കൊള്ളാവുന്ന കണ്ടന്റിനും കൊള്ളാവുന്ന എഡിറ്റർക്കും ആവശ്യക്കാരുണ്ടാവുന്ന കാലം വരും

സമൂഹത്തിലെ പല അനീതികൾക്കെതിരെയും എഴുതുന്നവരാണ് മാധ്യമങ്ങൾ; അതേസമയം അത്തരം അനീതിയുടെ ഇരകളുമാണ്- ഡെക്കാൻ ക്രോണിക്കിൾ എക്​സിക്യൂട്ടീവ്​ എഡിറ്റർ കെ.ജെ. ജേക്കബ്​ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ്
തോന്നിയിട്ടുള്ളത്?

കെ.ജെ. ജേക്കബ്​: ക്രൂരമായി വിമർശിക്കപ്പെടുന്നു എന്ന ഒരു തോന്നലും എനിക്കില്ല. ആളുകൾക്ക് വിവരങ്ങൾ എത്തിച്ചുകൊടുക്കുക എന്ന പണിയാണ് മാധ്യമങ്ങളുടേത്. ജനാധിപത്യത്തിൽ ആ വിവരങ്ങൾകൂടി വെച്ചാണ് ജനങ്ങൾ തീരുമാനമെടുക്കുന്നത്; അതുകൊണ്ട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി. അതിനു ചില പ്രോസസ്സുകളുണ്ട്. അതിനിടയിൽ ചിലപ്പോൾ തെറ്റുപറ്റാം. പക്ഷെ അതിനപ്പുറം ഒരു അജണ്ട വെച്ച് സംഭവങ്ങളെ സമീപിക്കുകയും നീതിപൂർവകമായ വിലയിരുത്തൽ നടത്താതിരിക്കുകയും സമൂഹത്തിന്റെ മുൻഗണനകളെ മാറ്റിമറിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സമൂഹം പ്രതികരിച്ചു എന്നിരിക്കും. അത് ജീവനുള്ള ഒരു സമൂഹത്തിന്റെ സ്വഭാവമാണ്.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ഭരണഘടനപ്രകാരം അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉള്ളതാണ്. പത്രപ്രവർത്തകനായ ഞാൻ ഉപയോഗിക്കുന്ന സ്വതന്ത്ര്യം പൗരന്റേതാണ്. അതിനപ്പുറം പ്രിവിലേജുകൾ ഒന്നുമില്ല, തൊഴിൽ ചെയ്യാനുള്ള ചില സൗകര്യങ്ങൾ സർക്കാരും സമൂഹവും ചെയ്തുതരുന്നുണ്ട് എന്നതൊഴിച്ചാൽ.

എന്നാൽ സാധാരണ പൗരന്മാരേക്കാൾ കൂടുതൽ പ്രതിബദ്ധത പത്രപ്രവർത്തകന് ജനാധിപത്യത്തോടു വേണം. സമൂഹത്തിലെ മറ്റു തൊഴിലുകൾ ഏർപ്പെടുന്നവർക്ക്- കൈപ്പണിക്കാരനോ കൃഷിക്കാരനോ അദ്ധ്യാപകനോ ഡോക്ടറോ കച്ചവടക്കാരനോ ബാങ്കറോ എഞ്ചിനീയറോ- ഏതു വ്യവസ്ഥിതിയിലും അവരുടെ ജോലി ചെയ്യാം. പക്ഷെ ജനാധിപത്യം ഇല്ലെങ്കിൽ പത്രപ്രവർത്തകന് ചെയ്യാൻ പണിയില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിക്ഷ്പക്ഷ മാധ്യമപ്രവർത്തനം എന്നൊന്നുള്ളതാണ് എന്ന് എനിക്ക് തോന്നുന്നില്ല, എന്നാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നൊന്നുള്ളതായാണ് എന്റെ അനുഭവം. വസ്തുതകളെയും സംഭവങ്ങളെയും സ്വതന്ത്രമായി കാണുക എന്നതാണ് അത്. അത് നിഷ്പക്ഷമായിരിക്കണം എന്നില്ല. ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കാണുക എന്നതാണ് അതിന്റെ അടിസ്ഥാനം. മിക്കവാറും അത് അധികാരികൾക്ക് എതിരായിരിക്കും; അപൂർവ്വമായി അനുകൂലമായിരിക്കും. അതെങ്ങിനെ ആയിരിക്കും എന്നോർത്ത് ആകുലപ്പെടേണ്ട കാര്യമില്ല.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

വിവരങ്ങൾ പെട്ടെന്ന് അറിയാൻ ജനങ്ങൾക്ക് പറ്റുന്നു എന്നതുകൊണ്ട് ടെലിവിഷൻ ജേണലിസം അങ്ങേയറ്റം പ്രസക്തമാണ്. ദൃശ്യങ്ങളെയും വർണങ്ങളെയും കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ടെലിവിഷൻ അച്ചടിമാധ്യമങ്ങളെ നിർബന്ധിച്ചിട്ടുണ്ട്. അത് ഗുണകരമായ മാറ്റമാണ്. ഗുണപരമല്ലാത്ത മാറ്റങ്ങൾക്ക് ടെലിവിഷൻ ജേണലിസത്തെ പഴിചാരിയിട്ടു കാര്യവുമില്ല.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

നിയന്ത്രണത്തിലാണ് എന്ന് തോന്നാറില്ല; പക്ഷെ അവർക്കു സ്വാധീനമുണ്ട്. അത് സ്വാഭാവികമാണ് താനും. ലോകത്തെങ്ങും ആ സ്വാധീനമുണ്ട്. എന്നാൽ അവ നേരിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തുണ്ടായി. ഒരു നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാതൃഭൂമി പത്രത്തിന് പരസ്യം കൊടുക്കില്ല എന്ന് ഭീമ എന്ന സ്വർണ്ണാഭരണ ഗ്രൂപ്പ് പരസ്യമായി നിലപാടെടുത്തു. അത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഭാഗ്യവശാൽ അത്തരം നേരിട്ടുള്ള ഇടപെടലിന്റെ ആവർത്തനം ഉണ്ടായില്ല.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

സമൂഹത്തിലെ പല അനീതികൾക്കെതിരെയും എഴുതുന്നവരാണ് മാധ്യമങ്ങൾ; അതേസമയം അത്തരം അനീതിയുടെ ഇരകളുമാണ്. നമ്മൾ നമ്മുടെ ജോലി ചെയ്യുന്നു എന്നുമാത്രം കരുതിയാൽ മതി. താരതമ്യേന മെച്ചപ്പെട്ട തൊഴിൽരംഗമായാണ് എനിക്ക് തോന്നിയിട്ടുള്ളത്; ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിലും.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

സത്യമാണ്. നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിൽ അധികം മാധ്യമ സാന്ദ്രത ഉണ്ടാവുകയും അതുകൊണ്ടുതന്നെ വരുമാനം കൂടുതലായി വീതിച്ചുപോവുകയും മാധ്യമസ്ഥാപനങ്ങൾ നിലനിപ്പിനായി പലതരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു. അതിന്റെ ഭാഗമായി പലപ്പോഴും വാർത്തയുടെ ഗുണനിലവാരം കുറയുന്നു. ഇതൊരു വിഷമവൃത്തമാണ്. ഇതിൽനിന്നു രക്ഷ കിട്ടണമെങ്കിൽ വാർത്തയുടെ മൂല്യം മെച്ചപ്പെടുകയും അതിനുള്ള വില കൊടുക്കാൻ അതിന്റെ ഉപഭോക്താക്കൾ തയ്യാറാവുകയും വേണം. അത് നടക്കും എന്നാണ് എന്റെ പ്രതീക്ഷ. മാധ്യമപ്രവർത്തനം ഉയർന്ന നിലവാരത്തിലുള്ള സ്‌കില്ലുകൾ ആവശ്യമായ തൊഴിൽ മേഖലയാണ്.

വിവരങ്ങൾ തപ്പിയെടുക്കുന്നതും അത് പ്രോസസ്സ് ചെയ്യുന്നതും സമൂഹത്തിനു ഗുണകരമായ വിധത്തിൽ അത് ജനങ്ങളിലേക്കെത്തിക്കുന്നതും വളരെയധികം ശ്രമകരമായ, ആഴത്തിലും പരപ്പിലുമുള്ള പലതരം അറിവുകൾ ആവശ്യമുള്ള ഒരു ജോലിയാണ്. തക്കതായ പ്രതിഫലമില്ലെങ്കിൽ കൊള്ളാവുന്ന ആളുകൾ ഈ രംഗം വിടും, പുതിയ ആളുകൾ വരാൻ മടിക്കും. പിന്നെ വരുന്നത് കൊള്ളക്കാരായിരിക്കും. വിമർശനപരമായി കാര്യങ്ങളെ കാണാൻ സമൂഹത്തെ തയാറാക്കുന്നതിനുപകരം ഇക്കിളിപ്പെടാൻ അവർ അതിനെ പ്രേരിപ്പിക്കും. ജനാധിപത്യത്തിന്റെ ദുർബലപ്പെടൽ ആയിരിക്കും അതിന്റെ ഫലം.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

മാധ്യമങ്ങൾ, അവ വ്യവസ്ഥാപിതമാണെങ്കിലും അല്ലെങ്കിലും, പരസ്പരം സ്വാധീനിക്കും. സോഷ്യൽ മീഡിയ കൂടുതൽ വ്യാപകമാകുന്നതോടെ ആ സ്വാധീനം കൂടുതലാവുകയും ചെയ്യും. അത് രണ്ടു തരം മാധ്യമങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

എന്റെ ജോലിയുടെ പ്രത്യേകതവച്ച് പത്രങ്ങളും ആനുകാലികങ്ങളും

"ഫാക്റ്റ്ഫുൾനെസ്സ്' കവർ

എഡിറ്റോറിയലുകളും വായിച്ചേ പറ്റൂ. ഗൗരവമുള്ള വായന, ഫിക്ഷൻ ഒഴിച്ചാൽ വളരെ സെലക്ടീവ് ആണ്. അവസാനം വായിച്ചുതീർത്തത് സ്വീഡൻകാരനായ ഹാൻസ് റോസ്ലിങ് എഴുതിയ "ഫാക്റ്റ്ഫുൾനെസ്സ്' എന്ന പുസ്തകമാണ്. നമ്മുടെ പൊതുധാരണകൾക്കപ്പുറം വസ്തുതകൾ ഉണ്ടെന്നും അവ രസകരമായ വിവരങ്ങൾ തരുന്നുണ്ടെന്നും നമ്മളെ നിർബന്ധിച്ച് ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകമാണ് അത്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

പ്രവചനം അസാധ്യമാണ്. പക്ഷെ കൊള്ളാവുന്ന കണ്ടന്റിനും കൊള്ളാവുന്ന എഡിറ്റർക്കും ആവശ്യക്കാരുണ്ടാവുന്ന കാലം വരും എന്നാണ് എന്റെ തോന്നൽ. അതൊരു പുതിയ കാര്യമല്ല; അങ്ങിനെ ആയിരുന്നു നേരത്തെ. ഇനിയും അതങ്ങിനെത്തന്നെ ആകാനാണ് സാധ്യത.

Comments