90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
ഏഴാം വഴി
▮
നൂറു മനുഷ്യർക്ക് നൂറു തീൻമേശകളാകും.
ചിലർ, കൊതിക്കുന്നതെല്ലാം ലഭിക്കുന്ന അക്ഷയപാത്രങ്ങൾ കയ്യിലുള്ളവർ. ചിലർ വിശപ്പിനപ്പുറം വിളമ്പികിട്ടാത്തവർ. വിശപ്പിനെ അറിയുന്നവരും വിഭവങ്ങളെ അറിയുന്നവരുമായി ലോകം കാലാകാലങ്ങളായി ചേരിതിരിഞ്ഞുതന്നെ തുടരുന്നു. ഏറ്റവും വലിയ കൊതിയൻ വിശക്കുന്നവൻ തന്നെ. ഏറ്റവും രുചി, വിശപ്പിനെ മാറ്റുന്നത് എന്തോ അതിന് അവകാശപ്പെടാം.
രുചി തന്നെയാണ് അസമത്വത്തിന്റെ ഏറ്റവും നല്ല അളവുകോൽ. ഒരു ബണ്ണിൽ നിന്ന് ഒരു ബൺ മസ്കയിലേക്കുള്ള ദൂരം പോലെ!
കൊതിച്ചതെല്ലാം രുചിച്ചാലും വയറും മനസും ഒരുപോലെനിറയണമെന്നില്ല. തുറക്കാൻ മടിക്കുന്ന ചോറ്റുപാത്രത്തിലേക്ക്, കൊണ്ടുവന്നതെല്ലാം കുത്തിനിറക്കുന്ന കൂട്ടിനോളം രുചി ഒരു കൊതിക്കൂട്ടിനുമില്ല. സങ്കടങ്ങളും സന്ദേഹങ്ങളും മാറ്റുന്ന, സുഹൃത്തുക്കൾക്കൊപ്പമുള്ള ചൂടുചായ നേരത്തിന് ‘ചെലവ്’ ചില്ലറയെങ്കിലും അതിന്റെ 'വരവ്' ഒട്ടും ചില്ലറയല്ല. നൂറുകൂട്ടസദ്യയേക്കാൾ ഒരായുഷ്കാലം ഓർക്കുന്നത്, ഒന്നോ രണ്ടോ വറ്റിൽ തീർന്ന ഒരു ചോറൂണിന്റെ രുചിയാകാം. അല്ലെങ്കിലും എല്ലാ ചേരുവകളും പണം കൊടുത്ത് വാങ്ങുന്നത് അല്ലെന്നിരിക്കെ, രുചിയൊരു ഡെലൂലൂ തിയറിയാണ്. സ്നേഹം കൊണ്ടറിയുന്ന സാന്നിധ്യം.
കൊതിച്ചതും രുചിച്ചതുമെല്ലാം കേവലം ചേരുവകളുടെ ചേർച്ച നോക്കി ഗുണിച്ചും ഹരിച്ചും ക്യാപ്സൂൾ വിഡിയോകൾ മാത്രമായി മാറുന്ന കാലത്ത്, നമ്മുടെ പഴയകാല മെനു എന്തെല്ലാമായിരുന്നു, അക്കാല രുചികൾക്ക് നമ്മൾ നൽകിയ റേറ്റിംഗ് എത്രയായിരുന്നു. ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു ക്രോക്കറി സെറ്റു പോലെ നമ്മുടെ ഷെൽഫിലിരിക്കുന്ന രുചിയോർമകളെ പൊടിതട്ടിയെടുത്താലോ.
ഓർമോപനിഷത്ത് പല കാല- പല രുചികളിലൂടെ.
വായിക്കാം, കേൾക്കാം: 90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി
വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ
തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ
ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്
പ്രാണൻ നിറച്ച പാട്ടുകൾ
കാലം,
എംബാപ്പെയുടെ
കാൽവേഗത്തിൽ
അടുപ്പും അടുക്കള വാതിലും
അമ്മയുടെ സാരിത്തുമ്പും
അടുപ്പുകൾ രണ്ടെണ്ണമുണ്ടായിരുന്നു.
ഒന്ന് അടുക്കള മൂലയിൽ. മണ്ണ് മേഞ്ഞ മുന്തിയൊരെണ്ണം.
രണ്ടാമൻ പുറത്ത്, വിറകുപുരയിൽ നിന്ന് അൽപം വിട്ടുമാറി. മൂന്ന് കല്ലിൽ, സിംപിൾ- പവർഫുൾ.
രണ്ടിനും രണ്ട് ധർമങ്ങൾ. രണ്ടിനും രണ്ട് രീതിയിലുള്ള പരിചരണങ്ങൾ. അകമടുപ്പ് പരിലാളനകളേറ്റവൻ. പ്രിയരുചികൾക്കുവേണ്ടി മാത്രം തിളച്ചവൻ. ചുവരാകെ പുക തുപ്പി കറുപ്പിച്ചാലും ആരും മുഖം കറുപ്പിക്കാത്തവൻ. പുറമടുപ്പ്, പെരുവയറൻ. വിറകെത്ര തിന്നാലും വിശപ്പുമാറാത്തവൻ. അരിയിടുന്നവൻ. അതിനപ്പുറം അടുക്കള സഹായമില്ലാത്തവൻ. അപ്പം ചുട്ട് തന്നവൻ ഒന്നാമനെങ്കിലും അടുപ്പം രണ്ടാമനോടായിരുന്നു. തീ കായാൻ വിളിച്ചവൻ അവനാണ്. തീരാത്ത തണുപ്പകറ്റാൻ വെട്ടിതിളക്കുന്ന വെള്ളം തന്നതും അവൻ തന്നെ. കശുവണ്ടി ചുട്ട് തന്നതും അതേ മുക്കാലൻ തന്നെ. തീരുന്നില്ല, അടുപ്പ് കൂട്ടി അപ്പം ചുട്ടുകളിച്ചത് അവനെ കണ്ടായിരിക്കാം.
ഈ രണ്ടടുപ്പിനുചുറ്റും കറങ്ങിയ കുട്ടിക്കാല നേരങ്ങൾ ചെറുതല്ല. എന്തെന്നാൽ അടുപ്പിനടുത്താകും അമ്മയേറെയും. അമ്മയുടെ സാരിത്തുമ്പിലായ സമയങ്ങൾ ഏറെയും അടുപ്പിനടുത്തുള്ള സമയങ്ങൾ കൂടിയായിരുന്നു. അടുപ്പെന്ന് പേരുവന്നതും, അതിനോളം അടുപ്പം കൂട്ടുന്ന ഒന്നില്ലാത്തതുകൊണ്ടാകും. അടുപ്പ് കാഞ്ഞ് അപ്പം ചുട്ട് അടുപ്പം കൂടിയാവരാണ് മനുഷ്യകുലമാകെ.
അടുക്കളസഹായത്തിലാദ്യം അടുപ്പെരിയാനുള്ള വിറക് പെറുക്കലായിരുന്നു. അക്കാല ബാലവേലകളിൽ പ്രഥമൻ അതുതന്നെ. പറമ്പുകളിൽ നിന്ന് ഓലയും മടലും കൊതുമ്പുമെല്ലാം വിറകുപുരകളിലെത്തിക്കുക, ചകിരിയും ചിരട്ടയും വാങ്ങിക്കൊണ്ടുവരിക, ഇതെല്ലാം കുട്ടിക്കാല ഒഴിവുനേരങ്ങളിലെ ഭാരിച്ച ഉത്തരവാദിത്തങ്ങളായി തുടർന്നു. അതിരുകൾ അടയാളങ്ങൾ മാത്രമായിരുന്ന കാലത്ത് വീഴുന്ന ഓലക്ക് അവകാശികൾ ഉടമകൾ മാത്രമായിരുന്നില്ല. വീണ ഓല ആദ്യം കാണുന്നവരുടെ വീട്ടിലെത്തും. ഒരു ഓലയൊപ്പിച്ചുകൊടുത്താൽ ഒരു ബാറ്റ് കമ്മീഷൻ കിട്ടുന്ന കാലം. ഓല എടുക്കാൻ പോകുമ്പോൾ ഒരു പാള കിട്ടിയാൽ അത് മുറ്റത്ത് സർവീസ് ആരംഭിക്കും. ഓടിക്കളിച്ച വഴിയിൽ എവിടെയങ്കിലും ഒരു മാവ് പൂത്താൽ ഏറു തുടങ്ങും. പേരക്കയും ചാമ്പക്കയും അധികം വാഴില്ല. രുചിയുടെ സാഹസവഴികളുടെ തുടക്കമതാകും.
വിയർപ്പ് പൊടിയുന്ന ഒരു ജോലി ആദ്യം പയറ്റി നോക്കിയത് വിറക് കീറുന്നതാകും. അടുക്കള സഹായങ്ങളിലേക്ക് പിന്നാലെ ഒന്നുകൂടെയെത്തി. സാധനങ്ങൾ വാങ്ങിവരുക. റേഷൻ കടയോട്ടം, മാവേലി സ്റ്റോറിലേക്കുള്ള ഓട്ടം, മില്ലിലേക്കുള്ള ഓട്ടം, മീൻ വാങ്ങാനുള്ള ഓട്ടം അടുക്കളവാതിൽ വഴിയുള്ള ഇറങ്ങിയോട്ടങ്ങളുടെ എണ്ണം കൂടി. വെന്തിട്ടുണ്ടോ, ഉപ്പുണ്ടോ, എരിവുണ്ടോ എന്ന സൂക്ഷ്മ പരിശോധനാജോലിക്കപ്പറും ലഭിച്ച കടുക് വറുക്കുക, പപ്പടം കാച്ചുക, ഓംലൈറ്റ് ഉണ്ടാക്കുക തുടങ്ങിയ അധിക ജോലികൾ പാചകത്തിന്റെ ബാലപാഠങ്ങളായി. പാത്രം കഴുകാതിരുന്നാലായിരുന്നു വിവാദവും വഴക്കും. അടുക്കളയിലെ പുകയും കരിയും കാലം മായ്ച്ചെങ്കിലും ഓർമകളുടെ ചൂടാറാപ്പെട്ടിയിൽ ആയിരം പഴയ അടുക്കളചിത്രങ്ങൾ.

റേറ്റിംഗില്ലാക്കാലത്തെ
പഴയരുചി വഴികൾ
ഇൻസ്റ്റൻഡ് ഫുഡും ഇൻസ്റ്റാമാർട്ടും ഇല്ലാക്കാലമാണ്. കുറ്റിയിൽ നിന്നിറങ്ങി കുഴൽ വഴി വീട്ടിലെത്തി തുടങ്ങിയ പാചകവാതകം പോലും പ്രചുരപ്രചാരത്തിൽ ഇല്ലാക്കാലം. കരിപിടിച്ച ചുമരുകൾ അടുക്കളയ്ക്ക് അലങ്കാരമായ കാലം. പുകയില്ലാത്ത അടുപ്പുകൾ കണ്ടുപിടിച്ചവരുടെ കുളൂസ് കണ്ട അക്കാലം വീട്ടിലെ മെനു, വിരലിലെണ്ണാവുന്ന വിഭവങ്ങളുടെ കുഞ്ഞുമെനു തന്നെയായിരുന്നു. മാറിയും മറഞ്ഞും അതുതന്നെ. വിഭവങ്ങളുടെ അഭാവത്തെ കൈപ്പുണ്യം കൊണ്ട് കീഴടക്കുമായിരുന്നു എല്ലാ വീട്ടുകാരും. ഒരു ചക്ക, എത്ര വേഷം കെട്ടിവന്നാലും കയ്യടി മാത്രം നേടുന്ന കാലം. ആഘോഷങ്ങൾക്ക് അകമ്പടിയായി അധിക രുചികളെത്തും. ഓണത്തിന് ഒരു ഇലയോളം വലുപ്പം. ദീപാവലിക്കൊരു പാക്കറ്റോളം സന്തോഷം. പെരുന്നാളിന് ബിരിയാണി കാസറോളുകളുടെ തൂക്കം. വർഷാന്ത്യ അത്താഴം പോൽ അപ്പവും വീഞ്ഞും. പിറന്നാൾ പകൽ പായസവും മിഠായിയും. പങ്കുവക്കലിൽ പതിന്മടങ്ങാകുന്ന രുചിക്കൂട്ടുകളേറെ. ഉത്സവങ്ങളും കല്യാണങ്ങളും വെപ്പും വിളമ്പലും വേറെ വൈബാക്കും. നാടാകെ കൂടുന്ന പാചകമേളം. കല്യാണവീടുകൾക്ക് എന്നും കലവറമണം. പ്രസാദഊട്ടുകൾക്ക് പൂവിന്റെ ഗന്ധം. നേർത്തേപോയവർക്കുള്ള നേർച്ചപ്പൂജകൾക്ക് കള്ളിന്റെ കിക്കും മത്തും. കാറ്റിൽ ക്ലാസ് റൂം ജനാല വഴി എത്തുന്ന ഉച്ചക്കഞ്ഞിച്ചൂടേൽക്കാത്തവരുണ്ടോ.
ഇല്ലായ്മകളേയും വല്ലായ്മകളേയും മാറ്റിനിർത്തിയാലും മെനു പരിഷ്കരിക്കാനും മാറ്റി പരീക്ഷിക്കാനും ഇന്നത്തെയത്ര സംഗതികളന്നുണ്ടായിരുന്നോ.
കോളിഫ്ളവർ അപൂർവമായി കാണുന്ന കാലം. ബ്രൊക്കോളി ജനിച്ചിട്ടുണ്ടോ? ഇന്ന് വഴിയിൽ നിന്ന് എഴുന്നേറ്റു പോകാത്ത ഡ്രാഗൺ ഫ്രൂട്ട് അന്ന് ഒരു വഴിയിലും ഞങ്ങൾ കണ്ടിരുന്നില്ല. ചോളം മുറ്റത്തുണ്ടായിരുന്നുവെങ്കിലും അതൊരു പോപ് കോൺ ആയി കാണാൻ രണ്ട് പതിറ്റാണ്ട് മുന്നോട്ടോടേണ്ടി വന്നു. ഏത് ഋതുഭേദമെടുത്താലും എത്ര ആഘോഷങ്ങളെടുത്താലും എണ്ണിച്ചുടുന്ന അപ്പംപോലെ എണ്ണിയെടുക്കാവുന്ന വിഭവങ്ങൾ മാത്രം. സകല അടുപ്പിലും പിറന്ന സർവ പരീക്ഷണങ്ങളെ എഴുതിക്കൂട്ടിയാലും അക്കാല മെനു ഇന്നത്തെപോലൊരു ജംബോ പട്ടികയാകില്ലെന്ന് തീർച്ച. പഴയരുചി വഴികൾക്ക് ഒരു ഇടവഴിയോളം മാത്രം വീതി.

പാർലെജി ശക്തിമാനും
ബ്രിട്ടാനിയ ജയ് ഹനുമാനും
മിഠായികൾക്ക് ഒന്നും തന്നെ കുപ്പായമില്ലാക്കാലമായിരുന്നു. അല്ലെങ്കിൽ കൂടും കുപ്പായവുമുള്ള മിഠായികളേക്കാൾ അവയില്ലാത്തവ അപ്രമാദിത്യം കാണിച്ച കാലം. ജോകര, പല്ലൊട്ടി, തേൻമിഠായി, വിക്സ് മിഠായി, നാരങ്ങാ മിഠായി, സേമിയോ എന്നിങ്ങനെ പല ആകൃതിയിൽ പല നിറത്തിൽ പലവിധ മധുരക്കൂട്ടുകൾ. അതിനൊപ്പം ഉപ്പുമാങ്ങകളും നെല്ലിക്കകളും നിറഞ്ഞ ചില്ലുഭരണികളുടെ നിര. അതിനെല്ലാം മുകളിൽ കോർത്തിട്ട വിവിധതരം അച്ചാറുകൾ. പുളിയച്ചാറുകൾ പാക്കറ്റോടെ വിഴുങ്ങുന്ന കാലം. ഒരു തുണിക്കടയ്ക്കോ പാത്രക്കടയ്ക്കോ ഇല്ലാത്ത അഴകും അച്ചടക്കവും സ്കൂളോരം ചേർന്ന മിഠായിക്കടകൾക്കുണ്ടായിരുന്നു. അൻപതു പൈസയുണ്ടെങ്കിൽ കീശ നിറക്കാവുന്നയത്ര മിഠായി വാങ്ങാം. ഉച്ചക്കഞ്ഞിയായിരുന്നു മറ്റൊരു സ്കൂൾ സ്പെഷ്യൽ. പയറും കഞ്ഞിയും വാങ്ങാൻ പാത്രത്തിൽ കൊട്ടി വരി നിന്ന വെയിൽനേരങ്ങളെത്ര.
ബിസ്ക്കറ്റ് ചായയിൽ വീഴുന്നതും ഐസ് താഴപ്പോകുന്നതുമായിരുന്നു അക്കാലത്തേ വലിയ ദൌർഭാഗ്യങ്ങൾ. ഒരു ലോട്ടറി അടിക്കുന്നതു പോലെയാണ് ഒരു പാലൈസ് കയ്യിൽ കിട്ടുക. പാലൈസ് വണ്ടി നമ്മുടെ വീട്ടുവഴിയിലേക്ക് എപ്പോൾ എത്തുമെന്ന് പാലൈസുകാരനല്ലാതെ പടച്ചോന് മാത്രമാണറിയുക. എത്തിയാൽ മാത്രം പോരാ, എത്തുന്ന കാലത്ത് ഹോണടി നമ്മൾ കേൾക്കണം. കേൾക്കുന്ന നേരത്ത് കയ്യിൽ ചില്ലറ വേണം. അല്ലെങ്കിൽ അതുള്ളവർ കടാക്ഷിക്കണം. അതുമല്ലെങ്കിൽ പൈസക്കുഞ്ചി കുലുക്കിയോ പരിപ്പുപാട്ട പരതിയോ ചില്ലറ ഒപ്പിക്കുംവരെ അയാൾ നമ്മളെ കാക്കണം. പഞ്ഞിമുട്ടായിക്കും ഈ പ്രകൃതിനിയമം ബാധകമായിരുന്നു. ഒരു എഴുന്നള്ളത്തുപോലെ ഒന്നല്ല, ഒരുപാട് തവണ ഐസുവണ്ടിയെ ആനയിച്ചു യാത്രയാക്കിയിട്ടുണ്ട്.
സെലിബ്രിറ്റികൾ മാത്രം ഇൻഫ്ലുവൻസേഴ്സായ കാലം ബൂസ്റ്റ് ആണ് സച്ചിന്റെ സെഞ്ചുറികൾക്കെല്ലാം പിന്നിലെ എനർജിയെന്ന് അടിയുറച്ചു വിശ്വസിച്ചു. അന്നത്തെ ഏറ്റവും വലിയ ടെലിവിഷൻ ഷോകൾ ടൈറ്റിൽ സ്പോൺസർമാർ ബിസ്ക്കറ്റ് കമ്പനികളായിരുന്നു. പാർലെജി ശക്തിമാനും ബ്രിട്ടാനിയ ജയ് ഹനുമാനും. ബിസ്ക്കറ്റുകളിൽ നിന്ന് ബിസ്ക്കോഫുകളിലേക്ക് കാലം കുതറിയപ്പോൾ പ്രതാപം ക്ഷയിച്ച രണ്ട് ബ്രാൻഡുകൾ. മാഗി ന്യൂഡിൽസാകും മെനുവിലേക്ക് വന്ന ആദ്യ വിദേശി. ലെയ്സ് പ്രചാരം നേടിയില്ലാത്ത കാലത്ത്, വൈകുന്നേരങ്ങളിൽ കപ്പ ചിപ്സുകളുണ്ടാക്കുന്ന തട്ടുവണ്ടികൾക്ക് മുന്നിൽ ആളുകൂടുമായിരുന്നു. ചെറിയ ക്ലാസിൽ നിന്ന് വലിയ ക്ലാസുകളിലേക്കുള്ള മാറ്റത്തിനിടെ രുചിയും കൊതിയും ബബിൾ ഗം പോലെ വീർത്തു. സഞ്ചയിക പൈസകൾ സിപ്പപ് തിന്നുതീർത്തു. ഒരു സിപ്പപ്പ് മൂന്നാക്കി മുറിച്ച് പങ്കിട്ടു. പുതിയ പരീക്ഷണങ്ങളിലേക്ക് ഐസ് ഒരതിയെത്തി. ഷാർജയുടെ വരവ് കൂൾബാറുകൾ ആഘോഷമാക്കി. കൂട്ടുകൂടിയുള്ള തീറ്റപ്രാന്ത് അവിൽ മിൽക്കിലേക്കും ലൈമിലേക്കും പപ്സിലേക്കും മാറി. പട്ടാണിത്തട്ടുകൾക്കും പ്രിയമേറി. രുചിയോർമകളുടെ ഓടാമ്പലിളക്കിയാൽ വയറും മനസും നിറച്ചവരായിരമുണ്ട്.

നിർത്താതെ ഓടുന്ന
ഓറഞ്ചുപെട്ടികൾ
പോകെപ്പോകെ എല്ലാം ബ്രാൻഡുകളിലേക്ക് മാറി. ബിരിയാണിക്കൊതി, ബോംബെ ബിരിയാണിക്കൊതിയായി. പൊറോട്ടക്കൊതി, പാരഗൺ പൊറോട്ടക്കൊതിയായി. വീട്ടിലെ ഊണും പൊതിച്ചോറും വരെ ബ്രാൻഡുകളുടെ മുദ്രയിലെത്തി. ഉണ്ടാക്കി കഴിക്കാൻ മടിച്ചവരെ തേടി ഇൻസ്റ്റൻഡ് ഫുഡുകളെത്തി. കാത്തിരിക്കാൻ മടിച്ചവർക്ക് കൂട്ടായി ഫാസ്റ്റ് ഫുഡുകളെത്തി. പോയി കഴിക്കാൻ മടിച്ചവരെ തേടി ഡെലിവറി ആപ്പുകളെത്തി. അറേബ്യനും യൂറോപ്യനും അമേരിക്കനുമെല്ലാമായി തീൻമേശകൾ യൂണിവേഴ്സലായി.ഒരു സ്വിഗി ബോയ് മുന്നിലും പിന്നിലും ഇല്ലാതെ കൊച്ചിയുടെ റോഡിലൂടെ നിങ്ങൾക്ക് കാറെടുത്ത് പോകാനാകില്ലെന്നതാണ് സത്യം. വളഞ്ഞും തിരിഞ്ഞും വെട്ടിയൊഴിഞ്ഞും ഒരു ഓറഞ്ചുപെട്ടി എങ്ങോ ആരെയോ തേടിപോകുന്നതുകാണാം.
റീലുകൾ ഒരു പത്തെണ്ണം കുത്തിയിരുന്ന് കാണാൻ തീരുമാനിച്ചാൽ ഒരെണ്ണം ഒരു രുചിയോ, രുചിയിടമോ പരിചയപ്പെടുത്തുന്നതാകും. ഞെട്ടിക്കൽ ബിരിയാണി മുതൽ പിസ്താ തിരാമിസു വരെ ടൈംലൈൻ നിറയെ എന്തെല്ലാമേതെല്ലാം. നളനും നമ്പൂതിരിയും എന്നുവേണ്ട നാടാകെ ഷെഫുമാരുടെ നിലനിൽപ്പുസമ്മേളനം കാണുന്ന കാലം കൂടിയാണ്. കണ്ടെയ്നറായും കപ്പലായും തീം റെസ്റ്റോറന്‍റുകൾ എത്രയെത്ര. പഴയിടങ്ങൾ, പുതിയിടങ്ങൾ, പലവിധ രുചിയിടങ്ങൾ.
ഒരു കാലിചായ കുടിക്കാൻ കയറിയാൽ പോലും ഓർഡറെടുക്കാൻ എത്തുന്നവർ കശ്മീരി ചായ മുതൽ കന്യാകുമാരി ചായ വരെ ഓപ്ഷൻ ഒത്തിരി മുന്നിൽവക്കും. സ്ട്രോംഗ്, മീഡിയം, ലൈറ്റ് എന്നതിനപ്പുറം ചായയ്ക്ക് വേറെ വകഭേദങ്ങൾ ഇല്ലാക്കാലത്ത് നിന്ന് നൂറ് വെറൈറ്റികളുടെ കാലത്തേക്ക് എത്ര വേഗമാണ് നമ്മൾ പാഞ്ഞെത്തിയത്. ഉയരും കൂടുംതോറും ചായയുടെ രുചി കൂടുമെന്നത് പരസ്യമോ രഹസ്യമോ എന്നറിയാൻ സാധിച്ചില്ലെങ്കിലും കാലം പോകുംതോറും രുചിയുടെ നൂറുവഴികളെ നമ്മൾ കാണുന്നു. ചെറിയ രുചിമരത്തണലുവിട്ട് ചില്ലകളേറെയുള്ള വലിയ രുചിമരച്ചുവട്ടിലെത്തി നിൽക്കുന്നു നമ്മുടെ യാത്ര.

കൈവെള്ളയിൽ ഒരു രൂപ നാണയം മുറുക്കെ പിടിച്ച് ഒരു പാലൈസുകാരന്റെ പുറകേയോടിയ നമ്മുടെ ഫോണിൽ ഐസ്ക്രീം ഓഫറുകളുടെ നോട്ടിഫിക്കേഷൻ വായിക്കപ്പെടാതെ ട്രാഷിൽ അടക്കപ്പെടുന്നു.
ഒരു ക്ലിക്കിൽ ഓടിവരുന്ന ഒരു ഓറഞ്ചുപെട്ടിപോൽ കൊതിയോടെ കാത്തുനിൽക്കുന്ന എല്ലാത്തിലേക്കുമുള്ള ദൂരം കാലം കുറക്കട്ടെ. കയ്പ്പും ചവർപ്പുമുള്ള കാലം പെയ്തൊഴിയട്ടെ. മധുരമുള്ള കാലം മാത്രം കടന്നുവരട്ടെ. അല്ലെങ്കിലും ഒരു ചായ കുടിക്കാൻ പോയാലോ എന്നതിനപ്പുറം സന്തോഷം തരുന്ന ഒരു ചോദ്യമുണ്ടോ. ഏത് നേരത്തുകേട്ടാലും എഴുന്നേൽപ്പിക്കാൻ കെൽപ്പുള്ള ചോദ്യം. അപ്പോൾ ഒരു ചായ കുടിക്കാൻ പോയാലോ?
(അവസാനിക്കുന്നില്ല).
