‘നാലാംതൂണ്’
ആനുകൂല്യം പറ്റാന്‍
എത്ര മാധ്യമങ്ങള്‍ക്ക്
അവകാശമുണ്ട്?
‘നാലാംതൂണ്’ ആനുകൂല്യം പറ്റാന്‍ എത്ര മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്?
മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ കണക്കായിപ്പോയി എന്ന തോന്നല്‍ സൃഷ്ടിച്ചതില്‍ വ്യക്തിഹത്യയും അസത്യപ്രചാരണവും ഒക്കെ അവകാശമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പങ്കും ചെറുതല്ല- 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ടി.എം. ഹർഷൻ സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
ടി.എം. ഹര്‍ഷന്‍: വിമര്‍ശനം പുതിയ കാര്യമല്ല. വാര്‍ത്ത അറിയിക്കുന്നതിനൊപ്പം സിസ്റ്റത്തോടുള്ള വിമര്‍ശനം കൂടിയാണല്ലോ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിരന്തരം നടത്തുന്നത്. അതുകൊണ്ട് മാധ്യമങ്ങളുടെ വിമര്‍ശനവും വിമര്‍ശനങ്ങളോടുള്ള പ്രതിഷേധവും എല്ലാക്കാലവും സംഭവിച്ചുകൊണ്ടേയിരിക്കും. പൊതുബോധനിര്‍മ്മിതിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ നിരുത്തരവാദപരമായി പെരുമാറിയാല്‍ മാധ്യമങ്ങളോടുള്ള വിമര്‍ശനവും രൂക്ഷമാവും. പക്ഷേ പിഴവുകളോ വീഴ്ചയോ ഭിന്നതാല്‍പര്യമോ മുന്‍നിറുത്തി ശാരീരികമോ മാനസികമോ ആയി ആക്രമിക്കുന്നത് ശരിയല്ല. മോശം ജേര്‍ണലിസം എന്നൊന്നുണ്ടെന്നത് മാധ്യമലോകം തന്നെ അംഗീകരിച്ച വസ്തുതയാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുകൊണ്ട് അതില്ലാതാവാന്‍പോകുന്നില്ല.
സത്യാനന്തരകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് വസ്തുതയ്ക്കും യുക്തിയ്ക്കുമപ്പുറം വൈകാരികതയ്ക്കും ജിങ്കോയിസത്തിനുമാണ് പ്രാധാന്യം കിട്ടുന്നത്.
മാധ്യമപ്രവര്‍ത്തനം എന്നത് മാര്‍ക്കറ്റിന്റെ താല്‍പര്യം കൂടിയാവുമ്പോള്‍ എല്ലാ വാര്‍ത്തയ്ക്കും ഏതെങ്കിലും ഒരു മാധ്യമത്തെ മാത്രം ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും അബദ്ധമാവുമെന്ന ബോധ്യം പതിയെപ്പതിയെ ജനങ്ങളില്‍ പരുവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സാര്‍വ്വദേശീയതലത്തില്‍ത്തന്നെ ജനാധിപത്യം സങ്കല്‍പാതീതമായ പരിണാമത്തിനോ മൂല്യച്യുതിക്കോ വിധേയമാകുന്ന കാലത്ത് ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന വിശേഷണത്തിന്റെ ആനുകൂല്യം പറ്റാന്‍ എത്ര മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട് എന്നതും സ്വയംവിമര്‍ശനപരമായി വിലയിരുത്തപ്പെടേണ്ടതാണ്.
രണ്ടുതരം ആക്രമണങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത്. ഒന്ന്,
ഭരണകൂടത്തിന്റെ പ്രൊപ്പഗാന്‍ഡയ്ക്ക് എതിരേ നീന്താന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാവുന്ന ആക്രമണം. മാധ്യമങ്ങളുടെ നിലനില്‍പ് തന്നെ തകരാറിലാവുന്ന സാഹചര്യമാണത്. ഡല്‍ഹിയില്‍ കാരവാന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതാണ് ഒടുവിലെ ഉദാഹരണം. രണ്ടാമത്തേത് ഭരണകൂടഭീഷണിക്കോ പ്രലോഭനത്തിനോ വശംവദരായ മാധ്യമങ്ങള്‍ പ്രൊപ്പഗാന്‍ഡാ മെഷീനായി പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴുള്ള പ്രതിഷേധമാണ്. ഈ പ്രതിഷേധത്തെ പ്രതിരോധിക്കാനും രക്ഷപ്പെടാനുമുള്ള കരുത്തും തന്ത്രവും തല്‍ക്കാലം മാധ്യമങ്ങള്‍ക്കുണ്ട്. പോരാത്തതിന് പ്രൊപ്പഗാന്‍ഡിസ്റ്റുകളുടെ പിന്തുണയും ഇത്തരം മാധ്യമങ്ങള്‍ക്ക് നിര്‍ലോഭം ലഭിക്കും.
രണ്ട് തരം ആക്രമണങ്ങള്‍ക്കും നൂറുനൂറുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. എന്തായാലും ഈ കാലം മാധ്യമങ്ങള്‍ക്ക് വെല്ലുവിളികളുടേതാണ്. ഇതില്‍ ഏതുതരം ആക്രമണമാണ്, വിമര്‍ശനമാണ് നേരിടേണ്ടത് എന്നത് മാധ്യമങ്ങളുടെ ചോയ്‌സാണ്. ഈ രണ്ടുതരം ആക്രമണങ്ങള്‍ക്കും നവമാധ്യമകാലത്ത് കൂടുതല്‍ പ്രഹരശേഷിയുണ്ട് എന്നത് മറ്റൊരു കാര്യം.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഏത് ഇന്ത്യന്‍ പൗരനുമുള്ള അവകാശത്തിനപ്പുറം ഒരു സവിശേഷാധികാരവും മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇല്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1 A) യില്‍ എഴുതിയിരിക്കുന്ന Freedom of speech and expression തന്നെയാണ് മാധ്യമപ്രവര്‍ത്തകരുടേയും ആയുധം. പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തോ സവിശേഷാധാകാരമുണ്ട് എന്നതാണ് പൊതുബോധം. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ കയ്യടി ഉയരുന്നത്. സത്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സവിശേഷാധികാരമല്ല, പൗരന്റെ അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഹനിയ്ക്കപ്പെടുന്നത് എന്ന് സമൂഹം തിരിച്ചറിയണം. ഭരണകൂടമോ രാഷ്ട്രീയപാര്‍ട്ടികളോ വ്യക്തികളോ ആള്‍ക്കൂട്ടമോ ആരായാലും മാധ്യമങ്ങളെ ആക്രമിക്കുമ്പോള്‍ ദുര്‍ബ്ബലമാകുന്നത് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളാണ്.
ഇതിന്റെ മറ്റൊരു വശം നോക്കിയാല്‍ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നുതന്നെയാണ് മാധ്യമങ്ങള്‍ക്ക് സവിശേഷാധികാരമുണ്ട് എന്ന പൊതുബോധം സൃഷ്ടിച്ചത് എന്നതും കാണാം. പത്ര - ദൃശ്രമാധ്യമങ്ങള്‍ക്കപ്പുറത്ത് യൂട്യൂബ് ചാനലുകളും പോര്‍ട്ടലുകളും പേജുകളുമടങ്ങുന്ന നവമാധ്യമലോകത്തും ഈ സവിശേഷാധികാര സൂചന പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ കണക്കായിപ്പോയി എന്ന തോന്നല്‍ സൃഷ്ടിച്ചതില്‍ വ്യക്തിഹത്യയും അസത്യപ്രചാരണവും ഒക്കെ അവകാശമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പങ്കും ചെറുതല്ല.
എന്നാല്‍ പ്രതിപക്ഷബുദ്ധിയോടെ നിരന്തരം തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നവരും ഏതെങ്കിലുമൊരു തൊഴില്‍മേഖല എന്നതിനപ്പുറമുള്ള സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമടങ്ങുന്ന വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷമാധ്യമപ്രവര്‍ത്തനം എന്നൊന്നില്ല, ഉണ്ടെന്നുള്ള ഏത് അവകാശവാദവും പൊളിയാണ്. വിമോചനസമരത്തിനുശേഷവും അങ്ങേയറ്റത്തെ രാഷ്ട്രീപക്ഷപാതിത്വം കാട്ടിയിരുന്ന ചില മാധ്യമങ്ങള്‍ക്ക് കേരളത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ച് വൈകിയുണ്ടായ ബോധ്യത്തിന്റെ ഉല്‍പന്നമാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമെന്ന വ്യാജസംജ്ഞ. എല്ലാവരേയും ഉള്‍ക്കൊള്ളുന്നവരാണ് ഞങ്ങള്‍ എന്നോ എല്ലാപേരും ഞങ്ങളുടെ പത്രം വാങ്ങണമെന്നോ ഉള്ള അഭ്യര്‍ത്ഥനകൂടിയാണ് അത്. ഒരു പരസ്യവാചകം എന്നതിനപ്പുറം എത്രമാധ്യമങ്ങള്‍ക്ക് അത് പ്രവൃത്തിയില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട് ?.
പക്ഷേ അപ്പോള്‍ എന്താണ് പക്ഷം പിടിച്ചുള്ള മാധ്യമപ്രവര്‍ത്തനം എന്നതുകൂടി വിശദീകരിക്കേണ്ടതുണ്ട്. സ്വതന്ത്രമായി ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഏതെങ്കിലും പക്ഷത്തിന് പ്രസക്തിയില്ല. സംഭവിച്ചതെന്താണോ അത് സത്യസന്ധമായി ജനങ്ങളോട് പറയുക എന്നതാണ് ചെയ്യേണ്ടത്. പക്ഷേ
അവിടേയും സത്യത്തിന്റെ പക്ഷത്താണ് മാധ്യമപ്രവര്‍ത്തകര്‍. അനീതിക്കെതിരായ റിപ്പോര്‍ട്ടിങ്ങില്‍ നീതിയുടെ പക്ഷത്താണ് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്, തെറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ ശരിയുടെ പക്ഷത്തും. സങ്കീര്‍ണമായ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ സമൂഹനന്‍മയുടെ പക്ഷം പിടിക്കുകതന്നെ വേണം. ഈ ചോദ്യം ഉയരുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതും കേവലം രാഷ്ട്രീയപക്ഷപാതത്തെ മുന്‍നിര്‍ത്തിയാണ്. അതിനപ്പുറം സമൂഹത്തിലെ സൂക്ഷ്മരാഷ്ട്രീയമറിഞ്ഞുതന്നെയാവണം മാധ്യമപ്രവര്‍ത്തകർ പ്രവര്‍ത്തിക്കേണ്ടത് എന്നുതന്നെയാണ് വ്യക്തിപരമായ നിലപാട്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
മാധ്യമരംഗത്തെ കാലികമായ ഓരോ മാറ്റവും ആത്യന്തികമായി ഗുണപരമായിരുന്നു എന്നാണ് തോന്നുന്നത്. പത്രപ്രവര്‍ത്തകർ അല്ലെങ്കില്‍ പത്രം എഴുതി അറിയിച്ചിരുന്ന കാര്യങ്ങള്‍ ജനങ്ങള്‍ കണ്ടറിഞ്ഞുതുടങ്ങി എന്നത് ചെറിയ മാറ്റമല്ലല്ലോ. കുറഞ്ഞപക്ഷം പെട്ടന്നുണ്ടാകുന്ന സംഭവങ്ങളിലെങ്കിലും മാധ്യമങ്ങളുടേയോ മാധ്യമപ്രവര്‍ത്തകരുടേയോ മാത്രം വ്യാഖ്യാനത്തിന് സാധ്യത കുറഞ്ഞു. അതിനപ്പുറം വിലയിരുത്താന്‍ കാഴ്ചക്കാർക്ക് അവസരമുണ്ടായി. ടെലിവിഷന്‍ ജേര്‍ണലിസത്തിനുതന്നെ കാലികമായ മാറ്റം നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. കൂടുതല്‍ ലൈവ് റിപ്പോര്‍ട്ടിങ്ങിലേയ്ക്കുള്ള മാറ്റം കൊണ്ട് വാര്‍ത്ത ജനങ്ങളിലേയ്ക്ക് വേഗമെത്തിത്തുടങ്ങി, പക്ഷേ പിഴവുകള്‍ കൂടി. സമഗ്രമായ വിശകലനമോ പഠനമോ ടെലിവിഷനില്‍ ഇല്ലാതായിട്ടുണ്ട്. പക്ഷേ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വളരാനാണ് ടെലിവിഷന്‍ ശ്രമിക്കുന്നത്.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
വലിയ മൂലധനം അടിസ്ഥാനസത്യമാണ് എന്നതുകൊണ്ടുതന്നെ പത്രങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും മാത്രം കണക്കിലെടുത്താല്‍ വലിയൊരളവോളം ഈ വിമര്‍ശനം ശരിയാണ്. പക്ഷേ മാധ്യമപ്രവര്‍ത്തനത്തെ ആകെ പരിശോധിച്ചാല്‍ താല്‍കാലികമാണ് അത്. വലിയ മാറ്റം ഇപ്പോള്‍ത്തന്നെ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. പത്രം, ടെലിവിഷന്‍ എന്നതിനപ്പുറം വിശാലമായിത്തന്നെ വേണം മാധ്യമമേഖലയെ കാണാന്‍. യൂ ട്യൂബ് ചാനലുകളും പോര്‍ട്ടലുകളുമൊക്കെ പത്ര -ടെലിവിഷന്‍ മാധ്യമങ്ങളോളം തന്നെ ഇടപെടല്‍ ശേഷി കൈവരിച്ചുതുടങ്ങിയിരിക്കുന്നു. അവിടേയുംകോര്‍പ്പറേറ്റുകളുടെ സഹായം വേണ്ടിവരും എങ്കിലും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യത ചെറുതല്ല.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ ചെറുതല്ലാത്ത മാറ്റം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. അതിന് വലിയൊരളവോളം കാരണമായത് ന്യൂസ് ചാനലുകള്‍ തന്നെയാണ്. എണ്ണിപ്പറയാവുന്നത്ര വനിതാ ജേര്‍ണലിസ്റ്റുകള്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ ഉണ്ടായി. ട്രാന്‍സ്‌ജെന്‍ഡര്‍ റിപ്പോര്‍ട്ടര്‍മാരും അവതാരകരും ഉണ്ടായി. എങ്കിലും ലിംഗനീതി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പാവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ലിംഗനീതി എന്നതിനൊപ്പം എടുത്തുപറയേണ്ടതാണ് ദളിത്- മുസ്ലീം പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുടെ മാധ്യമമേഖലയിലെ സാന്നിധ്യം. ഇരുപതുവര്‍ഷം കൊണ്ടുണ്ടായ മാറ്റമാണത്. എങ്കിലും എഡിറ്റോറിയല്‍ ബോര്‍ഡുകളില്‍ വിരലിലെണ്ണാവുന്നത്ര സ്ത്രീകളും ദളിതരും പിന്നാക്കക്കാരുമേ ഇപ്പോഴുമുള്ളൂ. വിഷയാധിഷ്ഠിതമായി നിലപാട് പരുവപ്പെടേണ്ട എഡിറ്റോറിയല്‍ ബോര്‍ഡുകളില്‍ ഈ അസാന്നിധ്യം ചെറുതല്ലാത്ത പരിമിതിയാണെന്നതാണ് അനുഭവം.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
എല്ലാ സ്ഥാപനങ്ങളേയും ഒരുപോലെ കണക്കാക്കാനാവില്ല. വേതനത്തിലെ അന്തരം പല മാധ്യമസ്ഥാപനങ്ങളിലും പല തരത്തിലാണ്. മറ്റേതു തൊഴില്‍മേഖലയിലും എന്നപോലെ തൊഴിലാളിക്ക് മികച്ചവേതനം നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. പക്ഷേ സാമൂഹികപ്രതിബദ്ധതയോടെ ഈ തൊഴില്‍മേഖലയില്‍ വന്നുപെട്ടവരെ അതാവര്‍ത്തിച്ച് ഓര്‍മപ്പെടുത്തി പ്രതിസന്ധിയിലാക്കുന്നതും നിങ്ങള്‍ മഹാ കാര്യമാണ് ചെയ്യുന്നതെന്ന് പുകഴ്ത്തി നിസ്സാര ശമ്പളം കൊടുത്ത് ചൂഷണം ചെയ്യുന്നതും ക്രൂരതയാണ്. അത് ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വലിയ സ്വാധീനമുണ്ട്. പല തരത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍മീഡിയയെ അകറ്റി നിര്‍ത്താനാണ് ആദ്യം വ്യവസ്ഥാപിത മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി എന്ന തിരിച്ചറിവ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ട്. ചര്‍ച്ചകളിലും വിശകലനങ്ങളിലും ഒക്കെ സോഷ്യല്‍മീഡിയയെ ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ സൈബര്‍ ആക്രമണങ്ങളാണ് മാധ്യമങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നത് എന്നതാണ് പ്രതികൂലവശം.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

കുറച്ചുകാലമായി ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലും കുടുങ്ങിക്കിടക്കുന്നതാണ് വായന. അതിനപ്പുറം വായിക്കാന്‍ താല്‍പര്യമുള്ളത് ചരിത്രവും യാത്രാവിവരണങ്ങളുമാണ്. ഏറ്റവുമൊടുവില്‍ വായിച്ചത് അല്ലെങ്കില്‍ വായിച്ചുകൊണ്ടിരിക്കുന്നത് ബോബി തോമസ് എഴുതിയ "ക്രിസ്ത്യാനികള്‍ - ക്രിസ്തുമതത്തിന് ഒരു കൈപ്പുസ്തക'മാണ്. വാഗ്ദത്തഭൂമിയിലേയ്ക്കുള്ള എബ്രഹാമിന്റെ യാത്ര മുതല്‍ മധ്യകേരളത്തിലെ പുതിയ കരിസ്മാറ്റിക് ആരാധനാ പരിസരത്തേയ്ക്കുവരെ വന്നെത്തുന്ന ക്രിസ്തുമതചരിത്രത്തിന്റെ വിമര്‍ശനാത്മക പഠനമാണ് അത്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡ് എല്ലാറ്റിനേയും മാറ്റിമറിച്ചെങ്കിലും മാധ്യമങ്ങളെ എത്രത്തോളം മാറ്റി എന്നറിയാന്‍ ഇനിയും കാക്കേണ്ടതുണ്ട്. കേരളത്തില്‍ പ്രകടമായിട്ടില്ലെങ്കിലും ദേശീയതലത്തില്‍ തൊഴില്‍നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വലുതാണ്. ബിസിനസിലെ തിരിച്ചടിക്കുള്ള പരിഹാരം മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നിര്‍ദ്ദേശിക്കാനില്ല. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതും നവീകരിക്കുക എന്നതുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പരമ്പരാഗതമാധ്യമങ്ങള്‍ക്കപ്പുറത്തുള്ള സാധ്യതയിലേയ്ക്കും വളര്‍ച്ചയിലേയ്ക്കും പോകാന്‍ സജ്ജരായിരിക്കുക എന്നതും.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read