രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉയർന്ന ഗുണനിലവാരമുള്ള വേണ്ടുവോളം മെഡിക്കൽ വിദഗ്ധരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക എന്നതാണ് 2020-ൽ രൂപീകൃതമായ ദേശീയ മെഡിക്കൽ കമീഷന്റെ പ്രഥമ ലക്ഷ്യം. അതിനോടൊപ്പം മെഡിക്കൽ സേവനങ്ങളുടെ എല്ലാ തലങ്ങളിലും ഉയർന്ന ധാർമ്മിക മൂല്യങ്ങൾ കർശനമായി നിലനിർത്തുകയെന്നതും കമീഷന്റെ പ്രഖ്യാപിത ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല കമീഷന്റെ പിൽക്കാലത്തെ ചില പ്രവർത്തനങ്ങൾ.
ആയുർവേദ ബിരുദധാരികളെ മോഡേൺ മെഡിസിനിൽ ചുരുങ്ങിയ കാലത്തെ പരിശീലനം നൽകി അവർക്ക് മോഡേൺ മെഡിസിൻ പ്രാക്ടീ സ് ചെയ്യാൻ അനുമതി കൊടുത്ത് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മറ്റു ഗവ. ആശുപത്രികളിലും നിയമിക്കുക എന്നതായിരുന്നു ഒരു പദ്ധതി. സംസ്ഥാന ങ്ങളുടെ ഉത്തരവാദിത്വത്തിൽ 'ബ്രിഡ്ജ് കോഴ്‌സ്' എന്ന മൂന്നു മാസക്കാലയളവിലുള്ള മറ്റൊരു പരിശീലനപരിപാടിയിലൂടെ ആയുർവേദ ഡോക്ടർ മാരെ 'കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ'മാരായി രാജ്യത്തെ പൊതുജനാരോഗ്യപ്രവർത്തനത്തിൽ പങ്കാളികളാക്കാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് നാഷണൽ ഹെൽത്ത് മിഷനും (NHM) ആയുഷ് മന്ത്രാലയവു മായിരുന്നു. മോഡേൺ മെഡിസിൻ ഡോക്ടർമാരെ ആവശ്യാനുസരണം ഗ്രാമപ്രദേശങ്ങളിൽ ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഏറ്റവും അശാസ്ത്രീയവും അധാർമ്മിക (Unethical) വുമായ ഈ നടപടി. സങ്കരവൈദ്യം എന്ന അനാശാസ്യം വഴി പൊതുജനാരോഗ്യരംഗത്തുണ്ടാകാൻ സാദ്ധ്യതയുള്ള വൻതിരിച്ചടി കളാണ് കൂടുതൽ പ്രശ്‌നമാവാൻ പോകുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം രോഗചികിത്സയെന്നതു മാത്രമല്ല, അതിലുപരിയായി രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം, ഉയർന്ന ഗുണനിലവാരമുള്ള ജീവിതം എന്നിവയാണ്. ആരോഗ്യ സംരക്ഷണം വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ല. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാകണമെന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്.
1983-ൽ ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച ദേശീയ ആരോഗ്യനയപ്രകാരം പ്രാഥമിക ആരോഗ്യചികിസത്സാസമ്പ്രദായം രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നു നിർദേശിക്കുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സയേക്കാൾ പ്രധാനം പൊതുജനാരോഗ്യ പ്രവർത്തനങ്ങളാണ്. അതിന്റെ പ്രാധാന്യവും ഉത്തരവാദിത്തവും ആയുർവേദ ബിരുദക്കാർക്ക് മനസ്സിലാകണമെങ്കിൽ ആ വിഷയം കൂടുതൽ പഠിക്കേണ്ടത് അനിവാര്യമാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം ആരോഗ്യ സൂചികകളിൽ കേരളം മുൻപന്തിയിൽ നിൽക്കാനുണ്ടായ കാരണം പൊതുജനാരോഗ്യരംഗത്ത് കേരളം നടത്തിയ ശാസ്ത്രീയ ഇടപെടലുകളാണ്.
ശാസ്ത്രീയ ചികിത്സാരീതികളോടൊപ്പം തികച്ചും അശാസ്ത്രീയമായ പാരമ്പര്യ ചികിത്സാരീതികളെയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതാണ് 'ആയുഷ്'. ആയുർവേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചുരുക്കപ്പേരാണ് ‘ആയുഷ്’. ഇതിൽ ആയുർവേദവും സിദ്ധയും ഇന്ത്യയുടെ സ്വന്തമാണ്. യൂനാനി പഴയ ഗ്രീക്കു ചികിത്സാരീതിയാണ്. എ.ഡി. പതിമൂന്നാം നൂറ്റാോടുകൂടി ഉത്തരേന്ത്യയിൽ പ്രചാരത്തിലായതും അക്കാലത്തെ മുസ്ലീം ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ചു വളർത്തിയെടുത്തതുതാണ് ഈ ചികിത്സ.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ ഇന്ത്യയിൽ പ്രചാരത്തിലായതും ജർമ്മനിയിലെ സാമുവൽ ഹനിമാൻ വികസിപ്പിച്ചെടുത്തതുമായ മറ്റൊരു ചികിത്സാരീതിയാണ് ഹോമിയോപ്പതി.
ആയുഷിൽ ഏറ്റവും പ്രമുഖ സ്ഥാനത്ത് നിൽക്കുന്നത് ആയുർവേദമാണ്. ആയുസ്സിന്റെ ശാസ്ത്രമായിട്ടാണ് ഇത് ആദരിക്കപ്പെടുന്നത്. വൈദികകാലത്ത് (ബി.സി. 5000) ഇന്ത്യയിൽ ഉട ലെടുത്തതായിട്ടാണ് ചരിത്രം പറയുന്നത്. പുരാണകഥകളും പ്രവാചകന്മാരും ഋഷിമാരും എല്ലാം ചേർന്നതാണ് ഈ കാലഘട്ടം. ചികിഝയുടെ ഹിന്ദുദൈവമായ ധന്വന്തരി ദേവാസുരയുദ്ധ സമയത്ത് പാലാഴി മഥനത്തിലൂടെ ജനിച്ചതാണെന്നാണ് വിശ്വാസം. അഥർവ വേദത്തി ലെ ചികിത്സാസംബന്ധമായ പരാമർശങ്ങളിൽ നിന്നാണ് ആയുർവേദമുണ്ടായതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്.
ത്രിദോഷ സിദ്ധാന്തമാണ് രോഗകാരണമായി ആയുർവേദം പറയുന്നത്. ശരീരത്തിലെ വാതം, പിത്തം, കഫം എന്നീ ദോഷങ്ങളുടെ അസന്തു ലിതമായ അവസ്ഥയാണ് രോഗമുണ്ടാക്കുന്നത്. ആത്രേയൻ, ചരകൻ, ശുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ് ആയുർവേദത്തിന്റെ അടിസ്ഥാന വക്താക്കൾ. ബി.സി. 800 മുതൽ എ.ഡി. 200 വരെയുള്ള ഒരു ദീർഘകാലയളവിലാണ് ആയുർവേദ ചികിത്സ വികസിക്കുന്നത്. ചരകസംഹിതയും ശുശ്രുത സംഹിതയുമെല്ലാം ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അവ തന്നെയാണ് ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും.
ആധുനിക ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ വിലയിരുത്തിയാൽ ആയുഷ് ചികിത്സകളെല്ലാം കപട ശാസ്ത്രങ്ങളാണ്. കേവലം വിശ്വാസ ചികിത്സകളാണ്. രോഗങ്ങളുണ്ടാകുന്നത് എങ്ങനെയാണെന്നോ മരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ യാതൊരു ശാസ്ത്രീയ തെളിവുകളും ഇവയ്ക്കു നൽകാനാകുന്നില്ല.
ആധുനിക വൈദ്യശാസ്ത്രത്തിന് ശാസ്ത്രീയ അടിത്തറയുണ്ട്. വെളിപാടുകൾക്കു പകരം തെളിവിനെ അടിസ്ഥാനപ്പെടുത്തിയാണ് രോഗനിർണ്ണയവും ചികിത്സയും രോഗപ്രതിരോധവും നടത്തുന്നത്. ശാസ്ത്രത്തിന്റെ വഴികളിലൂടെയാണ് മനുഷ്യന് തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പുതിയ അറിവുകൾ കിട്ടിയത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലും ആരോഗ്യ സംരക്ഷണത്തിലും അഭൂതപൂർവ്വമായ പൊളിച്ചെഴുത്തുകളും കുതിച്ചു ചാട്ടങ്ങളും ഉണ്ടായത്. ജീൻ എഡിറ്റിങ്ങും റോബോട്ടിക് സർജറിയും കൃത്രിമബുദ്ധി ഇടപെടലുകളും ഉണ്ടായതോടെ ചികിത്സാരംഗത്തുണ്ടായ പുത്തൻ ഉണർവുകൾ ഏറെ ശ്രദ്ധേയമാണ്. ആരോഗ്യ സൂചികകൾ മെച്ചപ്പെടുത്തുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും മാത്രമല്ല ജീവിതത്തിന്റെ ഗുണനിലവാരം (Quality of life) ഗണ്യമായ രീതിയിൽ വർദ്ധിക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം എന്നീ മേഖലകളിലുള്ള വിക സനത്തിന് ഏറ്റവും അനിവാര്യമായത് ജനങ്ങളുടെ ഉയർന്ന ആരോഗ്യനിലവാരം തന്നെയാണ്.
ആയുഷ് ഡോക്ടർമാരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ജില്ലാ ആശുപത്രികളിലും വിന്യസിക്കാൻ വേണ്ടിയുള്ള ഒരു ബ്രിഡ്ജ് കോഴ്‌സ് നാഷണൽ മെഡിക്കൽ മിഷൻ വിഭാവനം ചെയ് തിട്ടുണ്ട്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് അത് ലഭ്യമാക്കുന്നതായിരിക്കും എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയാണ് ഈ കോഴ്‌സ് നടത്തുന്നത്. ഏറെ രസകരമായി തോന്നിയത് ആയുർവേദതത്വങ്ങൾ ഉപയോഗിച്ച് ആധുനിക വൈദ്യശാസ്ത്ര ചികിത്സയെ കൂടുതൽ ഫലപ്രദമാക്കാൻ ഈ കോഴ്‌സ് ഉപകരിക്കും എന്ന അതിമോഹമാണ്. ഹോളിസ്റ്റിക് ചികിത്സ എന്ന ഓമനപ്പേരിട്ടു വിളിച്ചതുകൊണ്ടുമാത്രം സങ്കരവൈദ്യം (Crosspathy) ഒരിക്കലും ന്യായീകരിക്കപ്പെടുകയില്ല. അത് അസംബന്ധവും അന്യായവും തന്നെയാണ്.
ആയുർവേദം ഇന്ത്യയുടെ മഹത്തായ ചികിത്സാരീതിയാണെന്ന് അഭിമാനിക്കുമ്പോൾ തന്നെ ആയുർവേദ ചികിത്സകരെ ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കാൻ കാണിക്കുന്ന അമിതാവേശം എന്തിനാണെന്നറിയില്ല. സങ്കരവൈദ്യ ചികിത്സ വ്യക്തികളിൽ ഒതുങ്ങിനിൽക്കുമ്പോൾ അപക്വമായ പൊതു ജനാരോഗ്യവിജ്ഞാനവുമായി ആ രംഗത്ത് പ്രവർത്തിക്കാൻ അനുവദിച്ചാൽ അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതായിരിക്കും. ആയുഷ് സംരക്ഷണമല്ല ആരോഗ്യ സംരക്ഷണമാണ് രാജ്യത്തിന് അഭികാമ്യം.
READ: വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും
മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ
അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ
പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

