ഒരു അനസ്തീഷ്യോളജിസ്റ്റിന്റെ പ്രമേഹക്കാഴ്ചകൾ

‘‘എന്റെ അനസ്​തീഷ്യ ജോലിക്കിടയിൽ മനസ്സിന് ഏറ്റവും വിഷമം തോന്നിയിട്ടുള്ള ശസ്​ത്രക്രിയകൾ ഡയബെറ്റിക് ഫൂട്ടിന് വേണ്ടി ചെയ്യുന്നവയാണ്. കാലിൽ വലിയ ബാന്റേജുമായി വരുന്ന അവരുടെ മുഖത്തേക്ക് കൂടുതൽ നേരം നോക്കാൻ കഴിയില്ല. പ്രമേഹം ഒരു രോഗം മാത്രമായി നിലനില്ക്കുന്നില്ല. ഇതിൽനിന്ന് അനേകം രോഗങ്ങളുണ്ടാകുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹേമ ബാലകുമാർ എഴുതിയ ലേഖനം.

മനോഹരമായ ഭൂമിയിൽ മനുഷ്യജന്മം ലഭിക്കുക എന്നതുതന്നെ ഒരു ഭാഗ്യമാണ്. അനായാസേന കിട്ടുന്ന സൗഭാഗ്യങ്ങൾക്ക് മനുഷ്യന് വലിയ മതിപ്പ് തോന്നാറില്ല. പക്ഷെ അത് ജീവിതത്തിൽ നിന്നും നഷ്ടമായാൽ ഏറ്റവും വിലമതിക്കുന്ന വസ്​തുവായി തീരുകയും ചെയ്യും. ‘കണ്ണുള്ളപ്പോൾ കണ്ണിെൻ്റ വിലയറിയില്ല’ എന്നു പറഞ്ഞപോലെ തന്നെ. ആരോഗ്യമുള്ളപ്പോൾ അതിന്റെ വില നാം അറിയാതെ പോകുന്നു. അശ്രദ്ധമായ ജീവിതം നയിക്കുക മൂലം ആരോഗ്യവും ക്രമേണ ജീവിതവും താളം തെറ്റുന്നു.

പറഞ്ഞു വരുന്നത് പ്രമേഹം എന്ന രോഗത്തെക്കുറിച്ചാണ്. കുറച്ചു ശ്രദ്ധിച്ചും, ചിട്ടയായ ജീവിതശൈലി കൈക്കൊണ്ടും ഡയബറ്റിസിനേയും തുടർന്നുണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകളേയും നിയന്ത്രിച്ചു ജീവിക്കാൻ ഒരു പരിധി വരെ സാധ്യമാണ്.

എന്റെ അനസ്​തീഷ്യ ജോലിക്കിടയിൽ മനസ്സിന് ഏറ്റവും വിഷമം തോന്നിയിട്ടുള്ള ശസ്​ത്രക്രിയകൾ ഡയബെറ്റിക് ഫൂട്ടിന് (Diabetic foot) വേണ്ടി ചെയ്യുന്നവയാണ്. കാലിൽ വലിയ ബാന്റേജുമായി വരുന്ന അവരുടെ മുഖത്തേക്ക് കൂടുതൽ നേരം നോക്കാൻ കഴിയില്ല. ദയനീയമായ മുഖഭാവം. പ്രകാശമറ്റ കണ്ണുകൾ. വിഷാദരോഗത്തിന്റെ പടുകുഴിയിൽ വീണു കഴിഞ്ഞിരിക്കുന്നു എന്ന് കണ്ടാൽ തന്നെ അറിയാം. ജീവിതത്തിന്റെ പ്രസരിപ്പിനും നിറത്തിനും, കളിക്കും, ചിരിക്കും ഒന്നും അവിടെ സ്​ഥാനമില്ല. മിക്കപ്പോഴും അനസ്​തീഷ്യ ഡോക്ടറുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം മൗനമായിരിക്കും. കൂടെ വന്നവരായിരിക്കും രോഗവിവരങ്ങൾ പറഞ്ഞുതരിക. stress അല്പം കുറയട്ടെ എന്നു കരുതി ഉറങ്ങാനുള്ള മരുന്നുകൾ കൊടുത്തു കഴിഞ്ഞിട്ടും, നിശ്ശബ്ദമായി കിടക്കുന്ന അവരുടെ മുഖത്തെ കണ്ണുനീർ ചാലുകൾ കാണാതിരിക്കാൻ കഴിയില്ല. ‘എന്തു വേണമെങ്കിലും ചെയ്തോളൂ ഡോക്ടർ, പക്ഷെ വേദനിപ്പിക്കരുത്. ധാരാളം വേദന സഹിച്ചു. ഇനി വയ്യ’ എന്നു ചിലർ പറയുമ്പോൾ ‘വേദനയില്ലാതെ ഓപ്പറേഷൻ ചെയ്യാനല്ലേ അനസ്​തീഷ്യ ഡോക്ടർ നിങ്ങളുടെ കൂടെ തന്നെയുള്ളത് ഭയപ്പെടേണ്ട’ എന്ന മറുപടി ചിലർക്കെങ്കിലും ആശ്വാസമാകുന്നത് കണ്ടിട്ടുണ്ട്. ചികിത്സക്കുവേണ്ടി വീട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അവരെ തളർത്തുകയും ചെയ്യും.

കാലിലെ കെട്ടഴിക്കുമ്പോൾ പഴുപ്പ് ഒഴുകുന്ന വ്രണങ്ങൾ, കാലിലെ പേശികളിൽ ഒന്നമർത്തിയാൽ തുടർച്ചയായൊഴുകുന്ന പഴുപ്പ്. മുറിവിൽ നിന്ന് പുറത്തുവരുന്ന വലിയ പുഴുക്കൾ (Maggots). ചിലരുടെ കാൽവിരലുകൾ അല്ലെങ്കിൽ പാദത്തിന്റെ അധികഭാഗവും കറുത്ത് കരിക്കട്ട പോലെ ആയിട്ടുണ്ടാകും. അവിടേക്കുള്ള രകതയോട്ടം പൂർണമായും നിലച്ച അവസ്​ഥ. പഴുപ്പ് കൂടി കാൽപാദത്തിൽ നിന്നും മുകളിലേക്ക് കയറാൻ തുടങ്ങും. രക്തത്തിൽ പഴുപ്പ് നിറഞ്ഞിരിക്കുന്ന അവസ്​ഥ (Septic shock) വളരെ ഗുരുതരമാണ്. ഇനി ആ അവയവത്തിന് ഒരിക്കലും ആ ശരീരത്തിന്റെ ഭാഗമായിരിക്കാൻ കഴിയില്ല. സർജറി ചെയ്ത് കേടുവന്ന ഭാഗം മുറിച്ചുകളഞ്ഞില്ലെങ്കിൽ ജീവൻ നിലനിർത്തുവാനും സാധ്യമല്ല. വളരെ ദുഃഖത്തോടെയാണ് എല്ലാവരും കാൽ മുറിച്ചുമാറ്റാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടുതരിക.

വ്രണങ്ങളിലെ പഴുപ്പം കേടുവന്ന ഭാഗങ്ങളും മുറിച്ചു മാറ്റുക, (Wound debridement) രക്തയോട്ടം നിലച്ച വിരലുകൾ മുറിച്ചുമാറ്റുക, പഴുപ്പ് മുകളിലോട്ടു കയറിയതിനാൽ മുട്ടിനു താഴ്ഭാഗം മുറിച്ചുമാറ്റുക (BK Amputation), വീണ്ടും മുകളിലേക്ക് രക്തയോട്ടം നിലച്ച അവസ്​ഥയാണെങ്കിൽ മുട്ടിന് മുകളിൽ മുറിക്കുക. (AK Amputation). അങ്ങനെ നീളുന്നു ഓപ്പറേഷനുകൾ.

Diabetis is not a disease, It is Mother of so many diseases എന്ന് പണ്ട് വായിച്ചിട്ടുണ്ട്. പ്രമേഹം ഒരു രോഗം മാത്രമായി നിലനില്ക്കുന്നില്ല. ഇതിൽ നിന്നും അനേകം രോഗങ്ങൾ ഉണ്ടാകുന്നു. കണ്ണിലെ രക്തക്കുഴലുകളെ ബാധിച്ചാൽ ഡയബറ്റിക്ക് റെറ്റിനോപ്പതി, കിഡ്നിയെ ബാധിച്ചാൽ ഡയബറ്റിക്ക് നെേഫ്രാപ്പതി, ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിച്ചാൽ ഹാർട്ട് അറ്റാക്ക് (Myocardial infraction), കാലിലെ രക്തക്കുഴലുകളെ നശിപ്പിച്ചാൽ PVD (പെരിഫെറൽ വാസ്​കുലാർ ഡിസീസ്​), കാലുകളിലേക്കും കൈളിലേ ക്കുമുള്ള നാഡീവ്യൂഹങ്ങളെ നശിപ്പിച്ച് Peripheral neuropathy, എല്ലിനെ ബാധിച്ചാൽ Osteomyelitis- അങ്ങനെ ഓരോ ഭാഗത്തേയും നശിപ്പിക്കുന്ന രോഗങ്ങൾ ഇതു മൂലമുണ്ടാകുന്നു.

എങ്ങനെ ചെറുത്തുനിൽക്കാം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വിധം നോർമൽ ആക്കി വെക്കാൻ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങൾ ഇല്ലാതെ നോക്കാം.

1. ഭക്ഷണം

അന്നജത്തിന്റെ അളവ് കുറക്കുക. ചോറു കുറച്ച്, ചപ്പാത്തി (ഗോതമ്പ്) ഭക്ഷണത്തിൽ ചേർക്കുക.
പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കുക. Red meat ഒഴിവാക്കി മറ്റു മാംസാഹാരം കഴിക്കാം. കൂടുതൽ പച്ചക്കറികൾ (ഭൂമിക്കടിയിലുണ്ടാകുന്ന ഉരുളക്കിഴങ്ങ്, ചേമ്പ്, ചേന, കപ്പ) ഒഴിവാക്കാം. ഇലക്കറികൾ ധാരാളം കഴിക്കാം. കടല, പരിപ്പ്, പയറ്, മുതിര ഉഴുന്ന് ഉപയോഗിക്കാം. പഴവർഗങ്ങൾ- മധുരം കുറഞ്ഞവ, ആപ്പിൾ, പപ്പായ തണ്ണിമത്തൻ, ഓറഞ്ച് എല്ലാം അല്പം ഭക്ഷണത്തിൽ ചേർക്കാം. കൂടുതൽ മധുരമുള്ള പൈനാപ്പിൾ, മുന്തിരി, ചക്ക, മാങ്ങ തുടങ്ങിയവ വർജിക്കാൻ ശ്രദ്ധിക്കണം.

മൂന്നു നേരം ധാരാളം കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ 5 പ്രാവശ്യമായി കഴിക്കാം. വലിയ തോതിൽ ഷുഗർ കൂടുന്നതും കുറയുന്ന തും ഇതുമൂലം നിയന്ത്രിക്കാം. ശരീരത്തിനാവശ്യമായ വെള്ളം കുടിക്കണം, ഷുഗർ ഇട്ട് പുളിപ്പിച്ച ജ്യൂസുകൾ ഒരിക്കലും കഴിക്കരുത്.

2. മരുന്നുകൾ കൃത്യമായി സ്വീകരിക്കണം.

ആവശ്യമായി വന്നാൽ ഇൻസുലിൻ വീട്ടിൽ നിന്ന് എടുക്കാൻ പഠിക്കണം.

3. ഏറ്റവും പ്രധാനമായത്,
എന്നാൽ എല്ലാവരും ചെയ്യാൻ മടിക്കുന്നത്
വ്യായാമം.

നടക്കുക, നീന്തുക. വീട്ടിലും പറമ്പിലും അത്യാവശ്യം ചെറിയ ജോലികൾ ഇതിനോടൊപ്പം തന്നെ ചെയ്യണം. കാരണം ഒന്നോ രണ്ടോ മസിലുകൾ മാത്രം പ്രവർത്തിപ്പിച്ചാൽ പോരാ. ശരീരത്തിലെ മുഴുവൻ പേശികളും വ്യായാമങ്ങൾ കൊണ്ട് പ്രവർത്തിപ്പിക്കണം. മസിലുകൾക്ക് വ്യായാമം ചെയ്യുമ്പോൾ ധാരാളം ഊർജം വേണ്ടിവരും. അവ രക്തത്തിലുള്ള പഞ്ചസാരയെ ഉപയോഗിച്ച് ഊർജമാക്കി മാറ്റിക്കൊള്ളും. രക്തത്തിലെ പഞ്ചസാര ഇതു മൂലം കുറയാൻ തുടങ്ങുന്നു. വ്യായാമം വലിയ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ്.

4. പുകവലി ശീലമാക്കിയിട്ടുങ്കെിൽ
തീർച്ചയായും അത് ഉപേക്ഷിക്കണം.

രക്തക്കുഴലുകളെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് പുകവലി. മാത്രമല്ല ശ്വാസകോശത്തെ, ഹൃദയത്തെ എല്ലാം തകരാറിലാക്കാൻ കെല്പുള്ള ഒരു ശീലം.

5. ഇന്നു വ്യാപകമായ മറ്റൊരു സ്വഭാവം.
അല്പനേരത്തെ സുഖത്തിനും സന്തോഷത്തിനുമായി
ആശ്രയിക്കുന്ന മദ്യം.

നിങ്ങളെ കൊല്ലാതെ കൊല്ലുകയാണെന്നറിഞ്ഞിട്ടും അതിന്റെ കരാള ഹസ്​തത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ ജീവിതം അടിയറവു പറഞ്ഞു കഴിഞ്ഞ സ്​ഥിതിവിശേഷം. ഇതു പൂർണ്ണമായും മറികടക്കുക എളുപ്പമല്ല എന്നറിയാം. എങ്കിലും നമ്മുടെ ആരോഗ്യത്തെ കരുതി, ജീവിതത്തെ കരുതി, കുറച്ചു കൊണ്ടുവരാനു ള്ള ഒരു ചിന്താഗതി ഉടലെടുത്തേ തീരൂ. വൈൻ, ബിയർ, വിസ്​കി .... എല്ലാം തന്നെ വളരെ അധികം ഊർജം ഉള്ളിലേക്ക് ഒഴുക്കുന്നവയാണ്. പ്രമേഹരോഗിയുടെ കോശങ്ങൾ, സ്വയം അവയുടെ ജീവനുവേണ്ടി നമ്മുടെ ശരീരത്തിൽ പൊരുതുമ്പോഴാണ് നാം വീണ്ടും വീണ്ടും ഇത്തരം സ്വഭാവം കൊണ്ട് അവയെ കൊല്ലാൻ ശ്രമിക്കുന്നത്.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്

മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം

ഡോക്ടർ അമ്മയാവുമ്പോൾ

ലീല, എന്റെ പ്രിയ സ്‌നേഹിത

പ്രമേഹവും ശരീരശുചിത്വവും

വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം. ദിവസവും രണ്ടു നേരം കുളിച്ച് ശരീരം വൃത്തിയാക്കിവെക്കുക എന്നതാണ്. വിരലുകൾക്കിടയിൽ ഈർപ്പമിരുന്നാൽ ഫംഗൽ രോഗമുണ്ടാകാനും തൊലി പൊട്ടുവാനും സാധ്യതയുണ്ട്. ഇവർക്കു പൊതുവേ വരണ്ട് വിണ്ടുകീറുന്ന തൊലിയായിരിക്കും. കുളി കഴിഞ്ഞ ഉടനെ moisturising cream ഉപയോഗിച്ചാൽ വിണ്ടു കീറുന്നത് തടയാം.

കാൽപാദത്തിന്റെ സംരക്ഷണം

ഒരു 18 വയസ്സായ പെൺകുട്ടി അവളുടെ മുഖത്തെ എത്ര സൂക്ഷ്മമായി ശ്രദ്ധിക്കുമോ അത്രയും ശ്രദ്ധ പ്രമേഹരോഗികൾ അവരുടെ കാൽ പാദങ്ങൾക്ക് നൽകണം. കാൽപാദത്തിന്റെ രണ്ടു ഭാഗവും ദിവസവും കഴുകി വൃത്തിയാക്കി തുടച്ച്, എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് നോക്കണം. അടിഭാഗം നോക്കാൻ പറ്റാത്തവർ വീട്ടിലുള്ളവരുടെ സഹായം തേടണം. ഇവർക്ക് പെരിഫറൽ ന്യൂറോപ്പതി ഉണ്ടാകാൻ സാധ്യതയുണ്ട്. കാൽ എവിടെയെങ്കിലും തട്ടുകയോ മുറിയുകയോ ചെയ്താലും വേദന അറിയാത്തതുകൊണ്ട് ശ്രദ്ധയിൽപ്പെടുകയില്ല. കാലിന് കൃത്യമായി പാകമാകുന്ന പാദരക്ഷകൾ മാത്രം ഉപയോഗിക്കുക. ഷൂ ഉപയോഗിക്കുന്നവർ സോക്സ് നിർബ ന്ധമായും ഉപയോഗിക്കണം. മുറിവ് രണ്ടോ മൂന്നോ ദിവസം കൊണ്ട് പഴുത്ത് പനിയും കൂടി, Septicemia എന്ന സ്​ഥിതിവിശേഷം പോലും വരാം. കിഡ്നിയെ ബാധിക്കാം, ജീവൻ നിലനിർത്താൻ ഡയാലിസിസ് വരെ വേണ്ടിവരാം. ഹൃദയത്തെ ബാധിക്കാം. ശരീരത്തിൽ Eletcrolyte വ്യതിയാനങ്ങൾ തുടങ്ങും. ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയ വരാം. അതുകൊണ്ട് ഓരോ ചെറിയ മുറിവുകളും ഡോക്ടറുടെ സഹായത്തോടെ ചികിത്സിക്കാൻ ശ്രമിക്കുക. സ്വന്തം ചികിക്തയോ അശാസ്​ത്രീയ ചികിത്സകളോ വളരെ ദോഷം ചെയ്യും.

ഡോക്ടറുടെ അടുത്തെത്തിയാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൃത്യമായി മനസ്സിലാക്കാനുള്ള ടെസ്റ്റുകൾ ചെയ്യും. 3 മാസമായി രോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് (HbA1c.) 7 ലും കൂടുതലുണ്ടെങ്കിൽ ഡയബറ്റിസ് ഉണ്ടെന്നുറപ്പിക്കാം. കിഡ്നിയുടെ അവസ്​ഥ അറിയാൻ urea, creatinine, കരളിെൻ്റ അവസ്​ഥ മനസ്സിലാ ക്കാൻ LFT, ഹൃദയത്തിന് ECG, Echo cardiogram, രക്തത്തിലെ സോഡിയം, പൊട്ടാസ്യം അളവുകൾ അങ്ങനെ ധാരാളം പരിശോധ നകൾ വേണ്ടിവന്നേക്കാം. അതെല്ലാം കൃത്യമായ ചികിത്സക്ക് അറിഞ്ഞേ തീരൂ.

അനസ്​തീഷ്യയും പ്രമേഹരോഗിയും

വളരെ അപകടസാധ്യതയുള്ള അവസ്​ഥയിലായിരിക്കും ഓപ്പറേഷൻ തീരുമാനിച്ച രോഗി അനസ്​തീഷ്യക്കാരുടെ അടുത്തെത്തുക. ഇവരുടെ സർജറി എത്ര ചെറുതെന്നു തോന്നിയാലും അനസ്​തീഷ്യ കൊടുക്കുമ്പോൾ അപകടസാധ്യത കൂടുതലാണ്. കാരണം ശരീരത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം തകിടം മറഞ്ഞിരിക്കുന്ന അവസ്​ഥയിലായിരിക്കും. കൂടുതൽ ദിവസം കിടത്തി അവരുടെ മറ്റു രോഗങ്ങൾ ശമിപ്പിക്കാൻ സമയമില്ല. ഓരോ മണിക്കൂറും വളരെ പ്രധാനമാണ്. ഷുഗർ വളരെ കൂടുതൽ ആണെങ്കിൽ ഇൻസുലിൻ ഡ്രിപ്പ് കൊടുത്തു കുറക്കാൻ ശ്രമിക്കും. സോഡിയം കുറവാണെങ്കിൽ 3 ശതമാനം സോഡിയം infusion.K+ കുറഞ്ഞാലും കൂടിയാലും എല്ലാം അതിന്റേതായ മരുന്നുകൾ കൊടുക്കേണ്ടിവരും.

രോഗിയുടെ ശാരീരിക പ്രശ്നങ്ങൾ പരിഗണിച്ച് ജനറൽ അനസ്​തീഷ്യ ഒഴിവാക്കുകയാണ് നല്ലത്. ധാരാളം മരുന്നുകൾ കൊടുക്കേിവന്നേക്കാം. ഈ അവസ്​ഥയിൽ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്നു കൃത്യമായി പറയാൻ കഴിയില്ല.

സ്​പൈനൽ അനസ്​തീഷ്യ സമയത്ത് രക്തസമ്മർദം കുറയാനും നാഡീമിടിപ്പ് കുറയാനും സാധ്യതകയുണ്ട്. കൂടാതെ അധികം പേരും മറ്റു അസുഖങ്ങൾക്കായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള Anti platelet - clopedogrel, Ecospirin മരുന്നുകൾ കഴിക്കുന്നുണ്ടാകും. തൽഫലമായിspinal haematoma അല്ലെങ്കിൽ Epidural haematoma ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കഴിയുമെങ്കിൽ അതും ഒഴിവാക്കാം.

അടുത്തത് Nerve blocks ആണ്.

Ankle block അല്ലെങ്കിൽ Popliteal block, Femoral Nerve block- ചെയ്താൽ കാലിലെ മിക്കവാറും ശസ്​ത്രക്രിയകൾ ചെയ്യാം. Ultrasound guided nerve blocks സുരക്ഷിതമാണ് എന്നു പറയാം. ഓരോ ഭാഗത്തേയും നാഡീവ്യൂഹത്തെ കണ്ടുപിടിച്ച് അതിനടുത്ത്, കൃത്യമായ അളവിൽ ലോക്കൽ അനസ്​തീഷ്യ മരുന്നുകൾ കൊടുത്ത്, അതാതു ഭാഗം തരിപ്പിച്ച്, ഓപ്പറേഷൻ അധികം അപകട സാധ്യതകൾ ഇല്ലാതെ പൂർത്തിയാക്കാം. ഈ സന്ദർഭത്തിലെല്ലാം രോഗിയുടെ നാഡീമിടിപ്പ്, ബ്ലഡ് പ്രെഷർ, രക്തത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയവ എല്ലാം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും നിതാന്തശ്രദ്ധയും അത്യാവശ്യമാണ്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments