ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

കേരളത്തിലെ സ്ത്രീകൾക്ക് ഇപ്പോഴും വൈകുന്നേരങ്ങളിൽ ധൈര്യത്തോടെ തെരുവുകളിലേക്കിറങ്ങാൻ സാധ്യമല്ല. പൊതുവാഹനങ്ങളിലും തെരുവുകളിലും അതിക്രമങ്ങൾ കുറഞ്ഞിട്ടില്ല. ജോലിസ്ഥലത്തെ സൗകര്യക്കുറവും, മറ്റു പീഡനങ്ങളും തുടരുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ​ശ്രീദേവി സി. എഴുതിയ ലേഖനം.

രോഗ്യം എന്നത് കേവലം രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മറിച്ച് പൂർണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമമാണ്. അതുകൊണ്ടു തന്നെ ആരോഗ്യസംരക്ഷണത്തിലും, ചികിത്സയിലും സാമൂഹിക നിർണായഘടകങ്ങൾക്ക് വലിയ പങ്കുണ്ട്.

ആരോഗ്യത്തെപ്പറ്റി സംസാരിക്കുമ്പോൾ ജൈവശാസ്ത്രപരമായ പ്രത്യേകതകളിൽ മാത്രമാണ് പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷെ ജൈവപരമായ ലിംഗ വ്യത്യാസങ്ങൾക്കപ്പുറം സാമൂഹികവും സാംസ്കാരികവുമായി മനുഷ്യവിഭാഗങ്ങൾക്ക് കല്പിച്ചുതരുന്ന റോളുകളും മാതൃകകളും പ്രതീക്ഷകളും കടമകളും ഉൾകൊള്ളുന്ന ജെൻഡർ, രോഗാവസ്ഥകളെയും ആരോഗ്യസംരക്ഷണ ശീലങ്ങളെയും സമൂഹത്തിലെ ജീവിതത്തിന്റെ ഗുണനിലവാരത്തെയും അവസരങ്ങളെയും ആരോഗ്യ പ്രവർത്തകരുടെ കാഴ്ചപ്പാടിനെയും ആരോഗ്യ ഗവേഷണങ്ങളെയും നയതന്ത്ര തീരുമാനങ്ങളെ പോലും സ്വാധീനിക്കുന്നുണ്ട്.

എന്താണ് ജൻഡർ?

സെക്സും, ജെൻഡർ ഐഡന്റിറ്റിയും

ജന്മം കൊണ്ട് നമ്മളെ അടയാളപ്പെടുത്തുന്നതാണ് സെക്സ്. ആണ്, പെണ്ണ്, ഇന്റർസെക്സ് എന്നിങ്ങനെ സെക്സിനെ തരംതിരിച്ചിരിക്കുന്നു. എന്നാൽ ഓരോരുത്തരും തന്റെ ഉള്ളിൽ ആഴത്തിൽ മനസിലാക്കി അനുഭവിക്കുന്ന ലൈംഗികതാ സ്വത്വമാണ് ജെൻഡർ ഐഡന്റിറ്റി അഥവാ ലിംഗസ്വത്വം. ജന്മനാ അടയാളപ്പെടുത്തിയതും, സ്വയം മനസ്സിലാക്കുന്നതുമായ ജെൻഡർ ഒന്നാണെങ്കിൽ സിസ് ജെൻഡർ എന്നും വ്യത്യസ്തമാണ് എങ്കിൽ ട്രാൻസ് ജെൻഡർ എന്നും വിളിക്കാം. സിസ് ജെൻഡർ, ട്രാൻസ് ജെൻഡർ, ജെൻഡർ ഫ്ലൂയിഡ്, നോൺ ബൈനറി, അജെൻഡർ എന്നിങ്ങനെ പലതരം ലിംഗസ്വത്വങ്ങളുള്ള മനുഷ്യർ ഭൂമിയിൽ ജീവിക്കുന്നുണ്ട്.

ജെൻഡർ ഐഡന്റിറ്റിയേയും ജെൻഡർ ആവിഷ്കാരത്തെയും ഒരു സ്പെക്ട്രമായാണ് കരുതുന്നത്. ആണ്- പെണ്ണ് എന്ന രണ്ടറ്റങ്ങൾ എന്നു മാത്രം മനസിലാക്കാതെ വൈവിധ്യങ്ങളുള്ള ഒരു സ്പെക്ട്രം. ജെൻഡറിന്റെയും, സെക് ഷ്വാലിറ്റിയുടെയും വൈവിധ്യങ്ങളെ പൊതുവായി ഉൾക്കൊള്ളുന്ന പേരാണ് ക്വീർ.

ജെൻഡർ നോർമസും ജെൻഡർ റോളുകളും

സമൂഹത്തിലും കുടുംബവ്യവസ്ഥയിലും ഓരോ വ്യക്തിക്കും അവരുടെ ലിംഗഭേദത്തെ മാത്രം അടിസ്ഥാനമാക്കി ഉചിതമെന്നു കണക്കാക്കപ്പെടുന്ന മാനദണ്ഡങ്ങളാണ് ജെൻഡർ നോർമസ്. ഇപ്രകാരം ജെൻഡർ അനുസരിച്ചു പ്രതീക്ഷിക്കപ്പെടുന്ന പെരുമാറ്റരീതികളും, ഉത്തരവാദിത്വങ്ങളുമാണ് ജെൻഡർ റോളുകൾ. പുരുഷത്വത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരം വിഭജനങ്ങൾ നടത്തിയിട്ടുള്ളത്. ദൃശ്യ, മാധ്യമ,സാംസ്കാരിക സൂചനകളിലൂടെ നടക്കുന്ന സാമൂഹ്യവത്കരണത്തിലൂടെ ഈ ഡിസ്കോഴ്സ് നിലനിർത്തപ്പെടുന്നു.

സമൂഹത്തിലും കുടുംബവ്യവസ്ഥയിലും ഓരോ വ്യക്തിക്കും അവരുടെ ലിംഗഭേദത്തെ മാത്രം  അടിസ്ഥാനമാക്കി ഉചിതമെന്നു കണക്കാക്കപ്പെടുന്ന മാനദണ്ഡങ്ങളാണ് ജെൻഡർ നോർമസ്.
സമൂഹത്തിലും കുടുംബവ്യവസ്ഥയിലും ഓരോ വ്യക്തിക്കും അവരുടെ ലിംഗഭേദത്തെ മാത്രം അടിസ്ഥാനമാക്കി ഉചിതമെന്നു കണക്കാക്കപ്പെടുന്ന മാനദണ്ഡങ്ങളാണ് ജെൻഡർ നോർമസ്.

ജെൻഡർ സ്റ്റീരിയോടൈപ്പ്

വ്യക്തിവൈവിധ്യങ്ങളെ പരിഗണിക്കാതെ ഒരാൾ പുരുഷനോ, സ്ത്രീയോ ആയതുകൊണ്ട് മാത്രം എന്തൊക്കെ ചെയ്യണമെന്നും, എങ്ങനെ പെരുമാറണമെന്നും, ഏതു വസ്ത്രം ധരിക്കണമെന്നും ഒക്കെ സമൂഹം തീരുമാനിക്കുന്ന മുൻവിധികളോ അല്ലെങ്കിൽ തെറ്റായ പൊതുബോധങ്ങളോ ആയ ഇത്തരം വാർപ്പുമാതൃകകൾ ആണ് ജെൻഡർ സ്റ്റീരിയോടൈപ്പ്. സമൂഹം വ്യക്തികളുടെ മേൽ പ്രത്യക്ഷമായും, പരോക്ഷമായും ഇത്തരം നിർബന്ധങ്ങൾ ഏൽപ്പിക്കുമ്പോൾ അത് അവരുടെ ശാരീരികവും, മാനസികവുമായ സ്വാതന്ത്ര്യത്തെയും, ക്ഷേമത്തെയും ബാധിക്കുകയും പലപ്പോഴും അനീതിക്കും, അടിച്ചമർത്തലുകൾക്കും, വിവേചനത്തിനും, അതിക്രമങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

പുരുഷന് മുൻഗണന നൽകുന്ന സാമൂഹിക, സാംസ്കാരികാന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ വ്യവസ്ഥ സ്ത്രീകൾക്കും, ക്വീർ വ്യക്തികൾക്കും കൂടുതൽ അവസരനഷ്ടങ്ങളും, സാമ്പത്തിക അസമത്വവും ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും അനാരോഗ്യ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നതും, ആശുപത്രികളിൽ പോകാനും, ചിലവുകൾ വഹിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതും ഈ വിഭാഗക്കാർക്കാണ്.

ജെൻഡർ അനുസരിച്ചുള്ള
ജോലികളിലെ വേർതിരിവ്

ജെൻഡർ അനുസരിച്ചുള്ള ജോലിയിലെ വിവേചനമനുസരിച്ച് ആണിനും,പെണ്ണിനും വ്യത്യസ്തമായ ഭൗതികവും, പരിസ്ഥിതികവുമായ ആരോഗ്യ അപകട സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാർ ചെയ്തുവരുന്ന വ്യവസായികവും, നിർമ്മാണപരവും, ഖനനവും അടക്കമുള്ള ജോലികൾ വളരെയധികം ശാരീരികമായ അപകടങ്ങൾക്കും, പരിക്കുകൾക്കും, രാസവസ്തുക്കളുമായുള്ള സമ്പർക്കത്തിനും എല്ലാം സാധ്യത കൂടുതലുള്ളതാണ്. പലപ്പോഴും വ്യക്തിപരമായ സംരക്ഷണോപാധികളൊന്നും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോൾ, പ്രത്യേകിച്ചും താഴ്ന്ന സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളുള്ളവരുടെ ആരോഗ്യ നിലയെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. പുരുഷനാണ് കുടുംബത്തിന്റെ അന്നദാതാവ് എന്നുള്ള സാമൂഹികമായ സമ്മർദ്ദം കാരണം പുരുഷന്മാർ ക്ക് കൂടുതലായി ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുകയും. രോഗിയായയതിനുശേഷം പലപ്പോഴും ഇൻഷുറൻസ്, പെൻഷൻ എന്നീ മറ്റു സംരക്ഷണ പദ്ധതികളൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ വളരെ മോശമാകുകയും ചെയ്യുന്നു.

സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ വീട്ടിനകത്തും, പുറത്തും പരിചരണസംബന്ധമായ (കെയർ) ജോലികൾചെയ്യേണ്ടിവരുന്നത് വലിയ മാനസികവും, വൈകാരികവുമായ ക്ലേശം അനുഭവിപ്പിക്കുന്ന ഒന്നാണ്. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ പുറത്തെ ജോലിക്കപ്പുറം യാതൊരു കൂലിയും, പങ്കാളിത്തവുമില്ലാതെ, വീട്ടിലെ എല്ലാവർക്കുമായുള്ള പാചകം ചെയ്യൽ, വൃത്തിയാക്കൽ, കുഞ്ഞുങ്ങളെയും, രോഗികളെയും,പ്രായമായവരെയും പരിചരിക്കൽ കൂടി ചെയ്യേണ്ടി വരുന്നു. ഇത് സ്ത്രീകൾക്ക് ജോലി സംബന്ധമായ ഇരട്ടി ഭാരവും ചുമതലയും ആണ് കൊടുക്കുന്നത്. വിശ്രമമില്ലാത്ത ഈ ശാരീരിക മാനസിക വേലകൾ സ്ട്രെസ്, ഉത്ക്കണ്ഠ എന്നിവ കൂടാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. കൂലി യിലുള്ള വ്യത്യാസങ്ങളും, സുരക്ഷിതമല്ലാത്ത ജോലിസാഹചര്യങ്ങളും തുടർക്കഥയായി നിൽക്കുന്നു,

ജെൻഡറിലെ ഇന്റർസെക്ഷനാലിറ്റി

ലിംഗപദവി മാത്രമല്ല, ജാതി, സാമ്പത്തികാവസ്ഥ, പ്രായം, ശരീരക്ഷമത, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങിയ സാമൂഹികപശ്ചാത്തലങ്ങൾ കൂടി ഓരോരുത്തരുടെയും അനുഭവങ്ങളെ ബാധിക്കുന്നുണ്ട്. ഇപ്രകാരം സാമൂഹിക സ്വത്വങ്ങളും, ലിംഗസ്വത്വങ്ങളും ചേർന്ന് സങ്കീർണമായ വിവേചനത്തിന്റെ രൂപങ്ങൾ സൃഷ്ടിക്കുന്നതിനെയാണ് ഇന്റർസെക്ഷനൽ എന്ന് പറയുന്നത്. ഉദാഹരണത്തിന്, ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സ്ത്രീ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ മറ്റൊരാളുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. അല്ലെങ്കിൽ ഒരു ദലിത് സ്ത്രീ മറ്റു സ്ത്രീകളേക്കാൾ കൂടുതൽ വിവേചനം നേരിടുന്നുണ്ട്.

സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ

സ്ത്രീകളുടെ ശാരീരിക സവിശേഷതകളായ ഗർഭകാല പരിചരണത്തിനും, പ്രസവസംബന്ധമായ സേവനങ്ങൾക്കും നമുക്ക് സ്വന്തമായി ഒരു ദേശീയ ആരോഗ്യപദ്ധതി തന്നെ നിലവിലുണ്ട്. ആശുപത്രിയിലെ പ്രസവങ്ങൾ വർദ്ധിക്കുകയും, നമ്മുടെ നാട്ടിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണനിരക്കുകൾ വളരെയധികം കുറയുകയും ചെയ്തത് ഇത്തരം സേവനങ്ങൾ നന്നായി നടക്കുന്നതിന് ഒരു ദൃഷ്ടാന്തമാണ്. എന്നാൽ ജോലി ചെയ്യുന്ന അമ്മക്കുള്ള പ്രസവാവധിയും, കുഞ്ഞിനെ നോക്കാൻ ആവശ്യമുള്ള അവധികളും പല സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കുന്നില്ല. ദിവസവേതനത്തിന് പണിയെടുക്കുന്നവർക്കും, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇതാലോചിക്കാൻ പോലും ഇപ്പോൾ സാധ്യമല്ല. ഈയടുത്തു അങ്കണവാടികളിൽ ഡേകെയർ സെന്റർ തുടങ്ങാനുള്ള സർക്കാർ തീരുമാനം വളരെ ആശ്വാസകരമാണ്. വ്യാപകമായി ഗുണനിലവാരമുള്ള സെന്ററുകൾ എല്ലായിടത്തും ഉണ്ടാകണം. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആൺപങ്കാളിക്കും തുല്യ ഉത്തരവാദിത്വം ഉണ്ടാ കുന്ന തരം അവബോധ പ്രവർത്തനങ്ങളും നടത്തണം. ഇതിനാ യി ആരോഗ്യമേഖലയിലും ഒരു മനോഭാവമാറ്റം ഉണ്ടാകേണ്ടതുണ്ട്. പ്രസവ സംബന്ധമായ കെയർ കൊടുക്കുന്നുണ്ടെങ്കിൽ പോലും സ്ത്രീകളുടെ മറ്റു പല പ്രശ്നങ്ങളും വേണ്ട വിധത്തിൽ അഭിസംബോധന ചെയ്യാതെ പോകുന്നുണ്ട്.

സ്ത്രീകളുടെ ശാരീരിക സവിശേഷതകളായ  ഗർഭകാല പരിചരണത്തിനും, പ്രസവസംബന്ധമായ സേവനങ്ങൾക്കും നമുക്ക് സ്വന്തമായി ഒരു ദേശീയ ആരോഗ്യപദ്ധതി തന്നെ നിലവിലുണ്ട്.
സ്ത്രീകളുടെ ശാരീരിക സവിശേഷതകളായ ഗർഭകാല പരിചരണത്തിനും, പ്രസവസംബന്ധമായ സേവനങ്ങൾക്കും നമുക്ക് സ്വന്തമായി ഒരു ദേശീയ ആരോഗ്യപദ്ധതി തന്നെ നിലവിലുണ്ട്.

ആർത്തവം

കൗമാരപ്രായത്തിലെ പെൺകുട്ടികളിൽ പലരും ആർത്തവത്തെ കുറിച്ച് കേട്ടിട്ട് പോലും ഇല്ലാതെയാണ് ആദ്യ ആർത്തവത്തിലേക്ക് പ്രവേശിക്കുന്നത്. സ്കൂളിലും, എന്തിനേറെ വീട്ടിൽ പോലും ഇതിനെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ ഉണ്ടാകുന്നില്ലെന്നുള്ളത് സങ്കടകരമാണ്. സ്ത്രീകളുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ ശാരീരിക- മാനസിക അവസ്ഥകൾക്ക് നിദാനമായ ഈ മാസമുറകളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും, ശുദ്ധ-അശുദ്ധി വിചാരങ്ങളും, അടിച്ചൊതുക്കലുകളും സ്ത്രീകളുടെ ഈ അനുഭവത്തെ തന്നെ റദ്ദ് ചെയ്യുകയും, ശാരീരികവുമായും, മാനസികവുമായ ആത്മവിശ്വാസം കെടുത്തുകയും, കൂടാതെ വളരെ അപകടകരമായി ശുചിത്വമുള്ള ആർത്തവം ഉണ്ടാകാനുള്ള സൗകര്യങ്ങളെ കൂടി ഹനിച്ചുകൊണ്ട് അവരുടെ അടിസ്ഥാന അവകാശത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മാസമുറ സമയത്തുണ്ടാകുന്ന തൊട്ടുകൂടായ്മയും, മാറ്റി നിർത്തലുകളും പൂർണമായും മാറ്റപ്പെടേണ്ടതാണ്. പരിസ്ഥിതി മലിനീകരണമുണ്ടാകാത്ത, സ്ത്രീകൾക്ക് താങ്ങാവുന്ന വിലക്ക് മെൻസ്ട്രൽ കപ്പ് പോലത്തെ ആർത്തവ ശുചിത്വ ഉത്പന്നങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തേണ്ടതും, ലഭ്യമാക്കേണ്ടതും ഉണ്ട്. കൗമാര പ്രായത്തിലുള്ളവർക്കും, വാങ്ങാൻ സാധിക്കാത്തവർക്കും ഇത് സൗജന്യമായി ലഭ്യമാക്കേണ്ടതുണ്ട്. മാസമുറ സംബന്ധമായ വേദന, ശാരീരിക- വൈകാരിക ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രീമെൻസ്ട്രൽ സ്ട്രെസ് എന്നിവയെ പറ്റിയുള്ള ബോധവത്കരണവും, പരിഹാരമാര്‍ഗങ്ങളും എല്ലാ സ്ത്രീകൾക്കും ഗുണപ്രദമാകണം. 9 ശതമാനത്തോളം സ്ത്രീകളിൽ വളരെ കഠിനമായ ലക്ഷണങ്ങളോടുകൂടിയ പ്രീമെൻസ്ട്രൽ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ആവശ്യമുള്ള സ്ത്രീകൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, കൗമാര ക്ലിനിക്കുകളിലും ചികിത്സാ സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. സ്കൂളുകൾ, ജോലി സ്ഥലങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം, ടോയ്‌ലറ്റ്‌, സോപ്പ് തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കണം. ഒരു പരിഷ്കൃത സമൂഹത്തിൽ ഇതെല്ലം സ്ത്രീകളു ടെ അടിസ്ഥാന അവകാശമായി കരുതി നടപ്പിലാക്കേണ്ടതാണ്.

പ്രസവാനന്തര വിഷാദരോഗം

അമ്മമാർ കുഞ്ഞിനെ കൊല്ലുമ്പോൾ കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾ അടക്കം ഇതിനെപ്പറ്റി വലിയ സംസാരങ്ങൾക്ക് മുതിരുന്നില്ല. എന്നാൽ ഇവയെ മുൻനിർത്തി അടുത്ത് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. 30 ശതമാനത്തോളം സ്ത്രീകൾക്ക് പ്രസവശേഷം വിഷാദരോഗമുണ്ടാകുന്നുണ്ട്. ആദ്യത്തെ 6 ആഴ്ചകളിലാണ് ഇത് വളരെയധികമായി കണ്ടു വരുന്നത്. അമിതമായ സങ്കടം, ഉത്ക്കണ്ഠ, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കൽ, ആത്മഹത്യാ ചിന്തകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്വയമോ, കുഞ്ഞിനെയോ ഉപദ്രവിക്കുന്നതുവരെ ഈ അവസ്ഥ കൊണ്ടുചെന്നെത്തിക്കും. എത്രയും വേഗം തിരിച്ചറിയുകയും ആവശ്യമുള്ള പിന്തുണ നൽകുകയും ചെയ്യേണ്ടതാണ്. കൗൺസിലിങ്ങും, മരുന്നുകളും ആവശ്യമായി വരും. പങ്കാളിയുടെയും, കുടുംബാംഗങ്ങളുടെയും എല്ലാം പിന്തുണ വളരെ പ്രധാനമാണ്. കുഞ്ഞിനെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ വേണമെന്ന ആഫ്രിക്കൻ പഴമൊഴി ഇത്തരുണത്തിൽ വളരെ അർത്ഥവത്താണ്. അണുകുടുംബങ്ങളിൽ കുഞ്ഞിന്റെയും,വീടിന്റെയും പൂർണമായ ഭാരം സ്ത്രീകളുടെ മേലായിരിക്കുന്നതും, മറ്റു പിന്തുണകൾ ഇല്ലാത്തതും വിഷാദരോഗത്തിന്റെ സാധ്യത വർധിപ്പിക്കും.

സുരക്ഷിതമായ അബോർഷനും
ഗർഭനിരോധന മാർഗങ്ങളും

മാതൃ ശിശു ആരോഗ്യ സൂചികകൾ മെച്ചപ്പെട്ട രീതിയിലുള്ള കേരളത്തിൽ പോലും നിയമപരമായ അബോർഷൻ പലപ്പോഴും സ്ത്രീകൾക്ക് അപ്രാപ്യമാണ്. വളരെ കുറച്ചു സ്ഥാപനങ്ങളിൽ മാത്രമേ ഈ സേവനം ലഭ്യമാകുന്നുള്ളു. മാത്രമല്ല പലപ്പോഴും സ്ത്രീകൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിമുട്ടും, ആശുപത്രിയിൽ എത്തിയാൽ പോലും പലപ്പോഴും ആരോഗ്യ പ്രവർത്തകരുടെ മോശം പെരുമാറ്റവും, ചോദ്യം ചെയ്യലും എല്ലാം നേരിടേണ്ടിവരുന്നുണ്ട്. ഗര്‍ഭനിരോധനമാർഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും ദുഷ്കീർത്തിയും (stigma) ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗര്‍ഭനിരോധനവും, പ്രസവം നിർത്തലും, കുഞ്ഞിന്റെ സംരക്ഷണവും എല്ലാം പലപ്പോഴും അമ്മയുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നുണ്ട്. പുരുഷ ന്മാരുടെ പങ്കാളിത്തവും ഉത്തരവാദിത്തവും കൂടി ഉറപ്പിക്കാനുള്ള ഇടപെടലുകളും, അവബോധവും നൽകേണ്ടതാണ്.

ആർത്തവവിരാമം

പന്ത്രണ്ട് മാസത്തോളം തുടർച്ചയായി മാസമുറ ഇല്ലാതിരിക്കുമ്പോഴാണ് ആർത്തവവിരാമം അഥവാ മെനപ്പോസ് എന്നു പറയുന്നത്. സാധാരണയായി 45 മുതൽ 55 വയസ്സ് വരെ പ്രായത്തിനിടയിലാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. സ്ത്രീ ശരീരത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണ് ആർത്തവവിരാമം. പക്ഷെ ഹോർമോണുകളുടെ വ്യത്യാസങ്ങൾ കൊണ്ട് ആർത്തവം നിലക്കുന്നതിനു കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ സ്ത്രീകൾക്ക് മാനസികവും, ശാരീരികവുമായ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ തുടങ്ങും. അണ്ഡാശയത്തിന്റെ പ്രവർത്തനം നിലക്കുകയും മാസമുറ പതിയെ നിൽക്കുകയും ചെയ്യുന്നു. ചിലർക്ക് അമിതമായ ചൂട് (ഹോട്ട്ഫ്ലാഷ്), ഉറക്കക്കുറവ്, ഉത്ക്കണ്ഠ, അകാരണമായ സങ്കടം, സാധാരണയിൽ കൂടുതൽ ദേഷ്യം, മൂത്രസംബന്ധമായ പ്രശ്നങ്ങൾ, ശരീരം വേദന, സന്ധിവേദന എന്നിവയുണ്ടാകാറുണ്ട്. ആർത്തവവിരാമകാലത്തു 30 മുതൽ 50 ശതമാനം വരെ സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാകാമെന്നു പല പഠനങ്ങളിലും കണ്ടിട്ടുണ്ട്.

ആർത്തവവിരാമത്തിന്റെ ആദ്യവർഷങ്ങളിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി കാണുന്നത്. പല സ്ത്രീകളിലും പലതോതിൽ കാണപ്പെടുന്ന ഈ പ്രശ്നങ്ങൾ ചിലരിൽ സ്വയവും, വീട്ടിലുള്ളവരുടെ പിന്തുണ കൊണ്ടും ശരിയാക്കി എടുക്കാം എന്നതാണ് എങ്കിൽ മറ്റുചിലർക്ക് വൈദ്യസഹായവും ഹോർമോൺ ഉൾപ്പെടെയുള്ള ചികിത്സകളും ആവശ്യമുണ്ട്. ഈ പ്രശ്നങ്ങൾ ആർത്തവവിരാമവുമായി ബന്ധപെട്ടതാണെന്നു കുടുംബാംഗങ്ങളും, കൂടെയുള്ളവരും മനസ്സിലാക്കുകയും വേണ്ട പിന്തുണ നല്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ സമയത്തു ലൈംഗികതാത്പര്യങ്ങൾ (ലിബിഡോ) വ്യക്തികളെയും സാഹചര്യങ്ങളെയും അനുസരിച്ചു കൂടുകയോ, കുറയുകയോ ചെയ്യാം. യോനിയുടെ വരൾച്ച പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ ക്രീമുകളോ, ലൂബ്രിക്കന്റുകളോ, ഈസ്ട്രോജൻ ക്രീമുകളോ ഉപയോഗിക്കാവുന്നതാണ്. പ്രായത്തിന്റെയും, ആർത്തവവിരാമത്തിന്റെയും ഭാഗമായി ചില ജീവിത ശൈലി രോഗങ്ങളും ക്യാന്‍സറുകളും കൂടി വരാൻ സാധ്യതയുണ്ട്. അതുകൊണ്ടു എല്ലാവരും ബ്ലഡ് പ്രഷർ, പ്രമേഹം, കൊളെസ്റ്റെറോൾ പ്രൊഫൈൽ, തൈറോയിഡ് എന്നീ ടെസ്റ്റുകൾ ഇടക്ക് ചെയ്യുകയും സ്വന്തമായ സ്തന പരിശോധനയും, ആശുപത്രിയിൽ നിന്ന് പാപ് സ്മിയറും ചെയ്തു കാൻസറുകൾ ഉണ്ടെങ്കിൽ നേരത്തെ കണ്ടു പിടിക്കുകയും വേണം.

പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും, നന്നായി വ്യായാമം ചെയ്യുന്നതും പ്രധാനമാണ്. കാൽസ്യം, വിറ്റാമിൻ D എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ആർത്തവവിരാമത്തോടെ ഒരു സ്ത്രീയുടെ ജീവിതം അവസാനിച്ചു എന്ന തരത്തിലുള്ള ചിന്തകൾ ഒട്ടും ശരിയല്ല. പലപ്പോഴും നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ ആ സമയത്താണ് കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ എല്ലാം കുറഞ്ഞു, സ്ത്രീകൾ സാമൂഹികജീവിതത്തിൽ വളരെ ഉന്മേഷത്തോടെ ഇടപെടലുകൾ നടത്തുന്നത്. ആരോഗ്യ സംവിധാനവും, പൊതു സമൂഹവും ആർത്തവവിരാമത്തെ കൂടുതൽ ശാസ്ത്രീയമായി കണ്ടു കൊണ്ട് അതനുഭവിക്കുന്നവർക്ക് വേണ്ട പിന്തുണകൾ നൽകുകയും, അറിവ് വ്യാപിപ്പിക്കുകയും ആണ് വേണ്ടത്.

ആരോഗ്യ സംവിധാനവും, പൊതു സമൂഹവും ആർത്തവവിരാമത്തെ കൂടുതൽ ശാസ്ത്രീയമായി കണ്ടു കൊണ്ട് അതനുഭവിക്കുന്നവർക്ക് വേണ്ട പിന്തുണകൾ നൽകുകയും, അറിവ് വ്യാപിപ്പിക്കുകയും ആണ് വേണ്ടത്.
ആരോഗ്യ സംവിധാനവും, പൊതു സമൂഹവും ആർത്തവവിരാമത്തെ കൂടുതൽ ശാസ്ത്രീയമായി കണ്ടു കൊണ്ട് അതനുഭവിക്കുന്നവർക്ക് വേണ്ട പിന്തുണകൾ നൽകുകയും, അറിവ് വ്യാപിപ്പിക്കുകയും ആണ് വേണ്ടത്.

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ
(ജെൻഡർ ബേസ്ഡ് വയലൻസ്)

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഗർഭപാത്രത്തിൽ തന്നെ ജെൻഡർ തിരിച്ചറിയുകയും പെൺകുഞ്ഞുങ്ങളാണെങ്കിൽ ഗർഭഛിദ്രം നടത്തുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിനാലാണ് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ലിംഗാനുപാതത്തിൽ ആൺകുട്ടികൾ കൂടുതലും പെൺകുട്ടികൾ കുറവുമായി കാണുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോഴേ പോഷകാഹാരത്തിലും, വിദ്യാഭ്യാസത്തിലും ഉള്ള കുറവും പെണ്കുഞ്ഞുങ്ങൾക്കിടയിലാണ് കൂടുതൽ കാണുന്നത്. ഇത് കൂടാതെ ധാരാളം ഗാർഹിക പീഡനങ്ങൾ, സ്ത്രീധന പീഡനങ്ങൾ, ബാലപീഡനങ്ങൾ എന്നിവയും നടക്കുന്നുണ്ട്. ശാരീരികവും, മാനസികവും, ലൈംഗികവും, സാമ്പത്തികവും ആയ അതിക്രമങ്ങളും,സൈബർ അക്രമങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭർത്താവ് ഭാര്യയോട് ചെയ്യുന്ന ബലാത്സംഗം നിയമപരമായി കുറ്റകരമല്ലെങ്കിലും സ്ത്രീകളെ ശാരീരികമായും, മാനസികമായും വൈകാരികമായും വളരെയധികം ബാധിക്കുന്നതാണ്. ഡിവോഴ്സ് ചെയ്യാനുള്ള ഒരു ഗ്രൗണ്ട് ആയി ഇതിനെ ഇപ്പോൾ അംഗീകരിക്കുന്നുണ്ട്.

കേരള പോലീസിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വർഷത്തിൽ സ്ത്രീകൾക്കെതിരെ 18000 ത്തോളം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2950 റേപ്പ് കേസുകളും, 3986 ഭർതൃപീഡനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൗമാരപ്രായത്തിൽ തന്നെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും തെറ്റിദ്ധാരണകളെ ഒഴിവാക്കി പരസ്പര ബഹുമാനത്തിലൂന്നിയ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് ഒരു പരിധി വരെ ജെൻഡർ അതിക്രമം തടയാൻ സഹായിക്കും.

ജെൻഡറും മാനസികാരോഗ്യവും

മാനസികാരോഗ്യത്തെയും, മാനസികരോഗങ്ങളെയും നിർണ്ണയിക്കുന്നതിൽ ലിംഗഭേദം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. സ്ത്രീകളിൽ വിഷാദവും, ഉത്ക്കണ്ഠയും കൂടുതലായി കാണുമ്പോൾ മദ്യപാനം, അക്രമവാസന എന്നിവ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. ഷിസോഫ്രിനിയ പോലെയുള്ള രോഗങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലെങ്കിലും ആത്മഹത്യ മൂലമുള്ള മരണങ്ങൾ പൊതുവെ ആണുങ്ങളിലാണ് കൂടുതൽ ആയി കാണുന്നത്.

ജെൻഡറും ആരോഗ്യസംരക്ഷണശീലങ്ങളും

വ്യായാമം ചെയ്യുന്ന ശീലം പൊതുവെ സ്ത്രീകൾക്ക് കുറവാണ്. മുതിർന്നു കഴിഞ്ഞാൽ സ്പോർട്സ്, കളികൾ എന്നിവയിലും പുരുഷന്മാരേക്കാൾ താരതമ്യേന കുറവാണു സ്ത്രീകളുടെ പങ്കാളിത്തം. ഇത് കൊണ്ടൊക്കെ തന്നെ അമിതഭാരവും തന്മൂലമുള്ള പ്രശ്നങ്ങളും സ്ത്രീകളിൽ കൂടുതലായി കാണുന്നുണ്ട്. എന്നാൽ പുകയില, മദ്യപാനം തുടങ്ങിയുള്ള ദുശീലങ്ങൾ കൂടുതലായി പുരുഷന്മാരിൽ കണ്ടു വരുന്നു. തന്മൂലം തൊണ്ടയിലെ കാൻസർ, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവയൊക്കെ പുരുഷന്മാരി ലാണ് കൂടുതലായി കാണുന്നത്.

ജീവിതശൈലീരോഗങ്ങളായ രക്തസമ്മർദ്ദം സ്ത്രീകളിലും പുരുഷന്മാരിലും കാര്യമായ വ്യത്യാസങ്ങളില്ലാതെ കാണുമ്പോൾ, പ്രമേഹം സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. സ്ത്രീകളുടെ ഹോർമോൺ ആയ ഈസ്ട്രോജൻ ഹൃദയത്തിന് സംരക്ഷണം നൽകുന്നുണ്ട് പക്ഷെ മെനപ്പോസ് കഴിഞ്ഞാൽ ഈ സംരക്ഷണം കുറഞ്ഞു വരുന്നതായി കാണാം. ഈ ചെറിയ വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിലും 30 വയസ്സിനുശേഷം എല്ലാവരും ജീവിത ശൈലി രോഗങ്ങൾ ടെസ്റ്റ് ചെയ്യുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം.

പരമ്പരാഗതമായി തുടർന്നുപോകുന്ന ചിന്തകളനുസരിച്ച് ആണത്തം എന്നത് കരുത്തിന്റെയും, റിസ്കുകൾ എടുക്കുന്നതിന്റെയും പ്രതീകമാണ്. സ്വന്തം വൈകാരികതയെയും, ബുദ്ധിമുട്ടുകളെയും പുറത്തു കാണിക്കാതെ ഇരിക്കാനും ഇത് പ്രോത്സാഹിക്കുന്നു. ഈ ചിന്താഗതികൾ സഹായം നേടാനുള്ള മടി ഉണ്ടാക്കുകയും, പലപ്പോഴും അപകടകരമായ ദുശീലങ്ങളിലേക്കും, അനാരോഗ്യത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുകയും ചെയ്യുന്നു. സ്ത്രീകളാകട്ടെ മറ്റുള്ളവരുടെ പരിചരണത്തിനും, ആരോഗ്യത്തിനും മുൻകരുതൽ നൽകുകയും സ്വന്തം ആരോഗ്യസംരക്ഷണം അവസാനത്തേക്ക് വെക്കുകയും ചെയ്യുന്നു. ഇത് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ കൂടി അതിനെ അവഗണിക്കുന്ന അവസ്ഥ വരെ എത്തിക്കുകയും, രോഗം മൂർച്ഛിക്കാൻ കാരണമാകുകയും ചെയ്യുന്നു. സ്വന്തമായി സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തതും, തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്തതും ഇതിന്റെ ആക്കം കൂട്ടുന്നു.

പൊതു ഇടങ്ങളിൽ സ്ത്രീകളുടെയും, പ്രത്യേകിച്ച് ക്വീർ  വ്യക്തികളുടെയും ദൃശ്യത ഇപ്പോഴും കുറവാണ്.
പൊതു ഇടങ്ങളിൽ സ്ത്രീകളുടെയും, പ്രത്യേകിച്ച് ക്വീർ വ്യക്തികളുടെയും ദൃശ്യത ഇപ്പോഴും കുറവാണ്.

ജെൻഡറും പൊതു ഇടങ്ങളും

പൊതു ഇടങ്ങളിൽ സ്ത്രീകളുടെയും, പ്രത്യേകിച്ച് ക്വീർ വ്യക്തികളുടെയും ദൃശ്യത ഇപ്പോഴും കുറവാണ്. ആവശ്യമായ ശൗചാലയങ്ങളും, വിശ്രമസ്ഥലങ്ങളും ഇല്ല. ബസ് ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾ വയസ്സായ സ്ത്രീകൾക്കോ ഭിന്നശേഷിയുള്ളവർക്കോ കയറാൻ പാകത്തിൽ സൗഹാർദ്ദപരമല്ല. മുട്ടുവേദനയും, മറ്റു ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവരും ബസ്സിൽ യാത്ര ചെയ്യേണ്ട എന്ന് തീരുമാനിക്കുകയേ വഴിയുള്ളൂ.

ക്വീർ വ്യക്തികളെ തുറിച്ചുനോക്കുന്നതും, കമന്റ് അടിക്കുന്നതും ഇപ്പോഴും കുറഞ്ഞിട്ടില്ല. കേരളത്തിലെ സ്ത്രീകൾക്ക് ഇപ്പോഴും വൈകുന്നേരങ്ങളിൽ ധൈര്യത്തോടെ തെരുവുകളിലേക്കിറങ്ങാൻ സാധ്യമല്ല. രാത്രിയും, പകലും എന്നില്ലാതെ പൊതുവാഹനങ്ങളിലും തെരുവുകളിലും നടക്കുന്ന അതിക്രമങ്ങൾ ഒന്നും കാര്യമായി കുറഞ്ഞിട്ടില്ല. ജോലിസ്ഥലത്തെ സൗകര്യക്കുറവും, മറ്റു പീഡനങ്ങളും ഇന്നും തുടരുന്നുണ്ട്, രാത്രി പുറത്തു പോയെന്നും, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്നുമൊക്കെ പറഞ്ഞു അതിജീവിതക്ക് കുറ്റം ചാർത്തി, റേപ്പ് ചെയ്തയാളെ സംരക്ഷിക്കുന്ന ശീലം ഇപ്പോഴും നമ്മുടെ ജനതക്കുണ്ട്. അതുകൊണ്ടുതന്നെ പലരും അതിക്രമങ്ങൾ ഉണ്ടാകുമ്പോഴും അത് സഹിച്ചു പരാതി കൊടുക്കാതെയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിലും തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള സ്ഥാനങ്ങളിലും സ്ത്രീകളും, ക്വീർ വ്യക്തികളും ഇന്റർസെക്ഷനുകളിൽ ഉള്ള വ്യക്തികളും വന്നാൽ മാത്രമേ തുല്യതയുള്ള, നീതിയുക്തമായ, അവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു സമൂഹം ഉണ്ടാകുകയുള്ളൂ.

ക്വീർ വ്യക്തികളിലെ ആരോഗ്യ പ്രശ്നങ്ങൾ

സമഗ്രമായ ഒരു ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എങ്കിലും ഇന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അവർ വിവേചനം നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. കുടുംബത്തിൽ നിന്നും, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും, ജോലിസ്ഥലങ്ങളിൽ നിന്നും സ്റ്റിഗ്മയും, വേർതിരിവും, അതിക്രമവും നേരിടുന്നത് കൊണ്ട് ക്വീർ വ്യക്തികൾ നല്ല വിദ്യാഭ്യാസവും, സ്ഥിരമായ തൊഴിലും നേടാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.. കമ്മ്യൂണിറ്റി അനുഭവിക്കുന്ന പ്രശ്നങ്ങൾ പ്രധാനമായും ജീവശാസ്ത്രപരത്തേക്കാളുപരി സാമൂഹികമായ വിവേചനങ്ങൾ മൂലമുള്ളതാണ്.

കൃത്യമായി പരിശീലനം ലഭിക്കാത്തതോ, അനുകമ്പയില്ലാത്തതോ ആയ ആരോഗ്യ വ്യവസ്ഥയും, ആരോഗ്യ പ്രവർത്തകരും, സാമൂഹിക സമ്മർദ്ദവും ഇവർക്കാവശ്യമായ ആരോഗ്യസേവനങ്ങൾ നേടുന്നതിന് തടസ്സമാണ്.

2015- ൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തിൽ 51% പേരും ആശുപത്രിയിൽനിന്ന് വിവേചനമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നവരാണ്. 32% പേരും ആത്മഹത്യക്കു ശ്രമിച്ചവരാണ്. കൺവെർഷൻ ചികിത്സാ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അനധികൃതമായി നടത്തുന്നുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. പലപ്പോഴും പൊതു സമൂഹത്തിൽ നിന്നും പോലീസിൽ നിന്നും ഉപദ്രവം നേരിടേണ്ടി വരാറുണ്ട്. ക്വീർ വ്യക്തികളിലുള്ള രോഗങ്ങളുടെ പ്രാചുര്യം പൊതുസമൂഹത്തിൽ നിന്ന് വ്യത്യസ്തമല്ലെങ്കിലും, പലപ്പോഴും സമൂഹത്തിൽ നിന്ന് അവരനുഭവിക്കുന്ന വ്യത്യസ്തമായ പ്രശ്നങ്ങൾ മൂലം ഉത്ക്കണ്ഠ, നിരാശ തുടങ്ങി മാനസികമായ ബുദ്ധിമുട്ടുകൾ കൂടുതലാണ്.

കേരളത്തിൽ ഗവണ്മെന്റ് വിഭാഗത്തിൽ ട്രാൻസ്ജൻഡർ വ്യക്തികൾക്കുള്ള ജൻഡർ അഫിർമേറ്റിവ് ചികിത്സാസൗകര്യം ലഭ്യമല്ല എന്നുള്ളതുകൊണ്ട് അവർക്ക് പലപ്പോഴും വളരെയധികം പണം കൊടുത്ത് സ്വകാര്യ ആശുപത്രികളിലോ, കേരളത്തിന് പുറത്തോ പോകേണ്ടി വരുന്നുണ്ട്. ഈ ചികിത്സകൾക്ക് പൊതുവായ മാർഗ്ഗനിർദേശങ്ങൾ കൊണ്ടു​വരേണ്ടതും അത്യാവശ്യമാണ്. ക്വീർ വ്യക്തികളെ ഉൾക്കൊണ്ടുകൊണ്ട് അവരുടെ അവകാശങ്ങളെ ഹനിക്കാതെ ആരോഗ്യം ഉൾപ്പെ ടെ എല്ലാ മേഖലയിലും തുല്യ അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

ആരോഗ്യരംഗവും ജെൻഡറും

പതിറ്റാണ്ടുകളായി മെഡിക്കൽ ഗവേഷണങ്ങളിൽ പുരുഷനെ അടിസ്ഥാനമാക്കിയുള്ള പക്ഷഭേദം നിലനിന്നിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്ത്രീകളെ ഉൾപെടുത്താത്തതുമൂലം സ്ത്രീ ശരീരത്തിലുള്ള മരുന്നുകളുടെ ഫലപ്രാപ്തിയിലും, പാർശ്വവശങ്ങളിലും, രോഗലക്ഷണങ്ങളിലെ വ്യത്യാസങ്ങളിലുമുള്ള അറിവുകൾ നമുക്ക് പരിമിതമാണ്. കൂടാതെ സ്ത്രീയുടെ ശാരീരികപ്രത്യേകതകളെ കുറിച്ചും, പ്രസവാനന്തര വിഷാദം, മാസമുറ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുമുള്ള ശാസ്ത്രീയ അറിവുകൾ കുറവാണ്.

സമൂഹത്തിലെ ജെൻഡർ കാഴ്ചപ്പാടുകൾ ആരോഗ്യപ്രവർത്തകരെയും സ്വാധീനിക്കുന്നത് കൊണ്ട് സ്ത്രീകളുടെ രോഗലക്ഷണങ്ങളെ നിസ്സാരമായി കാണാനുള്ള പ്രവണതയും കാണുന്നുണ്ട്. ആരോഗ്യപ്രവർത്തകർ പ്രധാനമായും ആശയവിനിമയം നടത്തുന്നത് സ്ത്രീകളോടായതിനാൽ ആരോഗ്യശീലങ്ങളുടെ അവബോധവും എപ്പോഴും സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത്. പുരുഷന്മാരെ കൂടി ഉൾപ്പെടുത്തുന്ന തരത്തിലുള്ള പൊതുജനാരോഗ്യ പ്രവർത്ത നങ്ങൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.

ലിംഗനീതിയെ കുറിച്ചുള്ള സമഗ്രമായ വിദ്യാഭ്യാസവും, സ്ത്രീശാക്തീകരണത്തിനൊപ്പം തന്നെ ലിംഗനീതിക്ക് തടസ്സമായി നിൽക്കുന്ന സമൂഹത്തിലെ അധികാരഘടനകളുടെ പുനഃക്രമീകരണവും ഉൾപ്പെടുന്ന, ഇന്റർസെക്ഷനാലിറ്റിയെ പരിഗണിച്ചു കൊണ്ടുള്ള ഒരു ലിംഗപരിവർത്തന സമീപനം ലക്ഷ്യം വെച്ചാൽ മാത്രമേ എല്ലാ ജെൻഡറുകൾക്കും അടിസ്ഥാന അവകാശങ്ങളും, അവസരങ്ങളും ഒക്കെയുള്ള മനുഷ്യരായി ആരോഗ്യത്തോടെയും, പരസ്പര സഹകരണത്തോടെയും ജീവിക്കാൻ സാധിക്കുകയുള്ളൂ.

READ : പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Comments