മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
എം. വി. നികേഷ് കുമാർ : മാധ്യമങ്ങൾ വിമർശനത്തിന് അതീതരല്ല. ഒരുപക്ഷേ ക്രൂരമായ വിമർശനത്തിന് മാധ്യമങ്ങൾ വിധേയരാകണമെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങളുടെ ഉള്ളിൽ നയരൂപീകരണത്തിന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള എഡിറ്റോറിയൽ സമിതികളുണ്ടാകണം. മാധ്യമങ്ങൾക്ക് സ്വന്തം ഓംബുഡ്സ്മാൻ ഉണ്ടാവണം. നൽകിയ വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തി നൽകാനുള്ള ഔചിത്യം മാധ്യമങ്ങൾ കാണിക്കണം. മാധ്യമങ്ങൾക്ക് കൊമ്പൊന്നുമില്ല. കൊമ്പുണ്ട് എന്ന നാട്യം തന്നെ അശ്ലീലമാണ്.
എം.ജി.രാധാകൃഷ്ണൻ •സ്റ്റാൻലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹൻ•ടി.എം. ഹർഷൻ •വി.പി. റജീന•ഉണ്ണി ബാലകൃഷ്ണൻ•കെ. ടോണി ജോസ്•രാജീവ് ദേവരാജ്•ഇ. സനീഷ്•എം. സുചിത്ര•ജോൺ ബ്രിട്ടാസ്•വി.ബി. പരമേശ്വരൻ•വി.എം. ദീപ•വിധു വിൻസെൻറ് •ജോസി ജോസഫ്•വെങ്കിടേഷ് രാമകൃഷ്ണൻ •ധന്യ രാജേന്ദ്രൻ •ജോണി ലൂക്കോസ് • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
മാധ്യമങ്ങൾക്ക് ഒരു പൗരന്റെ പ്രിവിലേജ് മാത്രം മതിയാവും. ഉത്തരവാദിത്തമാണെങ്കിൽ കോടതിയുടേതിന് സമാനവും വളരെ വലുതുമാണ്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?
നിഷ്പക്ഷതയ്ക്ക് ശ്രമിക്കണം മാധ്യമങ്ങൾ. പക്ഷേ പൊതുവായി ശരിക്കൊപ്പം നിൽക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടത്. ഈ കാലഘട്ടത്തിൽ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും മാധ്യമങ്ങൾ ബാധ്യസ്ഥരാണ്. രാഷ്ട്രീയത്തിൽ സമദൂരമല്ല, ശരിദൂരം തന്നെ മാധ്യമങ്ങൾ കാലഘട്ടത്തിൽ സ്വീകരിക്കണം.
ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?
നിലവിൽ ദൃശ്യമാധ്യമ ജേണലിസമാണ് ഒന്നാം മാധ്യമം. ഫൂട്ടേജ്, ടെക്സ്റ്റ്അനാലിസിസ് എന്നിവ കൈകാര്യം ചെയ്യാനായില്ല എങ്കിൽ അതൊരു മാധ്യമമാകുന്നില്ലയെന്നാണ് എന്റെ അഭിപ്രായം. ടി.വിയെന്നൊരു മീഡിയം ഇപ്പോഴില്ല. ഏതു ഫോർമാറ്റിലും മേൽപറഞ്ഞ സോഫ്റ്റ്വെയർ കാണാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. മാറ്റങ്ങൾ ഒരിടത്ത് നിൽക്കുന്നില്ല, മാറിക്കൊണ്ടേയിരിക്കുകയാണ്. വിപണിക്ക് അനുസരിച്ചാണ് മാറ്റങ്ങൾ. ഗുണവും ദോഷവുമുണ്ട്. കൂടുതൽ ഏത് എന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ. അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരട്ടെ.
ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?
ഇത് ഞാൻ ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. കോർപ്പറേറ്റുകൾ 90കളുടെ തുടക്കത്തിൽ തുടങ്ങി പിന്നെ എല്ലാ മാധ്യമങ്ങളും പിടിച്ചെടുത്തു. പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് ടെലിവിഷൻ ചാനൽ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലയെന്ന അവസ്ഥ വന്നു. രാഷ്ട്രീയ പാർട്ടികളും ചാനലുകൾ തുടങ്ങി. മഠങ്ങളും മതസ്ഥാപനങ്ങളും ടെലിവിഷൻ ചാനലുകൾ തുടങ്ങി. ഇന്ന് ഇന്ത്യയിൽ ആകെ ടെലിവിഷൻ ചാനലുകളുടെ എണ്ണമെടുത്താൽ അതിൽ വാർത്താ ചാനൽ, പ്രത്യേകിച്ച് ഈ മേഖലയിൽ നിന്നുവരുന്ന ടെലിവിഷൻ ചാനലുകൾ മാത്രമേയുള്ളൂവെന്നതാണ് സ്ഥിതി. സ്വതന്ത്രമായ ടെലിവിഷൻ ചാനലുകൾ എല്ലാം ഒന്നുകിൽ ഇല്ലാതാവുകയോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കോർപ്പറേറ്റിന്റെയോ മതസംഘടനകളുടേയോ ഒക്കെ ഭാഗമാകുകയോ ഒക്കെ ചെയ്തു. അങ്ങനെയേ ആകാൻ കഴിയൂ. കാരണം
അത്രയധികം അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമുണ്ട് ഇതിന്, അത്രയധികം മൂലധനം ആവശ്യമുണ്ട്. സമാനമായ സ്ഥിതിവിശേഷം തന്നെയാണ് കേരളത്തിലും. അതൊരു ഇന്റർനാഷണൽ പാറ്റേണാണ്, നാഷണൽ പാറ്റേണാണ്. അതിനനുസരിച്ച് കേരളവും വന്നു എന്നു മാത്രമേയുള്ളൂ. അത് വലിയൊരു അപചയമാണ്, നമ്മളെ സംബന്ധിച്ച്. ആ അപചയം എങ്ങനെ മറികടക്കും എന്നതിന് എന്റെ മുന്നിലിപ്പോൾ വഴികളില്ല. എന്തായാലും ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങളെ നോക്കിയാൽ നമുക്കത് കാണാൻ കഴിയും എന്നത് സത്യമാണ്.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?
ദൃശ്യമാധ്യമ രംഗത്ത് ലിംഗനീതിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് എഡിറ്റോറിയൽ സ്വാധീനമുണ്ടായിരുന്ന സ്പെയ്സിൽ സ്ത്രീകളാണ് പലപ്പോഴും മികവ് പുലർത്തിയിട്ടുള്ളത്. ലിംഗനീതി എന്നതിനപ്പുറത്തേക്ക് സ്ത്രീകൾ കൂടുതൽ മികവ് പുലർത്തിയ ന്യൂസ് റൂമിലാണ് ഞാൻ ഇടപഴകിയിട്ടുള്ളത്. ഇന്ന് ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ സ്ത്രീ മുഖങ്ങളുടെ സഹപ്രവർത്തകനായിരുന്നു ഞാൻ.
ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
വേതന നിരക്ക് വലിയ മോശമില്ല എന്നതാണ് സ്ഥിതി. കാര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ഒരുഭാഗത്ത് കോർപ്പറേറ്റുകളുടെ സ്വാധീനവും മറുഭാഗത്ത് വേതനങ്ങളുടെ അപര്യാപ്തതയും ചർച്ച ചെയ്യുമ്പോൾ രണ്ടിടത്തും ഒരേപോലെ നീതിപുലർത്താൻ പറ്റണമെന്നില്ല.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സോഷ്യൽ മീഡിയയെ വിനിമയ മാർഗമാക്കാം എന്നല്ലാതെ വ്യവസ്ഥാപിതമാധ്യങ്ങളൈ അത് സ്വാധീനിക്കേണ്ടതില്ലയെന്നാണ് അഭിപ്രായം.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
വായന കുറവാണ്. ജോലി പരമായ ആവശ്യത്തിനുള്ള ചില പുസ്തകങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം എന്നതുകൊണ്ടുതന്നെ അതിന് സമയം കണ്ടെത്താൻ നോക്കാറുണ്ട്. ഒടുവിൽ വായിച്ചു പൂർത്തിയാക്കിയ പുസ്തകം രാമചന്ദ്ര ഗുഹയുടെ India After Gandhiയാണ്. അത് ഞാൻ ഒരു ഘട്ടത്തിൽ വായിക്കാൻ ശ്രമിക്കുകയും എവിടെയോ വെച്ച് അവസാനിപ്പിക്കുകയും ചെയ്തതാണ്. അത് വായിച്ച് പൂർത്തിയാക്കാൻ ഇപ്പോൾ കഴിഞ്ഞു.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
ദൃശ്യമാധ്യമങ്ങളുടെ നിലനിൽപ്പ് ഭദ്രമാണ്. ടെക്സ്റ്റ്, വിഷ്വൽ അനാലിസിസ് എന്നിവയില്ലാതെ മനുഷ്യരാശിക്ക് എങ്ങനെയാണ് മുന്നോട്ടുപോകാനാവുക. അതിന്റെ മീഡിയം ടി.വിയാണോ ഡസ്‌ക് ടോപ്പാണോ മൊബൈൽ ഫോണാണോ... അതെന്തുമായിക്കോട്ടെ, പക്ഷേ ദൃശ്യമാധ്യമം, ബ്രോഡ്കാസ്റ്റിങ്, ഒരു ന്യൂസ് റൂം... അതിന്റെ സാധ്യത അനന്തമാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലഘട്ടത്തിലാണെങ്കിൽ പോലും ഒരു അനിവാര്യതയായിരുന്നു ദൃശ്യമാധ്യമങ്ങൾ. അതിന്റെ നിലനിൽപ്പിന് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.