മാധ്യമങ്ങളു​ടെ പ്രതിച്ഛായ, മാധ്യമങ്ങളെ വേട്ടയാടുന്നവരുടെ പ്രതിച്ഛായ

സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലമാവേണ്ടത് ഭരണകൂടങ്ങളുടെ ഏറ്റവും വലിയ അജണ്ടകളിലൊന്നാണിന്ന്. അതിനായുള്ള ആശയങ്ങൾ പൊതുജനങ്ങളിലേക്ക് കുത്തിവെക്കുന്നതിൽ പല അർത്ഥത്തിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്- ‘മാധ്യമ’ത്തിൽ സീനിയർ സബ്​ എഡിറ്ററായ വി.പി. റജീന സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

വി.പി റജീന : സമൂഹത്തിന്റെ ഭാഗം തന്നെയാണ് മാധ്യമങ്ങളും. അതിലുണ്ടാവുന്ന മാറ്റങ്ങൾ സ്വാഭാവികമായും മാധ്യമങ്ങളെയും സ്വാധീനിക്കും. അതിന്റെ അകത്തും പുറത്തും പുതിയ പല പ്രവണതകളും കൊണ്ടുവരും. വിമർശനങ്ങൾ ഉണ്ടാവും. ഏത് സംവിധാനവും കുറ്റമറ്റതല്ലാതാവുന്നിടത്തോളം വിമർശനങ്ങൾ ഉണ്ടാവണം. പക്ഷെ, അത് നശിപ്പിച്ച് ഇല്ലാതാക്കുന്ന തരത്തിലാവുമ്പോൾ അതിനകത്തെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടും. ആ അർത്ഥത്തിൽ ഇപ്പോൾ നടന്നുവരുന്ന പല മാധ്യമ വിമർശനങ്ങളും ആശാവഹമായി തോന്നാറില്ല.

ക്രിയാത്മകമായ വിമർശനത്തിന്റെ അഭാവം മറ്റെന്തിനേയും പോലെ മാധ്യമങ്ങളെയും ദുർബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. മാധ്യമ വിമർശനത്തിന്റെ വഴികൾ പാളിപ്പോവുന്നതിന് ഇടയാക്കുന്ന രണ്ട് കാരണങ്ങൾ ഉള്ളതായാണ് മനസ്സിലാക്കുന്നത്. ഒന്ന് മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ. മറ്റൊന്ന് മാധ്യമങ്ങളെ വേട്ടയാടുന്നവരുടെ പ്രതിച്ഛായ. കുറച്ചുകാലമായി ഇതിൽ മുന്നിട്ടു നിൽക്കുന്നത് ഇതിൽ രണ്ടാമത്തെ ഘടകമാണ്. അത്തരം വിമർശനങ്ങൾ വലിയൊരളവോളം നിർമിച്ചെടുത്തതാണെന്ന് കാണാനാവും.
മറ്റൊന്ന്, മാധ്യമങ്ങൾ വരുത്തുന്ന തെറ്റുകൾ മുമ്പ്​ ഇത്രമാത്രം വിചാരണക്കും വിമർശനത്തിനും വിധേയമായിരുന്നില്ല. ഒരു ഉദാഹരണം പറയാം.ചാരക്കേസ് കാലത്ത് അച്ചടി മാധ്യമങ്ങൾ അതിനെ സമീപിച്ച രീതിയെ ഏറ്റവും കടുത്ത തോതിൽ വിചാരണക്ക് വിധേയമാക്കിയത് അത് നടന്ന് എത്രയോ വർഷങ്ങൾക്കിപ്പുറം സമൂഹ മാധ്യമങ്ങളിലൂടെയാണ്. അന്ന് വായനക്കാർക്ക് പ്രതികരിക്കാൻ പ്ലാറ്റ്‌ഫോമുകൾ തുച്ഛമായിരുന്നു. ഇന്ന് അവർക്ക് പ്രതികരണമറിയിക്കാൻ ഒരു എഡിറ്ററുടെയും ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല. വാർത്തകളെ അപ്പപ്പോൾ സൂക്ഷ്മമായി കീറിമുറിക്കാൻ അവസരം കൈവന്നു. ചെറിയ തെറ്റുപോലും ട്രോൾ ശരങ്ങളായി പറക്കുന്നതും അതുകൊണ്ടാണ്. വിമർശനങ്ങൾക്കായി തുറന്നു കിട്ടിയ പുതിയ പ്രതലങ്ങൾ പൊതുജനവും നേതാക്കളും എങ്ങനെ ഉപയോഗിക്കുന്നു എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. മേൽപറഞ്ഞ രണ്ട് യാഥാർത്ഥ്യങ്ങൾ മുന്നിൽവെച്ചുകൊണ്ടാണ് മാധ്യമ വിമർശനങ്ങളുടെ പുതിയ തലങ്ങൾ പരിശോധിക്കേണ്ടത്.

ആണധികാര സമൂഹത്തിന്റെ എല്ലാ തരം പ്രിവിലേജുകൾക്കും ആഴത്തിൽ വേരോട്ടം കിട്ടിയ ഒരു സമൂഹമായതിനാൽ, കേരളം വനിതാ മാധ്യമ പ്രവർത്തകർക്കുനേരെ ഉയർത്തുന്ന ആക്രോശങ്ങൾ അൽഭുതപ്പെടുത്താറില്ല. മാധ്യമ മേഖലയിലും രാഷ്ട്രീയ-പൗരാവകാശ-പരിസ്ഥിതി മണ്ഡലങ്ങളിലും ഒക്കെ വനിതകളുടെ ശ്രദ്ധേയ ഇടപെടലും സംഭാവനകളും അധികരിക്കുന്ന സാഹചര്യത്തിൽ എത്ര ഒളിച്ചുപിടിച്ചാലും ഇതിനകത്തെ അസഹിഷ്ണുത പുറത്തുചാടും. ഓരോരുത്തരും അവരുടെ സ്വന്തം വാളുകളിൽ ആക്രോശവുമായി അണിനിരക്കും. ആ അസഹിഷ്ണുതക്ക് ഒരേ മുഖവും ഒരേ

സ്വരവും ഒരേ ഭാഷയുമായിരിക്കും. തെറിവിളികൾ സ്ത്രീകൾക്ക് നേരെയാകുമ്പാൾ അതിൽ പ്രത്യേക "വൈദഗ്ധ്യം' മലയാളി പുരുഷൻ പ്രകടിപ്പിക്കും. അതിലൊന്നാണ് ശരീരത്തെയും കുടുംബത്തെയും ചേർത്തുവെക്കുക എന്നത്. അങ്ങനെ ചെയ്യുന്നതിനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നും അത് സവിശേഷ അധികാരമാണെന്നും വരുത്തിത്തീർക്കും. പ്രശ്‌നത്തെ മെറിറ്റിൽ നിന്ന് നേരിടാൻ കഴിയാതെ വരുേമ്പാൾ ഒളിഞ്ഞും തെളിഞ്ഞും തെറികളും പരിഹാസങ്ങളുമായി നേരിടുന്ന ഈ ഭീരുക്കൾ എന്നിട്ട് തങ്ങൾ ധീരൻമാരാണെന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യും. രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ഈ തരംതാണ കളികളിൽ ഏർപ്പെടുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു.

മാധ്യമങ്ങൾ വരുത്തുന്ന തെറ്റുകളോടുള്ള വായനക്കാരുടെയും കാഴ്ചക്കാരുടെയും പ്രതികരണങ്ങളിൽ ചിലതിലെങ്കിലും ശരിയുള്ളതായി തോന്നിയിട്ടുണ്ട്. അതിലൊന്ന് ദുരന്തമുഖങ്ങളിൽ പലപ്പോഴും മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ പുലർത്തുന്ന അനൗചിത്യമാണ്. അതിൽ പ്രധാനമായും ഉയരുന്നത് മാധ്യമപ്രവർത്തകരുടെ അത്യാവേശമാണ്. ഇതിൽ ചെറിയൊരു ശരിയുണ്ട്, വലിയൊരു ശരികേടുമുണ്ട്. പ്രിന്റ് - വിഷ്വൽ മീഡിയകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച്​ അത്തരം ദിനങ്ങൾ സാധാരണ ദിവസങ്ങളെ പോലെയായിരിക്കില്ല. കൂടുതൽ ഊർജ്ജസ്വലരായി മനസ്സ് പതറാതെ തൊഴിലിൽ ഏർപ്പെടേണ്ട ദിനങ്ങളാണ്. അവരുടെ മേൽ സ്ഥാപന ഉടമകളുടെ- മേലധികാരികളുടെ സമ്മർദ്ദം ഏറുന്ന ദിവസങ്ങളുമാണ്. ഇത് പൊതുജനത്തിന് അറിയാത്ത കാര്യമാണ്. ഒരേസമയം അതൊരു സാമൂഹ്യ ദൗത്യവും സ്വന്തംവയറ്റുപ്പിഴപ്പിനുള്ള മാർഗവുമായി മാറുന്നിടത്ത് മാധ്യമ പ്രവർത്തകർക്ക് പലർക്കും തെറ്റുപറ്റാം. ഇവയെല്ലാം ബോധപൂർവമായിരിക്കില്ല. അതേസമയം, ബോധപൂർവമായി വരുത്തുന്ന പിഴവുകൾ ആ അർത്ഥത്തിൽ വിമർശിക്കപ്പെടേണ്ടതാണെന്നതിൽ സംശയമില്ല. അത് അപഹാസ്യത്തിന്റെയും ആക്രമണത്തിന്റെയും ലക്കുകെട്ട ഭാഷയിലായിരിക്കരുതെന്നു മാത്രം.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

മാധ്യമപ്രവർത്തകർക്ക് പ്രിവിലേജുകൾ ഉണ്ട്, സാമൂഹ്യ പ്രതിബദ്ധത ആവശ്യമുള്ള ഏതൊരു തൊഴിലിനും ഉള്ളതുപോലെ. ഡോക്ടർമാർ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ എന്നിവർക്കുള്ളതുപോലെ. മുഖ്യമന്ത്രിയോട് പല പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും ഭൂമാഫിയക്ക് അനധികൃതമായി പച്ചക്കൊടി കാണിക്കുന്ന ഉദ്യോഗസ്ഥരോട് ചോദ്യങ്ങൾ ഉന്നയിക്കാനും താഴെത്തട്ടിലുള്ളവരെ ബാധിക്കുന്ന പദ്ധതികൾക്കെതിരെ അന്വേഷണം നടത്താനും ഒക്കെയുള്ള പ്രിവിലേജ് മാധ്യമപ്രവർത്തകർക്കുണ്ട്. അത് സാമൂഹ്യ ദൗത്യമായതിനാൽ. എന്നാൽ, ഒരു വ്യക്തിയെന്ന നിലയിൽ സ്വന്തം കാര്യങ്ങളുടെ സാക്ഷാൽക്കാരത്തിനുവണ്ടിയുള്ള ഒരു പ്രിവിലേജും ഈ തൊഴിലിൽ അവർക്കില്ല. രാജ്യത്തെ ഏതൊരു സാധാരണ പൗരനെയും പോലെ തന്നെയാണത്.

ഭരണകൂടവും അധികൃതരും അവരെ അണ്ടർ പ്രിവിലേജ്ഡ് ആക്കുന്ന സാഹചര്യത്തെ ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിൽ ആശങ്കയുണ്ട്. ജനാധിപത്യത്തിൽ നാലാം തൂണിന്റെ ശക്തി നിലനിർത്തുന്നതിൽ മാധ്യമസ്വാതന്ത്ര്യത്തിന് വലിയ പങ്കുണ്ട്. ഭരണകൂടങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കോർപറേറ്റുകളുടെയും കൊള്ളരുതായ്മകളും കൊള്ളകളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ വേട്ടയാടുന്നതും മാധ്യമപ്രവർത്തകരെ പല വിധത്തിൽ ഇല്ലായ്മ ചെയ്യുന്നതും സമീപകാലത്തായി കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ. അവർ ആ വേട്ടക്ക് ഉപയോഗിക്കുന്നതും മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പ്രിവിലേജുകൾ ഒന്നും തന്നെയില്ല എന്ന വാക്യമാണ്.

പ്രധാനമന്ത്രിയോടുപോലും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രിവിലേജ് ഉണ്ടായിട്ടും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി കാലമിത്രയായിട്ടും മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലമാവേണ്ടത് ഇത്തരം ഭരണകൂടങ്ങളുടെ ഏറ്റവും വലിയ അജണ്ടകളിലൊന്നാണിന്ന്. അതിനായുള്ള ആശയങ്ങൾ പൊതുജനങ്ങളിലേക്ക് കുത്തിവെക്കുന്നതിൽ പല അർത്ഥത്തിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടു കൂടി അധികരിക്കുന്ന മാധ്യമ വിമർശനത്തെ കാണേണ്ടതുണ്ട്.

ചോദ്യം: നിഷ്​പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്​പക്ഷം എന്ന പക്ഷം ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ. ആ വാക്കിനകത്ത് തന്നെ പ്രശ്‌നമുണ്ട്. നിഷ്​പക്ഷം എന്നത്​​ ബലവാന് അനീതി ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുന്ന ഒരു പ്രയോഗമാണ്. വേട്ടക്കാരെ കൂടുതൽ ശക്തമാക്കുന്നതാണ്. അനീതി നടമാടുന്ന സമൂഹത്തിൽ എങ്ങനെയാണ് മാധ്യമങ്ങൾക്ക് നിഷ്​പക്ഷമായി അതിന്റെ സാമൂഹ്യ ദൗത്യം നിർവഹിക്കാനാവുക? നീതിയുടെ പക്ഷത്ത് തന്നെയാണ് നിലയുറപ്പിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. എന്നാൽ, വാർത്തകൾ സംഭവിക്കുമ്പോൾ അത് അറിയിക്കേണ്ടത് വസ്തുനിഷ്ഠമായാവണം. നിഷ്​പക്ഷതയും വസ്തുനിഷ്ഠതയും രണ്ടും രണ്ടാണ്. വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും അത്രക്ക് കെട്ടുപിണഞ്ഞിരിക്കുന്നു. സംഭവങ്ങൾ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നിടത്ത് നീതിയുടെ പക്ഷത്ത് നിൽക്കുമ്പോഴും അതു തന്നെ സംഭവിക്കുന്നു. ഇന്ത്യയെ നോക്കൂ... പട്ടിണിപ്പാവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത ദുരിതമനുഭവിക്കുന്ന കർഷകർ, അധികരിക്കുന്ന തൊഴിലില്ലാപ്പട, നിരന്തരം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ- ദലിത് വിഭാഗങ്ങൾ,

ഭീഷണി നേരിടുന്ന പൗരാവകാശ- പരിസ്ഥിതി പ്രവർത്തകർ, അതിക്രമത്തിനിരയാവുന്ന സ്ത്രീകൾ, കുട്ടികൾ...ഇവരുടെ പക്ഷം പിടിക്കുന്ന മാധ്യമങ്ങളുടെ അഭാവം രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുന്നത്. അപ്പോൾ പക്ഷം പിടിക്കുക എന്നതു തന്നെയാണ് ജനാധിപത്യ സംവിധാനത്തിൽ ശരിയായ മാധ്യമപ്രവർത്തനം.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷൻ ജേണലിസം ഗുണപരമായി ഭവിച്ചിരുന്ന ഒരു കാലം നമുക്ക് മുന്നിലുണ്ട്. അടിസ്ഥാന വർഗത്തിന്റെയടക്കം പ്രശ്‌നങ്ങൾ ഈ മാധ്യമത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന പ്രഗൽഭരായ ഒട്ടേറെ മാധ്യമപ്രവർത്തകരും നമുക്കുണ്ട്. മലയാളിയുടെ ചിന്താപരവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളെ പുതിയ തലങ്ങളിലേക്ക് അത് വികസ്വരമാക്കിയിട്ടുണ്ട്. പക്ഷെ, ഇന്നത് റേറ്റിങ്ങിനും അതുവഴിയുള്ള സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുമുള്ള അന്തരീക്ഷത്തിലേക്ക് മാറിയതോടെ ഒട്ടേറെ പ്രതിസന്ധികളും അവയായിതന്നെ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ നാവായി മാറിയേപ്പാൾ ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്മകളെ മറച്ചുവെച്ചുകൊണ്ടുള്ള ശ്രദ്ധമാറ്റൽ ചടങ്ങുകൾക്ക് ഇവ കൂടുതലായി വേദിയൊരുക്കാൻ തുടങ്ങി. ഒരു ഗുണവും വിവരവുമില്ലാത്തവരെപോലും ചാനൽ സ്റ്റുഡിയോകളിലേക്ക് ആനയിച്ച് കസേരയിട്ടുകൊടുത്ത് "വലിയവരാക്കുന്ന' അവസ്ഥ. വ്യാഖ്യാനങ്ങളും

വാചകക്കസർത്തുകളും പോർവിളികളും കൊണ്ട് ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ച് യഥാർത്ഥത്തിൽ അഡ്രസ് ചെയ്യേണ്ട വിഷയങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടുന്നു. യഥാർഥ വാർത്തകൾ എപ്പോഴും കാണാമറയത്തു തന്നെയാണ്. സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിയുന്നവരുടെയും സാധാരണക്കാരുടെയും ജീവൽപ്രശ്‌നങ്ങൾ പിന്തള്ളപ്പെടുന്നു. ഇതിന് കൂട്ടുനിന്ന് കൊടുക്കുന്ന മാനേജ്‌മെന്റുകൾ അതിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുമേൽ സമ്മർദ്ദമേറ്റുന്നു. മാനേജ്‌മെന്റുകളെ സുഖിപ്പിക്കാൻ കിട്ടുന്ന അവസരം നന്നായിത്തന്നെ മുതലെടുത്ത് നേട്ടങ്ങൾ കൊയ്യുന്ന മാധ്യമപ്രവർത്തകരും ഉണ്ട്.

ചാനലുകൾ കച്ചവടത്തിലേക്ക് തിരിഞ്ഞപ്പോൾ വാർത്തകൾ ചരക്കായി. ഇതിനകത്ത് ശ്രദ്ധിക്കേണ്ട ഒരു വസ്തുത, കാഴ്ചക്കാരുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം കൂടിയാണ്. വാർത്തകൾ എന്നത് ടെലിവിഷൻ പരമ്പരകൾക്ക് സമാനമായി ആസ്വദിച്ച് കാണുന്ന ഒരു തലത്തിലേക്ക് അവരും ചെന്നെത്തി. ഒരു എന്റർടെയ്ൻമെന്റ് മോഡിലേക്ക്. അപ്പോൾ കാഴ്ചക്കാരന് ആവശ്യമുള്ള പരുവത്തിൽ വാർത്തകൾ ഉപ്പും പുളിയും എരിവുമൊക്കെ ചേർത്ത് അവതരിപ്പിക്കുക എന്ന ദൗത്യമാണ് അതിലെ തൊഴിലാളികൾക്ക്. ഇതിനിടയിലും സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ പിടിച്ചുനിൽക്കുന്ന എത്രയും പേരെ കാണാം. അവർ എപ്പോഴും യഥാർത്ഥ വാർത്തകൾക്കു പിന്നാലെ പോയ്ക്കൊണ്ടിരിക്കും. പക്ഷെ, ഈ ബഹളത്തിനിടക്ക് അവ ശ്രദ്ധിക്കപ്പെടാതെ വകഞ്ഞുമാറ്റപ്പെടുന്ന ഒരു ദുരവസ്ഥയുണ്ട്. അതിന്റെ ബാക്കിയായി നിരന്തരം പലതരത്തിലുള്ള ദുരന്തങ്ങൾക്ക് വലിയൊരു ജനവിഭാഗം ഇരകളാവുന്നതും കാണുന്നു.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

പൊതുജനം രാഷ്ട്രീയമായും ആശയപരമായും മതപരമായും ഒക്കെ കൂടുതൽ വിഘടിക്കപ്പെട്ട ഒരുകാലമാണിത്. പലതരം വിഭജന യുക്തികൾ സൃഷ്ടിച്ച് അതിന്റെ മറവിൽ അജണ്ടകൾ നടപ്പാക്കാനുള്ള മണ്ണൊരുക്കത്തിന് ഇവരെല്ലാം മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. വിഭജനങ്ങൾക്കും വിള്ളലുകൾക്കും കൂടുതൽ കരുത്തു പകരാൻ രാഷ്ട്രീയ സംഘടനകളും മതസംഘങ്ങളും കോർപറേറ്റുകളും കൂടുതലായി ഇതിലേക്ക് നിക്ഷേപമിറക്കുന്നതും അടിഞ്ഞുകൂടുന്നതും കാണാം. അന്തിച്ചർച്ചകളിൽ ഇവരുടെയൊക്കെ പ്രതിനിധികൾ അത്യാവേശത്തോടെ പങ്കെടുക്കുന്നതും ഇക്കാരണത്താലാണ്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ലിംഗനീതി ഇന്നും പൂർണാർത്ഥത്തിൽ പുലർന്നിട്ടില്ലാത്ത ഒന്നാണ് മാധ്യമ മേഖല. വേജ് ബോർഡ് നടപ്പാക്കിയ സ്ഥാപനങ്ങളിലൊഴികെ മാധ്യമ സ്ഥാപനങ്ങളിൽ ശമ്പളത്തിലും സ്ഥാനക്കയറ്റത്തിലുമൊക്കെ വിവേചനങ്ങൾ നിലനിൽക്കുന്നതായി പല വനിതകളും പങ്കുവെച്ചിട്ടുണ്ട്. പ്രസവാവധിയൊന്നും നിയമവിധേയമായ രീതിയിൽ നൽകാത്ത സ്ഥാപനങ്ങൾ ഉണ്ട്. പ്രസവാവധിക്ക് പോവുന്നത് ഒരു കുഴപ്പമായി കണ്ട്, ട്രെയ്‌നികളായ പെൺകുട്ടികൾ അത് കഴിഞ്ഞ് വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണമെന്ന അനീതിക്കുവരെ ഇരയാവുന്നുണ്ട്. നിലനിൽക്കുന്ന പാട്രിയാർക്കിയോട് പൊരുതി പലതരം സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് ഈ തൊഴിൽമുഖത്ത് പിടിച്ചുനിൽക്കുന്ന വനിതകൾക്ക് ന്യായമായ അവകാശങ്ങളും പരിഗണനകളും പല സ്ഥാപനങ്ങളും പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ നിഷേധിക്കുന്നു എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. രാത്രി യാത്രാപ്രശ്‌നം, താമസം, സുരക്ഷ തുടങ്ങിയവ അടക്കം അടിയന്തിരമായും ഗൗരവതരവുമായും പരിഗണിക്കേണ്ട ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ് സ്ത്രീകൾക്ക് ഈ മേഖല.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ജേണലിസം എന്നത് സാമാന്യം പേരും പെരുമയും ലഭിക്കുന്ന തൊഴിൽമേഖലയായിട്ടാണ് അതിലേക്ക് കടന്നുവരുന്നവരിൽ വലിയൊരളവും കരുതുന്നത്. എന്നാൽ, അനുഭവം കൊണ്ട് ആ ധാരണ പലർക്കും തിരുത്തിക്കിട്ടും. പെരുമ പോവട്ടെ. മര്യാദക്ക് ശമ്പളം ലഭിക്കാതെ ജീവിതത്തിൽ നിന്നുപിഴക്കാൻ കഴിയാത്തവർ ഈ മേഖലയിൽ ധാരാളം ഉണ്ട്. അത് നേരത്തെ സംഭവിച്ചത് ദൃശ്യമാധ്യമങ്ങളിലാണ്. ദൃശ്യമാധ്യമങ്ങളിലൊന്നും ഏകീകൃത വേതനച്ചട്ടം ഇല്ല എന്നത് ഇത്ര കാലവും കാര്യമായി അഡ്രസ് ചെയ്യപ്പെടാതെ പോയ ഒരു പ്രശ്‌നമാണ്. കമ്പനികൾക്ക് തോന്നുന്ന മാനദണ്ഡത്തിലാണ് അവിടങ്ങളിലെ വേതന വിതരണം. മുൻനിര ചാനലുകൾ ഒഴികെയുള്ള ഇടങ്ങളിൽ സാമാന്യം ഭേദപ്പെട്ട തസ്തികകളിൽ ഇരിക്കുന്നവർക്കുപോലും വേതന നിരക്ക് വളരെ പരിതാപകരം ആണ്. മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വകവെക്കാതെ വാർത്തകളെ പുറംലോകത്തെത്തിക്കുന്നവരിൽ പലർക്കും മര്യാദക്ക് ഭക്ഷണം കഴിക്കാനുള്ള വക പോലും ലഭിക്കുന്നില്ല എന്ന് എത്ര പേർക്ക് അറിയാം? അച്ചടിമാധ്യമങ്ങൾക്കായി നിലവിൽവന്ന, പത്രപ്രവർത്തന പണിയിൽ ഏർപ്പെടുന്നവർക്ക് മാന്യമായ വേതനം ഉറപ്പാക്കുന്ന മജീദിയ വേജ് ബോർഡ് ഭൂരിഭാഗ മലയാള പത്രങ്ങളും നടപ്പാക്കിയിട്ടില്ല. ഇതുമൂലം തുച്ഛമായ വേതനത്തിലാണ് പല ചെറുകിട പത്രങ്ങളിലെയും ജീവനക്കാർ തൊഴിലെടുക്കുന്നത്. പല കാരണങ്ങളാൽ നേരത്തെതന്നെ ശമ്പള പ്രതിസന്ധി നിലനിൽക്കുന്നയിടങ്ങളിൽ പരസ്യവരുമാനത്തിലുള്ള ഇടിവും കോവിഡ് മഹാമാരി കൊണ്ടുവന്ന തളർച്ചയും കൂടി ചേർന്ന് അതീവ മോശം ജീവിതാവസ്ഥയിലേക്കാണ് ചാനൽ- വിഷ്വൽ- ഓൺലൈൻ മാധ്യമങ്ങളിൽ തൊഴിലെടുക്കുന്നവർ നടന്നുനീങ്ങുന്നത്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സമൂഹ മാധ്യമങ്ങളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും വരവോടെ മാധ്യമ രംഗം ആകപ്പാടെ പല തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിലൊന്ന്, വ്യവസ്ഥാപിത മാധ്യമങ്ങൾക്കുമേൽ ഇവ കൊണ്ടുവന്നിട്ടുള്ള സമ്മർദ്ദമാണ്. വ്യവസ്ഥാപിത മാധ്യമങ്ങൾ ബോധപൂർവം ഒളിപ്പിക്കുന്ന വാർത്തകൾ, അത് അവഗണിക്കുന്ന വാർത്തകൾ ഒക്കെതന്നെ ഒരു മറയും സ്ഥലപരിമിതിയുമില്ലാതെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയത് എടുത്തുപറയേണ്ടതാണ്. പെരുമ്പാവൂരിലെ ജിഷ കൊലപാതകം അടക്കം ചൂണ്ടിക്കാണിക്കാൻ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാറിന്റെ വിവാദ നീക്കമായ പാരിസ്ഥിതിക ആഘാത പഠന വിജ്ഞാ​പനവും. മുഖ്യധാരാ മാധ്യമങ്ങൾ ആദ്യം പ്രാധാന്യം കൊടുക്കാതിരുന്ന ഈ വിഷയം സമൂഹ മാധ്യമങ്ങൾ, പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് അതിന്റെ ഗതി മാറിയത്. കോർപറേറ്റുകൾക്കും പരസ്യ ദാതാക്കൾക്കും അനുകൂലമായി മുഖ്യധാരാ മാധ്യമങ്ങളിൽ പലതും നിലപാടുകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരത്തിൽ ജനങ്ങൾക്ക് പ്രതികരിക്കാൻ നവ മാധ്യമങ്ങളിലൂടെ വഴിയൊരുങ്ങുന്നത്. ഇത് പോസിറ്റീവായ ഒരു ഘടകമാണ്.

എന്നാൽ, ഒട്ടേറെ പ്രതിസന്ധികളും സമൂഹ മാധ്യമങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. വസ്തുതകളേക്കാൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത് വൈകാരികതയാണ്. അത് ബോധപൂർവമാണെന്ന് പല അന്വേഷണങ്ങളിൽ ബോധ്യപ്പെട്ടിട്ടുണ്ട്. വായനക്കാരുടെ വൈകാരികതയെ ഉദ്ദീപിപ്പിക്കുന്ന വിവരങ്ങൾക്ക് സമൂഹ മാധ്യമ അധികൃതർ ഉയർന്ന റേറ്റിങ്ങുകൾക്ക് അവസരമൊരുക്കുന്നുണ്ട്. പല ഓൺലൈൻ സൈറ്റുകളുടെയും മോസ്റ്റ് പോപ്പുലർ ആയി കിടക്കുന്നത് ഒരു വാർത്താ മൂല്യവുമില്ലാത്തവയാണെന്ന് കാണാനാവും. കമന്റ് ബോക്‌സുകൾ നോക്കിയാലും അതുതന്നെ. ഇതിനായി തലക്കെട്ടുകൾ മുതൽ പൊലിപ്പിക്കൽ തുടങ്ങുന്നു. ഈ വായനാശൈലി രൂപം കൊണ്ടതോടെ പത്രങ്ങളും സോഫ്റ്റ് സ്റ്റോറികൾക്ക് കൂടുതൽ പ്രാധ്യാന്യം കൊടുക്കാൻ തുടങ്ങി. അവയുടെ ഉപ പ്രസിദ്ധീകരണങ്ങളും അതിലേക്ക് വഴുതി വീണു. വാർത്താലോകത്തെ ഏറ്റവും ഗൗരവതരമായും ജാഗ്രതയോടെയും സമീപിക്കേണ്ട ഒരു കാലത്തിലൂടെ കടന്നുപോവുന്ന സന്ദർഭത്തിൽ തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. അതിനാൽ, വ്യവസ്ഥാപിത മാധ്യമങ്ങളും നവ മാധ്യമങ്ങളും ഒടുക്കം എത്തിച്ചേരുന്ന ഇടം ഒന്നുതന്നെയാവുമോ എന്ന ആശങ്കക്ക് സാധ്യതയേറുന്നുണ്ട്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, വ്യാജ വാർത്തകൾക്ക് ഇതിൽ കിട്ടുന്ന ഇടമാണ്. ഒരു നിരപരാധിയെ കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് കുറ്റവാളിയാക്കാനും വലിയ വ്യാജൻമാരെ വെള്ളപൂശി വിശുദ്ധരാക്കാനും ഇവിടെ കഴിയും. അച്ചടിമാധ്യമങ്ങൾക്ക് തെറ്റു പറ്റിയാൽ അത് തിരുത്താനുള്ള ഇടമുണ്ട്. എന്നാൽ, ഇവിടെ അതില്ല. ഇത്തരം വ്യാജവാർത്തകൾ വ്യവസ്ഥാപിത മാധ്യമങ്ങൾ അടക്കം എടുത്ത് ആഘോഷിച്ച എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുമുണ്ട്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

‘പത്മരാജ​ന്റെ കഥകൾ' കവർ
‘പത്മരാജ​ന്റെ കഥകൾ' കവർ

മാധ്യമപ്രവർത്തനം എന്നത് സമാന്യം ശ്രദ്ധ വേണ്ടതും സമ്മർദ്ദമേറ്റുന്നതുമായ ജോലിയാണ്. അത് വ്യക്തിജീവിതത്തിലും പ്രതിഫലിക്കും. അതിനാൽ തന്നെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പത്രമൊഴികെയുള്ള വായനകൾ കാര്യമായി പരിമിതപ്പെട്ടിരുന്നു. അത് പല അർത്ഥത്തിൽ നമ്മുടെ തൊഴിൽ ശേഷിയെയും വ്യക്തിപരമായ വികാസത്തെയും ബാധിക്കുമെന്നതിനാൽ ഇപ്പോൾ ബോധപൂർവം വായന തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു. ഭാഷാശേഷിയും ചിന്താശേഷിയും ഒരുപോലെ പുഷ്ടിപ്പെടണമെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക ഗണത്തിൽപ്പെടുന്ന പുസ്തകങ്ങൾ വായിച്ചിട്ട് കാര്യമില്ല. പ്രത്യേകിച്ച് പല തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട മാധ്യമപ്രവർത്തകർ. ഏറ്റവും ഒടുവിൽ വായിച്ചത് "പത്മരാജ​ന്റെ
കഥകൾ' എന്ന കഥാസമാഹാരമാണ്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

നേർക്കുനേരെ പറഞ്ഞാൽ വൻ കിടക്കാരും കുത്തകകളും മാത്രം അതിജീവിക്കുന്ന ഒരു സാഹചര്യമാണ് കോവിഡ് കൊണ്ടുവന്നിരിക്കുന്നത്. ഇത് വൈകാതെ നമുക്ക് മുന്നിൽ തെളിയും. പല ചെറുകിട വ്യവസായങ്ങൾക്കുമുണ്ടായ തിരിച്ചടികൾ പോലെ മാധ്യമ വ്യവസായത്തിലും സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ കാലിടറുന്ന കാഴ്ചയുണ്ട്. അത് നിഷേധിക്കാനാവില്ല. വലിയ മുതൽമുടക്കില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈനുകൾ കുറച്ചുകാലം കൂടി അതിജീവിച്ചേക്കാം. അതിനുള്ള സാധ്യതപോലും അച്ചടി - വിഷ്വൽ മീഡിയക്കുണ്ടാവുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ചേർന്ന് അവശേഷിപ്പിക്കുന്ന ഒരു തൊഴിലാളി വിഭാഗം എങ്ങനെ അതിജീവിക്കുമെന്ന വലിയൊരു ചോദ്യമുണ്ട്. ഇത് ഉണ്ടാക്കുന്ന ഭയം അത്ര ചെറുതല്ല.

കേന്ദ്രസർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമ ഭേദഗതികൾ നോക്കുക. മാധ്യമ മുതലാളിമാർക്ക് അനുകൂലമായവയാണ് അതിൽ പലതും. നിയമപരമായ പോരാട്ടങ്ങൾ പോലും വിജയിക്കാൻ സാധ്യതയില്ലാതെ തൊഴിലാളി യൂണിയനുകളെ തകർച്ചയിലേക്ക് നയിക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയവയാണ് അവ. ലോകത്താകമാനം തീവ്രവലതുപക്ഷം ഭരണകൂടങ്ങളുടെ തലപ്പത്തേക്ക് പ്രത്യക്ഷമായി തെന്ന രംഗപ്രവേശനം ചെയ്യുകയാണ്. മുതലാളിത്തം പുതിയ രൂപ ഭാവങ്ങളിലേക്ക് ചേക്കേറുന്നു. ഈയൊരു സന്ദർഭത്തിൽ ചൂഷിത പക്ഷത്തിനുവേണ്ടി നിലകൊള്ളാൻ കുത്തക മാധ്യമങ്ങൾ തയ്യാറാവുമെന്ന് കരുതാനാവില്ല. ഭരണകൂടങ്ങൾക്ക് പൗരൻമാരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ അടക്കം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുേമ്പാൾ ഏതു തരത്തിലുള്ള പ്രതിഷേധവും അത് തൊഴിലാളി യൂണിയനുകളുടേതാവട്ടെ, മനുഷ്യാവകാശപ്രവർത്തകരുടേതാവട്ടെ നിശബ്ദമാക്കെപ്പടാനും അമർച്ച ചെയ്യാനുമുള്ള സാധ്യതകൾ ആണ് കാണുന്നത്. ലോകത്തുടനീളം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി കടന്നുവരുന്നതും പൊടുന്നനെ അവയെല്ലാം നിലയ്ക്കുകയും ചെയ്തതെന്ന് ശ്രദ്ധിക്കുക.
ഇനി നവ മുതലാളിത്ത തന്ത്രങ്ങളെ അതിജീവിക്കുന്ന പുതിയ തൊഴിൽ സമരങ്ങൾ ഉയർന്നുവരാത്തിടത്തോളം മാധ്യമ മേഖലയിൽ അടക്കം കാര്യങ്ങൾ അത്ര ആശാവഹമല്ല.


Comments