ജലജന്യ രോഗങ്ങൾ

‘‘2025-ൽ കേരളത്തിൽ അഞ്ച് ലക്ഷത്തിൽപരം വയറിളക്കരോഗങ്ങളും 31,536 മഞ്ഞപ്പിത്തവും 150- ൽ പരം ഷിഗെല്ലയും ടൈഫോയ്ഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കുകളെല്ലാം 2024- നെക്കാൾ എത്രയോ അധികമാണ്, പ്രധാനമായും മഞ്ഞപ്പിത്തത്തിന്റെ കാര്യം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹാവിയ പി.പി. എഴുതുന്നു.

ജീവന് അനിവാര്യമായ ഒന്നാണ് ജലം. ഒരു വ്യക്തിക്ക് ജീവൻ നിലനിർത്താൻ മാത്രമായി ദിവസേന കുറഞ്ഞത് രണ്ട് ലിറ്റർ കുടിവെള്ളം ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. അപ്പോൾ ഈ ഒരളവിൽ ദിവസേന ജലം ലഭിച്ചില്ലെങ്കിൽ അത് ജീവൻ നഷ്ടമാവാൻ കാരണമാകാം. അതേസമയം ജലത്തിന്റെ ഗുണമേന്മയിൽ വരുന്ന വീഴ്ചകളും നമ്മുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു.

ജലത്തിന്റെ ഗുണമേന്മ എന്നു പറയുമ്പോൾ പ്രത്യക്ഷത്തിൽ നാം കാണുന്നതോ അനുഭവിക്കുന്നതോ ആയ നിറം, രുചി എന്നിവ മാത്രമല്ല. ജലത്തിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളെയും അതുപോലെ നാം വളരെ പ്രാധാന്യം കൊടുക്കേണ്ട, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത സൂക്ഷ്മാണുക്കളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം.

ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് ജലജന്യ രോഗങ്ങൾ (water borne diseases). മലിനജലത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണുക്കളാണ് ഇത്തരം രോഗങ്ങൾക്ക് കാരണം; ഇവിടെ വെള്ളം ഒരു വാഹകമായി പ്രവർത്തിക്കുന്നു. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, അതിസാരം, ഷിഗെല്ല എന്നിവ ഉദാഹരണങ്ങൾ.

ജലം മലിനമാകുന്നത്, ജലത്തിൽ അസുഖം ബാധിച്ച ഒരു വ്യക്തിയുടേയോ മൃഗത്തിന്റേയോ മലം അല്ലെങ്കിൽ മൂത്രത്തിന്റെ സാന്നിധ്യം ഉണ്ടാവുമ്പോഴാണ്. ജലജന്യരോഗങ്ങൾ മലിനമായ ഭക്ഷണപദാർത്ഥങ്ങളിലൂടെയും പകരാം.

2025-ൽ കേരളത്തിൽ അഞ്ച് ലക്ഷത്തിൽപരം വയറിളക്കരോഗങ്ങളും 31,536 മഞ്ഞപ്പിത്തവും 150- ൽ പരം ഷിഗെല്ലയും ടൈഫോയ്ഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കുകളെല്ലാം 2024- നെക്കാൾ എത്രയോ അധികമാണ്, പ്രധാനമായും മഞ്ഞപ്പിത്തത്തിന്റെ കാര്യം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സാക്ഷരതയും ജീവിത നിലവാരങ്ങളും ആരോഗ്യ മേഖലയുമുള്ള കേരളത്തിന് ജലജന്യരോഗങ്ങൾ എന്നും വെല്ലുവിളിയാണ്.

ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് ജലജന്യ രോഗങ്ങൾ (water borne diseases). മലിനജലത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണുക്കളാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.
ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് ജലജന്യ രോഗങ്ങൾ (water borne diseases). മലിനജലത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണുക്കളാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.

കേരളത്തിലെ ജനങ്ങളിൽ 62 ശതമാനവും വീട്ടുവളപ്പിലെ കിണറുകളെയാണ് ജലസ്രോതസ്സായി ആശ്രയിക്കുന്നത്. ഇത്തരത്തിൽ നോക്കുമ്പോൾ കേരളത്തിലെ കിണറുകളുടെ സാന്ദ്രത വളരെ കൂടുതലാണ് (250/km2). ഈ അവസ്ഥ കാരണം കിണറുകളും മാലിന്യസ്രോതസ്സുകളും തമ്മിലുള്ള അകലം വളരെ കുറവാണ്. ഇത് കിണറുകളിലെ ജലത്തിൽ മലത്തിന്റെ സാന്നിധ്യം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഒരു ജലജന്യ രോഗം ഒരാളിലേക്ക് എത്തുന്നതിനും അത് പടർന്നുപിടിക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളും (Environmental factors) ശരീരത്തിന്റെ അവസ്ഥകളും (Host factors) വലിയൊരു പങ്കുവഹിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:

1. ചുറ്റുപാടുകളും
കാലാവസ്ഥയും
(Environmental Factors)

വീടും പരിസരവും കാലാവസ്ഥയും രോഗാണുക്കൾക്ക് വളരാൻ അനുകൂല സാഹചര്യം ഒരുക്കുമ്പോഴാണ് രോഗങ്ങൾ പടരുന്നത്.

മഴക്കാലവും പ്രളയവും:
മഴക്കാലത്താണ് ജലജന്യ രോഗങ്ങൾ ഏറ്റവും കൂടുതൽ കൂടുന്നത്. കനത്ത മഴ പെയ്യുമ്പോൾ കക്കൂസ് മാലിന്യങ്ങളും ഓടകളിലെ അഴുക്കും ഒലിച്ചിറങ്ങി നമ്മുടെ കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും വെള്ളം മലിനമാകുന്നു.

തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം:
പറമ്പുകളിലും പൊതുസ്ഥലങ്ങളിലും മലമൂത്രവിസർജ്ജനം നടത്തുന്നത് വഴി മഴവെള്ളത്തോടൊപ്പം രോഗാണുക്കൾ വളരെ വേഗം കുടിവെള്ളത്തിൽ കലരുന്നു.

പൈപ്പുകളിലെ ചോർച്ച:
കുടിവെള്ളം വരുന്ന പൈപ്പുകളുടെ ജോയിന്റുകളിലോ, ഓടകൾക്ക് സമീപമുള്ള ഭാഗങ്ങളിലോ ഉണ്ടാകുന്ന പൊട്ടലുകൾ വഴി മലിനജലം കുടിവെള്ള പൈപ്പുകളിലേക്ക് കലരാൻ ഇടയാകുന്നു.

ഈച്ചശല്യം:
വീട്ടുപരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുമ്പോൾ ഈച്ചകൾ പെരുകുന്നു. ഈ ഈച്ചകൾ മലമൂത്രവിസർജ്യങ്ങളിലും പിന്നീട് നമ്മൾ തുറന്നു വെക്കുന്ന ഭക്ഷണത്തിലും മാറി മാറിയിരുന്ന് രോഗം പരത്തുന്നു.

2. ശരീരത്തിന്റെ അവസ്ഥകൾ
(Host Factors)

ഒരേ മലിനജലം കുടിച്ചാലും എല്ലാവർക്കും ഒരേപോലെ രോഗം വരണമെന്നില്ല. അത് ഓരോരുത്തരുടെയും ശരീരപ്രകൃതിയെയും പ്രതിരോധ ശേഷിയേയും ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

പ്രായക്കൂടുതലും കുറവും:
ചെറിയ കുട്ടികൾക്കും പ്രായമായവർക്കും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇവർക്ക് രോഗം വരാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കുട്ടികളിൽ വയറിളക്കം പോലുള്ള രോഗങ്ങൾ പെട്ടെന്ന് ഗുരുതരമായേക്കാം.

രോഗപ്രതിരോധ ശേഷി (Immunity):
ശരീരത്തിന് പൊതുവേ പ്രതിരോധശേഷി കുറഞ്ഞവർക്കും, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ ഉള്ള വർക്കും ജലജന്യ രോഗങ്ങൾ വേഗത്തിൽ പിടിപെടാം.

ഭക്ഷണശീലങ്ങൾ:

കൃത്യമായി കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവർക്കും, റോഡരികിലെയും മറ്റും തുറന്നുവെച്ചതുമായ ആഹാരങ്ങളും പാനീയങ്ങളും സ്ഥിരമായി കഴിക്കുന്നവർക്കും രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു ജലജന്യ രോഗം ഒരാളിലേക്ക് എത്തുന്നതിനും അത് പടർന്നുപിടിക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളും (Environmental factors) ശരീരത്തിന്റെ അവസ്ഥകളും (Host factors) വലിയൊരു പങ്കുവഹിക്കുന്നുണ്ട്.
ഒരു ജലജന്യ രോഗം ഒരാളിലേക്ക് എത്തുന്നതിനും അത് പടർന്നുപിടിക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളും (Environmental factors) ശരീരത്തിന്റെ അവസ്ഥകളും (Host factors) വലിയൊരു പങ്കുവഹിക്കുന്നുണ്ട്.

പ്രധാന ജലജന്യരോഗങ്ങൾ

  • 1. ഹെപ്പറ്റൈറ്റിസ് എ
    (Hepatitis A / മഞ്ഞപ്പിത്തം):

ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന കരളിനെ ബാധിക്കുന്ന ഒരു രോഗമാണിത്. രോഗബാധിതരായ വ്യക്തികളുടെ മലമൂത്രവിസർജ്യം വഴി മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്.

പ്രധാന ലക്ഷണങ്ങൾ:

കടുത്ത പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, കണ്ണുകളിലും നഖങ്ങളിലും കാണുന്ന മഞ്ഞനിറം, ഇരുണ്ട നിറത്തിലുള്ള മൂത്രം. കുട്ടികളിൽ ഈ രോഗലക്ഷണങ്ങൾ വളരെ ലഘുവായിട്ടാണ് പ്രകടമാകാറുള്ളത്. എന്നാൽ കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിൽ ഇത് അതീവ ഗുരുതരമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുകയും മരണനിരക്ക് ഇവരിലാണ് കൂടുതലായി കണ്ടുവരുന്നതും

  • 2. വയറിളക്ക രോഗങ്ങൾ / അക്യൂട്ട് ഡയറിയൽ ഡിസീസ്:

വിവിധതരം ബാക്ടീരിയകൾ (ഉദാഹരണത്തിന്: ഇ.കോളി, കോളറ), വൈറസുകൾ (റോട്ടാവൈറസ്) അല്ലെങ്കിൽ പരാദങ്ങൾ എന്നിവ കാരണം പെട്ടെന്നുണ്ടാകുന്ന വയറിളക്ക രോഗങ്ങളാണിത്.

പ്രധാന ലക്ഷണങ്ങൾ:

ദിവസത്തിൽ മൂന്നോ അതിലധികമോ തവണ വെള്ളം പോലെ വയറ്റിൽ നിന്ന് പോവുക, വയറുവേദന, ചിലപ്പോൾ ഛർദ്ദിയും പനിയും. ശരീരത്തിൽ നിന്ന് പെട്ടെന്ന് വെള്ളവും ലവണങ്ങളും നഷ്ടപ്പെട്ട് നിർജ്ജലീകരണം (Dehydration) ഉണ്ടാ കാൻ ഇത് കാരണമാകുന്നു.

  • 3. ഷിഗെല്ല (Shigellosis):

ഷിഗെല്ല ഇനത്തിൽപ്പെട്ട ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അതിശക്തമായ ഒരു വയറിളക്ക രോഗമാണിത്. വളരെ കുറഞ്ഞ അളവിൽ രോഗാണുക്കൾ ഉള്ളിൽ ചെന്നാൽ പോലും രോഗബാധ ഉണ്ടാകാം എന്നതിനാൽ ഇത് വേഗത്തിൽ പടർന്നുപിടിക്കുന്നു.

പ്രധാന ലക്ഷണങ്ങൾ:
കടുത്ത വയറുവേദന, പനി, വിസർജ്യത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക (Dysentery), മലം പുറന്തള്ളുമ്പോൾ ഉണ്ടാകുന്ന കഠിനമായ വേദന.

  • 4. ടൈഫോയ്ഡ്
    (Typhoid Fever):

സാൽമൊണല്ല ടൈഫി (Salmonella Typhi) എന്ന ബാക്ടീരിയ പരത്തുന്ന ഗുരുതരമായ ഒരു പകർച്ചപ്പനിയാണിത്. മലിനമായ ജലത്തിലൂടെയും ഈച്ചകൾ വഴിയും ഈ രോഗം വേഗത്തിൽ പടരാം.

പ്രധാന ലക്ഷണങ്ങൾ:

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത കടുത്ത പനി, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, മലബന്ധം അല്ലെങ്കിൽ വയറിളക്കം, വിശപ്പില്ലായ്മ.

പൊതുവായ
ചികിത്സാരീതികളും പരിചരണവും

  • 1. ഏറ്റവും പ്രധാനം:

നിർജ്ജലീകരണം (Dehydration) തടയുക വയറിളക്കരോഗങ്ങളിൽ ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് ഏറ്റവും അപകടകരം. ഇത് ഉടനടി വീണ്ടെടുക്കുക എന്നതാണ് ഒന്നാമത്തെ ചികിത്സ.

വീട്ടിൽ നൽകാവുന്ന ലായനികൾ (Home Remedies):

വയറിളക്കമോ ഛർദ്ദിയോ കണ്ടാലുടൻ ഒ.ആർ.എസ് (ORS) ലായനി നൽകി തുടങ്ങണം. ഇതുകൂടാതെ ഉപ്പിട്ട കഞ്ഞിവെള്ളം, ഒതുക്കിയ കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചെറുനാരങ്ങാനീരും ചേർത്തത് എന്നിവയും മാറിമാറി നൽകാം.

ഒഴിവാക്കേണ്ടവ:

നിർജ്ജലീകരണമുള്ള സമയത്ത് അമിതമായി മധുരമുള്ള കൃത്രിമ പാനീയങ്ങൾ, സോഡ, ചായ, കാപ്പി, പാക്കറ്റ് ജ്യൂസുകൾ, എണ്ണയിൽ വറുത്തതും കൊഴുപ്പുകൂടിയതുമായ ഭക്ഷണങ്ങൾ, അമിതമായി എരിവുള്ള ആഹാരങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ഇവ വയറിളക്കം കൂട്ടാൻ മാത്രമേ ഉപകരിക്കൂ.

  • 2. വിശ്രമവും ആഹാരക്രമവും:

രോഗിക്ക് പൂർണ്ണമായ ശാരീരികവിശ്രമം ആവശ്യമാണ്. ദഹനപ്രക്രിയ എളുപ്പമാക്കാൻ ലഘുവായ ഭക്ഷണങ്ങൾ നൽകാം. കഞ്ഞിയോ കുറുക്കോ ഉടച്ച പുഴുങ്ങിയ നേന്ത്രപ്പഴം, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, എന്നിവ നൽകാം. ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.

  • 3. എപ്പോഴാണ് ആശുപത്രിയിൽ എത്തിക്കേണ്ടത്?

എല്ലാ സാഹചര്യങ്ങളിലും വീട്ടിലെ പരിചരണം കൊണ്ട് രോഗം മാറണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ രോഗിയെ ആശുപത്രിയിൽ എത്തിക്കണം:

  • അടിക്കടിയുള്ള ഛർദ്ദി കാരണം ഒ.ആർ.എസ് പോലെയുള്ള പാനീയങ്ങൾ പോലും കുടിക്കാൻ പറ്റാതെ വരിക.

  • മലത്തിലൂടെ രക്തമോ കഫമോ (Mucus) പോവുക.

  • അതിശക്തമായ വയറുവേദന, വിട്ടുമാറാത്ത കടുത്ത പനി എന്നിവ ഉണ്ടാവുക.

  • കണ്ണ് കുഴിയുക, നാവ് വരണ്ടുപോവുക, അമിതമായ തളർച്ച അല്ലെങ്കിൽ അബോധാവസ്ഥയിലേക്ക് പോവുക തുടങ്ങിയ കടുത്ത നിർജ്ജലീകരണ ലക്ഷണങ്ങൾ കാണിക്കുക.

  • കുഞ്ഞുങ്ങൾ നന്നായി മൂത്രം ഒഴിക്കാതിരിക്കുകയോ, കരയുമ്പോൾ കണ്ണീർ വരാതിരിക്കുകയോ ചെയ്യുക.

  • 4. സ്വയംചികിത്സ അരുത്:

ടൈഫോയ്ഡ്, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയൽ രോഗങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ആന്റിബയോട്ടിക് (Antibiotics) ചികിത്സ തന്നെ വേണം. മഞ്ഞപ്പിത്തത്തിന് ഡോക്ടറുടെ മേൽനോട്ടത്തിലുള്ള വിശ്രമവും കൃത്യമായ ഭക്ഷണക്രമവുമാണ് പ്രധാനം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വ്യാജ ചികിത്സകൾ തേടി രോഗം ഗുരുതരമാക്കരുത്.

പൊതുവായ പ്രതിരോധ മാർഗ്ഗങ്ങൾ
(Prevention)

ജലജന്യരോഗങ്ങൾ തടയാൻ താഴെ പറയുന്ന ശീലങ്ങൾ നിർ ബന്ധമായും പാലിക്കേണ്ടതുണ്ട്:

  • വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക:

കുടിവെള്ളം നന്നായി തിളച്ച് മറിഞ്ഞതിനുശേഷം കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വീണ്ടും തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.

  • ആഹാര ശുചിത്വം:

  • പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുന്നതിന് മുൻപ് സുരക്ഷിതമായ വെള്ളത്തിൽ നന്നായി കഴുകുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്.

  • പാകം ചെയ്ത ഭക്ഷണങ്ങൾ അന്ന് തന്നെ കഴിക്കാൻ ശ്രമിക്കുക.

  • അനാരോഗ്യകരമായ സ്രോതസ്സുകളിൽ നിന്നുള്ള ഭക്ഷണമോ വെള്ളമോ കഴിക്കാതിരിക്കുക.

  • കൈകൾ വൃത്തിയായി കഴുകുക: ആഹാരം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുൻപും, ടോയ്ലറ്റിൽ പോയ ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകുക.

  • സ്രോതസ്സുകളുടെ സംരക്ഷണം: കിണറുകളും മറ്റ് ജല സ്രോതസ്സുകളും ക്ലോറിനേഷൻ നടത്തി സുരക്ഷിത മാക്കുക.

  • സെപ്റ്റിക് ടാങ്കുകളും കിണറുകളും തമ്മിൽ കൃത്യമായ അകലം പാലിക്കുക. (കുറഞ്ഞത് 7.5 മീറ്റർ).

  • ഈച്ചകളുടെ ശല്യം വീടിന്റെയും മറ്റ് ഭക്ഷണശാലകളുടെയും പരിസരത്ത് കുറയ്ക്കാനാ യി, പ്രധാനമായും ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക.

ശുദ്ധജലം ലഭ്യമാക്കുക എന്നത് കേവലം ഒരു വ്യക്തിഗത ആവശ്യമല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിനുതന്നെ അനിവാര്യമായ ഒന്നാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ഉറപ്പാക്കുകയും, കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ജലജന്യരോഗങ്ങളെ പൂർണ്ണമായി പ്രതിരോധിക്കാൻ സാധിക്കൂ. "പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമം" എന്ന തിരിച്ചറിവോടെ ജാഗ്രത പുലർത്തിയാൽ ജലജന്യരോഗങ്ങളിൽ നിന്ന് നമുക്കും സമൂഹത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും.

വരുന്നതിനുമുൻപ് തടയുക എന്നതാണ് ജലജന്യരോഗങ്ങളുടെ കാര്യത്തിൽ ഏറ്റവും ഫലപ്രദം. കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിലൂടെ നമുക്ക് ഈ രോഗങ്ങളെ ഒരു പരിധി വരെ അകറ്റിനിർത്താം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിലോ ഡോക്ടറുടെ അടുക്കലോ എത്തിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സുരക്ഷിതമായ ജലവും കൃത്യമായ ശുചിത്വശീലങ്ങളും വഴി ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കാം.

READ: ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments