നിരവധി തെറ്റിദ്ധാരണകളും അരക്ഷിതാവസ്ഥകളും നിറഞ്ഞ ഒരു രോഗാവസ്ഥയാണ് അപസ്മാരം. അപസ്മാര രോഗനിർണ്ണയത്തിലും ചികിത്സയിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായ പുരോഗതികൾ ഈ ചിത്രം മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
ഏകദേശം നൂറിൽ ഒരാൾക്ക് അപസ്മാരം ഉണ്ടാകാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ പോലെയുള്ള ജനസാന്ദ്രതയേറിയ രാജ്യങ്ങളുടെ സാമൂഹിക വ്യവസ്ഥിതികളിൽ ഈ രോഗാവസ്ഥ ചെലുത്തുന്ന സ്വാധീനം ഊഹിക്കാവുന്നതേയുള്ളു.
രാജ്യത്തുടനീളം ലഭ്യമായ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള അറിവിൽ നിലനിൽക്കുന്ന ന്യൂനതകൾ ഈ വെല്ലുവിളി കൂടുതൽ സങ്കീർണമാക്കുന്നു.
അപസ്മാരത്തിനെതിരായ ഏറ്റവും വലിയ ആയുധം രോഗത്തെയും ചികിത്സാമാർഗങ്ങളെയും കുറിച്ചുള്ള ശരിയായ അറിവും അവബോധവുമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലുടനീളം നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും തെറ്റായ വിവരങ്ങളും ആളുകളുടെ ചിന്തകളെ തമസ്‌കരിക്കുകയും ശരിയായ ചികിത്സ സ്വീകരിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇന്നും ഈ വെല്ലുവിളി ഭാഗികമായി നിലനിൽക്കുന്നു.
ഇന്ന് ഉയർന്നുവരുന്ന മറ്റൊരു പ്രധാന പ്രശ്നം, വ്യത്യസ്ത ചികിത്സാ മാർഗങ്ങളെക്കുറിച്ചും അവ എങ്ങനെ ലഭ്യമാക്കാമെന്നതിനെക്കുറിച്ചുമുള്ള അവബോധത്തിലുള്ള പ്രശ്‌നങ്ങളാണ്. അപസ്മാരം ബാധിച്ച ഓരോ രോഗിക്കും കുടുംബത്തിനും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നൂതനവും വ്യക്തവുമായ ഉൾക്കാഴ്ചകൾ ആവശ്യമാണ്- അവരുടെ ജീവിതത്തെയും, ഈ ലോകത്തിൽ അവർക്ക് ചെലുത്താനാവുന്ന സ്വാധീനത്തെയും നിർവചിക്കുന്ന തീരുമാനങ്ങൾ.
അപസ്മാരം എന്താണ്?
അതിന്റെ വ്യത്യസ്ത മുഖങ്ങൾ
നമ്മുടെ മസ്തിഷ്കം വൈദ്യുതസിഗ്നലുകളിലൂടെ ആശയവിനിമയം നടത്തുന്ന ന്യൂറോണുകളുടെ സങ്കീർണ്ണ ശൃംഖലയാണ്. ഈ ആശയവിനിമയ സംവിധാനത്തിൽ തകരാർ സംഭവിക്കുമ്പോൾ, വൈദ്യുത സിഗ്നലുകളുടെ അസാധാരണമായ ഒരു കുതിച്ചുചാട്ടം തലച്ചോറിന്റെ ചില ഭാഗങ്ങളെ നിയന്ത്രണമില്ലാതെ ഉത്തേജിപ്പിക്കാൻ തുടങ്ങുന്നു. ഇവ അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാകുന്നു.
പല മുഖങ്ങളും പല ഭാവങ്ങളും ഉള്ള രോഗമാണ് അപസ്മാരം. എല്ലാ അപസ്മാരവും അക്രമാസക്തമായ രീതിയിൽ കൈകാലുകളുടെ ചലനങ്ങൾ ഉണ്ടാക്കുകയില്ല. ചിലപ്പോൾ രോഗി നിമിഷനേരത്തേക്ക് ശൂന്യമായി നോക്കിനിൽക്കുന്ന അവസ്ഥയായിരിക്കാം (Absence seizures). മറ്റു ചിലരിൽ ലളിതമായ കൈചലനങ്ങൾ, മുഖഭാവ വ്യത്യാസങ്ങൾ, ശരീരത്തിലെ ഞെട്ടലുകൾ, പെട്ടെന്നുള്ള വീഴ്ചകൾ എന്നിവയായി ഇത് പ്രത്യക്ഷപ്പെടാം.

ചില രോഗികൾക്ക് അസാധാരണമായ കാഴ്ചകൾ, മണങ്ങൾ, വികാരങ്ങൾ, ചിന്തകൾ തുടങ്ങിയ വിചിത്ര അനുഭവങ്ങളും ഉണ്ടാകാം. പെട്ടെന്നുള്ള ചിരി, ശബ്ദമുണ്ടാക്കൽ, തുപ്പൽ, അസഭ്യം പറയൽ എന്നിവ പോലും അപസ്മാരത്തിന്റെ പ്രകടനങ്ങളാകാം. കണ്ണുകൾ ഒരു വശത്തേക്ക് തിരിയുക, തല അല്ലെങ്കിൽ കൈകാലുകളിൽ മുറുക്കം അനുഭവപ്പെടുക, ആവർ ത്തിച്ച് കണ്ണ് ചിമ്മുക, വയറ്റിലോ നെഞ്ചിലോ അനുഭവപ്പെടുന്ന അസാധാരണമായ സംവേദനങ്ങൾ- പട്ടിക ഇനിയും നീളുന്നു.
ഉറക്കത്തിൽ മാത്രം സംഭവിക്കുന്ന അപസ്മാരവും ഒരു പ്രധാന വെല്ലുവിളിയാണ്, കാരണം അവ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ചിലരിൽ ഭക്ഷണം കഴിക്കുമ്പോഴോ കുളിക്കുമ്പോഴോ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അപസ്മാരം ഉണ്ടാകുന്നത്.
രോഗനിർണ്ണയം:
ചരിത്രവും പരിശോധനകളും
അപസ്മാര രോഗനിർണ്ണയത്തിന്റെ രണ്ട് പ്രധാന തൂണുകളാണ് രോഗിയുടെ വിശദമായ ചരിത്രവും ഇ.ഇ.ജി (EEG) എന്ന പരിശോധനയും. അപസ്മാരത്തിന്റെ വകഭേദം മനസ്സിലാക്കാൻ രോഗസമയത്തുണ്ടാകുന്ന ലക്ഷണങ്ങൾ ക്രമത്തിൽ മനസ്സിലാക്കുക അനിവാര്യമാണ്.
EEG (Electroencephalogram) എന്നത് ശിരസ്സിൽ സ്ഥാപിക്കുന്ന ചെറിയ ഇലക്ട്രോഡുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിലെ വൈദ്യുത സിഗ്നലുകൾ രേഖപ്പെടുത്തുന്ന പരിശോധനയാണ്. ഈ സിഗ്നലുകൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ അപസ്മാരത്തിന്റെ സ്വഭാവവും അതിന്റെ സാധ്യതയുള്ള ഉത്ഭവസ്ഥാനവും മനസ്സിലാക്കാൻ കഴിയും.
അപസ്മാരത്തിന് കാരണമാകുന്ന ഘടനാപരമായ മാറ്റങ്ങൾ കണ്ടെത്തുന്നതിനായി തലച്ചോറിന്റെ MRI സ്കാനും നടത്തുന്നു.
അപസ്മാരത്തിന്റെ
കാരണങ്ങൾ
പലപ്പോഴും വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെയും അപസ്മാരം ഉണ്ടാകാം. എല്ലാ രോഗികളുടെയും വംശാവലിയിൽ അപസ്മാരം കാണണമെന്നില്ല. അപസ്മാരം അടുത്ത തലമുറയിലേക്ക് പകരുന്നത് സാധാരണമല്ല.
ജനനസമയത്തെ മസ്തിഷ്ക തകരാറുകൾ, തലച്ചോറിലെ സൂക്ഷ്മമായ വൈകല്യങ്ങൾ, തലച്ചോറിന് മുൻപ് ഉണ്ടായ ക്ഷതങ്ങൾ, ചെറിയ ട്യൂമറുകൾ, മുൻകാല സ്ട്രോക്ക് തുടങ്ങിയവ അപസ്മാരത്തിന് കാരണമാകാം. ചില സന്ദർഭങ്ങളിൽ മസ്തിഷ്കത്തെ ബാധിക്കുന്ന അണുബാധകൾ പോലുള്ള അടിസ്ഥാനകാരണം കണ്ടെത്തുന്നത് അത്യന്താപേക്ഷിതമാണ്.
ഓട്ടോ ഇമ്മ്യൂൺ എപിലെപ്സി എന്ന പ്രത്യേക തരത്തിലുള്ള അപസ്മാരം ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ മസ്തിഷ്ക കോശങ്ങളെ ആക്രമിക്കുന്നതിന്റെ ഫലമായി ഉണ്ടാകാം. ഇത്തരത്തിലുള്ള രോഗികളിൽ അപസ്മാരം നിയന്ത്രിക്കാൻ അടിസ്ഥാന രോഗത്തെ ചികിത്സിക്കേണ്ടത് നിർണായകമാണ്.

അപസ്മാര ചികിത്സയിലെ മാറ്റങ്ങൾ
അപസ്മാര പരിചരണത്തിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായ ഏറ്റവും വലിയ മാറ്റം രോഗത്തോടുള്ള സമീപനത്തിലാണ്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിൽനിന്ന് സമഗ്രമായ രോഗീപരിചരണത്തിലേക്കാണ് ശ്രദ്ധ മാറിയിരിക്കുന്നത്. ഇന്ന് രോഗിയെ ഒരു രോഗിയായി മാത്രം കാണാതെ, ആവശ്യങ്ങളും സ്വപ്നങ്ങളും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും ഉള്ള വ്യക്തിയായി കാണാൻ ശ്രമിക്കുന്നു.
ഓരോ രോഗിയുടെയും പ്രത്യേകതകൾ പരിഗണിച്ച് വ്യക്തിഗത ചികിത്സാപദ്ധതി (Customized care plan) രൂപപ്പെടുത്തുന്നതും ഒരു പ്രധാന മാറ്റമാണ്. മൂന്നാമതായി, അപസ്മാരത്തിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യം എല്ലാ ചികിത്സാതന്ത്രങ്ങളുടെയും ഗവേഷണങ്ങളുടെയും കേന്ദ്രലക്ഷ്യമായി മാറിയിരിക്കുന്നു. ഈ അടിസ്ഥാനതത്വങ്ങൾ നമ്മുടെ ചികിത്സാ രീതികളിൽ ഉൾക്കൊള്ളിക്കാൻ കഴിയുമ്പോൾ, രോഗികളുടെ ജീവിതം തന്നെ മാറ്റാൻ നമുക്ക് കഴിയും.

മരുന്നുകൾ, ജീവിതശൈലി, പിന്തുണ
അപസ്മാരം, രോഗികളുടെ ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യം കവർന്നെടുക്കുന്ന ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെയാണ്. എന്നാൽ ഓരോ ഘട്ടത്തിലും ശരിയായ വഴികൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ, അവർക്ക് സംതൃപ്തവും സമ്പൂർണ്ണവുമായ ജീവിതം നയിക്കാനാകും.
ഡോക്ടർമാർ രോഗികൾക്ക് മികച്ച അവസരങ്ങൾ നൽകേണ്ടതുണ്ട്. അത് ശ്രദ്ധാപൂർവമായി രോഗിയെ കേൾക്കുന്നതിലൂടെയും ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിലൂടെയും ആണ് ആരംഭിക്കുന്നത്. മരുന്നുകൾക്കപ്പുറം രോഗികൾക്ക് മാർഗനിർദേശവും പിന്തുണയും ആവശ്യമാണ്. കരിയർ, വിവാഹം പോലുള്ള വ്യക്തിപരമായ തീരുമാനങ്ങൾക്കുപോലും അവർ ഡോക്ടറെയാണ് ആശ്രയിക്കുന്നത്. ഈ വിശ്വാസവും ഉത്തരവാദിത്തവും തന്നെയാണ് നമ്മുടെ ജോലിയെ കൂടുതൽ അർത്ഥവത്താക്കുന്നത്.
ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകൾ 50 ശതമാനത്തിലധികം രോഗികളിൽ അപസ്മാരം നിയന്ത്രിക്കുന്നതിൽ വിജയകരമാണ്. എന്നാൽ മരുന്നുകൾ കൃത്യമായ അളവിലും സമയത്തും സ്ഥിരമായി കഴിക്കണം. നല്ല ഭക്ഷണക്രമം പാലിക്കുകയും ഏകദേശം ഏഴ് മണിക്കൂർ ഉറക്കം ഉറപ്പാക്കുകയും വേണം. മദ്യം, ഗാഡ്‌ജറ്റ് ആസക്തി പോലുള്ള തലച്ചോറിന്റെ അമിത ഉത്തേജനങ്ങൾ മരുന്നുകളുടെ ഗുണഫലം കുറയ്ക്കാം.
അതേസമയം അപസ്മാരമുള്ളവർക്കു അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ശരിയല്ല. അത് അവരുടെ ആത്മവിശ്വാസത്തെയും ചികിത്സയോട് ചേർന്നുനിൽക്കാനുള്ള മനോഭാവത്തെയും ബാധിക്കും. ഇടയ്ക്കിടെ അസ്വസ്ഥതകൾ അനുഭവിക്കുന്ന സാധാരണ മനുഷ്യരെന്ന നില യിലാണ് അവരെ കാണേണ്ടത്; രോഗികളായി മുദ്രകുത്തരുത്.
വ്യായാമവും മാനസിക സമ്മർദ്ദം കുറയ്ക്കലും അത്യന്താപേക്ഷിതമാണ്. നന്നായി നിയന്ത്രിതമായ അപസ്മാരമുള്ളവർക്ക് സ്പോർട്സിൽ പങ്കെടുക്കാനും ഇഷ്ടമുള്ള കോഴ്സുകളും തൊഴിലും പിന്തുടരാനും കഴിയും. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും സാധിക്കും- എന്നാൽ മെഡിക്കൽ മാർഗനിർദേശത്തോടുകൂടി എന്ന് മാത്രം.

അവരുടെ ജീവിതം നിയന്ത്രിക്കേണ്ടത് രോഗമല്ല; മറിച്ച് വെല്ലുവിളികളെ അതിജീവിക്കുന്ന ധീരമായ മനോഭാവമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഇവർക്കു വലിയ കരുത്താകുന്നു. തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും ഇവരെ കഴിവുകളും സ്വപ്നങ്ങളും ഉള്ള സാധാരണ വ്യക്തികളായി കാണണം.
അപസ്മാരം വന്നാൽ നൽകേണ്ട
പ്രഥമരക്ഷാമാർഗങ്ങൾ
ഒരു വ്യക്തിക്ക് അപസ്മാരം വന്നാൽ, അയാളെ എത്രയും വേഗം സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം രോഗിയെ ഒരു വശത്തേക്ക് ചരിച്ചുകിടത്തുക. ഇത് വായിൽ നിന്നുള്ള സ്രവങ്ങൾ പുറത്തേക്ക് പോകുവാൻ സഹായിക്കുകയും, പകരം ശ്വാസകോശത്തിലേക്ക് പോയാൽ ഉണ്ടായേക്കാവുന്ന അണുബാധ തടയാനും സാധിക്കും. ഒരിക്കലും രോഗിയുടെ കയ്യിലോ വായിലോ ലോഹങ്ങളോ മറ്റു വസ്തുക്കളോ പിടിപ്പിക്കാൻ ശ്രമിക്കരുത്. അപസ്മാരം വന്നതിനു ശേഷം മയങ്ങിക്കിടക്കുന്ന ഒരു രോഗിക്ക് വെള്ളമോ ആഹാരമോ വായിലൂടെ കൊടുക്കാൻ ശ്രമിക്കരുത്. എത്രയും വേഗം രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
മരുന്നുകൾ ഫലിക്കാത്തപ്പോൾ:
അപസ്മാര ശസ്ത്രക്രിയ
സ്ഥിരമായ അപസ്മാരമുക്തി ലഭിക്കാതെ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പൂർണ്ണമായി തിരികെ ലഭിക്കാറില്ല. മരുന്നുകൾ ഫലിക്കാതെയാകുമ്പോൾ ആശങ്കയും നിരാശയും വർധിക്കുന്നു. ഈ ഘട്ടത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറുന്നത് അപസ്മാര ശസ്ത്രക്രിയയാണ്.
1952-ലാണ് ഇന്ത്യയിൽ ആദ്യമായി അപസ്മാര ശസ്ത്രക്രിയ നടത്തിയത്. എന്നാൽ 75 വർഷങ്ങൾക്കുശേഷവും ഈ ചികിത്സയെക്കുറിച്ചുള്ള അവബോധവും ലഭ്യതയും സ്വീകാര്യതയും ഇപ്പോഴും പര്യാപ്തമല്ല. ഇത് മാറേണ്ടതുണ്ട്. കാരണം ശസ്ത്രക്രിയയിലൂടെ നിയന്ത്രിക്കാനോ പൂർണ്ണമായി മാറ്റാനോ കഴിയുന്ന ഒരു രോഗത്തിന്റെ മുന്നിൽ നിരവധി രോഗികൾ അവരുടെ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുത്തുകയാണ്.
അപസ്മാര ശസ്ത്രക്രിയ ഒരു ശസ്ത്രക്രിയ മാത്രം അല്ല; അത് ശക്തവും ഏകോപിതവുമായ സമഗ്ര എപിലെപ്സി പ്രോഗ്രാമിന്റെ ഭാഗമാണ്. അപസ്മാരരോഗവിദഗ്ധർ, ന്യൂറോസർജൻമാർ, ന്യൂറോളജിസ്റ്റുകൾ, ഇലക്ട്രോഫിസിയോളജിസ്റ്റുകൾ, പീഡിയാട്രിക് ന്യൂറോളജിസ്റ്റുകൾ, ന്യൂറോ സൈക്കോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, സാമൂ ഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പ്രവർത്തനമാണ് ഇതിന്റെ ശക്തി.

വീഡിയോ EEG-യും
ആധുനിക സാങ്കേതികവിദ്യകളും
സങ്കീർണ്ണമായ അപസ്മാര രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണങ്ങളിൽ ഒന്നാണ് വീഡിയോ EEG. രോഗിയുടെ അപസ്മാര ലക്ഷണങ്ങളുടെ വീഡിയോ റെക്കോർഡിംഗിനൊപ്പം മണിക്കൂറുകളോ ദിവസങ്ങളോ നീളുന്ന EEG നിരീക്ഷണം നടത്തിയാണ് അപസ്മാരത്തിന്റെ ഉത്ഭവകേന്ദ്രത്തെക്കുറിച്ചുള്ള നിഗമനത്തിലെത്തുന്നത്.
ഈ വിവരങ്ങൾ പിന്നീട് MRI, PET സ്കാൻ പോലുള്ള ഘടനാപരവും പ്രവർത്തനപരവുമായ പരിശോധനകളിലൂടെ കൂടുതൽ സ്ഥിരീകരിക്കുന്നു. തുടർന്ന് EEG യുടെയും മറ്റ് സാങ്കേതിക മാർഗ നിർദേശങ്ങളുടെയും സഹായത്തോടെ കൃത്യമായ ഭാഗം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു.
ഭൂരിഭാഗം രോഗികളിലും, തലച്ചോറിന്റെ പ്രധാന പ്രവർത്തനങ്ങളെ ബാധിക്കാതെ തന്നെ അപസ്മാരത്തിന്റെ കേന്ദ്രം നീക്കം ചെയ്യാൻ സാധിക്കുന്നു. അതിന്റെ ഫലമായി രോഗിക്ക് പുതിയ ജീവിതവും നഷ്ടപ്പെട്ട സ്വപ്നങ്ങളും വീണ്ടെടുക്കാൻ സാധിക്കുന്നു, ഭാവിയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ലഭിക്കുന്നു.
ന്യൂറോസ്റ്റിമുലേഷനും
കീറ്റോജെനിക് ഡയറ്റും
ശസ്ത്രക്രിയയ്ക്ക് അനുയോജ്യമല്ലാത്ത രോഗികളിൽ ന്യൂറോസ്റ്റിമുലേഷൻ ചികിത്സ പ്രതീക്ഷ നൽകുന്നു. കഴുത്തിലോ തലച്ചോറിനുള്ളിലോ ഇലക്ട്രോഡുകൾ സ്ഥാപിച്ച് ന്യൂറോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന രീതികളാണ് Vagus Nerve Stimulation (VNS), Deep Brain Stimulation (DBS) എന്നിവ.

ചില രോഗികളിൽ കീറ്റോജെനിക് ഡയറ്റും അപസ്മാരം കുറയ്ക്കുന്നതിൽ സഹായകരമാണ്.
ഭാവിയിലേക്കുള്ള വഴികൾ:
നിർമ്മിത ബുദ്ധിയും ജനിതകശാസ്ത്രവും
ചികിത്സയിലെ പുരോഗതിക്കൊപ്പം ആധുനിക ഗവേഷണങ്ങളും അപസ്മാര പരിചരണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നു. അപസ്മാരം സംഭവിക്കുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന റിസ്റ്റ് വാച്ച് പോലുള്ള ഉപകരണങ്ങൾ വികസിച്ചുവരുന്നു. ഇന്ത്യയിൽ ഇവ ഇപ്പോഴും വ്യാപകമല്ലെങ്കിലും സമീപഭാവിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അപസ്മാര പരിചരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി അപസ്മാരകേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താനും മരുന്നുകളോടുള്ള പ്രതികരണം പ്രവചിക്കാനും ഭാവിയിൽ കൂടുതൽ സാധ്യമാകും.
ജനിതകശാസ്ത്രത്തിലെ പുരോഗതികൾ അപസ്മാരത്തിന്റെ മറഞ്ഞിരിക്കുന്ന നിരവധി വശങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചികിത്സാഫലങ്ങളെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യും.

ഒരു പുതിയ ഭാവിയിലേക്ക്
ഈ പുരോഗതികളെല്ലാമുണ്ടെങ്കിലും, അപസ്മാര പരിചരണം നമ്മുടെ ശക്തമായ പ്രതിബദ്ധതയായി മാറാതെ നല്ലൊരു ഭാവിയിലേക്ക് കടക്കാൻ നമുക്ക് സാധിക്കില്ല. ഒരു രാഷ്ട്രമെന്ന നിലയിലും സ്ഥാപനങ്ങളെന്ന നിലയിലും വ്യക്തികളെന്ന നിലയിലും നമ്മൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.
റഫറൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സുസ്ഥിര ചികിത്സാമാതൃകകൾ നിർമ്മിക്കുകയും ഗവേഷണരംഗത്ത് പുതിയ ചുവടുവെയ്പ്പുകൾ നടത്തുകയും വേണം. കൂട്ടായ പരിശ്രമത്തിലൂടെയാണ് അപസ്മാര പരിചരണത്തിന്റെ ഭാവി കൂടുതൽ പ്രതീക്ഷാഭരിതമാകുന്നത്.
READ: മസ്‌തിഷ്ക ആഘാതം
ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?
പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല
ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ
കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

