ഇന്ത്യൻ മാധ്യമരംഗം കാവിവൽക്കരിക്കപ്പെടുന്നു

മുമ്പ് സെക്കുലർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന് എത്ര മാധ്യമങ്ങൾ തുറന്നെഴുതി?- മുതിർന്ന മാധ്യമപ്രവർത്തക എം. സുചിത്ര സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

എം. സുചിത്ര : ആരും വിമർശനത്തിന് അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവർത്തകരും) വിമർശിക്കപ്പെടുക തന്നെ വേണം, മറ്റേതുസ്ഥാപനത്തെയും പോലെ, മറ്റേതു തൊഴിൽമേഖലയെയും പോലെ. ഒരുപക്ഷേ, അതിലും കൂടുതൽ. കാരണം, ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലാമത്തെ തൂണ്​ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ മീഡിയ. സത്യവും യാഥാർഥ്യവും അന്വേഷിച്ചു കണ്ടെത്തി അത് ഭയമേതുമില്ലാതെ ലോകത്തോടു പറയുക എന്നതാണ് മാധ്യമധർമ്മം എന്നാണെന്റെ വിശ്വാസം. പല ആംഗിളുകളിൽ നിന്ന് നമ്മൾ കാര്യങ്ങൾ മനസ്സിലാക്കേണ്ടി വരും. അത് പറയേണ്ടി വരും. സ്വതന്ത്രമായി നിന്നുകൊണ്ട്, ആരുടെയും സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ സത്യം പറയാൻ കഴിയണം.

എന്നാൽ, ആ ധർമ്മം ഇപ്പോൾ മാധ്യമങ്ങൾ പാലിക്കുന്നുണ്ടോ? മാധ്യമങ്ങൾ എന്നു പറയുമ്പോൾ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോർപറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും. ഓരോ മാധ്യമസ്ഥാപനത്തിലും ജോലിചെയ്യുന്നവർ എത്ര സത്യസന്ധരായാലും തൊഴിലിനോട് കൂറുപുലർത്തുന്നവരായാലും മാനേജ്മെന്റിന്റെ താൽപര്യങ്ങളുടെ നാലുചുമരുകൾക്കുള്ളിൽ നിന്നുകൊണ്ടുമാത്രമേ ജോലിചെയ്യാൻ പറ്റൂ. അല്ലാത്തവർക്ക് പുറത്തുപോകേണ്ടിവരും. മാധ്യമ മുതലാളിമാർക്കും മാധ്യമപ്രവർത്തകർക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷം പലപ്പോഴും പുറംലോകം അറിയുന്നത് ചിലർ രാജിവച്ചു പുറത്ത് പോകുമ്പോഴായിരിക്കും.

മാധ്യമ ധർമത്തെപ്പറ്റി നമ്മൾ എത്രതന്നെ പുകഴ്​ത്തിപ്പറഞ്ഞാലും അത് നിറവേറ്റാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ടോ എന്നു നോക്കേണ്ടതുണ്ട്. അങ്ങേയറ്റം കോർപറേറ്റ്​വൽക്കരിക്കപ്പെട്ട വ്യവസായമാണ് ഇപ്പോൾ മീഡിയ. ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യവസായം. ലാഭം മാത്രമല്ല, പലതരം സങ്കുചിത താല്പര്യങ്ങൾ മാധ്യമസ്ഥാപനങ്ങൾക്കുണ്ട്. അതു മതവിശ്വാസമാകാം, കക്ഷിരാഷ്ട്രീയമാകാം, ഭൂരിപക്ഷ വർഗീയതയാവാം, ന്യൂനപക്ഷവർഗീയതയാവാം. സാമൂഹ്യപ്രതിബദ്ധത, ഉള്ളടക്കത്തിന്റെ സത്യസന്ധത എന്നതൊന്നുമല്ല ഇപ്പോൾ കാര്യങ്ങൾ നിർണയിക്കുന്നത്. പരസ്യം, വരുമാനം ഇതൊക്കെയാണ്. പരസ്യദാതാക്കളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വളരെയേറെ മാറിയിരിക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇവർക്കിടയിലുള്ള ബന്ധം ഇപ്പോഴത്തേതു

മാതിരിയായിരുന്നില്ല. പരസ്യക്കാർ പണം നൽകി പരസ്യം കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങൾ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തിയിരുന്നു. എന്നാൽ 1970 കൾ മുതൽ ആ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. പരസ്യക്കാർ കൂടുതൽ പിടിമുറുക്കിത്തുടങ്ങി. നിങ്ങൾ ഇന്ന വാർത്ത ഇന്ന രീതിയിൽ കൊടുത്തില്ലെങ്കിൽ ഞങ്ങൾ പരസ്യം തരില്ല എന്ന നിലപാട്. പിന്നീട് പെയ്ഡ് ന്യൂസായി. അതും കഴിഞ്ഞ്​ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള വ്യവസായ സ്ഥാപനങ്ങൾ മാധ്യമരംഗം കീഴടക്കുന്ന കാഴ്ച നാം കാണുന്നു. കോർപറേറ്റ് കമ്പനികളും ഭരണകർത്താക്കളും തമ്മിലുള്ള ശക്തമായ കൂട്ടുകെട്ട് രഹസ്യമല്ല. തിരഞ്ഞെടുപ്പിന് പണം മുടക്കുന്നത് മുതൽ ഏതു നയം രൂപീകരിക്കണമെന്നതുവരെ തീരുമാനിക്കുന്നത് ഈ കമ്പനികളായിരിക്കും. അവർക്കു കീഴിലുള്ള മാധ്യമസ്ഥാപനങ്ങൾ ഭരണകൂടത്തിനു സ്തുതിഗീതം പാടും. ഇവരുടെയൊക്കെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് എത്രമാത്രം പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകും?

രാഷ്ട്രീയ-കോർപറേറ്റ് മാഫിയക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാണ്. 1992 നും 2020 നും ഇടയ്ക്ക് ഇന്ത്യയിൽ 51 മാധ്യമപ്രവർത്തകർകൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്‌റ്‌സ് എന്ന അന്താരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക്. ഇവരിൽ ഭൂരിഭാഗവും ഭൂ-ഖനനമാഫിയകൾക്കെതിരെയും പരിസ്ഥിതി നാശത്തിനുമെതിരെയും സ്വരമുയർത്തിയവരാണ്.

മാധ്യമങ്ങൾക്കു മേലുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദവും മുമ്പെന്നത്തെക്കാളുമേറെ വർധിച്ചിട്ടുണ്ട് ഇപ്പോൾ. ഫാസിസത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ഗൗരി ലങ്കേഷിനെപ്പോലുള്ള മാധ്യമപ്രവർത്തകർ കൊലചെയ്യപ്പെടുന്നു. കശ്മീരിൽ മാധ്യമപ്രവർത്തകർ വലിയ രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മസ്റത് സഹ്റ, ഗൗഹർ ഗീലാനി എന്നീ രണ്ട് ജേണലിസ്റ്റുകൾ UAPA ക്കു കീഴിൽ അറസ്റ്റിലായിട്ടുണ്ട്. അവർ ആന്റി- നാഷണൽ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു എന്നാണാരോപണം.

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന സമയത്ത് കേരളത്തിലെ രണ്ടു വാർത്താചാനലുകളുടെ പ്രക്ഷേപണം മണിക്കൂറുകളോളം കേന്ദ്രസർക്കാർ നിർത്തിച്ചത് ഓർമ്മയില്ലേ? മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 140ാം സ്ഥാനത്താണ് എന്നാണ് കഴിഞ്ഞ മെയ് മാസത്തിൽ Reporters Without Borders എന്ന അന്താരാഷ്ട്രസംഘടന 180 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ പറയുന്നത്.

അതേസമയം, ഇന്ത്യൻ മാധ്യമരംഗം വലിയ രീതിയിൽ കാവിവൽക്കരിക്കപ്പെടുന്നുണ്ട്. മുമ്പ് സെക്കുലർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. അയോധ്യയിൽ ഈയിടെ നടന്ന രാമക്ഷേത്രശിലാന്യാസം ഭൂരിഭാഗം മാധ്യമങ്ങളും എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്ന് നാം കണ്ടതാണല്ലോ. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് പള്ളി പണിയുന്നത് എന്ന് എത്ര മാധ്യമങ്ങൾ തുറന്നെഴുതി?

കോവിഡുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നിലവിൽവന്ന ലോക്ഡൗണിന്റെ പലതരം പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലേറെ മാധ്യമപ്രവർത്തകർ അറസ്റ്റു ചെയ്യപ്പെടുകയോ കേസുകളിൽ കുടുങ്ങുകയോ ഭീഷണികൾക്കു വിധേയരാവുകയോ ചെയ്തിട്ടുണ്ടെന്ന് ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Rights and Risk Analysis Group (RRAG) കഴിഞ്ഞ ജൂണിൽ തയ്യാറാക്കിയ India: Media's Crackdown During Covid-19 Lockdown എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇത്തരത്തിൽ സങ്കീർണമായ പ്രശ്‌നങ്ങൾ മാധ്യമങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതേസമയം,ഉള്ള സ്വാതന്ത്ര്യം പോലും വേണ്ട രീതിയിൽ വിനിയോഗിക്കാതിരിക്കുന്നുമുണ്ട്. പ്രശ്‌നങ്ങളിലേക്ക് ആഴത്തിൽ ചെല്ലുന്നില്ല. വിവാദങ്ങളുണ്ടാക്കുകയും വാർത്തകളെ സെൻസേഷണൽ ആക്കുകയും ചെയ്ത് റേറ്റിങ്ങും സർക്കുലേഷനും ലാഭവും വർധിപ്പിക്കുക. അത്രയേയുള്ളൂ. അങ്ങനെ വരുമ്പോൾ മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നതിൽ എന്താണ് അത്ഭുതം?

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്ജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

സവിശേഷമായ പ്രിവിലേജുകൾ മാധ്യമപ്രവർത്തകർക്കു കിട്ടാറുണ്ട്. തൊഴിലിന്റെ ഭാഗമായി മന്ത്രിമാരും രാഷ്ട്രീയനേതാക്കളും വ്യവസായപ്രമുഖരുമടക്കം സമൂഹത്തിന്റെ വിവിധ തട്ടുകളിലും മേഖലകളിലും പ്രവർത്തിക്കുന്നവരുമായി ഇടപഴകാനും പലയിടങ്ങളിലേക്കും കയറിച്ചെല്ലാനും ചോദ്യങ്ങൾ ചോദിക്കാനുമൊക്കെയുള്ള അധികാരം മാധ്യമപ്രവർത്തകർക്കു ലഭിക്കാറുണ്ടല്ലോ. ഇത് സാധാരണ ആളുകൾക്ക് കിട്ടാറില്ല. മീഡിയ എന്ന ലേബലിനു ശക്തിയുണ്ട്. പക്ഷേ, ഈ പ്രിവിലേജ് എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. മാധ്യമപ്രവർത്തകർക്കു സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിബദ്ധത ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. പിറകോട്ടു പോകുന്ന ഒരു സമൂഹത്തെ ശരിയായ പുരോഗതിയിലേക്കു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മാധ്യമപ്രവർത്തകർക്കുണ്ട്.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

സത്യസന്ധമായ മാധ്യമപ്രവർത്തനവും വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനവും നിഷ്പക്ഷമാവണമെന്നില്ല. ജാതി-മതം-ലിംഗം-വംശം- വർണം-വർഗം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വലിയ അസമത്വവും പലതരം വിവേചനങ്ങളും അനീതികളും നമ്മുടെ സമൂഹത്തിലുണ്ട്. ഭൂരിപക്ഷ വർഗീയതയും ഭരണകൂടഭീകരതയും ആൾക്കൂട്ടക്കൊലകളും കൂടിവരുന്നു. പാർശ്വവത്കൃത ജനവിഭാഗങ്ങൾ പിന്നെയും അരികിലേക്കാവുന്നു. ലോക്ഡൗൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലെത്താൻ രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേയ്ക്കു നടക്കുന്ന കുടിയേറ്റത്തൊഴിലാളികളെ നാം കണ്ടതാണ്. പകർച്ചവ്യാധികളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഈ കാലത്തുപോലും ഭരണകർത്താക്കൾ നാടിനെ കോർപറേറ്റ് കമ്പനികൾക്കു വിൽക്കുന്നു. കുടിയൊഴിപ്പിക്കലുകൾ തുടരുന്നു. തൊഴിൽ നിയമങ്ങൾ മാറ്റുന്നു.

ഇത്രയും ഭീകരമായ അവസ്ഥയിൽ സത്യസന്ധമായ മാധ്യമപ്രവർത്തനം

നിഷ്പക്ഷമാവില്ല. നിഷ് പക്ഷമാവുകയും അരുത്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും കാര്യമെടുത്താൽ ചിലപ്പോൾ മനുഷ്യകേന്ദ്രീകൃതമായിപ്പോലും കാര്യങ്ങൾ കാണാനാവില്ല. അതേസമയം, വസ്തുതകളുടെ പിൻബലമില്ലാതെ വെറുതെ ഒരുപക്ഷത്തിനു വേണ്ടി വൈകാരികമായി വാദിക്കുന്നതും മാധ്യമപ്രവർത്തനമാവില്ല. കാര്യങ്ങൾ ആഴത്തിൽ പഠിക്കേണ്ടിവരും. ഇതാണ് വസ്തുതകൾ എന്ന് പൊതുസമൂഹത്തിനു മുമ്പിൽ നിരത്താൻ മാധ്യമപ്രവർത്തകർക്കു കഴിയണം. മാധ്യമപ്രവർത്തനം വളരെ അവധാനതയോടെ ചെയ്യേണ്ട സമയമാണിത്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

നല്ലതും ചീത്തയുമായ മാറ്റങ്ങൾ ടെലിവിഷൻ കൊണ്ടുവന്നിട്ടുണ്ട്. അച്ചടി മാധ്യമത്തെക്കാളും കൂടുതൽ ആളുകളിലേക്ക് എത്താൻ ദൃശ്യമാധ്യമത്തിനു കഴിയും. നിരക്ഷരരായവർക്കുപോലും കാര്യങ്ങൾ കണ്ടുമനസ്സിലാക്കാം. പലപ്പോഴും വാക്കുകളേക്കാൾ ശക്തിയുണ്ട് ദൃശ്യങ്ങൾക്ക്. ഉരുൾപൊട്ടി മണ്ണിനടിയിലായി എന്നു പറയുന്നതുപോലെയല്ലല്ലോ കുത്തിയൊലിച്ചുവരുന്ന കലക്ക വെള്ളത്തിന്റെയും ജീവൻ നഷ്ടപ്പെട്ടവരുടെയും ദൃശ്യങ്ങൾ കാണുന്നത്. വിമാനം തകർന്നു എന്നു പറയുന്നതുപോലെയല്ലല്ലോ തകർന്ന വിമാനത്തിന്റെ ദൃശ്യം കാണുന്നത്. രാഷ്ട്രീയനേതാക്കളും ഭരണകർത്താക്കളും എന്തുപറയുന്നു എന്ന് ജനങ്ങൾ നേരിട്ട് കേൾക്കുന്നു. ടെലിവിഷൻ കാലത്തിനുമുമ്പ് റേഡിയോയിലൂടെയോ അല്ലെങ്കിൽ പിറ്റേന്ന് പത്രങ്ങളിലൂടെയോ ആണല്ലോ ജനങ്ങൾ വാർത്തകൾ അറിഞ്ഞിരുന്നത്. ടെലിവിഷന്റെ വരവോടെ വാർത്തകൾക്ക് വേഗം കൂടി.

അതേ സമയം, കേബിൾ നെറ്റ് വർക്കും 24 X 7 വാർത്തബുള്ളറ്റിനുകളുമൊക്കെ ആയതോടെ വേഗം കാരണം വാർത്തകളുടെ ഗുണമേന്മ വല്ലാതെ കുറഞ്ഞിട്ടുണ്ട്. തുടർച്ചയായി വാർത്തകൾ കൊടുത്തുകൊണ്ടേയിരിക്കുക എന്നതാണല്ലോ ഇപ്പോൾ ടെലിവിഷൻ ചെയ്യുന്നത്. അനാരോഗ്യകരമായ മത്സരമാണ് ചാനലുകൾ തമ്മിൽ. ആരാണ് ആദ്യം വാർത്ത കൊടുക്കുന്നത്, ആർക്കാണ് കൂടുതൽ ദൃശ്യങ്ങൾ ഇങ്ങനെയൊക്കെയുള്ള മത്സരം. കാര്യങ്ങൾ അമിത വേഗത്തിലാണ്. റിപ്പോർട്ടർമാർക്ക് ചിന്തിക്കാൻ പോലും സമയം കിട്ടാതെ ലൈവിൽ നിൽക്കേണ്ടി വരുന്നു. അവർ പറഞ്ഞതുതന്നെ ആവർത്തിച്ചു പറയുന്നു. കാര്യങ്ങൾ പഠിക്കാൻ അവർക്കു സമയം കിട്ടുന്നില്ല. വാർത്തകളുടെ സത്യാവസ്ഥയും ഗുണമേന്മയും ഉറപ്പുവരുത്താനുള്ള സമയം ഡെസ്‌കിനും കിട്ടുന്നില്ല. ആകെ ഒരു ബഹളമാണ്. എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് എന്ന് ആലോചിക്കാൻ ‌പോലും സമയമില്ല. എന്തുവാർത്ത വേണമെങ്കിലും ബ്രേക്കിങ് ന്യൂസാവാം. ചാനൽ ചർച്ചകൾ അസഹ്യമായി മാറിയിട്ടുണ്ട്. വിഷയമേതായാലും ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഓരോരുത്തരെ വീതം അതിഥികളായി വരുത്തി ഉള്ള സമയം എല്ലാവർക്കും പങ്കിട്ടുനൽകി തോന്നിയത് പറയാൻ അവസരം നൽകുന്ന പ്രഹസനമാണ് ഈ ചർച്ചകൾ. സ്ഥിരം മുഖങ്ങൾ. സ്ഥിരം പല്ലവികൾ. ഇവരൊക്കെ എന്താണ് പറയാൻ പോകുന്നത് എന്നുപോലും അവർ പറയുന്നതിനു മുമ്പ് നമുക്കറിയാം. ചില വാർത്തവതാരകരുടെ ധാർഷ്ട്യം അസഹ്യം. വല്ലാത്ത ശബ്ദമലിനീകരണം.

ഇതിനൊക്കെ പുറമെ, ടെലിവിഷനിൽ ഏതു പരിപാടി വേണം, വേണ്ട, ഏതു സമയത്ത് പ്രക്ഷേപണം ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഒട്ടും ശാസ്ത്രീയമല്ലാത്ത റേറ്റിങ്ങും പരസ്യങ്ങളുമൊക്കെത്തതന്നെയാണ് . ആഴത്തിലുള്ളതൊന്നും കാണാൻ കിട്ടാറില്ല. കൊള്ളാവുന്ന അപരിപാടികൾക്ക് നല്ല പരിപാടികൾ റേറ്റിങ് കുറവായിരിക്കും ചിലപ്പോൾ. അത് നിർത്തലാക്കുകയും ചെയ്യും. ഒരു ദിവസം മുഴുവൻ ടെലിവിഷനിൽ ഓടിക്കൊണ്ടിരുന്ന അതേ വാർത്തകൾ തന്നെയായിരിക്കും പിറ്റേന്ന് പത്രങ്ങളിലും വരുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ജനങ്ങൾക്ക് വിശ്വാസം കുറയാൻ ചാനൽ ബഹളങ്ങൾ ഇടയാക്കിയിട്ടുണ്ട്.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ?

അത് സത്യമല്ലേ? എല്ലാവർക്കും അറിയുന്ന കാര്യമല്ലേ?

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ഇല്ല. മറ്റു പലമേഖലകളെയും പോലെ വലിയ രീതിയിൽ ആൺകോയ്മ നിലനിൽക്കുന്നുണ്ട് മാധ്യമരംഗത്തും. ജെൻഡർ സെൻസിറ്റീവിറ്റിയൊന്നും സ്ഥാപനങ്ങൾക്കുള്ളിലുമില്ല, അവർ പുറത്തുവിടുന്ന ഉള്ളടക്കത്തിലുമില്ല. വാർത്തകളിൽ സ്ത്രീകൾക്ക് നൽകുന്ന സ്പേസ്, സമയം, ചിത്രീകരിക്കുന്ന രീതി ഇതൊക്കെ ശ്രദ്ധിച്ചാൽത്തന്നെ മാധ്യമസ്ഥാപനങ്ങളുടെ ലിംഗനീതിയെപ്പറ്റി ഏകദേശരൂപം കിട്ടും. സമൂഹത്തിൽ വളരെ ആഴത്തിൽ വേരോടിയിട്ടുള്ള പുരുഷാധിപത്യമൂല്യങ്ങൾ മാധ്യമസ്ഥാപനങ്ങൾക്കുള്ളിലുമുണ്ട്. പ്രബുദ്ധം എന്ന് അവകാശപ്പെടുന്ന കേരളത്തിലെ പല പ്രമുഖ മാധ്യമസ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാൻ തുടങ്ങിയിട്ടുതന്നെ ഏറെ കാലമൊന്നുമായിട്ടില്ല. സ്ത്രീകളെ എടുത്താൽ ശരിയാവില്ല, അവർ രാത്രിജോലിക്ക് ഇരിക്കില്ല എന്നൊക്കെയായിരുന്നു ഈ വിവേചനത്തിന് മുന്നോട്ടു വച്ചിരുന്ന ന്യായം. ആ സ്ഥിതിയിൽ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ലിംഗനീതി എന്നതൊന്നും പല മാധ്യമസ്ഥാപനങ്ങളും ഗൗരവമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പ്രസവാവധിപോലും എന്തോ ഒരു ഔദാര്യംപോലെയാണ് ചില സ്ഥാപനങ്ങൾ നൽകുന്നത്. തൊഴിലിടത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ബാധ്യത ഓരോ സ്ഥാപനത്തിനുമുണ്ട്. ഇതൊന്നും വേണ്ട രീതിയിൽ നടക്കാറില്ല.

കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ വിരലിലെണ്ണാവുന്ന സ്ത്രീകളേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ടായിരിക്കാമത് ? സ്ത്രീകൾ ഈ രംഗത്തേയ്ക്ക് വരുന്നത് കുറവായതുകൊണ്ടാണോ? അതോ വരുന്നവർ സ്ഥാപനങ്ങൾ വിട്ടു പോകുന്നതാണോ? അതുമല്ലെങ്കിൽ, മുകളിലേക്കെത്തുന്നതിൽ നിന്ന് സ്ത്രീകളെ തടയുന്ന കാര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണോ? ഏതായാലും അത് ലിംഗനീതിക്കു നിരക്കുന്നതല്ലല്ലോ.

സ്ത്രീകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വിഷയങ്ങളെപ്പറ്റിയും മുൻധാരണയുണ്ട്. രാഷ്ട്രീയം ഇപ്പോഴും പുരുഷവിഷയമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്ന് ചാനലുകളിലും പത്രങ്ങളും ജോലിചെയ്യുന്നവർ പറയുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി മുതലായ ‘സോഫ്റ്റ്' വിഷയങ്ങൾ സ്ത്രീകൾ ചെയ്യട്ടെ എന്നായിരിക്കും ആണുങ്ങളായ മിക്ക ബ്യുറോ നിലപാട്. സ്വയം തെളിയിക്കാൻ സ്ത്രീകൾക്ക് കൂടുതൽ പാടുപെടേണ്ടി വരുന്നുണ്ട്. മാധ്യമപ്രവർത്തനം വളരെ ഡിമാൻഡിങ് ആയ ജോലിയാണ്. വീടിനുള്ളിലും പുറത്തും ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾ പൊതുവെ അനുഭവിക്കുന്ന ഇരട്ട അദ്ധ്വാനത്തിന്റെയും കുടുംബത്തിന്റെയും സമ്മർദ്ദം സ്ത്രീകളായ മാധ്യമപ്രവർത്തകരെ സംബധിച്ച്​ കൂടുതലായിരിക്കും.

മാധ്യമസ്ഥാപനങ്ങളിൽ എന്നതുപോലെ വ്യവസ്ഥാപിത ജേർണലിസ്‌റ് യൂണിയനുകളിലും ആൺകോയ്മ നിലനിൽക്കുന്നുണ്ട്. എങ്കിലും യൂണിയന്റെ ഭാഗമാകാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുന്നുണ്ട്. മാധ്യമപ്രവർത്തകരായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ നെറ്റ് വർക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ പോലുള്ള കൂട്ടായ്മകൾ സജീവമായി ശ്രമിക്കുന്നുണ്ട്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ശരിയാണ്. പ്രാദേശിക ഭാഷാപത്രങ്ങളിലും ചാനലുകളിലുമാണ് ഈ പ്രശ്നം രൂക്ഷം. വേജ് ബോർഡ്​ ശുപാർശകൾ നടപ്പിലാക്കാൻ വൈമുഖ്യം കാണിക്കാറുണ്ട് പല പ്രാദേശിക മാധ്യമ സ്ഥാപനങ്ങളും. അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ ദൂരേയ്ക്ക് സ്ഥലംമാറ്റുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഇംഗ്‌ളീഷ് ഭാഷാമാധ്യമങ്ങളിൽ വേതനം ഒരു പ്രശ്‌നമാണെന്ന് തോന്നുന്നില്ല.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സാമൂഹ്യമാധ്യമങ്ങൾ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. വലിയ ഒരു അട്ടിമറി. വാർത്തകളുടെ പ്രൊഡക്ഷനിലും വിതരണത്തിലും ഉപഭോഗത്തിലും. വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന കുത്തക സാമൂഹ്യ മാധ്യമങ്ങൾ തകർത്തു . പണ്ടായിരുന്നെങ്കിൽ, വ്യവസ്ഥാപിത മാധ്യമങ്ങൾ ഏതെങ്കിലും വാർത്ത തമസ്‌ക്കരിച്ചാൽ ആ വാർത്ത അറിയാൻ ജനങ്ങൾക്കു മാർഗമുണ്ടായിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി. ഒരു വാർത്തയും തമസ്‌ക്കരിക്കാനാവില്ല. ഓരോ വ്യക്തിയും വാർത്ത പ്രൊഡ്യുസറാണ്. അവരവർക്കു വേണ്ടത് സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യാം. വാർത്തയോ കോലമോ അഭിപ്രായമോ ഫോട്ടോകളോ, വീഡിയോകളോ ഗവേഷണപ്രബന്ധങ്ങളോ കവിതയോ നോവലോ യാത്രാവിവരണമോ എന്തും. നിമിഷനേരം കൊണ്ട് പലതും വൈറൽ ആകും. അവ ഏറ്റെടുക്കാൻ വ്യവസ്ഥാപിത മാധ്യമസ്ഥാപനങ്ങൾ നിർബന്ധിതമാകുന്നു. മാധ്യമപ്രവർത്തകർ വാർത്തകൾക്ക് വേണ്ടിയും ബ്രേക്കിംഗ് ന്യൂസിനുവേണ്ടിയും പുതിയ പഠനങ്ങൾ അറിയുന്നതിനുമൊക്കെ ഇപ്പോൾ ആശ്രയിക്കുന്നത് സാമൂഹ്യമാധ്യമങ്ങളെയാണ്. വ്യവസ്ഥാപിതമാധ്യമസ്ഥാപനങ്ങൾ തങ്ങളുടെ മാർക്കറിംഗിന് വേണ്ടിയും സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്നുണ്ട്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

ഞാൻ ഇപ്പോൾ ഒരു മുഴുവൻ സമയ ജേണലിസ്റ്റല്ല. പഴയതുപോലെ, നിരന്തരമായ ഡെഡ് ലൈനുകൾക്കുള്ളിൽ നട്ടംതിരിയുന്നില്ല. അതുകൊണ്ട് വായിക്കാൻ സമയം കിട്ടാറുണ്ട്. മുഴുവൻസമയ ജോലിക്കാലത്ത്​ ആഴത്തിലുള്ള വായനക്ക്​ സമയം കിട്ടിയിരുന്നില്ല. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക്, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അങ്ങനെ നിരന്തര യാത്രകളായിരുന്നു.

കോവിഡ് കാലത്ത് പലപുസ്തകങ്ങളും വായിച്ചു. അതിലൊന്ന് ‘സ്പിൽഓവർ : ആനിമൽ ഇൻഫെക്ഷൻസ് ആൻഡ് ദി നെക്സ്റ്റ് ഹ്യൂമൻ പാൻഡെമിക്’ എന്ന പുസ്തകമാണ്. അമേരിക്കൻ എഴുത്തുകാരനും കോളമിസ്റ്റുമായ ഡേവിഡ് ക്വമെൻ ആണ് രചയിതാവ്. ശാസ്ത്രം, പ്രകൃതി, പകർച്ചവ്യാധികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി നാഷണൽ ജ്യോഗ്രഫിക് മാസികയ്ക്കു വേണ്ടി വർഷങ്ങളായി ലോകമെമ്പാടും യാത്രചെയ്ത് എഴുതിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് എഴുപത്തിരണ്ടുകാരനായ ക്വമെൻ.

ആസ്ത്രേലിയയുടെ വടക്കുകിഴക്കു ഭാഗത്തുള്ള ക്വീൻസ് ലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബെയ്നിൽ 1994 ൽ പടർന്ന വൈറസ് രോഗബാധയിൽ നിന്നാണ് ഈ പുസ്തകം തുടങ്ങുന്നത്. ഹെൻഡ്രവൈറസ് ബാധയ്ക്കു പുറമേ എബോള, മലേറിയ, സാർസ്, എയ്ഡ്സ് തുടങ്ങിയ പകർച്ചവ്യാധികളെപ്പറ്റിയും വിവരിക്കുന്നുണ്ട്. പക്ഷേ, വരണ്ട വസ്തുതകൾ കുത്തിനിറച്ച ഒരു ശാസ്ത്രപുസ്തകമല്ല ഇത്. വർഷങ്ങൾക്കുമുമ്പ് പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലേക്കും അവയുടെ ഉത്ഭവത്തിലേക്കും വികാസത്തിലേക്കും ചരിത്രത്തിലേക്കും നടത്തുന്ന യാത്രകളാണ് ഉള്ളടക്കം. ആസ്ത്രേലിയയിൽ നിന്ന് ദക്ഷിണചൈനയിലേക്കും അവിടെനിന്ന്​ ആഫ്രിക്കയിലെ കാമറൂണിലേക്കും കിൻഷാസയിലേക്കുമൊക്കെ വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ക്വമെൻ. ഒരു കുറ്റാന്വേഷണകഥ പോലെ നാടകീയമായിട്ടാണ് ഓരോ പകർച്ചവ്യാധിയിലേക്കും കടക്കുന്നത്. ഇതിലെ ‘ഡിറ്റക്ടീവുകൾ’ ബയോളജിസ്റ്റുകളും വൈറോളജിസ്റ്റുകളും ഇക്കോളജിസ്റ്റുകളും മൃഗഡോക്ടർരുമൊക്കെയാണ്. മനുഷ്യരും മൃഗങ്ങളും പക്ഷികളും സൂക്ഷ്മജീവികളും ചരിത്രവും ശാസ്ത്രവും ഭൂപ്രകൃതിയും പലതരം കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളു മൊക്കെയുള്ള ഒരു പുസ്തകം.

ഈ പുസ്തകം ഇറങ്ങിയിട്ട് എട്ടുവർഷമാവാറായി. പക്ഷേ , ഇപ്പോഴാണ് ഈ പുസ്തകത്തെപ്പറ്റി കേൾക്കുന്നതും വായിക്കുന്നതും. കോവിഡിനെപ്പറ്റി അദ്ദേഹത്തിന്റെതായി വന്ന ഒരു അഭിമുഖത്തിൽ ഈ പുസ്തകത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. അപ്പോഴാണ് ഇതു വായിക്കണമെന്ന് തോന്നിയത്. പുസ്തകത്തിന്റെ കവറിൽ എഴുതിയിട്ടുള്ള Timely and Terrific എന്നത് ഇപ്പോഴും വളരെയേറെ പ്രസക്തമാണല്ലോ. അത് ഇനിയങ്ങോട്ട് എപ്പോഴും പ്രസക്തമായിരിക്കും.

ഇതിൽ ക്വമെൻ പറയുന്ന ഒരു പ്രധാനകാര്യം, മറ്റു ആവാസവ്യവസ്ഥകളിലേക്കു മനുഷ്യർ നടത്തുന്ന കടന്നുകയറ്റം പകർച്ചവ്യാധികൾ വർധിക്കുന്നതിന് ഇടയാക്കുന്നു എന്നതാണ്. ഒരു ജീവിവർഗ്ഗത്തെ മറ്റൊരു ജീവിവർഗവുമായി ബന്ധിപ്പിക്കുന്ന സ്വാഭാവികമായ ഒന്നാണ് യാഥാർത്ഥത്തിൽ പകർച്ചവ്യാധി. ഹോമോസാപിയൻസ് എന്ന ജീവിവർഗമായ മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ അറുപതു ശതമാനവും പക്ഷിമൃഗാദികളിൽ നിന്ന്​പകരുന്നവയാണ്. അനേകമനേകം ആവാസവ്യവസ്ഥകൾ ഉൾച്ചേർന്നിട്ടിരിക്കുന്ന വലിയൊരു ജീവ വ്യവസ്ഥയുടെ ഭാഗങ്ങളാണ് സൂക്ഷ്മജീവികളും പക്ഷികളും മൃഗങ്ങളും മനുഷ്യരുമൊക്കെ. ചിലപ്പോൾ വൈറസും ബാക്ടീരിയയുമൊക്കെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ചാടും. ആ പ്രക്രിയയെയാണ് spillover എന്ന് പറയുന്നത്. മനുഷ്യരിലേക്ക് ചാടുന്നതിനു മുമ്പ് പഴയ ആതിഥേയശരീരങ്ങൾക്കുള്ളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയായിരിക്കും വൈറസ്. എത്രയോ കാലംനീണ്ട സഹജീവനം. അവർ തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടായിരിക്കും. എന്നാൽ, മനുഷ്യരിലേക്ക്, പുതിയ സാഹചര്യത്തിലേക്ക്, ചാടുമ്പോൾ ആ ഉടമ്പടി ഇല്ലാതാകും. ഒരു വിത്തുപോലെയാണ് വൈറസ്. ജീവനുണ്ടോ ചോദിച്ചാൽ ഉണ്ട്. എന്നാൽ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. അതിനു പേരുകണമെങ്കിൽ ആതിഥേയരുടെ ആവശ്യമുണ്ട്. മനുഷ്യരെ കൊല്ലണമെന്നൊന്നും വൈറസിനില്ല. സ്വയം പെരുകണമെന്നല്ലാതെ. വൈറൽമരം കുലുക്കരുത്, അത് അപകടമാണ്, ഉതിർന്നുവീഴുന്നത് എന്തൊക്കെയായിരിക്കും എന്നറിയില്ല എന്നു പറയുന്ന അദ്ദേഹം, കാടുകളും നൈസർഗിക ആവാസവ്യവസ്ഥകളും നശിപ്പിക്കാതെ സൂക്ഷിക്കേണ്ടതിന്റെയും സ്പിൽഓവറിനുള്ള സാധ്യതകൾ കുറക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡിനെ തുടർന്നുണ്ടായ ലോക് ഡൗൺ കാരണം ഇന്ത്യൻ അച്ചടിമാധ്യമ രംഗവും ദൃശ്യമാധ്യമരംഗവും ഗുരുതര പ്രതിസന്ധിയിലായിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് പത്രങ്ങളെത്തന്നെയാണ്. എങ്ങനെ നിലനിന്നുപോകുമെന്നറിയാത്ത അവസ്ഥയിലാണ് പല പ്രസിദ്ധീകരണങ്ങളും. പത്രവിതരണം ദിവസങ്ങളോളം മുടങ്ങി, വായനക്കാരുടെ എണ്ണം കുറഞ്ഞു, പരസ്യം കുറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്​സ്​പ്രസ്​, ഹിന്ദു, ടെലിഗ്രാഫ് മുതലായ മുൻനിര പത്രങ്ങൾ പോലും കടുത്ത നടപടികളിലേക്കു പോയി. പേജുകളുടെ എണ്ണം കുറച്ചു, ചില എഡിഷനുകൾ നിർത്തി, ചിലയിടങ്ങളിൽ ബ്യുറോകൾ അടച്ചുപൂട്ടി, ജേർണലിസ്റ്റുകളെ പിരിച്ചുവിട്ടു, ശമ്പളം വെട്ടിക്കുറച്ചു. പല പ്രാദേശിക ഭാഷാപത്രങ്ങളും താൽക്കാലികമായി പ്രസിദ്ധീകരണം നിർത്തി, ലോക് ഡൗണിന്റെ ആദ്യത്തെ രണ്ടു മാസങ്ങളിൽ മാത്രം ഇന്ത്യയിലെ പത്രവ്യവസായത്തിന്​ 4000 -5000 കോടി രൂപയുടെ നഷ്ടം ഉണ്ടാകാനിടയുണ്ട് എന്നാണു അഡ് ഫാക്ടർ എന്ന ഏജൻസി കണക്കാക്കുന്നത്. ടി.വി ടുഡേ , നെറ്റ്​വർക്ക് 18 തുടങ്ങിയവ ടെലിവിഷൻ ഗ്രൂപ്പുകൾ ചില ചാനലുകളുടെ സംപ്രേഷണം തത്ക്കാലം നിർത്തിയിട്ടുണ്ട്.

ഈ പ്രതിസന്ധി ഒരുപക്ഷേ മാസങ്ങളോളം നീണ്ടു നിന്നേക്കാം. കോവിഡിനൊടുവിൽ കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അച്ചടിമാധ്യമരംഗം വീണ്ടും ഉണർവിലേക്കു വന്നേക്കാം. സത്യത്തിൽ, അച്ചടി മാധ്യമങ്ങൾ പുതുതായി സ്വയം കണ്ടെത്താനും സ്വന്തം റോൾ പുനർനിർണയിക്കാനും തുടങ്ങേണ്ട സമയമാണിത്. കോവിഡ് വന്നില്ലായിരുന്നുവെങ്കിലും നിലനിൽപ്പിനെപ്പറ്റി അച്ചടിമാധ്യമങ്ങൾ ആലോചിക്കേണ്ടതുണ്ട്. പുതിയ തലമുറ വാർത്തകൾക്കുവേണ്ടി പത്രം വായിക്കാറില്ല. ടെലിവിഷൻ കാണാറുമില്ല. അവർ ഓൺലൈൻ വായനക്കാരാണ്. ഡിജിറ്റൽ മീഡിയയോടാണ് അവർക്കു ആഭിമുഖ്യം.

Comments