“ഇനി ഡയാലിസിസ് തുടങ്ങേണ്ടിവരും...”, വൃക്കരോഗമുള്ള ഒരു രോഗിയും കുടുംബവും കേൾക്കാൻ ഏറ്റവും ഭയപ്പെടുന്ന വാക്കുകളിലൊന്നാണിത്. ആ നിമിഷം മുതൽ ജീവിതം മാറിത്തുടങ്ങുന്നു. ആശുപത്രി സന്ദർശനങ്ങൾ വർധിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഡയാലിസിസിന് പോകേണ്ടിവരുന്നു. വെള്ളം കുടിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും നിയന്ത്രണങ്ങൾ വരുന്നു. ജോലി, യാത്ര, കുടുംബജീവിതം എന്നിവയെല്ലാം രോഗത്തിന്റെ ചുറ്റും കറങ്ങാൻ തുടങ്ങുന്നു.
എന്നാൽ ഇന്ന് ചികിത്സാരംഗം അത്തരം രോഗികൾക്ക് വലിയൊരു പ്രതീക്ഷ നൽകുന്നുണ്ട് — വൃക്കമാറ്റിവെക്കൽ. ഇത് ഒരു ശസ്ത്രക്രിയ മാത്രമല്ല. രോഗത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ഡയാലിസിസ് മെഷീനുകളോട് വിട പറഞ്ഞ് ബന്ധിക്കപ്പെട്ട ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ്.
ഡയാലിസിസോ
വൃക്കമാറ്റിവെക്കലോ?
വൃക്കയുടെ പ്രവർത്തനം അവസാനഘട്ടത്തിലെത്തുമ്പോൾ രോഗിക്ക് ഡയാലിസിസോ വൃക്കമാറ്റിവെക്കലോ ആവശ്യമായി വരും. ഡയാലിസിസ് ജീവൻ രക്ഷിക്കുന്ന ചികിത്സയാണെങ്കിലും അത് വൃക്കയുടെ പൂർണ പകരക്കാരനല്ല. ആഴ്ചയിൽ പലതവണ ഡയാലിസിസിന് പോകേണ്ടത് ജോലിക്കും പഠനത്തിനും യാത്രകൾക്കും കുടുംബജീവിതത്തിനും തടസ്സമാകാം. പല രോഗികൾക്കും ആശുപത്രിയിലേക്കുള്ള യാത്രയിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരും.

കുട്ടികളിൽ ദീർഘകാല ഡയാലിസിസ് വളർച്ചയെയും പഠനത്തെയും ബാധിച്ചേക്കാം. സ്ത്രീകളിൽ ഗർഭധാരണവും പ്രസവവും കൂടുതൽ സങ്കീർണമാകാം. അതേസമയം, വിജയകരമായ വൃക്കമാറ്റിവെക്കൽ രോഗിക്ക് കൂടുതൽ സ്വാതന്ത്ര്യവും മികച്ച ജീവിതനിലവാരവും നൽകുന്നു. ജോലിയിലേക്കും പഠനത്തിലേക്കും യാത്രകളിലേക്കും കുടുംബജീവിതത്തിലേക്കും മടങ്ങാൻ സഹായിക്കുന്നു. കുട്ടികളിൽ വളർച്ച മെച്ചപ്പെടുകയും പല സ്ത്രീകൾക്കും സുരക്ഷിതമായി മാതൃത്വം അനുഭവിക്കാനും സാധിക്കുകയും ചെയ്യുന്നു.
ഇന്ന് വൃക്കമാറ്റിവെക്കലിന് ശേഷം ഒരു വർഷം കഴിയുമ്പോൾ 95 ശതമാനത്തിലധികം രോഗികളും ആരോഗ്യകരമായി ജീവിക്കുന്നുണ്ട്.
നിയമവും സുരക്ഷയും
വൃക്കമാറ്റിവെക്കൽ ഇന്ത്യയിൽ കർശനമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും മാറ്റിവെക്കൽ നിയമം (Transplantation of Human Organs and Tissues Act – THOTA) അവയവദാനത്തിന്റെയും അവയവമാറ്റിവെക്കലിന്റെയും നിയമപരമായ ചട്ടക്കൂടാണ്.
അവയവവ്യാപാരം തടയുക, ദാതാവിന്റെ സുരക്ഷ ഉറപ്പാക്കുക, മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുക, ട്രാന്‍സ് പ്ലാന്റ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ബന്ധുക്കളിൽ നിന്നുള്ള ദാനത്തിനും ബന്ധമില്ലാത്ത ദാനത്തിനും കൃത്യമായ നിയമനടപടികളും അംഗീകാര സംവിധാനങ്ങളും നിലവിലുണ്ട്. അതിനാൽ വൃക്കമാറ്റിവെക്കൽ ശാസ്ത്രീയവും സുരക്ഷിതവും നിയമപരമായി നിയന്ത്രിക്കപ്പെട്ടതുമായ ചികിത്സാരീതിയാണ്.
വൃക്ക എവിടെ നിന്നാണ് ലഭിക്കുന്നത്?
ആരോഗ്യവാനായ വ്യക്തിക്ക് ഒരു വൃക്കയുമായി സാധാരണ ജീവിതം നയിക്കാൻ കഴിയും. അതിനാൽ അമ്മ, അച്ഛൻ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, പേരക്കുട്ടികൾ എന്നിവരിൽ പലർക്കും വൃക്കദാതാക്കളാകാൻ സാധിക്കും.

എന്നാൽ എല്ലാ രോഗികൾക്കും ജീവനുള്ള ദാതാക്കളെ കണ്ടെത്താൻ കഴിയണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പ്രതീക്ഷ നൽകുന്നത് മരണാനന്തര അവയവദാനമാണ്.
മസ്തിഷ്കമരണം (Brain Death) സ്ഥിരീകരിച്ച ഒരാളുടെ വൃക്കകൾ രണ്ട് രോഗികൾക്ക് പുതിയ ജീവിതം നൽകാൻ കഴിയും. ഒരാളുടെ ജീവിതാവസാനത്തിൽ എടുത്ത തീരുമാനം രണ്ട് കുടുംബങ്ങൾക്ക് പുതിയ തുടക്കമാകാം.
പൊരുത്തക്കേടുകൾക്കും പരിഹാരമുണ്ട്
ചിലപ്പോൾ ദാതാവിന്റെയും രോഗിയുടെയും രക്തഗ്രൂപ്പോ പരിശോധനാഫലങ്ങളോ തമ്മിൽ പൊരുത്തപ്പെടില്ല. മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ ട്രാന്‍സ് പ്ലാന്റ് അസാധ്യമായിരുന്നു.
എന്നാൽ ഇന്ന് “ജോടി വൃക്കമാറ്റിവെക്കൽ” (Paired Kidney Transplant) എന്ന സംവിധാനം നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. ഒരു കുടുംബത്തിലെ ദാതാവിന്റെ വൃക്ക മറ്റൊരു രോഗിക്ക് പൊരുത്തപ്പെടുകയും അവരുടെ ദാതാവിന്റെ വൃക്ക ആദ്യ രോഗിക്ക് പൊരുത്തപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ഇത് നടത്തുന്നത്. ഇതിലൂടെ മുമ്പ് അസാധ്യമായിരുന്ന പല ട്രാന്‍സ് പ്ലാന്റുകളും ഇന്ന് വിജയകരമായി നടത്താൻ കഴിയുന്നുണ്ട്.
ട്രാൻസ്പ്ലാന്റിന് മുമ്പുള്ള തയ്യാറെടുപ്പുകൾ
വൃക്കമാറ്റിവെക്കൽ ഒരു വലിയ തീരുമാനമാണ്. അതിനാൽ രോഗിയെയും ദാതാവിനെയും വിശദമായി പരിശോധിക്കണം. രക്തഗ്രൂപ്പ് പരിശോധന, പ്രതിരോധപരിശോ ധനകൾ, ഹൃദയത്തിന്റെ ആരോഗ്യം, അണുബാധകളുടെ സാന്നിധ്യം എന്നിവയെല്ലാം വിലയിരുത്തപ്പെടുന്നു.
ഈ പരിശോധനകളുടെ ലക്ഷ്യം പുതിയ വൃക്ക ശരീരം സുരക്ഷിതമായി സ്വീകരിക്കുമെന്നും ട്രാന്‍സ് പ്ലാന്റിന്റെ വിജയസാധ്യത കൂടുതലാണെന്നും ഉറപ്പാക്കുക എന്നതാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യഥാർത്ഥ ഉത്തരവാദിത്വം തുടങ്ങുന്നത്. പുതിയ വൃക്ക പ്രവർത്തനം ആരംഭിക്കുമ്പോൾ രോഗിക്കും കുടുംബത്തിനും അത് സന്തോഷത്തിന്റെ നിമിഷമാണ്. എന്നാൽ ട്രാന്‍സ് പ്ലാന്റ് വിജയകരമായി കഴിഞ്ഞാലും അവിടെ യാത്ര അവസാനിക്കുന്നില്ല. പുതിയ വൃക്കയെ ശരീരം ആക്രമിക്കാതിരിക്കാനായി പ്രത്യേക മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും. ഈ മരുന്നുകളാണ് പുതിയ വൃക്കയുടെ സംരക്ഷകർ.
ഒരു ഡോസ് പോലും അപകടകരമാകാം
ട്രാന്‍സ് പ്ലാന്റിന് ശേഷം മരുന്നുകൾ കൃത്യമായി കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. “ഒരു ദിവസം മരുന്ന് കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കാനാണ്?” എന്ന ചിന്ത പോലും അപകടകരമായേക്കാം.
ഒരു ഡോസ് ഒഴിവാക്കുന്നത് ശരീരത്തിന്റെ പ്രതിരോധസംവി ധാനം വീണ്ടും സജീവമാകാനും പുതിയ വൃക്കയെ ആക്രമിക്കാനും കാരണമാകാം. ഇത് വൃക്കയുടെ പ്രവർത്തനം കുറയുന്നതിനും ചിലപ്പോൾ വീണ്ടും ഡയാലിസിസ് ആവശ്യമായി വരുന്നതിനും ഇടയാക്കാം.
അതുകൊണ്ട് മരുന്നുകൾ സമയത്ത് കഴിക്കുക, യാത്ര പോകുമ്പോൾ ആവശ്യത്തിന് മരുന്നുകൾ കരുതുക, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു മരുന്നും നിർത്താതിരിക്കുക എന്നിവ നിർബന്ധമാണ്.
അണുബാധകളിൽ നിന്ന് സംരക്ഷണം
ട്രാന്‍സ് പ്ലാന്റിനുശേഷം കഴിക്കുന്ന പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കാരണം അണുബാധകൾ വരാനുള്ള സാധ്യത കൂടുതലാണ്. അണുബാധയുടെ സ്വഭാവം പലപ്പോഴും ട്രാന്‍സ് പ്ലാന്റ് കഴിഞ്ഞ കാലയളവിനെ ആശ്രയിച്ചിരിക്കുന്നു. ആദ്യ ഏതാനും മാസങ്ങളിൽ മരുന്നുകളുടെ അളവ് കൂടുതലായതിനാൽ അണുബാധാ സാധ്യതയും കൂടുതലായിരിക്കും. ഈ കാലഘട്ടത്തിൽ ആശുപത്രിയുമായി ബന്ധപ്പെട്ട അണുബാധകൾ, ശസ്ത്രക്രിയാ മുറിവിലെ അണുബാധകൾ, മൂത്രനാളി അണുബാധകൾ എന്നിവ കൂടുതലായി കാണാം. പിന്നീട് വൈറസ്, ഫംഗസ് തുടങ്ങിയ അവസരവാദ അണുബാധകളും ഉണ്ടാകാം.

ഈ അണുബാധകൾ തടയുന്നതിനായി ട്രാന്‍സ് പ്ലാന്റിന് ശേഷം ചില പ്രതിരോധ മരുന്നുകൾ (prophylactic medications) നിശ്ചിത കാലയളവിലേക്ക് നൽകാറുണ്ട്. കൂടാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുക, ശുദ്ധമായ ഭക്ഷണവും വെള്ളവും മാത്രം ഉപയോഗിക്കുക, പനിയോ ജലദോഷമോ ഉള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. പനി, ചുമ, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കണം
ഭക്ഷണവും വ്യായാമവും
ജീവിതത്തിന്റെ ഭാഗമാക്കണം
ട്രാന്‍സ് പ്ലാന്റിനുശേഷം പല ഭക്ഷണനിയന്ത്രണങ്ങളും കുറയു മെങ്കിലും ആരോഗ്യകരമായ ജീവിതശൈലി തുടരേണ്ടത് അനിവാര്യമാണ്. അമിത ഉപ്പും എണ്ണയും ഒഴിവാക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും വേണം. പ്രമേഹവും രക്തസമ്മർദ്ദവും നിയ ന്ത്രണത്തിൽ നിലനിർത്തണം.
നിയമിതമായ നടത്തവും വ്യായാമവും പുതിയ ജീവിതത്തിന്റെ ഭാഗമാകണം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് ശാരീരിക പ്രവർത്തനം ഹൃദയാരോഗ്യത്തി നും ശരീരക്ഷമതയ്ക്കും സഹായകരമാണ്.
സ്ഥിരമായ പരിശോധനകളുടെ പ്രാധാന്യം
ട്രാന്‍സ് പ്ലാന്റ് കഴിഞ്ഞാൽ സ്ഥിരമായ ഫോളോ-അപ്പ് അനിവാര്യമാണ്. വൃക്കയുടെ പ്രവർത്തനം, മരുന്നുകളുടെ അളവ്, രക്തസമ്മർദ്ദം, പ്രമേഹം, അണുബാധകൾ എന്നിവ നിരന്തരം പരിശോധിക്കണം.
ഇന്ന് വൃക്കമാറ്റിവെക്കലിന് ശേഷം പതിനഞ്ചും ഇരുപതും വർഷങ്ങൾ ആരോഗ്യകരമായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർ ജോലി ചെയ്യുന്നു, യാത്ര ചെയ്യുന്നു, കുടുംബജീവിതം ആസ്വദിക്കുന്നു.
പ്രതീക്ഷയുടെ പുതിയ അധ്യായം
വൃക്കമാറ്റിവെക്കൽ ഒരു ചികിത്സ മാത്രമല്ല; അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ഡയാലിസിസിന്റെ നിയന്ത്രണങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ്. ഭയത്തിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള മാറ്റമാണ്.
ഒരു പുതിയ വൃക്ക ഒരു രോഗിയുടെ ജീവൻ മാത്രം രക്ഷിക്കുന്നില്ല. ഒരു കുടുംബ ത്തിന്റെ പ്രതീക്ഷയും ആത്മവിശ്വാസവും ഭാവിയും തിരികെ നൽകുന്നു. അതുകൊണ്ടുതന്നെയാണ് വൃക്കമാറ്റിവെക്കൽ യഥാർത്ഥത്തിൽ “പുതിയ ജീവിതത്തിലേക്കുള്ള യാത്ര” എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
READ: ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

