കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ (Kerala Engineering Architecture Medical - KEAM), കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്ന ‘സമീകരണം’ എന്ന അനീതിയ്ക്ക് അറുതി. കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടമാകാത്തവിധം തമിഴ്‌നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എൻട്രൻസ് കമീഷണർ സമർപ്പിച്ച ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ‘കീം’ സമീകരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് എൻട്രൻസ് കമീഷണറുടെ പുതിയ ഫോർമുല.
അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രനാണ് ഒരു വർഷമായി ഈ വിഷയം ട്രൂകോപ്പി തിങ്കിലൂടെ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. പൊതുവിദ്യാഭ്യാസത്തെ മുൻനിർത്തി പി. പ്രേമചന്ദ്രൻ നയിച്ച ഒറ്റയാൾ സമരമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.
വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുകൾ നൂറിലേക്ക് മാറ്റുന്ന രീതിയാണ് കൊണ്ടുവരിക. അതായത്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ മാർക്ക്, ഔട്ട് ഓഫ് 100 എന്ന സ്‌കെയിലിലേക്ക് കൊണ്ടുവരും. കേരള സിലബസ്, സി.ബി.എസ്.ഇ അടക്കം ഏത് സ്ട്രീമിൽ പരീക്ഷയെഴുതിയാലും സ്കോറുകളെല്ലാം ഒരേ സ്‌കെയിലിലാകും.
ഉദാഹരണത്തിന് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95-ഉം വിദ്യാർത്ഥിക്ക് ലഭിച്ചത് 70-ഉം മാർക്കാണെങ്കിൽ, 70 മാർക്കിനെ നൂറായി കൺവർട്ട് ചെയ്യും. അപ്പോൾ അത് 73.68 മാർക്കായി മാറും (70/95 X 100).
‘കീ’മിലും പ്ലസ് ടുവിനും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് 300 + 300 = 600 ആയി ഏകീകരിച്ച്, 600 എന്ന ഇൻഡക്സ് മാർക്കിലാണ് സ്കോർ നിശ്ചയിക്കുക.

ഏകീകരണത്തിലൂടെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാർക്ക് 5:3:2 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിക്കുക. അതായത് മൂന്ന് വിഷയങ്ങൾക്കും ആകെയുള്ള 300 മാർക്കിൽ, മാത്തമാറ്റിക്സിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജാണ് ലഭിക്കുക. അതേസമയം, വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിലാകും പരിഗണിക്കുക. കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോ ടെക്നോളജി, ബയോളജി എന്നിവയാണ് പരിഗണിക്കുക.
ദേശീയ ബോർഡുകളിൽനിന്ന് പ്ലസ് ടു പാസായവരുടെ കാര്യത്തിൽ, ദേശീയതലത്തിൽ അതതു വിഷയങ്ങളിൽ നേടിയ ഏറ്റവും ഉയർന്ന മാർക്ക് മാത്രമേ നോർമലൈസേഷന് പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനുമുമ്പ് വ്യത്യസ്ത പരീക്ഷാബോർഡുകളിലെ ഉയർന്ന മാർക്കുകളുടെ വിവരങ്ങൾ പ്രവേശനപരീക്ഷാ കമീഷണറേറ്റ് ശേഖരിക്കും. അത് ലഭിക്കാത്തപക്ഷം, ഉയർന്ന മാർക്ക് 100 ശതമാനമായി പരിഗണിക്കും.
പുതിയ ക്രമീകരണമനുസരിച്ച് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി എഞ്ചിനീയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കും.
2011-മുതലാണ് സമീകരണം എന്ന പ്രക്രിയ തുടങ്ങിയത്. പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്‌കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ്, 12-ാം ക്ലാസിലെ മാർക്ക് സമീകരിക്കുന്ന രീതിയായിരുന്നു ഇത്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസുകളിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.
കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടമാകാൻ തുടങ്ങുന്നത് 2021-ൽ കോവിഡ് കാലം തൊട്ടാണ്. അന്ന്, 50-നടുത്ത് സ്‌കോർ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കുറഞ്ഞു.
സമീകരണത്തിന്റെ സൂത്രവാക്യമനുസരിച്ച് കേരള സിലബസിൽ ഫിസിക്‌സിൽ 98 സ്‌കോർ ലഭിച്ച കുട്ടിക്ക് സമീകരണശേഷം അത് 92- ഓ 94- ഓ ആയി കുറയാം. മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിലും ഇങ്ങനെ കുറയാം. പൊതുവിൽ ഹയർ സെക്കന്ററിയിൽ സി ബി എസ് ഇ സ്ട്രീമിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറവായതുകൊണ്ടും ദേശീയതലത്തിൽ ശരാശരി സ്‌കോർ അൽപം കുറവായതുകൊണ്ടും അവിടെ 90 സ്‌കോർ ലഭിക്കുന്ന ഒരു കുട്ടിയുടെ സമീകരണത്തിനുശേഷമുള്ള സ്‌കോർ മൂല്യം 94- ഓ 96- ഓ ആയി ഉയരാം.
അതായത്, സി.ബി.എസ്.ഇ വിദ്യാർത്ഥികളേക്കാൾ കേരള സിലബസുകാർക്ക് 15- 20 മാർക്കാണ് നഷ്ടമായിരുന്നത്. പൊതുവിദ്യാലയത്തിൽ പഠിച്ച വിദ്യാർഥി നേടിയ 98 സ്‌കോറിനെ മൂല്യമില്ലാത്തതായി പരിഗണിക്കുകയും അതിൽനിന്ന് അഞ്ചോ ആറോ സ്‌കോർ ഒരക്കാദമിക പരിഗണനയുമില്ലാതെ വെട്ടിക്കളയുകയുമാണ് സമീകരണത്തിലൂടെ ചെയ്തിരുന്നത്. ഒന്നോ രണ്ടോ സ്‌കോറിന് ആയിരക്കണക്കിന് റാങ്കുകളുടെ വ്യത്യാസം വരുന്ന ഒരു പരീക്ഷയിലാണ് ഈ വെട്ടിക്കുറയ്ക്കൽ എന്നത്, കേരള സിലബസ് വിദ്യാർത്ഥികൾക്കെതിരായ അനീതിയുടെ ആഴം രൂക്ഷമാക്കുന്നതുമായിരുന്നു.

കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടമാകാൻ തുടങ്ങുന്നത് 2021-ൽ കോവിഡ് കാലം തൊട്ടാണ്. അന്ന്, 50-നടുത്ത് സ്‌കോർ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കുറഞ്ഞു. സി.ബി.എസ്.സിക്ക് പരീക്ഷ പോലുമുണ്ടാകാത്ത വർഷമായിരുന്നു ഇത്. എന്നിട്ടും ദേശീയ ശരാശരി കണക്കാക്കി അവർക്ക് സ്‌കോർ കൂട്ടിക്കൊടുക്കുത്തു. തൊട്ടുമുമ്പത്തെ വർഷം നടന്ന പരീക്ഷയുടെ സ്‌കോറിന്റെ ശരാശരിയാണ് ഇങ്ങനെ നൽകിയത്. കേരള സിലബസ് വിദ്യാർത്ഥികളുടെ സ്‌കോർ വെട്ടിച്ചുരുക്കുകയും ചെയ്തു.
2022-ലും 23-ലുമെല്ലാം ഭീകരമായ രീതിയിൽ സ്‌കോർവെട്ടിക്കുറക്കൽ തുടർന്നു. 2023-ൽ 18-ഓളം സ്‌കോർ കുറയ്ക്കുകയും പത്തോ പതിമൂന്നോ സ്‌കോർ സി.ബി.എസ്.സി വിദ്യാർത്ഥികൾക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു.
വ്യത്യസ്ത രീതിയിൽ നടത്തപ്പെടുന്ന, അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ത പഠനസമീപനവും ഗ്രേഡിംഗ് രീതിയുമുള്ള രണ്ടു സ്ട്രീമുകളെ ചേർത്തുകെട്ടാൻ സമീകരണം എന്ന രീതി ഉപയോഗിക്കുന്നത് ഏറ്റവും അശാസ്ത്രീയമായിരുന്നു.
2024-ൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് മൂന്നു വിഷയങ്ങളിലും കൂടി, 300-ൽ 27 മാർക്ക് കുറയ്ക്കുകയും സി.ബി.എസ്.സിക്ക് എട്ട് സ്‌കോർ കൂട്ടിക്കൊടുക്കുകയും ചെയ്തു. അതായത്, 35 സ്‌കോറിന്റെ വ്യത്യാസം. ഒന്നാം റാങ്കിലെത്തുന്ന കേരള സിലബസ് വിദ്യാർത്ഥി നൂറിൽ നൂറ് മാർക്ക് യോഗ്യതാപരീക്ഷയിലും എൻട്രൻസിലും വാങ്ങിയാലും 84-ാം റാങ്കിലേക്ക് തരംതാഴ്ത്തപ്പെടുന്ന സ്ഥിതിയുണ്ടായി. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇതുമൂലം സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ സീറ്റു ലഭിക്കാതെ സ്വാശ്രയ കോളേജുകളിൽ ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടുണ്ടായത്.
ആദ്യ 5000 റാങ്കിൽ 2034 പേർ സ്റ്റേറ്റ് സിലബസ്സിലും 2785 പേർ സി ബി എസ് ഇയിലും പഠിച്ചവരായിരുന്നു. 2024-ൽ സ്റ്റേറ്റ് സിലബസിൽ ആകെ പരീക്ഷയെഴുതിയത് 36390 പേരും സി ബി എസ് ഇ യിൽ 14541 പേരുമായിരുന്നു. അതായത് സ്റ്റേറ്റിൽ പരീക്ഷയെഴുതിയതിൽ 5.58 ശതമാനമാണ് ആദ്യ 5000- ൽ ഉൾപ്പെട്ടതെങ്കിൽ സി ബി എസ് ഇയിൽ എഴുതിയ 19.15 ശതമാനത്തിനും ഈ നേട്ടം കൈവരിക്കാനായി. അതായത്, ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം സി ബി എസ് ഇ സിലബസുകാരാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നത്.
സമീകരണം എന്നത് ഒരേ പാറ്റേണിലും ഒരേ നിലവാരത്തിലും വ്യത്യസ്ത സന്ദർഭങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ സ്‌കോറുകൾ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന സങ്കേതമാണ്. വ്യത്യസ്ത രീതിയിൽ നടത്തപ്പെടുന്ന, അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ത പഠനസമീപനവും ഗ്രേഡിംഗ് രീതിയുമുള്ള രണ്ടു സ്ട്രീമുകളെ ചേർത്തുകെട്ടാൻ ഈ രീതി ഉപയോഗിക്കുന്നതാണ് ഏറ്റവും അശാസ്ത്രീയമായ സംഗതി.

എൻട്രൻസ് കമീഷണറേറ്റിന്റെ കോൺഫിഡൻഷ്യൽസെക്ഷനിൽവച്ചാണ് സമീകരണം നടന്നതിരുന്നത്. റാങ്കിനെക്കുറിച്ചുമാത്രമാണ് പൊതുസമൂഹത്തിന് അറിവുണ്ടായിരുന്നത്. പ്രോസ്പെക്ടസിനൊടുവിൽ കൊടുത്തിട്ടുണ്ടെങ്കിലും എന്താണ് സമീകരണത്തിലൂടെ സംഭവിക്കുന്നത്, എങ്ങനെയാണ് കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നത് തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥി സമൂഹത്തിനും മറ്റും അറിയുമായിരുന്നില്ല.
തമിഴ് മാധ്യമവിദ്യാലയങ്ങളിൽ പഠിച്ചവർക്ക് ഗ്രേസ് മാർക്കുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന തമിഴ്‌നാട് സർക്കാരിനെയാണ് കേരളം മാതൃകയാക്കേണ്ടത് എന്ന നിർദേശവും പ്രേമചന്ദ്രൻ മുന്നോട്ടുവച്ചിരുന്നു. ഇതും, സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിലൂടെ നടപ്പാവുകയാണ്.
ഗുരുതരമായ ‘കീം’ സമീകരണം എന്ന വിഷയം കേരളത്തിലെ വിദ്യാർത്ഥി- അക്കാദമിക് സമൂഹത്തിന്റെയും അധികൃതരുടെയും മുന്നിൽ ഉയർന്നുവന്നത്, പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിലൂടെ എഴുതിയ ലേഖനങ്ങളിലൂടെയാണ്.
എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഹയർ സെക്കന്ററി സ്‌കോറാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച സ്കോറുകൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയം. എല്ലാ സ്ട്രീമുകളെയും ഒരേ സ്കെയിലിലേക്ക് കൊണ്ടുവരും. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തമിഴ്‌നാട് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ, 200- ൽ 200 സ്കോറും നേടിയ 145 വിദ്യാർത്ഥികളിൽ 139 പേരും പഠിച്ചത് സംസ്ഥാന സിലബസ്സിലാണ്. 2.41 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ ഇരുനൂറിൽ ഇരുനൂറു കിട്ടിയ 145 വിദ്യാർത്ഥികളുണ്ട്. മുൻ വർഷം ഇത് 65 ആയിരുന്നു. 190- നു മുകളിൽ സ്കോർ ലഭിച്ച കുട്ടികളുടെ എണ്ണം ഇക്കുറി 13,958 ആയി ഉയർന്നു. കഴിഞ്ഞ വർഷം 8813 ആയിരുന്നു.
ഗുരുതരമായ ഈ വിഷയം കേരളത്തിലെ വിദ്യാർത്ഥി- അക്കാദമിക് സമൂഹത്തിന്റെയും അധികൃതരുടെയും മുന്നിൽ ഉയർന്നുവന്നത്, പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിലൂടെ എഴുതിയ ലേഖനങ്ങളിലൂടെയാണ്. വിഷയം കൃത്യമായി പഠിച്ച്, വിവരാവകാശ രേഖകളുടെ പിൻബലത്തോടെ പത്തോളം ലേഖനങ്ങൾ അദ്ദേഹം എഴുതി. പിന്നീട് മറ്റു മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തു. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സമീകരണത്തിനെതിരെ മൂന്ന് സമരങ്ങൾ നടത്തി. ഒരു വർഷമായി നിരന്തരം ഇതിനെതിരെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ കാമ്പയിനും സമരങ്ങളും നടന്നുവരികയായിരുന്നു.

ഇതേതുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും പൊതുവിദ്യാഭ്യാസമന്ത്രിയുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേരുകയും വിഷയം പഠിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തെയും അട്ടിമറിക്കാൻ നീക്കമുണ്ടായി. അക്കാദമിക- സാമൂഹിക മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിക്കാനായിരുന്നു തീരുമാനമെങ്കിലും ചില ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകരുടെ മോണിട്ടറിംഗ് കമ്മിറ്റിയെയാണ് നിയോഗിച്ചത്. എന്നാൽ, വിമർശനങ്ങളെതുടർന്ന്, കീം സ്കോർ സമീകരണത്തിന്റെ രീതിശാസ്ത്രം പുനഃപരിശോധിക്കാനും ഭേദഗതി നിർദ്ദേശിക്കാനും അധികാരമുള്ള പുതിയ സമിതിയെ നിയോഗിക്കുകയായിരുന്നു.
‘പൊതുവിദ്യാഭ്യാസത്തിന്റെ ശത്രു’ എന്ന് ഈ സർക്കാർ തന്നെ മുദ്ര കുത്തിയ ഒരാളെന്ന നിലയ്ക്ക് തനിക്ക്, ഈ അനീതി തിരുത്തിയ സർക്കാർ തീരുമാനത്തിൽ പ്രത്യേകം അഭിമാനമുണ്ടെന്ന് പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘അധ്യാപകവൃത്തിയിൽനിന്ന് വിരമിക്കുന്ന ദിവസം തന്നെ, പ്രത്യേക ദൂതനെ അയച്ച്, ഞാൻ, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുവിദ്യാഭ്യാസത്തിനെതിരെ തിരിച്ചുവിടുന്നു എന്ന കണ്ടെത്തൽ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു സർക്കാർ. മാത്രമല്ല, നിരവധി തവണ വിശദീകരണങ്ങൾ നൽകാനെന്ന പേരിൽ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസത്തിന്റെ പേരിൽ എനിക്ക് നടത്താൻ കഴിഞ്ഞ ഒരു സമരം വിജയത്തിലെത്തിയതിലും ട്രൂകോപ്പി തിങ്ക് അടക്കമുള്ള മാധ്യമങ്ങൾ അതിനോടൊപ്പം നിന്നതിലും ഇപ്പോൾ ഏറെ ചാരിതാർഥ്യമുണ്ട്’’- അദ്ദേഹം പറഞ്ഞു.
ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും അധ്യാപക, വിദ്യാർഥി സംഘടനകൾ ഏറ്റെടുത്തില്ലെന്നും ഒരു വാർത്താസമ്മേളനം വിളിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
▮
‘കീം’ സമീകരണവുമായി ബന്ധപ്പെട്ട്
ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച
പി. പ്രേമചന്ദ്രന്റെ ലേഖനങ്ങള്‍:
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി
