കൊള്ളാവുന്ന കണ്ടന്റിനും
കൊള്ളാവുന്ന എഡിറ്റര്‍ക്കും
ആവശ്യക്കാരുണ്ടാവുന്ന കാലം വരും
കൊള്ളാവുന്ന കണ്ടന്റിനും കൊള്ളാവുന്ന എഡിറ്റര്‍ക്കും ആവശ്യക്കാരുണ്ടാവുന്ന കാലം വരും
സമൂഹത്തിലെ പല അനീതികള്‍ക്കെതിരെയും എഴുതുന്നവരാണ് മാധ്യമങ്ങള്‍; അതേസമയം അത്തരം അനീതിയുടെ ഇരകളുമാണ്- ഡെക്കാൻ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ് സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി. മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ്
തോന്നിയിട്ടുള്ളത്?
കെ.ജെ. ജേക്കബ്: ക്രൂരമായി വിമര്‍ശിക്കപ്പെടുന്നു എന്ന ഒരു തോന്നലും എനിക്കില്ല. ആളുകള്‍ക്ക് വിവരങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന പണിയാണ് മാധ്യമങ്ങളുടേത്. ജനാധിപത്യത്തില്‍ ആ വിവരങ്ങള്‍കൂടി വെച്ചാണ് ജനങ്ങള്‍ തീരുമാനമെടുക്കുന്നത്; അതുകൊണ്ട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി. അതിനു ചില പ്രോസസ്സുകളുണ്ട്. അതിനിടയില്‍ ചിലപ്പോള്‍ തെറ്റുപറ്റാം. പക്ഷെ അതിനപ്പുറം ഒരു അജണ്ട വെച്ച് സംഭവങ്ങളെ സമീപിക്കുകയും നീതിപൂര്‍വകമായ വിലയിരുത്തല്‍ നടത്താതിരിക്കുകയും സമൂഹത്തിന്റെ മുന്‍ഗണനകളെ മാറ്റിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സമൂഹം പ്രതികരിച്ചു എന്നിരിക്കും. അത് ജീവനുള്ള ഒരു സമൂഹത്തിന്റെ സ്വഭാവമാണ്.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ഭരണഘടനപ്രകാരം അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉള്ളതാണ്. പത്രപ്രവര്‍ത്തകനായ ഞാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര്യം പൗരന്റേതാണ്. അതിനപ്പുറം പ്രിവിലേജുകള്‍ ഒന്നുമില്ല, തൊഴില്‍ ചെയ്യാനുള്ള ചില സൗകര്യങ്ങള്‍ സര്‍ക്കാരും സമൂഹവും ചെയ്തുതരുന്നുണ്ട് എന്നതൊഴിച്ചാല്‍.
എന്നാല്‍ സാധാരണ പൗരന്മാരേക്കാള്‍ കൂടുതല്‍ പ്രതിബദ്ധത പത്രപ്രവർത്തകന് ജനാധിപത്യത്തോടു വേണം. സമൂഹത്തിലെ മറ്റു തൊഴിലുകള്‍ ഏര്‍പ്പെടുന്നവര്‍ക്ക്- കൈപ്പണിക്കാരനോ കൃഷിക്കാരനോ അദ്ധ്യാപകനോ ഡോക്ടറോ കച്ചവടക്കാരനോ ബാങ്കറോ എഞ്ചിനീയറോ- ഏതു വ്യവസ്ഥിതിയിലും അവരുടെ ജോലി ചെയ്യാം. പക്ഷെ ജനാധിപത്യം ഇല്ലെങ്കില്‍ പത്രപ്രവർത്തകന് ചെയ്യാന്‍ പണിയില്ല.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിക്ഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നൊന്നുള്ളതാണ് എന്ന് എനിക്ക് തോന്നുന്നില്ല, എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നൊന്നുള്ളതായാണ് എന്റെ അനുഭവം. വസ്തുതകളെയും സംഭവങ്ങളെയും സ്വതന്ത്രമായി കാണുക എന്നതാണ് അത്. അത് നിഷ്പക്ഷമായിരിക്കണം എന്നില്ല. ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കാണുക എന്നതാണ് അതിന്റെ അടിസ്ഥാനം. മിക്കവാറും അത് അധികാരികള്‍ക്ക് എതിരായിരിക്കും; അപൂര്‍വ്വമായി അനുകൂലമായിരിക്കും. അതെങ്ങിനെ ആയിരിക്കും എന്നോര്‍ത്ത് ആകുലപ്പെടേണ്ട കാര്യമില്ല.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
വിവരങ്ങള്‍ പെട്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് പറ്റുന്നു എന്നതുകൊണ്ട് ടെലിവിഷന്‍ ജേണലിസം അങ്ങേയറ്റം പ്രസക്തമാണ്. ദൃശ്യങ്ങളെയും വർണങ്ങളെയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ടെലിവിഷന്‍ അച്ചടിമാധ്യമങ്ങളെ നിർബന്ധിച്ചിട്ടുണ്ട്. അത് ഗുണകരമായ മാറ്റമാണ്. ഗുണപരമല്ലാത്ത മാറ്റങ്ങള്‍ക്ക് ടെലിവിഷന്‍ ജേണലിസത്തെ പഴിചാരിയിട്ടു കാര്യവുമില്ല.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
നിയന്ത്രണത്തിലാണ് എന്ന് തോന്നാറില്ല; പക്ഷെ അവര്‍ക്കു സ്വാധീനമുണ്ട്. അത് സ്വാഭാവികമാണ് താനും. ലോകത്തെങ്ങും ആ സ്വാധീനമുണ്ട്. എന്നാല്‍ അവ നേരിട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി. ഒരു നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാതൃഭൂമി പത്രത്തിന് പരസ്യം കൊടുക്കില്ല എന്ന് ഭീമ എന്ന സ്വര്‍ണ്ണാഭരണ ഗ്രൂപ്പ് പരസ്യമായി നിലപാടെടുത്തു. അത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഭാഗ്യവശാല്‍ അത്തരം നേരിട്ടുള്ള ഇടപെടലിന്റെ ആവര്‍ത്തനം ഉണ്ടായില്ല.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
സമൂഹത്തിലെ പല അനീതികള്‍ക്കെതിരെയും എഴുതുന്നവരാണ് മാധ്യമങ്ങള്‍; അതേസമയം അത്തരം അനീതിയുടെ ഇരകളുമാണ്. നമ്മള്‍ നമ്മുടെ ജോലി ചെയ്യുന്നു എന്നുമാത്രം കരുതിയാല്‍ മതി. താരതമ്യേന മെച്ചപ്പെട്ട തൊഴില്‍രംഗമായാണ് എനിക്ക് തോന്നിയിട്ടുള്ളത്; ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കിലും.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
സത്യമാണ്. നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതില്‍ അധികം മാധ്യമ സാന്ദ്രത ഉണ്ടാവുകയും അതുകൊണ്ടുതന്നെ വരുമാനം കൂടുതലായി വീതിച്ചുപോവുകയും മാധ്യമസ്ഥാപനങ്ങള്‍ നിലനിപ്പിനായി പലതരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരികയും ചെയ്യുന്നു. അതിന്റെ ഭാഗമായി പലപ്പോഴും വാര്‍ത്തയുടെ ഗുണനിലവാരം കുറയുന്നു. ഇതൊരു വിഷമവൃത്തമാണ്. ഇതില്‍നിന്നു രക്ഷ കിട്ടണമെങ്കില്‍ വാര്‍ത്തയുടെ മൂല്യം മെച്ചപ്പെടുകയും അതിനുള്ള വില കൊടുക്കാന്‍ അതിന്റെ ഉപഭോക്താക്കള്‍ തയ്യാറാവുകയും വേണം. അത് നടക്കും എന്നാണ് എന്റെ പ്രതീക്ഷ. മാധ്യമപ്രവര്‍ത്തനം ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കില്ലുകള്‍ ആവശ്യമായ തൊഴില്‍ മേഖലയാണ്.
വിവരങ്ങള്‍ തപ്പിയെടുക്കുന്നതും അത് പ്രോസസ്സ് ചെയ്യുന്നതും സമൂഹത്തിനു ഗുണകരമായ വിധത്തില്‍ അത് ജനങ്ങളിലേക്കെത്തിക്കുന്നതും വളരെയധികം ശ്രമകരമായ, ആഴത്തിലും പരപ്പിലുമുള്ള പലതരം അറിവുകള്‍ ആവശ്യമുള്ള ഒരു ജോലിയാണ്. തക്കതായ പ്രതിഫലമില്ലെങ്കില്‍ കൊള്ളാവുന്ന ആളുകള്‍ ഈ രംഗം വിടും, പുതിയ ആളുകള്‍ വരാന്‍ മടിക്കും. പിന്നെ വരുന്നത് കൊള്ളക്കാരായിരിക്കും. വിമർശനപരമായി കാര്യങ്ങളെ കാണാന്‍ സമൂഹത്തെ തയാറാക്കുന്നതിനുപകരം ഇക്കിളിപ്പെടാന്‍ അവര്‍ അതിനെ പ്രേരിപ്പിക്കും. ജനാധിപത്യത്തിന്റെ ദുർബലപ്പെടല്‍ ആയിരിക്കും അതിന്റെ ഫലം.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
മാധ്യമങ്ങള്‍, അവ വ്യവസ്ഥാപിതമാണെങ്കിലും അല്ലെങ്കിലും, പരസ്പരം സ്വാധീനിക്കും. സോഷ്യല്‍ മീഡിയ കൂടുതല്‍ വ്യാപകമാകുന്നതോടെ ആ സ്വാധീനം കൂടുതലാവുകയും ചെയ്യും. അത് രണ്ടു തരം മാധ്യമങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
എന്റെ ജോലിയുടെ പ്രത്യേകതവച്ച് പത്രങ്ങളും ആനുകാലികങ്ങളും

എഡിറ്റോറിയലുകളും വായിച്ചേ പറ്റൂ. ഗൗരവമുള്ള വായന, ഫിക്ഷന്‍ ഒഴിച്ചാല്‍ വളരെ സെലക്ടീവ് ആണ്. അവസാനം വായിച്ചുതീര്‍ത്തത് സ്വീഡന്‍കാരനായ ഹാന്‍സ് റോസ്ലിങ് എഴുതിയ "ഫാക്റ്റ്ഫുള്‍നെസ്സ്' എന്ന പുസ്തകമാണ്. നമ്മുടെ പൊതുധാരണകള്‍ക്കപ്പുറം വസ്തുതകള്‍ ഉണ്ടെന്നും അവ രസകരമായ വിവരങ്ങള്‍ തരുന്നുണ്ടെന്നും നമ്മളെ നിര്‍ബന്ധിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു പുസ്തകമാണ് അത്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
പ്രവചനം അസാധ്യമാണ്. പക്ഷെ കൊള്ളാവുന്ന കണ്ടന്റിനും കൊള്ളാവുന്ന എഡിറ്റര്‍ക്കും ആവശ്യക്കാരുണ്ടാവുന്ന കാലം വരും എന്നാണ് എന്റെ തോന്നല്‍. അതൊരു പുതിയ കാര്യമല്ല; അങ്ങിനെ ആയിരുന്നു നേരത്തെ. ഇനിയും അതങ്ങിനെത്തന്നെ ആകാനാണ് സാധ്യത.
Sudarsan Viswanathan
19 Aug 2020, 12:09 PM
Nice points
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
കെ.ജെ. ജേക്കബ്
Nov 14, 2020
7 Minutes Read
വി. മുസഫര്‍ അഹമ്മദ്
Nov 02, 2020
9 Minutes Read
Hari
19 Aug 2020, 01:55 PM
Well Said Sir