അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

‘‘അധികം ഇന്റൻസീവ് കെയർ യൂണിറ്റുകളിലും ഏതാണ്ട് മൂന്നിലൊന്ന് ഭാഗം രോഗികൾക്ക് ആദ്യത്തെ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മാനസിക വിഭ്രാന്തിയുണ്ടാകുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എം.ആർ. രാജഗോപാൽ എഴുതിയ ലേഖനം.

ലോചിച്ചിട്ടുണ്ടോ, ഒരു ആശുപത്രിയിൽ എത്രയോ വിഭാഗങ്ങളുണ്ടാകും. ഓരോന്നും ഓരോ തരം രോഗങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോർ ഞരമ്പുകൾ, എല്ലുകൾ സന്ധികൾ ... അങ്ങനെ അങ്ങനെ. ഇക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഒരെണ്ണം ഉടലെടുത്തു; അനസ്തേഷ്യ. ശസ്ത്രക്രിയാ സമയത്തെ വേദന മാറ്റുക എന്നത് മാത്രമായിരുന്നു അന്ന് ഈ നൂതനവിഭാഗത്തിന്റെ ജോലി.

അനസ്തേഷ്യ പ്രചാരത്തിൽ വരുന്നതിനു മുമ്പുള്ള കാലത്ത് ശസ്ത്രക്രിയയ്ക്കു മുമ്പ് വേദന കുറയ്ക്കാൻ മദ്യമോ മറ്റോ കഴിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. എന്നാലും എവിടെ മതിയാവാൻ? കയ്യോ കാലോ മുറിച്ചുകളയേണ്ട ആളിന് വാൾ കൊണ്ട് എല്ല് മുറിച്ചേ തീരൂ. അതിന് മദ്യം കൊണ്ട് എന്താവാൻ? അപ്പോൾ കയ്യും കാലും കെട്ടിയിട്ടിട്ട് ക്രൂരമായി ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥ ഉണ്ടായിരുന്നു.

അങ്ങനെ വേദന മാറ്റാനായി മാത്രമുണ്ടായ ഒരു വൈദ്യശാസ്ത്രമേഖല പിന്നീട് ശസ്ത്രക്രിയയോട് അനുബന്ധിച്ചുള്ള സമയത്ത് രോഗിക്ക് ഇന്റൻസീവ് കെയർ മുഴുവൻ കൊടുക്കുന്ന ഒന്നായി മാറി. ശസ്ത്രക്രിയാ സമയത്ത് രക്തവും ജലാംശവും നഷ്ടപ്പെടുന്നത് മാത്രമല്ല പ്രശ്നം. ശരീരത്തിലെ ഏത് അവയവത്തിനും പ്രവർത്തനത്തിൽ വ്യത്യാസങ്ങൾ വരാം. അതൊക്കെ തത്സമയം ഇടപെട്ട് പൊതുവെ ശരീരത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്ന രീതിയിൽ അനസ്തേഷ്യയോളജി വളർന്നിട്ടുണ്ട്. മറ്റു പലതും പിന്നീട് കൂട്ടിച്ചേർ ത്തിട്ടുമുണ്ട്.

അനസ്തേഷ്യ ഇല്ലാതെ രോഗിയെ കെട്ടിയിട്ട് ശസ്ത്രക്രിയ ചെയ്യുന്ന ക്രൂരതയെ പറ്റി നേരത്തെ പറഞ്ഞല്ലോ. മറ്റൊന്നാലോചിച്ചു നോക്കൂ. ക്യാൻസറോ ഞരമ്പ് സംബന്ധമായ രോഗമോ ബാധിച്ച രോഗിയുടെ വേദന നമ്മുടെ ഭാവനയ്ക്ക് അപ്പുറമാകാം. ‘ചുട്ടുപഴുപ്പിച്ച കമ്പി എല്ലിനുള്ളിലേക്കു കടത്തി കുത്തിത്തിരിക്കുന്നത് പോലെ’ എന്നാണ് സ്വന്തം വേദനയെ ഒരു രോഗി ആ അനുഭവത്തെപ്പറ്റി പറഞ്ഞത്. ശസ്ത്രക്രിയ എന്നത് മണിക്കൂറുകളുടെ കാര്യം. ഈ രോഗിക്കോ, ശിഷ്ടജീവിതം മുഴുവനാണ് നരകം.

അവിടെ രോഗത്തിൽ മാത്രം കേന്ദ്രീകരിക്കാതെ രോഗിയുടെ ദുരിതവും ബുദ്ധിമുട്ടും മാറ്റുന്നു, പാലിയേറ്റിവ് കെയർ. രോഗത്തിലും ശ്രദ്ധിക്കണം; സംശയമില്ല. പക്ഷേ രോഗിയെ ഒരു വ്യക്തിയായി കണ്ട് ശാരീരികമായോ മാനസികമായോ സാമൂഹികമായോ ആത്മീയമായോ ഉള്ള ദുരിതങ്ങൾ മനസ്സിലാക്കി അവയ്ക്ക് ആകുന്നിടത്തോളം പരിഹാരം കൊടുത്ത് ശിഷ്ടജീവിതത്തിൽ സൗഖ്യം നിറയ്ക്കുകയാണ് പാലിയേറ്റീവ് കെയർ ചെയ്യുന്നത്. മാത്രമല്ല, രോഗാവസ്ഥയിൽ രോഗി മാത്രമല്ല ദുരിതമനുഭവിക്കുന്നതെന്ന് മനസ്സിലാക്കി രോഗിയുടെ കുടുംബത്തെയും ചികിത്സാ വലയത്തിനുള്ളിൽ കൊണ്ടുവരുന്നു പാലിയേറ്റീവ് കെയർ.

പാലിയേറ്റീവ് കെയർ ക്യാൻസറിന് മാത്രമുള്ളതാണെന്നോ, ജീവിതാന്ത്യത്തിനു മാത്രമുള്ളതാണെന്നോ തെറ്റിദ്ധാരണ പരക്കെയുണ്ട്. ആ വൈദ്യശാസ്ത്ര മേഖലയുടെ ഇന്നത്തെ വളർച്ചയനുസരിച്ച് എത്തിനിൽക്കുന്നത് രോഗസംബന്ധമായ ഏതു ദുരിതവും ആകുന്നിടത്തോളം മാറ്റി രോഗിയുടെയും കുടുംബത്തിന്റെയും സൗഖ്യം ഉറപ്പുവരുത്തുക എന്നിടത്താണ്. അങ്ങനെ വരുമ്പോൾ രോഗചികിത്സയോടൊപ്പം കൊണ്ടുപോകേണ്ടി വരുന്നു ഇത്. പക്ഷെ രോഗത്തിന് ഇനി ചികിത്സ ഇല്ലായെന്ന് സ്ഥിതി വരുമ്പോൾ പിന്നെ ചികിത്സ പാലിയേറ്റീവ് കെയർ മാത്രമായി വരുന്നു എന്നതും ശരി.

അവിടെ രോഗത്തിൽ മാത്രം കേന്ദ്രീകരിക്കാതെ രോഗിയുടെ ദുരിതവും ബുദ്ധിമുട്ടും മാറ്റുന്നു, പാലിയേറ്റിവ് കെയർ.
അവിടെ രോഗത്തിൽ മാത്രം കേന്ദ്രീകരിക്കാതെ രോഗിയുടെ ദുരിതവും ബുദ്ധിമുട്ടും മാറ്റുന്നു, പാലിയേറ്റിവ് കെയർ.

രോഗചികിത്സയും പാലിയേറ്റീവ് കെയറും ആയുള്ള സംയോജനം എന്നാൽ, രോഗത്തെ ചികിൽസിക്കുന്ന എല്ലാ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പാലിയേറ്റീവ് കെയറിന്റെ തത്വങ്ങൾ മനസ്സിലാക്കുകയും അത് സ്വന്തം പ്രവർത്തനത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന രീതിയാണ്. 2014 -ലെ ലോകാരോഗ്യസഭയുടെ (ഈ സഭയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങൾ എടുക്കുന്നത്) തീരുമാനമനുസരിച്ച് പാലിയേറ്റീവ് കെയർ ചില ഡോക്ടർമാരോ, ഒരു വിഭാഗമോ മാത്രമായി ചെയ്യേണ്ട കാര്യമല്ല. എല്ലാ ആരോഗ്യപരിപാലനത്തിന്റെയും ഭാഗമാകണം അത്. അങ്ങനെയെങ്കിൽ മെഡിക്കൽ കോളേജുകൾ പോലെയുള്ള വലിയ ആശുപത്രികൾ മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വരെ എല്ലാ തലത്തിലും ആ പ്രവർത്തനം വേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന്, സർക്കാരിന്റെ ആരോഗ്യനയത്തിന്റെ ഭാഗമാകണം പാലിയേറ്റീവ് കെയർ. ആശുപത്രികളും മറ്റ് ആരോഗ്യസ്ഥാപനങ്ങളും സ്വന്തം പ്രവർത്തനത്തിന്റെ ഭാഗവും ആക്കണം ഇത്. വേണ്ടേ? ഒന്നര വർഷം നീണ്ടുനിൽക്കുന്ന രോഗചികിത്സയാണെങ്കിൽ അത് കഴിയുന്നതുവരെ വേദനയും ശ്വാസംമുട്ടും ഛർദ്ദിയും മാനസിക സാമൂഹിക പ്രശ്നങ്ങളും എല്ലാം അനുഭവിച്ച് ഇനി രോഗം മാറുകയില്ലയെന്ന തീരുമാനമായതിനു ശേഷമുള്ള അവസാനത്തെ കുറച്ചു നാളുകൾ മാത്രം സൗഖ്യം നൽകുന്നത് എന്ത് അനീതിയാണ്?

ഇങ്ങനെ ഒരു സംയോജനത്തിന് കുറെയധികം കാര്യങ്ങൾ ഭാരതത്തിൽ നടന്നുകഴിഞ്ഞു. ഉദാഹരണത്തിന് 2017- ലെ കേന്ദ്ര ആരോഗ്യനയം അനുസരിച്ച് പ്രാഥമികതലം മുതൽ പാലിയേറ്റീവ് കെയർ വരെ ലഭ്യത വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. 2019 മുതൽ എം.ബി.ബി.എസ് പാഠ്യപദ്ധതിയിലും 2022 മുതൽ നഴ്‌സിംഗ് പാഠ്യപദ്ധതിയിലും ഇത് ഭാഗമായിക്കഴിഞ്ഞു. ചില ആശുപത്രികൾ എങ്കിലും ഇതിനു വേണ്ടിയുള്ള പ്രവർത്തനം വളരെയധികം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

ഉദാഹരണത്തിന്, ആസ്സാമിലെ സിൽച്ചാർ എന്ന സ്ഥലത്ത് ഡോ. രവി കണ്ണൻ എന്ന ക്യാൻസർ രോഗവിദഗ്ധൻ നടത്തുന്ന ആശുപത്രിയിൽ ഓരോ രോഗിയോടും രോഗത്തെപ്പറ്റി മാത്രമല്ലാതെ രോഗസംബന്ധമായ ദുരിതത്തെപ്പറ്റിയും അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുന്ന സംവിധാനം നിലവിൽ വന്നു. മറ്റേതൊരു ഡോക്ടർക്കും ചികിൽസിച്ചു മാറ്റാൻ കഴിയാത്ത പ്രശ്നങ്ങൾ മാത്രമേ അപ്പോൾ പാലിയേറ്റീവ് കെയർ വിദഗ്ധന്റെ അടുത്തേക്ക് പോകുന്നുള്ളൂ.

ഇപ്പറഞ്ഞ രീതിയിൽ പാലിയേറ്റീവ് കെയർ ആരോഗ്യ പരിപാലനവുമായി സംയോജിപ്പിക്കുന്നത് അനസ്തേഷ്യ, പാലിയേറ്റീവ് കെയർ എന്നീ വിഭാഗങ്ങളുടെ കാര്യത്തിൽ എങ്ങനെയൊക്കെ ആയിരിക്കും? നാളെ എനിക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നാൽ മേൽപ്പറഞ്ഞ സംയോജനം ഏതു രീതിയിലായിരിക്കും എനിക്കനുഭവപ്പെടുക?

ഞാൻ പ്രതീക്ഷിക്കുന്നത്, എന്നെ കാണാൻ വരുന്ന അനസ്തേഷ്യ വിദഗ്ധൻ പാലിയേറ്റീവ് കെയറിന്റെ തത്വങ്ങൾ പഠിച്ചുകഴിഞ്ഞിരിക്കും. അദ്ദേഹം എന്റെ അടുത്തുവന്ന് നിന്നിട്ട് കുനിഞ്ഞു നോക്കിയായിരിക്കില്ല സംസാരിക്കുന്നത്. തിരക്കിനിടയിലാണെങ്കിൽ പോലും അടുത്ത് ഒരു കസേരയിലോ സ്റ്റൂളിലോ ഇരിക്കും. അദ്ദേഹം അപ്പോൾ എന്നെ നോക്കുന്ന നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലാവും, ഈ ഡോക്ടർക്ക് എന്റെ കാര്യത്തിൽ ശരിക്കും താല്പര്യമുണ്ട് എന്ന്. എന്റെ ഹൃദയവും വൃക്കയും ശ്വാസകോശവും ഒക്കെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മാത്രം ആയിരിക്കുകയില്ല ആ അനസ്തേഷ്യോളജിസ്റ്റ് നോക്കുന്നത്. എനിക്ക് ശസ്ത്രക്രിയയെപ്പറ്റി ഭയമുണ്ടോ, എന്തിനെപ്പറ്റിയൊക്കെയാണ് എന്റെ ഭയം എന്നൊക്കെ മനസ്സിലാക്കി എനിക്കു വേണ്ട വിവരങ്ങൾ പറഞ്ഞു തരും. എന്തിനെയാണ് ഞാൻ അഭിമുഖീകരിക്കാൻ പോകുന്നത് എന്ന് അറിയുമ്പോൾ തന്നെ എന്റെ ആകാംക്ഷ ഒന്നു കുറയും.

“ഡോക്ടറെ, ഓപ്പറേഷനുശേഷമുള്ള വേദനയെപ്പറ്റി എനിക്ക് നല്ല ഭയമുണ്ട്”, എന്ന് ഞാൻ പറയുകയാണെകിൽ ആ അനസ്തേഷ്യോളജിസ്റ്റ് എന്നോട് പറയും, ഈ ആശുപത്രിയിൽ വെറുതെ വേദന അനുഭവിക്കേണ്ടി വരികയില്ല, വേദനയു​ണ്ടോയെന്ന് അങ്ങോട്ട് ചോദിച്ച് അതിനെ വരുതിയിൽ നിർത്താൻവേണ്ട നടപടികൾ ഞങ്ങൾ സ്വീകരിക്കും.

“വേണ്ടതെല്ലാം ഞങ്ങൾ ചെയ്യാം. ഓപ്പറേഷൻ കഴിഞ്ഞും ഞാൻ വന്ന് കണ്ടുകൊള്ളാം” എന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ എനിക്ക് എത്ര സമാധാനമായിരിക്കും. ശസ്ത്രക്രിയ കഴിഞ്ഞ് വേദന കുറഞ്ഞിരിക്കാൻ വേണ്ട നടപടികൾ നേരത്തെ തുടങ്ങിയിരിക്കും. ഞാൻ മയക്കത്തിൽ നിന്നുണരുന്നത് വേദന കൊണ്ട് നിലവിളിച്ചിട്ടാവില്ല.

മേല്പറഞ്ഞത് ശസ്ത്രക്രിയയുടെ കാര്യം. ഇതേ തത്വങ്ങൾ ഒക്കെ തന്നെയാണ് ഇന്റൻസീവ് കെയർ യൂണിറ്റിലും സ്വീകരിക്കുക. അനസ്തേഷ്യ വിദഗ്ധരാണ് പലയിടത്തും ഇന്റൻസീവ് കെയർ യൂണിറ്റും നടത്തുന്നത്. ആണെങ്കിലും അല്ലെങ്കിലും ഇന്റൻസീവ് കെയർ യൂണിറ്റിലെ ഡോക്ടറും നഴ്‌സും പാലിയേറ്റീവ് കെയറിന്റെ തത്വങ്ങൾ പഠിച്ചിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് 24 മണിക്കൂറും കഴിയേണ്ടിവരുന്നു എന്നറിയുമ്പോൾ തന്നെ രോഗികൾക്ക് പരിഭ്രമമാകും. ഒറ്റപ്പെടൽ കൂടും. അത് മനസ്സിലാക്കി പലതരം നടപടികൾ ആലോചിക്കാവുന്നതാണ്. കുടുംബാംഗത്തിന് ആവശ്യമായ അറിവ് നൽകി അവരെ കൂടെ നിർത്തുന്ന രീതി പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ സംഭവിച്ചുവരുന്നുണ്ട്.

യു.എസ്.എയിലെ അടുത്ത കാലത്തെ കണക്കനുസരിച്ച് മൂന്നിലൊന്ന് ഇന്റൻസീവ് കെയർ യൂണിറ്റുകളും രോഗിയുടെ ഒരു ബന്ധുവിനെ കൂടെ നിർത്താൻ താത്പര്യപ്പെടുന്നു; ആ വ്യക്തിക്ക് കിടന്നുറങ്ങാനുള്ള ഒരു സൗകര്യവും രോഗിയുടെ സമീപത്തു തന്നെ ഒരുക്കുന്നു. ഇനി അത് ചെയ്തില്ലെങ്കിൽ തന്നെ ഒറ്റയ്ക്കാവുന്ന രോഗിക്ക് ആകാംക്ഷയുണ്ടെന്ന് മനസ്സിലാക്കി, ശാരീരിക സൗഖ്യം ഉറപ്പുവരുത്തി, ബന്ധു കൂടെയില്ലെങ്കിലും ഞങ്ങൾ നിങ്ങളെ ശുശ്രൂഷിക്കും എന്ന സ്നേഹ വാക്കുകളോടെയാണ് പരിചരണമെങ്കിൽ രോഗിയുടെ സൗഖ്യം എത്രയോ മെച്ചപ്പെടും. വേദനയ്ക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും ഉടനെ പരിഹാരവും ഉണ്ടാകണം.

ബന്ധുക്കളെ കൂടെ നിർത്തിയില്ലെങ്കിലും കൂടുതൽ പ്രാവശ്യം കൂടുതൽ സമയം സന്ദർശിക്കാൻ അനുവദിക്കാമല്ലോ. അങ്ങനെയുണ്ടായാൽ അണുബാധയുണ്ടാവാൻ സാധ്യതയുണ്ട് എന്ന കാരണമാണ് സാധാരണ പറഞ്ഞുകേൾക്കുന്നത്. എല്ലാ സന്ദർശകരെയും കയറിയിറങ്ങാൻ അനുവദിക്കണമെന്നില്ല. പക്ഷെ ഉറ്റ ബന്ധുക്കളായ ഒന്നോ രണ്ടോപേർക്ക് കൂടുതൽ സമയം നൽകാം. അവർക്ക് എന്തെങ്കിലും രോഗമുണ്ടോ എന്നന്വേഷിക്കാൻ എത്ര സമയം വേണം? ബന്ധുക്കൾ കൂടെയുണ്ടെങ്കിൽ ആകാംക്ഷ എത്ര കുറയും? പൊതുവെ രോഗിയുടെ ആരോഗ്യത്തിന് അത് എത്ര പ്രധാനമാണ്.

കണക്കുകൾ കാണിക്കുന്നത്, അധികം ഇന്റൻസീവ് കെയർ യൂണിറ്റുകളിലും ഏതാണ്ട് മൂന്നിലൊന്ന് ഭാഗം രോഗികൾക്ക് ആദ്യത്തെ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മാനസിക വിഭ്രാന്തി (delirium) ഉണ്ടാകുന്നു എന്നാണ്. പലർക്കും ഇത് തീവ്രമായ ഭയത്തോടുകൂടിയാവാം. ഇല്ലാത്തത് ഉണ്ടെന്ന് തോന്നാം. ആരെങ്കിലും തന്നെ കുത്തിക്കൊല്ലാൻ ശ്രമിക്കുന്നു എന്ന തോന്നലുണ്ടാകുന്ന വ്യക്തിയുടെ അനുഭവം എത്ര ഭീതിദമാകാം? ഈ അവസരത്തിൽ കയ്യും കാലും കെട്ടിയിടുന്ന പ്രക്രിയ ആകുന്നിടത്തോളം ഒഴിവാക്കേണ്ടതാണ്. അങ്ങനെ കെട്ടിയിടപ്പെടുമ്പോൾ മാനസിക വിഭ്രാന്തി തീവ്രമാവുകയും ഭയവും ബഹളവും ഉണ്ടാക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതിനുപകരം ആകുന്നിടത്തോളം മാനസിക വിഭ്രാന്തിക്കുള്ള മരുന്നുകൾ നൽകി ഉറക്കി കിടത്തുകയാണ് നല്ലത്. സാധാരണ ഇന്റൻസീവ് കെയർ യൂണിറ്റുകളെ പറ്റി രോഗികൾ പറയാറുള്ള പരാതിയാണ് സദാസമയവും വെളിച്ചവും ശബ്ദവും കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്നത്. വേണമെന്നുള്ളവർക്ക് കണ്ണുമൂടാനും (eye shade) ചെവി മൂടാനും (ear plug) അവസരം നൽകിയാൽ നന്നായിരിക്കും.

പാലിയേറ്റിവ് കെയർ രോഗിക്ക് മാത്രമല്ല; കുടുംബത്തിനും കൂടി അവകാശപ്പെട്ടതാണ്. കൂട്ടിരിക്കുന്ന വ്യക്തി എത്ര ആകാംക്ഷയും വിഷമങ്ങളും അനുഭവിക്കുന്നുണ്ടാകും? ആ വ്യക്തി രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ള ആളാണെങ്കിൽ അതെല്ലാം താളം തെറ്റില്ലേ? അധികസമയം ഒന്നും വേണ്ട ഒരു സോഷ്യൽ വർക്കർക്ക് അവർക്ക് അല്പം ശ്രദ്ധ നൽകാൻ. പാലിയേറ്റീവ് കെയർ അനസ്തേഷ്യയോടും ഇന്റെൻസീവ് കെയറിനോടും കൂടിച്ചേരുമ്പോൾ ഇത്തരം ചില കാര്യങ്ങളാണ് സംഭവിക്കുക. രോഗിക്ക് ശാരീരിക- മാനസിക-സാമൂഹിക പ്രശ്നങ്ങൾ കുറയുമ്പോൾ കിട്ടുന്ന സൗഖ്യം ഒരു വശത്ത്. അതുകൊണ്ട് രോഗപ്രതിരോധശക്തി മെച്ചപ്പെടുമെന്നത് മറ്റൊരു വലിയ നേട്ടം.

READ: അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments