"ലാപ്ഡോഗ് മീഡിയ'

വ്യാജവാർത്തകൾ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങൾക്കെതിരായ വിമർശനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി. ബി. പരമേശ്വരൻ എഴുതുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

വി.ബി. പരമേശ്വരൻ: മാധ്യമങ്ങൾ വിമർശനത്തിന് വിധേയമാകുന്നതിൽ ഒരു കുഴപ്പവുമില്ല. ജനാധിപത്യത്തിന്റെ നാലാംതൂണ്​ മറ്റ് മൂന്നു തുണുകളിൽ ഒന്നു മാത്രമായി തീരുന്നതാണ് വിമർശനത്തിന് അടിസ്ഥാനം എന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ (അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമായിരിക്കണം) നൽകുന്നതിന് പകരം അധികാരത്തിലിരിക്കുന്നവരുടെ മെഗഫോൺ മാത്രമായി ചുരുങ്ങുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അധികാരസ്ഥാനങ്ങളോട് സന്ധിചെയ്യുന്ന മാധ്യമങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ മുഖം. ആരുടെയൊക്കെയോ താൽപര്യങ്ങൾക്ക് വഴങ്ങുന്ന "ലാപ്ഡോഗ് മീഡിയ'യായി മുഖ്യധാരാമാധ്യമങ്ങൾ മാറിയിരിക്കുന്നു. അതിന് തയ്യാറാകാത്തവർക്കെതിരെ "വെടിവക്കൂ'എന്ന് അലറുന്നതും ന്യൂസ് സ്റ്റുഡിയോകളിൽ ഇരിക്കുന്നവർ തന്നെയാണെന്നതാണ് വിരോധാഭാസം. രവീഷ് കുമാറിന്റെ (എൻ.ഡി.ടി.വി) ഭാഷ കടമെടുത്താൽ "ഗോഡി മീഡിയ' "ഗോലിമാരോ മീഡിയ'ആയി മാറിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന ഉൻമത്തതയാണ് മാധ്യമ ആക്രമണങ്ങൾക്ക് പിറകിലുള്ളത്. അതോടൊപ്പം സർക്കാരിനെ വിമർശിക്കുന്നവരും വേട്ടയാടപ്പെടുന്നു.

അധികാരികളെ തൃപ്തിപ്പെടുത്താനായി വ്യാജവാർത്തകളുടെ നിർമിതിയും ഇന്നത്തെ മാധ്യമങ്ങൾ ആഘോഷപൂർവം ഏറ്റെടുക്കുന്നു. വിശ്വാസ്യതയാണ് മാധ്യമപ്രവർത്തനത്തിന്റെ അടിത്തറ. വ്യാജവാർത്താ നിർമിതി ഈ അടിത്തറതന്നെയാണ് തകർക്കുന്നത്. വ്യാജവാർത്തകൾ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. നമ്മുടെ ജനാധിപത്യം തന്നെ വ്യാജമാക്കപ്പെടുന്ന ദുരവസ്ഥയാണിത് സൃഷ്ടിക്കുന്നത്. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങൾക്കെതിരായ വിമർശനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ഒരിക്കലും ഇല്ല. ഇന്ത്യൻ പൗരനുള്ള അധികാരങ്ങളും അവകാശങ്ങളും മാത്രമേ മാധ്യമപ്രവർത്തകർക്കും ഉള്ളൂ. അധികാരരാഷ്ട്രീയവും ബിസിനസ്സുകാരുമായി ഒട്ടി നിൽക്കുന്നതുകൊണ്ടായിരിക്കാം പ്രത്യേക അവകാശങ്ങളുണ്ട് എന്ന മിഥ്യാബോധം മാധ്യമപ്രവർത്തകർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു പ്രത്യേക അവകാശമെന്ന നിലയിൽ മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഭരണഘടന പോലും പരാമർശിക്കുന്നില്ല. 19(1) ൽ പറയുന്ന "പ്രസംഗത്തിനും അഭിപ്രായ പ്രകടനത്തിനമുള്ള സ്വാതന്ത്ര്യമാണ്' മാധ്യമ പ്രവർത്തനത്തിന്റെ അടിത്തറ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അതിന്റെ വിന്യാസവും അനുവദനീയമായിട്ടുള്ളത്. വസ്തുതാപരമായ വിവരങ്ങൾ ജനങ്ങൾക്ക് പ്രദാനം ചെയ്ത് അധികാരികളെ ചോദ്യം ചെയ്യാൻ അവരെ സജ്ജരാക്കുകയും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുമായിരുന്നു മാധ്യമ ധർമം.

സത്യാന്വേഷണമാണ് മാധ്യമപ്രവർത്തനം. പത്രപ്രവർത്തനവും സാമൂഹ്യ ജീവിതത്തിലെ സത്യാന്വേഷണവും ഒന്നിച്ചുകൊണ്ടുപോയ ഗാന്ധിയൻ മാതൃക നമുക്ക് മുമ്പിലുണ്ട്. ലാഭത്തിന് വേണ്ടിയുള്ള വാർത്തകളല്ല, മൂല്യത്തിന് വേണ്ടിയുള്ള വാർത്തകളാണ് ആവശ്യം അതിന് കഴിയുന്നുണ്ടോ അതു ചെയ്യുന്നുണ്ടോ എന്നതാണ് പ്രശ്നം.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്ന് ഇല്ല. എല്ലാ മാധ്യമങ്ങൾക്കും അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുണ്ട്. പ്രത്യേകിച്ചും ആഗോളവൽക്കണത്തിന്റെ ഈ കാലത്ത്. മാധ്യമങ്ങളുടെ രാഷ്ട്രീയം ഇന്ന് മൂലധന രാഷ്ട്രീയമാണ്. ഉടമയുടെ മൂലധന താൽപര്യത്തിനാണ് ഊന്നൽ. വസ്തുത അന്വേഷിച്ച് പോകുന്ന പത്രവർത്തകർക്ക് നിരാശരാകേണ്ട കാലമാണിത്. പത്രങ്ങൾ എന്നത് പരസ്യം പ്രസിദ്ധീകരിക്കാവനുള്ള ഇടമാണെന്നും അതിനിടയിൽ ഫില്ലർ ആയി ഉപയോഗിക്കാനുള്ളതാണ് വാർത്തകളെന്നും സമീർ ജെയിൻ (ടൈംസ് ഓഫ് ഇന്ത്യ) പറയുന്ന കാലമാണിതെന്ന് ഓർമിക്കുക. എഡിറ്റർമാരുടെ വംശനാശം സംഭവിക്കുകയും പത്ര ഉടമകൾ തന്നെ പത്രാധിപരായി മാറുകയും ചെയ്യുന്നതും വസ്തുതാന്വേഷണത്തെ പരിമിതപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ദി വയർ, ന്യസ്‌ക്ലിക്ക്, സ്‌ക്രോൾ പോലുള്ള വെബ്പോർടലുകളാണ് അൽപെങ്കിലും സത്യാന്വേഷണത്തിന്റെ വെളിച്ചം നൽകുന്നത് എന്ന് പറയേണ്ടി വരുന്നത്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ഏതൊരു പുതിയ അനുഭവത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ടെലിവിഷൻ ജേണലിസവും വ്യത്യസ്തമല്ല. പത്രങ്ങളുടെ കെട്ടിലും മട്ടിലും ദൃശ്യപരതയ്ക്ക് പ്രാധാന്യം വന്നതുപോലും ടെലിവിഷന്റെ സ്വാധീനഫലമായാണ്. ബേക്ക്രിങ്ങ് ന്യൂസിന്റെ കാലമായി വാർത്താലോകത്തെ മാറ്റിത്തീർത്തത് ടെലിവിഷനുകളാണ്. പറയുന്ന കാര്യങ്ങൾ വസ്തുതാപരമായി നിലനിൽക്കുന്നതാണോ എന്ന് ക്രോസ് ചെക്ക് ചെയ്യാതെ പറയുന്ന കാര്യങ്ങൾ പോലും പിറ്റേന്ന് വർത്തമാന പത്രങ്ങളിൽ പോലും വാർത്തയാകുന്നതും സർവ സാധാരണമായിരിക്കുന്നു. അച്ചടി മാധ്യമങ്ങളില റിപ്പോർട്ടർമാർ പോലും ആം ചെയേർഡ് ജേണലിസത്തിന്റെ ചെളിക്കുണ്ടിൽ വീഴുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ അട്ടിമറിക്കുന്നതും എകാധിപത്യച്ചുവയുള്ള ഭരണത്തിന്

വഴിപാകുന്നതിലും മേൽപറഞ്ഞ വ്യാജവാർത്തകൾക്കുള്ള സ്വാധീനം ചെറുതല്ല. ലോകം മുഴുവൻ കാണുന്ന പ്രതിഭാസമാണുതാനും. അന്തിചർച്ചകൾ എന്ന "ഷൗട്ടിങ്ങ് മാച്ച്' തന്നെ ഇതിന് ഉദാഹരണമാണ്. എല്ലാ ആങ്കർമാരും അർണബ് ഗോസ്വാമിമാരാകാൻ മത്സരിക്കുകയാണ്. ഒരാളുടെ ദേശസ്നേഹവും രാജ്യത്തോടുള്ള കൂറ് പോലും അളക്കപ്പെടുന്നത് ഈ സ്റ്റുഡിയോകളിലാണ്. രാജ്യം ആവശ്യപ്പെടുന്നതാണ് പറയേണ്ടത് എന്ന അവതാരകന്റെ ആക്രോശങ്ങൾ പലപ്പോഴും അക്രമണോത്സുക ദേശീയതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

വാർത്തകളുടെ മസാലവൽക്കരണത്തിനും പേജ് ത്രീ സംസ്‌ക്കാരത്തിനും കാരണമായത് കോർപറേറ്റ് മാനേജ്മെന്റിന്റെ ലാഭക്കൊതിയാണെങ്കിലും അതിൽ ടെലിവിഷനുകളുടെ സ്വാധീനവും വായിച്ചെടുക്കാം. ജനങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർഥ വിഷയങ്ങൾക്ക് ഒരിക്കലും ടെലിവിഷൻ സ്‌ക്രീനിൽ ഇടം ലഭിക്കുന്നില്ല. അതിഥിതൊഴിലാളികളുടെ ദുരിതം എത്ര പേർ വാർത്തയാക്കി. അന്തിചർച്ചക്ക് വിഷയമാക്കി? തൊഴിലാളികളെ സംബന്ധിച്ച ബീറ്റ് പോലും ഇന്ന് മാധ്യമങ്ങളിൽ നിന്ന്​ അപ്രത്യക്ഷമായില്ലേ? വാർത്തയുടെ രസതന്ത്രം തന്നെ ടെലിവിഷൻ യുഗത്തിൽ മാറിമറിയുന്നതാണ് കാണുന്നത്. ഇക്കിളിപ്പെടുത്തുന്ന, കണ്ണഞ്ചിപ്പിക്കുന്ന, കമ്പോളത്തെ വാഴ്ത്തുന്നവ മാത്രമാണ് ഇന്ന് വാർത്തകൾ. മഹാഭൂരിപക്ഷത്തിന്റെ ദുരിതജീവിതം വാർത്തയല്ല. കമ്പോളവസ്തുക്കൾ വാങ്ങാൻ ശേഷിയില്ലാത്തവരെക്കുറിച്ച് എന്തിന് അന്വേഷിച്ച് പോകണം? ഇത്തരമൊരു വാർത്താസംസ്‌ക്കാരം സൃഷ്ടിക്കുന്നതിൽ ടെലിവിഷന് വലിയ പങ്കുണ്ട്.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

മാധ്യമങ്ങൾ എന്തുകൊണ്ട് നിഷ്പക്ഷമല്ലെന്നതിനുള്ള ഉത്തരം കൂടിയാണ് ഈ ചോദ്യം. ബിസിനസ്സ് മേലാളന്മാരുടെയും മത സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉടമസ്ഥതയിലാണ് കേരളത്തിലെ പത്രങ്ങൾ എന്ന പ്രസ്താവന പൂർണമായും ശരിയാണ്. ലോകത്തെമ്പാടുമുള്ള ചിത്രമെടുത്താലും ഇതു തന്നെയാണ് അവസ്ഥ. വിവിധ താൽപര്യങ്ങളാണ് ഇതിൽ ഓരോ ഗ്രൂപ്പിനും ഉള്ളത്. അവരുടെ താൽപര്യങ്ങളാണ് അവർ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

എന്നാൽ ചില ബിസിനസ്സ് ഗ്രൂപ്പുകൾ ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിളംബരപത്രമായി മാറിയിരിക്കുന്നുവെന്ന രീതിയും കേരളത്തിൽ കാണാം. നിഷ്പക്ഷതയുടെ മേലങ്കിയണിഞ്ഞാണ് ഇവർ പൊതുസമൂഹത്തിന് മുമ്പിൽ സ്വയം അവതരിപ്പിക്കപ്പെടാറുള്ളതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ താൽപര്യത്തേക്കാൾ വലിയ രാഷ്ട്രീയ താൽപര്യമാണ് ഇവയിൽ പലതും പ്രകടിപ്പിക്കുന്നത്. സാമൂഹ മാധ്യമങ്ങളുടെ വരവോടെ ഈ കാപട്യം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ലിംഗനീതി അതിന്റെ സമ്പൂർണമായ അർഥത്തിൽ മാധ്യമമേഖലയിൽ നിനിൽക്കുന്നുണ്ട് എന്ന് പറയാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചു വരുന്നുണ്ട്. എങ്കിലും പുരുഷാധിപത്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. പ്രധാന പോസ്റ്റുകളിൽ വനിതകൾ ഇന്നും വളരെ കുറവാണ് എന്ന് കാണാം. ഇതിന് മാറ്റം വരേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സമീപകാലത്ത് ചില മാറ്റങ്ങൾ കാണാമെങ്കിലും.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

രാജ്യത്തെ പ്രാദേശിക ഭാഷാ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ന്യായമായ വേതനം ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല പ്രാദേശിക റിപ്പോർട്ടർമാരുടെയും സ്ഥിതി തീർത്തും ശോചനീയവുമാണ്. കേരളത്തിലെ സ്ഥിതി അതിൽ നിന്ന്​ അൽപം ഭേദമാണെന്ന് മാത്രം. പല സ്ഥാപനങ്ങളിലും ഉയർന്ന പദവികളിൽ ഇരിക്കുന്നവർക്ക് മാത്രമാണ് ശമ്പളം കിട്ടുന്നത് എന്നതും യാഥാർഥ്യമാണ്. പലർക്കും ശമ്പളം കുത്യമായി ലഭിക്കുന്നില്ല. പല സ്ഥാപനങ്ങളും കുറേശ്ശയായാണ് വേതനം വിതരണം ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന പത്രത്തിലെ ജീവനക്കാർ നടത്തിയ സമരം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

കോവിഡ് കാലം പല മാധ്യമ സ്ഥാപനങ്ങളും സ്റ്റാഫിന്റെ എണ്ണം കുറക്കാനും ശമ്പളം വെട്ടിക്കുറക്കാനുമുള്ള അവസരമാക്കുകയാണ് ചെയ്തത്. പോയ വർഷങ്ങളിൽ വൻ ലാഭം വാരിക്കൂട്ടിയ മാധ്യമങ്ങൾ പോലും ഇതിന് തയ്യാറായി എന്നതാണ് അത്ഭുതമുളവാക്കുന്ന വസ്തുത. ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ ഉൾപ്പെടെ നൂറ്കണക്കിന് മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടു. 2018-19 വർഷത്തിൽ 484.27 കോടി രൂപ ലാഭം നേടിയ കമ്പനിയാണ് ഇതെന്ന് ഓർക്കുക. ബിർളയുടെ ഹിന്ദുസ്ഥാൻ ടൈംസും ഗോയങ്ക ഗ്രൂപ്പിന്റെ ഇന്ത്യൻ എക്സ്പ്രസും ശമ്പളം വെട്ടിക്കുറച്ചു. മലയാളത്തിലെ ചില പത്രമാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ഇതേ പാത പിന്തുടർന്നു. ആരെയും പരിച്ചുവിടരുതെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തള്ളിയാണ് ഈ നടപടികളെല്ലാം. പാൻഡെമിക്ക് ഇൻഫോഡെമിക്കായി മാറിയെന്ന് സാരം.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

മാധ്യമരംഗത്തെ കീഴ്​മേൽ മറിക്കുകയാണ് സാമുഹ്യമാധ്യമങ്ങൾ ഇന്ന്. വ്യവസ്ഥാപിത മാധ്യമങ്ങളിൽ വരുന്നതിന് മുമ്പ് പല വാർത്തകളും പ്രത്യക്ഷപ്പെടുന്നത് സാമുഹ്യമാധ്യമങ്ങളുടെ പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ട് തന്നെ ഇതിനെ അവഗണിച്ച് മുന്നോട്ടുപേകാൻ ഒരു മാധ്യമസ്ഥാപനത്തിനും ഇന്നും കഴിയില്ല. വ്യവസ്ഥാപിത മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയ ബിസിനസ്സ് താൽപര്യങ്ങൾ സംരിക്ഷിക്കുന്നതിനായി നൽകുന്ന വാർത്തകളെ ഇഴകീറി പരിശോധിച്ച് വസ്തുതയെന്തെന്ന് പറഞ്ഞുതരുന്ന റോളിലേക്ക് പലപ്പോഴും സാമൂഹ്യമാധ്യമങ്ങൾ വളർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയെ അവഗണിക്കാൻ ഇന്ന് ഒരു മാധ്യമത്തിനും കഴിയില്ല.

ഇതു പറയുമ്പോൾ തന്നെ സമൂഹമാധ്യമങ്ങളുടെ സാമൂഹ്യവിരുദ്ധ മുഖത്തെയും കാണാതിരിക്കനാവില്ല. സംഘപരിവാർ നടത്തുന്ന വിഷലിപ്തമായ പ്രചാരണത്തിന് വേദിയാകുന്നതും ഈ സമൂഹമാധ്യമങ്ങൾ തന്നെയാണ്. വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ പോലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നതാണ്​ ഏറ്റവും പുതിയ വിവരം. ലോകമെങ്ങും വംശീയ-വർഗീയ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാണെന്ന് പറയുന്ന ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ ബി.ജെ.പിയുടെ പ്രീതി പറ്റാനായി സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നുവെന്ന വാർത്തയാണ് ഈ നിമിഷത്തിൽ പുറത്തുവരുന്നത്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

തസ്തികയിൽ ഉയർച്ച ഉണ്ടാകുന്തോറും ഉത്തരവാദിത്തവും ചുമതലകളും വർധിക്കുന്നുവെന്നാണ് പത്രപ്രവർത്തനത്തിലെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവം പഠിപ്പിക്കുന്നത്. പടികൾ കയറുന്തോറും വാർത്തകൾക്കായി അലഞ്ഞുള്ള യാത്രകളും പുസ്തക വായനയും കുറഞ്ഞുവരുന്നു എന്നതാണ് എന്റെ അനുഭവം. പത്രങ്ങളിലും ആനുകാലികങ്ങളിലും (പ്രിന്റ് ആന്റ് ഡിജിറ്റൽ) വായന അവസാനിക്കുകയാണ്. എങ്കിലും അവസരം കിട്ടുമ്പോഴേല്ലാം പുസ്തക വായനയിലേക്ക് മടങ്ങാറുണ്ട്.

ഹിന്ദുരാഷ്ട്രത്തിന് ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി അയോധ്യയിൽ ഭൂമിപൂജ നടത്തിയ ഈ വേളയിൽ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത പുസ്തകം എന്റെ സുഹൃത്ത് ധിരേന്ദ്ര ഝായും കൃഷ്ണ ഝായും ഏറെ വർഷങ്ങളുടെ ഗവേഷണ ഫലമായി പുറത്തിറക്കിയ "അയോധ്യ ദ ഡാർക്ക് നൈറ്റ്' എന്ന പുസ്തകമാണ്. ബാബ്റി മസ്ജിദിൽ 1949 ഡിസംബർ 22 രാത്രി രാമവിഗ്രഹം രഹസ്യമായി സ്ഥാപിച്ചതിന്റെ ചരിത്രം അനാവൃതമാക്കുന്നതാണ് ഇരുനൂറോളം പേജ് മാത്രമുള്ള ഈ പുസതകം. അഭിരാം മിശ്രയെന്ന നിർവാണി അകാഡയിലെ സന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഹിന്ദുമഹാസഭാ പ്രവർത്തകരാണ് വേണ്ടത്ര മുന്നൊരുക്കത്തോടെ ഈ ക്രിമിനൽ പ്രവൃത്തി ചെയ്തതെന്നാണ് ഈ പുസ്തകം സ്ഥാപിക്കുന്നത്. മതനിരപേക്ഷതയോട് കോൺഗ്രസിലെ ഒരു വിഭാഗം(ഗോവിന്ദവല്ലഭ പന്ത്) പുലർത്തിയ അസഹിഹിഷ്ണുതയുടെ ആഴവും പരപ്പും മാത്രമല്ല മലയാളിയായ ജില്ലാ മജിസ്ത്രേട്ട് ഹിന്ദുമഹാസഭയുടെ വിഗ്രഹസ്ഥാപനം എന്ന പ്രോജക്ട് വിജയകരമാക്കാൻ സ്വീകരിച്ച വഴിവിട്ട നീക്കങ്ങളും അക്കമിട്ട് വിവരിക്കുന്ന ഗ്രന്ഥമാണിത്. റിപ്പോർട്ടിങ്ങിന്റെ ഭാഗമായി നിരവധി തവണ അയോധ്യയും ഫൈസാബാദും സന്ദർശിച്ച എന്നെ സംബന്ധിച്ച് ഒറ്റ ഇരുപ്പിൽ വായിച്ചുതീർക്കുമായിരുന്ന ഈ ചെറുപുസ്തകം രണ്ടാഴ്ചയെടുത്താണ് വായിച്ചു തീർത്തത്. മതനിരപേക്ഷ ഇന്ത്യയുടെ മുഖഛായമാറ്റുന്നതിന് കാരണമായ ഒരു ചരിത്രസംഭവത്തെയാണ് ഈ പസ്തകം നമുക്ക് പരിചയപ്പെടുത്തി തരുന്നത്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡിന് മുമ്പു തന്നെ അച്ചടി മാധ്യമങ്ങൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഡിജിറ്റൽ പ്ലാറ്‌ഫോം വന്നതോടെ പ്രതിസന്ധി പതിന്മടങ്ങ് വർധിച്ചു. യൂറോപ്പിലും അമേരിക്കയിലും അച്ചടി മാധ്യമങ്ങൾക്ക് വൻതോതിൽ സർക്കുലേഷൻ ഇടിയാൻ ആരംഭിച്ചു. വാർത്താവിശകലനത്തിന് ഊന്നൽ നൽകുന്ന "വ്യൂസ്പേപ്പറായി' പെരുമയാർന്ന ബ്രിട്ടനിലെ "ഇൻഡിപെൻഡന്റ്' പത്രം അച്ചടി നിർത്തി പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറി. അമേരിക്കയിലെ "വില്ലേജ് വോയസ്' ഉൾപ്പെടയുള്ളവയും ഡിജിറ്റലായി. എന്നാൽ ഇന്ത്യയിൽ ഇത്തരമെമാരു പ്രതിസന്ധി അച്ചടി മാധ്യമങ്ങൾ അഭിമുഖീകരിച്ചിരുന്നില്ല. സാക്ഷരത വർധിക്കുന്ന രാജ്യത്ത് അച്ചടി മാധ്യമത്തിന് വായനക്കാർ കൂടുകയായിരുന്നു.

എന്നാൽ കോവിഡ് കാലം ഈ പ്രതീക്ഷയും തകർത്തു. സാമ്പത്തിക ജീവിതം താറുമാറായപ്പോൾ കുടംബബജറ്റിൽ ആദ്യം ഉപേക്ഷിക്കുന്ന ഇനങ്ങളിലൊന്നായി അച്ചടി മാധ്യമങ്ങൾ മാറി. പത്രക്കടലാസുകൾ രോഗം പരത്തുമെന്ന സംശയം കൂടി പ്രചരിപ്പിക്കപ്പെട്ടതോടെ സ്ഥിതി രൂക്ഷമായി. രോഗം പടർന്ന നഗരങ്ങളിൽ പത്രങ്ങൾ അച്ചടി നിർത്തി. പരസ്യവരുമാനത്തിലും വൻ ഇടിച്ചലുണ്ടായി. ടെലിവിഷൻ വന്നതോടെ തന്നെ പരസ്യവരുമാനത്തിൽ വൻ കുറവ് ദൃശ്യമായിത്തുടങ്ങിയിരുന്നു. മഹാമാരി വന്നതോടെ എല്ലാ അർഥത്തിലുേം കടുത്ത പ്രതിസന്ധിയിലായി അച്ചടി മാധ്യമങ്ങൾ. ദൃശ്യമാധ്യമങ്ങൾക്കും ഇത് ബാധകമായിരുന്നു.

ദൃശ്യമാധ്യമങ്ങൾക്കുള്ള കാണികളും കുറയുകയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലുള്ള മാധ്യമങ്ങളാണ്--വെബ്പോർട്ടലുകളും സമൂഹമാധ്യമങ്ങളുമാണ് ഈ കാലഘട്ടത്തിന്റെ താരം.


Summary: വ്യാജവാർത്തകൾ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങൾക്കെതിരായ വിമർശനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി. ബി. പരമേശ്വരൻ എഴുതുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.


Comments