ഇപ്പോൾ ചോദിക്കാനും പറയാനും ആളുണ്ട്​

വാർത്തയിൽ താൽപര്യങ്ങളും അനാരോഗ്യകരമായ പക്ഷം പിടിക്കലും വരുമ്പോൾ ഫൗളിന്റെ വിസിലടി നമുക്ക് കേൾക്കാം. ഇതിനെ ഞാൻ പോസിറ്റീവായാണ് കാണുന്നത്. പക്ഷെ,വിമർശനത്തിലും കാണാം നിഷിപ്ത താല്പര്യങ്ങളുടെ ധാരാളിത്തം- മീഡിയ വൺ എഡിറ്റർ രാജീവ്​ ദേവരാജ്​ സംസാരിക്കുന്നു.തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

രാജീവ് ദേവരാജ് : മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ചെയ്യുന്ന തെറ്റുകളുടെ പേരിലാണ് വിമർശനം സംശയം വേണ്ട. എന്നാൽ എല്ലാ വിമർശനങ്ങളും നല്ല ഉദ്ദേശ്യമുള്ളതല്ല. ശരി തെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതും വിമർശനത്തിനുള്ള ഇടങ്ങൾ ഉണ്ടായതും വളർന്നതുമെല്ലാം ഇതിൽ പ്രധാനമാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥ മാറി. വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ ചോദിക്കാനും പറയാനും ആളുണ്ട്. വാർത്തയിൽ താൽപര്യങ്ങളും അനാരോഗ്യകരമായ പക്ഷം പിടിക്കലും വരുമ്പോൾ ഫൗളിന്റെ വിസിലടി നമുക്ക് കേൾക്കാം. ഇതിനെ ഞാൻ പോസിറ്റീവായാണ് കാണുന്നത്. പക്ഷെ വിമർശനത്തിലെ ക്രൂരത പലപ്പോഴും നല്ല ഉദ്ദേശ്യത്തിലല്ല എന്നതും കണ്ടിട്ടുണ്ട്. വിമർശനത്തിലും കാണാം നിഷിപ്ത താല്പര്യങ്ങളുടെ ധാരാളിത്തം.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ജേണലിസ്റ്റുകൾക്ക് സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ജോലി ഉത്തരവാദിത്തത്തോടെ നിർവഹിക്കാനുണ്ട്. സമൂഹത്തിന് ശരിയായ വിവരങ്ങൾ നൽകുക, ശരിയായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നതിനോ ചിന്തകൾ ഉണ്ടാകുന്നതിനോ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാധ്യമപ്രവർത്തർക്ക് ഉത്തരവാദിത്തമുണ്ട്. അത് നന്നായി ചെയ്യുന്നവരെ സമൂഹം ബഹുമാനിക്കുന്നുമുണ്ട്. പക്ഷെ അതിന്റെ പേരിൽ ഒരു സവിശേഷ അധികാരവും അവകാശവും ക്ലെയിം ചെയ്യുന്നതിനോട് യോജിപ്പില്ല. മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിച്ചാൽ പ്രസ് ആണെന്ന് പറയുന്നതും മീഡിയ ആണെന്ന് പറഞ്ഞ് ക്യൂ തെറ്റിച്ച് നിൽക്കുന്നതും മുതൽ പലതിനും ഇടനിലക്കാരായി നിൽക്കുന്നത് വരെയുള്ള കാര്യങ്ങൾ മാധ്യമപ്രവർത്തകൻ എന്ന ഐഡന്റിറ്റി ഉപയോഗിച്ച് പലരും ചെയ്യുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ഞാൻ പറ്റുന്നില്ല. നിയമത്തിന് മുന്നിൽ തൊഴിലിന്റേയോ സ്ഥാപനത്തിന്റെ പേരിൽ ആനുകൂല്യമൊന്നും നേടിയിട്ടുമില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷതയുടെ കാര്യത്തിൽ കുറേക്കൂടി വ്യക്തതയും പക്വതയും വരാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിർഭാഗ്യവശാൽ മാധ്യമനിഷ്പക്ഷത എന്ന വിഷയം കക്ഷിരാഷ്ട്രീയത്തിന്റെ അളവുകോലിൽ കുരുങ്ങിക്കിടക്കുകയാണ്. ശരിയും തെറ്റും രണ്ട് അറ്റത്താണെങ്കിൽ അതിൽ നിഷ്പക്ഷത ആവശ്യമുണ്ടോ? വസ്തുതയും വസ്തുതാവിരുദ്ധതയും തമ്മിലാണ് ഏറ്റമുട്ടുന്നതെന്ന് നമുക്ക് ബോധ്യമുള്ളയിടത്ത് നിഷ്പക്ഷ നിലപാടിന് എന്ത് പ്രസക്തി ? അപ്പോൾ ശരിയെന്താണ് വസ്തുതയെന്താണ് എന്ന് സമൂഹത്തിന്റെ പൊതുതാല്പര്യം മുൻനിറുത്തി കൃത്യമായി കണ്ടെത്തുകയാണ് വെല്ലുവിളി. ഒരു രാഷ്ട്രീയത്തിന്റെയോ താല്പര്യത്തിന്റെയോ മാത്രമായുള്ള സ്ഥിരം മാധ്യമനാടകവേദികളെ തുറന്നുകാട്ടാനുളള ഒരു വഴി കൂടി ശരിയായ പക്ഷം പിടിക്കൽ കൊണ്ട് സാധ്യമാകുമോ എന്ന പരീക്ഷണങ്ങൾ ഉണ്ടാകണം. നിഷ്പക്ഷതയെ സ്വന്തം താല്പര്യങ്ങൾ ഒളിച്ചു കടത്താനുള്ള മറയായി മാറ്റുന്ന ചില വലിയ മാന്യൻമാരെ തുറന്നുകാട്ടുകയും വേണം. ടെലിവിഷൻ ചർച്ചകൾ കാണുമ്പോഴാണ് ഇത്തരം നിഷ്പക്ഷത വേണ്ട എന്ന് തോന്നുന്നത്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ന്യൂസ് ടെലിവിഷൻ ചാനലുകളുടെ വരവ് നാട്ടിൽ പുതിയ ആവേശം ഉണ്ടാക്കിയിരുന്നു. പ്രേക്ഷകർക്ക് പുതിയ പല അനുഭവങ്ങളും അത് നൽകി. അപ്പപ്പോൾ കാര്യങ്ങൾ അറിയാൻ കഴിഞ്ഞുവെന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ പല കാഴ്ചപ്പാടുകൾ മനസിലാക്കാൻ അവസരമുണ്ടായതും കാഴ്ചക്കാരെ ടെലിവിഷന്റെ ഇഷ്ടക്കാരാക്കി. രാഷ്ട്രീയത്തിലും സാംസ്‌കാരികരംഗത്തും പൊതുജീവിതത്തിലും ഒക്കെ കാര്യങ്ങൾ ടെലിവിഷന് ചേരുന്ന രീതിയിൽ എന്ന മാറ്റം പോലുമുണ്ടായി. എന്നാൽ കുറേക്കൂടി പക്വമാകേണ്ട കാലത്ത് അതുണ്ടായില്ല എന്നതാണ് വാസ്തവം. അനാരോഗ്യകരമായ മത്സരം കൂടിയതോടെ ഗുണനിലവാരത്തിന് പ്രാധാന്യം കുറഞ്ഞു. ശാസ്ത്രീയമല്ലാത്തതും യുക്തിരഹിതവുമായ പ്രേക്ഷകപ്രീതി അളക്കൽ സംവിധാനമാണ് വില്ലൻ. നിശ്ചിത അളവിലെങ്കിലും ഗൗരവമുള്ള ടെലിവിഷൻ ഉള്ളടക്കം ഉണ്ടാകാത്തതിന്റെ പ്രധാന കാരണം റേറ്റിങ് അളക്കലിലെ പോരായ്മ തന്നെയാണ്.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ഈ പറഞ്ഞ വിഭാഗങ്ങളൊക്കെ കേരളത്തിൽ മാധ്യമരംഗത്ത് ഉണ്ടെന്നത് വസ്തുതയാണ്. പക്ഷെ ഇവരുടെ താൽപര്യങ്ങൾ വിരുദ്ധധ്രുവങ്ങളിലേക്കും വ്യത്യസ്ത സമൂഹങ്ങളിലേക്കും വിഘടിച്ച് പോകുന്നത് നല്ലതാണെന്ന തോന്നൽ ആണ് എനിക്കുള്ളത്. താല്പര്യങ്ങൾ എവിടെയെങ്കിലും ഒന്നോ രണ്ടോ ഇടത്ത് മാത്രം കേന്ദ്രീകരിക്കുന്നത് തടയാൻ ഇത് നല്ലതാണ്. ചില വലിയ മാധ്യമസ്ഥാപനങ്ങൾ കോർപ്പറേറ്റ് സ്വഭാവവും സംസ്‌കാരവും വെച്ചു പുലർത്തുകയും താൽപര്യമനുസരിച്ച് വാർത്തകൾ നൽകുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ചിലരെങ്കിലും ഉത്തരവാദിത്തത്തോടെ ഇടപെടുന്നതും ഓഡിറ്റിങ് നടത്തുന്നതും ശുഭസൂചനയാണ്. ഈ മാതൃക കൂടുതൽ പേർ ഏറ്റെടുക്കണം. ശതകോടീശ്വരൻമാർ ഉടമകളാകുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഇപ്പോഴും അധികമില്ലെന്നത് ആശ്വാസമാണ്. വൻ വ്യവസായികൾക്ക് അപ്പപ്പോഴുള്ള സർക്കാരുകളോടും രാഷ്ട്രീയ നേതൃത്വത്തോടുമുള്ള വിധേയത്വം കൂടിയാകുമ്പോൾ അവർ ഉടമകളായ മാധ്യമങ്ങൾ വഴിപിഴയ്ക്കുന്നതിന്റെ പല ഉദാഹരണങ്ങളും നമ്മുടെ രാജ്യത്ത് ഇപ്പോഴുണ്ട്. അക്കാര്യത്തിൽ കേരളത്തിൽ കാര്യങ്ങൾ താരതമ്യേനെ മെച്ചമാണ്. ഇതിൽ നിന്നെല്ലാം സ്വതന്ത്രമായി ക്രൗഡ്ഫണ്ടഡ് ഡിജിറ്റൽ ബദലുകൾക്ക് കേരളത്തിൽ സാധ്യതയുണ്ട്. പരസ്യം സ്വീകരിക്കാതെയും വിപണി ഇടപെടലുകളെ ചെറുക്കുന്നതുമാകണം അത്തരം മോഡൽ.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

കഴിഞ്ഞ 24 വർഷത്തെ എന്റെ അനുഭവത്തിൽ ലിംഗനീതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ശ്രദ്ധേയരായ ടെലിവിഷൻ മാധ്യമപ്രവർത്തകരുടെ നിരയിലെ സ്ത്രീ സാന്നിധ്യം ലിംഗനീതി പരിഗണിച്ച് ആരും നൽകിയ സൗജന്യമല്ല. കഴിവുകൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടും പുരുഷനോട് തുല്യമായി മത്സരിച്ച് കാഴ്ചക്കാരുടെ അംഗീകാരത്തോടെ നേടിയെടുത്തതാണ്. മാധ്യമസ്ഥാപനങ്ങളിൽ ലിംഗനീതിയേക്കാൾ സാമൂഹികനീതിയും പരിഗണിക്കേണ്ട കാര്യമാണ്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ മാധ്യമമേഖലയിലേക്ക് പ്രത്യേകപരിശീലനം നൽകി കൊണ്ടുവരാൻ ശ്രമങ്ങൾതുടങ്ങിയിട്ടുണ്ട്. പരിശീലനം മാത്രം പോരാ സ്ഥാപനങ്ങളിലും ഇടം നൽകണം.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ഉയർന്ന തസ്തികകളിൽ ഒഴികെ വേതനം പരിതാപകരമാണ് എന്ന അഭിപ്രായത്തോട് യോജിപ്പില്ല. മുകളിൽ നിന്ന് താഴേക്ക് വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലായിരിക്കും. അതിനൊപ്പം മുകളിൽ നിന്ന് താഴേക്ക് വേതനത്തിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. സ്ഥാപനങ്ങളുടെ വിഭവശേഷിയനുസരിച്ച് ഇക്കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ഉയർന്ന തസ്തികകളിൽ ഉള്ളവർക്കും സ്ഥാപനങ്ങളുടേയും വിവിധ വിപണികളുടേയും അടിസ്ഥാനത്തിൽ വ്യത്യാസം ഉണ്ടാകും.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വലിയ സ്വാധീനമുണ്ട്. നമ്മുടെ നാട്ടിൽ ടെലിവിഷൻ കാണുന്നവരിൽ ബഹുഭൂരിപക്ഷവും സോഷ്യൽ മീഡിയയിലും സജീവമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയോട് നിഷേധ സമീപനം സ്വീകരിച്ചിട്ട് കാര്യമില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ നിന്ന് എന്തെടുക്കണം എന്ത് മനസിലാക്കണമെന്നത് പ്രധാനമാണ്. ചില ടെലിവിഷൻ ജേണലിസ്റ്റുകളെങ്കിലും സോഷ്യൽ മീഡിയയെക്കുറിച്ച് വല്ലാതെ ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ടെലിവിഷനിൽ ജോലി ചെയ്യുകയും സോഷ്യൽ മീഡിയയിൽ നിലവിട്ട് ആസക്തരാകുകയും ചെയ്യുന്നത് അപകടമാണ്. അടിസ്ഥാനപരമായി രണ്ടും രണ്ടാണ്. ടെലിവിഷൻ എഡിറ്റഡും സോഷ്യൽ മീഡിയ അൺ എഡിറ്റഡും. പക്ഷെ സോഷ്യൽ മീഡിയ പലരേയും വഴിതെറ്റിക്കുന്നത് നമ്മൾ ഇടക്കിടെ കണ്ടു കൊണ്ടിരിക്കുന്നു.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

പുസ്തകവായനക്കായി കിട്ടുന്ന സമയം വളരെ കുറവാണ്. മലബാർ വിപ്ലവത്തെക്കുറിച്ചുള്ള പല പുസ്തകങ്ങൾ വായിച്ചു തുടങ്ങിയെങ്കിലും ഒന്നും പൂർത്തിയാക്കാനായില്ല. പ്രഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമക'ളാണ് അവസാനം മുഴുവനായി വായിച്ചു തീർത്ത പുസ്തകം. ആക്രമിച്ചവരും സംരക്ഷണം കൊടുക്കേണ്ടവരും ചേർന്ന് വേട്ടയാടിയ ഒരു നിസഹായന്റെ വേദനയായാണ് ജോസഫ് സാറിന്റെ അനുഭവം എനിക്ക് തോന്നിയത്. വായനാസമയം കൂടുതലും ചെലവിടുന്നത് പത്രങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിലാണ്. പിന്നെ ഞാനൊരു യുട്യൂബ് അടിമയാണ്. ധാരാളം വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ കാണും. കേരളത്തെക്കുറിച്ചുള്ള ആരും അധികം കാണാത്ത പഴയ വീഡിയോകൾ പലതും പലയിടത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ് കാലം മാധ്യമങ്ങൾക്ക് വെല്ലുവിളിയുടെ കാലമാണ്. പത്രങ്ങളിൽ ചിലതിന് കോപ്പിയും പരസ്യവരുമാനവും ഗണ്യമായി കുറഞ്ഞു. ദേശീയതലത്തിൽ തന്നെ പല സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരുടെ എണ്ണം കുറച്ചും എഡിഷനുകൾ നിറുത്തിയും പ്രതിസന്ധി നേരിടാൻ ശ്രമിക്കുന്നു.പരസ്യവിപണിയിലെ മാന്ദ്യം ടെലിവിഷൻ ചാനലുകൾക്കും തിരിച്ചടിയായിട്ടുണ്ട്. ഈ ഘട്ടം അതിജീവിക്കാൻ കഴിയും പക്ഷെ വിജയകരമായ നിലനിൽപ്പിന് പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുകയും വിപണി തന്ത്രങ്ങൾക്ക് രൂപം കൊടുക്കുകയും വേണ്ടി വരും. ഇതിനോടൊപ്പം ഡിജിറ്റൽ വളർച്ചയ്ക്ക് അനുസരിച്ചുള്ള ഘടനാമാറ്റങ്ങളും വേണ്ടിവരും.

Comments