വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

വൻകുടൽ കാൻസർ പൈൽസ് പോലുള്ള ചെറിയ ലക്ഷണങ്ങളിലൂടെ തുടങ്ങാം. മലത്തിൽ രക്തസ്രാവം ഉണ്ടെങ്കിൽ അത് പൈൽസ് ആണെന്നു കരുതി അവഗണിക്കാതെ, ഉടൻ പരിശോധന നടത്തണം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജു സേവ്യർ എഴുതിയ ലേഖനം.

ലവിസർജ്ജനസമയത്ത് രക്തസ്രാവമുണ്ടെന്ന പരാതിയുമായാണ് അയാൾ എന്റെ അടുത്തുവന്നത്. കുറച്ചുദിവസങ്ങളായി രക്തസ്രാവം ഉണ്ടായിരുന്നെങ്കിലും, അത് പൈൽസ് (അർശസ്) ആണെന്ന് ഹംസ ഉറപ്പിച്ചു. കുടുംബത്തിൽ പലർക്കും പൈൽസിന്റെ അസുഖമുണ്ടായിരുന്നു എന്നതുകൊണ്ടാണ് അയാൾക്ക് അങ്ങനെ തോന്നാൻ കാരണം. മലവിസർജ്ജനം പൂർണ്ണമായി തീരാതെ, വീണ്ടും വീണ്ടും പോകേണ്ടിവരുന്നത് പൈൽസിന്റെ ലക്ഷണമാണെന്ന് വിചാരിച്ചെങ്കിലും, അദ്ദേഹം ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണാൻ തീരുമാനിച്ചു. മലാശയ രക്തസ്രാവത്തിന് ഏറ്റവും സാധാരണ കാരണം പൈൽസ് തന്നെയാണെങ്കിലും ഇത് മറ്റു പല ഗൗരവമുള്ള രോഗങ്ങളുടെയും ലക്ഷണമാവാം, പ്രത്യേകിച്ച് 45 വയസ്സിനു മുകളിൽ.

ഹംസയ്ക്ക് പ്രോക്‌ടോസ്‌കോപ്പി നടത്തിയപ്പോൾ (ആന്തരിക പരിശോധന) പൈൽസ് ഇല്ലെന്ന് വ്യക്തമായി. മലാശയത്തിന്റെ ഉൾഭാഗത്ത് വ്യത്യസ്തമായ ഒരു ദശവളർച്ച ഉള്ളതായി കണ്ടു. ബയോപ്‌സി എടുത്തപ്പോൾ കൊളോ റെക്ടൽ കാൻസർ (വൻകുടൽ കാൻസർ) ആണെന്ന് സ്ഥിരീകരിച്ചു.

ഹംസയുടേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. പൈൽസ് എന്ന് ധരിച്ച് കാൻസർ രോഗനിർണ്ണയം വൈകുന്ന അനേകം പേരുണ്ട്.

വൻകുടൽ കാൻസർ,
ഒരു അവലോകനം

ഇന്ത്യയിൽ പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാൻസറുകളിൽ നാലാമതും, സ്ത്രീകളിൽ മൂന്നാമതുമാണ് വൻകുടൽ കാൻസർ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇതിന്റെ നിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മലാശയ കാൻസർ വരാനുള്ള ആയുഷ്‌ക്കാല സാധ്യത പുരുഷന്മാരിൽ 100- ൽ ഒരാൾക്കും, സ്ത്രീകളിൽ 200- ൽ ഒരാൾക്കുമാണെന്ന് കാൻസർ രജിസ്റ്ററി കണക്കുകൾ.

കാരണമാകുന്ന ഘടകങ്ങൾ

കൊളോ റെക്ടൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ പലതും തമ്മിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവയാണ്. കുടുംബരോഗചരിത്രം പ്രധാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലിഞ്ച് സിൻഡ്രോം, ഫമിലിയൽ അഡിനോമാറ്റസ് പോളിപ്പോസിസ് പോലുള്ള ജനിതകരോഗങ്ങൾ ഉണ്ടെങ്കിൽ രോഗസാധ്യത വളരെ കൂടുതലാണ്. ഈ ജനിതക രോഗങ്ങൾ കേവലം രണ്ടുശതമാനം കുടൽ കാൻസറിന് മാത്രമേ കാരണമാകുന്നുള്ളു. രോഗികളുടെ ഏകദേശം മൂന്നിൽ ഒരാളുടെ കുടുംബചരിത്രത്തിൽ കുടൽ കാൻസറോ പോളിപ്പുകളോ കാണപ്പെടുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ജീവിതരീതിയിലെ തെറ്റായ ശീലങ്ങൾ കൊളോ റെക്ടൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. നിരന്തരം പുകവലിക്കുന്നത്, അമിതമായി മദ്യപിക്കുന്നത്, ചുവന്ന മാംസം, പൊരിച്ചതും ഗ്രിൽ ചെയ്തതുമായ ഭക്ഷണപദാർത്ഥങ്ങളുടെ അമിത ഉപയോഗവും പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഉപയോഗക്കുറവും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. കുടലിന് വൃണങ്ങൾ ഉണ്ടാകുന്ന രോഗങ്ങൾ പ്രത്യേകിച്ചും അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് ഡിസീസ് എന്നീ രോഗങ്ങൾ ഉള്ളവർക്ക് കാൻസർ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. പ്രമേഹം, അമിത വണ്ണം എന്നീ രോഗങ്ങളും വൻകുടൽ കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

രോഗനിർണ്ണയം

പലപ്പോഴും കാൻസർ തുടങ്ങുന്നതിനു മുൻപ് പ്രീ-കാൻസറസ് (അർബ്ബുദ പൂർവ) അവസ്ഥകൾ ഉണ്ടാകും. അത് നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് കാൻസറിലേക്കുള്ള പരിണാമം പൂർണ്ണമായും തടയാൻ സാധിക്കും. പക്ഷേ, അറിവില്ലായ്മയും പരിശോധനയ്ക്കുള്ള വിമുഖതയും കൊണ്ട് രോഗികൾ പലപ്പോഴും ഏറെ വൈകിയാണ് ഡോക്ടറെ സമീപിക്കുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

കൊളോ റെക്ടൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് സാധാരണമാണ്. എന്നാൽ അവയെ അവഗണിക്കരുത്. മലത്തിലൂടെ രക്തസ്രാവം സംഭവിക്കുന്നത് പ്രധാന മുന്നറിയിപ്പുകളിലൊന്നാണ്. മലവിസർജ്ജന ശീലത്തിൽ മാറ്റങ്ങൾ സംഭവിക്കാം - സാധാരണപോലെ പോകാതെ തടസ്സം അനുഭവപ്പെടുക, പലതവണ പോകേണ്ടിവരിക, മലം തീർന്നില്ലെന്ന തോന്നൽ ഉണ്ടാകുക തുടങ്ങിയവ. കൂടാതെ വയറുവേദന, വയർവീക്കം, കുടലിനുള്ളിലെ അസ്വസ്ഥത എന്നിവയും പ്രകടമാകും. ഭാരം കുറഞ്ഞുപോകൽ, സ്ഥിരമായ ക്ഷീണം, വിളർച്ച തുടങ്ങിയവയും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നു. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും, മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്യുന്നത് രോഗം പ്രാഥമിക ഘട്ടത്തിൽതന്നെ കണ്ടെത്താൻ സഹായകരമാണ്. ലോകമെമ്പാടും സാമൂഹിക തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന, വൻകുടൽ കാൻസർ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ കണ്ടെത്താൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ് ഫീക്കൽ ഒക്കൾട്ട് ബ്ലഡ് ടെസ്റ്റ് (FOBT). മലത്തിൽ സൂക്ഷ്മമായ രക്തസാന്നിധ്യം കണ്ടെത്താൻ കഴിയുന്ന ഈ പരിശോധന, വൻകുടൽ കാൻസറിന്റെ മുൻകാല സൂചനകൾ തിരിച്ചറിയാൻ സഹായിക്കുന്നു. പരിശോധനയ്ക്ക് മുമ്പായി കുറഞ്ഞത് മൂന്നു ദിവസത്തേക്ക് വേദനസംഹാരികളും കോളിഫ്‌ളവർ, കാബേജ്, ഇലക്കറികൾ, ചുവന്ന മാംസം, റാഡിഷ് മുതലായ ഭക്ഷണങ്ങളും ഒഴിവാക്കണം. ഇല്ലെങ്കിൽ തെറ്റായ ഫലം ലഭിക്കാൻ സാധ്യതയുണ്ട്. FOBT ഫലം പോസിറ്റീവ് ആണെങ്കിൽ കൊളനോസ്‌കോപ്പി നിർബന്ധമായും നടത്തണം. മലപരിശോധനയ്ക്കു വിമുഖത കാണിക്കുന്നവർക്കായി, ഇപ്പോൾ സെൽഫ്രീ ഡി എൻ എ ടെസ്റ്റുകൾ പോലുള്ള നൂതന മാർഗങ്ങളും ലഭ്യമാണ്. രക്തത്തിൽ കാൻസർ കോശങ്ങളിൽനിന്ന് പുറപ്പെടുന്ന ഡിഎൻഎ കണ്ടെത്തുന്നതിലൂടെ വൻകുടൽ കാൻസറിന്റെ സൂചന ലഭിക്കുകയും, തുടർന്ന് കൊളനോസ്‌കോപ്പി ചെയ്ത് അന്തിമ രോഗനിർണ്ണയം നടത്തുകയും ചെയ്യാം. വൻകുടൽ കാൻസറുമായി ബന്ധപ്പെട്ട മറ്റൊരു കാൻസർ മാർക്കർ ആണ് CEA.(carcino embryonic antigen ) .പക്ഷെ, CEA രോഗനിർണ്ണയത്തിനോ, രോഗ പര്യവേക്ഷണത്തിനോ ഉപയോഗപ്രദമല്ല. രോഗനിർണ്ണയത്തിനുശേഷം രോഗത്തിന്റെ ഗൗരവം അറിയാനും തുടർചികിത്സയിൽ രോഗത്തിന്റെ പുരോഗതി അറിയാനുമാണ് CEA ഉപയോഗിക്കുക.

വൻകുടൽ കാൻസറിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉള്ളവർക്ക് രക്തപരിശോധനയിലും, മലപരിശോധനയിലും കാൻസറിന്റെ സൂചനയുള്ളവ ർക്ക് കാൻസർ സ്ഥിരീകരിക്കുവാനുള്ള പ്രധാന പരിശോധനയാണ് കൊളോണോസ്‌കോപ്പി. തൃപ്തികരമായ വൻകുടൽ പരിശോധനയ്ക്ക് കുടൽ മലവിമുക്തമാക്കി വൃത്തിയാക്കേണ്ട താണ്. വയറിളക്കത്തിനുള്ള മരുന്ന് രണ്ടു ലിറ്ററോളം വെള്ളത്തിൽ കലക്കി രണ്ടുമണിക്കൂറിൽ കുടിക്കണം. തുടർന്നുള്ള രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ വയറിളക്കി കുടൽ പരിശോധനയോഗ്യമാക്കും.

കൊളോണോസ്‌കോപ്പിയിലൂടെ വൻകുടലിലെ മുഴകളും വ്രണങ്ങളും നേരിട്ട് കാണുവാനും ബയോപ്‌സി പരിശോധന വഴി രോഗം സ്ഥിരീകരിക്കാനും കഴിയും. രോഗനിർണയത്തിനു ശേഷമുള്ള അടുത്ത നടപടി രോഗം എത്രമാത്രം വ്യാപിച്ചു എന്ന് കണ്ടുപിടിക്കുകയാണ്. അതിനുള്ള ഏറ്റവും ഉചിതമായ പരിശോധന സിടി സ്‌കാൻ ആണ്. പ്രത്യേക സാഹചര്യങ്ങളിൽ ശരീരം ഒട്ടാകെ വ്യാപിച്ചോ എന്ന് നോക്കേണ്ടിവരുമ്പോൾ PET CT ചെയ്യേണ്ടിവരും.

രോഗം എത്രമാത്രം വ്യാപിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഉചിതമായ ചികിത്സ തീരുമാനിക്കുന്നത്. കുടലിന്റെ ആന്തരിക പാളികളിൽ ഒതുങ്ങി നിൽക്കുന്ന കാൻസറുകളും എൻഡോസ്‌കോപ്പി വഴി നീക്കം ചെയ്യാം. പോളിപെക്ടമി എന്ന രീതി വഴി സാധാരണ പോളിപ്പുകൾ നീക്കം ചെയ്യാനുള്ള വൈദഗ്ദ്ധ്യം കേരളത്തിലെ എല്ലാ ഉദരരോഗ വിഭാഗങ്ങളിലും ലഭ്യമാണ്. കൂടുതൽ ആഴത്തിൽ വളർന്ന സങ്കീർണ്ണമായ പോളിപ്പുകൾ നീക്കം ചെയ്യാൻ ESD, EFTR എന്നീ സാങ്കേതികവിദ്യകളും കേരളത്തിലെ മികച്ച ആശുപത്രികളിൽ ഉണ്ട്. കുടലിന്റെ ആന്തരിക പാളികളിൽനിന്ന് പുറത്തേക്ക് വളർന്ന കാൻസറിന് ശസ്ത്രക്രിയയാണ് ഉത്തമം. പല വൻകുടൽ കാൻസറുകളും ഇന്ന് താക്കോൽദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യാം. രോഗിക്ക് വേദനയും ആശുപത്രിവാസവും കുറയും എന്നതാണ് ഇതിന്റെ മേന്മ. ശസ്ത്രക്രിയയ്ക്ക് ശേഷം ബയോപ്‌സി പരിശോധനയുടെ അടിസ്ഥാനത്തിൽ പലർക്കും റേഡിയോതെറാപ്പിയും കാൻസർ മരുന്ന് ചികിത്സയും (കീമോതെറാപ്പിയും) വേണ്ടി വന്നേക്കാം. കുടലിനു പുറത്തേക്ക് വ്യാപിച്ച കാൻസറിന് (മെറ്റാസ്റ്റാറ്റിക്) ഇന്ന് പല നൂതന ചികിത്സാ മാർഗ്ഗങ്ങളുണ്ട്. സാധാരണ കീമോതെറാപ്പി മരുന്നുകൾ ഇന്നും ഫലപ്രദമാണ്. മോളിക്യുലാർ ബയോളജിയിൽ ഉണ്ടായ പുരോഗതികൊണ്ട് ഇന്ന് കാൻസറിന്റെ വളർച്ച നിയന്ത്രിക്കുന്ന ജീനുകളെയും അവയ്ക്ക് വരുന്ന പരിവർത്തനങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. ഇവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന മോളിക്ലോണൽ ആന്റിബോഡികളും ഇന്ന് ലഭ്യമാണ്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതിയ പല കാൻസറുകളും ഇന്ന് ഇവ മൂലം ചികിത്സ വിധേയമായിട്ടുണ്ട്. പാർശ്വഫലങ്ങൾ വളരെ കുറവാണെന്നതാണ് ഇവയുടെ മറ്റൊരു മേന്മ. വലിയ വിലയേറിയതാണ് ഈ മരുന്നുകൾ എന്നതുകൊണ്ട് ഭൂരിഭാഗം ജനങ്ങൾക്കും ഇവ അപ്രാപ്യമാണ് എന്നു മാത്രം.

പ്രതിരോധ മാർഗ്ഗങ്ങൾ

വൻകുടൽ കാൻസർ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിർണായകമാണ്. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും, ചുവന്ന ഇറച്ചിയും ഫാസ്റ്റ് ഫുഡും പരമാവധി കുറയ്ക്കുകയും ചെയ്യണം. സ്ഥിരമായ വ്യായാമം ചെയ്യുകയും ശരിയായ ഭാരം നിലനിർത്തുകയും ചെയ്യുന്നത് രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, കാൻസർ പാരമ്പര്യം കുടുംബങ്ങളിൽ ഉള്ളവർ 40-ാം വയസ്സുമുതൽ സ്ഥിരമായ പരിശോധനകൾ നടത്തേണ്ടതാണ്. സാധാരണ ആളുകൾക്കും 50-ാം വയസ്സിനുശേഷം അഞ്ച് വർഷത്തിലൊരിക്കൽ കോളനോസ്‌കോപ്പി ചെയ്യുന്നത് ആരോഗ്യസംരക്ഷണത്തിന് ഉചിതമാണ്. വൻകുടൽ കാൻസർ പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായി സുഖപ്പെടുത്താൻ സാധിക്കും.

സാരാംശം

വൻകുടൽ കാൻസർ പൈൽസ് പോലുള്ള ചെറിയ ലക്ഷണങ്ങളിലൂടെ തുടങ്ങാം. മലത്തിൽ രക്തസ്രാവം ഉണ്ടെങ്കിൽ അത് പൈൽസ് ആണെന്നു കരുതി അവഗണിക്കാതെ, ഉടൻ പരിശോധന നടത്തണം. നേരത്തെ കണ്ടെത്തിയാൽ വൻകുടൽ കാൻസർ പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന രോഗമാണ്. നൂതന ചികിത്സാമാർഗങ്ങൾ ലഭ്യമായതിനാൽ, ശരീരമാകെ പടരുന്ന (മെറ്റാസ്റ്റാറ്റിക്) കാൻസർ ഉണ്ടായാലും രോഗികൾക്ക് ജീവിതത്തിൽ പുതിയ പ്രതീക്ഷ ലഭിക്കുന്നു.

READ: അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments