ഇന്ത്യയിൽ 10 വർഷം കൂടുമ്പോൾ നടത്താറുള്ള സെൻസസ് 2021-ൽ നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനം മൂലം ആ വർഷം മാറ്റിവെച്ചുവെങ്കിലും മൂന്ന് വർഷങ്ങൾക്കിപ്പുറവും സെൻസസ് നടത്തുന്നതിൻെറ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇതുവരെ നടന്നിട്ടില്ല. സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ ഇതിനൊന്നും ഒരുത്തരവും നൽകിയിട്ടില്ല. ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കേണ്ടതിൻെറ സാമൂഹ്യ പ്രസക്തി എന്തെന്ന് വിലയിരുത്തുകയാണ് ട്രൂകോപ്പി തിങ്ക് വെബ്‌സീൻ പാക്കറ്റ് 197. ഡോ. കെ.എസ്. മാധവൻ, ഒ.പി. രവീന്ദ്രൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. ടി.എസ്. ശ്യാംകുമാർ, സുദേഷ് എം. രഘു, ബിജു ഗോവിന്ദ്, ശ്രീനിജ് കെ.എസ് എന്നിവർ എഴുതുന്നു...
‘‘മണ്ഡൽ കമീഷൻ റിപ്പോർട്ട് ജാതി തിരിച്ചുള്ള സമുദായങ്ങളുടെ പ്രാതിനിധ്യവും പ്രാതിനിധ്യക്കുറവും ദേശീയമായ രാഷ്ട്രീയ സംവാദത്തിന് വഴിതുറന്നു. മേൽജാതി സമുദായങ്ങളുടെ പ്രാതിനിധ്യ കുത്തകയും പിന്നാക്ക ജാതികളുടെ പ്രാതിനിധ്യക്കുറവും അസമമായ വികസനവും അധികാര പങ്കാളിത്തമില്ലായ്മയും തുറന്നുകാട്ടി. സംവരണവും സമുദായങ്ങളുടെ ജനസംഖ്യാനുപാതികവും മതിയായതുമായ പ്രാതിനിധ്യവും തുല്യനീതി വികസത്തിൻ്റെയും അധികാര പങ്കാളിത്തത്തിൻ്റെയും സാമൂഹികനീതി പ്രശ്നമായും തുല്യത ഉറപ്പാക്കുന്ന ജനാധിപത്യ പ്രക്രിയയുമായാണ് മണ്ഡൽ കമീഷനും തുടർന്നുള്ള സംവരണ രാഷ്ട്രീയ മുന്നേറ്റങ്ങളും സ്ഥാനപ്പെടുത്തിയത്’’- ഡോ. കെ.എസ്. മാധവൻ എഴുതുന്നു.
ജാതിസെൻസസ്
ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്
‘‘ജുഡീഷ്യറിയുടെ കടന്നുകയറ്റം കൂടി അനുവദിച്ചുകൊടുത്താൽ ഇന്ത്യയിൽ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് രണ്ടാമതൊരാലോചനക്ക് സമയം കാണില്ല. മുന്നാക്കത്തിലെ പിന്നാക്കത്തിന്റെയും പട്ടികജാതി പട്ടികവർഗ്ഗത്തിന്റെയും സംവരണത്തിനുള്ള വരുമാനപരിധിയിൽ പോലും വലിയ വിവേചനം നിലനിൽക്കുന്നിടത്ത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുകയല്ല, മുന്നാക്കക്കാരും പട്ടികജാതി വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക- സാമൂഹിക അന്തരം ഇല്ലായ്മ ചെയ്യുകയാണ് ശാസ്ത്രീയ മാർഗം. അതിനായി, ഭൂമിയടക്കമുള്ള വിഭവങ്ങൾ ആരൊക്കെ ഏതൊക്കെ അളവിൽ കൈവശം വച്ചിരിക്കുന്നു എന്ന വസ്തുനിഷ്ഠമായ ഡാറ്റയാണ് പുറത്തുവരേണ്ടത്’’- ഒ.പി. രവീന്ദ്രൻ എഴുതുന്നു.
ഡാറ്റ പുറത്തുവരട്ടെ, അറിയാം,
വിഭവങ്ങൾ ആരുടെ കൈയിലെന്ന്
‘‘സ്വതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസ- ഉദ്യോഗ പദവികളിലും അവസരങ്ങളിലും പിന്നാക്ക- ദലിത് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ജാതിസെൻസസ് പ്രസക്തമാവുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും അടങ്ങുന്നവരുടെ എണ്ണം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസരംഗത്ത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ പരിമിതമാണെന്നുകാണാം. എന്നാൽ 12 ശതമാനത്തോളം വരുന്ന സവർണ ജാതിക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയുടെ 50 ശതമാനത്തിലേറെ കയ്യടക്കിവെച്ചിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം’’-കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.
ജാതിസെൻസസിനുമുന്നിൽ തകരാൻ പോകുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രങ്ങൾ
‘‘കേരളത്തിലെ പൊതുപണം ഒഴുകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പ്രാതിനിധ്യവുമില്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖല ദലിതരെയും ആദിവാസികളെയും പുറന്തള്ളുന്ന ഭീകരഹിംസാവ്യവസ്ഥയായി നിലനിൽക്കുകയാണ്. കേരളത്തിലെ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവർണ വിഭാഗങ്ങളുടെ അമിതാധികാര കുത്തകയാണ് തുടരുന്നത്. ഇവിടെയും പട്ടികവിഭാഗത്തിൽ പെട്ടവരുടെ എണ്ണം തീർത്തും ശുഷ്കമാണ്’’- ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.
വിഭവാധികാരത്തിൽ എത്ര പേരുണ്ട് ദലിതരും പിന്നാക്കക്കാരും; മറുപടി വേണം, കൃത്യമായി…
‘‘സുപ്രീംകോടതിയിലായാലും മന്ത്രിസഭകളിലായാലും ഉദ്യോഗസ്ഥപ്രമുഖരിലായാലും ഹിന്ദുവായ ആൾ വന്നാൽ തങ്ങൾ പ്രതിനിധീകരിക്കപ്പെട്ടു എന്ന വ്യാജ പ്രതീതി ഹിന്ദു വിഭാഗങ്ങളിൽ ബ്രാക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ള അവർണ ഒ.ബി.സികൾക്കും ദലിതർക്കും തോന്നും. സമുദായങ്ങൾ എന്ന രീതിയിൽ തങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവ് അവർക്കുണ്ടാകണമെങ്കിൽ ഓരോരുത്തർക്കും അവരവരുടെ ജനസംഖ്യ എത്രയെന്ന വിവരം ആദ്യം അറിയേണ്ടതുണ്ട്. ആ അറിവ് നിഷേധിക്കാനാണ് മാറിമാറി ഭരിച്ചിട്ടുള്ള കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളത്’’-സുദേഷ് എം. രഘു എഴുതുന്നു.
പട്ടികജാതിക്കാർക്ക് ചീഫ് സെക്രട്ടറിയാകാനാകാത്ത കേരളത്തിൽനിന്ന് ജാതിസെൻസസിനെക്കുറിച്ച് ഒരാലോചന
‘‘1990- കൾക്കുശേഷം നടപ്പാക്കപ്പെട്ട സാമ്പത്തിക ഉദാരവത്കരണത്തെ പിൻപറ്റി സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുകയെന്നത് കക്ഷിഭേദമന്യേ ഭരണകൂടങ്ങളുടെ പൊതുനയമായി. അത്തരത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ഉൾപ്പെടെ പൊതുമുതൽ ലഭ്യമാക്കുന്നിടത്ത് പട്ടിക വിഭാഗങ്ങൾക്ക് എന്തുപങ്കാളിത്തമാണ് ലഭിച്ചത് എന്ന കാര്യം ഭരണകൂടങ്ങൾ വ്യക്തമാക്കേണ്ടതാണ്. അത്തരം ഇടങ്ങളിൽ പ്രാതിനിധ്യം ലഭിക്കാൻ യാതൊരു പരിരക്ഷകളും നിയമംമൂലം നിഷ്കർഷിക്കുന്നില്ല’’- ബിജു ഗോവിന്ദ് എഴുതുന്നു.
ജാതിസെൻസസ് നടക്കട്ടെ,
തകർന്നുവീഴും ഈ ‘കേരള മോഡൽ’
‘‘വേർതിരിവുകൾ ഇപ്പോഴും തുടരുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഭരണഘടന വിഭാവനം ചെയ്യുന്ന ഐക്യവും അഖണ്ഡതയുമുള്ള ഒരു ജനതയാകാൻ കഴിയില്ലെന്ന വലിയ തിരിച്ചറിവിലാണ്, അവർക്കിടയിൽ തുല്യതയും നീതിയും നടപ്പിലാക്കാനും ആത്മാഭിമാനമുള്ള പൗരരായി അവരെ രൂപപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ മുന്നുപാധിയായി സംവരണം കൊണ്ടുവന്നത്. സംവരണം ഓരോ സംവരണീയരുടെയും ജന്മാവകാശമാണ്. സവർണ്ണർക്ക് സംവരണത്തിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് അവരുടെ വലിയ പിഴയാണ്, അവർ നൂറ്റാണ്ടുകളായി ചെയ്ത കൊടും ക്രൂരതകൾക്ക് അവരോടുക്കേണ്ട വലിയ പിഴ, അത്ര മാത്രം’’-ശ്രീനിജ് കെ.എസ് എഴുതുന്നു.