പ്രസ് സ്റ്റിക്കർ ഒരു അധികാര ചിഹ്നമാകാറുണ്ട് പലപ്പോഴും

ടെലിവിഷന് ഒരോ മണിക്കൂറിലും പുതിയ വാർത്തകൾ വേണം. അപ്പോൾ സാധാരണ ഗതിയിൽ വാർത്തയല്ലാത്തതും വാർത്തയാകും. ചെറിയ കാര്യങ്ങൾ ആഘോഷിക്കപ്പെടും. ഇങ്ങനെ ട്രിവിയലായ കാര്യങ്ങളും വലിയ വാർത്തകളായി ആഘോഷിക്കപ്പെടുന്നു എന്നതാണ് ടെലിവിഷൻ കാലത്തെ ഒരു മാറ്റം- മീഡിയ വൺ സീനിയർ ന്യൂസ്​ എഡിറ്റർ അഭിലാഷ്​ മോഹൻ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

അഭിലാഷ് മോഹൻ : മാധ്യമങ്ങളെ വിശുദ്ധ പശുക്കളായി ഇപ്പോൾ ആരും കരുതാറില്ല. വിമർശിക്കുന്നവരാണ് മാധ്യമങ്ങൾ. അവർ ഓഡിറ്റ് ചെയ്യപ്പെടുന്നതും വിമർശിക്കപ്പെടുന്നതും സ്വാഭാവികമാണ്. മാധ്യമങ്ങളുടെ സമീപനം, പക്ഷപാതിത്വം ഒക്കെ വിമർശനാത്മകമായി ആളുകൾ ചൂണ്ടിക്കാട്ടുന്നതിനെ തെറ്റുപറയാൻ കഴിയില്ല. മാധ്യമങ്ങൾ പറയുന്നതെല്ലാം നൂറു ശതമാനം ശരിയാണെന്നോ മാധ്യമപ്രവർത്തകർ ബയാസുകൾക്ക് അതീതരാണെന്നോ അല്ലല്ലോ നമ്മുടെ അനുഭവം. പിന്നെ കേരളം രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹമാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് പറയുന്നവർ ശത്രുക്കളാണ് എന്ന സമീപനം പുലർത്തുന്നവർ നിരവധിയാണ്. അനിഷ്ടമുള്ള മാധ്യമപ്രവർത്തകരെ ആൾക്കൂട്ട ആക്രണത്തിന് വിധേയമാക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. വിമർശനങ്ങളോട് യോജിക്കാം, പക്ഷേ സൈബർ മോബ് ലിഞ്ചിങ്ങിനെ ജനാധിപത്യ അവകാശങ്ങളുടെ പട്ടികയിൽ പെടുത്താനാകില്ല

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്ടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

നിയമപരമായി അങ്ങിനെ സവിശേഷാധികാരങ്ങളൊന്നുമില്ലെങ്കിലും അദൃശ്യമായ ഒരു പ്രിവിലേജ് അനുഭവിക്കാറുണ്ട് മാധ്യമപ്രവർത്തകർ. ജോലിയുടെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയനേതൃത്വത്തിലും ഭരണ നേതൃത്വത്തിലും ഉദ്യോഗസ്ഥ തലത്തിലും പൊലീസിലുമൊക്കെ ബന്ധങ്ങളും പരിചയങ്ങളും ഉണ്ടല്ലോ. വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന പ്രസ് സ്റ്റിക്കർ ഒരു അധികാര ചിഹ്നമാകാറുണ്ട് പലപ്പോഴും. പത്രക്കാരെ പിണക്കേണ്ട എന്ന ഒരു പൊതുസമീപനം പല അധികാരകേന്ദ്രങ്ങൾക്കും ഉണ്ടുതാനും. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത വ്യക്തികളെ അനുസരിച്ചിരിക്കും. എല്ലാവർക്കും ഉണ്ടെന്നോ ആർക്കും ഇല്ലെന്നോ പറയാൻ കഴിയില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷത എന്നാൽ എന്താണ് എന്നതാണ് പ്രശ്‌നം. വളരെ ഡിവിസീവായ ഒരു കാലത്ത് ന്യൂട്രലാകുക എന്നത് എന്താണ്? അഞ്ച് നൂറ്റാണ്ട് നിലനിന്ന ഒരു പള്ളി പൊളിച്ച്, അവിടെ ക്ഷേത്രം പണിയുന്നതിനെ നിഷ്പക്ഷമായി ഒരു മാധ്യമപ്രവർത്തകൻ എങ്ങിനെയാണ് സമീപിക്കുക? സ്ഥാപിത താൽപര്യങ്ങൾ ഇല്ലാതിരിക്കലാണ് പ്രധാനം. മാധ്യമപ്രവർത്തകർ വസ്തുതകളിൽ വിട്ടുവീഴ്ച ചെയ്യരുത്. എല്ലാ വശങ്ങൾക്കും, എല്ലാ അഭിപ്രായങ്ങൾക്കും ഇടം കൊടുക്കണം. ഫെയർ ആകണം. വിശകലനം നടത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാട് അതിൽ പ്രതിഫലിക്കാം. അപ്പോഴും വസ്തുതകളോട് നീതി പുലർത്തണം. ലിബറൽ ബയാസ് ഉള്ള മാധ്യമപ്രവർത്തകനാണ് ഞാൻ.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷനിൽ വാർത്ത സംഭവിക്കുന്ന മിനുട്ട് തന്നെയാണ് ഡെഡ് ലൈൻ. പലപ്പോഴും ക്രോസ് ചെക്കിങ്ങിന് സമയം കിട്ടാറില്ല. ആദ്യം കിട്ടുന്ന വിവരം തന്നെ വാർത്തയായി വരും. പിന്നീട് പൂർണമായ വിവരങ്ങൾ വരുമ്പോൾ ചിലപ്പോഴെങ്കിലും മറ്റൊന്നാകും വസ്തുത. അതുകൊണ്ട് പിശകുവരാനുള്ള സാധ്യത പ്രിന്റിലേതിനേക്കാൾ ടി.വിയിലാണ്. പത്രത്തിന് സമയത്തിന്റെ ആനുകൂല്യമുണ്ട്. ടെലിവിഷന് ഒരോ മണിക്കൂറിലും പുതിയ വാർത്തകൾ വേണം. അപ്പോൾ സാധാരണ ഗതിയിൽ വാർത്തയല്ലാത്തതും വാർത്തയാകും. ചെറിയ കാര്യങ്ങൾ ആഘോഷിക്കപ്പെടും. ഇങ്ങനെ ട്രിവിയലായ കാര്യങ്ങളും വലിയ വാർത്തകളായി ആഘോഷിക്കപ്പെടുന്നു എന്നതാണ് ടെലിവിഷൻ കാലത്തെ ഒരു മാറ്റം. പത്രങ്ങൾക്കും പിന്നീട് അത് പിന്തുടരേണ്ടി വന്നേക്കാം. സൗണ്ട് ബൈറ്റുകൾക്ക് കിട്ടിയ വലിയ വാർത്താ പ്രാധാന്യമാണ് മറ്റൊന്ന്. ടിവിയിൽ 18 മണിക്കൂർ നേരം നൽകാനുള്ള വിഭവങ്ങൾ തയ്യാറാക്കണം ദിവസേന. ഗുണപരമായ മാറ്റമുണ്ടായോ എന്ന് തീർത്ത് പറയാനാകില്ല.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ഇവയുടെ നിയന്ത്രണത്തിൽ എന്ന് പറയുന്നത് ശരിയല്ല. മത/കോർപ്പറേറ്റ്/ രാഷ്ട്രീയ സ്വാധീനം ഏറിയും കുറഞ്ഞും ഒക്കെ വരാം. അത് മാധ്യമങ്ങളുടെ മാനേജ്‌മെന്റിനെക്കൂടി ആശ്രയിച്ചിരിക്കും. ഇത്തരം സ്വാധീനങ്ങളിൽ നിന്നൊക്കെ നൂറു ശതമാനം മുക്തമായ ഒരു സ്വതന്ത്ര മാധ്യമ സംരംഭം കേരളത്തിലുണ്ട് എന്ന് കരുതുന്നില്ല. സെക്കുലർ- ലിബറൽ പൊതുബോധം തന്നെയാണ് ഇപ്പോഴും കേരളത്തിൽ. മത/കോർപ്പറേറ്റ്/ രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്നു കൊണ്ട് കേരള സമൂഹത്തെ അഭിസംബോധന ചെയ്താൽ അത് വിജയകരമാകില്ല. അതുകൊണ്ടാണ് ഒരു റിപ്പബ്ലിക് ടി.വിയോ സീ ന്യൂസോ കേരളത്തിൽ ഉണ്ടാകാത്തത്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ലിംഗനീതി ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. തൊഴിലിടം എന്ന രീതിയിൽ നോക്കുമ്പോൾ സ്ത്രീകളുടെ പങ്കാളിത്തം ആനുപാതികമായി തന്നെ ഉണ്ട്. ട്രാൻസ് പങ്കാളിത്തം ഇപ്പോൾ കുറവാണ്. അവകാശബോധമുള്ള സ്ത്രീകളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. അതുകൊണ്ട് ലിംഗപദവിയുടെ പേരിൽ നീതി നിഷേധിക്കാൻ കഴിയില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ശരിയാണ്. വൻകിട മാധ്യമങ്ങളിലുള്ളവരെ ഒഴിച്ചു നിർത്തിയാൽ വലിയ പ്രതിസന്ധിയിലാണ് ജേണലിസ്റ്റുകൾ. ശമ്പളം കിട്ടാതിരിക്കുന്നതും മാസങ്ങളോളം വൈകുന്നതും ഒരു സാധാരണ രീതിയായി മാറി. മാധ്യമങ്ങൾ നേരിടുന്ന സാമ്പത്തിക തകർച്ചയാണ് ഇതിന് പ്രധാന കാരണം. ആഗോള തലത്തിൽ തന്നെ മാധ്യമങ്ങളുടെ ബിസിനസ് മോഡൽ തകർന്നു.

ഈ ലോക്ഡൗൺ കാലത്ത് മാത്രം ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം വളരെ കൂടുതലാണ്. ഓപ്പറേഷൻസ് പരിമിതപ്പെടുത്തൽ, എഡിഷനുകൾ അവസാനിപ്പിക്കൽ, ബ്യൂറോകൾ പൂട്ടൽ തുടങ്ങിയവയൊക്കെ ഇന്ത്യയിൽ വളരെ വേഗത്തിലാണ് നടക്കുന്നത്. വളരെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് ജേണലിസ്റ്റുകളും ഈ മേഖലയിലെ സാങ്കേതിക പ്രവർത്തകരും നേരിടാൻ പേകുന്നത്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വളരെ കൂടുതലാണ്. പൊതുജനാഭിപ്രായ രൂപീകരണത്തിൽ ഇപ്പോൾ മാധ്യമങ്ങളേക്കാൾ കൂടുതൽ റോൾ സാമൂഹ്യ മാധ്യമങ്ങൾക്കാണ്. വ്യവസ്ഥാപിത മാധ്യമങ്ങളുടെ വാർത്താ മുൻഗണനകളേയും പരിചരണ രീതികളേയും നിർണയിക്കുന്ന ശക്തിയായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്ക് വലിയ പ്രാമുഖ്യം മാധ്യമങ്ങൾ നൽകാറുണ്ട്. ഒരു സമ്മർദ്ദ ശക്തികൂടിയാണ് സാമൂഹ്യമാധ്യമങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഐ.എയുടെ കരട് ചർച്ച ചെയ്യാൻ മാധ്യമങ്ങൾ സ്ഥലവും സമയവും നീക്കിവെച്ചത് ഈ സമ്മർദ്ദം കൊണ്ട് കൂടിയാണ്. സ്വാധീനം മാത്രമല്ല, സോഷ്യൽ മീഡിയ കാലം വലിയ പ്രതിസന്ധി കൂടിയാണ് മാധ്യമങ്ങൾക്കുണ്ടാക്കുന്നത്. ഗാർഡിയന്റെ എഡിറ്റർ കാതറിൻ വീനർ ഇങ്ങനയാണ് നിരീക്ഷിച്ചത്- Social media has swallowed the news- threatening the funding of public interest reporting and ushering in an era when everyone has their own facts.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
ജോലിക്കുവേണ്ടിയുള്ള വായന എന്തായാലും വേണമല്ലോ. ഇഷ്ടമുള്ളത്

‘കാൽനൂറ്റാണ്ട്’ കവർ

വായിക്കാൻ ഇഷ്ടംപോലെ സമയം കിട്ടാറില്ല. ഇപ്പോൾ ആറു മാസത്തോളമായി ട്രെയിൻ യാത്ര ഇല്ലാത്തതുകൊണ്ട് വായന കുറഞ്ഞു. അതിന് പകരം ഡ്രൈവ് ചെയ്ത് പോകുമ്പോൾ പോഡ്കാസ്റ്റുകൾ കേൾക്കും. ജോലി ചിലപ്പോൾ വായിക്കാനുള്ള കൗതുകം നൽകാറുണ്ട്. വാരിയംകുന്നൻ വിവാദം വന്ന സമയത്താണ് കെ.പി. കേശവമേനോന്റെ ആത്മകഥ വായിച്ചത്. ചെറിയാൻ ഫിലിപ്പ് എഴുതിയ ‘കാൽനൂറ്റാണ്ട്’ ആണ് ഒടുവിൽ വായിച്ച പുസ്തകം.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

പത്രത്തിന് പത്രമായി മാത്രമോ ചാനലിന് ചാനലായി മാത്രമോ അതിജീവനം അസാധ്യമാണ് ഇനി. കണ്ടന്റ് വിവിധ ഫോർമാറ്റുകളിൽ ആകർഷണീയമായ നിലയിൽ നൽകുക എന്നത് പരീക്ഷിക്കുന്നുണ്ട് മാധ്യമങ്ങൾ. ഡിജിറ്റൽ മാധ്യമങ്ങൾ താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഇപ്പോൾ "ഗോ ഡിജിറ്റൽ'എന്നതാണ് മുഖ്യധാരാ മാധ്യമങ്ങളുടേയും സ്ട്രാറ്റജി. ജനങ്ങൾക്ക് വാർത്തകൾക്കായി മാധ്യമങ്ങളേ ആശ്രയിക്കേണ്ടാത്ത കാലമാണല്ലോ. ആശ്രയിക്കാൻ കഴിയാവുന്ന, വിശ്വാസയോഗ്യമായ വാർത്തകളില്ലാതെ എങ്ങനെയാണ് സമൂഹങ്ങൾ നിലനിൽക്കുക എന്ന് അലൻ റസ്ബ്രിഡ്ജർ ചോദിക്കുന്നുണ്ട്. വാർത്തകളുടെ ഒരു പുതിയ ജനാധിപത്യമുണ്ട് ഇപ്പോൾ. ജനങ്ങൾക്ക് ചുറ്റും വാർത്തയാണ്. പണമൊന്നും മുടക്കാതെ കണ്ടന്റ് കിട്ടുമ്പോൾ വാർത്തയ്ക്കായി പണം മുടക്കുന്നതെന്തിന് എന്ന് അവർ ചിന്തിക്കുക സ്വാഭാവികമല്ലേ. ഫോണിലോ മറ്റ് ഗാഡ്ജറ്റുകളിലോ കിട്ടുന്നത് ശരിയാണോ തെറ്റാണോ എന്ന് ഉപഭോക്താക്കൾക്ക് പ്രശ്‌നമില്ല എങ്കിൽ എന്ത് ചെയ്യും. ജനങ്ങൾ പണം മുടക്കാൻ തയ്യാറായില്ലെങ്കിൽ ക്വാളിറ്റി ജേണലിസം ഇല്ലാതാകും എന്നതാണ് പ്രശ്‌നം. നല്ല ജേണലിസത്തേ പിന്തുണയ്ക്കാൻ , സബ്‌സ്‌ക്രൈബ് ചെയ്യാൻ ഭാവിയിൽ ജനങ്ങൾ മുന്നോട്ട് വരണം എന്നാണ് ആഗ്രഹം.

Comments