കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ, വിദ്യാർത്ഥിനേതാവായിരുന്ന കാലത്തെ ചിത്രം.

ചോദ്യപേപ്പർ ചോർച്ചക്കെതിരെ
സമരം ചെയ്ത ധർമേന്ദ്ര പ്രധാൻ;
മറവി മൂടുന്ന അധികാരവഴികൾ

‘‘ഒറിസ്സയിൽ, 1997-ൽ ജെ.ബി. പട്നായിക് മന്ത്രിസഭയുടെ കാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ച 1500-ഓളം വിദ്യർത്ഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു’’- ലീഷ മഞ്ജു എഴുതുന്ന കോളം തുടരുന്നു.

NEET പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കോലാഹലങ്ങളുടെ മദ്ധ്യത്തിൽ നിന്ന ഒരു പേരുണ്ട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ജന്തർ മന്തർ പ്രക്ഷോഭവും നീണ്ടുനിന്ന പ്രതിഷേധങ്ങളും നേരിടേണ്ടിവന്ന്, ഒടുവിൽ രാജിവെച്ച തലമുതിർന്ന ബി.ജെ.പി നേതാവ്.

ഒറിസ്സയിലെ സംബൽപൂരിൽ നിന്നുള്ള പ്രധാന്റെ രാഷ്ട്രീയജീവിതത്തിൽ പ്രധാന വഴിത്തിരിവുണ്ടാകുന്നത് 1997- ലെ ഒരു വിദ്യാർഥിസമരത്തിലാണ്. ജെ.ബി. പട്നായിക് നയിക്കുന്ന കോൺഗ്രസ് മന്ത്രിസഭയുടെ കാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് നടത്തിയ സമരം. ഭുവനേശ്വറിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം നടത്തിയ 1500-ഓളം വിദ്യാർഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു. ബി.ജെ.പി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനും ABVP നാഷണൽ സെക്രട്ടറിയുമായിരുന്ന പ്രധാൻ അന്നത്തെ പോലീസ് ലാത്തിച്ചാർജിലേറ്റ സാരമായ പരിക്ക് വകവെക്കാതെയാണ് പ്രതിഷേധം തുടർന്നത്.

ലീഷ മഞ്ജു എഴുതുന്ന കോളത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം, കേൾക്കാം:

കക്കൂസ്;
ഒരു മറയില്ലാക്കഥ

ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…

അന്നു കാണിച്ച നേതൃപാടവവും നിശ്ചയദാർഢ്യവും അദേഹത്തിന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിനു അടിത്തറയായി. അതോടെ വിദ്യാർഥിപ്രസ്ഥാനങ്ങളിലും, അതേത്തുടർന്ന് ദേശീയ രാഷ്ട്രീയത്തിലും മുൻനിരയിൽത്തന്നെ പ്രധാൻ എത്തിപ്പെട്ടു.

അന്നത്തെ സമരനായകൻ മുപ്പത് വർഷങ്ങൾക്കിപ്പുറം അതേ വിഷയത്തിലുള്ള സമരത്തിന്റെ മറുപുറം നിൽക്കേണ്ടിവന്നത് ചരിത്രത്തിന്റെ ഐറണി. എന്നാൽ താൻ ഒരിക്കൽ നിന്ന ഇടത്തുനിന്നുകൊണ്ട് സ്വരമുയർത്തുന്ന കുട്ടികളെ എങ്ങനെ അദ്ദേഹം നേരിട്ടു അല്ലെങ്കിൽ ഒഴിവാക്കി എന്നതാണ് കാതൽ. വന്ന വഴി സൗകര്യപൂർവ്വം മറക്കുന്ന കൂട്ടത്തിന്റെ ഒപ്പം പെട്ടു എന്നതും.

ഇത് വേറിട്ടൊരു സംഭവമല്ല. അധികാരത്തിന്റെ തട്ടുകളിൽ തലപ്പത്ത്, നമ്മളിൽ നിന്നു ദൂരെ, എങ്ങോ നടക്കുന്ന സംഭവവുമല്ല. ഏറ്റവും താഴെത്തട്ടിൽ, ഉൾനാടൻ ഗ്രാമങ്ങളിലെ പഞ്ചായത്തുകളിൽ തുടങ്ങി ഓരോ ഇടങ്ങളിലും അരങ്ങേറുന്ന രംഗങ്ങൾ തന്നെയാണ്.

ധർമേന്ദ്ര പ്രധാൻ എന്ന അന്നത്തെ സമരനായകൻ മുപ്പത് വർഷങ്ങൾക്കിപ്പുറം അതേ വിഷയത്തിലുള്ള സമരത്തിന്റെ മറുപുറം നിൽക്കേണ്ടിവന്നത് ചരിത്രത്തിന്റെ ഐറണി.

പ്രധാന്റെ ഈ ചരിത്രം വായിച്ചപ്പോൾ മനസ്സിൽ വന്നത് മാണ്ട്‌വി ഗ്രാമത്തിലെ ഒരു കൂടിക്കാഴ്ചയാണ്. പ്രധാൻ വന്ന വലിയ തട്ടകത്തിൽനിന്ന് ഏറെ വ്യത്യസ്തമായ, തീരെ ചെറിയൊരു ഇടം. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലെ, തെലുങ്കാനയുടെ അതിർത്തിയോടു ചേർന്നുള്ള മാണ്ട്‌വി.

നാലാം നൂറ്റാണ്ടിൽ നന്ദ രാജ്യത്തിന്റെയും, പിന്നീട് അശോക ചക്രവർത്തിയുടെ മൌര്യ സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു നാന്ദെഡ്. ഔറംഗസീബിന്റെ കാലത്ത് തെലുങ്കാന ജില്ലയുടെ ആസ്ഥാനവും പിന്നീട് സ്വാമി രാമാനന്ദ് തീർഥ നയിച്ച ഹൈദരാബാദ് ലിബറെഷൻ മൂവ്മെന്റ് പ്രധാന ഭാഗവും ആയി ഈ സിറ്റി. ഒടുവിൽ സംസ്ഥാന രൂപീകരണത്തോടെ മഹാരാഷ്ട്രയുടെ ഭാഗമായി ഈ ഗോദാവരിതീരം.

രാഷ്ട്രകൂടന്മാരും മൌര്യരും മുഗളരും യാദവരും പണികഴിപ്പിച്ചിട്ടുള്ള കോട്ടകളും സ്മാരകങ്ങളും നിറഞ്ഞയിടം. ഗോണ്ട്, ഭിൽ, കോലം, പാർദി, ലംബാനി എന്നിങ്ങനെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ പെടുന്നവരാണ് 78% ജനവിഭാഗവും.

1997- ൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് ഭുവനേശ്വറിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം നടത്തിയ 1500-ഓളം വിദ്യാർഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു.
1997- ൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് ഭുവനേശ്വറിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം നടത്തിയ 1500-ഓളം വിദ്യാർഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു.

ഗുരു ഗോവിന്ദ് സിംഗിന്റെ സമാധിസ്ഥലം ആയ ശ്രീഹസൂർ സാഹിബ് ഗുരുദ്വാര വഴി പ്രശസ്തമാണ് നാന്ദെഡ് ടൗൺ. സിക്കുകാരുടെ പുണ്യസ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഇടം. ലക്ഷക്കണക്കിന് ഭക്തർ അവിടെ എത്താറുണ്ട്, ലങ്ഗാറിൽ (കമ്മ്യൂണിറ്റി കിച്ചനിൽ) പാചകം ചെയ്യാറുണ്ട്. അതുവഴി കടന്നുപോകുന്ന ട്രെയിനുകളിൽ ഉൾപ്പെടെ അവർ ദിവസവും ഭക്ഷണം കൊടുക്കും. അതും കഴിച്ച് കിൻവാട്ട് ടൗൺ വഴി മാണ്ട്‌വി എത്തുമ്പോൾ വൈകിട്ടായി.

പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടന വിസിറ്റ് ചെയ്യാനുള്ള യാത്രയാണ്‌. സ്വാശ്രയസംഘങ്ങൾ വഴിയും ബാലസംഘങ്ങൾ വഴിയും ബോധവൽക്കരണം, സ്വയംതൊഴിൽ, തുടർവിദ്യാഭ്യാസം തുടങ്ങിയ പരിപാടികൾ പദ്ധതിയിലുണ്ട്. സ്ത്രീകളുടെ സംഘത്തോടുള്ള ഡിസ്കഷൻ കഴിഞ്ഞപ്പോൾ ചായയ്ക്കുള്ള സമയമായി. അന്നത്തെ ചായ ആ ഗ്രാമത്തിലെ സർപഞ്ച് വകയാണ്. ആള് സ്ഥലത്തില്ലാത്തതുകൊണ്ട് ഭാര്യ പ്രമീളയാണ് ആതിഥേയ. സ്വാശ്രയ സംഘത്തിന്റെ മെമ്പറുമാണ് പ്രമീള.

ആദിവാസി ഊരിലാണ് അവരുടെ വീട്. ജന്മിമാരുടെയും മറാത്തകളുടെയും ഏരിയയിൽ നിന്നു മാറി, അടുത്തടുത്ത് ചെറിയ വീടുകളും കുടിലുകളും നിറഞ്ഞ പ്രദേശം. പണ്ട് നാടോടികളായിരുന്ന ലംബാണികളുടെ കുടിയിരുപ്പായ ‘താണ്ട’യുടെ അടുത്തുള്ള ഇടുങ്ങിയ ഊര്. അവിടെയുള്ള ഏറ്റവും വലിയ വീടാണ് സർപഞ്ച് ഭുവന്റേത്.

ഭൂരിപക്ഷം ആദിവാസി വിഭാഗങ്ങളുള്ള നാട്ടിൽ, നാലുവർഷം മുൻപ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഭുവന്റെ കുടുംബം ഭൂരഹിത തൊഴിലാളിവർഗത്തിൽ പെട്ടതായിരുന്നു.

കടുത്ത ഓറഞ്ച് -വയലറ്റ് നിറങ്ങൾ വാരിയടിച്ച, രണ്ടു നിലകളിലായി നാലഞ്ചു മുറികളും പിന്നെ അരിയും ഗോതമ്പും സൂക്ഷിക്കാനുള്ള മുറികളും, വശത്ത് കന്നുകാലിക്കൂടും എല്ലാമായി രു കൂറ്റൻ കെട്ടിടം. അവരുടെ വേഷഭൂഷാദികളും ചുറ്റുമുള്ളവരിൽ നിന്ന് വ്യത്യസ്തം. മറാത്ത വംശക്കാർ ചെയ്യുന്നതുപോലെ സാരിത്തലപ്പുകൊണ്ട് തല മൂടിയിട്ടുണ്ട്.

‘ഇതെങ്ങനെ ഇവർ ഈ ഏരിയയിൽ എത്തി’ എന്നാലോചിച്ചിരുന്നപ്പോൾ എന്റെ മുഖത്തെ കൺഫ്യൂഷൻ കണ്ട് പ്രമീള തന്നെ കഥ പറഞ്ഞു: “ഞങ്ങളും ഇവരുടെ കൂട്ടക്കാർ തന്നെയാണ്, സംവരണസീറ്റിൽ ഇലക്ഷൻ ജയിച്ചതാണ്. പണ്ട് ഞങ്ങളുടെ അവസ്ഥ ഇങ്ങനെയൊന്നും അല്ലായിരുന്നു, വളരെ കഷ്ടമായിരുന്നു.”

Read: പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത

ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ

ഭൂരിപക്ഷം ആദിവാസി വിഭാഗങ്ങളുള്ള നാട്ടിൽ, നാലുവർഷം മുൻപ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഭുവന്റെ കുടുംബം ഭൂരഹിത തൊഴിലാളിവർഗത്തിൽ പെട്ടതായിരുന്നു. കിട്ടുന്ന പണികൾ എന്തും ചെയ്ത് അന്നന്നത്തെ ചെലവ്കാശ് കഷ്ടിച്ച് സ്വരുക്കൂട്ടുന്നവർ. ഭുവൻ ദിവസക്കൂലിക്ക് പോകുമ്പോൾ പ്രമീള ഉപ്പിന്റെ ചെറിയ കച്ചവടം നടത്തി. അടുത്തുള്ള മാർക്കറ്റിൽനിന്ന് കിലോക്കണക്കിന് ഉപ്പു വാങ്ങി, ഒന്നും രണ്ടും രൂപയുടെ ചെറിയ കെട്ടാക്കി വഴിവക്കിൽ വച്ചു വിറ്റുകൊണ്ടിരുന്നു.

“പല ദിവസവും രാത്രിയിൽ റൊട്ടിയുണ്ടാക്കാൻ പോലും കഴിഞ്ഞിട്ടില്ല,” പ്രമീള ആ കാലം മറന്നിട്ടില്ല.
“പക്ഷെ, ഇപ്പോൾ എല്ലാം നന്നായി നടക്കുന്നു.”

നാലു വർഷം കൊണ്ട് ഒരു കുഗ്രാമത്തിലെ ഒരു തൊഴിലാളി കുടുംബത്തിന് ഇത്രയും മാറ്റം എങ്ങനെയുണ്ടാകാനാണ് എന്ന് കൂടെയുള്ള നിർമല തായ് വിവരിച്ചു. അവരും ആ നാട്ടുകാരിയാണ്.

ആ പഞ്ചായത്ത് സംവരണസീറ്റിൽ പെട്ടപ്പോൾ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുമെന്ന് വിചാരിച്ച് അവിടുത്തെ ജന്മിമാർ ഇറക്കിയതാണ് ഭുവനെ. സ്വന്തം സമുദായത്തിൽനിന്ന് ഒരാൾ അധികാരത്തിലെത്തിയാൽ തങ്ങൾക്കും ഗുണമാകുമെന്ന് വിചാരിച്ച് കൂട്ടക്കാർ മൊത്തത്തോടെ വോട്ടു ചെയ്തു ജയിപ്പിച്ചു. അതു കഴിഞ്ഞു നടന്നത് രണ്ടു കൂട്ടരും പ്രതീക്ഷിക്കാത്ത ജനാധിപത്യ ഗെയിം ആയിരുന്നു.

പിന്നാക്കവിഭാഗത്തിന് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും പദ്ധതികളും ഭുവനും പ്രമീളയും കൈപ്പിടിലാക്കി. രണ്ടു ലക്ഷം രൂപയുടെ പാർപ്പിട നിർമാണ സഹായത്തിന് ആദ്യം 25,000 രൂപ ഭുവന് എത്തിക്കണം, കാഷ് ആയിത്തന്നെ. റോഡ് നിർമാണം, കാർഷിക വായ്പകൾ, സ്വയം തൊഴിൽ സ്കീം ഇവയൊക്കെ കൃത്യം റേറ്റ് പറഞ്ഞു വാങ്ങിയ ശേഷം മാത്രം പാസ്സാക്കി. ആരും അറിയപ്പെടാത്ത പല പദ്ധതികളും പേപ്പറിൽ ഒതുങ്ങി; അവയ്ക്കുള്ള പണം കുടുംബത്തിലും.

നാലാം നൂറ്റാണ്ടിൽ നന്ദ രാജ്യത്തിന്റെയും പിന്നീട് അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു നാന്ദെഡ്. ഔറംഗസീബിന്റെ കാലത്ത് തെലുങ്കാന ജില്ലയുടെ ആസ്ഥാനവും പിന്നീട് സ്വാമി രാമാനന്ദ് തീർഥ നയിച്ച ഹൈദരാബാദ് ലിബറേഷൻ മൂവ്മെന്റിന്റെ പ്രധാന ഭാഗവുമായി ഈ സിറ്റി.
നാലാം നൂറ്റാണ്ടിൽ നന്ദ രാജ്യത്തിന്റെയും പിന്നീട് അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു നാന്ദെഡ്. ഔറംഗസീബിന്റെ കാലത്ത് തെലുങ്കാന ജില്ലയുടെ ആസ്ഥാനവും പിന്നീട് സ്വാമി രാമാനന്ദ് തീർഥ നയിച്ച ഹൈദരാബാദ് ലിബറേഷൻ മൂവ്മെന്റിന്റെ പ്രധാന ഭാഗവുമായി ഈ സിറ്റി.

നാലു വർഷം കൊണ്ട് പ്രമീളയുടെ കുടുംബം പച്ച പിടിക്കുക മാത്രമല്ല, തഴച്ചു വളർന്നു. അവരുടെ ചുറ്റുമുള്ള സമുദായം പഴയ പടിയും. മൂന്നാം നിലയിലേയ്ക്ക് പണിയുന്ന അവരുടെ വീട് ഒരു സൂചകമായി ഇടുങ്ങിയ, അഴുക്കുചാൽ നിറഞ്ഞ ഗ്രാമത്തിന്റെ നടുക്ക് പല്ലിളിച്ചുനിന്നു.

“ഇപ്പോൾ അവർക്ക് ട്രാക്ടർ, ട്രക്ക്, ജീപ്പ്, എല്ലാമുണ്ട്. മകൻ ഓടിക്കുന്നത് ഇംപോർട്ടഡ് ബൈക്ക് ആണ്’’- നിർമല തായ് അവജ്ഞ കലർന്ന ചെറുചിരിയോടെ പറഞ്ഞു.
“പക്ഷെ അവരുടെ സമുദായത്തിലെയൊ കുടുംബത്തിലെയോ ഒരാൾക്ക് പോലും ഇതുവരെ ഒരു സഹായം ചെയ്തിട്ടില്ല, ചോദിക്കുന്ന മുഴുവൻ പൈസയും കിട്ടാതെ’’.

Read: പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത

ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം

സാമൂഹികമായി പിന്നാക്കത്തിലുള്ള വിഭാഗങ്ങൾക്ക് പ്രാദേശിക ഭരണത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, സമഗ്രതയും സാമൂഹികനീതിയും പ്രോത്സാഹിപ്പിക്കുക ഇവയൊക്കെയാണ് സംവരണം ലക്ഷ്യമിടുന്നത്. ആകെ ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന പട്ടികജാതി, പട്ടികവർഗത്തിനായി പാർലമെന്റിൽ അത്രത്തോളം ശതമാനം തന്നെ സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളിൽ ആ മണ്ഡലത്തിലെ ജനസംഖ്യയുടെ അനുപാതത്തിലും.

എന്നിട്ടും തെരഞ്ഞെടുക്കപ്പെട്ടവർക്കല്ലാതെ, സ്വന്തം സമുദായങ്ങൾക്ക് എത്രമാത്രം മാറ്റം വരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ഒരു ചോദ്യം ബാക്കിവരുന്നു. തുല്യ പങ്കാളിത്തവും തുല്യ അവസരവും ലഭ്യമാക്കിയതിനപ്പുറം സംവരണം കൊണ്ട് ആർക്ക്, എന്തു നേട്ടമുണ്ടായി എന്ന അന്വേഷണം ജനാധിപത്യത്തിൽ ആവശ്യമാകുന്നതും അതുകൊണ്ടാണ്.

നാലു വർഷം കൊണ്ട് പ്രമീളയുടെ കുടുംബം പച്ച പിടിക്കുക മാത്രമല്ല, തഴച്ചു വളർന്നു. അവരുടെ ചുറ്റുമുള്ള സമുദായം പഴയ പടിയും. മൂന്നാം നിലയിലേയ്ക്ക് പണിയുന്ന അവരുടെ വീട് ഒരു സൂചകമായി ഇടുങ്ങിയ, അഴുക്കുചാൽ നിറഞ്ഞ ഗ്രാമത്തിന്റെ നടുക്ക് പല്ലിളിച്ചുനിന്നു.

“ഞങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും സഹായമൊക്കെ കിട്ടുമെന്ന് വിചാരിച്ചാ അവനെ ജയിപ്പിച്ചേ, വീടു നന്നാക്കാനുള്ള സഹായമോ ലോണോ ചോദിച്ചപ്പോൾ അവന് ആദ്യം 5000 വേണമെന്ന്, എവിടുന്നെടുക്കാനാ ഞാൻ?” പൊളിഞ്ഞു വീഴുന്ന വീടിന്റെ പടിയിലിരുന്ന് മാരുതി ശിണ്ടേ കരഞ്ഞു.

പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത്തിന്റെ കരച്ചിൽ. കൂട്ടത്തിലുള്ളവന് അധികാരം കിട്ടിയപ്പോൾ പഴയ ഭൂവുടമയുടെ സ്ഥാനത്ത് പുതിയൊരു ഇടനിലക്കാരൻ എന്നതിനപ്പുറം ഒന്നും മാറിയില്ലെന്ന കരച്ചിൽ.

എല്ലായിടത്തും ഇങ്ങനെയാവണമെന്നില്ല. സംവരണം പരാജയമാണെന്നുമല്ല. അത് തുല്യ പങ്കാളിത്തം എന്ന സാമൂഹ്യനീതിക്ക് വഴിവെക്കുന്നുണ്ടുതാനും. പക്ഷെ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകൾ പൂർത്തിയാവാൻ ഇനിയും കടമ്പകൾ ഏറെ എന്ന ഓർമിപ്പിക്കൽ മാത്രം.

അധികാരത്തിലെത്തിയവർ വന്നവഴി ഓർക്കുകയും, തങ്ങളെ ഉയർത്തിയ സമൂഹത്തോട് ഉത്തരവാദിത്തം പുലർത്തുകയും ചെയ്യുമ്പോഴാണ് സംവരണം അർത്ഥവത്താകുന്നത്. അല്ലെങ്കിൽ, അധികാരത്തിന്റെ വാതിൽ തുറന്നാലും അകത്ത് കടക്കുന്നതു ഒരാൾ മാത്രം; പുറത്തു കാത്തുനിൽക്കുന്ന സമൂഹം അതേ ഇരുട്ടിൽ തുടരും.

“ഒരു കുടുംബം പോലെ കഴിഞ്ഞതാ ഞങ്ങൾ; വന്ന വഴിയൊക്കെ അവർ മറന്നു. സ്വന്തം കാര്യം മാത്രം നോക്കി, പഴയ ജെമിന്ദാരെ പോലെതന്നെ’’, മാരുതി ശിണ്ടേയ്ക്ക് വീട് കിട്ടാത്തിനെക്കാൾ നിരാശ തങ്ങളോടു ചെയ്ത വഞ്ചനയോടാണെന്നു തോന്നി.


Summary: Political Power reservation and Adivasi issues, Leesha Manju's column continues in Truecopy Think webzine packet 296.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments