ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

‘‘ഗർഭകാല പ്രമേഹം, ഗർഭകാല രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്കു പുറമേ, അണുബാധകൾ, ഹൃദ്രോഗങ്ങൾ, വൃക്ക- കരൾ രോഗങ്ങൾ, അപസ്മാരം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ തുടങ്ങിയവ ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും ബാധിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നഹീദ മുഹമ്മദ് കെ.ടി. എഴുതിയ ലേഖനം.

ഗർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരവും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണ്. ഒരു പുതിയ ജീവൻ വളരുന്നതിനൊപ്പം അമ്മയുടെ പ്രതിരോധ സംവിധാനത്തിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും മറ്റു അവയവങ്ങളുടെയും പ്രവർത്തനത്തിലും രക്തം കട്ടപിടിക്കുന്ന സംവിധാനത്തിലുമെല്ലാം നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു.

ഗർഭകാലത്ത് സാധാരണയായി കാണുന്ന ഗർഭകാല പ്രമേഹം, ഗർഭകാല രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്കു പുറമേ, അണുബാധകൾ, ഹൃദ്രോഗങ്ങൾ, വൃക്ക- കരൾ രോഗങ്ങൾ, അപസ്മാരം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ (Autoimmune diseases), രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ തുടങ്ങിയവ ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും ബാധിക്കാം. എന്നാൽ ഒരു രോഗമുണ്ടെന്നത് ഗർഭധാരണം അസാധ്യമാണെന്നോ ഗർഭം അവസാനിപ്പിക്കണമെന്നോ അർത്ഥമില്ല. രോഗത്തിന്റെ തീവ്രതയും അമ്മയുടെ ആരോഗ്യസ്ഥിതിയും കുഞ്ഞിനുള്ള അപകടസാധ്യതയും വിലയിരുത്തി, ആവ ശ്യമായാൽ വിവിധ വിദഗ്ധർ ചേർന്ന് ചികിത്സയും ഗർഭപരിചരണവും ആസൂത്രണം ചെയ്യുകയാണ് സുരക്ഷിതമായ മാർഗം.

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട അണുബാധകൾ

റുബെല്ല (Rubella):

  • അമ്മയ്ക്ക് ചെറിയ രോഗം, കുഞ്ഞിന് വലിയ അപകടം.

  • അമ്മയ്ക്ക് നേരിയ പനി, ചർമ്മത്തിൽ പാടുകൾ തുടങ്ങിയവ ഉണ്ടാകാം.

  • കുഞ്ഞിന് ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ അപകടസാധ്യത വളരെ കൂടുതലാണ്. (90%). കുഞ്ഞിലേക്ക് വൈറ സ് പകരാനുള്ള സാധ്യത.

  • ഗർഭം അലസൽ,, ഗർഭസ്ഥ ശിശുവിന്റെ മരണം, ജന്മനാ ഹൃദയവൈകല്യങ്ങൾ, കേൾവിക്കുറവ്, കണ്ണിന്റെ തകരാറുകൾ എന്നിവയുണ്ടായേക്കാം.

  • അതുകൊണ്ട് ഗർഭധാരണത്തിന് മുമ്പ് റുബെല്ലക്കെതിരാ യ പ്രതിരോധശേഷി പരിശോധിക്കുകയും ആവശ്യമായ കുത്തിവെയ്പ്പ് മുൻകൂട്ടി സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. റുബെല്ല ലൈവ് വാക്‌സിൻ ഗർഭകാലത്ത് നൽകാറില്ല. ഗർഭത്തിന് മുമ്പുള്ള പ്രതിരോധമാണ് പ്രധാനം.

ഗർഭകാലത്ത് സാധാരണയായി കാണുന്ന ഗർഭകാല പ്രമേഹം, ഗർഭകാല രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്കു പുറമേ, അണുബാധകൾ, ഹൃദ്രോഗങ്ങൾ, വൃക്ക- കരൾ രോഗങ്ങൾ, അപസ്മാരം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ തുടങ്ങിയവ ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും ബാധിക്കാം.
ഗർഭകാലത്ത് സാധാരണയായി കാണുന്ന ഗർഭകാല പ്രമേഹം, ഗർഭകാല രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്കു പുറമേ, അണുബാധകൾ, ഹൃദ്രോഗങ്ങൾ, വൃക്ക- കരൾ രോഗങ്ങൾ, അപസ്മാരം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ തുടങ്ങിയവ ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും ബാധിക്കാം.

മീസിൽസ് (അഞ്ചാം പനി):

  • ഗർഭിണിയിൽ ഗുരുതരമായ പനി, ന്യൂമോണിയ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാം.

  • കുഞ്ഞിന് മാസം തികയാതെയുള്ള പ്രസവം, വളർച്ചക്കുറവ് എന്നിവ വന്നേക്കാം.

ചിക്കൻപോക്‌സ്:

  • ഗർഭിണിയിൽ ന്യൂമോണിയ പോലെയുള്ള ഗുരുതര സങ്കീർണതകൾ ഉണ്ടാകാം.

  • ഗർഭകാലത്തിന്റെ ചില ഘട്ടങ്ങളിൽ കുഞ്ഞിനും അപൂർവമായി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം.

  • അതിനാൽ ചിക്കൻപോക്‌സ് വ്യക്തിയുമായി സമ്പർക്കമുണ്ടായ ഗർഭിണി ഉടൻതന്നെ ഡോക്ടറെ അറിയിക്കണം.

എച്ച് വൺ എൻ വൺ, കോവിഡ്:

  • ഗർഭിണിയിൽ പനി, ചുമ, തൊണ്ടവേദന, ക്ഷീണം, ശ്വാസതട്ടസം എന്നീ ലക്ഷണങ്ങളുണ്ടാവാം.

  • ഇവ ചില ഗർഭിണികളിൽ കൂടുതൽ ഗുരുതരമാകാം.

  • ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയയും ശ്വാസതടസ്സവും ഉണ്ടാക്കാം.

  • മാസം തികയാതെയുള്ള പ്രസവം, ഗർഭസ്ഥശിശുവിന്റെ മരണം എന്നിവയുണ്ടായേക്കാം.

എച്ച്‌ഐവി/ ഹെപ്പറ്റൈറ്റിസ്:

  • HIV കൃത്യമായി രോഗനിർണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെ പ്രതിരോധശേഷിയെ ബാധിക്കുകയും ഗുരുതരമായ അണുബാധകൾക്ക് കാരണമാകുകയും ചെയ്യാം.

  • കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഇവ രണ്ടും അമ്മയിൽനിന്നും കുഞ്ഞിലേക്ക് പകരാൻ സാധ്യത കൂടുതലാണ്.

  • എന്നാൽ നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ കുഞ്ഞിലേക്കുള്ള പകർച്ച വലിയതോതിൽ തടയാൻ കഴിയും.

  • പ്രസവസമയത്ത് ഹെപ്പറ്റൈറ്റിസ്-ബി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. അമ്മയ്ക്ക് ആവശ്യമായ ചികിത്സയും കുഞ്ഞിന് ജനനശേഷം സമയബന്ധിതമായ കുത്തിവെപ്പ് ഉൾപ്പടെയുള്ള പ്രതിരോധനടപടികൾ കുഞ്ഞിലേക്കുള്ള പകർച്ച കുറയ്ക്കാൻ സഹായിക്കും.

ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലോ പ്രസവത്തിനു ശേഷമുള്ള കാലത്തോ ഹൃദയ പേശിയുടെ ശക്തി കുറയുകയും അതിന്റെ ഫലമായി ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പെരിപാർട്ടം കാർഡിയോ മയോപ്പതി.
ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലോ പ്രസവത്തിനു ശേഷമുള്ള കാലത്തോ ഹൃദയ പേശിയുടെ ശക്തി കുറയുകയും അതിന്റെ ഫലമായി ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പെരിപാർട്ടം കാർഡിയോ മയോപ്പതി.

ഹൃദയസംബന്ധമായ രോഗങ്ങൾ:

  • ഗർഭകാലത്ത് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ നേര ത്തെ ഉണ്ടായിരുന്ന ഹൃദ്രോ ഗം കൂടുതൽ പ്രകടമാകാം.

  • ജന്മനാ ഉണ്ടായ ഹൃദയവൈകല്യങ്ങൾ (Congenital Heart disease), ഹൃദയവാൽവ് രോഗങ്ങൾ (Valvular diseases), ഹൃദയപേശിയുടെ രോഗങ്ങൾ (Cardiomyopathy), ഹൃദയമിടിപ്പിലെ താളവ്യതിയാനങ്ങൾ തുടങ്ങിയവയ്ക്ക് ഗർഭകാലത്ത് വിദഗ്ദ്ധരുടെ നിരീക്ഷണം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗർഭം പ്ലാൻ ചെയ്യുന്നതിന് മുമ്പു ഹൃദ്രോഗവിദഗ്ധ നെ കാണിച്ച് പരിശോധന ആവശ്യമാണ്.

  • എല്ലാ ഹൃദ്രോഗങ്ങളും ഗർഭധാരണത്തിന് തടസ്സമല്ല. എന്നാൽ ഹൃദ്രോഗത്തിന്റെ തരം, ഹൃദയത്തിന്റെ പ്രവർത്തനശേഷി, ശ്വാസകോശത്തിലെ രക്തസമ്മർദ്ദം, ഹൃദയവാൽവുകളുടെ അവസ്ഥ, മുമ്പുണ്ടായ ഹൃദയസംബന്ധമായ സംഭവങ്ങൾ എന്നിവയെ ആശ്രയിച്ചാണ് അപകടസാധ്യത നിർണയിക്കുന്നത്.

  • ശ്വാസകോശ ധമനികളിലെ ഉയർന്ന രക്തസമ്മർദ്ദം (Pulmonary arterial hypertension), ഹൃദയത്തിന്റെ പമ്പിംഗ് ശേഷി വളരെ കുറഞ്ഞ അവസ്ഥ, ഗുരുതരമായ മൈട്രൽ വാൽവ് ചുരുക്കം (Mitral stenosis), രോഗലക്ഷണങ്ങളോടുകൂടിയ ഗുരുതരമായ അയോർട്ടിക് വാൽവ് ചുരുക്കം (Symptomatic Aortic stenosis), ചില ഗുരുതരമായ അയോർട്ട ധമനി രോഗങ്ങൾ (Aortic diseases), മുമ്പ് ഉണ്ടായിട്ടുള്ള പെരിപാർട്ടം കാർഡിയോ മയോപ്പതി (Peripartum Cardiomyopathy) തുടങ്ങിയ അവസ്ഥകളിൽ ഗർഭധാരണം വളരെ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. ഇത്തരം ചില പ്രത്യേക സാഹചര്യങ്ങളിൽ ഗർഭധാരണം ഒഴിവാക്കേണ്ട അവസ്ഥയായി കണക്കാക്കപ്പെടാം.

  • ഗർഭധാരണത്തിന് മുമ്പുള്ള വിദഗ്ധമായ ഹൃദയപരിശോധനയും വിലയിരുത്തലും നടത്തൽ അതിനാൽ നിർണായകമാണ്.

ഗർഭകാലത്തെ സുരക്ഷ എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, രോഗങ്ങളെ നേരത്തെ തിരിച്ചറിയുകയും, അപകടസാധ്യ ത കൃത്യമായി വിലയിരുത്തുകയും ആവശ്യമായ ചികിത്സ സമയത്ത് നൽകുകയും ചെയ്യുന്നതാണ്. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെയും അടിസ്ഥാനം.

പെരിപാർട്ടം കാർഡിയോ മയോപ്പതി
(Peripartum Cardiomyopathy - PPCM):

  • ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലോ പ്രസവത്തിനു ശേഷമുള്ള കാലത്തോ ഹൃദയ പേശിയുടെ ശക്തി കുറയുകയും അതിന്റെ ഫലമായി ഹൃദയസ്തംഭനം (Heart Failure) ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ്.

  • ശ്വാസംമുട്ടൽ (പ്രത്യേകിച്ച് കിടക്കുമ്പോഴുൾപ്പെടെ), അമിതക്ഷീണം, അമിത ഹൃദയമിടിപ്പ്, കാലുകളിൽ അമിതമായ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ സാധാരണ ഗർഭകാല അസ്വസ്ഥതകളായി കരുതി അവഗണിക്കരുത്.

  • മുമ്പ് PPCM ഉണ്ടായിരുന്ന സ്ത്രീകൾക്ക് അടുത്ത ഗർഭധാരണത്തിൽ വീണ്ടും രോഗം വരാനും ഹൃദയപ്രവർത്തനം വഷളാകാനും സാധ്യതയുള്ളതിനാൽ അടുത്ത ഗർഭം പ്ളാൻ ചെയ്യുന്നതിന് മുമ്പുതന്നെ വിദഗ്ധരുമായി വിശദമായ ചർച്ചയും വിലയിരുത്തലും അനിവാര്യമാണ്.

കരൾ-വൃക്ക രോഗങ്ങൾ:

  • ഇവയുള്ള സ്ത്രീകൾ ഗർഭം കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കാരണം ഇവ ഗർഭകാലത്തെ സങ്കീർണമാക്കാം.

  • ഇവർ ഗർഭധാരണത്തിന് മുമ്പുതന്നെ വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന ത്തെയും ഉപയോഗിക്കുന്ന മരുന്നുകളെയും ഡോക്‌ടർമാരെ കണ്ട് വിലയിരുത്തേണ്ടതാണ്.

അപസ്മാരം:

  • അപസ്മാരമുള്ള സ്ത്രീകൾക്കും ആരോഗ്യകരമായ ഗർഭധാരണം സാധ്യമാണ്.

  • എന്നാൽ ഇവർ ഗർഭധാരണം ആസൂത്രണം ചെയ്യൽ വളരെ പ്രധാനമാണ്.

  • കാരണം അപസ്മാരത്തിനുള്ള ചില മരുന്നുകൾ കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ, മരുന്ന് സ്വമേധയാ നിർത്തുന്നത് അപകടകരവും അപസ്മാരം വീണ്ടും വരാൻ കാരണമാവുകയും തന്മൂലം അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

  • അതിനാൽ ഗർഭധാരണത്തിന് മുമ്പുതന്നെ ന്യൂറോളജിസ്റ്റി നെ (Neurologist) കാണിച്ച് പരിശോധിച്ച് വേണ്ടിവന്നാൽ മരുന്നിൽ മാറ്റം വരുത്തേണ്ടതുമാണ്.

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ
(Autoimmune diseases):

  • സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസിസ് (SLE - Systemic Lupus Erythematosis), ആന്റി ഫോസ്‌ഫോ ലിപിഡ് സിൻഡ്രോം (Antiphospholipid syndrome) തുടങ്ങിയ രോഗ ങ്ങൾ ഗർഭകാലത്ത് പ്രത്യേകം ശ്രദ്ധ വേണ്ടവയാണ്.

  • കാരണം, ഇവ ഗർഭം അലസൽ, കുഞ്ഞിന് വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

  • അതിനാൽ രോഗം നിയന്ത്രണത്തിലായിരിക്കുമ്പോൾ ഗർഭം ആസൂത്രണം ചെയ്യുന്നതും ഇവയ്ക്കുള്ള മരുന്നുകൾ ഗർഭകാലത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതും പ്രധാനമാണ്.

രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ (Coagulation disorders):

  • ഗർഭകാലത്തും പ്രസവശേഷമുള്ള കാലത്തും ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള അഥവാ ക്ലോട്ട് (Clot) രൂപപ്പെടാനുള്ള സാധ്യത വർധിക്കുന്നു.

  • ഒരു കാലിൽ പെട്ടെന്ന് വീക്കം, വേദന, ചൂട് എന്നിവ DVT (Deep Vein Thrombosis/സിരയിലെ രക്തം കട്ടപിടിക്കൽ) യുടെ ലക്ഷണങ്ങളാകാം.

  • അതുപോലെ പെട്ടെന്നുള്ള ശ്വാസതടസ്സം, നെഞ്ചുവേദന, ബോധക്ഷയം എന്നിവ Pulmonary embolism) (ശ്വാസകോശത്തിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ) എന്നതിന്റെ ലക്ഷണങ്ങളാകാം. ഇത് ജീവനു ഭീഷണിയുള്ളതും അടിയന്തര ചികിത്സ ആവശ്യമുള്ളതുമാകുന്നു.

  • ഗർഭകാലത്തോ പ്രസവശേഷമോ അമ്മയ്ക്ക് ഗുരുതരമായ അണുബാധ, പ്രസവസംബ ന്ധമായ സങ്കീർണതകൾ, അമിത രക്തസ്രാവം തുടങ്ങിയ സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്ന സംവി ധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും DIC (Dissemintaed Intra vascular Coagulation - വ്യാപകമായ രക്തക്കട്ടകൾ രൂപപ്പെടുന്നതും രക്തസ്രാവം ഉണ്ടാകുന്നതുമായ ഗുരുതരമായ അവസ്ഥ) എന്ന ജീവന് ഭീഷണിയായ അവസ്ഥയിലേക്ക് മാറാം.

ഗർഭകാലത്തെ സുരക്ഷ എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, രോഗങ്ങളെ നേരത്തെ തിരിച്ചറിയുകയും, അപകടസാധ്യ ത കൃത്യമായി വിലയിരുത്തുകയും ആവശ്യമായ ചികിത്സ സമയത്ത് നൽകുകയും ചെയ്യുന്നതാണ്. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെയും അടിസ്ഥാനം. അതിനാൽ ആരോഗ്യപരമായ ഗർഭധാരണത്തിന്റെ ആദ്യ പടി പലപ്പോഴും ഗർഭം ധരിച്ചതിനുശേഷമല്ല, ഗർഭധാരണം പ്ലാൻ ചെയ്യുന്ന നിമിഷം മുതൽ തന്നെയാണ്.

READ: മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Naheeda Muhammad. K. T. writes about Diseases That Affect Mother and Baby During Pregnancy in Indian Medical Association Nammude Arogyam Magazine.


ഡോ. നഹീദ മുഹമ്മദ് കെ.ടി.

കൺസൽട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ്, ലാപ്രോസ്കോപ്പിക് സർജൻ, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, മൗലാനാ ഹോസ്പിറ്റൽ, ​പെരിന്തൽ മണ്ണ, മലപ്പുറം.

Comments