ഒരു ഫാമിലി
ഫുഡ് വ്ലോഗ്

‘‘നമ്മുടെ പരമ്പരാഗത ബ്രെക്ഫാസ്റ്റിന് ഒരു പ്രശ്നമുണ്ട്. ഇതിന്റെ കൂടെ സാധാരണ കഴിക്കുന്ന സാമ്പാർ, ചമ്മന്തി, ഇതിലൊക്കെ പ്രൊട്ടീനിന്റെ അളവ് താരതമ്യേന വളരെ കുറവാണ്. സാമ്പാറിൽ കുറച്ചു പരിപ്പും പച്ചക്കറികളും ഉള്ളതുകൊണ്ട് കൊള്ളാം. എന്നാൽ ചമ്മന്തി തേങ്ങ ആയതു കൊണ്ട് അതിൽ കുറച്ചധികം കൊഴുപ്പല്ലാതെ വേറൊന്നും ഇല്ല..."- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജീതു ജോർജ്ജ് എഴുതിയ ലേഖനം.

റീൽ 1: ഒരു ബ്രേക്ഫാസ്റ്റ് കോംബോ:

"യു ആർ വാട്ട് യു ഈറ്റ്, നീ കഴിക്കുന്നതാണ് നീ ആകുന്നത് എന്നൊരു പറച്ചിലുണ്ട്. നമുക്ക് എന്തെങ്കിലുമൊക്കെയാകണമെങ്കിൽ നമ്മൾ കഴിക്കുന്നതിൽ എന്തെങ്കിലുമൊക്കെ വേണം. അതിനു നമ്മൾ കഴിക്കുന്നതിനെ അറിയണം". ഉദാഹരണത്തിന് ദോശയെ നോക്കൂ...

"ദോശയിലും ഫിലോസഫിയോ?"

"അതേ അത്ര അഗാധമായ ഒരു ബന്ധമാണ് ദോശയിൽ ഉള്ളത്. നിങ്ങൾ സ്‌കൂളിൽ, ഇല്ലാത്ത സാധനങ്ങളൊക്കെ ഷെയർ ചെയ്ത്, എല്ലാവർക്കും ഉള്ളത് ഒരുമാതിരി ഒപ്പിക്കൂല്ലേ? അതുപോലെ ഒരു സഹകരണമാണ് ദോശയിലെ അരിയും ഉഴുന്നും തമ്മിലുള്ളത്. അരി ധാന്യമാണ്, ഊർജം തരുന്ന കാർബോഹൈഡ്രേറ്റ് ആണ് അരിയിലെ പ്രധാന ഘടകം. ഉഴുന്ന് ആവട്ടെ ഒരു പൾസ് (പയറുവർഗം) ആണ്, ബോഡി ബിൽഡർ ആയ പ്രോട്ടീൻ ആണ് ഇതിലെ പ്രധാന ഘടകം. രണ്ടും നമ്മുടെ ശരീരത്തിന് ഒഴിവാക്കാനാവാത്തതാണ്. പോരാത്തതിന് അരിയിലെ പ്രോട്ടീനിൽ ഇല്ലാത്ത ചില ഘടകങ്ങൾ ഉഴുന്ന് പോലുള്ള പയർ വർഗങ്ങളിൽ പെട്ട സാധനങ്ങളിലുണ്ട്. തിരിച്ച്, ഉഴുന്നിലില്ലാത്ത പലതും അരിയിലുണ്ട്. ഇങ്ങനെ സോൾ മേറ്റ്സ് ആണ് അരിയും ഉഴുന്നും, അല്ലെങ്കിൽ പൊതുവെ ധാന്യങ്ങളും പയറു വർഗ്ഗങ്ങളും. പോരാത്തതിന് മാവ് രാത്രിയിൽ മുഴുവൻ ഇരുന്നു പുളിക്കുന്നതിന്റെ ഗുണങ്ങൾ വേറെയും...."

"അപ്പോൾ അരി കൊണ്ടുഉണ്ടാക്കുന്ന പുട്ടിന്റെ കൂടെ കടല കഴിച്ചാലും ഇതേ പ്രയോജനം ഉണ്ടാവുമോ?"

"നീ ഞാൻ വിചാരിച്ചപോലെ അല്ലല്ലോ, കില്ലാഡി ആണല്ലോ? തീർച്ചയായും ഉണ്ടാവും"

"പ്രശംസ വരവ് വച്ചിരിക്കുന്നു. പക്ഷെ എനിക്കീ കോംബിനേഷൻ ഇഷ്ടപ്പെട്ടില്ല. ദോശയും മുട്ടക്കറിയും. എളുപ്പത്തിനാണേൽ ചമ്മന്തി മതിയാരുന്നു"

"ഈ അളിയൻ കാര്യമില്ലാതെ ഒന്നും ചെയ്യില്ല എന്ന് നിനക്കറിയാല്ലോ? നമ്മൾ നമ്മുടെ പുട്ടും കടലേടേം ദോശേടേം ഒക്കെ മേന്മ പറയുമ്പോൾ തന്നെ നമ്മുടെ ഈ പരമ്പരാഗത ബ്രെക്ഫാസ്റ്റിന് ഒരു പ്രശ്നമുണ്ട്. ഇതിന്റെ കൂടെ സാധാരണ കഴിക്കുന്ന സാമ്പാർ, ചമ്മന്തി, ഇതിലൊക്കെ പ്രൊട്ടീനിന്റെ അളവ് താരതമ്യേന വളരെ കുറവാണ്. സാമ്പാറിൽ കുറച്ചു പരിപ്പും പച്ചക്കറികളും ഉള്ളതുകൊണ്ട് കൊള്ളാം. എന്നാൽ ചമ്മന്തി തേങ്ങ ആയതു കൊണ്ട് അതിൽ കുറച്ചധികം കൊഴുപ്പല്ലാതെ വേറൊന്നും ഇല്ല..."

"ഹോട്ടലിലെ സാമ്പാറാണെങ്കിൽ പരിപ്പും ഉണ്ടാവൂല്ല, കഷ്ണവും ഉണ്ടാവൂല്ല".

" ... ഏതാണ്ട് ഇതേ പ്രശ്നം നേരിടുന്നവരാണ് പുട്ടും പഴവും ഉപ്പുമാവും പഴവും കോംബോ ഒക്കെ... കാർബോഹൈഡ്രേറ്റ് മാത്രം, പ്രോട്ടീൻ തീരെ കുറവ്".

പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ പേശികളും മറ്റും ഉണ്ടാകുന്നതിനും നിലനിർത്തുന്നതിനും മുടിക്കും തൊലിക്കും നമ്മുടെ പ്രതിരോധ സംവിധാനത്തിനും ഒക്കെ അത്യാവശ്യമാണ്. ആഹാരം കഴിച്ചു കഴിയുമ്പോൾവയർ നിറഞ്ഞതായി തോന്നി വിശപ്പ് നിയന്ത്രിക്കുക, ശരീരത്തിലെ കൊഴുപ്പു കത്തുന്നതിന്റെ വേഗം കൂട്ടുക ഇതൊക്കെ പ്രൊട്ടീനിന്റെ ജോലികളാണ്. ജിമ്മന്മാരും ഭാരം കുറക്കാൻ ശ്രമിക്കുന്നവരും ഒക്കെ പ്രോട്ടീൻ തട്ടി വിടുന്നതും വെറുതെയല്ല.

അപ്പോൾ ഇതാണ് ഈ മുട്ടയുടെ രഹസ്യം.

"അതെ, "റെയ്മണ്ട് ദി കംപ്ലീറ്റ് മാൻ" എന്ന് പരസ്യം പറഞ്ഞതുപോലെ, മുട്ട ആണ് കംപ്ലീറ്റ് പ്രോട്ടീൻ. അതുപോലെ പ്രോട്ടീൻ അടങ്ങിയവയാണ് പാലും പാലുത്പന്നങ്ങളും, മീൻ, ഇറച്ചി പയർ, പരിപ്പ്, കടല, സോയാബീൻ ഒക്കെ…ദോശയുടെ കൂടെ പഞ്ചാരയും പുട്ടിന്റെ കൂടെ ചായയും ഒക്കെ മാത്രം കുട്ടികൾക്ക് കൊടുത്തിട്ട്, അവർക്കു വെയിറ്റ് വെക്കുന്നില്ല എന്ന് പറഞ്ഞിട്ടും കാര്യമില്ല. ശരീരം വളരാനും പ്രതിരോധശക്തി ഉണ്ടാകാനും ഒക്കെ പ്രോട്ടീൻ നിർബന്ധമാണ്. പ്രധാന ഭക്ഷണം മാത്രം നോക്കാതെ അതിന്റെ കൂട്ടുകാരനെ കൂടി ശ്രദ്ധിച്ചാലേ ഭക്ഷണത്തിന്റെ ക്വാളിറ്റി പൂർണമാവൂ എന്നർത്ഥം.

“ഓ, അപ്പോൾ ഇനി ദോശ- കടലക്കറി, ഇഡ്ഡലി- മുട്ട, പുട്ട്- കടല എന്നിവയിലേക്ക് മാറാം. പത്തിരിയും മത്തിക്കറിയും കഴിച്ച എന്റെ കണ്ണൂർകാരൻ ഫ്രണ്ടിനെ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. യെസ്, പ്രാതലിൽ ഒരു പ്രോട്ടീൻ വിപ്ലവം.”

റീൽ 2: മഴവില്ലഴകിൽ ഒരു പ്ലേറ്റ്

“ചേച്ചി ഇതെന്ത് കഴിപ്പാ, നമ്മുടെ വീട്ടിലെ കുഞ്ഞിപ്പൂച്ചയ്ക്കു വരെ അമ്മ ഇതിൽ കൂടുതൽ ചോറ് കൊടുക്കൂല്ലോ. പിന്നെ പാത്രം കാണാൻ നല്ല ഭംഗിയുണ്ട്, ചോറിന്റെ വെള്ളയും, മീനിന്റെ ചോപ്പും, ആ സാലഡിലെ പച്ചക്കറീടെ പച്ചയും ഓറഞ്ചും…”

“അത് ഞാൻ അങ്ങോട്ടു ചോദിക്കാൻ പോകുവാരുന്നു. നിന്റെ പാത്രം കാണാൻ തീരെ ഭംഗിയില്ലല്ലോ – പാത്രത്തിന്റെ മുക്കാൽ ഭാഗം ചോറ്, ഒരു മൂലയ്ക്ക് ഇത്തിരി മീനും അതിലും കുറച്ചു കറികളും’’.

ആഹാരത്തിൽ നിന്ന് നമുക്ക് കിട്ടുന്ന ഊർജത്തിന്റെ അളവാണ് കലോറി. നമുക്ക് ഒരു ദിവസം വേണ്ട കലോറിയുടെ 45- 65% കാർബോഹൈഡ്രേറ്റിൽ നിന്നും 10-35% പ്രോട്ടീനിൽ നിന്നും 30% താഴെ മാത്രം കൊഴുപ്പിൽ നിന്നും കിട്ടണം എന്നാണ്. അതിൽ ഒരു 10% താഴെ മാത്രമേ നെയ്യും വെണ്ണയും പോലെയുള്ള പൂരക കൊഴുപ്പിൽ നിന്നും കിട്ടാവൂ”.

“ഈ ശതമാനം ഒക്കെ കൂട്ടാനാണെങ്കിൽ എല്ലാവർക്കും റേഷന്റെ കൂടെ ഓരോ കാൽക്കുലേറ്റർ കൂടെ കൊടുക്കാൻ പറയാം”.

“അതൊന്നും വേണ്ടാ, നിന്നെ പോലുള്ള മടിയന്മാർക്കുവേണ്ടി ബുദ്ധിയുള്ളവർ കാലേക്കൂട്ടി ഒരു എളുപ്പ വഴി കണ്ടുപിടിച്ചിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണം ഒരു പ്ലേറ്റിൽ എടുക്കുന്നു എന്നു സങ്കൽപ്പിക്കുക. എങ്കിൽ ആ പ്ലേറ്റിന്റെ നാലിലൊന്ന് മാത്രമാവണം ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം: ചോറ്, ദോശ, ഇഡലി, ചപ്പാത്തി, പുട്ട് ഒക്കെ. നാലിലൊന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം: പയർ, പരിപ്പ്, കടല, നോൺ കഴിക്കുന്നവർക്ക് ഇതിന്റെ ഒരു ഭാഗം മീനോ മാംസമോ മുട്ടയോ ഒക്കെ കഴിക്കാം. ബാക്കി പകുതി ശ്രദ്ധിക്കണം. പ്ലേറ്റിന്റെ പകുതി: പച്ചക്കറികളും പഴങ്ങളും ആയിരിക്കണം. കൂടെ ഒരു ചെറിയ ഗ്ലാസ് പാലോ തൈര് പോലുള്ള പാലുല്പന്നങ്ങളും. നീ പച്ചക്കറി കഴിക്കാത്തത് കൊണ്ടാണ് വയർ നിറയാൻ അല്ലെങ്കിൽ നിറഞ്ഞു എന്നു തോന്നാൻ കൂടുതൽ ചോറു കഴിക്കേണ്ടിവരു ന്നത്. അതുകൊണ്ട് അനാവശ്യമായി കലോറി ശരീരത്തിൽ എത്തുകയും ചെയ്യും. പച്ചക്കറിയിലെ വിറ്റാമിനുകളും നാരുകളും ഒന്നും കിട്ടുകേം ഇല്ല”.

“എങ്കിൽ പിന്നെ ഒരു ഒന്നു രണ്ടു കൂട്ടാൻ കൂടി ഉണ്ടാക്കി കൂടെ. ലക്ഷ്മി ചേച്ചിയോട് പറഞ്ഞാൽ മതിയല്ലോ”.

“അതാണ് നമ്മുടെ കുഴപ്പം, ഈ കറിയാക്കുമ്പോൾ പല പച്ചക്കറികളും ആവശ്യത്തിലധികം പാകം ചെയ്യുന്നു, കൂടെ രുചിക്ക് എണ്ണയും തേങ്ങയും ഉപ്പും ഒക്കെ വേണ്ടുവോളം. പാകം ചെയ്യേണ്ടതില്ലാത്ത അല്ലെങ്കിൽ അധികം കുക്ക് ചെയ്യാത്ത പച്ചക്ക റികളും പഴങ്ങളും അടങ്ങിയ സാലഡ് എന്ന വിഭവം നമ്മുടെ ഡൈനിങ്ങ് ടേബിളുകളിൽ കാണാറേ ഇല്ല”.

‘‘പൊതുവെ ആരോഗ്യവും ദീർഘായുസുമുള്ള ലോകത്തിലെ ജപ്പാൻ, മെഡിറ്ററേനിയൻ പോലെ ഉള്ള പല ഭാഗങ്ങളിലെയും ആളുകളുടെ ആഹാര രീതിയിലെ പ്രധാന വ്യത്യാസം ആഹാരത്തിന്റെ അള വിൽ, പൊതുവെയുള്ള കുറവും ഒരുപാടുള്ള സാലഡുകളും മീനും ഒക്കെ ആണ്.”

“നമ്മുടെ നാട്ടിൽ ഏത് കടയിൽ കേറിയാലും ഇങ്ങനെ ഊണ് കിട്ടൂ…. ഒരു പറ ചോറും ഇത്തിരി കറിയും”.

“അത് നമ്മുടെ അറിവുകേടാണ്. എത്ര കായികാധ്വാനം ചെയ്യുന്ന ആളാണെങ്കിലും അത്രയധികം ചോറിന്റെ ആവശ്യമില്ല. പയറും പരിപ്പും സാലഡും പഴങ്ങളും ഒക്കെ വേണ്ട ഇടം കൂടി നമ്മൾ ചോറ് തിന്നു നിറക്കും. അനുപാതത്തിലെ ഈ വ്യത്യാസമാണ് ഇന്ത്യയെ, അതിൽ തന്നെ കേരളത്തെ, ലോകത്തിന്റെ തന്നെ ഡയബെറ്റീസിന്റെ, ഷുഗറിന്റെ, തലസ്ഥാനം ആക്കിയത്.
ആ ചോറ്‌ കുറച്ചു തിരികെയിട്ടിട്ട് മോൻ സാലഡ് എടുത്തു കഴിക്ക്. മീനും കുറച്ചൂടെ എടുത്തോ”

റീൽ 3: മധുരമില്ലാത്ത മധുരങ്ങൾ

“ചേട്ടായീ, ഇത്രേം നേരം മാർക്കറ്റിൽ അലഞ്ഞതല്ലേ, നമുക്ക് ആ ബേക്കറീല് കേറി ചായ കുടിക്കാം. വ്ലോഗിലെ ചേട്ടൻ പറഞ്ഞാരുന്നു, അവിടുത്തെ മുട്ട പഫ്സ്ന് ഭയങ്കര ടേസ്റ്റ് ആന്ന്, പോരാത്തതിന് അത്രയും വലിയ മുട്ട പഫ്സ് ഈ സിറ്റീൽ വേറെ ഇല്ലാന്ന്... ഒന്നുവില്ലേലും നമ്മുടെ പ്രോട്ടീൻ കുട്ടൻ മുട്ട അല്ലെ? കാർബ് ആണെ് പറഞ്ഞ് എനിക്ക് ചിപ്സോ വാങ്ങിച്ചുതന്നില്ല".

"പഫ്‌സിലെ മുട്ട, ബർഗറിലെ ചിക്കൻ, പിസയിലെ പനീർ ഇതൊക്കെ ഹെൽത്തി തന്നെ, പക്ഷെ ഇവരുടെ കൂടെ വന്നു കേറുന്നവരാണ് പ്രശ്നം. ചായക്കടകളിലെ ചെറുകടികളിൽ തുടങ്ങി ബിസ്കറ്റും ബ്രെഡും ന്യൂ ജെൻ ബേക്കറികളിലെയും ഫുഡ് ഔട് ലെറ്റുകളിലെയും കുറച്ചു കൂടെ ഹെവി ആയ മീൽസിനു വരെ പൊതുവായ കുറച്ചു കാര്യങ്ങളുണ്ട്. മൈദ അല്ലെങ്കിൽ കിഴങ്ങു പോലെയുള്ള ഉയർന്ന കാർബ് ഐറ്റങ്ങളാണ് ഇവയുടെ അടിസ്ഥാനം, അതിന്റെ കൂടെ യഥേഷ്ടം പഞ്ചസാര, അത്രയും തന്നെ എണ്ണ, അതും ബേക്കറി പലഹാരങ്ങളിൽ കൂടുതൽ അപകടകാരികളായാ ബട്ടറും നെയ്യും ക്രീമും ഒക്കെയാണ് ഉണ്ടാവുക. പിന്നെ ചീസും സോസും മയൊണൈസുമൊക്കെ കണ്ടമാനം സോഡിയം അടങ്ങിയതാണ്. ഇതൊക്കെയാണ് കാലക്രമേണ ഹൃദയത്തിന്റെ വരെ താളം തെറ്റിക്കുന്നത്. പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന പഞ്ചസാരയുടെ അളവ് ഏതാണ്ട് 20 - 25 ഗ്രാം (4 ടീസ്‌പൂൺ) ആണ്, ഉപ്പ് ഒന്ന്- ഒന്നര ടീസ്പൂൺ".

“കേട്ടിട്ട് തന്നെ ഡാർക്ക് അടിക്കുന്നു. കൊച്ചായിരുന്നാൽ മതിയാരുന്നു, ആ അപ്പുക്കുട്ടനൊക്കെ എന്തോരം ചോക്ലേറ്റാ കിട്ടുന്നെ”.

"നമ്മളീ പറഞ്ഞ എല്ലാ കാര്യങ്ങളും കുഞ്ഞുങ്ങൾക്കും ബാധകമാണ്. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മധുരമോ ഉപ്പോ ഭക്ഷണത്തിൽ ചേർത്ത് നൽകരുത് എന്നാണ്‌ ഇപ്പോൾ പറയുന്നത്".

"അയ്യോ അപ്പോൾ എന്ത് ടേസ്റ്റ് ഉണ്ടാവും".

ഈ ടേസ്റ്റ് ഒക്കെ നമ്മൾ ഉണ്ടാക്കുന്നതാണ് ഒരു പരിധിവരെ. അധികം ഉപ്പിട്ട് ശീലിച്ച ഒരാൾക്ക് എവിടെ പോയാലും ഭക്ഷണത്തിന് ഉപ്പ് കുറവായി തോന്നും. അതുപോലെ തന്നെ മധുരവും ഒരു ശീലമാണ്. ഭാവിയിൽ ഷുഗറോ പ്രഷറോ ഒക്കെ ഉണ്ടായിക്കഴിയുമ്പോൾ നിവൃത്തിയില്ലാതെ ഇതൊക്കെ നിർത്താൻ കഷ്ടപ്പെടുകയും ചെയ്യും. ഒന്നും കഴിക്കുന്നില്ലല്ലോ എന്നുകരുതി കുട്ടികൾക്ക് ബിസ്കറ്റും മറ്റും കൊടുക്കുന്നവരാണ് കൂടുതൽ. അതിൽ എന്തൊക്കെയോ പോഷകങ്ങൾ ഉണ്ട് എന്ന പരസ്യത്തിൽ കാലുംതെന്നി വീഴുകേം ചെയ്യും. സത്യത്തിൽ കുറെയധികം കാർബും കൊഴുപ്പും അല്ലാതെ ഒന്നും അതിലില്ല. ഇവയൊക്കെ കഴിച്ചു വയറു നിറഞ്ഞ്, നാരുകൾ ഉള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാത്തതുകൊണ്ടാണ് പല കുട്ടികൾക്കും മലബന്ധം ഉണ്ടാവുന്നത്. വന്നുവന്ന് ഇപ്പോൾ പോഷകാഹാര കുറവിനെക്കാൾ വലിയ പ്രശ്നമായിട്ടുണ്ട് മലബന്ധം."

"എങ്കീ പിന്നെ ജ്യുസ് കുടിക്കാം, അതാവുമ്പോൾ ഫ്രൂട്ട്സിലെ വിറ്റാമിനും മിനറലും ഒക്കെ ഉണ്ടാവുമല്ലോ".

"ഫ്രൂട്ട് എടുത്ത് ജ്യൂസ് ആക്കുമ്പോൾ നമ്മൾ അതിലെ പ്രധാന ഉപകാരികളിൽ ഒരാളായ നാരി നെ അപ്പടി കളയുകയാണ്. പോരാത്തതിന് ഒരു ലോഡ് മധുരം ഒരാവശ്യവുമില്ലാതെ ചേർക്കുകയും ചെയ്യും. അതിലും അപകടമാണ് കോള പോലെ ഉള്ള കാര്‍ബണേറ്റഡ്‌ ഡ്രിങ്കുകൾ. അതിനെ വിളിക്കുന്നത് തന്നെ എംപ്റ്റി കലോറി, വേറെ ഒരു ഗുണവുമില്ലാത്ത ഒരു പേട്ട കലോറി കുപ്പി, എന്നാണ്".

"ഒരു രക്ഷയുമില്ലെങ്കിൽ നമുക്ക് വീട്ടിൽ പോകാം".

"വീട്ടിൽ പോകാം ഓ കെ. പക്ഷെ ഇതേ സാധനങ്ങൾ യുട്യൂബ് നോക്കി വീട്ടിലുണ്ടാക്കിയാലും കുറച്ചു മായവും കളറും അഡിട്ടീവ്‌സും ഒക്കെ കുറഞ്ഞിരിക്കും എന്നല്ലാതെ ഇതൊക്കെ തന്നെ ആയിരിക്കും ഫലം".

"ഒരു ഓട്ടോ പിടിക്കുമോ പ്ലീസ്".

"ഇത്രയൊക്കെ ചെയ്തിട്ട് ഒഴിവാക്കരുതാത്ത ഒന്നുണ്ട് - വ്യായാമം. കുറച്ചു ദൂരമേ ഉള്ളല്ലോ, നമുക്ക് നടക്കാം. ആരോഗ്യവും പൈസയും ഒരുകാര്യത്തിൽ ഒരുപോലെയാണ്, നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസിലാകൂ. വാ, നമുക്ക് നമ്മുടെ ആരോഗ്യവും പഴ്സ്സിലെ കാശും സംരക്ഷിച്ചു ഒരു നടത്തം പാസ്സാക്കാം."

READ : എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments