ശ്വാസകോശ അർബുദം ലോകത്തിൽതന്നെ മുന്നിട്ടുനിൽക്കുന്ന കാൻസറുകളിൽ ഒന്നാണ്, മാത്രമല്ല, ഏറ്റവും കൂടുതൽ കാൻസർ മരണനിരക്കിന് കാരണവുമാണ് എന്നാണ് 2022-ലെ അമേരിക്കൻ കാൻസർ സൊസൈറ്റിയും (ACS) ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഇൻ കാൻസർ (IARC) ചേർന്ന് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ റിപ്പോർട്ടുപ്രകാരം ലോകമെമ്പാടും എല്ലാവർഷവും 200 ലക്ഷം പുതിയ അർബുദങ്ങൾ കണ്ടെത്തപ്പെടുകയും അതിൽ ശരാശരി 100 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും കൂടുതൽ കണ്ടെത്തപ്പെടുന്നതും (12.4%) ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നതും (18.7%) ശ്വാസകോശ കാൻസർ കാരണമാണ്.
നൂതനചികിത്സാ നിർണ്ണയമാർഗ്ഗങ്ങളും മോളിക്കുലാർ ടെസ്റ്റുകളും കീമോതെറാപ്പിയും ടാർഗറ്റഡ് തെറാപ്പിയും ഇപ്പോൾ ലഭ്യമായിരിക്കെ തന്നെ ശ്വാസകോശ അർബുദം കൂടിയ മരണനിരക്കുമായി തുടരുന്നു.
ശ്വാസകോശ അർബുദത്തിന്റെ കാരണങ്ങൾ
ശ്വാസകോശ കാൻസർ പ്രധാനമായും മുതിർന്നവരിലാണ് കാണപ്പെടുന്നത്. അതിൽത്തന്നെ കൂടുതലും പുരുഷന്മാരിൽ. പുകവലിയാണ് ഏറ്റവും പ്രധാന കാരണം (80% ആളുകളിലും). എന്നാൽ സ്ത്രീകളിലും ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവരിലും പ്രായം കുറഞ്ഞവരിലും ഈ രോഗം ഇപ്പോൾ കണ്ടുവരുന്നുണ്ട്.

പുകവലിക്കാത്തവരിൽ സെക്കന്റെറി സ്മോക് ഇൻഹലേഷൻ, തൊഴിൽ സംബന്ധമായി വാതകങ്ങൾ / പുക എന്നിവ ശ്വസിക്കുക, അന്തരീക്ഷ / വായു മലിനീകരണം, ആസ്ബെസ്റ്റോസ്, റാഡോൺ, യുറേനിയം,, ഡീസൽ - എക്സ്ഹോസ്റ്റ്, സിലിക്ക, കോൾ എന്നിവ ശ്വസിക്കുക, ജനിതക കാരണങ്ങൾ, ശ്വാസകോശത്തിനെ ബാധിക്കുന്ന നീണ്ടുനിൽക്കുന്ന COPD, ഇന്റർസ്റ്റീഷ്യൽ ലങ്ങ് ഡിസീസ് (ILD), ക്ഷയരോഗം എന്നിവയെല്ലാം ശ്വാസകോശ കാൻസറിനു കാരണമാകുന്നു. രാജ്യങ്ങൾക്കും മേഖലകൾക്കും അനുസരിച്ച് രോഗകാരണങ്ങളിൽ വ്യത്യാസം വരാറുണ്ട് എന്നുമാത്രമല്ല, ഒരിക്കലും പുകവലിക്കാത്തവരിലും ഈ കാൻസർ വരുന്നത്, ഈ രോഗത്തിന്റെ ബഹുഘടക സ്വഭാവം വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങൾ
ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും വ്യക്തമാകാറില്ല എന്നതുകാരണം രോഗം പുരോഗമിച്ചതിനുശേഷം മാത്രമാണ്, ഇത് കണ്ടെത്തപ്പെടുന്നത്. തുടക്കഘട്ടങ്ങളിൽ സ്പഷ്ടമായ ലക്ഷണങ്ങൾ ഇല്ലാത്തത് പലപ്പോഴും രോഗം കൃത്യമായും പൂർണ്ണമായും ചികിത്സിക്കാൻ സാധിക്കാതെ പോകുന്നു. ശ്വാസകോശത്തിന്റെ ഏതുഭാഗത്തെയാണോ ബാധിക്കുന്നത് എന്ന് അനുസരിച്ചാണ് രോഗലക്ഷണങ്ങൾ പലപ്പോഴും പ്രകടമാകുന്നത്.

ശ്വാസകോശത്തിന്റെ വായുനാളങ്ങളിൽ വളരുന്ന കാൻസർ, ചുമയായും ശ്വാസതടസ്സമായും കഫത്തിൽ രക്തം വരുന്നതായും ഉള്ള ലക്ഷണങ്ങളോടെ പ്രകട മാകുന്നു. പുക വലിച്ചിരുന്നവരിൽ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ കാൻസർ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാൻസർ വളരുന്നതിനോടൊപ്പം രോഗലക്ഷണങ്ങളിൽ മാറ്റം വരുന്നു. തൂക്കം കുറയുക, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം എന്നിവ വരുന്നതിനൊപ്പം, സ്വരത്തിൽ ഉണ്ടാകുന്ന വ്യത്യാസം, മുഖത്തും കഴുത്തിലും നെഞ്ചത്തും നീർവീക്കം വരുക, രക്തധമനി തെളിഞ്ഞുവരിക (Superior venacaval obstruction- SVCO), കഴുത്തിലും ദേഹത്തും ലിംഫ് മുഴകൾ പ്രത്യക്ഷപ്പെടുക, നെഞ്ചുവേദന, കൈയിലേക്ക് പടരുന്ന വേദന, കൺപോള താഴ്ന്നു പോവുക (ptosis), മുഖത്തിന്റെ ഒരുഭാഗത്ത് വിയർക്കാതിരിക്കുക എന്നീ പ്രത്യേകതകൾ കാൻസർ വ്യാപനംമൂലം ഉണ്ടായേക്കാം.
ചിലരിൽ പല ഘട്ടങ്ങളിൽ ആയി ചികിത്സിച്ചു മാറാത്ത ന്യുമോണിയ കാൻസർ മൂലമാകാം. അസുഖം പുരോഗമിക്കുമ്പോൾ / ദൂരവ്യാപനം സംഭവിക്കുമ്പോൾ കരൾ, വൃക്ക, ആമാശയം, അസ്ഥികൾ, ലിംഫ് നോഡ്സ്, തലച്ചോറിലും ബാധിച്ച് മറ്റു രോഗലക്ഷണങ്ങൾ പ്രകടമാകാം. പലപ്പോഴും മറ്റ് രോഗങ്ങൾക്കുവേണ്ടി പരിശോധന ചെയ്യുമ്പോഴോ, മെഡിക്കൽ ചെക്കപ്പിന് ഇടയിലോ ശ്വാസകോശത്തിലെ നീർക്കെട്ട് (pleural effusion) ആയിട്ടോ ചിലപ്പോൾ കണ്ടെത്താം. ദൂരവ്യാപനം മൂലം ചിലപ്പോൾ തലവേദന, അസ്ഥിവേദന, അസ്ഥിഭംഗങ്ങൾ, കരളിന്റെയും അഡ്രിനൽ ഗ്രന്ഥിയുടെയും പ്രവർത്തനക്കുറവ് എന്നിവയായും പ്ലാസ്റ്റിക് സിൻഡ്രോമുകളായും ഇവ കണ്ടെത്താം.
രോഗനിർണ്ണയം
കാൻസർ സംശയിക്കുന്ന സാഹചര്യത്തിൽ വ്യക്തമായ രോഗചരിത്രം മനസ്സിലാക്കുക എന്നത് ഏറ്റവും അനിവാര്യമാണ്. പുകവലി, ശ്വാസകോശ കാൻസറിന്റെ മറ്റു കാരണങ്ങൾ, കുടുംബപാരമ്പര്യം, പ്രമേഹം, ഹൃദയരോഗങ്ങൾ, ക്ഷയരോഗം വന്നിട്ടുള്ളതിന്റെ ചരിത്രം എല്ലാം പ്രധാനപ്പെട്ടതാണ്.
ശാരീരിക പരിശോധന: കാൻസർ ഏതു രീതിയിലാണ് പ്രകടം, അതിന്റെ വ്യാപനം എന്നിവ മനസ്സിലാക്കാനും ഏതുതരം ടെസ്റ്റുകൾ വഴി അസുഖം കണ്ടെത്താം എന്നു തീരുമാനിക്കുന്നതിനും സഹായിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട പരിശോധന ബയോപ്‌സിയും ടിഷ്യു പരിശോധനയുമാണ്. ഏതുതരം കാൻസറാണ് എന്ന് കണ്ടെത്തി ചികിത്സ ക്രമീകരിക്കാൻ ഈ ടെസ്റ്റ് സഹായകമാണ്.
പരിശോധനകൾ നിശ്ചയിക്കുമ്പോൾ രോഗിക്ക് ഏറ്റവും ബുദ്ധിമുട്ട് കുറച്ച്, എന്നാൽ രോഗനിർണ്ണയം ഉറപ്പുവരുത്തുന്ന പരി ശോധനയ്ക്ക് മുൻതൂക്കം ഉണ്ടാകും.
നെഞ്ചിന്റെ എക്‌സ്‌റേ, കഫ പരിശോധന (sputum cytology) എന്നിവ പ്രാഥമിക രോഗനിർണ്ണയ പ്രക്രിയകളാണ്. നെഞ്ചിന്റെ കോൺട്രാസ്റ്റ് സിടി സ്കാൻ (CECT) ഒരു പ്രധാനപ്പെട്ട നോൺ ഇൻവേസീവ് ടെസ്റ്റാണ്. CECT എടുക്കുന്നതുമൂലം കാൻസർ ഏതു സ്ഥാനത്താണ്, അതിന്റെ വലിപ്പം, വ്യാപ്തി, ശ്വാസകോശത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള വ്യാപനം (Metastasis), ലിംഫ് ഗ്രന്ഥികളിലേക്കോ അസ്ഥിയിലേക്കോ വൃക്ക, അഡ്രീനൽ, കരൾ, മസിൽ, ഹൃദയം എന്നിവയിലേക്കുള്ള വ്യാപനം എന്നിവ മനസ്സിലാക്കാൻ സാധിക്കുന്നു. ഇതോടൊപ്പം, ഏതു ടെസ്റ്റ് ഉപയോഗിച്ച് ബയോപ്‌സി എടുക്കണം എന്ന് തീരുമാനിക്കാം. ഉദാ: ശ്വാസനാളത്തിലുള്ള ട്യൂമർ ബ്രോങ്കോസ്‌കോപ്പി അല്ലെങ്കിൽ EBUS ഉപയോഗിച്ച് ബയോപ്‌സി എടുക്കാം. എന്നാൽ നെഞ്ചിൻകൂടിനോട് ചേർന്നിരിക്കുന്ന വളർച്ച, അല്ലെങ്കിൽ നീർക്കെട്ട് - അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാനിന്റെ സഹായത്തോടെ കുത്തിയെടുത്ത് പരിശോധിക്കാം. കോൺബീറ്റ സി.ടി (CBCT) ശ്വാസകോശത്തിലെ ചെറിയ മുഴകൾ കണ്ടെത്താൻ സഹായിക്കും.

ലബോറട്ടറി പരിശോധനകൾ, കൂടുതലും അർബുദം അനുബന്ധിച്ചുള്ള അവസ്ഥകൾ (paraneoplastic syndrome) നിർണ്ണയിക്കാനും, വിളർച്ച, കരളിന്റെയും വൃക്കകളുടെയും പ്രവർത്തനക്ഷമത നിർണ്ണയിക്കുക എന്നതിനും സഹായകമാണ്.
ശ്വാസകോശ അർബുദത്തിന്റെ പ്രധാനപ്പെട്ട വകഭേദങ്ങളായ സ്മാൾ സെൽ (small cell lung cancer - SCLC), നോൺ സ്‌മോൾ സെൽ (Non-small cell lung cancer- NSCLC) എന്നീ വകഭേദങ്ങൾ വേർതിരിച്ചറിയാൻ ടിഷ്യൂ ബയോപ്‌സി- ഹിസ്റ്റോപത്തോളജി സഹായിക്കുമെങ്കിലും, മോളിക്കുലർ ടെസ്റ്റുകൾ ചെയ്താലേ NSCC-യുടെ വകഭേദങ്ങൾ മനസ്സിലാക്കാൻ കഴിയുകയും ചികിത്സ നിർണ്ണയിക്കാൻ കഴിയുകയും ചെയ്യൂ. ഇതോടൊപ്പം ജനിതകമാറ്റങ്ങൾ (gene mutations) - EGFR, KRAS എന്നിവ കണ്ടെത്തിയാൽ ചികിത്സ ക്രമീകരിക്കാനും ഫലപ്രദമാക്കാനും കഴിയും..
പെറ്റ് സ്കാൻ (PET-CT Scan) രോഗത്തിന്റെ ഘട്ടനിർണ്ണയത്തിനും (staging) തുടർചികിത്സയുടെ ഫലം തിട്ടപ്പെടുത്തുന്നതിനും സഹായം ചെയ്യും. എം ആർ ഐ സ്കാൻ, (MRI Scan) തലച്ചോറിന്റെ സി.ടി(Cone beam CT) എന്നിവ രോഗവ്യാപനം മനസ്സിലാക്കാനും ചികിത്സ ക്രമീകരിക്കാനും സഹായിക്കും.
ശ്വാസകോശ കാൻസർ ചികിത്സ
തുടക്കഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തത് രോഗനിർണ്ണയം വൈകുന്നതിന് കാരണമാകുന്നു. രോഗികളിൽ മിക്കവാറും തന്നെ രോഗവ്യാപനം നടന്ന അവസ്ഥയിലാണ് കണ്ടുപിടിക്കപ്പെടുന്നത്. ഏറ്റവും നൂതന ചികിത്സാമാർഗ്ഗങ്ങൾ ലഭ്യമായ സെന്ററുകളിൽപ്പോലും ശ്വാസകോശാർബുദ ചികിത്സയുടെ ഫലം ഇപ്പോഴും പരിമിതമാണ്. ഏകദേശം 5.5% രോഗികൾക്കേ രോഗം പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ സാധിച്ചിട്ടുള്ളൂ.
എല്ലാ ശ്വാസകോശ കാൻസർ രോഗചികിത്സയും ബഹുശാഖാ സമീപനത്തോടെയാണ് (multidisciplinary tumour board) നിശ്ചയിക്കുക. പൾമനോളജി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, തൊറാസിക് സർജറി, പാലിയേറ്റീവ് കെയർ എന്നീ വിവിധ ശാഖകളിൽ നിന്നുമുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് ചികിത്സ ക്രമീകരിക്കുന്നത്. കാൻസറിന്റെ തരം (NSCLC/SCLC), വ്യാപനം, രോഗിയുടെ ആരോഗ്യനില (performance status) എന്നിവ തിട്ടപ്പെടുത്തിയാണ് ചികിത്സ നിർണ്ണയിക്കുന്നത്.
ശ്വാസകോശ കാൻസറുകളിൽ കൂടുതലും NSCLC ആണ്. ഏതുതരം കാൻസർ ആണെങ്കിലും തുടക്കഘട്ടങ്ങളിൽ മാത്രമേ സർജറി പ്രയോജനം ചെയ്യുകയുള്ളൂ. രോഗത്തിന്റെ ഘട്ടം അനുസരിച്ച് ശസ്ത്രക്രിയയ്ക്ക് മുൻപും / ശേഷവും കീമോതെറാപ്പിയോ അതോടൊപ്പം റേഡിയോ തെറാപ്പിയോ നൽകാം. സർജറി കൂടുതലും ചെയ്യുന്നത് ആദ്യഘട്ടങ്ങളിലുള്ള NSCLC ക്കാണ്. കൂടുതൽ ഗുരുതര സ്റ്റേജ് ആയ (advanced stage) NSCLC- ക്ക് കോമ്പിനേഷൻ കീമോതെറാപ്പിയാണ് പ്രയോജനം ചെയ്യുക. ജനിതകമാറ്റം വന്നിട്ടുള്ള അർബുദങ്ങൾക്ക് ബയോളജിക്ക് (biologic) മരുന്നുകളായ Geftinib/Erlotinib എന്നിവ പരി ഗണിക്കാവുന്നതാണ്. സർജറി സാധ്യമല്ലാത്ത advanced NSCLC ക്ക് റേഡിയേഷൻ ചികിത്സ പരിഗണിക്കുന്നതാണ്.
സ്മാൾസെൽ കാൻസർ കൂടുതൽ വേഗത്തിൽ ദൂരവ്യാപനം വരുന്നതും മരണനിരക്ക് കൂടിയതുമായ തരം കാൻസറാണ്. ലിമിറ്റഡ് സ്റ്റേജ് / എക്സ്റ്റൻസീവ് സ്റ്റേജ് എന്നാണ് ഇവയുടെ ഘട്ടം തിരിക്കുക. വളരെ തുടക്കത്തിൽ ലിമിറ്റഡ് സ്റ്റേജിൽ മാത്രമേ സർജറി സാധ്യമാവുകയുള്ളു. കീമോതെറാപ്പിയും റേഡിയേഷനുമാണ് ഈ തരം കാൻസറിന്റെ പ്രധാന ചികിത്സ. വളരെവേഗം തലച്ചോറിൽ വ്യാപനം വരാൻ സാധ്യതയുള്ള തരം കാൻസറായതിനാൽ ഈ രോഗികൾക്ക് തലച്ചോറിന് റേഡിയേഷൻ ഫലം ചെയ്യും (prophylactic .... irradiation).

പാലിയേറ്റീവ് ചികിത്സ ശ്വാസകോശ അർബുദചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്. അർബുദവ്യാപനം വന്ന എസ്. വി. സി (SVC obstruction) എന്ന അവസ്ഥയിൽ പാലിയേറ്റീവ് റേഡിയേഷൻ നൽകാവുന്നതാണ്. സർജറി ചെയ്തു മാറ്റാൻ പറ്റാത്ത ശ്വാസകോശമുഴകൾ ബ്രോങ്കോസ്‌കോപ്പി വഴി നീക്കം ചെയ്യാനും, ശ്വാസനാളങ്ങളെ വികസിപ്പിക്കാൻ സ്റ്റെന്റ് ഇടാനും സാധിക്കും.
ശ്വാസകോശ കാൻസർമൂലം നീർക്കെട്ട് (malignant pleural effusion) വരുന്ന അവസ്ഥയിൽ അത് നീക്കം ചെയ്യാൻ ആസ്പിറേഷൻ ചെയ്യുകയോ, ഫ്ളൂയിഡ് വാർന്നുപോകാനായി indwelling pleural catheter ഇടുകയോ ചെയ്യാം.
രോഗത്തിന്റെ വ്യാപനം മൂലമുണ്ടാകുന്ന വേദന, ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്കായി പാലിയേറ്റീവ് സേവനങ്ങൾ വഴി മോർഫിൻ ഗുളിക നൽകാനും, മറ്റ് വേദനസംഹാരികൾ നൽകാനും സാധിക്കും.
വിഷാദം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ മാനസികാരോഗ്യത്തിനായി കൗൺസലിംഗ് വേണ്ടിവന്നേക്കാം. ഇവയെല്ലാം രോഗിയുടെ ജീവിതനിലവാരം ഉയർത്താൻ സാധിക്കും.
രോഗഫലം
ആദ്യഘട്ടങ്ങളിൽ കണ്ടുപിടിക്കപ്പെടുന്ന ശ്വാസകോശ കാൻസർ സർജറി, കീമോതെറാപ്പി, റേഡിയേഷൻ എന്നിവകൊണ്ട് ചികിത്സിച്ചാൽ മെച്ചപ്പെട്ട ഫലം ഉണ്ടാകും. വൈകി കണ്ടുപിടിക്കുന്ന സാഹചര്യങ്ങളിൽ രോഗഫലം പരിമിതമായേക്കാം.
കാൻസർ പ്രതിരോധം
ഏറ്റവും ഫലപ്രദമായ ശ്വാസകോശ കാൻസർ പ്രതിരോധിക്കാനുള്ള മാർഗ്ഗം പുകവലി നിർത്തുക എന്നതാണ്. മറ്റു കാരണങ്ങളായ തൊഴിൽപരമായ കെമിക്കൽ വാതകങ്ങൾ, അന്തരീക്ഷമലിനീകരണം എന്നിവ ഒഴിവാക്കുക എതും പ്രധാനപ്പെട്ട പ്രതിരോധമാർഗ്ഗങ്ങളാണ്.
ചികിത്സാഫലം മെച്ചപ്പെടുത്താൻ രോഗനിർണ്ണയം ആദ്യഘട്ടങ്ങളിൽ സ്‌ക്രീൻചെയ്താൽ സാധിക്കും. കാൻസർ വരാൻ സാധ്യത ഉള്ളവരിൽ ലോ ഡോസ് CT screening നടത്തുന്നത് ഇതിന് സഹായിക്കും.
READ: വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്
ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം
തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
