ലിംഗവൈവിധ്യമുള്ള വ്യക്തികളെ മനസ്സിലാക്കുന്നതിലും പിന്തുണയ്ക്കുന്നതിലും മനഃശാസ്ത്രപരമായ കാഴ്ചപ്പാടുകൾ നിർണായകമാണ്. ലിംഗവൈവിധ്യം ഒരു മാനസിക രോഗമല്ലെങ്കിലും, സാമൂഹികമായ അപമാനം, വിവേചനം, ഇതുമായി ബന്ധപ്പെട്ട മാനസികക്ലേശം എന്നിവ കാരണം ലിംഗവൈവിധ്യമുള്ളവർ പലപ്പോഴും കാര്യമായ മാനസികാരോഗ്യ വെല്ലുവിളികൾ അനുഭവിക്കുന്നു. ഈ വെല്ലു വിളികളെ നേരിടുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരു ത്തുന്നതിനും ശരിയായ അവസ്ഥാനിർണ്ണയം, മാനസിക ചികിത്സ, ഔഷധചികിത്സ എന്നിവ ഉൾപ്പെടെയുള്ള മാനസിക പരിചരണം അത്യാവശ്യമാണ്.
പദാവലിയും നിർവചനങ്ങളും
ലിംഗം (Sex)
മനുഷ്യനെ സ്ത്രീയോ പുരുഷനോ ആയി നിർവചിക്കുന്ന ജൈവശാസ്ത്രപരമായ സവിശേഷതകളെയാണ് ലൈംഗികത എന്ന് പറയുന്നത്. ഈ ജൈവശാസ്ത്രപരമായ സ്വഭാവസവിശേഷതകൾ പരസ്പര വിരുദ്ധമല്ല, ഇരുവിധ സവിശേഷതകളും ഒരേസമയമുള്ള വ്യക്തികളുമുണ്ടാകാം. എങ്കിലും, ഭൂരിപക്ഷം ആളുകളെയും ആണായി അല്ലെങ്കിൽ പെണ്ണായി തിരിച്ചറിയാൻ ഇതുവഴി സാധിക്കുന്നു.
ലൈംഗികത്വം (Gender)
ജനിതക, ഹോർമോൺ അല്ലെങ്കിൽ ശരീരഘടനാപരമായ സവിശേഷതകൾ അടിസ്ഥാനമാക്കാതെ പുരുഷത്വം, സ്ത്രീത്വം അല്ലെങ്കിൽ മറ്റ് തിരിച്ചറിവുകൾ ആവിഷ്‌കരിക്കുന്ന അവസ്ഥയെയാണ് ലൈംഗികത്വം (Gender /ജൻഡർ) എന്നു പറയുന്നത്.
വൈവിധ്യമാർന്ന ലിംഗവ്യക്തിത്വമുള്ളവർ
(Transgender / ട്രാൻസ്ജെൻഡർ)
ജനനസമയത്ത് നിയോഗിക്കപ്പെട്ട ലിംഗത്തിൽ നിന്ന് വ്യത്യസ്തമായ ലിംഗവ്യക്തിത്വമുള്ള വ്യക്തികളെ യാണ് ട്രാൻസ്ജെൻഡർ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. സാധാരണയായി 'ട്രാൻസ്' എന്നും ചുരുക്കിപ്പറയാറുണ്ട്. ഒരു ട്രാൻസ്ജെൻഡർ പുരുഷൻ എന്നത്, സ്ത്രീലിംഗത്തിൽ ജനിച്ച് പിന്നീട് തന്റെ ലിംഗത്വം (ജെൻഡർ) പുരുഷത്വമാണെന്ന് തിരിച്ചറിഞ്ഞ ഒരാളാണ്. ഒരു ട്രാൻസ്ജെൻഡർ സ്ത്രീ എന്നത്, പുരുഷലിംഗത്തിൽ ജനിച്ച് തന്റെ ലിംഗത്വം സ്ത്രീത്വമാണെന്ന് തിരിച്ചറിഞ്ഞ ഒരാളാണ്. ഒരു ട്രാൻസ്ജെൻഡർ അല്ലാത്ത വ്യക്തിയെ, അതായത് ജനനസമയത്ത് നിശ്ചയിച്ചിട്ടുള്ള ലിംഗവുമായി പൊരുത്തപ്പെടുന്ന ലിംഗ വ്യക്തിത്വമുള്ളവരെ സിസ്ജെൻഡർ (cisgender) എന്ന് വിളിക്കാം (ലാറ്റിനിൽ സിസ് = ഒരേ വശം).
ലിംഗഭേദമില്ലാത്തത്
(Gender nonconforming)
ജനനസമയത്ത് നിയോഗിക്കപ്പെട്ടതിൽ നിന്ന് വ്യത്യസ്തമായ ലിംഗവ്യക്തിത്വമുള്ള, എന്നാൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയേക്കാൾ കൂടുതൽ സങ്കീർണ്ണവും, ബഹുമുഖവും, അല്ലെങ്കിൽ വ്യക്തമായി നിർവചിക്കപ്പെടാത്തതുമായ ഒരു വ്യക്തി. ഈ ശ്രേണിയിലുള്ള ചിലരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് ജെൻഡർ ക്വിയർ (Gender qeer). ലൈംഗികതയും ലിംഗഭേദവും സങ്കീർണ്ണമാകുമെന്നും, കാലക്രമേണ മാറാമെന്നും, പുരുഷനോ സ്ത്രീയോ സ്വവർഗാനുരാഗിയോ പോലുള്ള ഒന്നോ അതിലധികമോ വ്യക്തിത്വങ്ങളോട് കൃത്യമായി യോജിക്കില്ലെന്നും സൂചിപ്പിക്കാൻ ക്വിയർ എന്ന പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.
നോൺ ബൈനറി (Non bibary)
പുരുഷനോ സ്ത്രീയോ അല്ലെന്ന് തിരിച്ചറിയുന്ന ഭിന്നലിംഗത്വമുള്ളതോ ലിംഗഭേദമില്ലാത്തതോ ആയ വ്യക്തി.
ലിംഗവ്യക്തിത്വം (Gender identity)
ലിംഗവ്യക്തിത്വം എന്നത് ലിംഗവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വ്യക്തിപരമായ, ആന്തരികമായ അസ്തിത്വബോധത്തെ സൂചിപ്പിക്കുന്നു. ലിംഗവ്യകതിത്വം ക്രോമസോം ലൈംഗികതയിൽ നിന്നും ശരീരഘടനാപരമായ ലൈംഗികതയിൽ നിന്നും വ്യത്യസ്തമാണ്. ചില ആളുകൾക്ക് ജനനസമയത്ത് അവർക്ക് നൽകിയിട്ടുള്ള ലിംഗവുമായി പൊരുത്തപ്പെടാത്ത ഒരു ലിംഗവ്യക്തിത്വമുണ്ട്.
ലിംഗപ്രകടനം (Gender expression)
ഒരു വ്യക്തി, അവരുടെ പെരുമാറ്റങ്ങൾ, പെരുമാറ്റരീതികൾ, വസ്ത്രം, തലമുടിയുടെ രൂപം, ശബ്ദം അല്ലെങ്കിൽ മറ്റ് സ്വഭാവ സവിശേഷതകൾ എന്നിവയിലൂടെ അവരുടെ ലിംഗ വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയാണ് ലിംഗപ്രകടനം.
ലിംഗപൊരുത്തക്കേട് (Gender Incongruence)
ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് 11ാം പതിപ്പിൽ (ICD- 11) ലിംഗപൊരുത്തക്കേട് നിർവചിച്ചിരിക്കുന്നത്, ''ഒരു വ്യക്തിയുടെ അനുഭവപ്പെടുന്ന ജെൻഡറിനും ജനനസമയത്ത് നിശ്ചയിച്ച ലിംഗത്തിനും ഇടയിലെ ഗൗരവമുള്ളതും സ്ഥിരമായു ള്ളതുമായ പൊരുത്തക്കേടാണ്'' എന്നാണ്.
ലിംഗ അസംതൃപ്തി (Gender Dysphoria)
മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ 5ാം പതിപ്പ് ടെക്സ്റ്റ് റിവൈസ്ഡിൽ (DSM5TR), ലിംഗപരമായ അസംതൃപ്തിയെ, 'സ്വയം' അല്ലെങ്കിൽ പ്രകടിപ്പിക്കുന്ന ജെൻഡറും ജനിക്കുമ്പോൾ നൽകപ്പെട്ട ജൻഡറും തമ്മിലുള്ള പൊരുത്തക്കേട് കാരണമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളോ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന പ്രവർത്തനക്ഷമതയിലെ കുറവോ ഉള്ള അവസ്ഥയായി നിർവചിച്ചിരിക്കുന്നു.

ട്രാൻസ് ജെന്റർ വ്യക്തികൾക്കു വേണ്ടിയുള്ള മാനസികാരോഗ്യ പരിചരണത്തിലെ
പ്രധാന ഘടകങ്ങൾ
1. വിലയിരുത്തലും രോഗനിർണ്ണയവും
ലിംഗ അസംതൃപ്തി വിലയിരുത്തുന്നതിൽ മനഃശ്ശാസ്ത്ര വിദഗ്ദ്ധർക്ക് ഒരു പ്രധാന പങ്കുണ്ട്. സ്വയം അനുഭവപ്പെടുന്ന ലിംഗത്വവും, ജനനസമയത്ത് നിശ്ചയിച്ച ലിംഗത്വവും തമ്മിലുള്ള വ്യക്തമായ പൊരുത്തക്കേട് മൂലമുണ്ടാകുന്ന ഗൗരവമുള്ള മാനസിക ബുദ്ധിമുട്ടുകളോ, പ്രവർത്തനക്ഷമതയിലുണ്ടാകുന്ന തകരാറുകളോ ആണ് ലിംഗ അസംതൃപ്തിയുടെ പ്രധാന പ്രശ്നങ്ങൾ.
മനഃശ്ശാസ്ത്ര വിദഗ്ദ്ധർ ഇതിനോടൊപ്പം വിഷാദരോഗം, ആശങ്കാജന്യ അവസ്ഥകൾ, വ്യക്തിത്വ വൈകല്യങ്ങൾ, ലഹരി ആസക്തി, ശാരീരി കമോ വൈകാരികമായ ആഘാതം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റു സഹവർത്തിത്ത മാനസികാരോഗ്യ പ്രശ്നങ്ങളെയും വിലയിരുത്തും.
2. ലിംഗഭേദം സ്ഥിരീകരിക്കുന്ന പരിചരണം
ഹോർമോൺ തെറാപ്പി, ശസ്ത്രക്രിയ എന്നിവയുൾപ്പെടെ ലിംഗഭേദപരിവർത്തനപ്രക്രിയയിൽ സഹായവും മാർഗ്ഗനിർദ്ദേശവും നൽകാൻ മനഃശാസ്ത്രജ്ഞർക്ക് കഴിയും. അവർക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി സമ്മതം ഉറപ്പാക്കാനും ഭാവിയിൽ വരാൻ സാധ്യതയുള്ള കോട്ടങ്ങളും നേട്ടങ്ങളും പരിഹരിക്കാനും കഴിയും.
3. മാനസികാരോഗ്യ വെല്ലുവിളികളെ അഭിസംബോധന ചെയ്യൽ
സാമൂഹിക ഘടകങ്ങൾ കാരണം ലിംഗഭേദമുള്ളവരുടെ ഇടയിൽ പലപ്പോഴും കണ്ടുവരുന്ന വിഷാദം, ഉത്കണ്ഠ, ആസക്തി, ആത്മഹത്യാ ചിന്ത എന്നിവ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ മനഃശാസ്ത്ര ചികിത്സ കൊണ്ട് പരിഹരിക്കാൻ കഴിയും.
4. സാമൂഹിക പരിവർത്തനത്തെ പിന്തുണയ്ക്കൽ
വ്യക്തികളുടെ മാനസിക ക്ഷേമത്തിന് നിർണായകമായ കുടുംബം, സുഹൃത്തുക്കൾ, സമപ്രായക്കാർ എന്നിവരുടെ പിന്തുണയുള്ള ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിൽ മനഃശാസ്ത്രജ്ഞർക്ക് വലിയ പങ്കു വഹിക്കാൻ പറ്റും.
5. പ്രതിരോധം തീർക്കൽ
ലിംഗഭേദമുള്ള വ്യക്തികൾക്ക് വെല്ലുവിളികളെ മറികടക്കുന്നതിനും വിവേചനത്തിനും മുൻവിധിക്കും മുന്നിൽ തളരാതെ പിടിച്ചുനിൽക്കു ന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാൻ മനഃശാസ്ത്രജ്ഞർക്ക് സഹായിക്കാനാകും.
6. മാറ്റത്തിനുവേണ്ടി ശബ്ദമുയർത്താം
ലിംഗഭേദമുള്ള വ്യക്തികളെ കൂടുതലായി ഉൾക്കൊള്ളുന്നതിനു സന്നദ്ധമായ ഉറപ്പുള്ളള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്കുള്ളിൽ വ്യവസ്ഥാപരമായ മാറ്റങ്ങൾക്കായി മനഃശാസ്ത്രജ്ഞർക്ക് വാദിക്കാൻ കഴിയും.
ലിംഗപരമായ തെറ്റായ തിരിച്ചറിയലും (misgendering) ധാരണക്കുറവും
ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയും ധാരണക്കുറവും ചികിത്സാബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും തൃപ്തികരമല്ലാത്ത ചികിത്സാഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പരസ്പര പ്രവർത്തനം
ലിംഗവ്യക്തിത്വവും വംശം, വർഗം, വൈകല്യം തുടങ്ങിയ സാമൂഹിക ഘടകങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനം മനോരോഗ വിദഗ്ധർ പരിഗണിക്കണം.
സാംസ്കാരിക സംവേദനക്ഷമത
മനോരോഗ വിദഗ്ധർ സാംസ്കാരികമായി സംവേദനക്ഷമതയുള്ളവരും വ്യത്യസ്ത സാംസ്കാരിക സന്ദർഭങ്ങളിൽ ലിംഗഭേദമുള്ള വ്യക്തികൾ നേരിടുന്ന സാധാരണമല്ലാത്ത അനുഭവങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ബോധവാന്മാരുമായിരിക്കണം.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികൾ
ലിംഗഭേദമുള്ള വ്യക്തികൾക്കുള്ള മാനസികപരിചരണം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികൾ പിന്തുടരുന്നതും ഏറ്റവും പുതിയ വൈദ്യശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതുമായിരിക്കണം.
ഇവരുടെ ശാരീരിക- മാനസിക ആരോഗ്യം ഏകദൃഷ്ടിയോടെ പരിഗണി ക്കുന്ന വിവിധ വകുപ്പുകൾ ചേർന്ന ഒരു ടീമാണ് ആവശ്യം. ഈ ടീമിൽ ഉൾപ്പെടേണ്ടവർ: എൻഡോക്രിനോളജിസ്റ്റുകൾ, പ്ലാസ്റ്റിക് സർജൻമാർ, ഗൈനക്കോളജിസ്റ്റുകൾ, ഫെർട്ടിലിറ്റി സ്പെഷലിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, കോസ്മറ്റോളജിസ്റ്റുകൾ, യൂറോളജിസ്റ്റുകൾ, ഇ.എൻ.ടി. സർജൻമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ.
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയം ഉപയോഗിക്കുന്നതിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേകം ഒരുക്കിയ 'സ്വതന്ത്ര' ശൗചാലയം ആവശ്യമാണ്.
ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾ മനസ്സിലാക്കി, അവരെ പിന്തുണയ്ക്കുന്ന, മുൻവിധികളൊന്നുമില്ലാത്ത, സാംസ്കാരികമായി അനുയോജ്യമായ സമഗ്ര പരിരക്ഷ നൽകി, അവരുടെ മാനസികാരോഗ്യവും ക്ഷേമവും വളർത്തുന്നതിൽ മനോരോഗ വിദഗ്ധർ ഒരു വലിയ പങ്ക് വഹിക്കിന്നുണ്ട്. ഇവരുടെ പരിപാലനത്തിൽ പങ്കാളിയായ വിദഗ്ദ്ധസംഘത്തിലെ പ്രധാന കണ്ണിയാണ് മനോരോഗ വിദഗ്ദ്ധർ.
READ: മനസ്സ് / ശരീരം
മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ
തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ
ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

