കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (Kerala Engineering Architecture Medical - KEAM) റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ സമീകരണം ഒഴിവാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ആഹ്ലാദകരമാണ്; അഭിമാനാർഹവും. പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ച് ജീവദായകമായ നിലപാടിലേക്കാണ് സർക്കാർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. സമീകരണം ഒഴിവാക്കുകയും തമിഴ്‌നാട് അവലംബിക്കുന്ന സ്കെയിലിംഗ് നടപ്പാക്കുകയും ചെയ്യാനാണ് തീരുമാനം. വ്യക്തിപരമായി ഏറ്റവും സന്തോഷിക്കുന്ന നിമിഷം കൂടിയാണിത്.
ഒരു വർഷമായി ഈ വിഷയത്തിന്റെ പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം എൻട്രൻസ് റിസൾട്ട് വന്നതിന്റെ തൊട്ടടുത്ത ദിവസത്തെ പത്രങ്ങളായ പത്രങ്ങളിലെല്ലാം മികച്ച റാങ്ക് കിട്ടിയ കുട്ടികളുടെ ചിത്രങ്ങളും വിശേഷങ്ങളും നിറഞ്ഞ ജാക്കറ്റ് പരസ്യങ്ങളായിരുന്നു. അന്നാണ്, എന്തുകൊണ്ട് ഈ ചിത്രങ്ങളെല്ലാം സി ബി എസ് ഇ കുട്ടികളുടേതു മാത്രമാവുന്നു; പൊതുവിദ്യാലയത്തിലെ കുട്ടികളെ റാങ്ക് പരിസരങ്ങളിലൊന്നും എന്തുകൊണ്ട് കാണുന്നില്ല എന്ന പ്രശ്നം ട്രൂകോപ്പി തിങ്കിലുടെ ഉയർത്തിയത്. പൊതുവിദ്യാലയത്തിലെ കുട്ടികൾ നേടിയ ഉന്നതമായ സ്കോറുകൾ സമീകരണം (Standardization) എന്ന പ്രക്രിയ വഴി എൻട്രൻസ് കമ്മീഷണറേറ്റിലെ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ വെച്ച് വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തോട് ആദ്യമായി പറഞ്ഞത്, ട്രൂകോപ്പിയിലൂടെയാണ്.

അന്ന് പലർക്കും അവിശ്വസനീയമായിരുന്നു അത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നിലവാരമില്ല എന്നുപറഞ്ഞ്, ഇവിടെ പഠിച്ച വിദ്യാർത്ഥികളുടെ സ്കോർ, കേരളത്തിലെ തന്നെ സർക്കാർ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ വെട്ടിച്ചുരുക്കുമോ? ഇന്നുവരെ പൊതുവിദ്യാലയങ്ങൾ ചതുർത്ഥിയായിക്കണ്ട് ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെ, അതിനെ പരിഹസിച്ചും അവഹേളിച്ചും അപമാനിച്ചും നടന്ന സി ബി എസ് ഇ അടക്കമുള്ള സ്ട്രീമുകൾക്ക്, അവർ പരീക്ഷയെഴുതി നേടിയ സ്കോറിനെക്കാൾ എത്രയോ കൂടുതൽ, അവരുടെ പരീക്ഷാബോർഡുകളുടെ ഉന്നതമായ നിലവാരം പൊക്കിപ്പിടിച്ച് ഇവിടെ കൂട്ടിക്കൊടുക്കുമോ?
പലരും വിശ്വസിച്ചില്ല. തുടർച്ചയായി ഈ വിഷയത്തിൽ അന്വേഷണങ്ങൾ നടത്തുകയും വിവരാവകാശ രേഖകൾ വഴി ലഭിച്ച വിവരങ്ങൾ വെച്ചുകൊണ്ട് നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തു. തെളിവുകൾ വെച്ചുതന്നെ, ഒന്നാം റാങ്കിൽ വരേണ്ട പൊതുവിദ്യാഭ്യാസധാരയിലെ വിദ്യാർത്ഥി, 84-ാം റാങ്കിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് ചൂണ്ടിക്കാട്ടി. ആദ്യത്തെ 500 റാങ്കിൽ വരേണ്ടുന്ന നിരവധി പേർ പതിനായിരത്തിനു പിറകിലേക്ക് വലിച്ചെറിയപ്പെട്ടത് വ്യക്തമാക്കി.
പൊതുവിദ്യാലയത്തിലെ കുട്ടികൾ നേടിയ ഉന്നത സ്കോറുകൾ സമീകരണം എന്ന പ്രക്രിയ വഴി എൻട്രൻസ് കമ്മീഷണറേറ്റിലെ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ വെച്ച് വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തോട് ആദ്യമായി പറഞ്ഞത്, ട്രൂകോപ്പിയിലൂടെയാണ്. അന്ന് പലർക്കും അവിശ്വസനീയമായിരുന്നു അത്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച സ്കോർ നേടിയവരുടെ സ്കോറിൽ നിന്ന് 27 സ്കോർ വെട്ടിച്ചുരുക്കുകയും സി ബി എസ് ഇക്ക് 8 സ്കോർ കൂട്ടി നൽകുകയും ചെയ്തതിന്റെ വിശദാംശങ്ങൾ പട്ടികകൾ വെച്ച് വിശദീകരിച്ചു. ഫലത്തിൽ, പൊതുവിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾ 35 സ്കോറിനാണ് കഴിഞ്ഞവർഷം പിറകിലായത്. ഒരു മാർക്ക് പോലും വലിയ റാങ്ക് വ്യത്യാസമുണ്ടാക്കുന്ന ഒരു പ്രവേശനപരീക്ഷയിലാണ് 35 സ്കോർ കണ്ണിൽ ചോരയില്ലാതെ വെട്ടിമാറ്റിയത്. അതും യാതൊരു അക്കാദമികമായ പിൻബലവുമില്ലാത്ത ഒരു ഓഫീസ്.
‘കീം’ സമീകരണം എന്ന അനീതിക്കെതിരെ വിദ്യാർത്ഥി- അധ്യാപക സംഘടനകളൊന്നും പ്രതിഷേധിച്ചില്ല. കെ എസ് ടി എ അടക്കം അധ്യാപക സംഘടനകളിൽ വിഷയം നിരന്തരം ഉന്നയിക്കപ്പെട്ടെങ്കിലും 'സർക്കാർ കണ്ണിലെ കൃഷ്ണമണി'യാണ് എന്ന സിദ്ധാന്തപ്രകാരം ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടായില്ല.
ഇത് കഴിഞ്ഞ വർഷം മാത്രം ചെയ്ത ചതിയായിരുന്നില്ല. കഴിഞ്ഞ കുറച്ചുവർഷമെങ്കിലുമായി സി ബി എസ് ഇയുടെ നിലവാരത്തിന്റെ 'മേന്മ'യും കേരള ഹയർ സെക്കന്ററിയുടെ 'നിലവാരരാഹിത്യ'വും ചൂണ്ടിക്കാട്ടി എൻട്രൻസ് കമ്മീഷണറേറ്റ് ഈ കൊടും ചതി പൊതുവിദ്യാഭ്യാസത്തോട് ചെയ്യുന്നു. കോവിഡ് കാലത്ത് സി ബി എസ് ഇ, പരീക്ഷ പോലും നടത്താതെ ക്ലാസിൽ മുൻവർഷം നടത്തിയ പരീക്ഷയുടെ സ്കോറുകൾ അതുപോലെ കുട്ടികൾക്ക് നൽകിയപ്പോൾ, പൊതുവിദ്യാലയങ്ങൾ പി പി ഇ കിറ്റിട്ടും സാനിട്ടറൈസറിൽ കുളിച്ചും ഭയന്നും ഉത്കണ്ഠപ്പെട്ടും പബ്ലിക് പരീക്ഷകൾ നടത്തി. ആ വർഷം ക്ലാസ് പരീക്ഷയെഴുതിയവർക്ക് വീണ്ടും സ്കോറുകൾ കൂട്ടി നൽകുകയും കോവിഡിൽ പതറി പരീക്ഷയെഴുതിയ കുട്ടികളുടെ 54 സ്കോർ കുറക്കുകയും ചെയ്തു. കാരണം സമീകരണം. പിന്നെ തുടർച്ചയായ വർഷങ്ങളിൽ സമീകരണത്തിന്റെ പേരിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സ്കോറുകൾ കുറക്കുകയും സി ബി എസ് ഇക്കാർക്ക് സ്കോർ കൂട്ടിനൽകുകയും ചെയ്തു. അധ്യാപക- വിദ്യാർത്ഥി സംഘടനകൾ ഇതൊന്നും അറിഞ്ഞ മട്ട് കാണിച്ചില്ല, ഒരക്ഷരം മിണ്ടിയില്ല.

ഓരോ വിഷയത്തിലും ദേശീയ നിലവാരത്തിൽ സി ബി സ് ഇക്കാരുടെ ശരാശരി എടുത്ത്, ഇവിടത്തെ സി ബി എസ് ഇ വിദ്യാർത്ഥിയ്ക്ക് ലഭിച്ച സ്കോറിന്റെ വ്യത്യാസം നോക്കി, അവർക്ക് മൂല്യം കൂട്ടി നൽകുന്ന അനീതിയാണ് നടന്നിരുന്നത്. ദേശീയ ശരാശരി പല കാരണങ്ങളാൽ കേരളത്തിനേക്കാൾ തുലോം കുറവായിരിക്കുമല്ലോ. സവിശേഷമായ ഒട്ടേറെ കാരണങ്ങളാൽ കേരളത്തിന്റെ ശരാശരി ഉയർന്നുനിൽക്കുന്നതിനാൽഇവിടെ മികച്ച സ്കോർ നേടിയവരുടെ സ്കോറിന് വില കുറയ്ക്കും. ഇങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പൊതുവിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾ താഴേക്കു പോയത്. ഇക്കാര്യമാണ് തുടർച്ചയായി എഴുതിയ ലേഖനങ്ങളിൽ വിളിച്ചുപറഞ്ഞത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മർമ്മപ്രധാനമായ ഓഫീസിലെ സർവ്വസൗകര്യങ്ങളും അനുഭവിച്ച്, അഞ്ചുവർഷം അതിന്റെ തലപ്പത്തിരുന്നവരടക്കം, സാർവ്വദേശീയമായ മാനദണ്ഡമാണ് സമീകരണം എന്നും അതല്ലാതെ വേറെ വഴിയില്ലെന്നും ആണയിട്ട് ലേഖനങ്ങളെഴുതി. സമീകരണം ഇല്ലാതാവുമ്പോൾ സി ബി എസ് ഇ ക്കാർ പിറകിൽ പോകുന്നത് സങ്കൽപ്പിച്ച് വിലപിച്ചു. ഇത്തരം വാദങ്ങൾക്ക് നിരന്തരം മറുപടികൾ എഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'സമീകരണം എന്ന കൊടുംചതി' എന്ന ലേഖനം എഴുതി.

ഈ വിഷയം മുന്നോട്ടുവെക്കാൻ ഒരു സമരവഴി തുറന്നത് മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവുമാണ്. തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറേറ്റിനു മുന്നിൽ 2024 ആഗസ്ത് 27 ന് സൂചനാ സമരം നടത്തി. മികച്ച സ്കോർ ലഭിച്ചിട്ടും ലക്ഷങ്ങൾ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫീസ് കൊടുക്കേണ്ടിവന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം അതിൽ പങ്കെടുത്തു. അന്നുമുതൽ എൻട്രൻസ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഓഫീസുകളിലും മന്ത്രി ഓഫീസുകളിലും ഭാഷാപ്രവർത്തകർ നിരന്തരം കയറിയിറങ്ങി. നിരന്തരം നിവേദനങ്ങളും വിവരാവകാശ അപേക്ഷകളും നൽകി.
മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള ഇടപെടൽ വലുതായിരുന്നു. അദ്ദേഹം നേരിട്ട് ഇക്കാര്യം ചർച്ച ചെയ്യാൻ ഉന്നത, പൊതുവിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.
ആദ്യമൊക്കെ ശാസ്ത്രീയമായ സമീകരണത്തിന്റെ ഗ്ലോബൽ പരിപ്രേക്ഷ്യം അറിയാത്തവരെന്നും കണക്കും സ്റ്റാറ്റിസ്റ്റിക്സും മനസ്സിലാവാത്തവരെന്നും കോടതിവിധിയെ തൊട്ടുകളിക്കുന്നവർ എന്നും പരിഹസിച്ചു. പതുക്കെപ്പതുക്കെ വ്യാജവും അശാസ്ത്രീയവും പൊതുവിദ്യാഭ്യാസത്തിന്റെ വേരിൽ വിഷം വെക്കുന്നതുമായ സമീകണത്തിന്റെ ഭീകരത അവർക്കും ബോധ്യപ്പെടാൻ തുടങ്ങി. കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിനു മുന്നിലും എറണാകുളം കളക്ടറേറ്റിനു മുന്നിലും ഭാഷാപ്രവർത്തകർ സമരം നടത്തി. മാതൃഭാഷാപ്രവർത്തകർ എന്തിനാണ് ഭാഷാവിഷയത്തിലല്ലാതെ, പൊതുവിദ്യാഭ്യാസ വിഷയത്തിൽ ഇടപെടുന്നത് എന്ന് പരിഹസിച്ചവരും ഉണ്ടായിരുന്നു. ആരെങ്കിലും ഈ സമരം ഏറ്റെടുക്കുംവരെ തെരുവിൽ ഈ വിഷയം ഉയർത്തുക മാത്രമാണ് ലക്ഷ്യമായിരുന്നത്.
എന്നാൽ ഒരാളും സമരം ഏറ്റെടുത്തില്ല. ഒരു വിദ്യാർത്ഥി സംഘടനയും അധ്യാപക സംഘടനയും ഒരു പ്രതിഷേധപ്രകടനമോ മാർച്ചോ സമരമോ നടത്തിയില്ല. കെ എസ് ടി എ അടക്കം അധ്യാപക സംഘടനകളിൽ വിഷയം നിരന്തരം ഉന്നയിക്കപ്പെട്ടെങ്കിലും 'സർക്കാർ കണ്ണിലെ കൃഷ്ണമണി'യാണ് എന്ന സിദ്ധാന്തപ്രകാരം ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടായില്ല. സമ്മേളനങ്ങളിൽ ചില പ്രമേയം പാസാക്കുന്നതിൽ ഒതുങ്ങി പ്രതിഷേധം. പാർട്ടി സമ്മേളനങ്ങളിലും പലയിടത്തും ഈ വിഷയം വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊക്കെ അടിസ്ഥാനമായത് നിരന്തരം ഭാഷാപ്രവർത്തകർ ഈ വിഷയത്തിൽ നടത്തിക്കൊണ്ടിരുന്ന ഇടപെടലുകളും എഴുത്തുകളും ആയിരുന്നു.

മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള ഇടപെടൽ വലുതായിരുന്നു. അദ്ദേഹം നേരിട്ട് ഇക്കാര്യം ചർച്ച ചെയ്യാൻ ഉന്നത, പൊതുവിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. സമീകരണത്തിന്റെ ന്യായാന്യായങ്ങൾ പഠിക്കാൻ കമ്മിറ്റിയെ വെക്കാൻ തീരുമാനിച്ചു. അതിനെയൊക്കെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥമേലാളന്മാർ പല കളികളും കളിച്ചു. അതൊക്കെ അപ്പപ്പോൾ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടി. വിവിധ തലങ്ങളിൽ പരാതികൾ നൽകി. ഒടുവിൽ സമീകരണം പരിഷ്കരിക്കുന്നത് പഠിക്കാനും പൊതുവിദ്യാഭ്യാസത്തിലെ കുട്ടികൾക്ക് വെയിറ്റേജ് നൽകുന്നതിന്റെ ആവശ്യകത പരിശോധിക്കാനും കമ്മിറ്റികളെ നിയോഗിച്ചു.
ഇപ്പോഴിതാ ഈ സമരങ്ങളുടെയും എഴുത്തുകളുടെയും ഫലമെന്നോണം കീം സമീകരണരീതി പരിഷ്കരിച്ച് ഉത്തരവ് വന്നിരിക്കുന്നു. നിലവിലുള്ള സമീകരണം എടുത്തുകളയുകയും തമിഴ്‌നാട് സ്വീകരിക്കുന്നതുപോലെ സ്കോറുകൾ എകീകരിക്കുകയും മാത്രം ചെയ്യുന്നു. ഏതു സ്ട്രീമിലെയും സ്കോറുകൾ ഒരേ സ്കെയിലിലേക്ക് മൂല്യത്തിന് അണുകിട മാറ്റമില്ലാതെ ഏകീകരിക്കുന്നു. ഒരർത്ഥത്തിൽ എല്ലാ സ്കോറും നൂറിലേക്ക് പരിവർത്തിപ്പിക്കുന്നു. ഓരോ സ്ട്രീമിന്റെയും മാക്സിമം സ്കോറിനെയും ലഭിച്ച സ്കോറിനെയും അതേപോലെ ഒരേ സ്കെയിലിലേക്ക് മാറ്റുന്നു എന്നുമാത്രം. ഇക്കാര്യം നേരത്തെ എഴുതിയ നിരവധി ലേഖനങ്ങളിൽ ഈ ലേഖകൻ ചൂണ്ടിക്കാട്ടിയിരുന്ന മാർഗ്ഗമാണ് എന്നതും വലിയ സന്തോഷം നൽകുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗ്രേസ് പോയിന്റുകൾ നൽകണം എന്നതും ഒപ്പം ഉയർത്തിയ ആവശ്യങ്ങളിൽ പെടുന്നു. പൊതുവിദ്യാലയങ്ങളിൽ എസ് എസ് എൽ സി പഠിച്ചവർക്ക് അതിന്റെ പേരിൽ മാത്രം ഹയർ സെക്കന്ററി പ്രവേശനത്തിൽ ഗ്രേസ് പോയിന്റുകൾ നൽകുന്നതും തമിഴ്‌നാട് ഏഴു ശതമാനം എഞ്ചിനീയറിംഗ് സീറ്റുകൾ തന്നെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്ക് നീക്കിവെക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. അതും ഭാവിയിൽ നടപ്പാകും എന്നുതന്നെ വിചാരിക്കുന്നു.

ഇപ്പോൾ എടുത്ത തീരുമാനത്തെ അട്ടിമറിക്കാനായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സി ബി എസ് സി ലോബിയും കേരളത്തിലെ അതിശക്തമായ എൻട്രൻസ് ബെൽറ്റും ഏതറ്റം വരെയും പോകും എന്നത് ഉറപ്പാണ്. ഭരണത്തിലും രാഷ്ട്രീയകക്ഷികളിലും സ്വാധീനമുള്ള ഉന്നതോദ്യോഗസ്ഥരും അവർക്കൊപ്പം ഉണ്ടാകും. മക്കളെ സി ബി എസ് ഇയിൽ പഠിപ്പിക്കുന്ന രാഷ്ട്രീയ പ്രമുഖരും അവരുടെ പിന്നിൽഅണിനിരക്കാം. എന്നാൽ, അവർക്കൊന്നും വേണ്ടാത്ത ഈ പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളുകളായി തെരുവിൽ ജനം ജാഗരൂകരായി രാപ്പകലുകൾ ഉറക്കമിളച്ച് കാത്തിരുപ്പുണ്ടാകും എന്നവർ മറക്കരുത്. പൊതുവിദ്യാഭ്യാസം എന്നത് അവരവരുടെ മക്കളുടെ വിജയത്തിന്റെ പടിവെട്ടാനുള്ള പാഴ് മണ്ണല്ല എന്നും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെയും സാംസ്കാരിക ഉണർവ്വുകളുടെയും മാനവിക മൂല്യങ്ങളിലൂന്നിയ മനോഭാവത്തിന്റെയും നാമ്പുകൾ നാളെയും ഇവിടെ മുളച്ചുപൊന്തേണ്ട വിളഭൂമിയാണ് എന്നും വിശ്വസിക്കുന്നവർ എന്തുവില നൽകിയും അവസാനശ്വാസംവരെയും അതിനായി പോരാടുകതന്നെചെയ്യും.
READ ALSO:
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി
