പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘‘പരിക്കേറ്റവരെ അപകടസ്ഥലത്തുനിന്ന് നീക്കുമ്പോഴും വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴുമെല്ലാം സുഷുമ്‌നയ്ക്ക് ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. അപകടത്തിൽ സുഷുമ്‌നയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടശേഷം രണ്ടാംഘട്ടത്തിൽ പരിക്കേൽക്കുന്നത് വലിയൊരു ദുരന്തമാണ്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം’’ - ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വേണുഗോപാലൻ പി.പി. എഴുതിയ ലേഖനം.

റോഡപകടങ്ങളിൽ പരിക്കേറ്റ് ആജീവനാന്തകാലം കിടപ്പിലായി പോകുന്നവരുണ്ട്. ജീവിതം വീൽചെയറിൽ ഒതുങ്ങുന്നവരുണ്ട്. ജീവിക്കുന്ന രക്തസാക്ഷികൾ. വല്ലാത്തൊരു ദുരിതമാണത്. ദുരന്തമാണത്. ചലനശേഷി ഇല്ലാതായിപ്പോകുന്നത് വ്യക്തിക്കും കുടുംബത്തിനും വലിയ മാനസിക ആഘാതവുമായിത്തീരുന്നു. തലയ്ക്കും നട്ടെല്ലിനും ഏൽക്കുന്ന പരിക്കുകളാണ് ഇത്തരത്തിൽ ദാരുണമായ അവസ്ഥയുണ്ടാക്കുന്നത്.

വാഹനാപകടത്തിലോ അതിനെ തുടർന്നോ സുഷുമ്‌നാ നാഡിക്ക് ഏൽക്കുന്ന പരിക്കുകളാണ് പലരുടെയും ജീവിതത്തെ നിത്യദുരിതത്തിലാക്കുന്നത്. തലച്ചോറിൽനിന്ന് സന്ദേശങ്ങൾ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നത് സുഷുമ്‌ന വഴിയാണ്. തല മുതൽ നട്ടെല്ലിന്റെ അറ്റം വരെ നീളുന്ന നാഡിയാണിത്. നട്ടെല്ലിനുള്ളിലെ സുരക്ഷിതമായ കനാലിനുള്ളിലൂടെയാണ് സുഷുമ്‌ന കടന്നുപോകുന്നത്. കശേരുക്കൾക്കുള്ളിൽ അത് സുരക്ഷിതമായി നിലകൊള്ളുന്നു. പക്ഷെ കശേരുക്കൾ തകർന്നുപോയാൽ സുഷുമ്‌നയുടെ സുരക്ഷ അപകടത്തിലാവുന്നു. ഈ നാഡിക്ക് അപകടം സംഭവിച്ചാൽ തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ ലക്ഷ്യത്തിലെത്തില്ല. നാഡീ സന്ദേശങ്ങൾ എത്തിയില്ലെങ്കിൽ അവയവങ്ങൾ പ്രവർത്തനരഹിതമാവും. ഇവിടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. സുഷുമ്‌നയ്ക്ക് അപകടം സംഭവിച്ചാൽ പിന്നെ ശരിയാക്കാനാവില്ല. അതുകൊണ്ടാണ് അപകടങ്ങളിൽ പരിക്കേൽക്കുന്ന പലരുടെയും ശിഷ്ടജീവിതം വീൽചെയറിലും കിടക്കയിലും മാത്രമായി ഒതുങ്ങുന്നത്.

നട്ടെല്ലിന് ഏൽക്കുന്ന പരിക്കുകൾ പലവിധത്തിൽ ആവാം. അപകടവേളയിൽ കശേരുക്കൾ ഒടിഞ്ഞ് സുഷുമ്‌നയിൽ തറച്ചുകയറാം. ചിലപ്പോൾ കശേരുക്കൾ പൊട്ടി സുഷുമ്‌നാനാഡിയിൽ അമർന്നു ക്ഷതമേൽക്കാം. ചില അപകടങ്ങളിൽ സുഷുമ്‌നാനാഡി തന്നെ മുറിഞ്ഞുപോകാം.

അപകടത്തിനുശേഷവും സുഷുമ്‌നയ്ക്ക് പരിക്കേൽക്കാം. പരിക്കേറ്റവരെ അപകടസ്ഥലത്തുനിന്ന് നീക്കുമ്പോഴും വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴുമെല്ലാം സുഷുമ്‌നയ്ക്ക് ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാറുമുണ്ട്. വാഹനാപകടത്തിൽ സുഷുമ്‌നയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടശേഷം രണ്ടാംഘട്ടത്തിൽ പരിക്കേൽക്കുന്നത് വലിയൊരു ദുരന്തമാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാനാവുന്ന ദുരന്തം. സൂക്ഷ്മതയോടെ കൈ കാര്യം ചെയ്താൽ രക്ഷപ്പെടുത്താൻ പറ്റുന്ന വ്യക്തിയാവും ആജീവനാന്ത കാലം കിടപ്പിലാവുന്നത്. അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ രക്ഷിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെങ്കിലും പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ബഹളത്തിനിടയിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പ്രശ്‌നമായി തീരാറുണ്ട്. പരിക്കേറ്റവരെ മാറ്റുന്നതിനിടയിൽ അപകടത്തിൽ ഒടിഞ്ഞുകിടക്കുന്ന കശേരുക്കൾ സുഷുമ്‌നയിൽ അമരുന്നതുമൂലം അതിന് ക്ഷതമേൽക്കാനും മുറിഞ്ഞു പോകാനും ഇടയാക്കും. അപകടത്തെ തുടർന്ന് കശേരുക്കളുടെ സംരക്ഷണമില്ലാതെ നിൽക്കുന്ന സുഷുമ്‌ന വലി ഞ്ഞുമുറുകി അറ്റുപോവുകയും ചെയ്യാം.

അശ്രദ്ധ ഒന്നുകൊണ്ടുമാത്രം ഒരാൾക്ക് ചലനശേഷി ഇല്ലാതായിപ്പോകുന്ന അവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. സങ്കടകരമാണത്. ഈ സാഹചര്യം ഒഴി വാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അപകടത്തിൽപ്പെട്ടവരെ ആസ്പത്രിയിൽ എത്തിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം.

പരിക്കേറ്റയാളെ നീക്കാം,
തടി ഉരുട്ടുന്നതുപോലെ

അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ഏതൊരാളെയും വളരെ കരുതലോടെ വേണം സുരക്ഷിത സ്ഥാനത്തേക്ക് നീക്കാൻ. നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടോ എന്ന് ആർക്കും ഒറ്റനോട്ടത്തിൽ പറയാനാകില്ല. അതിനാൽ നട്ടെല്ലിന് പരിക്കേറ്റിരിക്കാം എന്ന അനുമാനത്തിൽ തന്നെ വേണം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തുന്നതുവരെ കൈകാര്യം ചെയ്യാൻ.

  • പരിക്കേറ്റവരെ ഒരു കാരണവശാലും തൂക്കിപ്പിടിച്ചും പിടിച്ചുവലിച്ചും വാഹനത്തിലേക്ക് കയറ്റരുത്.

  • അപകടസ്ഥലത്തുനിന്ന് മാറ്റുമ്പോൾ പരിക്കേറ്റയാളുടെ തലയും കഴുത്തും കൈയും നട്ടെല്ലുമൊന്നും ഇളകാതെ നോക്കണം.

  • അഞ്ച് പേർ ചേർന്നുവേണം പരിക്കേറ്റയാളെ അപകടസ്ഥലത്തുനിന്ന് നീക്കാൻ. പരിക്കേറ്റു കിടക്കുന്നയാളുടെ സുഷുമ്‌നാനാഡിക്ക് ക്ഷതമേ ൽക്കാതെ സംരക്ഷിക്കാനാണ് ഈ മുൻകരുതൽ.

  • ഒരു തടി ഉരുട്ടുന്നതുപോലെ വേണം പരിക്കേറ്റയാളെ സ്‌ട്രെച്ചറിലേക്ക് മാറ്റാൻ.

  • അപകടത്തിൽ പരിക്കേറ്റയാൾ മലർന്നോ കമിഴ്‌ന്നോ ആണ് കിടക്കുന്നതെങ്കിൽ മൂന്നുപേർ ചേർന്ന് സപ്പോർട്ട് നൽകി ആദ്യം ഒരു വശത്തേക്ക് പകുതി തിരിക്കണം. എന്നിട്ട് സ്‌ട്രെച്ചർ ഒരു വശത്ത് വച്ചുവേണം അതിലേക്ക് മാറ്റാൻ.

പരിക്കേറ്റയാളെ
അപകടസ്ഥലത്തുനിന്ന് മാറ്റുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സ്ട്രെച്ചർ ഇല്ലെങ്കിൽ:

ഒരാൾ പരിക്കേറ്റയാളുടെ തലയുടെയും ചുമലിന്റെയും ഭാഗത്ത് പിടിക്കുക. പരിക്കേറ്റയാളുടെ തല കൈത്തണ്ടകൾക്കിടയിൽ വരണം. തള്ളവിരൽ ചുമലിനു മുകളിലും മറ്റു വിരലുകൾ ചുമലിനടിയിലും വരുന്ന വിധത്തിൽ പിടിക്കുക. രണ്ടുപേർ പരിക്കേറ്റയാളുടെ ശരീരം ഇളകാതെ പിടിക്കണം. ഒരാൾ കൈയുടെ മുകൾ ഭാഗത്തും നടുഭാഗത്തും. മറ്റേയാൾ കൈമുട്ടിനടുത്തും കാൽമുട്ടിനടുത്തും.
ഒരാൾ പരിക്കേറ്റയാളുടെ തലയുടെയും ചുമലിന്റെയും ഭാഗത്ത് പിടിക്കുക. പരിക്കേറ്റയാളുടെ തല കൈത്തണ്ടകൾക്കിടയിൽ വരണം. തള്ളവിരൽ ചുമലിനു മുകളിലും മറ്റു വിരലുകൾ ചുമലിനടിയിലും വരുന്ന വിധത്തിൽ പിടിക്കുക. രണ്ടുപേർ പരിക്കേറ്റയാളുടെ ശരീരം ഇളകാതെ പിടിക്കണം. ഒരാൾ കൈയുടെ മുകൾ ഭാഗത്തും നടുഭാഗത്തും. മറ്റേയാൾ കൈമുട്ടിനടുത്തും കാൽമുട്ടിനടുത്തും.
പരിക്കേറ്റയാളെ പതിയെ ചെരിക്കുക. കക്ഷവും ഇടുപ്പും തിരിക്കുന്നത് അനുസരിച്ച് തലയും കാലുകളും തിരിക്കുക. ചെരിഞ്ഞു കിടക്കുന്ന രോഗിയുടെ കീഴ്ഭാഗത്ത് രണ്ടുപേർ സപ്പോർട്ട് നൽകുക.
പരിക്കേറ്റയാളെ പതിയെ ചെരിക്കുക. കക്ഷവും ഇടുപ്പും തിരിക്കുന്നത് അനുസരിച്ച് തലയും കാലുകളും തിരിക്കുക. ചെരിഞ്ഞു കിടക്കുന്ന രോഗിയുടെ കീഴ്ഭാഗത്ത് രണ്ടുപേർ സപ്പോർട്ട് നൽകുക.
നാലുപേരും കൈകൾ കോർത്ത് കൈത്തണ്ടയിൽ താങ്ങി പരിക്കേറ്റയാളെ ആംബുലൻസിലേക്ക് നീക്കുക.
നാലുപേരും കൈകൾ കോർത്ത് കൈത്തണ്ടയിൽ താങ്ങി പരിക്കേറ്റയാളെ ആംബുലൻസിലേക്ക് നീക്കുക.

സ്ട്രെച്ചർ ഉണ്ടെങ്കിൽ:

പരിക്കേറ്റയാളെ നീക്കാൻ സ്ട്രെച്ചറുണ്ടെങ്കിലും ആദ്യ മൂന്നു ഘട്ടം മേൽസൂചിപ്പിച്ചപോലെ തന്നെ വേണം.

കഴുത്ത്, ദേഹം എന്നിവ ഇളകാതിരിക്കാൻ സ്ട്രാപ്പിടുക. മൂന്നുപേർ ചേർന്ന് പരിക്കേറ്റയാളെ ശരീരം ഇളകാതെ ചെരിച്ച് കിടത്തുക. സ്‌ട്രെച്ചർ ശരീരത്തോട് ചേർത്തുവെക്കുക. പരിക്കേറ്റയാളെ ദേഹം ഇളകാതെ സ്‌ട്രെച്ചറിലേക്ക് കിടത്തുക. സ്‌ട്രെച്ചറിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുക.
കഴുത്ത്, ദേഹം എന്നിവ ഇളകാതിരിക്കാൻ സ്ട്രാപ്പിടുക. മൂന്നുപേർ ചേർന്ന് പരിക്കേറ്റയാളെ ശരീരം ഇളകാതെ ചെരിച്ച് കിടത്തുക. സ്‌ട്രെച്ചർ ശരീരത്തോട് ചേർത്തുവെക്കുക. പരിക്കേറ്റയാളെ ദേഹം ഇളകാതെ സ്‌ട്രെച്ചറിലേക്ക് കിടത്തുക. സ്‌ട്രെച്ചറിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുക.

READ: ‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments