മനില സി. മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
ഇ. സനീഷ് : വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. വിമർശം എന്നത് തെറ്റായ കാര്യമേയല്ല, വളരെ പോസിറ്റീവായ ഒന്നാണ്. ധാരാളം തെറ്റ്പറ്റിയേക്കാവുന്ന, എന്നാൽ തെറ്റ് ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണ് മാധ്യമ പ്രവർത്തനം. നമ്മുടെ നിസ്സാരമായ തെറ്റുകൾ പോലും വലിയ ബുദ്ധിമുട്ട് സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ പണിയെടുക്കുന്ന മനുഷ്യർക്ക് പിശക് സംഭവിക്കും. അതുകൊണ്ട് തന്നെ വിമർശനവും തെറ്റ് തിരുത്തലും നിരന്തരം നടക്കേണ്ട സംഗതിയാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രത്തെ എണ്ണയിടുന്ന പോലത്തെ പോസിറ്റീവായ സംഗതിയാണ് വിമർശനം. വിമർശം വരുന്നത് സ്ഥാപനങ്ങൾക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ എന്നത് പ്രധാനമേയല്ല. എവിടെ നിന്ന് വന്നാലും അത് പോസിറ്റീവായെടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്ന് ചോദിച്ചാൽ, വിമർശിക്കാനുള്ള കാര്യങ്ങൾ സംഭവിക്കുന്നത് കൊണ്ട് എന്നാണ് ഉത്തരം. മനുഷ്യർ പണിയെടുക്കുന്ന ഇടമാണല്ലോ ഇതും. മറ്റെല്ലായിടത്തുമെന്ന പോലെ പ്രത്യേകമായ താൽപര്യങ്ങൾ ചില മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും ഭരിക്കുന്നുണ്ടാകുമല്ലോ. അത്തരം താൽപര്യങ്ങളോട് വിയോജിപ്പുള്ളവരും വിമർശിക്കും. മാധ്യമങ്ങൾക്ക് തെറ്റ് വരുന്നു എന്നത് അസ്വാഭാവികതയല്ല. അതുകൊണ്ട് വിമർശിക്കപ്പെടുന്നതും അസ്വാഭാവികതയല്ല. വിമർശിക്കുന്നവരോട് ചിലപ്പോഴൊക്കെ മാധ്യമപ്രവർത്തകർക്കും, സ്ഥാപനങ്ങൾക്കും ദേഷ്യം തോന്നിയേക്കാം. അതും സ്വാഭാവികമായ കാര്യമാണ്. എന്നുവെച്ച് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി പോകരുത്. അത് അവരവർക്ക് തന്നെയാണ് ദോഷം ചെയ്യുക. വ്യക്തികൾക്ക് സാധിച്ചില്ല എന്ന് വരാം, എന്നാലും സ്ഥാപനങ്ങൾക്ക് ഒരൽപ്പം നിസ്സംഗത ഇത്തരം കാര്യങ്ങളിൽ വേണ്ടതാണ്.
ക്രൂരമായ വിമർശം എന്നുകൂടെ ചോദ്യത്തിൽ ഉള്ളതുകൊണ്ട് ഇത്ര കൂടി പറയുന്നു. ക്രൂരമായ എന്തും ക്രൂരം തന്നെയാണല്ലോ. അത് പാടില്ലാത്തതാണ്. പക്ഷെ നിശിതമായ വിമർശത്തെ ക്രൂരം എന്ന് കണക്കുകൂട്ടരുത്. അപൂർവം ചിലർ വിമർശമാണെന്ന് കരുതി പുലഭ്യം പറയുന്നവരാണ്. അവരെ പരമാവധി മൈൻഡ് ചെയ്യാതിരിക്കുക, അല്ലെങ്കിൽ നിയമനടപടിക്ക് വിധേയമാക്കുക. അത്രതന്നെ.
എം.ജി.രാധാകൃഷ്ണൻ •സ്റ്റാൻലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹൻ•ടി.എം. ഹർഷൻ •വി.പി. റജീന•ഉണ്ണി ബാലകൃഷ്ണൻ•കെ. ടോണി ജോസ്•രാജീവ് ദേവരാജ്• എം. സുചിത്ര•ജോൺ ബ്രിട്ടാസ്•വി.ബി. പരമേശ്വരൻ•വി.എം. ദീപ•വിധു വിൻസെൻറ് •ജോസി ജോസഫ്•വെങ്കിടേഷ് രാമകൃഷ്ണൻ •ധന്യ രാജേന്ദ്രൻ •ജോണി ലൂക്കോസ് •എം.വി. നികേഷ് കുമാർ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ഉണ്ട് എന്നും ഇല്ല എന്നും ഞാൻ കരുതുന്നുണ്ട്. നിശ്ചയമായും മാധ്യമപ്രവർത്തകർ ചില പ്രിവിലേജുകൾ നേടുന്നുണ്ട്. രാഷ്ട്രീയമാണല്ലോ നാട്ടിലെ അധികാരവുമായി ചേർന്ന് നിൽക്കുന്ന ഏറ്റവും മേൽത്തട്ട് മേഖല. ആ മേൽത്തട്ട് മേഖലയെക്കുറിച്ചുള്ള അറിവും അടുപ്പവും കൂടുതലുള്ള ആളുകളാണ് മാധ്യമപ്രവർത്തകർ എന്ന ഒരു തോന്നൽ പൊതുജനത്തിനുണ്ട്. ആ തോന്നൽ ചില പ്രിവിലേജുകൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ടെലിവിഷൻ ജേണലിസ്റ്റുകൾക്കാണെങ്കിൽ ഷോ ബിസിനസ്സുമായുള്ള ചാർച്ചക്കൂടുതൽ കൊണ്ട് ആ നിലയ്ക്കുള്ള ഗ്ലാമർ പ്രിവിലേജും കിട്ടുന്നുണ്ട്. അങ്ങനെ ഈ പണിയെടുക്കുന്നവർക്ക് പ്രിവിലേജ് കിട്ടുന്നുണ്ട് എന്നത് സത്യമാണ്.
ഇല്ല എന്ന ഉത്തരം കൂടി ഞാൻ പറയുന്നത്, ഇങ്ങനെ ഒരു സവിശേഷാധികാരത്തിന് അർഹത ഇല്ല എന്ന തോന്നൽ കൊണ്ടാണ് . സമൂഹത്തിലെ വിശേഷ മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നല്ല
മാധ്യമപ്രവർത്തനം. പല വിശേഷമേഖലകളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലത്തെ ഒന്ന് മാത്രമാണ്. പ്രതിഫലിപ്പിക്കുന്ന മേഖലകളുടെയെല്ലാം ഗരിമയുടെ കുറേശ്ശേ കിട്ടുന്നത് കൊണ്ട് മാത്രമാണ് നാട്ടുകാർ ആ സവിശേഷാധികാരം നമുക്ക്- അബോധമായിട്ടാണെങ്കിലും - കൽപിച്ച് തരുന്നത്. (മുകളിൽ പറഞ്ഞ രാഷ്ട്രീയമേഖലയുടെ ഉദാഹരണം നോക്കുക). ഇങ്ങനെ മറ്റ് മേഖലകളുടെ ചെലവിൽ വരുന്ന പ്രിവിലേജിൽ പൊങ്ങി ഉയർന്ന് പറന്ന് പോകാതിരിക്കുക എന്നത് നമ്മൾ സ്വയം ചെയ്യേണ്ടതാണ്. ഈ സവിശേഷാധികാരത്തിന്റെ അഹങ്കാരം നമ്മുടെ തടിക്ക് കൊടുക്കാതെ നോക്കേണ്ടതുണ്ട്. അപരന്റെ ചെലവിൽ കിട്ടുന്നൊരു പ്രിവിലേജ് മാത്രമാണത് എന്ന് മനസ്സിലാക്കിയാൽ സംഗതി കഴിഞ്ഞു. ഇത് എളുപ്പമാണ് എന്നല്ല. ചിലപ്പോഴൊക്കെ നമ്മക്ക് ഈ പ്രിവിലേജിൽ ഒരു രസം ഒക്കെ തോന്നും. എന്നാലും ആകാവുന്നിടത്തോളം ഇക്കാര്യത്തെക്കുറിച്ച് സ്വയം ഓർമിപ്പിച്ചാൽ നന്നാകും.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?
ഇല്ല. ഒരു കാലത്തും അത് ഉണ്ടായിരുന്നില്ല. ഒരിടത്തും ഉണ്ടായിട്ടില്ല എന്നുകൂടി പറയണമെന്നുണ്ട്. എല്ലായിടത്തെയും കുറിച്ച് നേർക്കുനേർ അറിവില്ലാത്തത് കൊണ്ട് അങ്ങനെ പറയുന്നില്ല. കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. രാജ്യസമാചാരം തൊട്ടുള്ള പ്രസിദ്ധീകരണങ്ങൾ പോലും ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ളതായിരുന്നല്ലോ. സ്വാതന്ത്ര്യസമരകാലത്ത് ഏതെങ്കിലും മാധ്യമങ്ങൾക്ക് നിഷ്പക്ഷരാകാൻ പറ്റുമായിരുന്നോ. ഭരിക്കുന്ന ബ്രിട്ടീഷുകാർക്കും സമരം ചെയ്യുന്ന ഇന്ത്യക്കാർക്കും മുന്നിൽ ഒരു പോലെ നിഷ്പക്ഷരാകാൻ വേണ്ടിയല്ലല്ലോ നമ്മുടെ നാട്ടിൽ മാധ്യമപ്രവർത്തനം തന്നെയും ഉണ്ടായത്. സ്വാതന്ത്ര്യം കിട്ടിയ ശേഷവും എതിർക്കാനുള്ള സംഗതികൾ നാട്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പക്ഷം പിടുത്തവും ഉണ്ടായിരുന്നു. ഓരോ പുതിയ മാധ്യമവും വന്നത് ലക്ഷ്യവും പക്ഷവും വെച്ച് തന്നെയാണ്. സ്ഥാപനങ്ങൾ ഉണ്ടാക്കിയവർക്കും അതിൽ പണിയെടുക്കുന്നവർക്കുമൊക്കെ രാഷ്ട്രീയവും സാമൂഹ്യവുമായ ബോധ്യങ്ങൾ ഉണ്ടാകുമല്ലോ. അവർ അതുവെച്ച് തന്നെയല്ലേ വാർത്ത പുറത്തേക്ക് വിടുക. അതുകൊണ്ട് അതിലെല്ലാം പക്ഷം പിടുത്തവും കാണും. ഞാൻ നിഷ്പക്ഷനാണ് എന്ന് പറയുന്ന മാധ്യമപ്രവർത്തകനോട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. നിലപാട് വെച്ചുള്ള പക്ഷം പിടുത്തം തെറ്റായി ഞാൻ കാണുന്നില്ല.
എന്നാൽ നാട്ടിലെ രാഷ്ട്രീയഗ്രൂപ്പുകളോടും മറ്റ് ഗ്രൂപ്പുകളോടും നിഷ്പക്ഷമായ അകലവും നിഷ്പക്ഷമായ അടുപ്പവും പുലർത്തിക്കൊണ്ടുള്ള മാധ്യമപ്രവർത്തനം നല്ല ബഹുമാനം തോന്നിക്കുന്നൊരു ആശയവുമാണ്. അങ്ങനെ അധികാരഗ്രൂപ്പുകളോടും താൽപര്യങ്ങളോടും സമ്മർദ്ദങ്ങളോടും നിസ്സംഗതയും നിഷ്പക്ഷതയും പുലർത്താനാകുന്നുണ്ട് ആർക്കെങ്കിലും എങ്കിൽ വളരെ നല്ലതാണ്.
ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?
ഗുണപരമായ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. സാങ്കേതികവിദ്യയും കാലവും വികസിക്കുമ്പോൾ വന്ന ഒരു സംഗതിയാണല്ലോ ടെലിവിഷൻ മാധ്യമങ്ങൾ. അങ്ങനെയുള്ള സമൂഹവികാസം വഴി വരുന്ന പുതിയ സംഗതികൾ അപ്പാടെ മോശമാണ് എന്ന് പറഞ്ഞാൽ അത് തെറ്റായ കാര്യമാകും. അതുകൊണ്ട് പോസിറ്റീവായ മാറ്റം തന്നെയാണ് ടെലിവിഷൻ മാധ്യമങ്ങളുടെ വരവ്. ദൃശ്യങ്ങൾ എന്നത് പവർഫുൾ സംഗതിയാണല്ലോ. ചില സാഹചര്യങ്ങളിൽ വലിയൊരളവോളം സത്യത്തെ പ്രതിഫലിപ്പിക്കാൻ എഴുത്തിനെക്കാൾ ദൃശ്യങ്ങൾക്ക് സാധിക്കും. അതുകൊണ്ട് ദൃശ്യമാധ്യമപ്രവർത്തനത്തിന് സാധ്യതയുണ്ട്. സിനിമയും ഡോക്യുമെന്ററികളും സീരീസുകളും പുതിയ കാലത്ത് ഉണ്ടാക്കുന്ന രാഷ്ട്രീയമായ ഉണർവ് കൂടി ഓർത്ത് ഇതിനെ നോക്കുമ്പോൾ സംഗതി ശുഭകരമായി നമുക്ക് തോന്നും. എന്നാൽ അത്തരം ഗംഭീരമായ കാര്യങ്ങളാണോ നമ്മുടെ ദൃശ്യമാധ്യമരംഗത്ത് നടക്കുന്നത് എന്ന് ചോദിച്ചാൽ നെഗറ്റീവ് ഉത്തരം കൊടുക്കേണ്ടി വരും. പക്ഷെ അത് ഈ മേഖലയെ അപ്പാടെ തള്ളിക്കളയുന്നതിന് കാര്യമാകരുത്. പ്രിന്റ് മാധ്യമങ്ങൾക്കും പിന്നീട് വന്ന സാമൂഹ്യമാധ്യമങ്ങൾക്കും ഉള്ള കുഴപ്പങ്ങളൊക്കെ തന്നെയേ ടെലിവിഷൻ മാധ്യമങ്ങൾക്കും ഉള്ളൂ. കുറേക്കൂടെ വിസിബിൾ മാധ്യമം ആയത് കൊണ്ട് അവയുടെ കുഴപ്പങ്ങൾ കുറേക്കൂടെ വ്യക്തമായി കാണാം. കുഴപ്പങ്ങളുടെ ആ അധികവ്യക്തത തന്നെ അവയുടെ ഗുണങ്ങളിലൊന്നാണ്.
ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?
അതൊരു തെറ്റായ വിമർശമല്ലല്ലോ. വസ്തുതയാണ്. മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലെ ചില വസ്തുതകൾ ഇതോട് ചേർത്തും വായിക്കാൻ അഭ്യർഥിക്കുന്നു.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?
ഇല്ല. അതിപ്പോ ഏത് മേഖലയിലാണ് ഉള്ളത്?. കേരളത്തിന്റെ മുഖ്യധാരയിൽ സ്ത്രീവിരുദ്ധത എന്ന വാക്ക് പോലും പറഞ്ഞ് തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയിട്ടുള്ളൂ. അത് വെച്ചൊക്കെ വന്ന സിനിമകൾ ആലോചിക്കുക. ആകെ രണ്ടോ മൂന്നോ എണ്ണം കാണും. അത്തരം ശ്രമങ്ങളെ പോലും പൊളിറ്റിക്കൽ കരക്ടനെസ് എന്ന് പുച്ഛത്തോടെ പറഞ്ഞ് ചുണ്ട് കോണിച്ച് പരിഹസിച്ച് ചെറുതാക്കുന്ന ആളുകളാണ് നാട്ടിൽ കൂടുതലും. ഇതിനൊക്കെ ഇടയിലൂടെ വേണ്ടേ ആ രാഷ്ട്രീയം വരാൻ. മറ്റ് പലയിടത്തും എന്ന പോലെ
സമനീതിരാഷ്ട്രീയം മാധ്യമങ്ങളിലും അതിശക്തമായ ഒന്നല്ല. പക്ഷെ മറ്റ് പല തൊഴിൽമേഖലകളിലെക്കാൾ കൂടുതൽ ഇവിടെ, മാധ്യമമേഖലയിൽ അതുണ്ട് എന്നാണ് ഞാൻ പ്രവർത്തിച്ച സ്ഥാപനങ്ങൾ വെച്ചുള്ള എന്റെ അനുഭവം. ലിംഗനീതീവിരുദ്ധമായ സംഗതികൾ ഉണ്ടാകുമ്പോൾ അവ ഇവിടെ പലയിടത്തും എതിർക്കപ്പെടാറുണ്ട്. അതിന് മുൻകൈയെടുക്കുന്ന സ്ത്രീകളടക്കമുള്ളവർ ഇത്തരം മാധ്യമസ്ഥാപനങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ നീതിപോലും മുതിർന്നവർക്കേ കിട്ടുന്നുള്ളു എന്ന് ചൂണ്ടിക്കാട്ടുന്ന സുഹൃത്തുക്കൾ ഉണ്ട്. അവസരം കിട്ടിയ സ്ത്രീകൾ ഗംഭീര പെർഫോമൻസ് നടത്തി കരിയറിൽ കുതിപ്പ് നടത്തിയതിന് ഇവിടെ ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ തുടക്ക സമയങ്ങളിൽ തന്നെ അവസരം വീതിക്കപ്പെടുമ്പോൾ ലിംഗപരമായ സമനീതി പാലിക്കപ്പെടുന്നുണ്ടോ എന്ന് നമ്മൾ പരിശോധിക്കേണ്ടിവരും. തുല്യതയ്ക്കായുള്ള ഇത്തരം സമരങ്ങൾ നിരന്തരം തുടരേണ്ട സംഗതിയാണല്ലോ. വേറെ ഒരു കാര്യമുള്ളത് ലിംഗനീതി ചർച്ച ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്ന് പോലും പുറത്ത് പോകുന്ന വാർത്താ ഔട്പുട്ടിൽ അതിഭയങ്കരമായ സമനീതീവിരുദ്ധമായ പലതും ഇഷ്ടം പോലെ ഉണ്ടാകാറുണ്ട് എന്നതാണ്.
ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ടെലിവിഷൻ മേഖലയിലാണ് ഞാൻ പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളത്. ഇവിടെ ഈയൊരു സീനിയർ- ജൂനിയർ ആനുപാതിക വ്യത്യാസം ശമ്പളകാര്യത്തിൽ വളരെ വലുതായി ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രധാന ടി.വി സ്ഥാപനങ്ങളെല്ലാം ഇക്കാര്യത്തിൽ തരക്കേടില്ലാത്ത നിലപാടുള്ളവരാണ് എന്നാണ് ഞാനറിഞ്ഞിട്ടുള്ളത്. എന്നാലിത് എന്റെ നേർക്ക് നേർ അറിവുള്ള സ്ഥാപനങ്ങളെപ്പറ്റി മാത്രമാണ്. എല്ലായിടത്തും എല്ലാം ഭദ്രമാണ് എന്ന അഭിപ്രായം ഞാൻ പറയാനാളല്ല. അതാകാൻ സാധ്യതയുമില്ല.
ചോദ്യം: വ്യവസ്ഥാപിതമാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വലിയ സ്വാധീനമുണ്ട്. സോഷ്യൽ മീഡിയ ഇപ്പോൾ എല്ലാവർക്കും വേണ്ട ഒന്നാണ്. വലിയ തോതിലാണ് എല്ലാ ഇതരമാധ്യമങ്ങളും ഇപ്പോൾ അതിനെ ആശ്രയിക്കുന്നത്. അവിടെ വരുന്ന അഭിനന്ദനങ്ങളെയും അവമതിപ്പുകളെയും എല്ലാവരും അമിതമായി കണക്കിലെടുക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സാധാരണക്കാരായ ആരെങ്കിലും അയാളുടെ മോശം സംസ്‌കാരത്തിന്റെ ബലത്തിൽ വല്ല തെറിയും വിളിച്ചാൽ ഉടനെ അത് വലിയ കാടിളക്കലിന് കാരണമാകുന്നു. അവഗണിച്ച് വിടാവുന്ന സംഗതികൾ പോലും വലിയ തോതിൽ ചിത്രീകരിക്കപ്പെടുകയാണ്.
പക്ഷെ സോഷ്യൽ മീഡിയ വളരെ ഗുണപരമായ ചില സ്വാധീനങ്ങളും ഉണ്ടാക്കുന്നുണ്ട്. അവിടെ ഇടപെടുന്ന, പല മേഖലകളിലുമുള്ള ഗംഭീരരായ ചില വ്യക്തികളും കൂട്ടായ്മകളും വലിയ വെളിച്ചങ്ങൾ മുഖ്യധാരാ മേഖലയിൽ ഉള്ള എനിക്കൊക്കെ നൽകിയിട്ടുണ്ട്. അക്കാര്യത്തെ നന്ദിയോടെയേ കാണാനാകൂ.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
ജേണലിസ്റ്റുകളുടെ പണിയുടെ ഭാഗമല്ലേ വായന. അതിന് സമയം കിട്ടുന്നുണ്ടോ എന്നത് എന്തൊരു ചോദ്യമാണ് എന്ന് തോന്നി. സ്വറ്റ്ലാന അലക്സിയേവിച്ചിന്റെ സെക്കൻഡ് ഹാൻഡ് ടൈം, സൗത്ത് കൊറിയൻ നോവലിസ്റ്റ് ചോ നാം ജൂ-വിന്റെ കിം ജിയൂംഗ് , ബോൺ 1982 എന്ന നോവൽ, കാൾ സാഗന്റെ കോസ്മോസിന്റെ മലയാളവിവർത്തനം... ഇവയാണ് അടുത്ത് വായിച്ച പുസ്തകങ്ങൾ. ദിനേഷ് നാരായണന്റെ ‘ദി ആർ.എസ്.എസ് ആൻഡ് ദി മെയ്ക്കിംഗ് ഓഫ് ദി ഡീപ് നേഷൻ’ ഇപ്പോൾ വായിക്കുന്നു. ബുദ്ധന്റെ ജീവചരിത്രമായ ‘ഓൾഡ് പാത്ത് വൈറ്റ് ക്ലൗഡ്സ്’ വായിക്കാൻ എടുത്ത് വെച്ചിട്ടുമുണ്ട്.
സോവിയറ്റ് യൂണിയന്റെ തകർച്ച, അതിന്റെ പലകാലങ്ങളിലെ രാഷ്ട്രീയം , അതിന്റെ ഉലച്ചിലുകളിൽ പെട്ടുപോയ ജീവിതങ്ങൾ എന്നിവയാണ് സെക്കൻഡ് ഹാൻഡ് ടൈമിലുള്ളത്. അസാധ്യപുസ്തകം. കിം ജിയൂംഗ് ഒരു ഫെമിനിസ്റ്റ് നോവലാണ്. സ്ത്രീകൾ നേരിടുന്ന വിവേചനം എത്രയ്ക്ക് അതിസാധാരണ കാര്യങ്ങളിലൂടെയാണ് എന്ന് അമ്പരപ്പിച്ച് മനസ്സിലാക്കിത്തരുന്ന ഒന്ന്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
തുർക്കി, റഷ്യ എന്നിവിടങ്ങളിലേതു പോലെ മാധ്യമപ്രവർത്തനം അസാധ്യമാകാൻ പോവുകയാണ് എന്ന് തോന്നലുണ്ടാക്കുന്ന പല സംഗതികളുമുണ്ട്.എല്ലാ സമൂഹങ്ങളെയും മുന്നോട്ട് നയിക്കുന്ന ശക്തി രാഷ്ട്രീയമാണ്, രാഷ്ട്രീയപ്രവർത്തനമാണ്. മാധ്യമപ്രവർത്തനം ഒക്കെ പിന്നിലേ വരൂ. ജനാധിപത്യ, രാഷ്ട്രീയകാലാവസ്ഥ എങ്ങനെ എന്നതനുസരിച്ച് വെല്ലുവിളികളും ശുഭപ്രതീക്ഷകളും മാറി മാറി അനുഭവിക്കാനാകുന്നുണ്ട്.