കുടലിലെ നീർവീക്കം (IBD): ഒളിച്ചിരിക്കുന്ന വില്ലൻ

കുടലിലെ നീർവീക്കം അധികം ചർച്ച ചെയ്യപ്പെടാത്ത രോഗങ്ങളിലൊന്നാണ്. നീണ്ട ചികിത്സാകാലയളവും ഉയർന്ന ചികിത്സാ ചെലവുമെല്ലാം മൂലം സാമൂഹികതലത്തിൽ വലിയ ആഘാതമാണ് ഈ രോഗം സൃഷ്ടിക്കുന്നത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പ്രതാപൻ വി.കെ., ഡോ. തോമസ് കുര്യൻ എന്നിവർ എഴുതിയ ലേഖനം.

ൻഫ്‌ളമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease- IBD) അഥവാ കുടലിലെ നീർവീക്കം നമ്മുടെ നാട്ടിൽ താരതമ്യേന അധികം ചർച്ച ചെയ്യപ്പെടാത്ത രോഗങ്ങളിലൊന്നാണ്. പാശ്ചാത്യരാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും ആഗോളവത്കരണത്തിന്റെ ഫലമായി ഉടലെടുത്ത പുത്തൻ ഭക്ഷണശീലങ്ങളും വ്യാപകമായ നഗരവത്കരണം വരുത്തിവച്ച ജീവിതശൈലീവ്യതിയാനവും മൂലം നമ്മുടെ നാട്ടിലും ഐ ബി ഡി (IBD) വർദ്ധിച്ചുവരുന്നതായാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. രോഗനിർണയത്തിൽ ഉണ്ടായേക്കാവുന്ന കാലതാമസവും നീണ്ട ചികിത്സാകാലയളവും പ്രതീക്ഷ നൽകുന്ന നൂതന ചികിത്സാമാർഗ്ഗങ്ങൾക്ക് വേണ്ടിവരുന്ന ഉയർന്ന ചെലവുമെല്ലാം മൂലം സാമൂഹികതലത്തിൽ വലിയ ആഘാതമാണ് ഈ രോഗം സൃഷ്ടിക്കുന്നത്.

എന്താണ് IBD?

ദഹനവ്യവസ്ഥയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കുടലിൽ ബാധിക്കുന്ന നീർവീക്കമാണ് IBD. ക്രോൺസ് ഡിസീസ് (crohn's disease - CD), അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative colitis - UC) എന്നിങ്ങനെ ഐ ബി ഡി രണ്ടുതരത്തിലുണ്ട്. UC വൻകുടലിനെ മാത്രം ബാധിക്കുമ്പോൾ CD വായ മുതൽ മലദ്വാരം വരെ ഉണ്ടാവാം.

യഥാർത്ഥ രോഗകാരണം ഇനിയും വ്യക്തമല്ലെങ്കിലും ഐ ബി ഡിയിലേക്കു നയിക്കുന്ന പല ഘടകങ്ങളുണ്ട്. ഒരു വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകളും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളും ജനിതകമായ കാരണങ്ങളും മൂലം രോഗമുണ്ടാകാം. 15-45 വയസ്സിനിടയിലുള്ളവരിലാണ് രോഗം സാധാരണ കാണുന്നതെങ്കിലും ക്രോൺസ് ഡിസീസ് (CD) വകഭേദം കുട്ടികളിലും കാണാം. സ്ത്രീകളിലും കുട്ടികളിലും രോഗസാധ്യത ഒരുപോലെയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരേക്കാൾ ശുചിത്വമുള്ള പരിസരങ്ങളിൽ ജീവിക്കുന്നവരിൽ രോഗസാധ്യത ഏറെയാണെന്ന് പഠനങ്ങളുണ്ട്.

അൾസറേറ്റീവ് കൊളൈറ്റിസ് (UC)

വൻകുടലിന്റെ ആന്തര സ്തരങ്ങളേയാണ് കുടൽവീക്കത്തിന്റെ ഈ വകഭേദം ബാധിക്കുന്നത്. അവിടെ വ്രണങ്ങളുണ്ടാവുകയും അവ ദീർഘകാലം ഉണങ്ങാതിരിക്കുകയും ചെയ്യും. ഗുരുതരമായ രോഗാവസ്ഥയിൽ മാരകമായ കുടൽവീക്കം (fulminant colitis), വൻകുടലിന്റെ അനിയന്ത്രിതമായ വികാസം (toxic megacolon..), കുടലിൽ സുഷിരങ്ങൾ (.perforation.) എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു ജീവനുതന്നെ ഭീഷണിയാവും.

ക്രോൺസ് ഡിസീസ് (CD)

CD ദഹനവ്യവസ്ഥയിൽ എവിടെയും ബാധിക്കാമെങ്കിലും ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ചെറുകുടലിന്റെ അവസാനഭാഗത്തും മലാശയത്തിലുമാണ്. കുടലിന്റെ എല്ലാ സ്തരങ്ങളേയും ബാധിക്കുന്ന തരത്തിൽ ആഴമുള്ള വ്രണങ്ങൾ കാണപ്പെടുന്നു. ഈ വ്രണങ്ങൾ കുടൽ ചുരുങ്ങിപ്പോകാനും (stricture) അതുവഴി കുടലിനു തടസ്സമുണ്ടാകാനും (intestinal obstruction) കുടലിന്റെ വിവിധഭാഗങ്ങൾ തമ്മിലോ ത്വക്കിലേക്കോ മറ്റ് അവയവങ്ങളിലേക്കോ അസാധാരണമായ നാളികൾ (fistula) രൂപപ്പെടാനും കാരണമാവാം. കുടലിൽ സുഷിരങ്ങളുണ്ടായി പഴുപ്പുകെട്ടുന്ന അവസ്ഥയും കാണപ്പെടാം.

അൾസറേറ്റീവ് കൊളൈറ്റിസ് , ക്രോൺസ് ഡിസീസ്
അൾസറേറ്റീവ് കൊളൈറ്റിസ് , ക്രോൺസ് ഡിസീസ്

ലക്ഷണങ്ങൾ

അസഹ്യമായ വയറുവേദന, രക്തം കലർന്ന മലം, വയറിളക്കം, പനി, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, വിളർച്ച, അമിതമായ ക്ഷീണം എന്നിവ രണ്ടുതരം എബിഡികളിലും കണ്ടുവരുന്ന പൊതുലക്ഷണമാണ്. കൃത്യമായ ചികിത്സ നൽകിയിട്ടും ഭേദമാകാത്ത/വീണ്ടും വരുന്ന ഗുഹ്യഭാഗത്തെ ഫിസ്റ്റുലകൾ ക്രോൺസ് ഡിസീസിന്റെ (CD) ലക്ഷണമാവാം.

കുട്ടികളിൽ കാണപ്പെടുന്ന CD വകഭേദം തീവ്രത കൂടിയതാണ്. അതു വളർച്ചമുരടിപ്പിനു കാരണമാവാം.

കുടലിൽ മാത്രമല്ല, കരൾ, സന്ധികൾ, കണ്ണ്, ത്വക്ക് എന്നിവയിലും ഐബിഡി സംബന്ധമായ രോഗലക്ഷണങ്ങൾ കാണപ്പെടാം.

UC, CD എന്നീ രണ്ടു വകഭേദങ്ങളും വൻകുടലിൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോഗപരിശോധനകൾ

രക്തപരിശോധന, മലപരിശോധന, കുഴലിറക്കി പരിശോധന, വിവിധതരം സ്‌കാനുകൾ എന്നിവ രോഗനിർണയത്തിനുപയോഗിക്കുന്നു. ഫീക്കൽ കാർ പ്രൊട്ടെക്ടിൻ എന്ന സവിശേഷമായ മലപരിശോധന ഐബിഡി രോഗനിർണയത്തിന് സഹായകമാണ്.

വൻകുടലിലേക്കുള്ള കുഴലിറക്കി പരിശോധന (colonoscopy) യിൽ സംശയാസ്പദമെന്നു തോന്നുന്ന വ്രണങ്ങളിൽ നിന്ന്/സ്തരഭാഗങ്ങളിൽനിന്ന് ബയോപ്‌സി പരിശോധന നടത്തിയാണ് അൾസറേറ്റീവ് കൊളൈറ്റിസ് (UC) രോഗനിർണ്ണയം നടത്തുന്നത്. ഇത് ഫലവത്തായില്ലെങ്കിൽ സി.ടി. എന്ററോഗ്രഫി, എം.ആർ. എന്ററോഗ്രഫി, ഹൈ-ഡെഫനിഷൻ അൾട്രാസൗണ്ട് സ്‌കാൻ എന്നിവ ഉപയോഗപ്പെടുത്താം.

അന്നനാളം വഴി ആമാശയത്തിലേക്കുള്ള കുഴലിറക്കി പരിശോധന (OGD scopy), കൊളൊണോസ്‌കോപ്പി എന്നിവ നടത്തി സംശയാസ്പദമായ സ്തരഭാഗങ്ങളിൽനിന്ന് ബയോപ്‌സി പരിശോധന നടത്തിയാണ് ക്രോൺസ് ഡിസീസ് (CD) സ്ഥിരീകരിക്കുന്ന ത്. ഇവ കൂടാതെ കാപ്‌സ്യൂൾ എൻഡോസ്‌കോപ്പി, ഡബിൾ ബലൂൺ (Double balloon) എന്ററോസ്‌കോപ്പി എന്നിവയും ഉപയോഗിക്കാം. കാപ്‌സ്യൂൾ എൻഡോസ്‌കോപ്പി ചെറുകുടലിന്റെ കാഴ്ചമാത്രം ലഭ്യമാകുമ്പോൾ ഡബിൾ ലൂമൻ സ്‌കോപ്പിയിൽ ബയോപ്‌സി ഉൾപ്പടെയുള്ള വിവിധ പ്രവർത്തനങ്ങൾ ചെറുകുടലിൽ ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. കുടൽ തടസം ഉൾപ്പെടെയുള്ള ചില അവസ്ഥകളിൽ കാപ്‌സ്യൂൾ എൻഡോസ്‌കോപ്പി ചെയ്യുന്നത് വിപരീതഫലം ഉണ്ടാക്കാം.

ഇവയിലൊന്നും രോഗനിർണയം സാധ്യമായില്ലെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ ഉപയോഗിച്ചുള്ള രോഗനിർണയം (Diagnostic laparoscopy) പരീക്ഷിക്കാം.

ചികിത്സ

രോഗം പരിപൂർണമായും ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും (പ്രത്യേകിച്ച് CD), ലക്ഷണങ്ങൾ നിയന്ത്രിച്ചു നിർത്താനും സങ്കീർണതകളും ഗുരുതരാവസ്ഥകളും ഒഴിവാക്കാനും ചികിത്സകൊണ്ട് സാധിക്കും.

നീർവീക്കം കുറയ്ക്കുന്ന മിസാലസിൻ (Mesalazine) എന്ന അമിനോ സാലിസിലേറ്റ് ഗണത്തിൽപ്പെട്ട മരുന്ന് ആരംഭദശയിലുള്ള അൾസറേറ്റീവ് കൊളൈറ്റിസ് (UC) ചികിത്സിക്കാൻ ഉപയോഗിക്കുന്നു. നിയന്ത്രണം കൈവന്നില്ലെങ്കിൽ സ്റ്റിറോയ്ഡ് മരുന്നുകൾ, അസാതയോപ്രിൻ (Azathioprine) മുതലായ ഇമ്യൂണോ സപ്രസന്റ് (Immuno suppresent) മരുന്നുകൾ ഉപയോഗിക്കാം. സങ്കീർണരോഗാവസ്ഥകളിൽ ഇൻഫ്‌ളിക്‌സിമാബ് (Infliximab) മുതലായ ജൈവിക നിയന്ത്രണത്തിലൂന്നിയ മരുന്നുകൾ (biological agents) ഫലപ്രദമാണ്. ഗുരുതരമായ രോഗാവസ്ഥകളിൽ കിടത്തിചികിത്സ ആവശ്യമാണ്. കുടലിന് വിശ്രമം നൽകുക, നിർജലീകരണം ഒഴിവാക്കുക, ഇൻജക്ഷൻ മരുന്നുകൾ നൽകുക എന്നിവവഴി രോഗം നിയന്ത്രണവിധേയമാക്കണം.

ക്രോൺസ് ഡിസീസിലെ മരുന്നുകളുടെ ഉപയോഗം അസുഖം ബാധിക്കുന്ന ദഹനവ്യവസ്ഥയിലെ ഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. ആരംഭദശയിലുള്ള CD നിയന്ത്രിക്കാൻ ബ്യൂഡിസോണൈഡ് (Budesonide) മുതലായ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കാം. പെന്റാസ തുടങ്ങിയ അമിനോ സാലിസിലേറ്റ് ഗണത്തിൽപ്പെട്ട മരുന്നുകളും ഉപയോഗിച്ചുവരുന്നു. തുടർചികിത്സയ്ക്ക് അസാതയോപ്രിൻ തുടങ്ങിയ ഇമ്യൂണോ സപ്രസന്റ് മരുന്നുകളും സങ്കീർണ്ണരോഗാവസ്ഥയിൽ ഇൻഫ്‌ളിക്‌സിമാസ് തുടങ്ങിയ ബയോളജിക്കൽ മരുന്നുകളും ഉപയോഗിക്കാം.

ഓപ്പറേഷൻ ആവശ്യമാണോ?

തുന്നിച്ചേർത്ത കുടൽഭാഗങ്ങൾ കൂടിച്ചേരാൻ കാലതാമസവും ഫിസ്റ്റുലകൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കുേമ്പോൾ ഐബിഡി രോഗികളിലെ ശസ്ത്രക്രിയകൾ ഏറെ പ്രയാസമേറിയതാണ്. അപ്പന്റിസൈറ്റിസ് മുതലായ മറ്റ് അസുഖങ്ങൾക്കുവേണ്ടി ചെയ്യുന്ന ഉദരശസ്ത്രക്രിയകൾപോലും സങ്കീർണ്ണമാവാം. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കാൻ വിഷയത്തിൽ ഏറെ അവഗാഹമുള്ള ഡോക്ടർമാരുടെ സേവനം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

വൻകുടലിന്റെ അനിയന്ത്രിത വികാസം (megacolon), മരുന്നുകളോട് പ്രതികരണമില്ലാ ത്ത വകഭേദങ്ങൾ, അതിഗുരുതര കുടൽവീക്കം (fulminant colitis), കുടലിന് ദ്വാരം, വയറിനുള്ളിൽ പഴുപ്പുനിറയൽ (..perforation peritonitis..) എന്നിങ്ങനെ അൾസറേറ്റീവ് കൊളൈറ്റിസിന്റെ ഗുരുതരമായ അവസ്ഥകളിൽ ശസ്ത്രക്രിയയാണ് ഉചിതമായ പ്രതിവിധി. ക്രോൺസ് ഡിസീസിന്റെ ഭാഗമായുണ്ടാകുന്ന കുടൽ ചുരുങ്ങിപ്പോകൽ (.stricture), അതുമൂലം കുടലിലുണ്ടാകുന്ന തടസം (intestinal obstruction), ഫിസ്റ്റുല എന്നിവയ്ക്കും ഓപ്പറേഷൻ ആവശ്യമായി വരും. രണ്ടുവിഭാഗം ഐബിഡിയിലും രൂപപ്പെടാവുന്ന കുടലിന്റെ കാൻസറിന് കൂടുതൽ വിപുലമായ ചികിത്സാ പദ്ധതികൾ ആവശ്യമാണ്.

വൻകുടലും മലദ്വാരവുമുൾപ്പെടെ എടുത്തുമാറ്റി ചെറുകുടൽ വയറിനുപുറമേ തുന്നിപ്പിടിപ്പിക്കു ന്നത് (ileostomy), വൻകുടൽ മലാശയംവരെ നീക്കംചെയ്തശേഷം ചെറുകുടൽകൊണ്ട് പുതിയൊരു മലാശയം സൃഷ്ടിച്ച് മലദ്വാരത്തോടു തുന്നിച്ചേർക്കുന്ന ത് (ileal pouch anal anastomosis(IPAA) തുടങ്ങി നിരവധി സാധ്യതകൾ അൾസറേറ്റീവ് കൊളൈറ്റിസിൽ ഉണ്ട്. ക്രോൺസ് ഡിസീസിൽ ആവട്ടെ ചെറുകുടൽ ഏറെ നീളത്തിൽ മുറിച്ചുമാറ്റേണ്ടി വന്നേക്കാം. ഇത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്ന ഷോർട്ട് ബവൽ സിൻഡ്രോമിന് (Short bowel syndrome) കാരണമാകാം. കുടൽ ചുരുക്കം മാറ്റാൻ ചെയ്യുന്ന സ്ട്രിക്ചറോപ്ലാസ്റ്റി (Strictroplasty) CDയിൽ മറ്റൊരു സാധ്യതയാണ്.

READ: അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments