21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 5
▮
‘Oh yes, Okay: Its about talking to each other as if words were sounds and matter’
- Jean -Luc Godard, La Chinoise (1967)
ന്യൂ ജെൻ അൽഗോ സ്പീക്ക് പുതുതലമുറകളുടെ സ്വാഭാവികമായ സംവേദനത്തിൽ കടന്നുവരികയും മുൻതലമുറകൾക്ക് അത് കൗതുകമായോ അമർഷമായോ ശ്രേഷ്ഠഭാഷയുടെ തറവാടിത്ത പ്രതിസന്ധിയായോ തെളിമലയാളത്തിന്റെ വംശീയ അശുദ്ധീകരണമായോ അനുഭവപ്പെടുന്നത് തികച്ചും പുതിയ കാര്യമല്ല.
‘ചെത്ത്’ മുതൽ ‘പൊളി’ വരെ
സംസ്കാരത്തിന്റെ ജൈവിക അടയാളങ്ങളായ വേഷത്തിലും ഭാഷയിലും അതു പ്രത്യക്ഷീകരിക്കും. എല്ലാ തലമുറകളും ഇത് അഭിമുഖീകരിച്ചിരിക്കണം. 25 വർഷങ്ങൾക്കു മുമ്പും സ്ഥിതി ഇതു തന്നെയായിരുന്നു. തൊണ്ണൂറുകളുടെ പകുതിയോടെയാണെന്നു തോന്നുന്നു, Yamaha RX 100 നഗരവീഥികളിൽ ഇറങ്ങിയ കാലത്ത്, കാർഗോ പ്ലാന്റുകൾ പുത്തൻ ഫാഷനായി തുടങ്ങിയ വേളയിൽ, ഗൾഫ് പണത്തിന്റെ ഒഴുക്കിൽ വേഗതയുടെ കാര്യത്തിൽ മലയാളി യുവാക്കൾക്ക് അല്പം ഊക്കു വന്ന വേളയിൽ - ഈ ആവേഗങ്ങളെയെല്ലാം ഉൾക്കൊള്ളാനാവുംവിധം അർത്ഥസ്ഫോടനം സംഭവിച്ച ഒരു വാക്കിന്റെ ചീളാണ് ചെത്ത്. ആധുനികതയുടെ ലിംഗ്വ ഫ്രാങ്കാ സൃഷ്ടിച്ച ഒ.വി. വിജയൻ 'ചെത്ത്' എന്ന പുതിയ വാക്കിനെ കൈയിലെടുത്തു നോക്കി പരിശോധിച്ച് പറഞ്ഞത്, തന്റെ തലമുറയ്ക്ക് 'ചെത്ത്' ഒരു തൊഴിലായിരുന്നുവെന്നാണ്. പക്ഷെ ഒ.വി.വിജയൻ പറയാതെ വിട്ടുകളഞ്ഞ, ജാതിബദ്ധമായ തൊഴിലിനോടുള്ള നവോത്ഥാന സംഘർഷങ്ങളെയെല്ലാം പാടെ നിഷേധിക്കുന്ന വിധത്തിലാണ് 'ചെത്തി'ന് അർത്ഥസംക്രമണം സംഭവിച്ചത്. ഇന്നും ഈ വാക്കിനെ ഇപ്പോഴും കണ്ടുമുട്ടാറുണ്ട്, വാട്ട്സ്ആപ്പ് അലുംനി സദസ്സിൽ, അല്ലെങ്കിൽ പഴയ സഖാക്കൾ തമ്മിലുള്ള സൊറ പറച്ചിലിൽ, അതുമല്ലെങ്കിൽ ഘനീഭവിച്ച ഓർമ്മകളുടെ സായംവേളകളിൽ, പഴയ പ്രണയിതാക്കൾ അണുകുടുംബബാധ്യതകളെല്ലാം തെല്ലു വിസ്മരിച്ച് സോഷ്യൽ മീഡിയയുടെ ഇൻബോക്സിൽ വല്ലപ്പോഴും നടത്തുന്ന സൊള്ളലിൽ. ചെത്ത് ഇന്നും ജീവിക്കുന്നു, ജീവിക്കുന്ന ഓർമകളിലൂടെ.
വായിക്കാം, കേൾക്കാം: 21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm
പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ
വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം
ചെത്ത് എന്ന പുതുപദത്തിന് പിന്നീടുള്ള കാലങ്ങളിൽ അനേകം ഭാവാന്തരങ്ങളുണ്ടായി. കേരളത്തിൽ ഐ.ടി മേഖല വ്യാപിച്ചതോടെ ടെക്‌നോപാർക്കിലും ഐ.ടി സംരഭങ്ങളിലേക്കും പുതുതലമുറ ആകർഷിക്കാൻപ്പെടാൻ തുടങ്ങിയതോടെ 2000-ാമാണ്ടിൽ പുതുപ്രസരിപ്പുകൾക്ക് അർത്ഥഗഹനത പകരാനായാണ് 'അടിപൊളി' എന്ന് വാക്ക് തദ്ഭവിച്ചതെന്നു തോന്നുന്നു. 'അടിപൊളി' ദീർഘകാലം നിൽനിന്ന വാക്കാണ്. ഒരു ദശകത്തിനപ്പുറം അത് പ്രയോഗത്തിലുണ്ടായിരുന്നു. ഇന്നും കേൾക്കാം. പക്ഷെ മില്ലേനിയൽ തലമുറ, അതായത്, ഐ.ടി സൺറൈസ് സെക്ടറായിരുന്ന കാലത്തിന്റെ അഹന്തപ്പേറികൾ, ബി.പി.ഒ ഭാഷണങ്ങളിലെ വിരുതോടെ അതിനെയൊന്നു ലോപിപ്പിച്ചു, അങ്ങനെ 'അടിപൊളി' വെറും 'പൊളി'യായി. 'പൊളി' എന്നത് 'പൊളിച്ചു' എന്നുമായി. 'പൊളി'യും 'പൊളിച്ചു' എന്നതും ഒന്നിൽ കൂടുതൽ അർത്ഥത്തെ വഹിക്കുന്ന വാക്കുകളായി. 'പൊളിക്കും’ എന്നത് ഭാവിസൂചകമായും പറയാൻ തുടങ്ങി.
ഇതിനിടെ സിനിമയിൽനിന്ന് അൽപകാലത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന ചില പഞ്ച് വാക്കുകളും കടന്നുവന്നു. പെട്ടെന്ന് ഓർക്കുന്നത് ‘സവാരി ഗിരി ഗിരി’. താൽക്കാലികമായിരുന്നു എല്ലാം. ചെത്തും അടിപൊളിയും പൊളിയും പൊളിച്ചു എന്നതും സാമൂഹ്യ മാധ്യമ ഇടങ്ങളിൽ നിന്ന് ഉദ്‌ഭവിച്ചതല്ല. കലാശാലയിൽ നിന്നോ ഏതെങ്കിലും ചങ്ങാതിക്കൂട്ടങ്ങളിൽ നിന്നോ യാദൃച്ഛികമായി ഉണ്ടായി പിന്നീട് പരസ്യവാചകങ്ങളുടെ വേഗതയിൽ കനൽ ഒരു തരി മതി എന്ന നിലയിൽ പടർന്നതാകണം. മലയാളത്തിന്റെ ഭാവസ്ഫുരതകൾ ഈ വാക്കുകളിൽ കലർന്നിരുന്നു.

Algospeak
ന്യൂ ജൻ സ്പീക്ക് അൽഗോസ്പീക്കാണ്, വിർച്വൽ പരിസരങ്ങളിൽ നിന്നാണ് അവ രൂപപ്പെടുന്നത്. അൽഗോസ്പീക് (Algospeak) എന്നാണ് ഈ വാക്കുകളെ വിളിക്കുന്നത്.
ആഡം അലെക്സിക് എഴുതിയ അൽഗോസ്പീക് എന്ന പുസ്തകം (Algospeak: How Social Media is Transforming the Future of Language, also knows as Etymologynerd, Adam Aleksic) ചർച്ച ചെയ്യുന്നത് സമൂഹ്യമാധ്യമങ്ങൾ എങ്ങനെയാണ് ഭാഷയെ മാറ്റിത്തീർക്കുന്നത് എന്നാണ്. പുസ്തകത്തിന്റെ ആദ്യ പേജുകളിൽ നൽകിയ ഉദാഹരണം ന്യൂ ജന്നിന്റെ വികാരവിരേചനങ്ങളിലേക്ക് കാഴ്‌ച തരുന്നതാണ്. നിർവാണ ബാൻഡിലെ മുഖ്യ ഗായകനായിരുന്ന കർട്ട് കൊബൈന്റെ ഓർമദിവസം അവിടെ ആദ്യമെത്തിയ അനുസ്മരണ പ്ലക്കാർഡിൽ എഴുതിയിരുന്നത്, 27-ാം വയസ്സിൽ കൊബൈൻ Unalive ചെയ്തുവെന്നാണ്. Suicide- നു പകരമായി Un-Alived എന്നാണ് കുറിച്ചിരുന്നത്. ഇന്നിപ്പോൾ Un Alive എന്നീ വാക്കുകൾക്കിടയിൽ ഒരു ഹൈഫൺ വേർതിരിവുപോലുമില്ല. ജീവിതം അവസാനിപ്പിച്ചു എന്നത് Undo എന്നതിനെ ദ്യോതിപ്പിക്കുന്നു. അത് ഒരുവേള നൈരന്തര്യമാകാം, അല്ലെങ്കിൽ എല്ലാം മായ്ച്ചുകളയലാകാം. പുതിയൊരു അനുഭവത്തെയും ഭാവുകത്വത്തെയും പ്രതിനിധാനം ചെയ്യാൻ ഒരു പുതിയ വാക്ക് കണ്ടെത്തുകയാണ്.
വാക്കുകളെ കൂട്ടിച്ചേർത്ത് പുതിയ വാക്ക് സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല. Abbreviations പുതിയ വാക്കുകളെയും മാറാറുണ്ട്. ന്യൂ ജൻ വാക്കു നിർമാണത്തിൽ സംഭവിക്കുന്നത്, അത് ഇൻസ്റ്റാഗ്രാമിലോ എക്‌സിലോ നടക്കുന്ന സംവേദനത്തിലെ കുസൃതിത്തരത്തിൽ നിന്നാണ്. വേഗതയും കുറഞ്ഞ അക്ഷരങ്ങളും ഈ പ്രക്രിയയെ സമൂഹമാധ്യമങ്ങൾ പെരുമാറുന്ന യുവാക്കൾക്ക് അഭിമതമാകുന്നു.
വർത്തമാനഭാഷയെ അപേക്ഷിച്ച് അൽഗോ ന്യൂ സ്പീക്കിന്റെ പദസഞ്ചയം വളരെ ചെറുതാണ്. വാക്കുകൾ എത്ര കുറയുന്നുവോ അത്രയും നേട്ടം. തിരഞ്ഞെടുക്കാൻ അവസരങ്ങൾ കുറയുമ്പോൾ ചിന്തിക്കാനുള്ള ത്വരയും കുറയും.
25 വർഷത്തിനിടെ ഒട്ടനവധി പുതിയ വാക്കുകൾ മലയാളത്തിലെന്നല്ല, ലോകഭാഷകളിൽ കടന്നുവന്നു. സെൽഫിയും പോസ്റ്റ് ട്രൂത്തും ബ്രെയിൻ റോട്ടും ഈ നിലയിൽ അംഗീകാരം നേടിയ വാക്കുകളാണ്. ഡിജിറ്റൽ മാധ്യമസംസ്കാരം സൃഷ്ടിച്ച ആഘാതങ്ങളെ നിശിതമായ വിമർശനകാഴ്ച്ചയോടെ നോക്കുന്ന പരികല്പനകളുടെ സ്വഭാവമുള്ള പദാവലികളാണ് സൃഷ്ടിക്കപ്പെട്ടത്. പുതിയ സാമൂഹിക പ്രതിഭാസങ്ങളെ വിമർശനത്തോടെ നോക്കുന്ന ഈ പദാവലികൾ തിരഞ്ഞെടുത്തത് ലെഗസി മാധ്യമങ്ങളായ അച്ചടിമാധ്യമങ്ങളും അതിന്റെയൊക്കെ മൂത്ത അധികാരി ഡിക്ഷനറികളുമാണ്. ഡിക്ഷനറികൾ -ഭാഷാ നിഘണ്ടുക്കൾ- വായിക്കുകയും എഴുതുകയും ചെയ്യുന്ന ആർക്കും ഒഴിവാക്കാൻപറ്റാത്ത വിശുദ്ധ പുസ്തകങ്ങളാണ്. മിക്കവാറും മധ്യവർഗ കുടുംബങ്ങളിൽ ഏതെങ്കിലും ഒരുതരത്തിലുള്ള ഡിക്ഷനറിയെങ്കിലും വാങ്ങി സൂക്ഷിക്കുക ജീവിതനേട്ടത്തിന്റെ പ്രതീകം കൂടിയാണ്. മലയാളത്തിൽ ശബ്ദതാരാവലിക്കുമുണ്ടല്ലോ പ്രതീകാത്മകമായ ചേതസ്സ്.
ജേണലിസം പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ആദ്യമായി വാങ്ങി കൈയിൽ വെയ്ക്കുന്നത് ഒരു ദ്വിഭാഷാ അക്ഷരകോശമാകണം. ഇന്ന് അതിന്റെ ആവശ്യമില്ല. മില്ലേനിയൽ തലമുറ തന്നെ ഡിക്ഷനറിയിൽ നിന്ന് തല പിൻവലിച്ചു. ന്യൂ ജൻ ഡിക്ഷണറിയിൽ എന്നല്ല പദകോശങ്ങളിലോ വാഗർത്തസംയുക്തതയിലോ അക്ഷരകൃത്യതയിലോ വിശ്വാസമർപ്പിക്കുന്നുണ്ടോ എന്നും സംശയമാണ്. അവർ സംവേദനത്തിനായി പുതുവാക്കുകൾ കണ്ടെത്തുകയാണ്. സർഗാത്മകമായ ഒരു പ്രവർത്തണമെന്നതിനേക്കാൾ ടെക്നോക്രാറ്റിക് ഉപലബ്ധിയായാണ് പുതിയ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രകടമാകുന്നത്. ഈ 25 വർഷത്തിൽ നടന്നത് വാക്കുകളിൽ നിന്നും അർത്ഥഗുരുത്വത്തെ അഴിച്ചുവിടാനുള്ള പ്രവർത്തനങ്ങളായിരുന്നു. അർത്ഥഗുരുത്വം നഷ്ടപ്പെട്ട വാക്കുകൾ ഭാഷയുടെ വ്യോമത്തിൽ പറന്നുകളിച്ചു. നമ്മൾ അതിനെ ലീല എന്നും പ്ലേയ് എന്നും ദ്വിഭാഷയിൽ വിളിച്ചു. ലീലയുടെ പൂർണസാക്ഷാത്ക്കാരം കണ്ടത് അർത്ഥഗുരുത്വം പാടെ ഒഴിവാക്കിയ സമൂഹ്യമാധ്യമ സംവേദനങ്ങളിലാണ്. LOL എന്ന പ്രയോഗം പണ്ടേക്കുപണ്ട് സമൂഹ്യമാധ്യമത്തിൽ നിന്ന് കടന്നുവന്നതാണ്. IDK (I Don't Know), BTW (By The Way), IMHO (In My Humble Opinion) -എന്നതൊക്കെ ഇപ്പോൾ പഴഞ്ചൻ വാക്കുകളായി മാറിയിരിക്കുന്നു. സംവേദനത്തിനായി കൂടുതൽ പറപറക്കുന്ന വാക്കുകളാണ് അൽഗോന്യൂസ്പീക്ക് നിർമിച്ചുവിടുന്നത്. ഗുരുത്വരാഹിത്യം പൊറുക്കുമോ ഗുരു/കാരണവന്മാർ?
പൊടുന്നനെ ശ്രദ്ധ ലഭിക്കുക എന്നതാണ് അൽഗോ ന്യൂസ്പീക്ക് ലക്ഷ്യം വെയ്ക്കുന്നത്. ഇമോജിയുടെയും മീമുകളുടെയും സംവേദനവേഗതയെ മറികടക്കാൻ പാകത്തിലാകുന്നു പുത്തൻ നവമാധ്യമ വാക്കുകൾ. ഈ വാക്കുകളെ അൽഗോരിതം തിരിച്ചറിയുകയും വേണം.

‘സംഘി’ മുതൽ ‘അന്തം കമ്മി’വരെ
തൊണ്ണൂറുകളിൽ ചെത്ത് ജനകീയമായതുപോലെയല്ല പുത്തൻ വാക്കുകൾ സമൂഹ്യമാധ്യമശൃംഖലകളിൽ വൈറാലാകുന്നത്. അനേകം ബോട്ടുകളും അവയെ നിയന്ത്രിക്കുന്ന അൽഗൊരിതവും അതിൽ നവീനത കണ്ടെത്തണം. ‘സംഘി’ ഒരു നവമാധ്യമ വാക്കാണ്. ഏതെങ്കിലും പരസ്പര ഭാഷണത്തിൽ പരിഹാസദ്യോതകമായി ഉത്ഭവിച്ച വാക്കാണത്. എന്നാൽ പെട്ടെന്ന് വൈറലാവുകയും ദേശീയ രാഷ്ട്രീയത്തിലെ തീവ്ര വലതുപക്ഷത്തെ അടയാളപ്പെടുത്താനായി ആവർത്തിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനു തുലനം നൽകാനാകണം ‘സുഡാപ്പി’യും പിന്നീട് ‘കമ്മി’യും ‘കൊങ്ങി’യും ഇറങ്ങിയത്. ‘കമ്മി’ കമ്മ്യൂണിസ്റ്റുകൾക്ക് പണ്ടേക്കുപണ്ടേ ലഭിച്ച ഇരട്ടപ്പേരാണ്, അച്ചടിയുടെ മഹായുഗത്തിൽ തന്നെ. ലിബറലുകൾ കമ്മ്യൂണിസ്റ്റുകളെ ആക്ഷേപിക്കാൻ 'കോമി' എന്ന് നാമകരണം ചെയ്യാൻ തുടങ്ങിയത് കമ്മ്യൂണിസത്തിന്റെ നല്ല കാലത്താണ്. അതൊരു അർദ്ധ അംഗീകാരമായിരുന്നു. Non Conformist എന്നൊരു അർത്ഥവും അതിൽ നിഹിതമായിരുന്നു. ‘അന്തം കമ്മി’ ഈ കഴിഞ്ഞ കാലങ്ങളിൽ സമൂഹ്യമാധ്യമങ്ങളിൽ നിർമിക്കപ്പെട്ട വാക്കാണ്. അതിനു വ്യത്യസ്തമായ അർത്ഥങ്ങളുണ്ടെന്നാണ് സമൂഹ്യമാധ്യമ പര്യവേഷണം വ്യക്തമാക്കി തരുന്നത്. ‘അന്തം കമ്മി’ എന്നത് സി പി എം അനുഭാവികളെയും കേഡർമാരെയും മാത്രം ലക്‌ഷ്യംവെച്ചുള്ളതാണ്.
സമൂഹ്യമാധ്യമ നിർമിതിയായി തന്നെ രൂപപ്പെട്ട ന്യൂജൻ വാക്കുകളുടെ പ്രധാന പരിമിതി, അത് പരിചിതവൃത്തത്തിൽ ഒതുങ്ങുന്നുവെന്നതാണ്. പുത്തനൊരു ഭാഷാപ്രയോഗത്തെ രംഗത്തിറക്കുക എന്നതിനേക്കാൾ തലമുറ അന്തരത്തെ സാക്ഷ്യപ്പെടുത്താനാണ് ഇതുപയോഗിക്കുന്നത്. എങ്കിലും തലമുറകൾക്കപ്പുറം വർത്തിക്കാനുള്ള സംവേദനശേഷി പുതുപദങ്ങൾക്കുണ്ടോ എന്നത് സംശയമാണ്.
യഥാർത്ഥത്തിൽ ജെൻ സി ഭാവനയിൽനിന്ന് രൂപപ്പെട്ടതാകണമെന്നില്ല പുത്തൻ പദങ്ങൾ. അൽഗോപദങ്ങൾ ബോട്ടുകളുടെയും നിർമിതിയാകാം.
skibidi
അൽഗോസ്‌പീക്കിൽ ശ്രദ്ധ നേടിയ ഒരു വാക്കാണ് സ്കിബിഡി (skibidi). കൂൾ അല്ലെങ്കിൽ മോശം- ഇങ്ങനെ രണ്ടർത്ഥവും സന്ദർഭോചിതമായി ഈ വാക്കിനുണ്ട്. പ്രത്യേകിച്ചൊരു സൂചിത്ഥവുമില്ലാത്ത വാക്കാണ് സ്കിബിഡി. ഒരു അനിമേഷൻ സീരിസിൽ ടോയ്‌ലെറ്റിൽ നിന്ന് പൊന്തിവരുന്ന മനുഷ്യത്തലകളെയാണ് സ്കിബിഡി എന്ന് വിളിച്ചിരുന്നത്. ഇതാണ് സമൂഹമാധ്യമം സ്വന്തമാക്കിയത്. ഒരുപക്ഷെ, ഇതിന്റെ ചരിത്രപരമായ ഉത്ഭവം ഇൻസ്റ്റയിൽ നടക്കുന്ന സംവേദനമായിരിക്കും.
പങ്കുവെയ്ക്കപ്പെട്ട ഇമേജിനോട് വ്യതിരിക്തമായി പ്രതികരിക്കാനാകണം ഇതാദ്യമായി ഒരു വ്യക്തി ഉപയോഗിച്ചിരിക്കുക. അത് ഒന്നിൽ കൂടുതൽ പേർ പകർത്തിയിരിക്കണം. ഇവിടെ നിന്നാണ് അൽഗൊരിതം ഈ വാക്ക് കണ്ടെത്തുന്നത്. ബോട്ടുകൾ നടത്തുന്ന സ്വയം പ്രതികരണങ്ങളിൽ എന്തെങ്കിലും ഘട്ടത്തിൽ 'കൂൾ' എന്ന പ്രതികരണം വേണ്ടിയിടത്ത് 'സ്കിബിഡി' എന്നായിരിക്കണം ബോട്ട് പ്രതികരിച്ചിട്ടുണ്ടാവുക.
ഉദാഹരണത്തിന് യുട്യൂബിലെ പ്രതികരണ ഇടങ്ങളിൽ പല മറുപടികളും ബോട്ടുകൾ ഇട്ടു പോകുന്നതാണ്. തീരെ ചേരാത്ത ഒരു ഇമേജിനോട് അല്ലെങ്കിൽ യുട്യൂബ് വിഡിയോവിലെ ഒരു മനുഷ്യപ്രതികരണത്തോടുള്ള മറുപടി എന്ന നിലയിൽ സ്കിബിഡി എന്നാകണം ബോട്ട് എഴുതിയിട്ടുണ്ടാവുക. ഇത് അടുത്ത ആൾ പകർത്തി മറ്റൊരിടത്തു നൽകും. ഇങ്ങനെയുള്ള വ്യാപനത്തിന് ഇന്റർനെറ്റ് സംവേദനം ത്വരിതവേഗത നല്കുന്നുവെന്നതാണ് അൽഗോസ്പീക്കായി ഇത് മാറാൻ കാരണം. യഥാർത്ഥത്തിൽ ജെൻ സി ഭാവനയിൽനിന്ന് രൂപപ്പെട്ടതാകണമെന്നില്ല പുത്തൻ പദങ്ങൾ. അൽഗോപദങ്ങൾ ബോട്ടുകളുടെയും നിർമിതിയാകാം.

സ്കിബിഡിയെക്കുറിച്ച് ആഡം അലക്സിക് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്:
"സ്കിബിഡി എന്ന പദം പലപ്പോഴും ഭാഷയുടെ ഉപയോഗം എങ്ങനെ ദുഷിപ്പിക്കപ്പെടുന്നു എന്നതിന്റെ സൂചകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ പദോൽപ്പത്തിപരമായി അത് സ്കൂബി-ഡൂവിൽ (Scooby-Doo) എന്ന വാക്കിൽനിന്ന് വ്യത്യസ്തമല്ല; രണ്ടും ജാസ് പാട്ടിൽ നിന്ന് സൃഷ്ടിക്കപ്പെട്ട അസംബന്ധപദങ്ങളായിരുന്നു, പിന്നീട് അവ സാങ്കൽപ്പിക കാർട്ടൂൺ കഥാപാത്രങ്ങളിൽ വീണ്ടും പ്രയോഗിച്ചു. എന്നിട്ടും സ്കീബിഡി BrainRot ആയി കണക്കാക്കപ്പെടുന്നു, അതേസമയം സ്കൂബി-ഡൂ സാധാരണവുമാണ്. അന്തർലീനമായി ഏതെങ്കിലും പദത്തിന്റെ പുതുമയ്ക്ക് ദോഷമുണ്ടാക്കുന്നില്ല. യാഥാർത്ഥ്യമെന്തെന്നാൽ, കുട്ടികൾ എല്ലായ്പ്പോഴും ഒരു നിർമ്മിത തന്മയിലേക്ക് (identity) വാമൊഴിയെ (slang) വികസിപ്പിക്കുന്നു. മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായൊരു ഭാഷ സൃഷ്ടിക്കുന്നത് ഒരു പുതിയ സാമൂഹികബോധം നിർമിക്കാൻ അവരെ പര്യാപ്തമാക്കുന്നു.
പക്ഷേ മുതിർന്നവർക്ക് ഒഴിവാക്കപ്പെടുന്നു എന്ന തോന്നലുള്ളതിനാൽ ഇംഗ്ലീഷ് ഭാഷയെ ദുഷിപ്പിച്ചതിന് അവർ എപ്പോഴും കുട്ടികളെ വിമർശിക്കുന്നു. എന്നാൽ കാലാന്തരത്തിൽ കുട്ടികൾ വളരുമ്പോൾ അവരുടെ ഭാഷ സാധാരണ നിലയിലാക്കപ്പെടുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു’’.
ആഡം അലെക്സിക് പുതുപദങ്ങളെ സാധാരണീകരിക്കുകയാണ്. നിർമിതബുദ്ധിയാൽ പ്രവർത്തിക്കുന്ന ബോട്ടുകൾ പദങ്ങൾക്ക് പ്രചാരം നൽകി വ്യവസ്ഥപ്പെടുത്തുമ്പോൾ അതു തികച്ചും പുതിയ തലമുറയുടെ സ്വാച്ഛന്ദ്യം തേടലായി മനസ്സിലാക്കാൻ കഴിയുമോ എന്നത് സംശയകരമാണ്. ടെക്നോ സന്ദർഭങ്ങളാണ് പുതുപദങ്ങളുടെ ഉല്പത്തിക്ക് സാഹചര്യമൊരുക്കുന്നത്. അതിനെതിരെ മറുവാദവുമുണ്ട്, ഇന്നത്തെ ജീവിതസന്ദർഭത്തെ നിർണയിക്കുന്നത് ടെക്നോളോജിയാണ്. സോഷ്യൽ മീഡിയയുടെ ഉപയോഗം തടയപ്പെട്ടതാണ് നേപ്പാളിലെ ജൻ സി പ്രക്ഷോഭത്തിന് കാരണമായത്. ഇന്റർനെറ്റിലെ ഗെയ്മുകളുടെ (game) ലോകം സൃഷ്ടിക്കുന്ന യാഥാർഥ്യവിരുദ്ധത കുട്ടികളെ വലിയ മാനസിക സംഘര്ഷങ്ങളിലേക്ക് തള്ളിവിടുന്നുവെന്ന വാദവും പ്രബലമാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ വില നൽകുന്ന യൂറോപ്യൻ രാജ്യങ്ങലാണെന്ന വാർത്ത ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
'സ്കിബിഡി'യാണെങ്കിലും 'ഡെലുലു'വാണെങ്കിലും ആഗോള അൽഗോസ്പീക്കുകളാണ്. ഇന്റർനെറ്റ് വാസികളായ തദ്ദേശീയ തലമുറയുടേത് രഹസ്യ ഭാഷയല്ല. രഹസ്യഭാഷ (secret language) പൊതുവിടങ്ങളിൽ വിനിമയം ചെയ്യാനുള്ളതല്ല. രഹസ്യഭാഷ പലപ്പോഴും പ്രതിരോധത്തിന്റെ ഭാഷയാണ്. രഹസ്യഭാഷ വിനിമയം ചെയ്യുന്ന സമുദായം അത്രമേൽ സ്വകാര്യതയാൽ സംരക്ഷിക്കുന്ന ഭാഷയാണത്. എന്നാൽ ന്യൂ ജൻ സ്പീക്ക് അത്തരം പ്രതിരോധഭാഷയല്ല. കൂടിവന്നാൽ മുതിർന്നവരുമായുള്ള വേർതിരിവിന്റെ അതിർവരമ്പു മാത്രമാണ് അൽഗോസ്പീക്. ‘ഡെലുലു’ ആഗോള അൽഗോസ്പീക്കാണ് എന്നു പറഞ്ഞുവല്ലോ.

സ്വന്തമായി
ന്യൂ ജൻ ഭാഷയില്ലാത്ത
മലയാളി
മലയാളികളായ ഇന്റർനെറ്റ് തദ്ദേശീയർ സ്വന്തമായൊരു ഭാഷ ഇതുവരെ നിർമിച്ചതായി കാണുന്നില്ല. ‘ബ്രോ’ എന്നതിനു ‘സഹോ’ എന്നുപയോഗിച്ചിട്ടുണ്ടാകും. എങ്കിലും, ഇന്റർനെറ്റ് മെട്രോപോലിസുകളിൽ ഉദയം ചെയ്ത വാക്കുക്കൾ ആവർത്തിക്കുന്നുവെന്നല്ലാതെ തിരിച്ചൊരു വാക്കും അങ്ങോട്ടൂ സംഭാവന ചെയ്തിട്ടില്ല. മലയാളത്തിന് സ്വന്തമായി ഒരു ന്യൂ ജൻ ഭാഷാവിനിമയം വേണ്ടതാണ്. പക്ഷെ ഇൻസ്റ്റയിലും വാട്ട്സാപ്പിലും മംഗ്ലീഷിലാണ് വിനിമയം നടത്തുന്നതെന്നതിനാൽ പുതുപദങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു സ്തംഭനാവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്.
മെമെറ്റിക് (memetic) എന്നർത്ഥത്തിൽ പകർത്തുകയാണ് പുതുതലമുറ ചെയ്യുന്നത്. എന്നാൽ മലയാള പുതുപദങ്ങളുടെ ചരിത്രത്തിൽ 'ചെത്ത്' മലയാളി യുവഭാവനയുടെ സ്വച്ഛന്ദ സൃഷ്ടിയാണ്. അതേപോലെ തന്നെയാണ് 'സംഘി' എന്ന സംക്ഷിപ്‌തീകരണവും. സംഘ് മുമ്പേ ഉണ്ടായിരുന്നു, മലയാളി ഇതിനെ സംഘിയാക്കിയപ്പോൾ മുഖഭാവമൊന്നു മാറി.
ഇംഗ്ലീഷ് ഭാഷാപ്രവീണനും പാർലമെന്റംഗവും എഴുത്തുകാരനുമായ ശശി തരൂരിനെ ന്യൂ ജൻ പദങ്ങളെക്കുറിച്ച് ക്വിസ് നടത്തി ഇന്റർനെറ്റ് തലമുറ തോല്പിച്ചത് ഒരു യുട്യൂബ് കൗതുകമായിട്ടുണ്ട്. ശശി തരൂർ സങ്കീർണയായ ഇംഗ്ലീഷ് ഭാഷാപദങ്ങൾ പേശി ശ്രദ്ധയാകർഷിച്ചതിനോടുള്ള പ്രതികരണമാകാം ഇത്. ഡിക്ഷനറിയിൽ മാത്രം കാണുന്ന, എന്നാൽ നിത്യജീവിതസംവേദങ്ങളിലോ സർഗാത്മക ഭാഷാ പ്രയോഗങ്ങളിലോ പ്രത്യേകിച്ച് പങ്കൊന്നുമില്ലാത്ത സങ്കീർണ പദങ്ങളാണ് തന്റെ ഇംഗ്ളീഷ് ഭാഷാ വിജ്ഞാനത്തിന് തെളിവായി തരൂർ എടുത്തുകാണിക്കാറ്. അങ്ങനെയുള്ള തരൂരിനെ ഒന്നു പിടിച്ചുകെട്ടാമെന്നായിരിക്കാം പുതുതലമുറ പിള്ളേർ വിചാരിച്ചിട്ടുണ്ടാവുക. തരൂരിന്റെ ഇംഗ്ലീഷ് ഭാഷാസംവേദനം മികവുറ്റതാണെന്നതിൽ രണ്ടു പക്ഷമുണ്ടാകില്ല.
കഴിഞ്ഞ 25 വർഷത്തിൽ മൗലികമായ പദങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഇന്റർനെറ്റിന്റെ മംഗ്ലീഷ് ലോകത്തിലാണെന്നും അവ ടെക്നോ സന്ദർഭങ്ങളുടെ തദ്ഭാവങ്ങളാണെന്നും പറയുമ്പോൾ, യഥാർത്ഥത്തിൽ ആ പദങ്ങളെല്ലാം മെമെറ്റിക് പദങ്ങൾ കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
മലയാളികളുടെ ലോകത്തിൽ തരൂരിനുള്ള ഈ അംഗീകാരം ഒരുവേള ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുന്ന സമൂഹത്തിൽ ലഭിക്കണമെന്നില്ല. അവരുടെ അളവുകോൽ മറ്റൊന്നായിരിക്കും. ഭാഷയിലേക്കുള്ള സർഗാത്മക സംഭാവന എന്താണ് എന്നായിരിക്കും അവർ പരിശോധിക്കുക. അങ്ങനെ നോക്കിയാൽ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിൽ മധ്യവർത്തി എഴുത്തുകാരൻ മാത്രമാണ് ശശി തരൂർ. മൗലികമായ കൃതികൾ ഒന്നും തന്നെയില്ല എന്നുപറയാം. തരൂരിന്റെ തലമുറയിലെ എഴുത്തുകാരായ അമിതാവ് ഘോഷ്, അമിത് ചൗധരി, ഉപമന്യു ചാറ്റർജി, അലൻ സീൽ, റോഹിൻടൺ മിസ്ത്രി എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ തരൂർ പിൻനിരയിലാണ്. ഇംഗ്ലീഷിൽ എഴുതിയിരുന്നവരും എഴുതുന്നവരുമായ മലയാളികളായ കമലാദാസ്, ഒ.വി. വിജയൻ, അരുന്ധതീറോയ്, അനീസ് സലിം എന്നിവരുമായി താരതമ്യം ചെയ്യുമ്പോഴും മൗലികതയുടെ കാര്യത്തിൽ പിന്നിലാണെങ്കിലും പ്രസിദ്ധീകരണത്തിന്റെ എണ്ണത്തിന്റെ കണക്കിൽ ഏറെ മുൻപിലാണ് തരൂർ. അരുന്ധതി റോയ് വാക്കുകൾക്കൊണ്ടു നടത്തുന്ന മാന്ത്രികത മലയാളിയെ കഴിഞ്ഞ മുപ്പതുവർഷമായി അൽഭുതപ്പെടുത്തുന്നതാണ്.
കഴിഞ്ഞ 25 വർഷത്തിൽ മൗലികമായ പദങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഇന്റർനെറ്റിന്റെ മംഗ്ലീഷ് ലോകത്തിലാണെന്നും അവ ടെക്നോ സന്ദർഭങ്ങളുടെ തദ്ഭാവങ്ങളാണെന്നും പറയുമ്പോൾ, യഥാർത്ഥത്തിൽ ആ പദങ്ങളെല്ലാം മെമെറ്റിക് പദങ്ങൾ കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, നമ്മൾ പകർത്തിയത് ബോട്ടുകൾ സൃഷ്ടിക്കുകയോ വൈറലാക്കുകയോ ചെയ്ത പദങ്ങളാണ്. സംവേദനത്തിൽ ഇതു വ്യാപകമാകുന്നത് ബോട്ടുകളുടെ പെരുക്കൽ വിദ്യയിലൂടെയാണ്. അർഥത്തിന്റെ ലീലയെക്കാൾ സംവേദനപരമായ അതാര്യതയ്ക്കാണ് പ്രാധാന്യം എന്നതുപോലെയാണ് പക്ഷെ ഇതുപയോഗിക്കപ്പെടുന്നത്. എന്നാൽ ഇത് രഹസ്യ ഭാഷയുമല്ല താനും. പ്രതിരോധത്തിന്റെ ഒരു തലം ഇതിൽ പ്രകടമാകുന്നുണ്ടോ എന്നതും സംശയമാണ്.

അനാവശ്യമാകുന്ന ഭാഷണം
സമൂഹമാധ്യമശൃംഖലയിൽ നിന്നുണ്ടാകുകയും വൈറലാവുകയും ചെയ്യുന്ന അർത്ഥപരമായി അതാര്യമായതും പ്രതിരോധശേഷി ശുഷ്കിച്ചതുമായ പദങ്ങളുടെ വ്യാപനം അൽഗോ ന്യൂ സ്പീക്കിനെക്കുറിച്ച് (Algo New Speak) ആലോചിക്കാൻ പ്രേരിപ്പിക്കുന്നു. ന്യൂ സ്പീക്ക് (New Speak) ഓർവെല്ല്യൻ അർത്ഥത്തിൽ തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഓർവെൽ 1984-ൽ സമഗ്രാധികാരവ്യവസ്ഥയുടെ ദൈനദിന ഭാഷണമായി ന്യൂസ്പീക് രൂപപ്പെടുത്തിയതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. നോവലിന്റെ അനുബന്ധമായി ന്യൂസ്‌പീക്കിനെക്കുറിച്ച് ഓർവെൽ ഒരു നീണ്ട കുറിപ്പും ചേർത്തിട്ടുണ്ട്.
നമ്മുടെ കാലത്തിൽ ഏതാനും ടെക്നോ വരേണ്യരാണ് ലോകം നിയന്ത്രിക്കുന്നത്, നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. ടെക്നോ വരേണ്യർ സമഗ്രാധിപതികളായ ടെക്നോ ഫ്യൂഡൽ പ്രഭുക്കളാണ് (techno feudal lords). ഭാഷയുടെ നിയന്ത്രണം അവരുടെ കൈകളിൽ തന്നെയാണ്. പദസമ്പത്ത് ലഘൂകരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി കുറച്ചുകൊണ്ടുവരാനുമാണ് എല്ലാ സമഗ്രാധികാരവും എന്നും കാംക്ഷിച്ചിട്ടുള്ളത്. തലച്ചോറുകളെ പ്രവർത്തിക്കാൻ അനുവദിക്കാതെ കാരാഗൃഹത്തിലടച്ചാണ് പ്രഭുവർഗം ഒരിക്കൽ ലോകം നിയന്ത്രിച്ചിരുന്നത്. എന്നാൽ, കൂടുതൽ സരളവും എന്നാൽ തിരിച്ചറിയപ്പെടാനാകാത്തതുമായ മാർഗമാണ് ടെക്നോപ്രഭുക്കൾ ഇന്തക്കാലത്ത് നടപ്പാക്കുന്നത്. ഇതിനെ "ബ്രെയിൻ ഹാക്കിങ്" (Brain Hacking) എന്നാണ് ട്രൂ കോപ്പിയിൽ മുമ്പെഴുതിയ ഒരു ലേഖനത്തിൽ ഈയുള്ളവൻ വിശേഷിപ്പിച്ചത്. പാരമ്പരാഗത പദം തന്നെ ഉപയോഗിച്ച് ഇതിനെ വിശദീകരിക്കുകയാണെങ്കിൽ, BRAIN THEFT എന്നു തന്നെയാണ് വിളിക്കേണ്ടത്. പരിമിത പദാവലികളിലേക്ക് ചുരുക്കുകയും ഒപ്പം സൂചിതങ്ങളുടെ ലീലയെ പാടേ നിരാകരിച്ച്, സംക്ഷിപ്‌തീകരണത്തിലൂടെ വിനിമയത്തെ അതാര്യമാക്കുകയും ചെയ്യുക എന്നതാണ് ടെക്നോക്രസി ചെയ്യുന്നത്.
READ: ഹാക്ക് ചെയ്യപ്പെടുന്ന മസ്തിഷ്‌കം ,
നിലച്ചുപോകുന്ന ചിന്ത
ടെക്നോക്രസി എന്നത് ബൊറ്റോക്രസിയാണ് (Technocracy= +Botocracy=> Auto- Cracy). ഐക്യപ്പെടലിനെ (solidarity) നിരാകരിക്കുന്ന വിധമാണ് ഇത് പ്രയോഗക്ഷമമാകുന്നത്. ഓർവെലിന്റെ നീരിക്ഷണങ്ങളെ മുൻനിർത്തി വിശദീകരിച്ചാൽ, വർത്തമാനഭാഷയെ അപേക്ഷിച്ചു അൽഗോ ന്യൂ സ്പീക്കിന്റെ പദസഞ്ചയം വളരെ ചെറുതാണ്. വാക്കുകൾ എത്ര കുറയുന്നുവോ അത്രയും നേട്ടം. തിരഞ്ഞെടുക്കാൻ അവസരങ്ങൾ കുറയുമ്പോൾ ചിന്തിക്കാനുള്ള ത്വരയും കുറയും. അവസാനമാകുമ്പോഴേക്കും ഭാഷണം തന്നെ അനാവശ്യമാകും. ബുദ്ധി പ്രവർത്തിക്കേണ്ട ആവശ്യമില്ല. ഡക്ക്സ്പീക്ക് (duck speak) എന്നും ഓർവെൽ പറയുന്നുണ്ട്. താറാവ് ഭാഷണം. താറാവിനെപ്പോലെ ശബ്ദമുണ്ടാക്കിയാൽ മതി. താറാവുശബ്ദത്തിനുപകരമായി ഏതാനും മീമുകൾ (meme) തന്നെ ധാരാളം.

ഭാഷയിലെ സംക്ഷിപ്‌തീകരണവും വക്രീകരണവും ഈ 25 വർഷങ്ങളിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യ സംവേദനഉപാധിയായി മാറിയിട്ടുണ്ട്. ട്രംപും മോദിയും ഇതിന്റെ ആശാന്മാരാണ്. MAGA -ഒരു ബൃഹത്തായ അമേരിക്കൻ വലതുപക്ഷ പദ്ധതിയായി അമേരിക്കൻ വെള്ളക്കാരുടെ മനസ്സിൽ കുടിയിരുത്താൻ സംക്ഷിപ്‌തീകരണം സഹായകമായി. മസ്കിന്റെ DOGE മറ്റൊന്നാണ്. സംക്ഷിപ്‌തീകരണം സംവേദനത്തിലുള്ള മികച്ച ഉപായമായാണ് നരേന്ദ്രമോദി കാണുന്നത്. ഗാന്ധിയുടെ പേരിലുള്ള MGNREGA എന്ന സങ്കീർണമായ സംഗ്രഹത്തെ മോദി ‘വി ബി ജി റാം ജി’ എന്നാക്കി ലളിതവൽക്കരിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ അടിസ്ഥാനസ്വഭാവം മാറ്റി എന്നു മാത്രമല്ല, ഗാന്ധി പോയി റാം വരികയും ചെയ്തു. ടെക്നോ സംവേദനം ദീർഘ ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ക്യാപ്സ്യൂൾ ചിന്തയും അതിനുതകുന്ന സംക്ഷിപ്‌തീകരിച്ച പദങ്ങളും ബോട്ടുകളിലൂടെ അതിന്റെ ആഗോള വിന്യാസവും ചിന്താരഹിതമായ സുഷുപ്തിയിലേക്ക് നയിക്കും. അല്ലെങ്കിൽ തന്നെ മസ്തിഷ്‌കം ഒരു മടിയൻ അവയവമല്ലേ.
(അവസാനിക്കുന്നില്ല)
