പൊള്ളയായ പൊതുസമ്മിതി പിൻപറ്റിയുള്ള സഞ്ചാരം പ്രതിലോമകരം

അണികളെ ഉപയോഗിച്ച് രാഷ്ട്രീയ സംഘടനകളും വിശ്വാസികളെ ഉപയോഗിച്ച് മത സംഘടനകളും പരസ്യ ദാതാക്കൾ എന്ന നിലക്ക് കോർപ്പറേറ്റുകളും എന്തിനേറേ സർക്കാർ പരസ്യങ്ങൾ നിഷേധിച്ച് അധികാര കേന്ദ്രങ്ങളും ഒരുപോലെ മാധ്യമങ്ങളെ വേട്ടയാടുന്നുണ്ട്. ഈ സമ്മർദ്ദങ്ങളൊക്കെയും മാധ്യമ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട് എന്ന് സമ്മതിക്കാൻ എനിക്ക് മടിയുമില്ല- മാതൃഭൂമി ന്യൂസ്​ ചീഫ്​ ഓഫ്​ ന്യൂസ്​ ഉണ്ണി ബാലകൃഷ്​ണൻ പറയുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

ഉണ്ണി ബാലകൃഷ്ണൻ: മാധ്യമ വിമർശനം ഒരു പുതിയ പ്രതിഭാസമല്ല. എന്നാൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന മാധ്യമ വിമർശനങ്ങളെ രണ്ട് കാരണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കി കാണണം. ഒന്നാമതായി, ഓരോ മനുഷ്യനും ഒരു മാധ്യമമായി മാറിയ കാലഘട്ടമാണ് നമ്മുടേത്. സമൂഹ മാധ്യമങ്ങൾ മുഖ്യധാരാ മാധ്യമങ്ങളെ ഏറെക്കുറെ പരമ്പരാഗത മാധ്യമങ്ങളാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. ഇനി മാധ്യമങ്ങളുടെ ചരിത്രത്തിൽ പുതിയ ഒരു വികാസം സംഭവിക്കാനുണ്ടോ എന്ന് നമ്മെയൊക്കെ അതിശയിപ്പിക്കും വിധമാണ് സമൂഹ മാധ്യമങ്ങളുടെ നിലയെടുപ്പ്. ഓരോ മനുഷ്യനും സ്വയം ഒരു മാധ്യമമായി മാറി ക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി സംഭവിക്കാനിരിക്കുന്ന വികാസത്തെ ഭാവന ചെയ്യാൻ പോലും നമുക്ക് കഴിയുന്നില്ല. ഒരുപക്ഷെ വഴിയുടെ അവസ്സാനമായിരിക്കുന്നു - end of the road - എന്ന് തന്നെ പറയാം. സ്വാഭാവികമായും സ്വയം ഒരു മാധ്യമമായി മാറുകയും അതിലൂടെ തന്റെ അഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ കഴിയുകയും ആരുടേയും ഇടനില കൂടാതെ അത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ കഴിയുകയും ചെയ്യാനാവുന്ന സ്ഥിതിയിൽ സമൂഹത്തിനും വ്യക്തികൾക്കും സവിശേഷമായ ഒരു സ്വാതന്ത്ര്യം കൈവന്നിട്ടുണ്ട്. അതിന്റെ ഗുണദേഷങ്ങൾ മറ്റൊരു വിഷയമാണ്. എന്നാൽ ഈ സമൂഹ മാധ്യമങ്ങൾ നൽകുന്ന കരുത്താണ് ഒന്നാമതായി പരമ്പരാഗത - സാമ്പ്രദായിക മാധ്യമങ്ങളെ വിമർശിക്കാനും വെല്ലുവിളിക്കാനും പിൻബലമാകുന്ന പ്രധാന ഘടകം. എന്റെ അഭിപ്രായം വിളിച്ച് പറയാനും എന്റെ പ്രതിഷേധം അടയാളപ്പെടുത്താനും എനിക്ക് മറ്റൊരു ഇടനിലക്കാരന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു. അത് എനിക്ക് നേരിട്ട് തന്നെ നിർവഹിക്കാവുന്നതേയുള്ളൂ. ഇതോടെ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും സ്ഥിതിവിവരങ്ങൾ റിപ്പോർട്ട് ചെയ്താൽ മതി എന്ന മനോഭാവം ശക്തിപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതായത്, വിശകലനവും വിലയിരുത്തലുമൊക്കെ സമൂഹം അതിന്റെ അനവധിയും വിവിധങ്ങളുമായ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വതന്ത്രമായും വ്യക്തിപരമായും നിർവഹിച്ചുകൊള്ളും. പരമ്പരാഗത മാധ്യമങ്ങൾ സമൂഹത്തിന്റെ ജീഹ്വകളാകാൻ ശ്രമിക്കേണ്ടതില്ല എന്നർത്ഥം. ഇതാണ് ഇപ്പോഴത്തെ മാധ്യമ വിമർശനങ്ങളുടെ ഒരു പൊതുസ്വഭാവം. ഈ കരുത്ത് ഒരു സംഘബലമായി പരമ്പരാഗത മാധ്യമങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും തുടങ്ങിയിരിക്കുന്നു എന്നതാണ് രണ്ടാം ഘട്ടം. അതായത്സമൂഹ മാധ്യമങ്ങളുടെ കരുത്തിൽ സമ്മർദ്ദ വിഭാഗങ്ങൾ ഉണ്ടാവുകയും അവ മുഖ്യധാരാ മാധ്യമങ്ങളുടെ അജണ്ടയെപോലും സ്വാധീനിച്ച് തുടങ്ങുകയും ചെയ്തിരിക്കുന്നു. എല്ലാ സമ്മർദ്ദ വിഭാഗങ്ങൾക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. ഏറ്റവും

കൂടുതൽ ആളുകളെ കളത്തിലിറക്കി കളിക്കുന്നവർ കളം കയ്യടക്കുന്നു. അങ്ങനെ ഭൂരിപക്ഷ ബോദ്ധ്യങ്ങളെ സംബന്ധിച്ച് തെറ്റായ പ്രതീതി സൃഷ്ടിക്കുന്നു. സാമൂഹിക വിഷയങ്ങളെ വിശകലനം ചെയ്യുകയും സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്യുക എന്നത് പരമ്പരാഗത മാധ്യമങ്ങളുടെ മാത്രം കുത്തകാവകാശമായി കാണുന്ന ആളല്ല ഞാൻ. അത് ഏത് വിഭാഗത്തിനും ഏത് മാർഗത്തിലും ഗുണപരമായി നിർവഹിക്കാവുന്നതേയുള്ളൂ. എന്നാൽ അടിസ്ഥാന ബോധ്യങ്ങളുടെ അഭാവത്തിലും പ്രതിലോമപരമായ ലക്ഷ്യങ്ങളുടെ പ്രേരണയാലും ആൾക്കൂട്ടങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ ആരോഗ്യപരമാകില്ലെന്നും ഇപ്പോൾ അതാണ് ഭൂരിഭാഗം സന്ദർഭങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നുമാണ് എന്റെ വിനീതമായ മനസ്സിലാക്കൽ. ശരികളെ ബോദ്ധ്യപ്പെടാനും തെറ്റുകൾ സ്വയം തിരുത്താനുമുള്ള സമൂഹത്തിന്റെ ശക്തിയിൽ ഉറച്ച വിശ്വാസമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ആർക്കാണ് മുൻകൈ എന്ന കടുംപിടുത്തത്തിനപ്പുറം ജനാധിപത്യപരമായ തുറന്ന സംവാദങ്ങൾക്ക് സമൂഹം തന്നെ അടിയന്തിരമായി തുടക്കമിടും എന്നും പ്രതീക്ഷിക്കുന്നു.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

മാധ്യമ പ്രവർത്തകർക്ക് സമൂഹത്തിൽ വിശേഷമായ എന്തെങ്കിലും പ്രിവിലേജുകൾ ഉണ്ട് എന്ന് കരുതുന്നില്ല. എന്നാൽ മാധ്യമ പ്രവർത്തനം സവിശേഷമായ ഒരു തൊഴിലാണ്. ആ തൊഴിലിന്റെ പ്രത്യേകത കണക്കിലെടുത്ത്, ഒരു തൊഴിൽ സന്ദർഭത്തിൽ സമൂഹം അവർക്ക് ചില ഔദാര്യങ്ങളും വിശേഷ അധികാരങ്ങളും നൽകാറുണ്ട്, നൽകേണ്ടിവരും. അതാകട്ടെ ആ തൊഴിൽ നിർവഹിക്കുന്നതിന് മാത്രമായുള്ള ഒന്നാണ്. അത് സാർവലൗകികമായ ഒരവകാശമായി തെറ്റിദ്ധരിക്കേണ്ടതില്ല. നിർഭാഗ്യവശാൽ മാധ്യമ പ്രവർത്തകർക്കിടയിൽ അത്തരം ഒരു തെറ്റിദ്ധാരണ പ്രബലമാണ്. അതിരൂക്ഷമായ വിമർശനങ്ങൾക്ക് മാധ്യമ പ്രവർത്തകർക്ക് വിധേയരാകേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണം അവർ വച്ച് പുലർത്തുന്ന ഈ തെറ്റിദ്ധാരണ കൂടിയാണ്. മാധ്യമങ്ങൾക്ക് സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത ഉണ്ടായേ തീരൂ. കാരണം മാധ്യമം എന്നത് പണമൂലധനത്തിന്റെ മാത്രം നിർമ്മിതിയല്ല. മാധ്യമങ്ങളെ വായിക്കുന്ന, കേൾക്കുന്ന, കാണുന്ന മനുഷ്യരും അതിന്റെ നിക്ഷേപത്തിന്റെ ഭാഗം തന്നെയാണ്. ആ വിഭാഗത്തേക്കൂടി ഉൾക്കൊണ്ട് ശരിയായ ബോധ്യങ്ങളിലേക്ക് അവരെ നയിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്. "ശരിയായ ബോധ്യങ്ങൾ' എന്നത് പക്ഷെ തീർത്തും ആപേക്ഷികമായ ഒന്നാണ് എന്ന് സമ്മതിക്കുമ്പോഴും. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും "എന്താ കൊമ്പുണ്ടോ' എന്ന് ചോദിക്കുന്ന സമൂഹം പക്ഷെ മാധ്യമ മേഖലയോട് കൂടുതൽ ഡിമാൻഡിങ്ങാണ് എന്നതും വിസ്മരിച്ചു കൂടാ.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നില്ല. ഒന്നിലും നിക്ഷ്പക്ഷതയില്ല. നിക്ഷ്പക്ഷത എന്നത് അസത്യവും അയഥാർത്ഥവുമാണ്. എല്ലാ കാര്യങ്ങളിലും പക്ഷങ്ങളുണ്ട്. പ്രധാനമായും രണ്ട് പക്ഷങ്ങളാണുള്ളത് - ശരിയുടെ പക്ഷവും തെറ്റിന്റെ പക്ഷവും. പരമാവധി ശരിയുടെ പക്ഷത്ത് നിൽക്കാൻ ശ്രമിക്കുക എന്നതാണ് ചെയ്യേണ്ടത്. അത് മാധ്യമ പ്രവർത്തകർ മാത്രം നിർവഹിക്കേണ്ടതോ അവർക്ക് മാത്രം ബാധകമായതോ ആയ ഒന്നല്ല. വ്യക്തിപരമായി ഒരു വിഷയത്തിൽ എനിക്കും നിങ്ങൾക്കും നിലപാട് സ്വീകരിക്കാതിരിക്കാം. എന്നാൽ മാധ്യമം എന്ന നിലക്കും മാധ്യമ പ്രവർത്തകൻ എന്ന നിലക്കും നിലപാടുകളിൽ നിന്ന് ഒളിച്ചോടാൻ കഴിയുകയുമില്ല. ആത്യന്തികമായ ശരിയിലൊന്നും വിശ്വസിക്കുന്ന ആളല്ല, എങ്കിലും ഒരു സന്ദർഭം ഒരു ശരിയേയും ഒരു തെറ്റിനേയും നിർമ്മിക്കുന്നുണ്ട്. അതിൽ ഏത് പക്ഷത്ത് മാധ്യമം, മാധ്യമ പ്രവർത്തകർ നിൽക്കുന്നു എന്നതാണ് മുഖ്യമായ ചോദ്യം.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷൻ ഒരു സംഭവത്തെ അതേപടി തൽസമയം മുന്നിൽ എത്തിച്ചു, ഇപ്പോഴും എത്തിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് വാർത്താമേഖലയിൽ അത് സൃഷ്ടിച്ച ഏറ്റവും ഗുണപരവും വിപ്‌ളവകരവുമായ വ്യത്യാസം. അത് സാങ്കേതികമായ മികവ് തന്നെയാണ്. ഒന്നിനെ വായിച്ചറിയുകയോ കേട്ടറിയുകയോ അല്ല കണ്ടുതന്നെ അറിയുകയാണ്. അവിടെ പ്രേക്ഷകർക്ക് പ്രേക്ഷകരുടേതായ ഒരു സ്‌പേസ് ഉണ്ട്. നേരിട്ട് വിലയിരുത്തി കാര്യങ്ങൾ ബോധ്യപ്പെടാനാകും വിധം അത് പ്രേക്ഷകരെ ശാക്തീകരിച്ചു. മറ്റൊന്ന് പ്രേക്ഷകർക്ക് അഥവാ സമൂഹത്തിനു കൂടി പ്രാതിനിധ്യമുള്ള മാധ്യമമാണത്. അവിടെ തുറന്നതും രൂക്ഷവുമായ സംവാദ വേദികൾ രൂപപ്പെട്ടു. ബഹുമുഖമായ അഭിപ്രായങ്ങൾ ഏറ്റുമുട്ടി. ഭൂരിഭാഗം സന്ദർഭങ്ങളിലും അത് പ്രേക്ഷകരിലേക്ക് ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. വാർത്തകളിലേക്ക് ഒരോ പ്രേക്ഷകരും വ്യക്തിപരമായിത്തന്നെ കണക്ട് ചെയ്തു എന്നതാണ് ടെലിവിഷൻ നടപ്പാക്കിയ വലിയ വിച്ഛേദം. വാർത്തകൾ പ്രേക്ഷകരുടെ കൂടി പ്രാതിനിധ്യത്തോടെ സംഭവിക്കുന്ന ഒന്നാക്കി മാറ്റി എന്നർത്ഥം.

വില്ലേജ് ഓഫീസിലെ ആയിരം രൂപയുടെ കൈക്കൂലി മുതൽ ലക്ഷം കോടി രൂപയുടെ അഴിമതികൾ വരെ സദൃശ്യമായ തെളിവുകളോടെ തുറന്ന് കാട്ടിയത് ടെലിവിഷനാണ്. വർണ വിദ്വേഷങ്ങളുടേയും വംശവെറികളുടേയും പിന്നാമ്പുറങ്ങളിൽ ലോകത്തെവിടെയും ടെലിവിഷൻ കാമറകൾ കണ്ണ് ചിമ്മാതെ കാവൽ നിന്നിട്ടുണ്ട്. നാളിതുവരെയുള്ള മാധ്യമങ്ങളുടെ ചരിത്രത്തിൽ ഏറ്റവും വലിയ Exposing കൾ സംഭവിച്ചിട്ടുള്ളത് ടെലിവിഷൻ മേഖലയിലാണ്. ഇതൊക്കെ ചരിത്രമാണ്, ആയതിനാൽ അനിഷേധ്യവുമാണ്.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

മതം, കോർപ്പറേറ്റ് സമ്മർദ്ദങ്ങൾ, രാഷ്ടീയ സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന്​ലോകത്തെവിടെയും ഇന്ന് മാധ്യമങ്ങൾ സ്വതന്ത്രമോ മുക്തമോ അല്ല. വ്യക്തികളും ഇതേ സമ്മർദ്ദങ്ങളിൽ തന്നെയാണ് ജീവിക്കുന്നത്. സമ്മർദ്ദത്തിന്റെ തോത് മേഖലാടിസ്ഥാനത്തിൽ ഏറിയും കുറഞ്ഞും ഇരിക്കുമെന്നേയുള്ളൂ. മാധ്യമം എന്നത് ഇന്ന് വലിയ ഒരു വ്യവസായം ആണ്. Media എന്നല്ല Media Industry എന്നാണ് ഭൂരിഭാഗം സന്ദർഭങ്ങളിലും പറയാറുള്ളത്. ഏത് വ്യവസായവും നിലനിൽക്കുന്നത് ലാഭത്തെ ആസ്പദിച്ച് തന്നെയാണ്. ഒരു മാധ്യമവും ലോകത്ത് ഒരു ധർമ്മ സ്ഥാപനമായി (charity organization ) പ്രവർത്തിക്കുന്നില്ല. അതിജീവനം മുഖ്യ പ്രശ്‌നം തന്നെയാണ്. നാം നമ്മുടെ നിത്യജീവിതത്തിൽ പുലർത്താത്ത എല്ലാ ആദർശാത്മകതകളും പക്ഷെ സാമൂഹ്യസമ്മർദ്ദങ്ങളെല്ലാം ബാധകമായ മാധ്യമങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന വിരോധാഭാസവുമുണ്ട്. അപ്പോൾ മാത്രം മാധ്യമങ്ങളെ ഒരു സ്ഫടിക ഗോപുരത്തിൽ നിർത്താൻ നാം തയ്യാറുമാണ്! അണികളെ ഉപയോഗിച്ച് രാഷ്ട്രീയ സംഘടനകളും വിശ്വാസികളെ ഉപയോഗിച്ച് മത സംഘടനകളും പരസ്യ ദാതാക്കൾ എന്ന നിലക്ക് കോർപ്പറേറ്റുകളും എന്തിനേറേ സർക്കാർ പരസ്യങ്ങൾ നിഷേധിച്ച് അധികാര കേന്ദ്രങ്ങളും ഒരുപോലെ മാധ്യമങ്ങളെ വേട്ടയാടുന്നുണ്ട്. ഈ സമ്മർദ്ദങ്ങളൊക്കെയും മാധ്യമ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട് എന്ന് സമ്മതിക്കാൻ എനിക്ക് മടിയുമില്ല.

ഇതിനൊപ്പമാണ് സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന പിന്തുണയും പൊതുവികാരമായി തെറ്റിദ്ധരിപ്പിക്കുന്ന അവാസ്തവികതകളും. ഉദാഹരണത്തിന് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം സമവായത്തിലൂടെയും പൊതുസമ്മതിയിലൂടെയുമാണ് എന്ന് എല്ലാ കാര്യത്തിലും നമ്മെ തോന്നിപ്പിച്ച് കൊണ്ടിരിക്കുകയോ വിശ്വസിപ്പിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്നതിൽ ആരൊക്കെയോ വിജയിച്ചു

കൊണ്ടിരിക്കുന്നു എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. എന്നാൽ ഒന്നിനേയും ചോദ്യം ചെയ്യാൻ നാം ധൈര്യപ്പെടുന്നില്ല. കാരണം ബദൽ പ്രതിരോധങ്ങളേക്കാൾ ശക്തമാണ് സമൂഹ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് കെട്ടിയുയർത്തിയിരിക്കുന്ന കൃത്രിമമായ (അയഥാർത്ഥമായ) പൊതുസമ്മിതി (public consensus ). ഏത് കൊടി നിറത്തിൽ വ്യത്യാസപ്പെട്ടിരുന്നാലും അവിടെ വിജയിച്ചു കൊണ്ടിരിക്കുന്നത് ഭരണകൂടമാണ് എന്ന് തിരിച്ചറിയാതെ പോകരുത്. പൊള്ളയായ ഈ പൊതുസമ്മിതിയുടെ പിൻപറ്റിയുള്ള നമ്മുടെ സഞ്ചാരം ചരിത്ര വിരുദ്ധവും പ്രതിലോമകരവുമാണെന്ന് എന്ന് നാം തിരിച്ചറിയും?

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ലിംഗനീതിയുടെ കാര്യത്തിൽ മാധ്യമ മേഖല മറ്റ് പല മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടൊക്കെ മുന്നിലാണ് എന്ന് പറയാം. അതിന്റെ പ്രധാന കാരണമായി തോന്നിയിട്ടുള്ളത് മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഉയർന്ന വ്യക്തിബോധം തന്നെയാണ്. ഒന്നാമതായി അവർ ഒരു പിന്നാക്ക വിഭാഗമായി അവരെ കരുതുന്നില്ല. പിന്നാക്കം എന്ന് ഇവിടെ പ്രയോഗിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഹാൻഡികാപ്പ് ഉള്ളവരായി അവരെ കരുതുന്നില്ല എന്ന അർത്ഥത്തിലാണ്. മാധ്യമ രംഗത്ത് അതിസമർത്ഥമായി പ്രവർത്തിക്കുന്ന ഒട്ടേറെ വനിതാ മാധ്യമ പ്രവർത്തകരുള്ള സംസ്ഥാനമാണ് കേരളം. പുരുഷൻമാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ inferior ആണെന്ന തോന്നൽ ഭൂരിഭാഗത്തിനും ഇല്ല എന്ന് തന്നെ പറയാം. ഏതെങ്കിലും സംവിധാനം ഉറപ്പാക്കിയ പരിരക്ഷയല്ല മറിച്ച് സ്വന്തം കഴിവിലെ വിശ്വാസമാണ് അവരെ ആ നിലക്ക് ഉയർത്തിയിട്ടുള്ളത്. ഒരു പരിധിവരെ അവർ അത് സ്വയം ആർജിച്ചതാണ്. എന്നാൽ എല്ലാ മേഖലകളിലും എന്നത് പോലെ ലിംഗ അസമത്വം മാധ്യമ മേഖലയിലുമുണ്ട്. അതേസമയം ദൃശ്യ മാധ്യമ രംഗത്ത് നേതൃത്വപരമായ പങ്ക് വഹിക്കുന്ന വനിതാ മാധ്യമ പ്രവർത്തകർ ഒരു ശുഭ സൂചന തന്നെയാണ്. അവർ കേരളത്തിൽ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ്. എന്നാൽ വേണ്ടത്ര പ്രാതിനിധ്യം ആനുപാതികമായി ഇല്ല എന്നത് വസ്തുതയുമാണ്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

എല്ലാ മാധ്യമങ്ങളും വിജയമല്ല എന്നതാണ് ഇക്കാര്യത്തിൽ ഒന്നാമതായി പരിഗണിക്കേണ്ട പ്രശ്‌നം. മാധ്യമങ്ങളുടെ വിജയത്തിന്റെ ഏറ്റവും സുപ്രധാനമായ മാനദണ്ഡങ്ങളിൽ ഒന്ന് അതിന്റെ വരുമാനം തന്നെയാണ്. ഇത്രയേറെ സാക്ഷരതയും മാധ്യമ ബോധവും വികസിച്ചിട്ട് കൂടിയും കേരളത്തിൽ വിരലിലെണ്ണാവുന്ന മാധ്യമങ്ങൾ മാത്രമാണ് ലാഭകരമായി പ്രവർത്തിക്കുന്നത്. സ്വാഭാവികമായും അത് ഓരോ മാധ്യമ പ്രവർത്തകരുടെയും വരുമാനത്തേയും ബാധിക്കും. തസ്തികകൾ സൃഷ്ടിക്കന്ന തരംതിരിവുകൾ പ്രകാരം വേതന വ്യവസ്ഥയിൽ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാ മേഖലയിലും എന്ന പോലെ മാധ്യമ മേഖലയിലും അതുണ്ട്. എന്നാൽ അതിൽ അപകടകരമായ അതുല്യത (disparity) നടപ്പാക്കാൻ ആർക്കും കഴിയില്ല. ഒന്നാമതായി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇക്കാലത്ത് ചോയ്സ് കൂടുതലാണ്. രണ്ടാമതായി മത്സരത്തെ അനുകൂലമാക്കണമെങ്കിൽ തൊഴിലാളിയുടെ പരിപൂർണ പിന്തുണ ഉറപ്പാക്കിയേ മതിയാകൂ. അത് "മെച്ചപ്പെട്ട വേതനം' ഉറപ്പാക്കാൻ മാധ്യമ മാനേജ്മെന്റുകളെ നിർബന്ധിക്കുന്നുണ്ട്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വ്യവസ്ഥാപിത മാധ്യമങ്ങളിൽ സമൂഹ മാധ്യമങ്ങളുടെ സ്വാധീനം തിരസ്‌കരിക്കാനാകാത്ത വിധം ശക്തമായി തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ടെലിവിഷൻ മേഖലയിൽ സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വളരെ കൂടുതലാണ്. ഒരു ടെലിവിഷൻ വാർത്തയുടെ instant feedback നമുക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കും. എത്രപേർ ഏതുതരം വാർത്തകൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു എന്ന കാര്യം കണ്ടെത്താൻ സമൂഹ മാധ്യമം വലിയ സഹായമാണ്. സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിന് അനുസരിച്ച് ചില വാർത്തകൾ കൂടുതൽ നേരം അവതരിപ്പിച്ച് കൊണ്ടേയിരിക്കുന്ന രീതി, ചില വാർത്തകൾ പെട്ടെന്ന് തന്നെ പിൻവലിക്കുന്ന രീതി, ഇവയൊക്കെ ചില ചാനലുകളെങ്കിലും കേരളത്തിൽ നടപ്പാക്കുന്നുണ്ട്. ആ അർത്ഥത്തിൽ അതൊരു വലിയ സ്വാധീനം തന്നെയാണ്. ടെലിവിഷനുകളുടെ വാർത്താസ്വഭാവത്തെ സമൂഹ മാധ്യമങ്ങളിലെ ലൈക്കുകളും ഷെയറുകളും സ്വാധീനിക്കുന്നു എന്നർത്ഥം. ഒരു പ്രധാന വാർത്ത ടെലിവിഷനിലൂടെ പുറത്ത് വിടുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലേക്ക് കൂടി എത്രയും വേഗത്തിൽ അത് എത്തിക്കുക എന്നത് ന്യൂസ് റൂമുകളിലെ വലിയ ടാസ്‌ക് ആയി മാറി കഴിഞ്ഞു. അങ്ങനെ പ്രേക്ഷകരെ ടെലിവിഷനിലേക്ക് invite ചെയ്യുന്ന രീതി ഇപ്പോൾ സർവ സാധാരണമാണ്. ടെലിവിഷൻ ആ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളെ തിരിച്ചും ഉപയോഗിക്കുന്നുണ്ട്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

‘ദി തിയറി ഓഫ്​ എവരിതിങ്​’ കവർ
‘ദി തിയറി ഓഫ്​ എവരിതിങ്​’ കവർ

മാധ്യമ പ്രവർത്തനം ഗഹനമായ വായനയെ ബാധിച്ചിട്ടുണ്ട്. നമ്മുടേത് ചെറിയ മാർക്കറ്റും അതുകൊണ്ട് തന്നെ മത്സരം വളരെ തീക്ഷ്ണവുമാണ്. ഇടനേരങ്ങളോ ഒഴിവ് നേരങ്ങളോ കുറവാണ് എന്ന് തന്നെ പറയാം. എന്നാൽ ആനുകാലികങ്ങൾ, ഓൺലൈൻ ലേഖനങ്ങൾ എന്നിവയൊന്നും ജോലിയുടെ ഭാഗമായി വായിക്കാതെ വിടാൻ കഴിയുന്നതുമല്ല. അത്തരം വായനകൾ ജോലിയുടെ ഭാഗം തന്നെയാണ്. എങ്കിലും ഒരു പുതിയ എഴുത്തുകാരി/എഴുത്തുകാരൻ കുറച്ച് കാലത്തേക്കെങ്കിലും ശ്രദ്ധയിൽ പെടാതെ പോകുന്നത് വ്യക്തിപരമായി എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ഏറെ സമയമെടുത്ത് ഏറ്റവും ഒടുവിൽ വായിച്ചത് Stephen Hawking ന്റെ The Theory of Everything ആണ്. അതൊരു ഗഹനമായ വിഷയമായതിനാൽ കൂടുതലായി അതേക്കുറിച്ച് പ്രതിപാദിക്കാൻ മുതിരുന്നില്ല.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ് കാലം സമസ്ത ജീവിത മേഖലകളേയും പ്രതിസന്ധിയിലാക്കി കഴിഞ്ഞു. അതിഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വരാനിരിക്കുന്നത്. എല്ലാ ഉല്പാദന മേഖലകളും സ്ഥംഭനാവസ്ഥയിലാണ്. അത് സൃഷ്ടിച്ച് കഴിഞ്ഞതും സൃഷ്ടിക്കാനിരിക്കുന്നതുമായ തൊഴിലില്ലായ്മയും വലുതായിരിക്കും. അതി ഭീകരമായ ഭക്ഷ്യ പ്രതിസന്ധിയായിരിക്കും ഏറ്റവും അടിയന്തിരമായി നാം അഭിമുഖീകരിക്കാൻ പോകുന്നത്. ലോകത്തെവിടെയും കൃഷി നടക്കുന്നതേയില്ല. സംഭരണങ്ങളുടെ പരിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു. സർവതല സ്പർശിയും സാർവദേശീയവുമായ ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. ഈ പ്രസ്താവം മാധ്യമ മേഖലക്കും ബാധകമാണ്. എന്നാൽ പ്രതീക്ഷാനിർഭരമായ ഒരു കാര്യം നിങ്ങൾ ഒരു നേരത്തെ ചായ ഉപേക്ഷിച്ചേക്കാം, എന്നാൽ ഒരു പത്രം ഉപേക്ഷിക്കാൻ സാദ്ധ്യത കുറവാണ്. കാരണം വിവരങ്ങൾ അറിഞ്ഞുകൊണ്ടേയിരിക്കുക എന്നത് നിങ്ങൾക്കുള്ളിൽ പറിച്ചെറിയാൻ കഴിയാത്തവിധം ശക്തമായ പ്രേരണയാണ്. അതുകൊണ്ട് ആദ്യം ഉയിർത്തെഴുന്നേൽക്കുക വാർത്ത എന്ന അസംസ്‌കൃത വസ്തുവിനെ നിങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്ന മാധ്യമങ്ങൾ തന്നെയായിരിക്കും.



Summary: അണികളെ ഉപയോഗിച്ച് രാഷ്ട്രീയ സംഘടനകളും വിശ്വാസികളെ ഉപയോഗിച്ച് മത സംഘടനകളും പരസ്യ ദാതാക്കൾ എന്ന നിലക്ക് കോർപ്പറേറ്റുകളും എന്തിനേറേ സർക്കാർ പരസ്യങ്ങൾ നിഷേധിച്ച് അധികാര കേന്ദ്രങ്ങളും ഒരുപോലെ മാധ്യമങ്ങളെ വേട്ടയാടുന്നുണ്ട്. ഈ സമ്മർദ്ദങ്ങളൊക്കെയും മാധ്യമ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട് എന്ന് സമ്മതിക്കാൻ എനിക്ക് മടിയുമില്ല- മാതൃഭൂമി ന്യൂസ്​ ചീഫ്​ ഓഫ്​ ന്യൂസ്​ ഉണ്ണി ബാലകൃഷ്​ണൻ പറയുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.


Comments