2025- ലെ കാലവർഷം വന്നുകഴിഞ്ഞു. ഏപ്രിൽ, മെയ് വേനൽചൂടിന്റെ ആധിക്യം കാരണം, കാലവർഷത്തെ, മലയാളി വരവേൽക്കുന്നത് അത്യുത്സാഹത്തോടെയാണ്. പ്രകൃതിക്കും അത്യധികം രോമാഞ്ചം പകരുന്ന ഒരു അനുഭവമാണ് മൺസൂൺ അഥവാ കാലവർഷം.
ജൂൺ ഒന്നിന് കുട്ടികൾ കൂട്ടത്തോടെ പുതിയ കുടയും – കുപ്പായവും, റൈൻ കോട്ടും – ഷൂസും ആയി പോവുന്ന ആ മനോഹര കാഴ്ച, അധികദിവസം കഴിയുമ്പോഴേക്കും ജലദോഷത്തിന്റെയും പനിയു ടെയും തൊണ്ടവേദനയുടെയും ചുമയുടെയുമൊക്കെ നിർദ്ദാക്ഷിണ്യ കടന്നുകയറ്റത്തിനാൽ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ, ദുര്യോഗ ദുഃസ്ഥിതിയിലേക്കുള്ള കൂപ്പുകുത്തലിൽ, അസഹനീയമായി മാറും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമുക്ക് കൃത്യമായി പരിശോധിക്കാം.
1. പെട്ടെന്നാണ് എപ്പോഴും മഴക്കാലത്തിന്റെ വരവ്. അത്യുഷ്ണത്തിൽ നിന്നും, പെട്ടെന്നുള്ള താഴ്ന്ന താപനില, വൈറസുകൾക്കും ബാക്റ്റീരിയകൾക്കും വളരെ അനുകൂലമാവുകയും, അവ ക്രമാതീതമായി പെറ്റുപെരുകുകയും, മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു.
2. ഈർപ്പം നിറഞ്ഞ അന്തരീക്ഷവും, പൂപ്പൽ പൊടിപടലങ്ങൾ എന്ന് നമ്മൾ പറയുന്ന, വീട്ടിനകത്തെ ചിലന്തി വിഭാഗത്തിലെ അതിസൂക്ഷ്മാണുക്കൾ, (ഹൗസ് ഡസ്റ്റ് മൈറ്റ്), അലർജിക്ക് ഹേതുവാകുന്ന ചെടികൾ, നമ്മുടെ തന്നെ ശരീരത്തിൽ നിന്നും മൊരി ഞ്ഞു വരുന്ന തൊലിയുടെയും താരന്റെയും പൊടികൾ എന്നി വയൊക്കെ മനുഷ്യരുടെ മൂക്കിലേക്കും തൊണ്ടയിലേക്കും ശ്വാസകോശത്തിലേക്കും കയറിയിട്ടുണ്ടാകുന്ന അലർജി.
3. മനുഷ്യശരീരത്തിന്റെ, രോഗപ്രതിരോധത്തിന്റെ ക്ഷീണാവസ്ഥ.
4. അശുദ്ധവായുവിന്റെയും കെട്ടിനിൽക്കുന്ന അഴുക്കുനിറഞ്ഞ വെള്ളത്തിന്റെയും, കൊതുകുകളുടെയും കൂത്താടികളുടെയും അധികരിച്ച രോഗജന്യാവസ്ഥ.
5. അധികരിച്ച വൈറൽ അണുബാധകൾ – ജലദോഷം, ഫ്ലൂ എന്നിവയുടെ തണുപ്പുകാലത്തെ അതിവേഗ പകർച്ച.
6. അണുബാധയുള്ള, കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയും കുളിക്കുകയും ചെയ്യുന്നത്.
7. അന്തരീക്ഷമർദ്ദത്തിന്റെ പെട്ടെന്നുള്ള വ്യത്യാസങ്ങൾ, സൈനസുകളുടെയും (Sinus), ചെവിയുടെയും, ചിലപ്പോൾ ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ബാധിക്കുന്നതു!കൊണ്ടുള്ള അസുഖങ്ങൾ.
8. തണുത്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുമ്പോഴുള്ള അണുവർധന.
അങ്ങനെ പോകുന്നു അന്തരീക്ഷവ്യതിയാന രോഗാവസ്ഥകൾ.
ഇതെല്ലാം കൂടി ചേർന്ന് ഒറ്റക്കോ കൂട്ടമായോ ചെവി, തൊണ്ട, മൂക്ക് എന്നിവയുടെ ഭൗതിക / രാസ പ്രക്രിയകളും, അവയുടെ ധർമ്മവും അവതാളത്തിലാക്കുമ്പോൾ, മഴമൂലം വർദ്ധിച്ച രോഗാണുക്കൾക്ക് നമ്മുടെ ശരീരം ഒരു നല്ല ആവാസസ്ഥലമാവുകയും, നമ്മൾ രോഗത്തിനടിമപ്പെടുകയും ചെയ്യുന്നു.
ഇനി സാധാരണ മഴജന്യരോഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ്
അന്തരീക്ഷത്തിലെ താപ- മർദ്ദ വ്യതിയാനങ്ങൾ തന്നെ മതി മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാവാൻ. അതോടെ ശ്വാസതടസവും തുമ്മലും വരികയായി. അതിന്റെ കൂടെ വൈറൽ– ബാക്റ്റീരിയൽ അണുബാധ കൂടിചേർന്നാൽ, റൈനൈറ്റിസ് (ജലദോഷം), സൈനുസൈറ്റിസ് എന്ന രോഗങ്ങളായി... പോരാഞ്ഞ് പനിയും.
സൈനുസൈറ്റിസ്
മർദ്ദവ്യത്യാസവും അണുബാധയും സൈനസ്സുകൾ എന്ന തലയിലെ എല്ലുകളിലുള്ള വായുഅറകളിലേക്ക് പ്രവേശിക്കുന്നതോടെ തലവേദന, ശബ്ദവ്യത്യാസം, മഞ്ഞനിറത്തിലുള്ള കട്ടികൂടിയ സ്രവങ്ങൾ, ചിലപ്പോൾ രക്തം കലർന്ന മൂക്കൊലിപ്പ് എന്നിവയും വരികയായി. മുഖവേദനയും, തലവേദനയും, കണ്ണുവേദനയും, ചെവിവേദനയും കൂടിയായാൽ പിന്നെ ഡോക്ടറെ കാണാതെ തരമില്ല എന്ന അവസ്ഥയായി.
ഒരു പ്രാഥമിക ചികിത്സ എന്ന നിലയിൽ ധാരാളം വെള്ളം കുടിക്കുകയും (മഴക്കാലമാണെങ്കിൽപോലും), ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും, നീരാവി കൊള്ളുകയും, പാരസെറ്റമോൾ ഗുളിക പനിക്കും തലവേദനക്കും കഴിക്കുകയും ചെയ്യാം. എന്നാൽ മൂക്കിലുറ്റിക്കുന്ന മരുന്നുകളും, ജലദോഷ ഗുളികകളും ആൻ്റിബയോട്ടിക് മരുന്നുകളും കഴിക്കുന്നത് ഒരു ഡോക്ടറുടെ മേൽനോട്ടത്തിലാവണം.
പരമാവധി 5–7 ദിവസങ്ങൾകൊണ്ട് മാറുന്ന ഈ അസുഖങ്ങൾ തുടരുകയാണെങ്കിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട് നല്ല മരുന്നുകൾ കഴിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് മൂക്കിലെയും സൈനസുകളി ലെയും സ്രവങ്ങൾ പിന്നോട്ട് തൊയിലേക്ക് ഒഴുകി തൊണ്ടവേദനയും ചുമയും തുടങ്ങിയാൽ, അവ വെച്ച് വൈകിക്കരുത്.
ഓട്ടൈറ്റിസ് എക്സ്റ്റേർണ (ബാഹ്യകർണ അണുബാധ)
ഇതിന്റെ പ്രധാന കാരണം ഈർപ്പവും, സ്വയം ചെവി ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളും, ചെവിത്തോണ്ടി, ഇയർ ബഡ്ഡുകൾ എന്നിവയുടെ അമിത ഉപയോഗവുമാണ്. മഴവെള്ളവും അന്തരീക്ഷ ഈർപ്പവും ചെവിയിൽ സ്വഭാവികമായുാവുന്ന മെഴുകിനെ (ചെപ്പി, ഇയർ വാക്സ്) കുതിർത്ത് ചെവി അടഞ്ഞുപോവുകയും, ആ സമ യത്ത് ചെവി മാന്തുക വഴി ബാഹ്യകർണത്തിന്റെ ഭിത്തികളിൽ പോറലുണ്ടാവുകയും ചെയ്താൽ, അണുബാധ നിശ്ചയം. സ്വതവേ തന്നെ ചെവിയുടെ കനാലിൽ അധിവസിക്കുന്ന പൂപ്പൽ (കാൻഡിട), സ്നേഹിത ബാക്റ്റീരിയകൾ എന്നിവ ഈർപ്പത്തിലും കനാലിലെ മുറിവുകളിലും ഊറ്റം കൊണ്ടു വളർന്ന്, സഹിക്കാൻ വയ്യാത്ത ചെവിവേദനയുണ്ടാക്കും.
ചെവിയിൽ നിന്ന് നീരൊലിപ്പും, അസ്വാഭാവിക മണവും കൂടിയായാൽ ചിലപ്പോൾ ചെറുപ്രാണികളും, ഈച്ചയും, കൂറയും, ഉറുമ്പും ഒക്കെ ചെവിയിലേക്ക് ആകർഷിക്കപ്പെടും. പിന്നെയുണ്ടാവുന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. പ്രാഥമിക ചികിത്സ കൊണ്ട് ഇത് ചിലപ്പോൾ മാറിയെന്നു വരില്ല.
ഓട്ടൈറ്റിസ് മീഡിയ (മദ്ധ്യകർണ അണുബാധ / ന്യൂനമർദ്ദാവസ്ഥ).
മദ്ധ്യ ചെവിയിൽ നിന്ന് മൂക്കിന്റെ പുറകുവശത്തേക്ക് ഒരു വായു സഞ്ചാരമാർഗ്ഗമുണ്ട്. ജലദോഷം പിടിച്ചാൽ, മൂക്കിലെ നീർവെയ്പ്പുകാരണം ഈ മാർഗ്ഗം ചിലപ്പോൾ അടഞ്ഞുപോവും.
ശ്വാസോച്ഛ്വാസ സമയത്ത് മദ്ധ്യകർണത്തിലേക്ക് വായു എത്തിക്കാനും, മദ്ധ്യകർണത്തിലുണ്ടാവുന്ന നീരുകൾ തൊണ്ടയിലേക്ക് ഒഴുക്കികളയാ നുമുള്ള ഈ വാതായനം അടഞ്ഞുപോയാൽ, മദ്ധ്യ കർണ്ണത്തിൽ ന്യൂനമർദ്ദവും, തന്മൂലം കർണ്ണപടം അകത്തേക്ക് വലിയുകയും, ചെവിയുടെ കേൾവി കുറയുകയും ചെയ്യും. കുറച്ചധികം നാൾ ഇത് തുടർന്നാൽ മദ്ധ്യ ചെവിയിൽ നീരുറവയുാകുകയും, കേൾവി പൂർവാധികം കുറയുകയും ചെയ്യും. കെട്ടിനിൽക്കുന്ന നീരിൽ അണുബാധയുണ്ടായാൽ, ഈ നീര് പഴുപ്പാവുകയും, ചിലപ്പോൾ, ന്യൂനമർദ്ദം മാറി അമിത മർദ്ദമായി, കർണ്ണപടം പൊട്ടി, ചെവിയൊലിപ്പുണ്ടാവുകയും ചെയ്യുന്നു.

ഇതാണ് ചില വിദ്വാന്മാർ ചെവിയിലെയും തലയിലെയും അഴുക്കൊഴുകിപ്പോയ്ക്കോട്ടെ എന്ന് പറഞ്ഞ്, തെറ്റായ ചികിത്സ നൽകാൻ കാരണം. കർണ്ണപടം പൊട്ടി, മദ്ധ്യകർണ്ണത്തിലെ അതിമർദ്ദം കുറഞ്ഞാൽ, വേദന കുറയും. എന്നാൽ കർണ്ണപടം പൊട്ടിയാലുണ്ടാകുന്ന ദീർഘകാല ഭവിഷ്യത്തുകൾ ഈ ലേഖനത്തിന്റെ പരിധിക്കപ്പുറമാണ്.
തൊണ്ടവേദന അഥവാ ടോൺസിലൈറ്റിസ്, ഫാരിഞ്ജയ്റ്റിസ്.
മേല്പറഞ്ഞ എല്ലാ കാരണങ്ങളും ടോൺസിലൈറ്റിസ്, ഫരിഞ്ജയ്റ്റിസ് എന്നീ അസുഖങ്ങൾക്കും, തിരിച്ചും, കാരണമാവാം. പനിയും തൊണ്ട വേദനയും വരാത്ത ഒരാൾ പോലും നമ്മുടെയിടയിലുണ്ടാവാൻ വഴിയില്ല. അത് 3–5 ദിവസങ്ങൾക്കുള്ളിൽ മാറുകയും, പനിയും കഴുത്തുവേദനയും കുറയുകയും ചെയ്താൽ സമാധാനമായി. എന്നാൽ, അതിലധികദിവസം തൊണ്ടവേദന നിലനിൽക്കുകയാണെങ്കിൽ, കഴു ത്തിലെ കഴലകൾ വീങ്ങുക, ചുമ, നെഞ്ചുവേദന എന്നിവയും കൂടെ ചേർന്നാൽ ഓർക്കുക, നിങ്ങൾ അപകടത്തിന്റെ പാതയിൽ ആണ്.
രോഗപ്രതിരോധ മാർഗങ്ങൾ
-കൈകൾ ആവർത്തിച്ചു കഴുകുക.
-ധാരാളം വെള്ളം കുടിക്കുക.
-നീരാവി ശ്വസിക്കുക.
-ആവശ്യത്തിന് സ്പിരിറ്റ് ഉള്ള സാനിറ്റൈസർ ഉപയോഗിക്കുക. -അലർജിയുണ്ടാക്കുന്ന ചെടികൾ, വളർത്തുമൃഗങ്ങൾ, പൂമ്പൊടിയുള്ള പൂക്കൾ എന്നിവയിൽ നിന്നകന്നുനിൽക്കുക.
-സലൈൻ (നേർപ്പിച്ച ഇളം ചൂടുള്ള ഉപ്പുവെള്ളം) കൊണ്ട് നാസാദ്വാരങ്ങളും തൊണ്ടയും കഴുകുക.
-ചൂടുള്ള ഭക്ഷണ പാനീയങ്ങൾ മാത്രം കഴിക്കുക.
-ചെവി കഴിവതും ഉണക്കി സൂക്ഷിക്കുക. പഞ്ഞി കൊണ്ടോ, പ്ലഗ്ഗു കൊണ്ടോ ചെവി അടച്ചുവെക്കാതിരിക്കുക. കാരണം ചെവിയിലെ ഈർപ്പം ഉണങ്ങാതെ കെട്ടിനിന്നാൽ, പൂപ്പലും മറ്റും, നനഞ്ഞ ചുമരിൽ വളരുമ്പോലെ ചെവിയിലും വളരും.
-ചെവിയിൽ അന്യവസ്തുക്കൾ തുടക്കാനും ചൊറിയാനും ഇടാതിരിക്കുക.
-ചെവിക്കസുഖമുള്ളവർ നീന്തൽ സമയത്തും, കുളിക്കുമ്പോഴും ഇയർ പ്ലഗ്ഗ് ധരിക്കുക.
-മൂക്ക് ചീറ്റി അവിടവിടെ തേച്ചു തുടച്ച്, മറ്റുള്ളവർക്ക് അണുബാധ ഉാക്കാതിരിക്കുക.
-പൊതുസ്ഥലങ്ങളിൽ കാർക്കിച്ചു തുപ്പാതിരിക്കുക.
-പകർച്ചവ്യാധികളുടെ സമയത്ത് കൂട്ടം ചേരാതിരിക്കുക.
-ബസ് സ്റ്റോപ്പിലും മറ്റും മഴസമയത്ത്, നനഞ്ഞ മനുഷ്യരുടെ ഇടയിൽ തിക്കിതിരക്കി നിൽക്കുന്നത് ഒഴിവാക്കുക.
-നനഞ്ഞ വസ്ത്രങ്ങൾ അധികനേരം ധരിക്കാതിരിക്കുക.
-പഴകിയ ആഹാരങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക.
നിങ്ങളുടെ വീടും പരിസരവും വൃത്തിയായി വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക.
-ഈർപ്പമില്ലാത്ത മുറിയിൽ ഉറങ്ങുക.
READ: ഡെങ്കിപ്പനി
മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ
മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ
തികച്ചും സാധാരണം;
പക്ഷെ, അസാധാരണം
രോഗങ്ങളുടെയും വെല്ലുവിളികളുടെയും
മഴക്കാലം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

