ആഗ്നേയം ഈ ഗ്രന്ഥി

മദ്യത്തിന്റെ നേരിട്ടുള്ള പ്രവർത്തനം പാൻക്രിയാസിന് നാശമുണ്ടാക്കുന്നു. ഇതിനോടൊപ്പമുള്ള പോഷകാഹാരക്കുറവ്, പുകവലി, കൊഴുപ്പ് വർദ്ധനവ് എന്നിവ വീണ്ടും ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാംലാൽ ആർ.വി എഴുതിയ ലേഖനം.

നുഷ്യശരീരത്തിൽ വയറിനുള്ളിൽ പുറകിലത്തെ ഭിത്തിയോടു ചേർന്നിരിക്കുന്ന രീതിയിൽ നിലകൊള്ളുന്ന ഒരു അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസുമായി വളരെ അടുത്തും ബന്ധപ്പെട്ടും പ്രധാനപ്പെട്ട പല അവയവങ്ങളും സ്ഥിതിചെയ്യുന്നു. കരൾ, ആമാശയം, പ്ലീഹ, രണ്ടുവശത്തെയും വൃക്കകൾ, ഇവ കൂടാതെ പ്രധാനപ്പെട്ട രക്തവാഹിനി കുഴലുകളും പാൻക്രിയാസുമായി നേരിട്ട് ബന്ധവും സാമീപ്യവും ഉള്ളവയാണ്. അതുകൊണ്ടുതന്നെ ഈ അവയവം നിരീക്ഷണങ്ങൾക്ക് വിധേയമാക്കുമ്പോഴും ശസ്ത്രക്രിയകൾ ചെയ്യുമ്പോഴും വളരെ ബുദ്ധിമുട്ടി മാത്രം സമീപിക്കാവുന്ന ഒരു അവയവമാണ്.

പാൻക്രിയാസിന്റെ പ്രവർത്തനം ഗർഭസ്ഥ ശിശുവിൽ ഏകദേശം നാലുമാസം ആകുമ്പോൾ തന്നെ കാണുന്നതായി ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

പാൻക്രിയാസിന്റെ പ്രത്യേകതകൾ

പാൻക്രിയാസ് പ്രധാനപ്പെട്ട അന്തഃസ്രാവി ഗ്രന്ഥിയാണ്. അതായത് ഇത് ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ നേരിട്ട് രക്തത്തിലേക്ക് കലരുന്നു. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ചില സ്രവങ്ങൾ നമ്മുടെ ആഹാരത്തിലുള്ള കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയവ ദഹിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന രാസവസ്തുക്കളെ ഉത്പാദിപ്പിച്ച് പ്രത്യേക കുഴലുകളിലൂടെ, കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസവുമായി ചേർന്ന് ചെറുകുടലിന്റെ ആദ്യ ഭാഗത്ത് എത്തുന്നു. ഇതാണ് പിന്നീട് ആഹാരത്തെ നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നത്. അന്തഃസ്രാവി ഗ്രന്ഥികൾ (Endocrine glands) കൂടുതലും ക്രമീകരിച്ചിരിക്കുന്നത് പാൻക്രിയാസിന്റെ വാലറ്റത്താണ്. ഇവിടെനിന്ന് ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോ സ്റ്റാറ്റിൻ -(insulin, glucagon, somatostatin) തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. മറ്റു ഭാഗങ്ങളിൽ നിന്ന് ദഹനരസങ്ങളായ Lipase, Amylase, Elastase, Trypsin, Chymotrypsin എന്നിവയെല്ലാം ഉത്പാദിപ്പിക്കപ്പെടുന്നു. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന സ്രവങ്ങൾ വളരെ ശക്തിയുള്ളതും അതീവ ദഹനശേഷി ഉള്ളവയുമാണ്. അതുകൊണ്ടുതന്നെയാണ് ഈ ഗ്രന്ഥിയെ ആഗ്നേയഗ്രന്ഥി എന്നു വിശേഷിപ്പിക്കുന്നത്. നിയന്ത്രണം ഇല്ലാതെ സ്രവിക്കപ്പെട്ടാൽ പാൻക്രിയാസിനെയും മറ്റ് പ്രധാനപ്പെട്ട ശരീര അവയവങ്ങളെയും ബാധിക്കാനും നശിപ്പിക്കാനും ഈ സ്രവങ്ങൾക്ക് ശേഷിയുണ്ട്.

മനുഷ്യശരീരത്തിൽ വയറിനുള്ളിൽ പുറകിലത്തെ ഭിത്തിയോടു ചേർന്നിരിക്കുന്ന രീതിയിൽ നിലകൊള്ളുന്ന ഒരു അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസുമായി വളരെ അടുത്തും ബന്ധപ്പെട്ടും പ്രധാനപ്പെട്ട പല അവയവങ്ങളും സ്ഥിതിചെയ്യുന്നു.
മനുഷ്യശരീരത്തിൽ വയറിനുള്ളിൽ പുറകിലത്തെ ഭിത്തിയോടു ചേർന്നിരിക്കുന്ന രീതിയിൽ നിലകൊള്ളുന്ന ഒരു അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസുമായി വളരെ അടുത്തും ബന്ധപ്പെട്ടും പ്രധാനപ്പെട്ട പല അവയവങ്ങളും സ്ഥിതിചെയ്യുന്നു.

പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ കൃത്യമായി അറിയുന്നതിനും വിശകലനം നടത്തുന്നതിനും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് മറ്റു ശാസ്ത്രശാഖകളുടെ സഹായംകൊണ്ട് സാധിച്ചിട്ടുണ്ട്.

1. രക്തത്തിലും മറ്റു ശരീരസ്രവങ്ങളിലും പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ സാന്നിധ്യവും അളവും നിർണയിക്കുന്നതിനുള്ള രാസ പരിശോധനകൾ ഇന്ന് ലഭ്യമാണ് (Pancreatic Enzyme Studies).

2. പാൻക്രിയാസിലെ ജന്മവൈകല്യങ്ങൾ, വളർച്ച മുരടിപ്പ്, പലകാരണങ്ങളാലുള്ള നാശങ്ങൾ എന്നിവ കൃത്യമായി അറിയാൻ നൂതന സ്‌കാനിങ് സങ്കേതങ്ങൾ (Ultrasound, CT, MRI, ERCP) കൊണ്ട് സാധ്യമാണ്.

പാൻക്രിയാറ്റൈറ്റിസ് (Pancreatitis ) രണ്ടുവിധത്തിൽ കാണപ്പെടുന്നു.

1. Acute pancreatitis (പാൻക്രിയാ റ്റൈറ്റിസ് രോഗത്തിന്റെ അടിയന്തര സന്ദർഭം).

2. Chronic pancreatitis (നാളുകളായി നിലനിൽക്കുന്ന അവസ്ഥ).

പാൻക്രിയാസിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള നീർക്കെട്ടലായി അക്യൂട്ട് പാൻക്രിയാറ്റൈറ്റിസിനെ കാണാം. നാളുകളായി നിലനിൽക്കുന്ന നീർക്കെട്ടലിൽ രോഗി ഇടയ്ക്കിടയ്ക്ക് ഗുരുതരാവസ്ഥയിലേക്ക് (Acute Episode) നീങ്ങുന്നതായും കാണാറുണ്ട്.

അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് (Acute Pancreatitis) വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. എത്ര നല്ല ചികിത്സ നൽകിയാലും ഹൃദയത്തെയും ശ്വാസകോശത്തെയും തലച്ചോറ്, കിഡ്‌നി, രക്തക്കുഴലുകൾ ഇവയെ എല്ലാം ബാധിച്ച് രോഗിക്ക് (വളരെ ചെറുപ്പക്കാർക്കു വരെ) മരണകാരണമായേക്കാവുന്ന അസുഖമാണിത്.

രോഗകാരണങ്ങൾ

നമ്മുടെ നാട്ടിൽ പ്രധാന കാരണമായി കാണുന്നത് പിത്തസഞ്ചിയിലെ കല്ലുകളും മദ്യപാനവുമാണ്. ഇതു കൂടാതെ മറ്റ് ചില കാരണങ്ങളുമുണ്ട്.

1.ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം.
2. ജന്മവൈകല്യങ്ങൾ.
3.ജനിതക രോഗങ്ങൾ.
4. വൈറസ് ബാധ.
5. പോഷകാഹാര കുറവ്.
6. ചില ഓപ്പറേഷനുകൾക്ക് ശേഷം (ERCP).
7.വയറിന് ഏൽക്കുന്ന ക്ഷതങ്ങൾ (റോഡപകടം, വീഴ്ചകൾ).
8. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം.
9. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നത്.
10.ചിലയിനം തേളിന്റെ ആക്രമണം.

പിത്തസഞ്ചിയിലെ കല്ലുകൾ പ്രധാന പിത്തവാഹിനി കുഴലിൽ തടസ്സം സൃഷ്ടിക്കുമ്പോൾ പിത്തരസവും പാൻക്രിയാറ്റിക് സ്രവങ്ങളും തിരിച്ചടിച്ച് പാൻക്രിയാസിലേക്ക് പ്രവേശിക്കുകയും അത് പാൻക്രിയാസ് കോശങ്ങളെ അനിയന്ത്രിതമായി പ്രകോപിപ്പിക്കുകയും കഠിനമായ നീർകെട്ടലിന് ഇടയാകുകയും ചെയ്യുന്നു. തന്മൂലം പാൻക്രിയാറ്റിക് സ്രവങ്ങൾ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയും പല പ്രധാനപ്പെട്ട അവയവങ്ങളെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്നു. തന്മൂലം ഹൃദയം, ശ്വാസകോശം ഇവ പെട്ടെന്നുതന്നെ തകരാറിലാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന ഗുരുതരാവസ്ഥ തലച്ചോറിനെയും വൃക്കകളെയും ബാധിക്കുന്നു.

മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യത്തിന്റെ നേരിട്ടുള്ള പ്രവർത്തനം പാൻക്രിയാസിന് നാശം ഉണ്ടാക്കുന്നു. ഇതിനോടൊപ്പമുള്ള പോഷകാഹാരക്കുറവ്, പുകവലി, കൊഴുപ്പ് വർദ്ധനവ് എന്നിവ വീണ്ടും ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു.

രോഗലക്ഷണങ്ങൾ

വയറുവേദന തന്നെയാണ് പ്രധാന ലക്ഷണം. അതിതീവ്രമായ തുടർച്ചയായ വേദന. ഒരുതരത്തിലും ആശ്വാസം ലഭിക്കാത്ത സ്ഥിതി. 50% രോഗികളിൽ ഈ വേദന മുതുകത്തേക്ക് പടരുന്നതായി കാണുന്നുണ്ട്. നെഞ്ചിന്റെ ഭാഗത്തേക്കുള്ള വ്യാപനവും കാണാറുണ്ട്. ഇതുമൂലം ഹൃദയാഘാതം ആണോ, ന്യുമോണിയ ആണോ എന്നും സംശയിക്കാം. വയറിനുള്ളിലെ മറ്റ് അവയവങ്ങൾക്കുള്ള ക്ഷതങ്ങളും നീർക്കെട്ടും ഇതുപോലെതന്നെ പ്രകടിപ്പിക്ക പ്പെടാം. മനംമറിച്ചിലും ഛർദ്ദിയും ഇതിന്റെകൂടെ ഉണ്ടാകാം.

ചികിത്സ

ചികിത്സിക്കുന്ന ഡോക്ടറുടെ നിശിതമായ സംശയമാണ് രോഗനിർണയത്തെ എളുപ്പമാക്കുക. മദ്യപാനം, പിത്തസഞ്ചിയിലെ കല്ലുകളുടെ സാന്നിധ്യം എന്നിവ രോഗനിർണയം എളുപ്പമാക്കുന്നു. രോഗിക്ക് ലക്ഷണങ്ങളനുസരിച്ചുള്ള ചികിത്സ ഉടനെ ആരംഭിക്കുകയും ഒപ്പം തന്നെ രക്തപരിശോധന, വിവിധ സ്‌കാനിങ്ങുകൾ എന്നിവ ചെയ്യുകയും വേണം. ഇതിലൂടെ രോഗനിർണയം സാധ്യമാണ്.

രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് (അത് കണക്കാക്കാനുള്ള പ്രത്യേക പട്ടികകളും ചാർട്ടുകളും ഡോക്ടർമാർ ഉപയോഗിക്കുന്നുണ്ട്) രോഗികളെ പല ഗ്രൂപ്പുകളായി തിരിച്ചാണ് ചികിത്സിക്കുന്നത്. മൂന്നോ നാലോ ദിവസംകൊണ്ട് സുഖപ്പെടുന്ന ധാരാളം രോഗികളുണ്ട്. എന്നാൽ വളരെ ഗുരുതരാവസ്ഥയിലേക്ക് പോയി ഗൗരവതരമായ ചികിത്സാ രീതികൾ (ICU treatment, Ventilator support etc) വേണ്ടിവരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

സാധാരണഗതിയിൽ ശസ്ത്രക്രിയ ഒഴിവാക്കുകയാണ് പതിവ്. കാരണം മയക്കം കൊടുക്കുമ്പോഴും, ഓപ്പറേഷൻ ചെയ്യുമ്പോഴും ചെയ്തതിനുശേഷവും ഇവർക്കുണ്ടാകാവുന്ന കുഴപ്പങ്ങൾ വളരെ ഗുരുതരമാണ്. എങ്കിലും നിർണ്ണായക സന്ദർഭങ്ങളിൽ നശിച്ചുപോയ പാൻക്രിയാസ് എടുത്തുമാറ്റുന്നതിനും വയറിലെ പഴുപ്പ് മാറ്റുന്നതിനുമായി ജീവൻരക്ഷാകരമായ ശസ്ത്രക്രിയകൾ നടത്താറുണ്ട്.

പാൻക്രിയാസിൽ നിന്നും ചെറുകുടലിലേക്ക് സ്രവങ്ങൾ എത്തിക്കുന്ന കുഴലുകളിൽ തടസ്സം ഉണ്ടായിട്ടുള്ള അവസരങ്ങളിൽ ERCP എന്ന സങ്കേതം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി ചികിത്സിക്കാറുണ്ട്.

ഗുരുതരമായ നീർക്കെട്ട് നിയന്ത്രിച്ചതിനുശേഷം ആരോഗ്യവാനായ രോഗിക്ക് പിന്നീട് പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടെങ്കിൽ പിത്താശയം നീക്കംചെയ്യുന്ന ഓപ്പറേഷൻ ചെയ്യാറുണ്ട്.

മദ്യപാനം ഒഴിവാക്കുന്നതും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പാൻക്രീയാറ്റൈറ്റിസിനെ തടയും. രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുന്നതും വളരെ പ്രധാനമാണ്.

READ: അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments