നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

‘‘സമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ നട്ടെല്ലിന്റെ വളവ് ക്രമേണ കൂടുകയും ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനവൈകല്യം മൂലം ശ്വാസമുട്ട്, ശരീരഘടനയിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ, നടുവേദന, കാലുവേദന എന്നിവ ഉണ്ടാവുകയും ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിക്കുകയും ചെയ്യാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ പ്രകാശ് പി.ജെ. എഴുതിയ ലേഖനം.

കുട്ടികളിലും, കൗമാരപ്രായക്കാരിലും വളർച്ചയുടെ ഘട്ടത്തിൽ നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ വളവിനെയാണ് ‘സ്കോളിയോസിസ്’ എന്ന് പറയുന്നത്. ‘സ്കോളിയോസിസ്’ സാധാരണ നടുവേദനയോ പേശിയുടെ പ്രശ്നമോ അല്ല; നട്ടെല്ലിന്റെ ഘടനയും, ആകൃതിയും മാറ്റുന്ന ഒരു ഗുരുതരാവസ്ഥയാണ്.

പലപ്പോഴും വേദനയില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ഇത് ശ്രദ്ധയിൽപ്പെടാറില്ല. നട്ടെല്ലിനു വശങ്ങളിലേക്കോ, മുന്നോട്ടോ പിന്നോട്ടോ ഉണ്ടാകുന്ന വളവുകൾ, തോളുകളുടെ ഉയരവ്യത്യാസം, പെൺകുട്ടികളിൽ മാറിന്റെ ഘടനയിലുള്ള വ്യത്യാസം, വസ്ത്രം ധരിച്ചാൽ ഒരുവശത്തേക്ക് ചരിഞ്ഞ പോലെയുള്ള തോന്നൽ എന്നിവയാണ് സാധാരണമായ ആദ്യ സൂചനകൾ. സമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ നട്ടെല്ലിന്റെ വളവ് ക്രമേണ കൂടുകയും ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനവൈകല്യം മൂലം ശ്വാസമുട്ട്, ശരീര ഘടനയിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ, നടുവേദന, കാലുവേദന എന്നിവ ഉണ്ടാവുകയും ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിക്കുകയും ചെയ്യാം.

എന്താണ് സ്കോളിയോസിസ്?

നട്ടെല്ല് ഒരു വശത്തേക്ക് വളയുന്നതോടൊപ്പം അതിലെ അസ്ഥികളും തിരിയുന്ന ഘടനാപരമായ മാറ്റമാണ്. അതിനാൽ ഇത് പുറത്തുകാണുന്ന ഒരു “വളവ്” മാത്രമല്ല; നട്ടെല്ല് മനുഷ്യശരീരത്തിന്റെ തൂണാണ്. ശരീരഭാരം താങ്ങുക, ചലനങ്ങൾക്ക് സ്ഥിരത നൽകുക, ഉള്ളിലുള്ള പ്രധാന നാഡിയെ സംരക്ഷിക്കുക, നെഞ്ചിനും ശ്വാസകോശത്തിനും ശരിയായ ആകൃതി നൽകുക തുടങ്ങിയ നിർണായക ചുമതലകൾ നട്ടെല്ലിനുണ്ട്. ഇതിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിതഗുണനിലവാരത്തെയും നേരിട്ട് സ്വാധീനിക്കും.

വളർച്ചക്കാലത്ത് സ്കോളിയോസിസ് എന്തുകൊണ്ട് പ്രധാനമാകുന്നു?

കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും അസ്ഥികൾ വളർച്ചാവസ്ഥയിലായതിനാൽ ആകൃതിയിലുള്ള ചെറിയ വ്യത്യാസം പോലും വളർച്ചയുടെ വേഗതയ്ക്കൊപ്പം പുരോഗമിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് 10 മുതൽ 18 വയസ്സ് വരെയുള്ള പ്രായം, സ്കോളിയോസിസിന്റെ കാര്യത്തിൽ നിർണായകമാണ്.

9:1 ആനുപാതത്തിൽ പെൺകുട്ടികളിൽ അധികമായി ഈ വൈകല്യം കാണുന്നു. ആർത്താവാരംഭത്തിൽ വളർച്ച വേഗത്തിൽ നടക്കുന്ന സമയമായതിനാൽ നട്ടെല്ലിന്റെ വളവ് കൂടുതൽ വർധിക്കാനുള്ള സാധ്യത ഉണ്ട്. പക്ഷേ സ്കോളിയോസിസ് പെൺകുട്ടികൾക്ക് മാത്രമുള്ള രോഗമല്ല. ആൺകുട്ടികളിലും ഇത് സംഭവിക്കാം. പല കേസുകളിലും വ്യക്തമായ കാരണമില്ലാതെയാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. അതിനാൽ തന്നെ വിദഗ്ധ പരിശോധനയുടെ പ്രാധാന്യം കൂടുതലാണ്.

എന്തുകൊണ്ട് പലപ്പോഴും
വൈകി കണ്ടെത്തപ്പെടുന്നു?

സ്കോളിയോസിസിന്റെ ഏറ്റവും വലിയ വെല്ലുവിളി വേദനയില്ലാത്ത തുടക്കഘട്ടമാണ്. കുട്ടികൾ സാധാരണ പോലെ നടക്കുകയും കളിക്കുകയും പഠിക്കുകയും ചെയ്യുന്നതിനാൽ പ്രശ്നമുണ്ടെന്ന ബോധം പലപ്പോഴും ഉണ്ടാകാറില്ല. പ്രശ്നം പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത് യൂണിഫോം ധരിക്കുമ്പോൾ ഒരു തോളിന് ഉയരം വ്യത്യസ്തമായി തോന്നുമ്പോൾ, മുന്നോട്ട് കുനിയുമ്പോൾ പുറകിലെ ഒരു വശം കൂടുതൽ ഉയർന്ന് കാണുമ്പോൾ, അല്ലെങ്കിൽ വസ്ത്രങ്ങൾ ധരിച്ചത് ശരിയാവാത്തതുപോലെ തോന്നുമ്പോഴൊക്കെയാണ്. ഇത്തരം ചെറിയ മാറ്റങ്ങൾ അവഗണിക്കപ്പെടുമ്പോൾ രോഗം നിശ്ശബ്ദമായി പുരോഗമിക്കും.

സ്കോളിയോസിസിന്റെ ഏറ്റവും വലിയ വെല്ലുവിളി വേദനയില്ലാത്ത തുടക്കഘട്ടമാണ്.
സ്കോളിയോസിസിന്റെ ഏറ്റവും വലിയ വെല്ലുവിളി വേദനയില്ലാത്ത തുടക്കഘട്ടമാണ്.

നിയന്ത്രണമില്ലാതെ
പോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാത്ത സ്കോളിയോസിസ് കാലക്രമേണ ഗുരുതരമാകാം. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനു സരിച്ച് ശരീരസമത്വം നഷ്ടപ്പെടുകയും സ്ഥിരമായ നടുവേദന, വേഗത്തിൽ ക്ഷീണം, ദീർഘസമയം നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട്, കാലുവേദന എന്നിവ ഉണ്ടാകുകയും ചെയ്യാം.

ഗുരുതരമായ വളവുകളിൽ നെഞ്ചിന്റെ ആകൃതി മാറി ശ്വാസകോശത്തിന്റെ പ്രവർത്തനം പോലും മന്ദീഭവിക്കാൻ സാധ്യതയുണ്ട്. ശരീരഭംഗിയിൽ വരുന്ന മാറ്റങ്ങൾ കുട്ടികളിലും യുവാക്കളിലും ആത്മവിശ്വാസക്കുറവും മാനസിക സമ്മർദ്ദവും സൃഷ്ടിക്കാനും ഇടയാക്കും. അതുകൊണ്ടുതന്നെ സ്കോളിയോസിസ് ഒരു സൗന്ദര്യ പ്രശ്നമല്ല, മറിച്ച് സമഗ്രമായ ആരോഗ്യപ്രശ്നമാണ് എന്നു തിരിച്ചറിയണം

ചികിത്സ

നട്ടെല്ലിന്റെ വൈകല്യനിർദ്ധാരണം മാത്രമല്ല സ്കോളിയോസിസ് ചികിൽസ ലക്ഷ്യം വെക്കുന്നത്. മറിച്ചു, വളവിന്റെ അളവ്, രോഗിയുടെ പ്രായം, വളർച്ചയുടെ തോത്, ഭാവിയിൽ വളവ് കൂടാനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പല കേസുകളിലും ശസ്ത്രക്രിയ കൂടാതെ തന്നെ ചികിൽസിക്കാൻ കഴിയും. ഒരു സ്കോളിയോസിസ് സർജന്റെ ശരിയായ നിർദേശപ്രകാരം വ്യായാമങ്ങളും ഉത്തമ ജീവിതരീതിയും നടപ്പിലാക്കുമ്പോൾ നട്ടെല്ലിന്റെ സ്ഥിരത നിലനിർത്താനും വളവ് നിയന്ത്രിക്കാനും കഴിയും.

ശസ്ത്രക്രിയാ ചികിത്സ
എപ്പോൾ ആവശ്യമാണ്?

എല്ലാ സ്കോളിയോസിസ് രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമുണ്ടാകണമെന്നില്ല. എന്നാൽ വളവ് അതീവ ഗുരുതരമായാൽ, വളർച്ചക്കാലത്ത് വേഗത്തിൽ പുരോഗമിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ശ്വാസകോശ പ്രവർത്തനത്തെയും ദൈനംദിന ജീവിതത്തെയും ഗൗരവമായി ബാധിക്കുന്ന തരത്തിലാകുകയാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാം.

ഇന്നത്തെ സ്കോളിയോസിസ് ശസ്ത്രക്രിയകൾ മുൻകാലത്തേതി നെക്കാൾ ഏറെ സുരക്ഷിതവും കൃത്യതയുള്ളതുമാണ്. നട്ടെല്ലിന്റെ വളവ് ശാസ്ത്രീയമായി ശരിയാക്കി സ്ഥിരത നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്ക് ശേഷം പുനരധിവാസ ചികിത്സയും ഫിസിയോതെറാപ്പിയും ചേർന്നുള്ള സമഗ്ര പരിചരണമാണ് ദീർഘകാല വിജയം ഉറപ്പാക്കുന്നത്.

ശസ്ത്രക്രിയയുടെ വിജയനിരക്ക് ഒരു ദീർഘ കാലപ്രവർത്തന പരിചയമുള്ള സ്കോളിയോസിസ് സർജന്റെ കയ്യിൽ സുരക്ഷിതവുമാണ്. വിദഗ്ധ പരിചരണത്തിന്റെ അഭാവം, അശാസ്ത്രീയ ചികിത്സകൾ എന്നിവ പലപ്പോഴും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും രോഗം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ സ്കോളിയോസിസ് പോലുള്ള നട്ടെല്ല് രോഗങ്ങളിൽ ചികിത്സ ഒരു പരീക്ഷണമാകരുത്; നട്ടെല്ലിന്റെ ദിശയും രോഗിയുടെ ഭാവിയും നിർണ്ണയിക്കപ്പെടുന്നത് അതിസ ങ്കീർണമായ സ്കോളിയോസിസ് സർജറിയിൽ പരിശീലനം നേടിയ വിദഗ്ധരുടെ കൃത്യമായ ഇടപെടലിലൂടെയാകണം.

ചികിത്സ ഏത് രീതിയിലായാലും, അത് ആസൂത്രണം ചെയ്യേണ്ടത് രോഗത്തിന്റെ ഘടനയും വളർച്ചാ ഘട്ടവും വ്യക്തമായി മനസ്സിലാക്കുന്ന വിദഗ്ധരാണ്.

സമൂഹത്തിലുള്ള മിഥ്യാധാരണകൾ

ഭാരമുള്ള സ്കൂൾ ബാഗ് ഉപയോഗിച്ചാൽ ഈ അസുഖം വരുമോ?
ഓപ്പറേഷനു ശേഷം സ്പോർട്സ് ആൻഡ് ആർട്ട്സ്, ആയോദ്ധനമുറകൾ പരിശീലിക്കാൻ സാധിക്കുമോ?

  • ഇത്തരം സംശയങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. മറ്റുള്ള ഏതു കുട്ടിയേയും പോലെ ഇതിലെല്ലാം നിർഭയം പങ്കെടുക്കാൻ സാധിക്കും.

സ്കോളിയോസിസിനുള്ള വിദഗ്ധ ചികിത്സ കേരളത്തിൽ ലഭ്യമാണോ?

ചെലവേറിയതാണോ? ഇതിന് ഇൻഷുറൻസ് കവറേജ് ഉണ്ടോ?

  • കേരളത്തിൽ വളരെ കുറച്ചു സ്ഥാപനങ്ങൾ മാത്രമേ സ്കോളിയോസിസ് പോലുള്ള സങ്കീർണ ശസ്ത്രക്രിയകൾ ചെയ്യുന്നുള്ളൂ, സ്വകാര്യ ആശുപത്രികളിൽ 8 മുതൽ 10 ലക്ഷം വരുന്ന ഈ ശസ്ത്രക്രിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി തികച്ചും സൗജന്യ മായി കഴിഞ്ഞ 25 വർഷകാലമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെയ്തുവരുന്നു,

സ്കോളിയോസിസ് ഭയപ്പെടേണ്ട ഒരു രോഗമല്ല. എന്നാൽ അവഗണിക്കാവുന്നതുമല്ല. വേദന വരുംവരെ കാത്തിരിക്കേണ്ട അവസ്ഥയല്ല ഇത്.

കുട്ടികളുടെ വളർച്ച ഉയരത്തിൽ മാത്രം അളക്കരുത്. നട്ടെല്ലിന്റെ ചെറിയ വൈകല്യം പോലും ശ്രദ്ധിക്കണം. നേരത്തെയുള്ള തിരിച്ചറിവും ശരിയായ വിദഗ്ധ പരിചരണവും ഉണ്ടെങ്കിൽ, സ്കോളിയോസിസ് ഉള്ള കുട്ടികൾക്കും യുവാക്കൾക്കും മറ്റുള്ളവരെ പോലെ ആരോഗ്യകരവും സജീവവുമായ ജീവിതം ആഹ്ളാദത്തോടെ നയിക്കാം.

വായിക്കാം: കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments