങ്ങി രണ്ടാഴ്ചക്കിടെ ആറാമത്തെ മരണം.

  • ദർശൻ സിങ് (62), ഗ്യാൻ സിങ് (63), മൻജിത് സിങ് (72), നരീന്ദർ പാൽ സിങ് (43), ശുഭ്കരൺസിങ്ങ് (21) എന്നിവരാണ് പ്രക്ഷോഭത്തിനിടെ മരിച്ച മറ്റു കർഷകർ. ഇവരിൽ പലരും കണ്ണീർവാതക ഷെൽ പ്രയോഗത്തെതുടർന്നുള്ള അസ്വസ്ഥത മൂലമാണ് മരിച്ചത്.

  • പ്രക്ഷോഭത്തിനിടെ മരിച്ച എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

  • കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശുഭ്കരൻ സിങ്ങിനെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധിക്കുകയാണ് കർഷക സംഘടനകൾ. മൃതദേഹം സർക്കാർ രജീന്ദ്ര ആശുപത്രി മോർച്ചറിയിലാണ്. ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പോസ്റ്റുമോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് കർഷകർ പറയുന്നത്.


Read Previous Updates:
Week 2 | Day 7 | Day 4 | Day 3| Day 2 | Day 1

Comments