ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

ജി. സുധാകരന്റെ ‘സ്വതന്ത്ര’ മത്സരം തന്നെയായിരിക്കും ഇത്തവണ ആലപ്പുഴ ജില്ലയിലെ ഇലക്ഷൻ കാമ്പയിനെ ശ്രദ്ധകേന്ദ്രമാക്കാൻ പോകുന്നത്. ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

മ്പലപ്പുഴ മണ്ഡലത്തിൽ പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു: ‘‘വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല’’- പ്രതിഷേധം സി.പി.എമ്മിന്റേതാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ, അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിനുതൊട്ടുപുറകേ, ഈ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്ന മട്ടിലാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടാകുന്നത്.

‘‘കാണുന്നത് പ്ലാൻ ചെയ്ത രംഗം. എതിരെ ചെയ്ത കാര്യം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിന്റെ തെളിവ് ഇപ്പോഴും എന്റെ കൈയിലുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, പറയുന്നില്ല’’- സി.പി.എം ജില്ലാ നേതൃത്വത്തിനെതിരായ സുധാകരന്റെ ആക്രമണങ്ങൾക്ക് മറുപടിയായി എച്ച്. സലാം എം.എൽ.എ ഉടൻ രംഗത്തെത്തി.

ജി. സുധാകരന്റെ ‘സ്വതന്ത്ര’ മത്സരം തന്നെയായിരിക്കും ഇത്തവണ ആലപ്പുഴ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ശ്രദ്ധാകേന്ദ്രമാക്കാൻ പോകുന്നത്. അമ്പലപ്പുഴയിൽ ജി. സുധാകരൻ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ട് കാത്തിരിക്കുകയാണ് കോൺഗ്രസ്. ജി. സുധാകരനാകട്ടെ, പാർട്ടിക്കെതിരെ ഒരു വിജയം അനിവാര്യവുമാണ്. കോൺഗ്രസ് പിന്തുണയുണ്ടെങ്കിൽ ജയം ഉറപ്പാക്കാനായേക്കും.

തന്റെ സ്ഥാനാർഥിത്വത്തിലൂടെ, ജില്ലയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ പോന്ന ആരോപണങ്ങളാണ് ജി. സുധാകരൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. അതിൽ പ്രധാനം, ആലപ്പുഴ ജില്ലയിൽ എൽ.ഡി.എഫിന് പിന്തുണ കുറയുന്നു എന്നതാണ്. ഉദാഹരണമായി തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയാണ് അദ്ദേഹം എടുത്തുകാട്ടിയത്. ചിലർ മത്സരിക്കുമ്പോൾ ജനം തിരിച്ച് വോട്ട് ചെയ്യുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

അങ്ങനെ, സ്വന്തം ശക്തികേന്ദ്രത്തിൽ എൽ.ഡി.എഫും സി.പി.എമ്മും ഇത്തവണ നേരിടുന്നത് അസാധാരണ സാഹചര്യമാണെന്നു പറയാം. ഒരുപക്ഷെ, സി.പി.എമ്മിനെ സംബന്ധിച്ച് സുധാകരൻ വിഷയം പുതിയ ഒന്നല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതൽ പുകയുന്ന ഒന്നാണ്. സ്വാഭാവികമായും, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അതിനുള്ള പ്രത്യാക്രമണവും പാർട്ടി സജ്ജീകരിച്ചിട്ടുണ്ടാകും. എന്നാൽ, സുധാകരനാണോ പാർട്ടിക്കാണോ ജനം ചെവി കൊടുക്കുക? അതായിരിക്കും, ഇലക്ഷൻ റിസൾട്ടിലെ ഒരു ഘടകമാകുക.

കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് ​​ശക്തമായ വേരോട്ടമുള്ള ആലപ്പുഴ ജില്ലയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് നിർണായക സ്വാധീനം. ​ഐതിഹാസികമായ പുന്നപ്ര- വയലാർ സമരം, കർഷക തൊഴിലാളികളുടെ അവകാശപോരാട്ടങ്ങൾ, ആലപ്പുഴയിൽ രൂപീകരിച്ച കേരളത്തിലെ ആദ്യ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ജില്ലയുടെ രാഷ്ട്രീയ സ്വഭാവത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഘടകങ്ങളാണ്.

കമ്മ്യൂണിസ്റ്റു പാർട്ടി നേതാക്കളായ വി.എസ്. അച്യുതാനന്ദൻ, കെ.ആർ. ഗൗരി, ടി.വി. തോമസ്, സി.കെ. ചന്ദ്രപ്പൻ, സുശീല ഗോപാലൻ, പി കെ ചന്ദ്രാനന്ദൻ, കോൺഗ്രസ് നേതാക്കളായ എ.കെ. ആൻ്റണി, വയലാർ രവി തുടങ്ങിയ പ്രമുഖ നേതാക്കളെ രാഷ്ട്രീയ കേരളത്തിന് നൽകിയ ജില്ല കൂടിയാണ് ആലപ്പുഴ.

2011- ലെ സെൻസസ് പ്രകാരം 21.22 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. 68 .65% ഹിന്ദുക്കളും 20.45% ക്രിസ്ത്യാനികളും 10 .55% മുസ്ലിംകളുമാണ്. SC വിഭാഗം ജനസംഖ്യയുടെ ഏകദേശം 9.5 ശതമാനവും ST വിഭാഗം ഒരു ശതമാനത്തിന് താഴെ മാത്രവുമാണ്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ST വിഭാഗം ഏറ്റവും കുറവുള്ള ജില്ലയാണ് ആലപ്പുഴ.

72 ഗ്രാമപഞ്ചായത്തുകളും ആറ് നഗരസഭകളും ഒമ്പത് നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. 2008 ലെ അതിർത്തി പുനർനിർണയത്തിനുമുൻപ് ജില്ലയിലുണ്ടായിരുന്നത് 11 നിയമസഭാ മണ്ഡലങ്ങളാണ്. പിന്നീട് മാരാരിക്കുളവും പത്തനംതിട്ട ജില്ലയുടെ ഭാഗമായിരുന്ന പന്തളം മണ്ഡലവും റദ്ദാക്കുകയും അതിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് മണ്ഡലങ്ങളുടെ അതിർത്തികൾ പുതുക്കി നിശ്ചയിച്ചാണ്, 2011- ൽ 9 മണ്ഡലങ്ങൾ രൂപീകരിച്ചത്.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ഒമ്പത് മണ്ഡലങ്ങളിലായി 16,70,847 വോട്ടർമാരാണുള്ളത്.

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

1. അരൂർ:
ഇടതു സാധ്യത

  • 2026- ലും എൽ.ഡി.എഫിന് ജയസാധ്യതയുള്ള മണ്ഡലമാണ് അരൂർ.

1957- ൽ പ്രാബല്യത്തിൽ വന്ന അരൂർ, അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത് , കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ ഗ്രാമ പഞ്ചായത്തുകളടങ്ങിയതാണ്.

കെ.ആർ. ഗൗരിയുടെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട മണ്ഡലമാണ് അരൂർ. 1957 മുതൽ നാല് ദശാബ്ദത്തിലേറെ നിയമസഭാംഗമായ അവർ 9 തവണയും എം.എൽ.എയായത് അരൂരിൽ നിന്നാണ്.

എസ്. എൻ ട്രസ്റ്റ് ഭാരവാഹിയും കോൺഗ്രസ് നേതാവുമായിരുന്ന പി. എസ്. കാർത്തികേയനാണ് 1957, 1960 വർഷങ്ങളിൽ ജയിച്ചത്. അതിനുശേഷം 1967 മുതൽ 2001 വരെയുള്ള 10 തെരഞ്ഞെടുപ്പുകളിൽ 9 തവണയും കെ. ആർ. ഗൗരിയാണ് ജയിച്ചത്. 1957, 1960 വർഷങ്ങളിൽ ചേർത്തല മണ്ഡലത്തിൽ നിന്നാണ് അവർ നിയമസഭാംഗമായത്. 1957- ൽ ഇ.എം.എസ് സർക്കാരിൽ റവന്യു വകുപ്പ് മന്ത്രിയായശേഷം, 1994-ൽ സി പി എമ്മിൽനിന്ന് പുറത്താക്കുന്നതുവരെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം അവർ മന്ത്രിയായിരുന്നു.

1957-ലെ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി. തോമസിനെയാണ് ഗൗരിയമ്മ വിവാഹം ചെയ്തത്. 1964-ൽ പാർട്ടി പിളർന്നപ്പോൾ ടി. വി. തോമസ് സി പി ഐയിലും കെ.ആർ. ഗൗരി സി.പി.എമ്മിലുമായി. 1977-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി ഘടകകക്ഷിയായ സി പി ഐയുടെ സ്ഥാനാർത്ഥി പി. എസ്. ശ്രീനിവാസനോടാണ് ആദ്യമായി അവർ അരൂരിൽ പരാജയപ്പെട്ടത്.

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

1994-ൽ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താൽ സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി (JSS) സ്ഥാനാർത്ഥിയായിട്ടാണ് യു ഡി എഫ് പിന്തുണയോടെ 1996, 2001 വർഷങ്ങളിൽ അവർ അരൂരിൽ നിന്ന് മത്സരിച്ച് എം.എൽ.എയായത്. 2006-ൽ പരാജയപ്പെട്ട അവർ 2013- ൽ യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുകയും ഇടതുപക്ഷത്തോട് ഐക്യപ്പെടുകയാണുണ്ടായത്. 2021മെയ് 11 ന് അവർ അന്തരിച്ചതോടെ JSS അപ്രസക്തമായി.

2006 മുതൽ തുടർച്ചയായി മൂന്നു തവണ അരൂരിൽ വിജയിച്ച എ. എം. ആരിഫ് 2019- ൽ ലോകസഭാംഗമായപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ വിജയിച്ചു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അരൂരിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അരൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ സി പി എമ്മിലെ ദലീമ ജോജോ ഷാനിമോൾ ഉസ്മാനെ 7013 വോട്ടിന് പരാജയപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ആയിരത്തിൽ താഴെ വോട്ടിന്റെ മുൻതൂക്കമാണ് യു.ഡി.എഫിനുള്ളത്.

മുൻ തെരഞ്ഞെടുപ്പുകളിലെ ശരാശരി വോട്ട് വിഹിതവും മണ്ഡലത്തിലെ രാഷ്ട്രീയാഭിമുഖ്യവും ഇടതുമുന്നണിക്ക് അനുകൂലമാണ്. 2026- ലും എൽ.ഡി.എഫിന് ജയസാധ്യതയുള്ള മണ്ഡലമാണ് അരൂർ.

2. ചേർത്തല:
ജയം ആവർത്തിക്കാൻ
എൽ.ഡി.എഫ്

  • 2016- ലും 2021-ലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എൽ ഡി എഫ് മുൻതൂക്കം നിലനിർത്തുന്നതിനാൽ 2026- ലും വിജയം ആവർത്തിക്കാനാണ് സാധ്യത.

പുന്നപ്ര- വയലാർ പോരാട്ടഭൂമി ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തോടാണ് ആഭിമുഖ്യം. 1957- ൽ പ്രാബല്യത്തിൽ വന്ന മണ്ഡലത്തിൽ ചേർത്തല നഗരസഭയും ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ ഗ്രാമപഞ്ചായത്തുകളാണുള്ളത്.

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ കെ. ആർ. ഗൗരി വിജയിച്ച മണ്ഡലത്തിൽ എൻ. പി. തണ്ടാർ (സി പി എം), സി പി ഐ നേതാക്കളായ പി.എസ്. ശ്രീനിവാസൻ, സി.കെ. ചന്ദ്രപ്പൻ, പി. തിലോത്തമൻ എന്നിവരും മണ്ഡലത്തിലെ ജനപ്രതിനിധികളായവരാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്ന മണ്ഡലമാണെങ്കിലും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. എ. കെ. ആൻ്റണി, വയലാർ രവി തുടങ്ങിയവരുടെ പ്രവർത്തന മണ്ഡലമായ ചേർത്തലയിൽ അവരുടെ ജനപിന്തുണ വോട്ടാക്കി മാറ്റാൻ ഐക്യമുന്നണിക്ക് സാധിച്ചപ്പോഴാണ് ഇരുവരെയും കൂടാതെ എം. കെ. രാഘവൻ അടക്കമുള്ളവർ വിജയിച്ചത്. സമീപകാല തെരഞ്ഞെടുപ്പുകളിൽ എൻ ഡി എയും സാന്നിധ്യമറിയിക്കുന്നുണ്ട്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചേർത്തലയിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചേർത്തലയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളിൽ സി പി ഐയിലെ പി. തിലോത്തമനും 2021-ൽ പി. പ്രസാദുമാണ് വിജയിച്ചത്.

2021-ൽ പി പ്രസാദ് ആകെ പോൾ ചെയ്ത 1,78,097 വോട്ടിൽ 47% നേടി കോൺഗ്രസിലെ എസ്. ശരത്തിനെ 6148 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 19,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതു മുന്നണിക്കുള്ളത്.

ചേർത്തല മണ്ഡലത്തിൽ 2016- ലും 2021-ലും ഇടതുമുന്നണിക്ക് ശരാശരി നാലു ശതമാനത്തിനടുത്ത് വോട്ടാണ് ഐക്യമുന്നണിയേക്കാൾ അധികം ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ എൽ ഡി എഫിന് യു ഡി എഫിനേക്കാൾ 19000 വോട്ടും കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ഇടതുമുന്നണി 2026- ൽ ചേർത്തല നിലനിർത്താനാണ് സാധ്യത.

3. ആലപ്പുഴ:
യു.ഡി.എഫ് പ്രതീക്ഷ

  • മുൻകാല ഫലങ്ങൾ വിലയിരുത്തുമ്പോൾ രണ്ടുമുന്നണികൾക്കും സാധ്യതയുള്ള മണ്ഡലമായതിനാൽ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന ജനപിന്തുണയായിരിക്കും ഫലം നിശ്ചയിക്കുക.

1957-ൽ പ്രാബല്യത്തിൽ വന്ന ആലപ്പുഴ മണ്ഡലത്തിൽ ആലപ്പുഴ നഗരസഭയും മണ്ണഞ്ചേരി, മാരാരിക്കുളം നോർത്ത്, മാരാരിക്കുളം സൗത്ത്, ആര്യാട് പഞ്ചായത്തുകളുമാണുള്ളത്. 2008- ലെ അതിർത്തി പുനർനിർണയത്തിനുമുമ്പ് മണ്ഡലത്തിലെ ചില പ്രദേശങ്ങൾ പഴയ മാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മാരാരിക്കുളം മണ്ഡലം 2011- ലാണ് റദ്ദാക്കിയത്.

1996- ലെ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മാരാരിക്കുളത്ത്‌ അപ്രതീക്ഷിതമായി വി.എസ്. അച്യുതാന്ദൻ പരാജയപ്പെടുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രാധാന്യമുള്ള റിസൽട്ടായിരുന്നു അത്. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി പരിഗണിച്ചിരുന്ന അച്യുതാനന്ദൻ ഇടതുപക്ഷ കോട്ടയിൽ തോറ്റത് കോൺഗ്രസിലെ പി. ജെ. ഫ്രാൻസിസിനോടാണ്.

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുള്ള ചായ്‌വ് കാണിക്കുന്ന മണ്ഡലമാണെങ്കിലും ജില്ലയിലെ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫിന് ജയസാധ്യത കൂടുതലുള്ള മണ്ഡലമായിട്ടാണ് ആലപ്പുഴയെ കരുതുന്നത്.

1957 മുതൽ ഒൻപതു തവണ കമ്മ്യൂണിസ്റ്റു /ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചെങ്കിൽ ഏഴ് തവണ കോൺഗ്രസിനും ഐക്യ മുന്നണിക്കുമായിരുന്നു വിജയം. ആദ്യ മന്ത്രിസഭയിലെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രിയായ ടി. വി. തോമസ്, 1978-79 ൽ കോൺഗ്രസ് പിന്തുണയോടെ രൂപീകരിച്ച മന്ത്രിസഭയിലെ മുഖ്യമന്ത്രിയായ പി. കെ. വാസുദേവൻ നായർ, റോസമ്മ പുന്നൂസ്, 2016 -21 കാലത്തെ ധനകാര്യ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക് എന്നിവർ ആലപ്പുഴയിൽനിന്ന് വിജയിച്ചവരാണ്.

രണ്ടാം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കറും കോൺഗ്രസ് നേതാവുമായ നഫീസത്തു ബീവി, 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രിയായ കെ. സി. വേണുഗോപാൽ, എ. എ. ഷുക്കൂർ, 1983 -85 കാലഘട്ടത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന എൻ. ഡി. പി. നേതാവ് കെ. പി. രാമചന്ദ്രൻ നായർ എന്നിവർ ആലപ്പുഴയിലെ മുൻകാല ജനപ്രതിനിധികളാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ   ആലപ്പുഴ മണ്ഡലത്തിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആലപ്പുഴ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 2,02,381 വോട്ടർമാരിൽ 1,58,722 പേരാണ് വോട്ട് ചെയ്തത്. സി പി എമ്മിലെ പി. പി. ചിത്തരഞ്ജൻ കോൺഗ്രസിലെ കെ. എസ്. മനോജിനെ 11,644 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 11,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതു മുന്നണിക്കുള്ളത്.

2026-ൽ യു ഡി എഫ് ക്യാമ്പ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. മുൻകാല ഫലങ്ങൾ വിലയിരുത്തുമ്പോൾ രണ്ടുമുന്നണികൾക്കും സാധ്യതയുള്ള മണ്ഡലമായതിനാൽ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന ജനപിന്തുണയായിരിക്കും ഫലം നിശ്ചയിക്കുക.

4.അമ്പലപ്പുഴ:
ഫലിക്കുമോ
ജി. സുധാകരൻ?

  • ജി. സുധാകരൻ മാറിയതോടെ, 2021-ൽ അമ്പലപ്പുഴയിൽ സി.പി.എമ്മിന്റെ ഭൂരിപക്ഷം, മുമ്പ് സുധാകരന് ലഭിച്ച 22,621 വോട്ടിൽനിന്ന് 11,125 ആയി കുറഞ്ഞിരുന്നു. അമ്പലപ്പുഴയിൽ തനിക്ക് വ്യക്തപരമായ വോട്ടുണ്ടെന്ന സുധാകരന്റെ അവകാശവാദത്തിന് പിൻബലം നൽകുന്നതാണ് ഈ കണക്ക്.

1967-ൽ പ്രാബല്യത്തിൽ വന്ന അമ്പലപ്പുഴയിൽ ആലപ്പുഴ നഗരസഭയിലെ പകുതിയോളം വാർഡുകളും അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, ആറാട്ടുപുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. പരമ്പരാഗതമായി എൽ.ഡി.എഫിന് അനുകൂലമാണ്.

1967-ലെ ആദ്യ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാന്ദൻ, 1980- ൽ പുന്നപ്ര- വയലാർ സമര നായകനും ഇന്ത്യയിലെ കമ്യൂണിസ്റ്റു നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം (പതിമൂന്നര വർഷം) ഒളിവു ജീവിതം നയിച്ച പി. കെ. ചന്ദ്രാനന്ദൻ, 1996- ൽ ഇ. കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായ സുശീലാ ഗോപാലൻ എന്നിവർ അമ്പലപ്പുഴയിൽ വിജയിച്ചവരാണ്. 2006 മുതൽ 2021 വരെയായിരുന്നു ജി. സുധാകരന്റെ കാലം.

ചില ഘട്ടങ്ങളിൽ കോൺഗ്രസ് മുന്നണിയും വിജയിച്ചിട്ടുണ്ട്. 1977-ൽ ആർ എസ്‌ പിയുടെ കെ. കെ. കുമാരപിള്ള പരാജയപ്പെടുത്തിയത് വി.എസ്. അച്യുതാനന്ദനെയായിരുന്നു. കോൺഗ്രസിലെ വി. ദിനകരൻ (1982,1987), ഡി. സുഗതൻ (2001) എന്നിവരും മണ്ഡലത്തിലെ ജനപ്രതിനിധികളായവരാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  അമ്പലപ്പുഴയിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അമ്പലപ്പുഴയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ൽ 1,79,148 വോട്ടർമാരിൽ 1,37,626 പേരാണ് വോട്ട് ചെയ്തത്. സി പി എമ്മിലെ എച്ച്. സലാം കോൺഗ്രസിലെ എം. ലിജുവിനെ 11,125 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ആലപ്പുഴ നഗരസഭ, പുറക്കാട്, പുന്നപ്ര സൗത്ത്, ആറാട്ടുപുഴ എന്നിവിടങ്ങളിൽ യു.ഡി.എഫും പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. ഇതനുസരിച്ച് 2000- ലേറെ വോട്ട് എൽ.ഡി.എഫിന് കൂടുതലുണ്ട്.

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫി നേക്കാൾ ശരാശരി 15 ശതമാനത്തോളം കൂടുതൽ വോട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിൽ, ആറു ശതമാനം വോട്ടെങ്കിലും യു ഡി എഫിന് അനുകൂലമായി മാറിയാലാണ്, എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാകുക. എന്നാൽ, യു.ഡി.എഫ് ഇത്തവണ ജി. സുധാകരന് പിന്തുണ നൽകുമെന്നതിനാൽ, മത്സരം ജി. സുധാകരനും സി.പി.എമ്മും തമ്മിലാണ്.

അമ്പലപ്പുഴയിൽ 2016-ൽ തനിക്ക് ലഭിച്ച 22,621 വോട്ടിന്റെ ഭൂരിപക്ഷം, വി.എസ്. അച്യുതാനന്ദന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എന്നാണ് ജി. സുധാകരന്റെ വാദം. സുധാകരൻ മാറിയതോടെ കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ സി.പി.എമ്മിന്റെ ഭൂരിപക്ഷം 11,125 ആയി കുറഞ്ഞിരുന്നു. അമ്പലപ്പുഴയിൽ തനിക്ക് വ്യക്തപരമായ വോട്ടുണ്ടെന്ന സുധാകരന്റെ അവകാശവാദത്തിന് പിൻബലം നൽകുന്നതാണ് ഈ കണക്ക്. യു.ഡി.എഫ് പിന്തുണയും മണ്ഡലത്തിൽ​ കോൺഗ്രസിനുള്ള സ്വാധീനവുമാണ് സുധാകരന്റെ പ്രതീക്ഷയ്ക്ക് തിളക്കമേറ്റുന്നത്.

ബി ജെ പിയുടെ വോട്ട് വിഹിതത്തിലുള്ള വർധനവും പ്രധാന ഘടകമാണ്. ജി. സുധാകരന്റെ സ്ഥാനാർഥിത്വത്തോട് എൻ.ഡി.എ സ്വീകരിക്കാൻ പോകുന്ന നിലപാടും ഇടതുമുന്നണിയെ സംബന്ധിച്ച് നിർണായകമാണ്. അത്യന്തം ജാഗ്രത പുലർത്തിയില്ലെങ്കിൽ എൽ.ഡി.എഫിന് ഇത്തവണ അമ്പലപ്പുഴ നഷ്ടക്കച്ചവടമായേക്കാം. അമ്പലപ്പുഴയിൽ ഒരു അട്ടിമറി ജയം നേടാനുള്ള കഠിനാധ്വാനം സി.പി.എമ്മും എൽ.ഡി.എഫും നടത്തേണ്ടിവരുമെന്ന് ചുരുക്കം.

5. കുട്ടനാട്:
മത്സരം തീർത്തും
വ്യക്തിപരം

  • ഇരു മുന്നണികൾക്കും ഒരേപോലെ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഫലം നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക.

1967 മുതൽ പ്രാബല്യത്തിലുള്ള കുട്ടനാട് മണ്ഡലത്തിൽ ചമ്പക്കുളം, എടത്വ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം എന്നീ പഞ്ചായത്തുകളാണുള്ളത്.

കർഷകരുടെ പ്രശ്നങ്ങൾ; പ്രത്യേകിച്ച് വെള്ളപ്പൊക്കം, കൃഷിയിടം നികത്തൽ, നെല്ല് സംഭരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകാറ്.

ക്രിസ്ത്യൻ സമുദായത്തിന് (പ്രത്യേകിച്ച് സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിന്) മുൻതൂക്കമുള്ള മണ്ഡലത്തിൽ അവർക്കിടയിൽ സ്വാധീനമുള്ള പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പരമ്പരാഗത വോട്ട് ബാങ്കുണ്ട് ഇവിടെ. കേരള കോൺഗ്രസിലെ പിളർപ്പുകളും മുന്നണിമാറ്റങ്ങളും മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുന്നു.

കോൺഗ്രസ്, സി പി ഐ, സി പി എം പ്രതിനിധികൾ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന പ്രത്യേകത കുട്ടനാടിനുണ്ട്. ഘടകകക്ഷികളായ ചെറു പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് 1967 മുതൽ ജയിച്ചുവരുന്നത്. ആർ എസ്‌ പിയിലെ കെ. കെ. കുമാരപിള്ള, സോഷ്യലിസ്റ്റ് പാർട്ടിയിലെ ഉമ്മൻ തലവടി, കേരള കോൺഗ്രസിലെ ഈപ്പൻ കണ്ടൻകുടി, ഉമ്മൻ മാത്യു എന്നിവർ മുൻ ജനപ്രതിനിധികളാണ്.

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

ഏറ്റവും കൂടുതൽ കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത് കേരള കോൺഗ്രസിലെ കെ. സി. ജോസഫാണ് (കുട്ടനാട്). ആദ്യം കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥിയായും പിന്നീട് മാണി- ജോസഫ് വിഭാഗങ്ങൾ ലയിച്ചശേഷമുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായും അദ്ദേഹം അഞ്ചു പ്രാവശ്യമാണ് തുടർച്ചയായി വിജയിച്ചത്. സമീപകാല വിജയം ഇടതുമുന്നണിക്കാണ്. വ്യവസായ പ്രമുഖനായ തോമസ് ചാണ്ടി മൂന്നു തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ. കരുണാകരൻ രൂപീകരിച്ച ഡി ഐ സിയുടെയും പിന്നീട് എൽ ഡി എഫിലെ എൻ സി പിയുടെയും സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം വിജയിച്ചത്. നിയമസഭാംഗമായിരിക്കെ തോമസ് ചാണ്ടി 2019 ഡിസംബർ 20 ന് മരിച്ചു.

രണ്ടു മുന്നണിയും ഒരേപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായ കുട്ടനാട്ടിൽ 2021- ൽ ജയിച്ചത് എ ൽഡി എഫ് ഘടകകക്ഷിയായ എൻ. സി. പിയുടെ തോമസ് കെ. തോമസാണ്. മണ്ഡലത്തിൽ ആകെയുള്ള 1,68,723 വോട്ടർമാരിൽ 1,26,309 പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ തോമസ് കെ. തോമസ് 5516 വോട്ടിനാണ് കേരള കോൺഗ്രസിലെ ജേക്കബ് അബ്രഹാമിനെ പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കുട്ടനാട്ടിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കുട്ടനാട്ടിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തെരഞ്ഞെടുപ്പിൽ കാവാലം, നെടുമുടി, വെളിയനാട് എന്നിവിടങ്ങളിൽ ഇടതു മുന്നണിയും വീയപുരം, ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, എടത്വ, മുട്ടാർ, തകഴി, തലവടി, രാമങ്കരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഐക്യ മുന്നണിക്കും ജയിച്ചു. നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ ബി ജെ പിക്കാണ്‌ ഭൂരിപക്ഷം. പ്രസ്തുത തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഐക്യ മുന്നണിക്ക് 9000-ലേറെ വോട്ട് ഇടതുമുന്നണിയേക്കാൾ കൂടുതലുണ്ട്.

ഇരു മുന്നണികൾക്കും ഒരേപോലെ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഫലം നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതെന്ന് മുൻ തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഘടകം തന്നെയായിരിക്കും 2026-ലും സ്വാധീനിക്കുക.

6. ഹരിപ്പാട്:
ചെന്നിത്തലയുടെ
സ്വന്തം

  • സമീപകാല തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനേക്കാൾ ശരാശരി 10 ശതമാനത്തോളം കൂടുതൽ വോട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫിന് 2026- ലും അനുകൂല ജനവിധിയുണ്ടാകാനാണ് സാധ്യത.

1957-ൽ നിലവിൽവന്ന ഹരിപ്പാട് മണ്ഡലത്തിൽ ഹരിപ്പാട് നഗരസഭയും ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്. .

ആദ്യ കാലങ്ങളിൽ ഇരു മുന്നണികളും ശക്തമായ മത്സരം നടക്കാറുണ്ടെങ്കിലും സമീപകാലത്ത് യു.ഡി.എഫിന് അനുകൂലമാണ്.

ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വി. രാമകൃഷ്ണപിള്ള കോൺഗ്രസിലെ കെ. ബാലഗംഗാധരനെയാണ് പരാജയപ്പെടുത്തിയത്. 1957- ലെ മന്ത്രിസഭക്ക് പിന്തുണ നൽകിയ അഞ്ചു സ്വതന്ത്രരിൽ ഒരാളായിരുന്നു രാമകൃഷ്ണപിള്ള. പിന്നീട് എൻ.എസ്. കൃഷ്ണപിള്ള (കോൺഗ്രസ്), സി. ബി. സി. വാര്യർ (സി പി എം), ജി. പി. മംഗലത്തുമഠം (പി എസ് പി), കെ. കെ. ശ്രീനിവാസൻ (കോൺഗ്രസ് ), എ. വി. താമരാക്ഷൻ (ആർ എസ്‌ പി), ടി. കെ. ദേവകുമാർ (സി പി എം), രമേശ് ചെന്നിത്തല (കോൺഗ്രസ്) എന്നിവർ ഹരിപ്പാട്ടുനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്.

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല 1982, 1987 തെരഞ്ഞെടുപ്പുകളിലും 2011 മുതൽ തുടർച്ചയായും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ഹരിപ്പാടിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഹരിപ്പാടിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്ത 1,96,024 വോട്ടിൽ ചെന്നിത്തല 48.30 ശതമാനം വോട്ടാണ് നേടിയത്. സി പി ഐയിലെ ആർ. സജിലാലിനെ 13,666 വോട്ടിനാണ് ചെന്നിത്തല തോൽപ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കുമാരപുരം, ചെറുതന, ചിങ്ങോലി ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണിക്കും കരുവാറ്റ, തൃക്കുന്നപ്പുഴ,ചേപ്പാട്, മുതുകുളം, പള്ളിപ്പാട്, ഹരിപ്പാട് നഗരസഭ എന്നിവിടങ്ങളിൽ ഐക്യ മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എയ്ക്കാണ് ഭൂരിപക്ഷം ലഭിച്ചത്. പ്രസ്തുത തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം ഐക്യ മുന്നണിക്ക് 10,000 ലേറെ വോട്ട് കൂടുതലുണ്ട്.

സമീപകാല നിയമസഭാതെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനേക്കാൾ ശരാശരി 10 ശതമാനത്തോളം കൂടുതൽ വോട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫിന് 2026- ലും അനുകൂല ജനവിധിയുണ്ടാകാനാണ് സാധ്യത.

7. കായംകുളം:
ഇടതുപ്രതീക്ഷ

  • ജില്ലയിൽ ഇരു മുന്നണികളും മാറിമാറി വിജയിച്ചിരുന്ന മണ്ഡലം. എന്നാൽ 2006 മുതൽ ഇടതുമുന്നണിക്കാണ് തുടർച്ചയായി ജയം.

1957-ൽ നിലവിൽ വന്ന മണ്ഡലത്തിൽ കായംകുളം നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ, ഭരണിക്കാവ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. മിക്ക തദ്ദേശസ്ഥാപനങ്ങളിലും എൽ.ഡി.എഫിനാണ് മുൻ‌തൂക്കം.

ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കെ. ഒ. ആയിഷാ ബായിയായിരുന്നു ആദ്യ ഡെപ്യൂട്ടി സ്പീക്കർ (മെയ് 1957 - ജൂലൈ 1959). 1967- ൽ വിജയിച്ച സപ്തകക്ഷി മുന്നണിയിലെ എസ്‌ എസ്‌ പിയുടെ പി. കെ. കുഞ്ഞായിരുന്നു രണ്ടാം ഇ എം എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി. 1967-69 കാലഘട്ടത്തിൽ പി. കെ. കുഞ്ഞ് ധനമന്ത്രിയായിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ലോട്ടറി സ്ഥാപിതമായത്. പിന്നീട് കോൺഗ്രസിലെ ടി. കുഞ്ഞുകൃഷ്ണപിള്ള, തച്ചടി പ്രഭാകരൻ, എം. എം. ഹസ്സൻ, സി.പി.എമ്മിലെ എം. ആർ. ഗോപാലകൃഷ്ണൻ, ജി. സുധാകരൻ, സി. കെ. സദാശിവൻ എന്നിവർ കായംകുളത്തുനിന്ന് ജനപ്രതിനിധികളായവരാണ്. തച്ചടി പ്രഭാകരനാണ് കൂടുതൽ കാലം കായംകുളത്തെ പ്രതിനിധീകരിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കായംകുളത്ത്  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കായംകുളത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ജില്ലയിൽ ഇരു മുന്നണികളും മാറിമാറി വിജയിച്ചിരുന്ന മണ്ഡലം. എന്നാൽ 2006 മുതൽ ഇടതുമുന്നണിക്കാണ് തുടർച്ചയായി ജയം. 2016 , 2021 വർഷങ്ങളിൽ സി പി എമ്മിലെ യു. പ്രതിഭയാണ് ജയിച്ചത്.

2021-ൽ ആകെ പോൾ ചെയ്ത 1,62,193 വോട്ടിൽ പ്രതിഭ 47. 97% വോട്ട് നേടി കോൺഗ്രസിലെ അരിത ബാബുവിനെ 6298 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, ഭരണിക്കാവ് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണിയും കായംകുളം നഗരസഭയിലും കൃഷ്ണപുരത്തും ഐക്യമുന്നണിയും ഭൂരിപക്ഷം നേടി. പ്രസ്തുത തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 7000 ലേറെ വോട്ട് ഇടതുമുന്നണിക്ക് കൂടുതലുണ്ട്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, ഇടതുമുന്നണിയുടെ വിജയസാധ്യതയാണ്.

8.മാവേലിക്കര:
ബി.ജെ.പി ഫാക്റ്റർ

  • യു ഡി എഫിനേക്കാൾ 5 -16 ശതമാനം വരെ കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥിതിയിലേക്ക് ഇടതുമുന്നണി വളർന്നതായി 2011 മുതലുള്ള വോട്ട് പരിശോധിച്ചാൽ മനസ്സിലാകും. ഈ വ്യത്യാസത്തിന് പ്രധാന കാരണം ബി ജെ പി വോട്ടാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ മാവേലിക്കര നഗരസഭയും ചുനക്കര, തെക്കേക്കര, താമരക്കുളം, നൂറനാട്, പലമേൽ, താഴക്കര, വള്ളിക്കുന്നം ഗ്രാമപഞ്ചായത്തുകളാണുള്ളത്.

1957- ലും 1960- ലും ദ്വയാംഗ മണ്ഡലമായ മാവേലിക്കരയിൽ വിജയിച്ച രണ്ടുപേരും കമ്മ്യൂണിസ്റ്റു പാർട്ടി സ്ഥാനാർത്ഥികളായിരുന്നു. സി പി എമ്മിലെ മുൻനിര നേതാവായ പി. കെ. കുഞ്ഞച്ചനാണ് മാവേലിക്കര സംവരണ മണ്ഡലത്തിൽ ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും വിജയിച്ചത്. 1957- ൽ ജനറൽ സീറ്റിൽ വിജയിച്ച കെ.സി. ജോർജാണ് ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിൽ ഭക്ഷ്യ-വനം മന്ത്രിയായത്.

പിന്നീട് സോഷ്യലിസ്റ്റു പാർട്ടിയിലെ ജി. ഗോപിനാഥൻ പിള്ളയും എൻ.ഡി.പിയിലെ എൻ. ഭാസ്കരൻ നായരും ജയിച്ചു. സി പി എമ്മിലെ എസ്. ഗോവിന്ദ കുറുപ്പ്, ആർ. രാജേഷ് എന്നിവരും മാവേലിക്കരയിലെ ജനപ്രതിനിധികളായിരുന്നു. കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് 20 വർഷം (1991 മുതൽ 2006 വരെ) യു ഡി എഫ് സ്ഥാനാർഥിയായ എം. മുരളിയുടെ വിജയം. 2021- ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് സി പി എമ്മിലെ എം. എസ്. അരുൺകുമാറാണ്.

2021- ൽ ആകെ പോൾ ചെയ്ത 1,50,690 വോട്ടിൽ അരുൺകുമാർ 47. 61% വോട്ട് നേടിയാണ് കോൺഗ്രസിലെ കെ. കെ. ഷാജുവിനെ 24,717 വോട്ടിന് പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മാവേലിക്കരയിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മാവേലിക്കരയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

മുൻകാല തെരഞ്ഞെടുപ്പുമായി 2016, 2021- ലെ കണക്ക് താരതമ്യം ചെയ്യുമ്പോൾ അഞ്ചിരട്ടിയോളം വോട്ടാണ് ബി ജെ പി വർധിപ്പിച്ചത്. ഏതാണ്ട് 20 ശതമാനത്തിനടുത്ത് വോട്ടാണ് 2021- ൽ ബി ജെ പി നേടിയത്. ഇതുമൂലമാണ് 2021-ൽ എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 15 ശതമാനത്തിലേറെയായത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം ഇടതു മുന്നണിക്ക് 7000 ലേറെ വോട്ട് കൂടുതലുണ്ട്.

യു ഡി എഫിനേക്കാൾ 5 -16 ശതമാനം വരെ കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥിതിയിലേക്ക് ഇടതുമുന്നണി വളർന്നതായി 2011 മുതലുള്ള വോട്ട് പരിശോധിച്ചാൽ മനസ്സിലാകും. എങ്കിലും ഈ വ്യത്യാസത്തിന് പ്രധാന കാരണം ബി ജെ പി വോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുമുന്നണി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മാവേലിക്കര.

9.ചെങ്ങന്നൂർ:
ഇരു മുന്നണി
സാധ്യതകൾ

  • 2016- മുതൽ മണ്ഡലം ഇടതുമുന്നണിക്ക് അനുകൂലമാണെങ്കിലും 2011- ൽ 10 ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിയേക്കാൾ അധികം ലഭിച്ച യു.ഡി.എഫിനും സാധ്യതയുണ്ട്.

1957-ൽ മുതൽ നിലവിൽവന്ന ചെങ്ങന്നൂരിൽ, ചെങ്ങന്നൂർ നഗരസഭയും ആല, ബുധന്നൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

ഏതെങ്കിലും മുന്നണിയോടോ പാർട്ടിയോടോ ആഭിമുഖ്യം കാണിക്കാത്ത മണ്ഡലം. ആകെ 16 തെരഞ്ഞെടുപ്പുകളിൽ 10 തവണ യു.ഡി.എഫും 6 തവണ എൽ.ഡി.എഫുമാണ് വിജയിച്ചത്.

1957-ൽ ജയിച്ച കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആർ. ശങ്കരനാരായണ തമ്പിയായിരുന്നു ആദ്യ സ്പീക്കർ. പിന്നീട് എൻ ഡി പിയിലെ കെ. ആർ. സരസ്വതി അമ്മ, എസ്. തങ്കപ്പൻ പിള്ള, എസ്. രാമചന്ദ്രൻ പിള്ള, സി പി എമ്മിലെ പി. ജി. പി. പിള്ള, കോൺഗ്രസി- എസിലെ മാമൻ ഐപ്പ്, കോൺഗ്രസിലെ ശോഭനാ ജോർജ്, പി. സി. വിഷ്ണുനാഥ് എന്നിവർ ചെങ്ങന്നൂരിൽ നിന്ന് ജയിച്ചവരാണ്.

സമീപ വർഷങ്ങളിൽ എൽ.ഡി.എഫിന് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2016-ൽ സി പി എമ്മിലെ കെ. കെ. രാമചന്ദ്രൻ നായരും 2018-ലെ ഉപതെരഞ്ഞെടുപ്പിലും 2021ലും സജി ചെറിയാനുമാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജയിച്ചത്.

ബി.ജെ.പിക്കും മെച്ചപ്പെട്ട വോട്ട് വിഹിതമുണ്ട്. ബി ജെ പി നേതാവ് പി. എസ്. ശ്രീധരൻ പിള്ള 2016, 2018 തെരഞ്ഞെടുപ്പുകളിൽ 25 ശതമാനത്തോളം വോട്ടാണ് സമാഹരിച്ചത്. സമീപകാല കണക്കുകൾ പരിശോധിച്ചാൽ 25 ശതമാനത്തോളമായി ബി ജെ പി വോട്ട് വിഹിതം വർധിച്ചു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചെങ്ങന്നൂരിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചെങ്ങന്നൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്ത 1,47,171 വോട്ടിൽ സജി ചെറിയാൻ 48.58% വോട്ട് നേടി കോൺഗ്രസിലെ എം. മുരളിയെ 32,093 വോട്ട് വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഇടതു മുന്നണിക്ക് 3000- ലേറെ വോട്ട് കൂടുതലുണ്ട്.

2016- മുതൽ നടന്ന തെരഞ്ഞടുപ്പുകളിലെ കണക്കുപ്രകാരം മണ്ഡലം ഇടതുമുന്നണിക്ക് അനുകൂലമാണെങ്കിലും 2011- ൽ 10 ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിയേക്കാൾ അധികം ലഭിച്ച യു.ഡി.എഫിനും സാധ്യതയുണ്ട്.

2026-ലെ
സാധ്യതകൾ

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടു വിഹിതവും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ ജില്ലയിൽ 2026- ലെ ജനവിധി താഴെ സൂചിപ്പിക്കും പ്രകാരമാകാനാണ് സാധ്യത. 2021- ൽ വിജയിച്ച മുന്നണിക്ക് പ്രതികൂലമായി 2026-ൽ വലിയതരത്തിൽ വോട്ട് മാറിയാൽ സംഭവിക്കാൻ സാധ്യതയുള്ള ജനവിധിയും സൂചിപ്പിച്ചിട്ടുണ്ട്.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments