അകത്തുനിന്നുവേണം സ്വയം തിരുത്തൽ പ്രസ്​ഥാനം

ചാനൽ മുതലാളിമാർ ഔദ്യോഗിക യോഗങ്ങളിൽ പരസ്യമായി തന്നെ അർണബ് ഗോസ്വാമിക്ക് പഠിക്കാൻ അവതാരകരോട് ആഹ്വാനം ചെയ്യുന്ന സമീപകാലം നമുക്കുണ്ടായി. ഈ ആഹ്വാനമേറ്റെടുക്കാൻ ചാനൽ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും പരസ്പരം മത്സരിക്കുന്ന പരിതാപകരമായ കാഴ്ചയാണ് കാണുന്നത്- ദ ഹിന്ദു അസോസിയേറ്റ്​ എഡിറ്ററ്റും ഫ്രണ്ട്​ലൈൻ ഡൽഹി ബ്യൂറോ ചീഫുമായ വെങ്കിടേഷ്​ രാമകൃഷ്​ണൻ സംസാരിക്കുന്നു.തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില. സി. മോഹൻ:മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

വെങ്കിടേഷ് രാമകൃഷ്ണൻ: തീർച്ചയായും വിമർശനപരമായി തന്നെയാണ് നോക്കിക്കാണേണ്ടതുണ്ട്. ഏതാണ്ട് മൂന്നര പതിറ്റാണ്ടായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ മാധ്യമങ്ങളെയും ഇംഗ്ലീഷ് മാധ്യമങ്ങളെയും അടുത്ത് നിന്ന് കാണാൻ അവസരം ലഭിച്ച ഒരാളെന്ന നിലയിൽ, കേരളത്തിന്റെ മാധ്യമ പാരമ്പര്യത്തെ ഉയർന്ന നിലയിൽ വിലയിരുത്തിയിരുന്ന ഒരാളാണ് ഞാൻ. വസ്തുതാ ശേഖരണത്തോടും നവീനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനോടും എന്നും ഉൽപതിഷ്​ണമായ രീതിയിൽ പ്രതിവർത്തിക്കുന്ന ഒരു പാരമ്പര്യമാണ് 1970 കളിൽ പ്രിന്റ് മാത്രമുള്ള സമയം മുതൽ കേരളത്തിനുണ്ടായിരുന്നത്. 1990 കളിലും 2000 ത്തിന്റെ ആദ്യ വർഷങ്ങളിലും ടെലിവിഷൻ മുതലായ ദൃശ്യമാധ്യമങ്ങൾ ഏറെ പ്രചാരം നേടിയപ്പോഴും അത്തരം ഉദ്യമങ്ങളുടെ പിറകിൽ വലിയ തോതിലുള്ള രാഷ്ട്രീയ മൂലധനം കടന്നുവന്നപ്പോഴും (കടന്നുവന്നിട്ടും) നമ്മുടെ മാധ്യമപരിസരങ്ങൾ മുമ്പു പറഞ്ഞ വസ്തുതാ ശേഖരണത്തിലും, നവീന സാങ്കേതികവിദ്യാ പ്രയോഗത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു. ഈ പാരമ്പര്യം വലിയ പരിധി വരെ സെൻസേഷണലിസത്തിൽ നിന്ന് നമ്മുടെ മാധ്യമങ്ങളെ മാറ്റിനിർത്തുകയും ചെയ്തിരുന്നു.

പക്ഷെ ചാനൽ മുതലാളിമാർ ഔദ്യോഗിക യോഗങ്ങളിൽ പരസ്യമായി തന്നെ അർണബ് ഗോസ്വാമിക്ക് പഠിക്കാൻ അവതാരകരോട് ആഹ്വാനം ചെയ്യുന്ന ഒരു സമീപകാലവും നമുക്കുണ്ടായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ

ആഹ്വാനമേറ്റെടുക്കാൻ ചാനൽ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും ഒക്കെ പരസ്പരം മത്സരിക്കുന്ന പരിതാപകരമായ ഒരു കാഴ്ചയാണ് കാണുന്നത്. അതിന്റെ പരിണത ഫലമാണ്, കൊടുത്താൽ കൊല്ലത്തും കിട്ടും, എന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിലെ lumpen- expressors മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങൾ. ഇതിനെ മറികടക്കാൻ സർക്കാർ തലത്തിലോ, പൊലീസ് തലത്തിലോ ഉള്ള നിയന്ത്രണങ്ങൾ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. അകത്തുനിന്ന് തന്നെയുള്ള ഒരു സ്വയം തിരുത്തൽ-പരിഷ്‌കരണ പ്രസ്ഥാനത്തിൽ മാത്രമേ ഇത്തരം കടന്നാക്രമണങ്ങളെ ധാർമികമായി ചെറുത്തു നിൽക്കാൻ സാധിക്കൂ.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്ധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തനത്തിന്റെ ചരിത്രം വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതകളുടെയും, അവ സമൂഹത്തിന്റെ അല്ലെങ്കിൽ, ഒരു രാജ്യത്തിന്റെ, രാഷ്ട്രീയ സാംസ്‌കാരിക വികാസത്തിന് വഴിയൊരുക്കുന്നതിന്റെയുമാണ്. ജേണലിസ്റ്റുകൾക്ക് നിയമപരമായും, അല്ലാതെയുമുള്ള പ്രിവിലേജുകളുടെയും, സവിശേഷ അധികാരങ്ങളുടെയും അടിത്തറ തന്നെ ഈ വിശാല താൽപര്യങ്ങളോടുള്ള പ്രതിബദ്ധതയിൽ നിക്ഷിപ്തമാണ്. ഒന്നില്ലാതെ മറ്റൊന്നിനെക്കുറിച്ച്, -സാമൂഹ്യപ്രതിബദ്ധതയില്ലാതെ സവിശേഷ അധികാരങ്ങളെക്കുറിച്ച് - വേവലാതിപ്പെടുന്നതിൽ അർത്ഥമില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷതയും സത്യവും ഒരുപോലെയാണ്. ഒരു given context ലെ സത്യം, മറ്റൊരു context ൽ സത്യം ആയിക്കൊള്ളണമെന്നില്ല. മാധ്യമനിഷ്പക്ഷത എന്ന സംജ്ഞക്കും given context വളരെ പ്രധാനമാണ്. ഒരു given context-ൽ ഒരു സംഭവം നടക്കുമ്പോൾ, അതിന്റെ സകലമാന തലങ്ങളും എന്താണെന്ന് അറിയാൻ ശ്രമിക്കുക, അവയെ വസ്തുനിഷ്ഠമായി സ്വാംശീകരിക്കാൻ ശ്രമിക്കുക എന്നത് മാത്രം ചെയ്താൽ ഒരു പ്രത്യേക സമയപരിധിയിലെ സത്യത്തിലേക്കും, നിഷ്പക്ഷമായ വസ്തുതകളിലേക്കും മാധ്യമങ്ങളിലേക്കും എത്താനാവും.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന എല്ലാ നവീന മാധ്യമങ്ങളും അവയുടെ ബീജത്തിൽ തന്നെ constructive ഉം destructive ഉം ആയ സാദ്ധ്യതകൾ ഉൾക്കൊള്ളുന്നതാണ്. 19 -ാം നൂറ്റാണ്ടിന്റെ അവസാനം റേഡിയോ വന്നതുമുതൽ ലോകം കണ്ട കാഴ്ചയാണിത്. ടെലിവിഷനും, ഇന്റർനെറ്റും ഒന്നും വ്യത്യസ്തമല്ല. മാധ്യമരംഗത്തെ സാങ്കേതികവിദ്യയുടെ ഈ പ്രകൃതം ആദ്യകാലങ്ങളിൽ ജനാധിപത്യ ശാക്തീകരണത്തിന്റെയും, ജനപക്ഷതയുടെയും വലിയ പ്രതീക്ഷകൾ വളർത്തിയെടുക്കുന്നു. എന്നാൽ ക്രമേണ കമ്പോളത്തിന്റെ സ്ഥാപിത താല്പര്യങ്ങൾ സാങ്കേതികവിദ്യാ ഉപകാരണങ്ങളെയും, എന്തിന്, സാങ്കേതികവിദ്യയെ തന്നെയും കയ്യടക്കുന്നു. അതോടെ, ഗുണദോഷ മിശ്രിതത്തിൽ ദോഷത്തിന്റെ തോത് കൂടുകയും, ഗുണത്തിന്റെ തോത് കുറയുകയും ചെയ്യുന്നു.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ആദ്യചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞതുപോലെ രാഷ്ട്രീയ മൂലധനത്തിന്റെയും, മറ്റു സ്ഥാപിതതാൽപര്യ മൂലധനങ്ങളുടെയും കടന്നുവരവിന് ശേഷവും, കേരളത്തിലെ മാധ്യമരംഗം പൊതുവിൽ അന്തസ്സിന്റെ അതിരുകൾക്കകത്തുനിന്നു തന്നെയാണ് പ്രവർത്തിച്ചിരുന്നത്. സമീപകാലങ്ങൾ പക്ഷെ, ഈ പാരമ്പര്യത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ്. തീർച്ചയായും വലിയ സ്ഥാപിതതാൽപര്യങ്ങൾ മ്ലേച്ഛമായ രീതിയിൽ പകർന്നാടുന്ന ഒരു സമയമായി സമകാലിക മലയാള മാധ്യമങ്ങളെ, പ്രത്യേകിച്ചും ദൃശ്യ മാധ്യമങ്ങളെ വിലയിരുത്തും.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

മാധ്യമരംഗത്തെ ലിംഗനീതി വലിയ വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടെലിവിഷന്റെയും, ഇന്റർനെറ്റിന്റെയും കടന്നുവരവിന് ശേഷം സ്ത്രീകളുടെ പ്രാതിനിധ്യം അംഗസംഖ്യയുടെ തലത്തിൽ വർധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, സമീപകാലത്ത് ഒരു സംഘം വിദേശ മാധ്യമ ഏജൻസികൾ ഇന്ത്യൻ മാധ്യമരംഗത്തെയും, അതിലെ ജാതി-മത ലിംഗ വിവേചനത്തെപ്പറ്റിയും നടത്തിയ പഠനത്തിൽ തൊഴിൽ സേനയുടെ 43 ശതമാനം വനിതകളാണെങ്കിലും, പത്രമാധ്യമങ്ങളിൽ പേജ്-1 , എഡിറ്റ്, ഓപ്-എഡ് പേജുകളിൽ സ്ത്രീസാന്നിധ്യത്തിന്റെ തോത് 10 ശതമാനത്തിലും താഴെയാണ് എന്ന് കണ്ടെത്തിയിരുന്നു. ടെലിവിഷൻ വാർത്താ അവതാരകരിൽ 50-50 എന്ന ആശാവഹമായ കണക്കിലാണ് സ്ത്രീ-പുരുഷ ബലാബലം നിലനിൽക്കുന്നതെങ്കിലും, മുഖ്യ വാർത്തകൾ കവർ ചെയ്യുന്നതിനുള്ള വനിതാമാധ്യമപ്രവർത്തകരുടെ നിയോഗം 40 ശതമാനത്തിനടുത്താണ് എന്നും കണ്ടെത്തിയിരുന്നു. എന്ന് വെച്ചാൽ 60 ശതമാനം മുഖ്യവാർത്തകളും ചെയ്യുന്നത് പുരുഷന്മാരാണെന്നർത്ഥം. അപ്പോൾ ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ സംഖ്യകളുടെ തലത്തിൽ നിന്ന്, ഗുണദോഷബോധ്യങ്ങളെപ്പറ്റിയുള്ള ചർച്ചയിലേക്ക് മാറേണ്ടതുണ്ട് എന്നാണു തോന്നുന്നത്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

സേവന-വേതന വ്യവസ്ഥകളിലെ അന്തരം അതിഭീകരമാണ്. ഹയർ ആൻഡ് ഫയർ, കോൺട്രാക്ട്, നിയമങ്ങളിലേക്ക് മുതലാളിമാർ കൂടുതൽ കൂടുതലായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ അന്തരം കൂടുതൽ ഞെരുക്കുന്നത്, വലുതാവാനേ സാധ്യതയുള്ളൂ.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സോഷ്യൽ മീഡിയ, മുഖ്യധാരാ മാധ്യമങ്ങളുടെ കവറേജിന്റെ അജണ്ട പോലും നിശ്ചയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി വരികയാണ്. ഇത് വളരെ ശ്രമകരമായ ഒരു സമരം തന്നെയാണ്. ഒരുപക്ഷെ മാധ്യമങ്ങളുടെ സ്വതന്ത്രമായ നിലനില്പിനെയും, അവയ്ക്ക് സ്വാഭാവികമായി ഉണ്ടാവേണ്ട വസ്തുനിഷ്ഠതയെയും അട്ടിമറിക്കാൻ പര്യാപ്തമായ ഒരു സ്വാധീനം കൂടിയാണിത്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

തട്ടിയും മുട്ടിയുമുള്ള വായനയൊക്കെ നടക്കുന്നുണ്ട്. അവസാനം വായിച്ചത്, പോളിഷ് എഴുത്തുകാരിയായ ഓൾഗ ടോക്കർസൂക്കിന്റെ Flights എന്ന, seminal ആയി കണക്കാക്കപ്പെടുന്ന നോവലാണ്. രചനയുടെ തലത്തിലും, ഇതിവൃത്തത്തിന്റെ തലത്തിലും പരമ്പരാഗതമായ എല്ലാ എഴുത്തുവഴികളെയും ഉടച്ചുവാർക്കുന്ന ഒരു അത്ഭുത കൃതിയാണിത്. ഏറെക്കാലം ഫിക്ഷൻ വായിക്കാതെ അപഗ്രഥന പുസ്തകങ്ങളും, ജീവചരിത്രങ്ങളും മറ്റും വായിച്ചിരുന്ന ഞാൻ രണ്ടു വർഷം മുൻപ് Book Thief വായിച്ചാണ് ഫിക്ഷന്റെ വഴിയിലേക്ക് തിരിച്ചുവരുന്നത്. ആധുനികതയെക്കുറിച്ചുള്ള ചർച്ചകൾ സംഭ്രമാത്മകമായ തലത്തിലേക്ക് മാറുന്ന കോവിഡ് കാലത്ത്, Flights പോലുള്ള ഫിക്ഷൻ ഒരു ശക്തമായ മാനസിക പിടിവള്ളിയാണ്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡിന്റെ ആദ്യ പ്രത്യാഘാതം ഏറ്റുവാങ്ങിയത്, പ്രിന്റ് ജേണലിസമാണ്. കേരളം പോലുള്ള ചില തുരുത്തുകൾ ഒഴിച്ചാൽ ലോകമെമ്പാടുമുള്ള പ്രിന്റ് മാധ്യമങ്ങളുടെ വരുമാനം 30 ശതമാനമായി കുറഞ്ഞു എന്നാണ് ഒരു അനുമാനം (കൃത്യമായ കണക്കല്ല). അതേസമയം,ടെലിവിഷന്റെയും, ഇന്റർനെറ്റിന്റെയും ഉപഭോഗം 50- 100 ശതമാനം വർധിച്ചതായി അനുമാനങ്ങളുണ്ട്. കുഴഞ്ഞുമറിഞ്ഞ ഈ അന്തരീക്ഷത്തിൽ മാധ്യമങ്ങളുടെ അതിജീവനത്തെപ്പറ്റി കൃത്യമായ പ്രവചനം നടത്തുക ദുഷ്‌കരമായേക്കും. എങ്കിലും, പ്രിന്റിന്റെ സമയം മോശമാണ് എന്നുറപ്പിച്ചു പറയാം.


Summary: ചാനൽ മുതലാളിമാർ ഔദ്യോഗിക യോഗങ്ങളിൽ പരസ്യമായി തന്നെ അർണബ് ഗോസ്വാമിക്ക് പഠിക്കാൻ അവതാരകരോട് ആഹ്വാനം ചെയ്യുന്ന സമീപകാലം നമുക്കുണ്ടായി. ഈ ആഹ്വാനമേറ്റെടുക്കാൻ ചാനൽ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും പരസ്പരം മത്സരിക്കുന്ന പരിതാപകരമായ കാഴ്ചയാണ് കാണുന്നത്- ദ ഹിന്ദു അസോസിയേറ്റ്​ എഡിറ്ററ്റും ഫ്രണ്ട്​ലൈൻ ഡൽഹി ബ്യൂറോ ചീഫുമായ വെങ്കിടേഷ്​ രാമകൃഷ്​ണൻ സംസാരിക്കുന്നു.തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.


Comments